നിഴലായ്: ഭാഗം 27

nizhalay thasal

എഴുത്തുകാരി: THASAL

"ഡി... സമയം എത്രയായി.... " മണി കൊയ്യുന്നതിനിടയിൽ പാറുവിനെ നോക്കി ചോദിച്ചു... "അഞ്ച് കഴിഞ്ഞു കാണും... " പാറു ഏകദേശം ഒരു കണക്ക് വെച്ച് പറഞ്ഞതും മണി പെട്ടെന്ന് തന്നെ പകുതി കൊയ്ത നെല്ല് വരമ്പത്തേക്ക് വെച്ച് കൊണ്ട് ചാടി വരമ്പത്ത് കയറി... കൂടെ പാറുവിനെയും പിടിച്ചു കയറ്റി ഓടി... "ഡി...എന്താടി കാര്യം... " ഓടുന്നതിനിടയിലും മേലിൽ ഉള്ള ചേറ് കൈ കൊണ്ട് ഉരച്ചു കളയാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു പാറു....മണി ഒന്ന് കിതച്ചു കൊണ്ട് നിന്നു... "ഇന്ന്... വായനശാലയിൽ പോകാൻ... നിന്റെ ഏട്ടൻ പറഞ്ഞായിരുന്നഡി...ഞാൻ മറന്നു... " അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം നേരെ എടുത്തു കൊണ്ട് പറഞ്ഞതും പാറു ആശങ്കയോടെ തലയിൽ കൈ വെച്ചു... "എന്റെ ഈശ്വരാ... ഡി... നിനക്ക് ബോധം ഇല്ലേ..... അങ്ങേര് പറഞ്ഞിട്ട് അനുസരിച്ചില്ലേൽ അറിയാലോ... ഭ്രാന്ത... രണ്ടിനും കിട്ടും.... നീ വേഗം നടന്നെ...."

പാറു പരിഭ്രമത്തോടെ അവളെയും വലിച്ചു കൊണ്ട് നടന്നു... വായനശാലക്ക് പുറത്ത് തന്നെ പുകച്ചു കൊണ്ട് കുറെ ചെറുപ്പക്കാർ നിൽക്കുന്നുണ്ടായിരുന്നു... മണിയെയും പാറുവിനെയും കണ്ടതോടെ വെപ്രാളത്തോടെ സിഗരറ്റ് എല്ലാം കളഞ്ഞു മടക്കി വെച്ച മുണ്ടും അഴിച്ചു ഇട്ടു ഒരു ഭാഗത്തേക്ക് ഒതുങ്ങി നിന്നു... പാറു അവരെ മിഴിച്ചു നോക്കി... "അല്ല... ഇതെന്താടി സംഭവം...നമുക്ക് ഭ്രാന്ത് ആയതോ...അതോ ഇവർക്ക് മുഴുവൻ ഭ്രാന്ത് ആയതോ....എന്തൊരു മറിമായം... " പാറു എല്ലാത്തിനെയും ഒന്ന് നോക്കി കൊണ്ട് മെല്ലെ മണിയുടെ ചെവിയിൽ പറഞ്ഞു... "ഒന്ന് മിണ്ടാതിരി ശവമേ... ഇത് അതൊന്നും അല്ലടി,,, നിന്റെ ഏട്ടൻ ഭ്രാന്ത് കയറി കഴിഞ്ഞ തവണ കുടഞ്ഞവരുടെ കൂട്ടത്തിൽ ഉള്ളവരാ... ഇപ്പൊ ബഹുമാനിക്കും കുറച്ചു കഴിഞ്ഞാൽ രണ്ടിനെയും പെറുക്കി എടുക്കേണ്ടി വരും... മൈന്റ് ചെയ്യണ്ട... കയറി പോര്... " മണി ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു....

ഉള്ളിൽ തന്നെ വേണുമാഷ് എന്തോ വായിച്ചു കൊണ്ട് ഇരിപ്പുണ്ട്... കണ്ണ് പിടിക്കാത്ത പോലെ ഇടയ്ക്കിടെ കണ്ണട കയറ്റിയും ഇറക്കിയും കളിക്കുന്നുണ്ട്.... "എന്താ മാഷേ... കണ്ണൊന്നും പിടിക്കാതായോ... " മണി തമാശ രീതിയിൽ ചോദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നതും പെട്ടെന്ന് അവളുടെ ശബ്ദം കേട്ട ഞെട്ടലിൽ അയാൾ ഒന്ന് തല ഉയർത്തി നോക്കി... പിന്നീട് അതൊരു ചിരിയായി.... "അല്ല... ഏത് ചേറിൽ ഉരുണ്ടിട്ടുള്ള വരവാ രണ്ട് പേരും... " അദ്ദേഹം കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കുറച്ചു പുസ്തകങ്ങളുമായി ഷെൽഫിന്റെ അരികിലേക്ക് നടന്നു കൊണ്ട് ഓരോന്നായി ഷെൽഫിൽ വെക്കാൻ തുടങ്ങി... മണിയും ടേബിളിൽ ഇരിക്കുന്ന കുറച്ചു പുസ്തകങ്ങൾ കയ്യിൽ ഒതുക്കി കൊണ്ട് അദ്ദേഹത്തിന്റെ പിറകെ പോയതും അപ്പോഴും നഖം കടിച്ചു നിൽക്കുന്ന തിരക്കിൽ ആണ് പാറു... "ഡി... " മണിയുടെ ഒറ്റ വിളിയിൽ പാറു ഞെട്ടി... മണി കണ്ണുരുട്ടി മേശയുടെ മുകളിൽ ഇരിക്കുന്ന പുസ്തകങ്ങൾ കണ്ണ് കൊണ്ട് കാണിച്ചതും അവളും പുസ്തകങ്ങൾ എടുത്തു അവർക്ക് പിന്നാലെ ചെന്നു...

"വയലിൽ കൊയ്ത്തു തുടങ്ങിയില്ലേ... അത് വരെ പോയതാ.... അത് വെട്ടി ഒതുക്കിയാൽ അവിടെ മത്സ്യ കൃഷി ചെയ്യാൻ ഉള്ള പുറപ്പാടിലാ...അവിടെ അപ്പിടി ചേറും അവിടെ നിന്ന് പറ്റിയതാ...." മണി കാര്യങ്ങൾ എല്ലാം പെറുക്കി പറഞ്ഞു കൊണ്ട് അദ്ദേഹത്തോടൊപ്പം ഓരോ പുസ്തകങ്ങളും ഷെൽഫിൽ വെക്കാൻ സഹായിച്ചു... അദ്ദേഹം ചെറു ചിരിയോടെ കയ്യിൽ ഉള്ള പുസ്തകം അവൾക്ക് നേരെ നീട്ടി... പ്രാണനായ്..... അതിന്റെ തല വാചകം വായിച്ചു അവൾ ഒന്ന് കണ്ണ് ചുളിച്ചു അദ്ദേഹത്തെ നോക്കി.. അപ്പോഴും അയാളിൽ ചിരി തന്നെ... അവൾ സംശയത്തോടെ അതിന്റെ ആദ്യ പേജ് തുറന്ന് നോക്കിയതും മിഴിവാർന്ന അക്ഷരങ്ങളിൽ എഴുതിയ ജാൻവി വിശ്വനാഥൻഎന്ന പേര് കണ്ട് അവളുടെ കണ്ണുകൾ ഞെട്ടലിൽ വിടർന്നു വന്നു... മാഷ് അവളെ ഒന്ന് ചേർത്ത് പിടിച്ചു...

"മാഷേ... എനിക്ക്..." "അറിയാം കുട്ട്യേ.... നീ അറിയാതെ നിന്റെ ഒരു രചന കൂടി പ്രസിദ്ധീകരിച്ചു.... ആരാണെന്നോ എന്താണെന്നോ എന്നൊന്നും അറിയില്ല... പക്ഷെ നിന്നെ ചുറ്റി നിൽക്കുന്ന ആരോ...ഇന്ന് രാവിലെ പോസ്റ്റ്‌ വഴി വന്നപ്പോൾ ആണ് ഞാൻ കാണുന്നത്.... അപ്പോൾ തന്നെ നന്ദനെ വിളിച്ചു പറഞ്ഞിരുന്നു.... " മാഷിന്റെ വാക്കുകൾ കേട്ടു അവളുടെ കണ്ണുകൾ വിടർന്നു... ശരിയാണ്... ഒരിക്കലും പ്രസിദ്ധീകരിക്കണം എന്ന ഉദ്ദേശത്തോടെയല്ല ഒന്നും എഴുതിയത്.... ആരോ തനിക്ക് ചുറ്റും നിന്ന് തനിക്ക് വേണ്ടി പ്രവർത്തിക്കുന്നു... ഒരിക്കൽ പോലും തന്നോട് ഒരു ചോദ്യം ഉണ്ടായിട്ടില്ല.... അവളുടെ ചിന്തകളിൽ വല്ലാത്തൊരു വിറയൽ കടന്നു വന്നു.... "മണി... പുതിയതാണോ.... " പാറുവിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു....മണി നിറഞ്ഞ കണ്ണുകളോടെ തലയാട്ടി... പാറു അവളെ ഒന്ന് ഇറുകെ പുണർന്നു കൊണ്ട് വിട്ട് മാറി ആ പുസ്തകം മറിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നു....

"ആരാന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ മാഷേ.... " അവളുടെ വാക്കുകളിൽ പ്രതീക്ഷയായിരുന്നു.. വേണു മാഷ് ഒന്ന് പുഞ്ചിരിച്ചു.... "ആരായാലും ദ്രോഹം അല്ലല്ലോ ചെയ്യുന്നത്.. ഇപ്പോൾ നിന്റെ മുന്നിൽ വരാൻ താല്പര്യം ഉണ്ടാകില്ല.....ഒരുനാൾ എല്ലാം പുറത്ത് വരും..." ഏതൊക്കെയോ അർത്ഥം വെച്ച് കൊണ്ടായിരുന്നു അയാളുടെ സംസാരം...മണി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "പിന്നെ നാളെ മുതൽ ഇങ്ങോട്ട് വന്നോണം..നന്ദനോട് ഞാൻ എല്ലാം സംസാരിച്ചതാ.... " മാഷ് ഇച്ചിരി ഗൗരവത്തോടെ പറഞ്ഞു...മണി അനുസരണയുള്ള കുട്ടി കണക്കെ തലയാട്ടി... "എന്ന ഞങ്ങൾ പോട്ടെ.... ഇനിയും നേരം വൈകിയാൽ പ്രശ്നമാ...വീട്ടിൽ പറഞ്ഞിട്ടില്ല.." മണി അദ്ദേഹത്തെ നോക്കി സമ്മതം ചോദിച്ചതും അദ്ദേഹം സമ്മതം കണക്കെ ഒന്ന് തലയാട്ടിയതും അവർ പുറത്തേക്ക് നടന്നു... മണി പുസ്തകവും നോക്കി ഇടയ്ക്കിടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്....

പുറത്ത് പഴയ സ്ഥാനത്ത് തന്നെ ആ ചെക്കൻമാര് നിൽക്കുന്നുണ്ട്... അത് അവരിൽ ചെറിയ രീതിയിൽ ഒരു പേടി നിറച്ചു.. ഒന്നാമതെ പുറത്ത് വേറെ ആരെയും കാണാൻ ഇല്ല...പാറു എല്ലാ ഇടത്തെക്കും കണ്ണുകൾ പരതി കൊണ്ട് അല്പം ധൈര്യം സമ്പാദിച്ചു കൊണ്ട് മണിയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു..അവന്മാരും പിന്നാലെ വരുന്നത് അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.... മണി വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്... "മണി.... " പാറു ശബ്ദം താഴ്ത്തി കൊണ്ട് വിളിച്ചു... മണി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.... "ഡി മണി.... " പാറു അവളുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു കൊണ്ട് വിളിച്ചതും ഇപ്രാവശ്യം മണി ഒന്ന് തിരിഞ്ഞു നോക്കി... "നേരത്തെ വായനശാലയിൽ നിന്നും കണ്ടവർ പിന്നാലെ വരുന്നുണ്ടഡി.... " അവൾ അല്പം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും മണി ഒറ്റ തിരിയൽ ആയിരുന്നു... അവളുടെ തിരിയൽ കണ്ടതും പിന്നാലെ വന്നവരും തിരിഞ്ഞു നിന്നു... പാറു ആണെങ്കിൽ തലയിലും കൈ വെച്ച് അവളെ നോക്കി പോയി..... "എന്താടാ.... "

മണി ഒരു കൂസലും കൂടാതെ വിളിച്ചു ചോദിച്ചതും എല്ലാവരും അവിടെ തന്നെ നിന്ന് പരുങ്ങി കളിക്കുകയാണ്.... "ചോദിച്ചത് കേട്ടില്ലേ എന്താന്ന്... " പാറുവും കൂട്ടത്തിൽ വിളിച്ചു ചോദിച്ചു... മണി ഉള്ളതാണ് ഏക ധൈര്യം... മണി ഉണ്ടെങ്കിൽ പുലി.. അല്ലേൽ എലി..... "അത്... ഞങ്ങൾ ഇങ്ങനെ.... " ഒരുത്തൻ പറയാൻ കഴിയാതെ വിക്കുകയാണ്... "പ്രതികാരം വീട്ടാൻ ആണെങ്കിൽ ആണുങ്ങളോട് മുട്ടിക്കോണം,,,,, അല്ലാതെ വീട്ടിലെ പെണ്ണുങ്ങളോട് ആകാം എന്ന് വെച്ച് വന്നാൽ ഒരുത്തനും നേരം വണ്ണം വീട്ടിൽ പോകത്തില്ല.... " മണി യാതൊരു കൂസലും ഇല്ലാതെ പറയുന്നത് കേട്ടു എല്ലാവരും ഒന്ന് പതറി... പാറു പേടി പുറത്ത് കാണിക്കാതെ നിന്നു... പെട്ടെന്ന് അവിടെക്ക് ഒരു ടോർച്ചിന്റെ വെളിച്ചം വന്നതും എല്ലാവരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും വെളിച്ചം തെളിച്ചു കൊണ്ട് വരുന്ന വിച്ചുവിനെ കണ്ട് പെണ്ണുങ്ങൾക്ക്‌ പകുതി ജീവൻ തിരികെ വന്നിരുന്നു....

അപ്പോഴേക്കും മുഖത്ത് ഗൗരവവുമായി വിച്ചു കടന്നു വന്നു.... "എന്താടാ ഇവിടെ...." അല്പം ശബ്ദം ഉയർത്തി കണ്ണിൽ മുട്ടുന്ന ഗൗരവവുമായി വിച്ചു ചോദിച്ചു... "അത്.. ഒന്നും ഇല്ല ഏട്ടാ.... ഞങ്ങൾ ഇങ്ങനെ വെറുതെ വന്നപ്പോൾ ഇവർ ഒറ്റയ്ക്ക് വീട്ടിൽ പോകുന്നത് കണ്ടപ്പോൾ കൊണ്ട് വിടണോ എന്ന് ചോദിച്ചതാ.... " അതിലൊരുത്തൻ പറഞ്ഞു ഒപ്പിച്ചു... "ഉത്തരം കിട്ടി കാണുമല്ലോ.... ഇനി പൊയ്ക്കോ. . " വിച്ചു വീണ്ടും പറഞ്ഞതോടെ എല്ലാവരും തിരികെ നടന്നു... വിച്ചു തിരിഞ്ഞു രണ്ടിനെയും കണ്ണുരുട്ടി നോക്കി.... "നീ ഒക്കെ ഈ രാത്രി എവിടെ പോയതായിരുന്നു.. " "സത്യം പറയട്ടെ... വായനശാലയിൽ പോയതാ....തിരികെ വരുമ്പോഴാ അവന്മാർ.... എന്റെ ദൈവമെ പേടിച്ചു ഇപ്പൊ ഹാർട്ട്‌ അറ്റാക്ക് വന്നു പോയേനെ.... " കയ്യും കാലും വിറക്കുന്ന പാറു എന്തൊക്കെയോ പെറുക്കി പറയുന്നത് കേട്ടു വിച്ചുവിനും മണിക്കും ഒരുപോലെ ചിരി പൊട്ടി.... "മ്മ്മ്... അധികം ഒന്നും പറയണ്ട... നടക്ക്... "

മുന്നിലേക്ക് വെളിച്ചം തെളിച്ചു കൊണ്ട് വിച്ചു മുന്നേ നടന്നതും പിന്നാലെ ആയി തന്നെ മണിയും പാറുവും നടന്നു... "വിച്ചുവേട്ട.... ഇത് കണ്ടോ മണിയുടെ പുതിയ പുസ്തകമാ...." ഇടക്ക് വെച്ച് പാറു മണിയുടെ കയ്യിലെ പുസ്തകം തട്ടി പറിച്ചു വാങ്ങി വിച്ചുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൻ ഒരു നിമിഷം അതിലേക്കു ഒന്ന് നോക്കി.. ശേഷം ആമുഖം ഒന്ന് വായിച്ചു കൊണ്ട് മുന്നോട്ട് നടന്നു... "കൊള്ളാലോ.....നല്ല അവതരണം ആണ് എന്ന് തോന്നുന്നു....എനി വേ കോൺഗ്രാറ്റ്സ്,,," വിച്ചു ഒരു സന്തോഷം കണക്കെ പറഞ്ഞതും അവളും ചിരിച്ചു കൊണ്ട് അതിന് മറുപടി കൊടുത്തു....പാറുവിനെ വീട്ടിൽ ആക്കി കൊണ്ട് അവർ വയലിലേക്ക് ഇറങ്ങി.... അവൾക്ക് ഉള്ളിൽ പല സംശയങ്ങളും ഉണ്ടായിരുന്നു... തനിക്ക് മുന്നിൽ ഒരു കാവൽ എന്ന പോലെ നടക്കുന്ന വിച്ചുവിനെ ഒരു നിമിഷം നോക്കി.... "ആ... നിന്നോട് ഒരു കാര്യം ചോദിക്കാൻ വിട്ടു..

നന്ദൻ പറഞ്ഞു കല്യാണം ഉറപ്പിച്ച കാര്യം ഒക്കെ. . ഈ തല്ലും പിടിച്ച നേരം നിങ്ങൾ എങ്ങനെയാ പ്രണയിച്ചത്...." ഒരു ചിരിയോടെയായിരുന്നു അവൻ ചോദിച്ചത് ആ ചിരി അവളിലേക്കും പകർന്നു.... "ഒരു ഏട്ടൻ ആയാണ് ചോദിച്ചത് എങ്കിൽ പറയാൻ ബുദ്ധിമുട്ടുണ്ട്... ഫ്രണ്ട് ആകാമെങ്കിൽ പറഞ്ഞു തരാം.... " ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു... "അതെന്താ അങ്ങനെ... " "ഏട്ടൻ എന്ന ഒരു പതവിയിൽ ഇരിക്കുന്ന ഒരാളോട് പ്രണയം സംസാരിക്കാൻ പറ്റിയ ഒരു വിഷയം അല്ല വിച്ചുവേട്ട.... " "എന്ന ശരി... ഫ്രണ്ട്‌സ്... " "ഓഹ്.. അത് ഒരുപാട് ഒന്നും ഇല്ല....എനിക്ക് ചെറുപ്പം തൊട്ടേ ഒരു ഇഷ്ടം ഉണ്ടായിരുന്നു.... ആൾക്ക് തിരികെ തോന്നിയപ്പോൾ എല്ലാം ശരിയായി.... " വളരെ സിമ്പിൾ ആയായിരുന്നു മണി പറഞ്ഞത്... ഒരു നിമിഷം വിച്ചു അവളെ നോക്കി പോയി... "ഈ ചെറുപ്പം എന്ന് പറഞ്ഞാൽ... " "ഒരു 9-10 വയസ്സ് കാണുമായിരിക്കും... " അവൾക്ക് എല്ലാം സിമ്പിൾ ആയിരുന്നു...

അവന് ഒരു അത്ഭുതം നിറഞ്ഞു വന്നു കൂടെ ഒരു വേദനയും.... "ഇനി ഞാൻ ചോദിക്കുന്നതിന് ഉത്തരം വേണം... " വീടിന്റെ അടുത്തുള്ള ഇടവഴി എത്തിയതും മണി അവന് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി.... "വിച്ചുവേട്ടന് പാറുവിനെ ഇഷ്ടം അല്ലേ.... അത് കൊണ്ടല്ലേ എല്ലാ ആലോചനകളും മുടക്കുന്നെ...സത്യം മാത്രമേ പറയാവൂ..." അവളുടെ വാക്കുകളിൽ തെല്ലും പതർച്ച ഉണ്ടായിരുന്നില്ല... വിച്ചു എന്തോ നഷ്ടപ്പെട്ടവനെ പോലെ ഒന്ന് പുഞ്ചിരിച്ചു.... "ഇഷ്ടം ആണ് ... പക്ഷെ അത് നീ പറഞ്ഞ അർത്ഥത്തിൽ അല്ല.... ചെറുപ്പം തൊട്ടേ നന്ദനോടൊപ്പം ആ വീട്ടിൽ കയറി ഇറങ്ങിയ എനിക്ക് അവൾ എന്നും എന്റെ പെങ്ങളുടെ സ്ഥാനത്ത് തന്നെ ആയിരുന്നു...... അതിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.... ഒരു കൊച്ച് കാന്താരിയോടുള്ള ഇഷ്ടം ഇന്നും ഉണ്ട്.... ഒരു ഏട്ടന്റെ സ്നേഹം പോലെ.... സത്യം പറയണം എന്നത് കൊണ്ട് ഒരു കാര്യം കൂടി പറയാം.... പക്ഷെ... അവളോടൊപ്പം തല്ലു കൂടിയും ചിരിച്ചും കളിച്ചും.... നടന്നിരുന്ന ഒരു ഉണ്ടകണ്ണിയെ എനിക്ക് ഇഷ്ടം ആയിരുന്നുട്ടോ.........

ഒരുപാട്... പക്ഷെ... അത് നടക്കില്ല എന്ന് അറിഞ്ഞിട്ടും എനിക്ക് സന്തോഷം ആണ്.... " അവൻ പറഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു മണി... അവളുടെ ഉണ്ടകണ്ണുകൾ ഒരിക്കൽ കൂടി തുറിച്ചു വന്നു... അവിടെ എന്തോ ഒരു വേദന വന്നു....അവൻ വേദന കലർന്ന ചിരിയോടെ കയ്യിലെ പുസ്തകം അവളുടെ കയ്യിൽ തന്നെ ഏൽപ്പിച്ചു.... "ഈ വരികളിലൂടെ പ്രണയം പകുത്തു വെച്ചത് എന്റെ നന്ദന് ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.... എന്നാലും പറഞ്ഞില്ലേൽ ശരിയാകത്തില്ല എന്ന് തോന്നി.... പറഞ്ഞു അത്രയെ ഒള്ളൂ... താൻ ചെല്ല്...." അവൻ പറയുമ്പോഴും അവൾ ആ ഞെട്ടലിൽ ആയിരുന്നു... അവൻ മെല്ലെ അവളുടെ കയ്യിൽ ഒന്ന് തട്ടി.... "ഡോ.... താൻ പോയാലെ എനിക്ക് പോകാൻ കഴിയൂ... ചെല്ല്... " അവൻ വീണ്ടും പറഞ്ഞതും അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു കൊണ്ട് തിരികെ നടന്നു..ഇടവഴി കഴിയും വരെ അവന്റെ കണ്ണുകൾ അവൾക്ക് കാവൽ പോലെ പിന്നാലെ തന്നെ ഉണ്ടായിരുന്നു....

അവളുടെ ഉള്ളിൽ അവൻ പറഞ്ഞ കാര്യങ്ങൾ മാത്രം ആയിരുന്നു... വീട്ടിലേക്ക് കയറിയതും ഗൗതമിന്റെ ഓരോ ചോദ്യങ്ങൾ വന്നു തുടങ്ങി... അവൾ മറുപടി എന്ന പോലെ കയ്യിലെ പുസ്തകം അവന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് റൂമിലേക്ക്‌ നടന്നു... ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശി അടിക്കുന്നുണ്ടായിരുന്നു... കൂട്ടിന് ചിരികളും സംസാരങ്ങളും എവിടെ നിന്നോ എന്ന പോലെ അവളുടെ കാതിൽ മുഴങ്ങി... അവൾ റൂമിലെക്ക് കയറി അതെ പാടെ കയറി കിടന്നു.... അപ്പോഴേക്കും ഗൗതം വിളിച്ചു പറഞ്ഞ വിശേഷം കേട്ടു നന്ദന്റെ കാൾ അവളെ തേടി എത്തി... ഏതോ ലോകത്ത് നിന്നും ഞെട്ടി ഉണർന്ന പോലെ അവൾ ഫോൺ എടുത്തു... "മണിക്കുട്ടി.... " അവന്റെ ശബ്ദത്തിൽ സന്തോഷം ഉണ്ടായിരുന്നു.... "നന്ദേട്ടാ.... എനിക്ക് നിങ്ങളെ ഇപ്പൊൾ കാണണം.... " അവളുടെ ഉള്ളിൽ നിറഞ്ഞ സത്യം സങ്കടത്തോടെ തന്നെ പറഞ്ഞു... "മണി... എന്താ പറ്റിയെ.... " "എനിക്ക് കാണണം നന്ദേട്ടാ.... "

അവളുടെ വാക്കുകൾക്ക് പുറമെ ഒരു കരച്ചിലും പുറമെ വന്നു പോയി.... എല്ലാം ഒരു മൂളലിൽ ഒതുക്കി കൊണ്ട് അവൻ ഫോൺ വെക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു... എന്നും ഏട്ടന്റെ സ്ഥാനത്ത് തന്നെയായിരുന്നു വിച്ചേട്ടൻ.... ഒരിക്കൽ പോലും വേറൊരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല.... ഇന്ന് അയാളുടെ നാവിൽ നിന്ന് തന്നെ തന്നെ ഒരു പെങ്ങൾ ആയി അല്ല കണ്ടത് എന്ന് വെളിപ്പെട്ട നിമിഷം ഉള്ള് തകർന്നു പോകും പോലെ തോന്നുന്നു..... കയ്യിൽ ഉള്ള ഫോൺ വീണ്ടും അടിച്ചതും അവൾക്ക് അത് എടുക്കേണ്ട പോലും ആവശ്യം ഇല്ലായിരുന്നു.... റൂമിൽ നിന്നും ഇറങ്ങി അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങിയതും കണ്ടു വൈകോൽ കൂനക്ക് അടുത്ത് പിന്നിലേക്ക് കയ്യും കെട്ടി അവളെ നോക്കി നിൽക്കുന്ന നന്ദനെ... അവൾ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ഓടി അവന്റെ നെഞ്ചിൽ ആയി തന്നെ അഭയം പ്രാപിച്ചു.... അവളുടെ പ്രവർത്തി അവനെ ഒന്ന് ഞെട്ടിച്ചു.... അവന്റെ കൈകൾ അവളുടെ മുടിയിലൂടെ ഇഴഞ്ഞു.... അവളുടെ ഏങ്ങലുകൾ ഉയർന്നു.... "മണി.... "

നന്ദൻ മെല്ലെ വിളിച്ചതും അവളുടെ കൈകൾ കൂടുതൽ ശക്തിയോടെ അവനെ പുണർന്നു... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ ബേധിച്ച് നെഞ്ചിലേക്ക് വ്യാപിച്ചു... എങ്കിലും അവൻ അടർത്തി മാറ്റാൻ ശ്രമിച്ചില്ല... അവന് അറിയാമായിരുന്നു എന്തെങ്കിലും ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കാതെ അവളുടെ കണ്ണുകൾ നിറയില്ല എന്ന്... ഒന്നിന് വേണ്ടിയും വാശി പിടിക്കില്ല എന്ന്.... "മണികുട്ട്യേ.... എന്താ പറ്റിയെ... " അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് അവൻ ചോദിച്ചതും അവൾക്ക് വാക്കുകൾ ഒന്നും ഇല്ലായിരുന്നു... എന്താണ് അവൾ പറയേണ്ടത്...അവരുടെ കിച്ചുവിന് നന്ദന്റെ പെണ്ണിനെ ഇഷ്ടം ആയിരുന്നു എന്നോ... !!???....അതിൽ എവിടെയാണ് തെറ്റ്.... തന്നെ ശല്യം ചെയ്തിട്ടില്ല... സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.... സ്നേഹിക്കണം എന്ന് വാശി പിടിച്ചിട്ടില്ല.... പിന്നെ അതിൽ എന്താണ് തെറ്റ്...ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതോ...

അതോ താൻ ഒരു സഹോദരനെ പോലെ കണ്ടതോ.... താൻ ആരെ സ്നേഹിക്കണം എന്നത് തന്റെ ഇഷ്ടം ആണ്... പക്ഷെ വേറൊരാളോട് സ്നേഹിക്കരുത് എന്ന് പറയാൻ തനിക്ക് എന്താ അവകാശം.... അത് അയാളുടെ മാത്രം പ്രണയമല്ലേ.... !!???...അവളുടെ ചിന്തകൾ പല വഴി സഞ്ചരിച്ചു... ശരിയാണ് ഒന്നും തെറ്റല്ല... പക്ഷെ തനിക്ക് മുന്നിൽ ഒരൊറ്റ ശരിയെ ഒള്ളൂ... തന്റെ നന്ദേട്ടൻ..... തന്റെ പ്രണയം.... കാലങ്ങളുടെ കാത്തിരിപ്പ്..... അവളുടെ ചിന്തകൾ എല്ലാത്തിനെയും വെടിഞ്ഞു ആ ഹൃദയത്തിലേക്ക് മാത്രം ആയി... വർധിച്ചു വരുന്ന ഹൃദയമിഡിപ്പിനെ ശ്രവിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ ഒരു ചുംബനവും നൽകി കൊണ്ട് അവൾ വിട്ട് മാറി.... "എന്താടി പെണ്ണെ നിനക്ക് പറ്റിയത്.... " അവളുടെ മുഖം കൈകളിൽ കോരി എടുത്തു ആകുലതയോടെ അവൻ ചോദിച്ചു.. അവൾ അവന്റെ കയ്യിൽ പിടിച്ചു കുസൃതിയോടെ കണ്ണുകൾ ചിമ്മി....

"എന്തോ പെട്ടെന്ന് കാണണം എന്ന് തോന്നി.... " അവൾക്ക് എന്ത് കൊണ്ടോ വിച്ചുവിന്റെ കാര്യം അവനോട് പറയാൻ തോന്നിയില്ല... അത് ശരിയാവില്ല.... ഈ ഒരു കാര്യം കൊണ്ട് വിച്ചുവേട്ടനോട് നന്ദേട്ടൻ പിണങ്ങിയാലോ.... നന്ദൻ ആശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.... "ഒറ്റ ഒന്ന് കൈ വീശി തന്നാൽ ഉണ്ടല്ലോ... മനുഷ്യനെ പേടിപ്പിക്കാൻ..... " അവൻ തമാശ രൂപേണ കയ്യോങ്ങി കൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ തന്നെ അവനിലേക്ക് ചാരി നിന്നു.... "എനിക്ക് ഇഷ്ടം ആട്ടോ നിങ്ങളെ.... ഈ നന്ദേട്ടനെ മാത്രമേ മണി സ്നേഹിച്ചിട്ടൊള്ളൂട്ടൊ ... " അവൾ പതിഞ്ഞ സ്വരത്തിൽ അവന് മാത്രം കേൾക്കാൻ എന്ന പോലെ പറഞ്ഞതും പറഞ്ഞതിന് അർത്ഥം മനസ്സിലായില്ല എങ്കിലും അവൻ അവളുടെ നെറ്റിക്ക് സൈഡിൽ ആയി അവൾ പോലും അറിയാത്ത വണ്ണം ഒന്ന് ചുണ്ടമർത്തി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story