നിഴലായ്: ഭാഗം 19

nizhalay thasal

എഴുത്തുകാരി: THASAL

ചുറ്റും നോക്കി കൊണ്ട് നടക്കുന്നതിനിടയിൽ പിറകിലെ പത്തായപുരയിലേക്ക് ആരോ അവളെ വലിച്ചു കയറ്റിയതും ഒരുമിച്ചു ആയിരുന്നു.... അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവളിൽ യാതൊരു ഞെട്ടലും ഉണ്ടായിരുന്നില്ല.... ഉപയോഗം ഇല്ലാത്ത ഈ പത്തായപുരായിലേക്ക് കയറുന്ന രണ്ടെ രണ്ട് പേരെ ഒള്ളൂ..... ഒന്ന് എലി.... രണ്ടാമത്തെത് ഗഡോൽഗജൻ.... പാവം എലി തിന്നാൻ എന്തെങ്കിലും കിട്ടുവോ എന്നന്വേഷിച്ചു ആണ് വരുന്നതെങ്കിൽ ഗഡോൽഗജൻ വരുന്നത് മറ്റേതിനാ.....മദ്യസേവ....ആരും അറിയത്തും ഇല്ല... വീടിന്റെ ഉള്ളിൽ വെച്ച് തന്നെ കള്ളും കുടിക്കാം.... എന്തൊരു ബുദ്ധി.... ഇതെല്ലാം അറിയാവുന്ന ഒരേ ഒരാൾ.... നമ്മുടെ എല്ലാമെല്ലാമായ മണി....ആരും പേടിക്കണ്ട..അവളല്ലേ രണ്ട് ചീത്ത കേൾക്കുമ്പോൾ വിളിച്ചു പറഞ്ഞോളും.... വലിച്ചു ഡോർ കുറ്റി ഇടലും അവളെ പിടിച്ചു നെഞ്ചിൽ പറ്റിച്ചു നിർത്തലും ഞൊടി ഇടയിൽ ആയിരുന്നു....

അവൾ തല ഉയർത്തി നോക്കിയതും കണ്ണുകളിൽ പോലും പുഞ്ചിരി നിറച്ചു കൊണ്ട് പ്രണയത്തോടെ തന്നെ നോക്കുന്ന നന്ദനെ കണ്ട് അവളുടെ കവിൾ നാണത്താൽ ചുവന്നു.... പക്ഷെ പെട്ടെന്നുള്ള ഓർമയിൽ അവനിൽ നിന്നും മുഖം മാറ്റി കൊണ്ട് വേഗം തന്നെ കുതറി മാറി.... "താൻ എന്താടോ ഈ കാണിക്കുന്നത്.... " അവൾ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു വെച്ചു... നന്ദൻ അതൊന്നും സാരമാക്കാതെ അവളെ ഒന്നൂടെ വട്ടം പിടിച്ചതും അവൾ കുതറി നോക്കി എങ്കിലും നോ രക്ഷ... അവൾ ഇനി ഒന്നും ചെയ്തിട്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കി കൊണ്ട് മുഖം സൈഡിലേക്ക് ചെരിച്ചു കൊണ്ട് നിന്നു.... "മണി...." ".............." "ഡോ....മണിക്കുട്ടി... " അവൻ മുഖം താഴ്ത്തി അവളെ നോക്കി വിളിച്ചു എങ്കിലും ആള് അല്പം ഗൗരവത്തോടെ എങ്ങോട്ടോ നോക്കി നില്ക്കുകയാണ്...

"മണിക്കുട്ടി..... എന്താടോ... ഒരൊറ്റ ദിവസം കൊണ്ട് എന്നെ ഇത്രയും അങ്ങ് വെറുത്തു പോയോ... " അവളെ കൊള്ളിക്കാൻ പാകത്തിന് ഉള്ള വാക്കുകൾ തന്നെ ആയിരുന്നു അവൻ തൊടുത്തു വിട്ടത്... അവൾ അതിൽ മൂക്കും കുത്തി വീഴുകയും ചെയ്തു... അവൾ ഒരു ഞെട്ടലോടെ തല ഉയർത്തി അവനെ നോക്കി... അവൻ ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു..... "എനിക്ക് അറിയില്ലേ നിന്നെ.... ഇനി പറ.... എന്റെ മണിക്കുട്ടിയുടെ പിണക്കത്തിന്റെ കാര്യം എന്താ... " അവൻ സൗമ്യതയോടെ ചോദിച്ചതും അവൾ അല്പം പരിഭവം നിറച്ചു കൊണ്ട് അവന്റെ ബട്ടൺസിൽ വിരൽ വെച്ച് കറക്കി.... "അതില്ലേ.... എനിക്കെ.... കോളേജിൽ പോകണ്ട നന്ദട്ടാ... " അവൾ അല്പം മടിച്ച് ആണെങ്കിലും പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഒരു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു വെച്ചു... അതോടെ അവൾ തല ഉയർത്തി അവനെ നോക്കി.... "ഇതിനായിരുന്നോ.... അതെന്താ നിനക്ക് പോകണ്ടാത്തത്... കാര്യം പറ... എന്നിട്ട് നമുക്ക് ആലോചിക്കാം... "

അവൻ അത്രയും പറഞ്ഞു കൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്തതും അവൾക്ക് ഉള്ളിൽ ഒരു പേടി നിറഞ്ഞു... വിമൻസ് കോളേജ് ആയത് കൊണ്ടാണ് എന്ന് പറഞ്ഞാൽ എടുത്ത് വല്ല തോട്ടിലും കൊണ്ട് പോയി ഇടും എന്നതിന് യാതൊരു സംശയവും വേണ്ടാ... അവൻ നഖം കടിച്ചു കൊണ്ട് ആലോചിച്ചു.... "നന്ദേട്ടാ.... എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാ....എനിക്ക് ഇവിടെ ഇങ്ങനെ നടന്നാൽ മതി.... കോളേജിൽ ഒക്കെ പോയി അങ്ങ് പഠിച്ചു വലുതായാൽ എനിക്ക് അഹങ്കാരം വന്നാലോ... അപ്പൊ ഞാൻ നന്ദേട്ടനെ വേണ്ടാന്ന് പറഞ്ഞാലോ.... അതോണ്ട... പ്ലീസ്... " അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ തല ഉയർത്തി നോക്കി കൊണ്ട് പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു... "ആരാ നിന്നോട് പറഞ്ഞെ പഠിച്ചാൽ അഹങ്കാരം കൂടും എന്ന്..... !!??"

"എനിക്ക് തോന്നി.... " "എന്ന അങ്ങനെയുള്ള ചിന്തയൊന്നും വേണ്ടാ... ഞാൻ പഠിച്ചതല്ലേ.... നിന്റെ ഏട്ടൻ പഠിച്ചതല്ലേ... " "വെറുതെയല്ല രണ്ടിന്റെയും തലക്ക് മുകളിൽ അഹങ്കാരത്തിന്റെ ബാണ്ട കെട്ട് കെട്ടി വെച്ചേക്കുന്നേ... " അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... അവൾ അവൻ കേൾക്കാത്ത മട്ടിൽ ഒന്ന് പറഞ്ഞതും അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ വിരൽ വെച്ച് തട്ടി... അവൾ ഒന്ന് മുഖം കൂർപ്പിച്ചു കൊണ്ട് അവനെ നോക്കിയതും അവൻ യാതൊരു ദേഷ്യവും കാണിക്കാതെ ഒന്ന് പുഞ്ചിരിച്ചു.... "മണി... നിനക്ക് പറഞ്ഞാൽ മനസ്സിലാകുന്നില്ലേ.... ഒരു കാലം വരെ നിനക്ക് നിന്റെ ഏട്ടൻ ഉണ്ടാകും... അത് കഴിഞ്ഞു ഞാനും... പ്രതീക്ഷിക്കാതെ ഞാൻ എങ്ങാനും മരിച്ചു... " അവൻ പറഞ്ഞു തീരും മുന്നേ അവളുടെ കൈ അവന്റെ കവിളിൽ ആയി തന്നെ പതിഞ്ഞിരുന്നു,,,,

അവളുടെ കണ്ണുകളിൽ അവനെ ദഹിപ്പിക്കാൻ മാത്രം ഉള്ള കോപം കത്തി നിന്നു,,, അവൻ അന്തം വിട്ടു കൊണ്ട് കവിളും പൊത്തി അവളെ നോക്കി നിന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ മുന്നേക്ക് ആഞ്ഞു അവനെ കെട്ടിപിടിച്ചു... അവൻ ഒന്ന് പിന്നിലേക്ക് ചാഞ്ഞു എങ്കിലും ചിരിയോടെ തന്നെ അവളെ ചേർത്ത് പിടിച്ചു.... "ഇപ്പൊ നന്ദേട്ടന് എന്താ വേണ്ടേ.... ഞാൻ കോളേജിൽ പോകണം... പോയേക്കാം...അതിന് വേണ്ടി പോലും ഇങ്ങനെയുള്ള സംസാരം വേണ്ടാ.... നന്ദേട്ടന് അറിയാത്തതു കൊണ്ട കൂടെ നിന്നവർ പെട്ടെന്ന് ഒരു ദിവസം നമ്മളെ വിട്ട് പോകുമ്പോൾ അതിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.... നമ്മുടെ ഹൃദയം ഒക്കെ പൊട്ടി പോകുന്ന വേദനയാ.... നമുക്ക് കരയാൻ പോലും ആകില്ല.... വേദനിക്കും നന്ദേട്ടാ... നന്നായി തന്നെ വേദനിക്കും.... "

അവളുടെ ചിന്തകൾ ഒരു പുക മറക്ക് ഉള്ളിൽ എന്ന പോലെ വെള്ള പുതച്ചു കിടക്കുന്ന രണ്ട് ശരീരങ്ങളിൽ എത്തി നിന്നു... അവരുടെ അടുത്ത് ഇരുന്നു വേദനയോടെ വിളിക്കുന്ന ആ പതിനഞ്ചു വയസ്സ് കാരിയിലും.... നന്ദന്റെ ഉള്ളവും ഒന്ന് പിടഞ്ഞു.... വേദന കൊണ്ട് നീറുന്നവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഒന്ന് സമാധാനിപ്പിക്കാൻ അന്ന് അവനും കഴിയാതെ പോയി.... അവൻ മെല്ലെ അവളുടെ മുടിയിലൂടെ തലോടി അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു... "എന്റെ അച്ഛയും അമ്മയും പോയപ്പോൾ,,, എനിക്ക്.... അറിയില്ല... വേദനിച്ചോ... അതോ... ഉള്ളം പിടഞൊ... പക്ഷെ എനിക്ക് മരിക്കാൻ തോന്നി പോയി.... അതിന് ശേഷം പേടിയാ നന്ദേട്ടാ... മരണം എന്ന് കേൾക്കുന്നത് പോലും... എനിക്ക് ശ്വാസം മുട്ടും പോലെ.... തോന്നുവാ...വേദനിപ്പിക്കല്ലേ...നന്ദേട്ടാ... "

അവളുടെ ഏങ്ങലടികൾ അവിടം ഉയർന്നു... നന്ദന്റെ കണ്ണുകളും നിറഞ്ഞു കവിഞ്ഞു... അവളുടെ മുഖം പിടിച്ചുയർത്തി ചുംബനം കൊണ്ട് മൂടുമ്പോൾ അവന്റെ ചുംബനങ്ങൾക്ക് പോലും കണ്ണീരിന്റെ ചുവ ആയിരുന്നു... അവളുടെ മനസ്സിൽ മരണം വിതച്ച ഭീതിയുടെ കണ്ണീരിന്റെ ചുവ.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "വിച്ചേട്ടോയ്........" പാടവരമ്പത്തു കൂടി നടന്നു നീങ്ങുന്ന വിച്ചുവിനെ കണ്ട് അല്പം ദൂരെ നിന്ന് മണി നീട്ടി വിളിച്ചു... അവളുടെ വിളിയിൽ തന്നെ വിച്ചു ഒന്ന് ഒന്ന് തിരിഞ്ഞു നോക്കിയതും പാടവരമ്പിലൂടെ ഒരു കൈ കൊണ്ട് ദാവണി പാവാടയും അല്പം പൊക്കി പിടിച്ചു ഓടി വരുന്ന അവളെ കണ്ട് ചുണ്ടിൽ പുഞ്ചിരി ഊർന്നു വീണു... കളങ്കം തെല്ലു പോലും ഇല്ലാത്ത പുഞ്ചിരി....

മണി ഓടി കൊണ്ട് അവനരികിൽ എത്തിയപ്പോഴേക്കും അണച്ചു പോയിരുന്നു... നെഞ്ചിൽ കൈ വെച്ച് കൊണ്ട് സ്വയം ഒന്ന് നിയന്ത്രിച്ചു കൊണ്ട് അവളും പുഞ്ചിരിയോടെ അവനെ നോക്കി... "എന്റെ പോന്നു മണി... എന്തിനാ ഇങ്ങനെ ഓടുന്നെ...നടന്നു വന്നാൽ പോരായോ... " അവൻ മുൻപിൽ നടന്നു കൊണ്ട് ചോദിച്ചതും അവന്റെ തൊട്ടു പിന്നിൽ ആയി തന്നെ അവളും നടന്നു... "അല്ല ഈ നേരത്ത് നീ എവിടന്ന് വരാ...." "അപ്പച്ചിയുടെ അടുത്ത് നിന്ന്....രാവിലെ പോയതാ.... അവിടെ പാറു ഉണ്ടല്ലോ... അവളോട്‌ സംസാരിച്ചു ഇരുന്നു സമയം ഇത്രയും ആയി.... " അവൾ പറയുമ്പോഴും അവൾ ഇടക്ക് അവനെ ഒന്ന് പാളി നോക്കി... ചെറു പുഞ്ചിരി ആ ചുണ്ടിൽ അപ്പോഴും തങ്ങി നിൽക്കുന്നത് കണ്ട് അവൾ അറിഞ്ഞു ഒന്ന് തലയാട്ടി... "അല്ല വിച്ചേട്ടൻ ഇത് എവിടെക്കാ.... "

"ഞാൻ നമ്മുടെ വായന ശാല വരെ... കുറച്ചു പുസ്തകങ്ങൾ എടുക്കാൻ ഉണ്ട്...അല്ല.... താൻ ഇപ്പൊ പുസ്തകങ്ങൾ ഒന്നും എഴുതാറില്ലേ... പുതിയത് ഒന്നും കണ്ടില്ലല്ലോ... വേണു മാഷും പറഞ്ഞു... ആ വഴി ചെന്നിട്ട് ദിവസങ്ങൾ ആയി എന്ന്.... " താഴേക്ക് നോക്കി നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു... "ഒന്ന് പണിപ്പുരയിൽ ഉണ്ട് വിച്ചേട്ടാ.. മുഴുവൻ ആയിട്ടില്ല.... പിന്നെ ഈ ഇടെയായി ഒരു മടി..." അവൾ ഒരു ചമ്മലോടെ തലയും ചൊറിഞ്ഞു പറഞ്ഞതും വിച്ചു പെട്ടെന്ന് തന്നെ നടത്തം നിർത്തി അവളെ ഒന്ന് തിരിഞ്ഞു നോക്കി... അവൾ ഒന്ന് ഇളിച്ചു.... "ഈ മടി അത്ര നല്ലതല്ല.... എന്റെ മണിക്കുട്ടി.... ചില കഴിവുകൾ ദൈവം എല്ലാവർക്കും നൽകില്ല....നമുക്ക് ദൈവം അനുഗ്രഹിച്ചു തന്ന കഴിവുകൾ വെറും മടിയുടെ പേരിൽ തളച്ച് ഇടരുത്ട്ടോ..... " അവൻ ഒരു ഉപദേശം എന്ന കണക്കെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നതും അവളും അവന്റെ പിന്നാലെ തന്നെയായി നടന്നു....

സൗമ്യത നിറഞ്ഞ സംസാരവും ചുണ്ടിലെ ആ പുഞ്ചിരിയും വിച്ചുവിനെ ഏവർക്കും പ്രിയപ്പെട്ടവൻ ആക്കിയിരുന്നു...അവന്റെ ഓരോ വാക്കുകളും പതിവ് തമാശ രീതിയിൽ മണി കണ്ടിരുന്നില്ല..... "വിച്ചേട്ടാ.... പോയി ട്ടോ...." വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ എത്തിയതും അവൾ അവനോട് യാത്ര പറഞ്ഞതും കയ്യിലെ ടോർച്ച് അവൾക്ക് വേണ്ടി ഇടവഴിയിലേക്ക് നീട്ടി അടിച്ചു കൊടുത്തു കൊണ്ട് അവൻ തലയാട്ടി... അവൻ ആ ഇടവഴി കഴിയും വരെ അവൻ അവിടെ തന്നെ നില ഉറപ്പിച്ചിരുന്നു.....ഇടവഴി കഴിയാൻ നേരം അവൾ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി അവന് വേണ്ടി നൽകി... ആ മുഖത്തെ നിഷ്കളങ്കത കണ്ട് ശാന്തമായ മുഖത്തോടെ അവനും ഒന്ന് പുഞ്ചിരിച്ചു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

*ലാ....ലാ... ലാ..... മൂളി കൊണ്ട് മണി വീടിന്റെ മുറ്റത്ത്‌ എത്തിയതും കണ്ടു തന്നെ കണ്ണുരുട്ടി നോക്കുന്ന ഗൗതമിനെ... അവൾ ആകെ പേടി കൊണ്ട് മുഖം ചുളിച്ചു കൊണ്ട് പുറത്തെ പൈപ്പിൽ നിന്നും കാല് കഴുകി ഉമ്മറത്തേക്ക് കയറുമ്പോഴും ഗൗതം ഗൗരവത്തോടെ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു.... "സംസാരിച്ച് നിന്നപ്പോൾ സമയം പോകുന്നത് അറിഞ്ഞില്ല... അതോണ്ട നേരം വൈകിയെ.... " അവൻ തന്നെ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൾ അവിടെ തന്നെ താളം ചവിട്ടി നിന്നു കൊണ്ട് പറഞ്ഞു... ഗൗതം അല്പം പോലും ഗൗരവം വിടാതെ എന്തൊക്കെയോ മറിച്ചു നോക്കുന്നുണ്ട്... അവൾ ഒന്ന് എത്തി നോക്കിയതും organic chemistry കണ്ട് അവൾ ഒന്ന് ചുണ്ട് കോട്ടി കൊണ്ട് മുഖം തിരിച്ചു... "ഞാൻ ഏട്ടനോട പറയുന്നേ.... സംസാരിച്ച് നിന്നപ്പോൾ സമയം പോയതാ എന്ന്... " അവൾ അല്പം ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു.....അവൻ കയ്യിലെ പുസ്തകത്തിൽ നിന്നും നോട്ടം മെല്ലെ മണിയിൽ എത്തിച്ചു നിർത്തി....

"അതിനിപ്പോ ഞാൻ എന്താ വേണ്ടേ... തലയും കുത്തി നിൽക്കണോ.... മിണ്ടാതിരുന്നാലും വന്നോണം.... " അവൻ അവളെ ഒന്ന് കടുപ്പത്തിൽ നോക്കി പറഞ്ഞു.... അവൾ മുഖം ഒന്ന് വെട്ടി തിരിച്ചു... "അല്ലേലും തന്നോട് ആരാ പറയാൻ വന്നേ.... ഇങ്ങനെ ഒരു സാധനത്തിനെ തന്നെ ഏട്ടനായി തന്നല്ലോ ഈശ്വരാ... " അവൾ ദേഷ്യത്തോടെ മുഖവും കയറ്റി കൊണ്ട് ഉള്ളിലേക്ക് പോയതും ഗൗതം ചിരിച്ചു കൊണ്ട് കയ്യിലെ ഫോൺ കാതോട് ചേർത്തു... "മ്മ്മ്... വന്നു...ഇപ്പൊ കയറി വന്നതേ ഒള്ളൂ... ഇല്ലടാ പറഞ്ഞിട്ടില്ല.... അതിന്റെ വാക്കും കേട്ടു നീ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ അറിഞ്ഞോ... പറഞ്ഞാൽ പിന്നെ നിലത്ത് ഒന്നും ആകില്ല... അടാ... ശരി... " ഫോൺ വെക്കുമ്പോൾ ഗൗതം ഉള്ളിലേക്ക് വെറുതെ ഒന്ന് പാളി നോക്കി.... "മണി.... " ഒരൊറ്റ വിളിയിൽ അവൾ ഉമ്മറത്തു എത്തിയിരുന്നു....

"എന്താ ഏട്ടാ.... " "മ്മ്മ്....നന്ദൻ വിളിച്ചിരുന്നു.... " "അയ്ന്...." അവൾ കളിയിൽ ചോദിച്ചതും ഹാളിൽ ഇരുന്നിരുന്ന മുത്തശ്ശി ഒന്ന് പൊട്ടി ചിരിച്ചു... ഗൗതം അവളെ നോക്കി ഒന്ന് കണ്ണുരുട്ടി... "അയ്ന് കുന്തം... ടി.... നീ ഒക്കെ കൂടി അവന്റെ മനസ്സ് മാറാൻ എന്ത് കൂടോത്രം ആണെടി ചെയ്തത്... നിന്നോട് ഇനി കോളേജിൽ പോകണ്ടാന്ന്.... " ഗൗതം പറഞ്ഞു നിർത്തിയതും മണിയുടെ കണ്ണുകൾ ഒന്ന് വിടർന്നു... "ഹയ്യ...ഹയ്യ..." സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു അവൾ.. "വല്ലാതെ അങ്ങ് സന്തോഷിക്കല്ലേ..... അതിന് പകരം നാളെ മുതൽ നീ നമ്മുടെ വായനശാലയിൽ പോയി ഇരിക്കണം.... നന്ദന്റെ കല്പനയാണ്.... " അടുത്ത വാക്കുകൾ കേട്ടപ്പോഴെ അത് വരെ ഉണ്ടായിരുന്ന സന്തോഷം ആവിയായി പോയ പോലെ അവൾ വാടി ഒടിഞ്ഞു കൊണ്ട് അവനെ നോക്കി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story