നിഴലായ്: ഭാഗം 17

nizhalay thasal

എഴുത്തുകാരി: THASAL

"എന്ത് പറയാൻ... തെൻനെല്ലിക്ക വാങ്ങി തരുന്നതോ...ഏട്ടനോ വാങ്ങി തരാൻ തോന്നുന്നില്ല... വാങ്ങി തരുന്നോരെ കൂടി മുടക്കാൻ ആണോ.... ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി.... മ്മ്മ്... മാറിക്കേ... പോയിട്ട് വേറെ പണി ഉള്ളതാ... " മണി അവനെ ഉന്തി മാറ്റി കൊണ്ട് പോയതും അവൻ ചിന്തയിലേക്ക് വീണു.... അവന്റെ തോളിൽ ആരോ കൈ വെച്ചപ്പോൾ ആണ് അവൻ അതിൽ നിന്നും മോചിതൻ ആയത്...അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും തന്നെ സംശയത്തോടെ നോക്കുന്ന നന്ദനെ കണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "എന്താടാ... രാവിലെ തന്നെ ഒരു അന്വേഷണം ഒക്കെ... " അവന്റെ ചോദ്യത്തിൽ നിന്ന് തന്നെ എല്ലാം കേട്ടു എന്ന് വ്യക്തമായിരുന്നു... "ഏയ്‌... ഞാൻ വെറുതെ...." ഗൗതം ഒന്ന് തല ചൊറിഞ്ഞു... നന്ദന് അവന്റെ ഭാവമാറ്റത്തിൽ ചെറിയ സംശയം തോന്നിയിരുന്നു... "ഗൗതം.... നീ എന്തെങ്കിലും ഒളിക്കുന്നുണ്ടോ... !!??" ഇത് വരെ ഇല്ലാത്ത ഗൗരവം നന്ദന്റെ വാക്കുകളിൽ തെളിഞ്ഞതും ഗൗതമിന് ഒരു നിമിഷം എല്ലാം തുറന്ന് പറയണം എന്ന് തോന്നി പോയി... ഒരു വശത്ത് വിച്ചു ആണെങ്കിൽ മറുവശത്ത് മണിയും നന്ദനും ആണ്... തന്നെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും നേരിടാൻ സാധിക്കില്ല എങ്കിലും പേടിയാണ് തുറന്നു പറയാൻ... എന്തോ സാധിക്കാത്ത പോലെ... അവൻ ഉള്ളിൽ ഒരു കിതപ്പോടെ ഒന്നും ഇല്ല എന്ന രീതിയിൽ ഒന്ന് തലയാട്ടി... "ഒന്നും ഇല്ലടാ.... നീ വാ...ഞാൻ നിന്നെ വിളിക്കാം വരുകയായിരുന്നു....

ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വേണം മണി ഉണ്ടാക്കുന്ന കരിഞ്ഞ ദോഷ കഴിക്കാൻ... " അവൻ അല്പം ശബ്ദത്തിൽ ഉള്ളിലേക്ക് കേൾക്കും വിധം തന്നെ വിളിച്ചു പറഞ്ഞു... "കരിഞ്ഞ ദോശ തന്റെ മറ്റവൾ ആണ് ഉണ്ടാക്കുന്നത്.... എനിക്ക് വയ്യ ഈ ഒന്നിനാത്രം പോന്ന തനിക്ക് ഒക്കെ വെച്ച് വിളമ്പാൻ...എന്റേത് കൊള്ളില്ലേച്ചാൽ ഒന്നിനെ കെട്ടി കൊണ്ട് വന്നോ... ഞാനങ്ങു മാറി കൊടുത്തോളാം അടുക്കളേൽന്ന്.... " മണിയുടെ ശബ്ദം ഉയർന്നിരുന്നു... നന്ദൻ ഒന്ന് പൊട്ടിച്ചിരിച്ചു... "പോന്നു പെങ്ങളെ ചതിക്കല്ലേ.... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... എന്റെ കൊച്ച് ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ അല്ലേ... " നന്ദനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് ഗൗതം പറഞ്ഞു... ഉള്ളിൽ നിന്നും അമർത്തി ഒരു മൂളൽ ആയിരുന്നു അവനുള്ള മറുപടി... "കെട്ടി കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഉള്ളിലേക്ക് എടുക്കാനെ അറിയൂ എന്ന് ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ ദൈവമേ... മിക്കവാറും കല്യാണം കഴിഞ്ഞാൽ സ്കൂളിൽ നിന്ന് റിസൈൻ ചെയ്ത് അവൾക്ക് കൂടി ഞാൻ വെച്ച് വിളമ്പേണ്ടി വരും.... " പോകുന്ന വഴിയിൽ ഗൗതം ഒന്ന് ആത്മഗതിച്ചു... "എന്താടാ... " നന്ദൻ സംശയത്തോടെ അവനെ നോക്കി... "ഒന്നും ഇല്ല എന്റെ നന്ദ... ഞാൻ എന്റെ ഭാവി കാര്യങ്ങളെ പറ്റി ആലോചിക്കുകയായിരുന്നു... ഇനി കുക്കിംഗ്‌ പഠിക്കണം.... എന്തൊക്കെ ബാക്കി കിടക്കുകയാണ്...

എന്റെ ഒക്കെ ഒരു വിധി.... ഞാൻ എന്റെ പെങ്ങളെ വളർത്തിയത് കണ്ട് പഠിചൂടെഡാാ നിനക്കൊക്കെ.... നീ ഒക്കെ ഒരു ആങ്ങള ആണോടാ... " ഗൗതം നന്ദനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നു... നന്ദൻ ആണെങ്കിൽ അവൻ എന്താ പറഞ്ഞത് എന്ന് മനസ്സിലാകാതെ വായയും തുറന്നു അവന്റെ പിന്നാലെ തന്നെ നടന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഇത് കൂടി കഴിച്ചിട്ട് പോ ഏട്ടാ... ഉച്ചക്ക് വരാറില്ലല്ലോ....കൊണ്ട് പോകാൻ പറഞ്ഞാലും കൊണ്ട് പോകില്ല.... " ഗൗതമിന്റെ പ്ലേറ്റിലേക്ക് ഒരു ദോശ കൂടി ഇട്ടു കൊടുത്തു കൊണ്ട് മണി പറഞ്ഞതും ഗൗതം കഴിക്കുന്നതിനിടയിൽ അവളെ ഒരു നോട്ടം... "അല്ലടി... കഴുത്തിലൂടെ ഒരു വാട്ടർ ബോട്ടിലും തൂക്കി... തോളിൽ ഒരു ബാഗും കയ്യിൽ ഒരു കിറ്റും പിടിച്ചു ഞാൻ പോവാടി..." ഗൗതമിന്റെ സംസാരം കേട്ടു അടുത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്ന നന്ദൻ ഒന്ന് ചിരി കടിച്ചു പിടിച്ചു.... "എന്ന യൂണിഫോമും ഇടണം... " എവിടെ മണിക്ക് ഒരു കൂസലും ഇല്ല.... "ആടി... ഇടാം എന്നിട്ട് നമുക്ക് പേരും മാറ്റാം... ടിന്റുമോൻ സി.... മതിയോടി... " "അത് ഓക്കേ... അപ്പൊ നന്ദേട്ടനോ... " അവൾ കള്ള ചിരിയോടെ ചോദിച്ചു... അതോടെ നന്ദന്റെ ചിരി അങ്ങ് നിന്നു... "അത് നിനക്ക് അറിയില്ലേ... ഇക്രുമോൻ.ബി...നല്ല പേരാലേ.... ഇവന് നന്നായി ചേരും.... അയ്യോ ദാരിദ്ര്യം,,,,, " ഗൗതം ചിരി കടിച്ചു പിടിച്ചു കൊണ്ട് നന്ദനെ നോക്കി പറഞ്ഞു... "ഡേയ്... " നന്ദൻ ചൂണ്ട് വിരൽ ഗൗതമിന് നേരെ നീട്ടി കൊണ്ട് വിളിച്ചു....

"താടിയും മീശയും വെച്ച ഇക്രു മോൻ. ബി.... " മണി അതും പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചതും ഗൗതമും അവളോടൊപ്പം കൂടി... രണ്ടും ചിരിച്ചു മറിയുന്നത് കണ്ട് നന്ദൻ പല്ല് കടിച്ചു മണിയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് എഴുന്നേറ്റു.... "ഇക്രുമോൻ എവിടെ പോവാ...ക്കൂളിലേക്ക് ആനോ... " കുഞ്ഞ് കുട്ടികളെ പോലെ അവനെ ശല്യപ്പെടുത്തി കൊണ്ട് അവളും കൂടെ കൂടിയിരുന്നു... വാഷ് ബേസിൽ നിന്നും കൈ കഴുകിയതും പിന്നിൽ തന്നെ കളിയാക്കി കൊണ്ട് നിൽക്കുന്ന മണിയെ കണ്ട് അവൻ ചുറ്റും ഒന്ന് കണ്ണയച്ചു കൊണ്ട് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവളെ കയ്യിൽ പിടിച്ചു ഒറ്റ വലിക്ക് അവന്റെ നെഞ്ചിൽ തട്ടി നിർത്തി.... പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടിയിരുന്നു.... അതോടൊപ്പം അവളുടെ ചിരിയും നിന്നു... തന്നെ ഉറ്റു നോക്കുന്ന കുസൃതി നിറഞ്ഞ കണ്ണുകൾ കണ്ട് അവൾ അറിയാതെ തന്നെ ഉമിനീർ ഇറക്കി പോയി... *മാളത്തിൽ കിടന്ന മൂർക്കനെ ആണല്ലോ ഈശ്വരാ കോലിട്ട് ഇളക്കി പുറത്ത് കൊണ്ട് വന്നത്.... * അവന്റെ കൈ അവളുടെ ഇടുപ്പിൽ ചുറ്റുന്നതിനനുസരിച്ച് അവളുടെ കണ്ണുകളും പിന്നിലേക്ക് സഞ്ചരിച്ചു.... എന്നിട്ട് അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "എവിടെടി ഡുണ്ടു മോളെ.... നിന്റെ എംബിബിഎസിന് പഠിച്ചിരുന്ന നാക്ക്... ഇപ്പൊ മിണ്ടാട്ടം ഇല്ലല്ലോ.... " അവൻ ഒരു കൈ കൊണ്ട് മീശ പിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് വിളറി കൊണ്ട് ചിരിച്ചു...

"അത്.... അത് ഞാനൊരു തമാശക്ക്... " "ഓഹ്... തമാശ ആയിരുന്നോ.... എന്ന എനിക്ക് ചെറിയൊരു തമാശ കാണിക്കാൻ തോന്നുന്നു... " പറഞ്ഞു തീരും മുന്നേ അവന്റെ പല്ലുകൾ അവളുടെ കവിളിൽ ആയി തന്നെ ആഴ്ന്നു ഇറങ്ങിയിരുന്നു.... അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും പെട്ടെന്ന് വേദന ശരീരത്തിലെക്ക് അരിച്ചു കയറി.... "ആഹ്... വിടടാ പട്ടി എന്നെ... " വേദന കൊണ്ട് നാവ് ചതിച്ചു പോയി.... അവൾ അവനെ തള്ളി മാറ്റി....കവിളിലും കൈ വെച്ച് കണ്ണും നിറച്ചു നിൽക്കുന്നവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ തന്നെ അവളുടെ ദാവണി തലയിൽ ഒന്ന് മുഖം തോർത്തി കൊണ്ട് തിരിഞ്ഞു നടന്നതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൻ പോകുന്ന വഴിയേ നോക്കി... "ഇതിനൊക്കെ ചേർത്ത് ഒരൂസം വലിയൊരു പണി തരുന്നുണ്ട്.... നോക്കിക്കോഡോ ഇക്രുമോനെ... " അവൻ പോയ വഴിയേ നോക്കി അവൾ വിളിച്ചു പറഞ്ഞതും അവന്റെ നോട്ടം ഒരിക്കൽ കൂടി അവളിലേക്ക് പാറി വീണു... "ഇപ്പൊ തന്ന പോലത്തെ ഒരെണ്ണം കൂടി വേണോടി... " അവൻ വിളിച്ചു ചോദിച്ചതും അവൾ നാവ് കടിച്ചു കൊണ്ട് ഉള്ള ജീവനും കൊണ്ടോടി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എടി പാറു.... ഈ ഇടെയായി നിന്റെ ഏട്ടന് അഹങ്കാരം കുറച്ചു കൂടിയിട്ടുണ്ടോ എന്നൊരു സംശയം.... " മാവിലെ ഏറ്റവും തഴത്തേ ചില്ലയിൽ കയറി ഇരുന്നു മാങ്ങ കഴിക്കുന്നതിനിടയിൽ മണി പറഞ്ഞത് കേട്ടു പാറു എന്തോ ആലോചിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി...

വീണ്ടും തലയാട്ടി കൊണ്ട് കഴിക്കൽ ആരംഭിച്ചു.... "എന്താ എപ്പോ അങ്ങനെ ഒരു സംശയം.... " "ആള് പഴയ പോലെ ഒന്നും അല്ലടി... അടി എല്ലാം കുറവാ... ഇപ്പൊ പുതിയ യുദ്ധ മുറ പുറത്തേക്ക് എടുത്തു എന്ന തോന്നുന്നേ... " മുഖം ചുളിച്ചു കവിൾ ഒന്ന് തടവി കൊണ്ട് അവൾ പറഞ്ഞതും പാറു അവളെ ഒന്ന് എത്തി നോക്കി... പിന്നെ ഒന്ന് ചിരിച്ചു... "ഓഹോ... ആ യുദ്ധ മുറയുടെ ഫൈനൽ റിസൾട്ട്‌ ആകും നിന്റെ മുഖത്ത് തെളിഞ്ഞു കിടക്കുന്നത്... എന്റെ ഏട്ടന് ബുദ്ധി ഉണ്ട്..... അടിച്ചാൽ നീ നന്നാവോ....എവിടെ.... I am thrilled... എന്നും പറഞ്ഞു മോന്തയും കാണിച്ചു നിൽക്കുകയായിരുന്നല്ലോ... അപ്പൊ പിന്നെ നിന്നെ ഒതുക്കാൻ ഇങ്ങനെയേ പറ്റൂ.... നീ കുറെ വാങ്ങിച്ചു കൂട്ടും.... " പാറു പറഞ്ഞതും മണി മുഖം കയറ്റി കൊണ്ട് അവളുടെ കയ്യിൽ നിന്നും മാങ്ങ തട്ടിപറിച്ചു എടുത്തു.... "ഞാൻ പറിച്ചു തന്ന മാങ്ങയും ഞണ്ണിയിട്ട് അയാളെ സപ്പോർട്ട് ചെയ്യുന്നോടി... " മണിയുടെ കലിപ്പിച്ചുള്ള സംസാരത്തിൽ തന്നെ പാറു വിരണ്ടു.... "ആര്... ഞാനോ... ഞാനങ്ങനെ ചെയ്യുവോ... നീ പറഞ്ഞത് ശരിയാ... ഏട്ടന് കുറച്ചു കൂടുതലാ... അല്ലെങ്കിലും പണ്ടെ നിന്നെ എടുത്ത് കുടയൽ ഒരു ശീലം അല്ലേ.... ഇതിനെല്ലാം നമുക്ക് പണി കൊടുക്കാന്നേ... " പറയുന്നതിനോടൊപ്പം മണിയുടെ കയ്യിൽ ഇരുന്നിരുന്ന മാങ്ങ കക്ഷി കയ്യിൽ ആക്കി... മണി വലിയ താല്പര്യം ഇല്ലാത്ത മട്ടെ അവളെ ഒന്ന് നോക്കി... "വേണ്ടടി... എന്നും പണി കൊടുത്താൽ ഡബിൾ ഡോസിൽ എനിക്ക് തന്നെ തിരിച്ചു കിട്ടാറാ പതിവ്.... പിന്നെ... ഒരു കാര്യം പറയാൻ മറന്നു..." എന്തോ ഓർത്ത പോലെ മണി പാറുവിന്റെ അടുത്തേക്ക് ചെരിഞ്ഞു ഇരുന്നു...

പാറു അവളെ നോക്കി ഒന്ന് പിരികം പൊക്കി... "നിന്റെ ഏട്ടൻ ഇല്ലേ... ആ മാക്കാൻ അടുത്ത ആഴ്ച മുതൽ നമ്മളെ കോളേജിൽ വിടാനുള്ള പ്ലാനിലാ... " ആ ഒരൊറ്റ ഡയലോഗിൽ പാറുവിന്റെ കയ്യിൽ ഉള്ള മാങ്ങ നിലത്ത് വീണു പോയി...കഴിക്കുന്ന സാധനങ്ങളോട് അങ്ങേ അറ്റം ആത്മാർത്ഥത പുലർത്തുന്ന പാറുവിന്റെ കയ്യിൽ നിന്നും മാങ്ങ വീണപ്പോൾ തന്നെ മനസിലാക്കാം എമ്മാതിരി ഞെട്ടൽ ആണ് കുട്ടി ഞെട്ടിയത് എന്ന്.... "നമ്മളൊ....കോളേജിലേക്കോ.... " "ആന്ന്.... പണ്ടാരം അടങ്ങാൻ.... ഞാൻ പറഞ്ഞിട്ടൊന്നും നിന്റെ ഏട്ടൻ കേൾക്കണ്ടെ....ആ നരകത്തിലെക്ക് പോകുന്നതിലും നല്ലത്.... നിന്റെ ഏട്ടനെ ഡിവോഴ്സ് ചെയ്തു വീട്ടിൽ ഇരിക്കുന്നതാ.... " മണി മുഖവും കയറ്റി കൊണ്ട് പറഞ്ഞു... പാറു ആണേൽ ഇത് സത്യം അല്ല എന്ന രീതിയിൽ താടിയിലും കൈ കൊടുത്തു ഇരിക്കുകയാണ്.. ഓർമയിൽ അവസാനം മണിയുടെ വാക്കും കേട്ടു സീനിയറിന്റെ മുഖത്ത് ചാടി അടിച്ചത് ഓർമ വന്നു... "അയ്യോ... ഞാൻ പോവൂല.... എനിക്ക് പോകണ്ട.... ഒന്ന് പറ ഏട്ടനോട്... " പെട്ടെന്ന് പാറുവിന്റെ വാക്കുകൾ കേട്ടു മണി പോലും ഞെട്ടി പോയി... "ഒന്ന് പറയടി... പ്ലീസ്... എനിക്ക് പോകണ്ട മണി... അവളുമാര് എല്ലാം കൂടി എന്നെ വലിച്ചു ഭിത്തിയിൽ ഒട്ടിക്കും.... " മണിയുടെ കയ്യും പിടിച്ചു മാരക പെർഫോമൻസ് കാഴ്ച വെക്കുന്ന പാറുവിന്റെ കൈ മണി ഒന്ന് തട്ടി മാറ്റി... "ഒന്ന് മിണ്ടാതിരി ശവമേ.... അല്ലേൽ തന്നെ സ്വസ്ഥത ഇല്ല....

ആവശ്യ നേരത്ത് ഒരു ബുദ്ധിയും തലയിലും ഉദിക്കുന്നില്ലല്ലോ... ദൈവമേ... നോക്കി നിൽക്കാതെ ആലോചിക്കടി... " മണി അടുത്ത് ഇരിക്കുന്ന പാറുവിനെ നോക്കി അലറി... പാറു വായുവിൽ പലതും കൂട്ടിയും കിഴിച്ചും ഇരിക്കുകയാണ്... "ടി... നമുക്ക് ഏട്ടനെ അങ്ങ് തട്ടിയാലോ... " പാറു എന്തോ കണ്ടു പിടിച്ച മട്ടെ പിരികം പൊക്കി കൊണ്ട് മണിയെ നോക്കി... "പ്പ... എരണം കെട്ട വർത്താനം പറയുന്നോ... കഷ്ടപ്പെട്ടു വളച്ചെടുത്ത മുതല....അതിനെ അങ്ങനെ ഒറ്റ അടിക്ക് ഒന്നും തട്ടാൻ ഞാൻ സമ്മതിക്കത്തില്ല... " മണി ചൂടായി... "സോറി.... ഞാൻ അത് ഓർത്തില്ല.... അത് വേണ്ടേൽ വേണ്ടാ... നമുക്ക് പുതിയ ഐഡിയ ആലോചിക്കാന്നെ..." മണിയുടെ നോട്ടം കണ്ട് പാറു ഒന്ന് പതുങ്ങി കൊണ്ട് പറഞ്ഞു... വീണ്ടും ആലോചനയിലേക്ക് നീണ്ടു... 🍂🍂🍂🍂🍂🍂🍂🍂🍂🍂 പിള്ളേരുടെ കൂടെ ലാബിൽ നിൽക്കുകയായിരുന്നു ഗൗതം... വാതിൽക്കൽ നിൽക്കുന്ന നന്ദനെ കണ്ട് അവൻ നന്ദന്റെ അടുത്തേക്ക് നടന്നു.... "ടാ എന്താടാ ഈ പിരീഡ് ക്ലാസ്സ്‌ ഇല്ലേ.... " "മ്മ്മ്.... പ്ലസ് വൺ ആണ്... കയറും മുന്നേ നിന്നെ ഒന്ന് കണ്ടിട്ട് പോകാംന്ന് കരുതി... " നന്ദൻ പറഞ്ഞു കഴിയും മുന്നേ ഉള്ളിൽ നിന്നും എന്തോ പൊട്ടുന്ന ശബ്ദം കേട്ടു... "എന്താടാ അത്.... " ഉള്ളിലേക്ക് നോക്കി കൊണ്ട് ഗൗതം അലറി... പിള്ളേര് എല്ലാം പേടിച്ചു കൊണ്ട് അവനെ നോക്കുന്നുണ്ട്... "അത്... സർ..വാച്ച് ഗ്ലാസ്‌... " ഒരു ആൺകുട്ടി തലയും ചൊറിഞ്ഞു കൊണ്ട് ചുറ്റും ഒന്ന് നോക്കി കൊണ്ട് പറഞ്ഞതും ഗൗതം ഒന്ന് അമർത്തി നോക്കി....

"കഴിഞ്ഞ തവണ ടെസ്റ്റ്‌ ട്യൂബ് പൊട്ടിച്ചത് നീ തന്നെ അല്ലേ...പോകുമ്പോഴേക്കും ഈ ലാബ് നീ ബാക്കി വെക്കുമോടെ.... മ്മ്മ്... ബാക്കി ചെയ്യാൻ നോക്ക്... " അതും പറഞ്ഞു കൊണ്ട് ഗൗതം നന്ദന് നേരെ തിരിഞ്ഞു... "എന്താടാ കാര്യം... " "കാര്യമായി ഒന്നും ഇല്ല....മണിയോട് നീ ഒന്ന് കൂടെ കോളേജിൽ പോകുന്ന കാര്യം ഒന്ന് പറഞ്ഞു ശരിയാക്കണം.... ഞാൻ പറഞ്ഞിട്ടൊന്നും യാതൊരു വിധ കൂസലും ഇല്ല... ഒന്ന് പറഞ്ഞു മനസ്സിലാക്ക്.... " നന്ദൻ പറഞ്ഞതും ഉള്ളിൽ നിന്നും വീണ്ടും എന്തോ വീണ ശബ്ദം... ഗൗതം ഒന്ന് തിരിഞ്ഞതും എല്ലാവരും അവരുടേതായ പണിയിൽ.... "എന്ന ശരി... നിന്റെ ജോലി നടക്കട്ടെ.... പറഞ്ഞത് മറക്കണ്ട... " അതും പറഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് നന്ദൻ പോയതും ഗൗതം അല്പം സീരിയസ് ആയി ഉള്ളിലേക്ക് നടന്നു... ഓരോരുത്തരും ആസിഡ് നിറക്കുന്നതിന്റെയും ആൽകലി പിപ്പെറ്റിൽ വലിച്ചു എടുക്കുന്നതിന്റെയും തനിക്ക് കിട്ടിയ സാൾട്ട് analyse ചെയ്യുന്നതിന്റെയും തിരക്കിൽ ആണ്.... ഒരുത്തൻ വായയിലേക്ക് ആയ ആൽകലി ഒന്ന് രുചിച്ചു നോക്കുന്നുണ്ട്... നിമിഷ നേരം കൊണ്ട് തന്നെ വാഷ് ബേസിലും എത്തുന്നുണ്ട്.... "എന്തോന്നടെ ഈ കാണിക്കുന്നത്... ആകെ കൂടി കിട്ടുന്നത് ഈ ചെറിയ ബോട്ടിലിൽ ഉള്ള ആൽകലിയാ... അതിൽ പകുതിയും വയറ്റിൽ ആക്കിയാൽ എങ്ങനെയാ...... " ഗൗതം അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് അല്പം ഗൗരവത്തിൽ ചോദിച്ചു.. അവൻ ആണെങ്കിൽ നിഷ്കളങ്കമായ ഒരു പുഞ്ചിരിയും...

"അത് സർ... അതിന്റെ ടേസ്റ്റ് എന്താണെന്ന് ഒന്ന് അറിയാൻ ഒരു കൊതി... പിന്നെ ഈ പിപ്പറ്റ് ഉണ്ടല്ലോ സർ.. പെട്ടെന്ന് അങ്ങ് കയറി വരുവാ... " അവന്റെ സംസാരം കേട്ടു ഗൗതം ഒരു നിമിഷം പാറുവിനെ ഓർത്ത് പോയി... എന്ത് കൊണ്ടോ ഒന്ന് പുഞ്ചിരിച്ചു... "മ്മ്മ്..മ്മ്മ്... നീ ചെയ്യാൻ നോക്ക്...." അത്രയും പറഞ്ഞു കൊണ്ട് അവൻ ഒരു ചെയറിൽ കയറി ഇരുന്നു... ഇടയ്ക്കിടെ എന്തൊക്കെയോ പൊട്ടി തെറികളും പിള്ളേരുടെ അടക്കി പിടിച്ച ചിരിയും ഒക്കെ കേൾക്കുന്നുണ്ട്... അത് അവനിലും ഒരു പുഞ്ചിരി നിറച്ചു....രണ്ട് കൊല്ലങ്ങൾക്ക് മുന്നേ ടീച്ചിങ് പ്രാക്ടീസിനിടയിൽ ഇല്ലാത്ത ഡൌട്ടും ഉണ്ടാക്കി ലാബിലേക്ക് കടന്നു വരുന്നവളുടെ മുഖമായിരുന്നു അവന്റെ മനസ്സ് മുഴുവൻ... അവസാനം അവൾ പൊട്ടിച്ച പിപ്പറ്റിന്റെയും ടെസ്റ്റ്‌ ട്യൂബിന്റെയും പൈസ സ്വന്തം കയ്യിൽ നിന്നും എടുത്തു കൊടുക്കേണ്ടി വന്ന ഏതോ ഒരു ഗൗതമിന്റെ മുഖവും..... "ടാ.. പൊട്ട... അത് അങ്ങനെയല്ല.... ഇങ്ങ് മാറ് ഞാൻ കാണിച്ചു തരാം... " അവന്റെ കാതുകളിൽ ക്ലാസിലെ ഏതോ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു... പിന്നാലെ ഓരോ പിള്ളേരുടെ സംസാരങ്ങളും കളിയാക്കി ചിരിയും... പക്ഷെ ചുണ്ടിൽ ഊർന്നു വന്ന ചിരിയോടെ തന്നെ അവൻ കേൾക്കാത്ത മട്ടിൽ ഇരുന്നു... കാരണം അവർ ആഘോഷിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആണ്... ഒരിക്കലും തിരിച്ചു കിട്ടാത്ത തങ്ങളുടെ സ്കൂൾ കാലഘട്ടം... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"നന്ദൻ സർ... സർ ഫ്രീ ആണെങ്കിൽ S2B യിൽ ഒന്ന് കയറാമോ.... തല തെറിച്ച പിള്ളേരാ... ഒറ്റയ്ക്ക് ഇരുത്താൻ പറ്റില്ല... " ലക്ഷ്മി ടീച്ചറുടെ വാക്കുകൾ കേട്ടു എന്തോ വർക്കിൽ മുഴുകിയിരുന്ന നന്ദൻ ഒന്ന് തല ഉയർത്തി നോക്കി സമ്മതം എന്ന പോലെ ഒന്ന് ചിരിച്ചു കൊണ്ട് ഒരു ബുക്ക്‌ എടുത്തു സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങി... ക്ലാസിനു വെളിയിൽ എത്തിയപ്പോൾ തന്നെ ഉള്ളിലെ ആഘോഷത്തിന്റെ ആർപ്പ് വിളി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു... അവൻ അല്പം ഗൗരവത്തോടെ ഉള്ളിലേക്ക് നടന്നതും അജി വരെ കറങ്ങി നടന്നവർ എല്ലാം ഓടി ബെഞ്ചിൽ എത്തുന്ന തിരക്കിൽ ആണ്... ചില വിരുദൻമാർ സ്വന്തം ബെഞ്ച് പോലും നോക്കാതെ കയറുന്നുണ്ട്.... "good afternoon sir.... " "good afternoon.... Sit... Sit... " അവൻ പറഞ്ഞതും എല്ലാവരും ഇരുന്നു... "സർ... ഈ പിരീഡ് ഫിസിക്സ്‌ അല്ല... ഇംഗ്ലീഷ് ആണ്.... " ഒരു ആൺകുട്ടി വിളിച്ചു പറഞ്ഞു... "ഓഹ്... അറിയാമല്ലോ നവനീതെ....സീത ടീച്ചർ ഇന്ന് ലീവ് ആണ്... അപ്പോ ഞാൻ അങ്ങ് കയറി... " അവൻ ചെറു പുഞ്ചിരിയോടെ ടേബിളിൽ ചാരി കൊണ്ട് പറഞ്ഞു....അവന്റെ കണ്ണുകൾ പിള്ളേരിൽ എല്ലാം എത്തി നിന്നു....എല്ലാവരും ഫിസിക്സ് എടുക്കുന്നതിന്റെ തിരക്കിൽ ആണ്.. അവന്റെ ചിന്തയിൽ അപ്പോഴേക്കും ഒരു നോട്ട് പോലും ഇല്ലാതെ ക്ലാസിൽ ഇരിക്കുന്ന മണിയിൽ എത്തി...അവൻ ഒന്ന് പുഞ്ചിരിച്ചു... "ഏയ്‌... നോട്ട് ഒന്നും വേണ്ടാ... ഇന്ന് ഞാൻ നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനും നിങ്ങളെ കേൾക്കാനും വേണ്ടി വന്നതാണ്..

. are you ready.... " അവൻ ചോദിച്ചതും എല്ലാവരും ഒരേ സ്വരത്തിൽ yes എന്ന് പറഞ്ഞു... അവൻ മേശയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പിള്ളേരുടെ ഇടയിലേക്ക് നടന്നു.... "ഓക്കേ ഫൈൻ.... രണ്ട് കൊല്ലം മുന്നേ... അതായത് എന്റെ 24 വയസ്സിൽ ആണ് ഞാൻ എന്റെ ടീച്ചിങ് ഫീൽഡിലേക്ക് കടന്നു വന്നത്....ഫസ്റ്റ് പോസ്റ്റിങ്ങ്‌ നമ്മുടെ ഈ സ്കൂളിലും.... എനിക്ക് കിട്ടിയ ഫസ്റ്റ് ബാച്ച് എന്നാൽ... നിങ്ങളുടെ ഒക്കെ സൂപ്പർ സീനിയർസ് ആണ്... S2B ബാച്ച്......ഞാൻ ഈ സ്കൂളിൽ നിന്നും കേട്ട വാക്കുകൾ ആണ്... S2B മോശം ബാച്ച് ആണ്... അവര് നന്നാവില്ല സാറെ എന്നൊക്കെ.... ശരിയായിരുന്നു.... ഈ സ്കൂളിൽ തന്നെ ഏറ്റവും തരികിട പിള്ളേര് പഠിച്ചിരുന്ന ബാച്ച്....തല്ലു കൂടാനും അലമ്പ് കളിക്കാനും മുന്നിൽ നിന്നിരുന്ന ഒരു ബാച്ച്.... അതിൽ ഒരുത്തി ഉണ്ടായിരുന്നു....ഏറ്റവും കഷ്ടം അവളെ മേയ്ക്കാൻ ആയിരുന്നു... പറഞ്ഞു വരുമ്പോൾ എന്റെ അടുത്ത ബന്ധത്തിൽ ഉള്ളതാണ്... പക്ഷെ ഒരു സബ്ജെക്ടിന് പോലും നോട്ട് ബുക്ക്‌ ഇല്ല... ക്ലാസിൽ ആണെങ്കിൽ ശ്രദ്ധിക്കില്ല...ലാബിൽ കയറില്ല,,, വീട്ടിൽ ഇരുന്നു പഠിക്കുന്നത് വരെ കണ്ടിട്ടില്ല.... പക്ഷെ റിസൾട്ട്‌ വന്നപ്പോൾ ഈ സ്കൂളിലെ തന്നെ ടോപ് ലിസ്റ്റിൽ ഉള്ള കുട്ടികളുടെ ഇടയിൽ അവളുടെ പേരും ഉണ്ടായിരുന്നു...... " അത്രയും പറഞ്ഞു അവൻ ചിരിച്ചതും പിള്ളേര് എല്ലാം സന്തോഷത്തോടെ കൈ അടിച്ചു... "മ്മ്മ്... ശരി.... ഇന്ന് എന്നോട് ഈ ക്ലാസിലെക്ക് വരാൻ പറഞ്ഞപ്പോൾ ഞാൻ ഇന്നും ആ വാക്ക് കേട്ടു തല തെറിച്ചവരാ....

അതെന്താ അങ്ങനെ...... ഈ ബാച്ചിന് വേണ്ടി മാത്രം ഒരുക്കിയ പട്ടമാണോ ആ പേര്.... " അവൻ ഒരു ബെഞ്ചിൽ കൈ കുത്തി നിർത്തി ഒരു ചെറുക്കനെ നോക്കി ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ നന്ദനെ തന്നെ നോക്കി നിന്നു..നന്ദൻ ഒന്ന് ചിരിച്ചു... "ആ പേര് മാറ്റേണ്ടത് നിങ്ങളായിട്ട് തന്നെയാണ്..... എത്ര തല തെറിച്ചു നടന്നാലും പഠിക്കാനും ഞങ്ങൾ പിശുക്ക് കാണിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് നിങ്ങളാ...ഞാൻ പറഞ്ഞു വരുന്നത്.. നിങ്ങൾ ഓവർ ടൈം പഠിക്കണം എന്നോ... പുസ്തകം വെളളം തൊടാതെ വിഴുങ്ങണം എന്നൊന്നും അല്ല.... പഠിക്കുന്നത് മനസ്സിലാക്കി ക്ലിയർ ചെയ്തു പഠിക്കുക... മനസ്സിലാകാത്തത് പൊക്കോട്ടെ...നമുക്ക് അത് വേണ്ടാ.... ഒരു ചാപ്റ്റർ മാത്രമാണ് പഠിച്ചത് എങ്കിലും കോൺഫിഡന്റ് ആയി എക്സാമിന് പോവുക.... പറ്റുന്നത് എഴുതുക... അത് മതി... " അവൻ പറഞ്ഞു നിർത്തി...കുട്ടികൾ അവനെ നോക്കി ഇരിക്കുകയായിരുന്നു.... "ഇനി എന്നോട് നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം... " അവൻ അതും പറഞ്ഞു കൊണ്ട് എല്ലാവരെയും മാറി മാറി നോക്കി....ഒരു പെൺകുട്ടി മടിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു... "സർ.... സർ പറഞ്ഞ ആ പെൺകുട്ടി ആരാ.... !!? ???" അവളുടെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി നിറഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story