നിഴലായ്: ഭാഗം 30

nizhalay thasal

എഴുത്തുകാരി: THASAL

"നന്ദേട്ടാ...." ഗൗതമിന്റെ റൂമിൽ കണ്ണുകൾക്ക് കുറുകെ കൈ വെച്ചു കിടക്കുകയായിരുന്നു നന്ദൻ.... അരികെ നിന്നും മണിയുടെ ശബ്ദം കേട്ടു അവൻ കൈ എടുത്തു മാറ്റി കൊണ്ട് നോക്കിയതും കയ്യിൽ ചായ ഗ്ലാസും പിടിച്ചു നിൽക്കുകയാണ് അവൾ... അവൻ ഉറക്കചടവ് പിടിച്ച മട്ടെ കണ്ണുകൾ ഒന്ന് തിരുമ്മി കൊണ്ട് നിവർന്നിരുന്നു... മണി അവന് നേരെ ഗ്ലാസ്‌ നീട്ടിയതും അവൻ അത് വാങ്ങുമ്പോഴും അവന്റെ മുഖം ഒന്ന് വാടിയത് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... അവൾ സംശയത്തോടെ അവനെ നോക്കി കൊണ്ട് തല കുമ്പിട്ട് ചായ മുത്തി കുടിക്കുന്ന അവന്റെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി നിന്നു... "നന്ദേട്ടാ.... " "മ്മ്മ്... " അവൾ എല്ലാം ഒരു മൂളലിൽ ഒതുക്കി.... അവൾക്ക് അറിയാൻ സാധിക്കും അവന്റെ ഓരോ മാറ്റങ്ങളും... അവൾ അവന്റെ മുഖം പിടിച്ചു ഉയർത്തിയതും കണ്ടു ചെറു രീതിയിൽ നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളെ... അവൾക്ക് അതൊരു ഞെട്ടൽ തന്നെ ആയിരുന്നു...

എന്തൊക്കെ ഉണ്ടായാലും മനസ്സ് പിടിച്ചു കുലുക്കിയ സമയങ്ങളിൽ പോലും നിറയാത്ത കണ്ണുകൾ ആണ്.... ഓർമ വെച്ച നാള് മുതൽ ഇന്ന് വരെ താൻ കണ്ടിട്ടില്ല... ആ കണ്ണുകൾ നിറയുന്നത്... എത്ര സങ്കടം വരുന്ന സമയങ്ങളിൽ പോലും ദേഷ്യത്താൽ എല്ലാം മറച്ചു പിടിച്ചു നടക്കുന്നവൻ ഇന്ന് അവന് കണ്ണുനീരിനെ കണ്ണുകളിൽ ഒതുക്കേണ്ടി വരുന്നു.... അവൾ സങ്കടത്തോടെ അവനെ നോക്കി... ആ കണ്ണുകളും അവളിൽ ആയിരുന്നു... "എന്താ നന്ദേട്ടാ... എന്തിനാ കരയുന്നെ... " അവൾക്ക് ഉള്ളിൽ വേദന അനുഭവപ്പെട്ടിരുന്നു... അവൻ അവളെ നോക്കി ഒന്നും ഇല്ല എന്ന കണക്കെ ഒന്ന് തലയാട്ടി കൊണ്ട് അവളിൽ നിന്നും നോട്ടം മാറ്റാൻ ശ്രമിച്ചതും അവൾ അവന്റെ മുഖം അവൾക്ക് നേരെ തന്നെ ചെരിച്ചു പിടിച്ചു.... "നന്ദേട്ടനെ ഞാൻ കുട്ടികാലം മുതൽ കാണാൻ തുടങ്ങിയതല്ലേ.... ഈ മണിക്ക് അറിയാം ഈ ഉള്ള് ഒന്ന് പിടഞ്ഞാൽ.... എന്നോട് പറയില്ലേ... മ്മ്മ്... "

അവൾ ചെറു പുഞ്ചിരി ചുണ്ടിൽ വരുത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചതും അവന്റെ കണ്ണുകളിലെ നീർകണങ്ങൾ പുറമെ വരാൻ വെമ്പുന്നുണ്ടായിരുന്നു... അവൻ അത് വേഗം തന്നെ തുടച്ചു നീക്കി.... അവൻ കയ്യിലെ ഗ്ലാസ്‌ പിന്നിലെ ജനാലക്കരികിലേക്ക് വെച്ചു... "മണി... നീ ഇവിടെ ഒന്ന് ഇരുന്നേ... " അവളെ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് അവൻ പറഞ്ഞു... അവൾ സംശയത്തോടെ അവനെ നോക്കി... "ഞാൻ ഒന്ന് കിടന്നോട്ടെ... " അവളുടെ മടിയിലേക്ക് നോട്ടം മാറ്റി കൊണ്ട് അവൻ ചോദിച്ചതും അവൾ സംശയത്തിനിടയിലും നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി കൊണ്ട് അവനെ മടിയിലേക്ക് ക്ഷണിച്ചതും അവൻ അവളുടെ വയറിൽ മുഖം അമർത്തി കൊണ്ട് കിടന്നു....അവന്റെ കണ്ണുനീർ അവളുടെ ദാവണി ശീല കടന്നു വയറിൽ നനവ് പടർത്തുന്നുണ്ടായിരുന്നു... അവൾക്ക് എന്തോ അത് അവിടം പൊള്ളും പോലെയാണ് തോന്നിയത്.... അവളുടെ വിരലുകൾ വാത്സല്യത്തോടെ അവന്റെ മുടി ഇഴകളിലൂടെ ഇഴഞ്ഞു നീങ്ങി..

. പക്ഷെ ഒരു വാക്ക് കൊണ്ട് പോലും അവൾ അവനെ ശല്യം ചെയ്തില്ല... കാരണം ചില നേരങ്ങളിലെ ചോദ്യങ്ങൾക്ക് പോലും ചിലരുടെ ഉള്ളിൽ വേദന നിറക്കാൻ വേണ്ടി മാത്രമേ ഉപകരിക്കൂ.... "നിന്റെ ഏട്ടൻ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട് മണി നിന്നെ നോക്കിക്കോണെ എന്ന്... ഇന്ന് അത് പോലൊരു അവസ്ഥയിൽ ആണ് ഞാനും.... കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഞാൻ നെഞ്ചിൽ ഇട്ടു വളർത്തിയ എന്റെ പെങ്ങൾ ഞങ്ങളുടെ വീട് വിട്ടു ഇങ്ങോട്ട് ഇറങ്ങേണ്ടെ... എത്ര തല്ലു കൂടിയാലും വഴക്ക് പറഞ്ഞാലും അവൾ എന്റെ പാറുവല്ലേ... എന്തോ സങ്കടം ഉള്ളിൽ നിൽക്കുന്നു.... ഞാൻ എങ്ങനെയാടി നിന്റെ ഏട്ടനോട് പറയാ പെങ്ങളെ നന്നായി നോക്കണം എന്ന്.... അവനെ ആരെക്കാളും നന്നായി അറിയാവുന്ന ഞാൻ എങ്ങനെയാടി പറയാ.... " അവൻ ഒന്നൂടെ അവളുടെ വയറ്റിലേക്ക് മുഖം ചേർത്ത് വെച്ചു... അവൾക്കും ഉള്ളിൽ സങ്കടം തോന്നിയിരുന്നു....

പുറമെ പ്രകടിപ്പിക്കാൻ അറിയില്ല എങ്കിലും പെങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഏട്ടൻ തന്നെയായിരുന്നു അവൾക്ക് മുന്നിൽ... അവൾ അവന്റെ മുഖം ബലമായി പിടിച്ചു മാറ്റി... അവൻ എന്തെങ്കിലും ഒക്കെ പറയും മുന്നേ തന്നെ ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു.... അവനിലെ ഏട്ടനെ അറിഞ്ഞു കൊണ്ടുള്ള ചുംബനം.... "നിങ്ങളെ ഒക്കെ ഞാനും പാറുവും എങ്ങനെയാ നന്നാക്കേണ്ടത് നന്ദേട്ടാ... അവിടെ നിങ്ങളുടെ ഫ്രണ്ടിന്റെ സങ്കടം കാണാൻ കഴിയാതെയാണ് ഇങ്ങോട്ട് വന്നത്... ഇവിടെ ഇച്ചിരി എങ്കിലും മനസ്സിൽ ഉറപ്പുള്ള ആളാണല്ലോ എന്ന് കരുതി... ഇവിടെ വന്നപ്പോഴോ.... അയ്യേ മോശം... " മണി മൂക്കത്തും വിരൽ വെച്ച് കൊണ്ട് പറഞ്ഞു...അവൻ ഒന്നും മിണ്ടാതെ ഒരു കൂർപ്പിച്ചു നോട്ടവുമായി എഴുന്നേറ്റതും മണി ഊറി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് അവന്റെ വലതു കയ്യിൽ ചുറ്റി പിടിച്ചു... അവൻ ഒരു കപട രൂപേണ ഒന്ന് കുതറി എങ്കിലും അവൾ അവനെ പിടിച്ച പിടിയാലെ അവന്റെ തോളിലേക്ക് താടി ഊന്നി വെച്ചു.... "എന്തോന്നാ നന്ദേട്ടാ ഇത്.... നന്ദേട്ടൻ ഇത്രയും പാവം ആയല്ലോ...

എന്നെ ചീത്ത പറയുന്നതും അടിക്കുന്നതും ഒക്കെ കണ്ടാൽ തോന്നും ആള് മൊരടൻ ആണെന്ന്... ആ മൊരട സ്വഭാവം ഒക്കെ ഇഷ്ടപ്പെട്ടു വരുമ്പോൾ ആള് വീണ്ടും സ്വഭാവം മാറ്റും....ഹൈ.. എവിടേലും ഒന്ന് ഉറച്ചു നിൽക്കെന്റെ മാഷേ...." അവളുടെ സംസാരം അവന്റെ ചുണ്ടിലും അറിയാതെ ഒരു പുഞ്ചിരി വരുത്തി... അത് കണ്ട് കൊണ്ട് കൊണ്ട് അവൾ മെല്ലെ ഒന്ന് താടി രോമങ്ങൾക്കിടയിലൂടെ ആ കവിളിൽ രൂപപ്പെട്ട ചുഴിയിൽ ഒന്ന് വിരൽ വെച്ച് കുത്തി.... "ദേ.... ഇങ്ങനെ ചിരിക്കണം... അല്ലാതെ ഇല്ലാത്ത ശീലങ്ങൾ ഒന്നും വേണ്ടാ... ഇനി ഇവിടെ കിടന്ന് മോങ്ങിയാൽ ഉണ്ടല്ലോ... അടിച്ചു ഞാൻ ഷേപ്പ് മാറ്റും.... " അവൾ ഒരു തമാശ രൂപത്തിൽ ആയിരുന്നു പറഞ്ഞത്.... അവൻ കണ്ണും തള്ളി അവളെ നോക്കി... "ഡി... ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ ആണ്... കൂടാതെ അഞ്ചാറ് വയസ്സിന് മൂത്തതും... " "അതിന് ഇവിടെ പ്രസക്തിയില്ല.... ഇനി എത്ര വാങ്ങാൻ കിടക്കുന്നു എന്റെ നന്ദേട്ടാ.... "

അവന്റെ മീശ ഒന്ന് പിരിച്ചു വെച്ചു കൊണ്ട് അവൾ പറഞ്ഞതും അവനും ചെറു പുഞ്ചിരിയോടെ തല ചെരിച്ചു അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി.... "ഈ മൂഡ് ചേഞ്ച്‌ ആക്കാൻ എന്ത് മാജിക്‌ ആടി നിന്റെ കയ്യിൽ ഉള്ളത്... " "അതൊക്കെ ട്രെയിനിങ് സീക്രെട് ആണ്... അതൊന്നും പുറത്ത് വിടാൻ പറ്റില്ല.... " അവനുള്ള ഒത്ത മറുപടി അവൾ തന്നെ നൽകി... "നന്ദേട്ടാ.... " "മ്മ്മ്... " "നന്ദേട്ടോയ്..... " "എന്താടി ശീമകൊന്നേ.... " അവളുടെ വിളിയുടെ അർത്ഥം മനസ്സിലാകാതെ അവൻ ഒന്ന് തല ചെരിച്ചു നോക്കുമ്പോൾ അവൾ തോളിൽ കവിൾ അമർത്തി മുന്നോട്ട് നോക്കി കിടക്കുകയാണ്.... "വിവാഹം കഴിഞ്ഞാൽ ഞാൻ എടുത്തു ചാടി എന്തെങ്കിലും ചെയ്‌താൽ നന്ദേട്ടൻ എന്നെ ഉപേക്ഷിക്കോ.... " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ നന്ദൻ മൂഡ് പോയി എന്ന കണക്കെ ഒരൊറ്റ നോട്ടം അവളിലേക്ക് പായിച്ചു.... "നിനക്കും പാറുവിനും ഒക്കെ എവിടുന്നു കിട്ടുന്നെടി ഇമ്മാതിരി ചോദ്യം.... "

"പറ നന്ദേട്ടാ.... " അവൾ തോളിൽ താട കുത്തി നിർത്തി കൊണ്ട് അവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് കൊഞ്ചി.... അവൻ മെല്ലെ അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു... "ഈ കാലത്തിനിടയിൽ കാണിച്ച വേലത്തരത്തിന് കൂടുതൽ ഇനി എന്തോന്ന് കാണിക്കാൻ...... അത് കൊണ്ട് ഫുൾ കോൺഫിഡന്റ്സിൽ ഞാൻ പറയാം...ഇട്ടിട്ടു പോകാൻ പറ്റില്ലല്ലോ..... പിന്നെ തല്ലി നന്നാക്കാം എന്ന പ്രതീക്ഷ പണ്ടെ പോയതാ... അത് കൊണ്ട് വേണേൽ..... " പറഞ്ഞു അവസാനിക്കും മുന്നേ അവൻ കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് മുഖം കുനിച്ചതും അവൾ കുറുമ്പോടെ അവന്റെ മുഖം പിടിച്ചു ഒറ്റ ഉന്തു കൊടുത്തു കൊണ്ട് ചാടി എഴുന്നേറ്റു.... "വഷളൻ... വഷളത്തരം അല്ലാതെ വായിൽ നിന്നും വരില്ല.... " "ആഹാ... ഇതൊക്കെ വഷളത്തരം ആണോടി ശീമകൊന്നേ....

ഹൃദയത്തേ ഹൃദയം തൊടുന്നത് ചുംബനം.... അത് നീ കേട്ടിട്ടില്ലേ.... എനിക്ക് തോന്നി നിന്റെ ഹൃദയത്തെ ഒന്ന് തൊടാൻ.... " "എന്ത് പറഞ്ഞാലും ന്യായം കാണും... അങ്ങനെ ഇപ്പൊ തൊടണ്ട.... വേണേൽ ആ ചായ എടുത്തു കുടിക്കാൻ നോക്ക്... പിന്നെ പിറകിൽ കുറച്ചു വിറക് ഉണ്ട്... അതൊന്നു കൊത്തി വെക്കാൻ പറഞ്ഞു അച്ഛൻ.... " റൂമിൽ നിന്നും ഇറങ്ങുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... അവൻ അവളെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചതും അവൾ അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അവനും ചിരി വന്നിരുന്നു... അവനും ചായ ഗ്ലാസും പിടിച്ചു അവൾക്ക് പിറകെ ആയി തന്നെ നടന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഡി... മെല്ലെ തിന്നഡി... " പുറകിൽ കൂട്ടി വെച്ച വിറക് കൊത്തുന്ന പണിയിൽ ആണ് ഗൗതം... അവന് വേണ്ടി കൊണ്ട് വെച്ച ചായയും കടിയും യാതൊരു ഉളുപ്പും കൂടാതെ മരത്തിന്റെ കുറ്റിയിലും കയറി ഇരുന്നു തിന്നുന്ന തിരക്കിൽ ആണ് പാറു...

ഗൗതം കോടാലി കൊണ്ട് ഒന്ന് കൊത്തി കൊണ്ട് പറഞ്ഞതും പാറു കുറച്ചു മിച്ചർ എടുത്തു അവനെ പുച്ഛിച്ചു കൊണ്ട് വായിലേക്ക് തന്നെ കുത്തി കയറ്റി... ഗൗതം അവളെ നോക്കി നന്നാവില്ല എന്ന കണക്കെ ഒരു തലയാട്ടലും.... "കണ്ടാൽ തോന്നോ രണ്ട് വീട്ടിലെയും സാധങ്ങൾ മുഴുവൻ പോകുന്നത് ഈ ഒരു വയറ്റിലേക്ക് ആണെന്ന്... നീ തിന്ന് തിന്ന് വീപ്പക്കുറ്റിയായി പോകുമെഡി..." ഗൗതം അറിഞ്ഞൊന്ന് പറഞ്ഞതും പാറു അതൊന്നും ഏശാത്ത മട്ടെ അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് വീണ്ടും കഴിപ്പ് തുടർന്നു.... "ഡാ... എന്റെ കൊച്ചിനെ പറയല്ലേഡാ... " തിണ്ണയിൽ ഇരുന്നു കറിക്ക് അറിയുന്ന മുത്തശ്ശി പറഞ്ഞതും ഗൗതം വിറക് കൊത്തി കൊണ്ട് മെല്ലെ ഒന്ന് മുത്തശ്ശിയെ നോക്കി.... "ഓഹ് വന്നല്ലോ രക്ഷക.... ഞാൻ ഇപ്പൊ കരുതിയതെ ഒള്ളൂ എന്താ കാണാഞ്ഞത് എന്ന്... " ഗൗതം അതും പറഞ്ഞു കൊണ്ട് പണി തുടർന്നു... "അവൻ പറഞ്ഞതിലും കാര്യമില്ലേ അമ്മേ... ഈ പെണ്ണിങ്ങനെ ഏത് നേരവും തിന്നു നടന്നാലോ...

എപ്പോ നോക്കിയാലും ഉണ്ടാകും എന്തെങ്കിലും ഒക്കെ ആയി വായയിൽ.... ഡി... പാറു... " ഉള്ളിൽ നിന്നും പിറുപിറുത്തു കൊണ്ട് അമ്മ വന്നപ്പോഴും അവൾക്ക് യാതൊരു കൂസലും ഇല്ല..... അമ്മ ഒന്ന് അലറി വിളിച്ചതും അവൾ ഞെട്ടി കൊണ്ട് അമ്മയെ നോക്കി... അമ്മ നോക്കി പേടിപ്പിക്കുകയാണ്....അമ്മയുടെ നോട്ടം കണ്ടപ്പോഴെ കയ്യിൽ ഉള്ളത് നിലത്ത് വെച്ച് ഗൗതമിനെ പരിഭവത്തോടെ നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു.... പോകും വഴി എതിരെ വരുന്ന നന്ദനെ തള്ളി മാറ്റി കൊണ്ട് ഉള്ളിലേക്ക് പോകുന്ന പാറുവിനെ കണ്ട് ഗൗതമിന് ചിരി പൊട്ടി.... നന്ദൻ ആണെങ്കിൽ ഇതെന്താ ഉണ്ടായേ എന്ന കണക്കെ അവള് പോയ വഴിയേ നോക്കി കണ്ണും മിഴിച്ചു നിൽക്കുകയാണ്.... "എന്തടാ അവളുടെ മുഖം കടുന്നൽ കുത്തിയ കണക്കെ.... " "അതിന് വല്ല കാരണവും വേണോടാ... എന്റെ പെങ്ങളും നിന്റെ പെങ്ങളും ഒക്കെ ഒരേ സൈസ് അല്ലേ.... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കയറുന്നത് നമ്മുടെ നെഞ്ചത്തേക്കല്ലേ... " കൊത്തുന്നതിനിടയിൽ കിതച്ചു കൊണ്ട് ഗൗതം പറയുന്നത് കേട്ടു നന്ദനും ഒന്ന് ചിരിച്ചു കൊണ്ട് പണിയിലേക്ക് തിരിഞ്ഞു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"എല്ലാരും സ്നേഹിക്കുന്ന പെണ്ണിനേ പൊക്കിയെ സംസാരിക്കൂ... ഇവിടെ ഒന്നുണ്ട്... ഏത് നേരവും കുറ്റം....മിക്കവാറും എന്റെ കൈ കൊണ്ടാകും അങ്ങേരുടെ അന്ത്യം.... " പിറുപിറുത്തു കൊണ്ട് രാത്രിയിലേ ഭക്ഷണത്തിന്റെ പത്രങ്ങൾ പുറത്തെ പൈപ്പിന് ചുവട്ടിൽ ഇടുന്ന തിരക്കിൽ ആണ് പാറു... ആൾക്ക് നല്ല പോലെ ദേഷ്യം പിടിച്ചിട്ടുണ്ട്... "എന്നെ കൊന്നാൽ നിന്നെ കെട്ടാൻ പിന്നെ ആരാടി... " പെട്ടെന്ന് ഗൗതമിന്റെ ശബ്ദം കേട്ടതും ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നെ അത് ശ്രദ്ധിക്കാത്ത മട്ടെ പത്രങ്ങൾ ഓരോന്നും പൈപ്പിന് ചുവട്ടിൽ ഇട്ടു... "എന്നെകെട്ടാൻ ആണോ ആളില്ലാത്തത് ഞാൻ ഒന്ന് മൂളിയാൽ മതി ആളുകൾ നിരന്നു നിൽക്കും ഈ വീടിനു മുന്നിൽ... " വൈക്കോൽ കൂനക്ക് അരികിലേക്ക് ചെറുതിലെ കണ്ണുകൾ ചലിപ്പിച്ചു കൊണ്ട് പാറു പറഞ്ഞതും മറവിൽ നിന്നും ഗൗതം കുറച്ചു പുറത്തേക്ക് വന്നു... "അത് പെണ്ണ് കാണാൻ ആകില്ല... നിന്റെ ഡെഡ് ബോഡി കാണാൻ ആകും എന്ന വ്യത്യാസമെ ഉണ്ടാകൂ.... "

ഗൗതം ഒന്ന് ഇളിച്ചു മുണ്ടും മടക്കി കുത്തി കൊണ്ട് പറഞ്ഞതും പാറു ദേഷ്യത്തോടെ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ചവിട്ടി തുള്ളി അവന്റെ അരികിലേക്ക് നടന്നു ഒറ്റ പിടുത്തം ആയിരുന്നു അവന്റെ കഴുത്തിൽ... "പറയടോ ഞാൻ ബീപ്പകുറ്റിയാണോ... പറയടോ... " അവൾ നിന്ന് കിതച്ചു... ഭീഷണി എന്നൊക്കെ പറയില്ലേ... ദത് ഇതാണ്... "പിടി വിട്... പിടി വിടഡി... " ഗൗതം കിടന്നു പിടഞ്ഞതും പാറു പിടി വിട്ടു കയ്യും കെട്ടി എങ്ങോട്ടോ നോക്കി നിന്നു.... "രാവിലെ പെങ്ങൾ... രാത്രി കെട്ടാൻ പോകുന്നവൾ... മരണം രണ്ട് വഴിയിലൂടെ ആണല്ലോ ഈശ്വരാ... എങ്ങനേലും മയപ്പെടുത്തിയെ പറ്റൂ.... " ഗൗതം ഒന്ന് ആലോചിച്ചു.... അവൻ എന്തോ ഓർത്ത പോലെ മുണ്ടിന്റെ മടക്കിൽ നിന്നും എന്തോ ഒരു പൊതി പൊതി അഴിച്ചു... "പാറു.... എള്ളുണ്ട... " അത് അവൾക്ക് നേരെ നീട്ടി പിടിച്ചു കൊണ്ട് ആ ഒരൊറ്റ ഡയലോഗ് പറഞ്ഞതെ ഓർമയൊള്ളു...

കിട്ടിയ അടിയിൽ കവിളിൽ കൈ വെച്ച് ചുറ്റും നോക്കി... ബട്ടർഫ്ലൈസ് ആണോ അതോ ഇനി വേറെ വല്ല കിളികളാണോ പറക്കുന്നത് എന്നൊരു സംശയം... അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് പാറുവും.... തെങ്കാശിപട്ടണം സിനിമയിൽ "കണ്ണേട്ടാ നാരങ്ങ മിട്ടായി... "എന്നും പറഞ്ഞു നെഞ്ചും വിരിച്ചു നിന്ന ദിലീപിനെ പോലെയായി ഗൗതം.... "എന്റെ വട്ടപേര് വിളിക്കുന്നോഡോ..." പാറു ദേഷ്യം കൊണ്ട് വിറച്ചു... അപ്പോഴാണ് അവനും ഓർത്തത് "എള്ളുണ്ട... "ന്നും വിളിച്ചു അവളെ കളിയാക്കിയിരുന്ന കാലം... തന്നെ കടിക്കാത്ത എന്തിനെയും തിന്നുന്ന പാറു കഴിക്കാത്ത ഒറ്റ സാധനം..... എള്ളുണ്ട.... "സോറി... " "സോറി തന്റെ കെട്ടിയോൾക്ക് കൊണ്ട് പോയി കൊടുക്ക്.... അപ്പോഴും എല്ലാരും പറഞ്ഞതാ ഒരു തെണ്ടിയെയും വിശ്വസിക്കാൻ പറ്റില്ല എന്ന്.... എന്റെ പേര് മറന്നാലും വട്ടപേര് മറക്കില്ല.... പോടോ... " അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു... അവൾ ചവിട്ടി തുള്ളി പോകാൻ നിന്നതും ഗൗതം അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലെക്ക് ചേർത്ത് നിർത്തി...

അവൾ കുതറി മാറാൻ ശ്രമിക്കുമ്പോഴും ചുണ്ടിൽ പുഞ്ചിരി നിറച്ച് അവൻ അവളെ നോക്കുകയായിരുന്നു.... "വിടടോ... " "ഡി പെണ്ണെ....ശബ്ദം കേട്ടു ആരേലും വന്നാൽ രണ്ട് പേരും നാറുവേ...അടങ്ങി നിൽക്കാടി പാറുവമ്മേ... " അവൻ കൊഞ്ചലോടെ പറഞ്ഞതും താല്പര്യം ഇല്ലാത്ത മട്ടെ ആണെങ്കിലും അവൾ ഒന്ന് അടങ്ങി... അവൻ മുണ്ടിന്റെ മടികുത്തിൽ നിന്നും ഒരു പൊതി കൂടി പുറത്ത് എടുത്തു... അവൾ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... "ഇത് എന്റെ നുണച്ചി പാറുവിന്...." കയ്യിലെ പൊതി തുറക്കുന്നതിനിടയിൽ അവൻ പറഞ്ഞു... "ഇനിയും എന്നെ കളിയാക്കാൻ ആണോ... " അവൾ പരിഭവത്തോടെ ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് പൊതി അഴിച്ചു.... "കുമാരേട്ടന്റെ കടേന്ന് വാങ്ങിയ ചൂടുള്ള പരിപ്പുവട.... ഒന്ന് കഴിച്ചു നോക്കിക്കേ.... " അവൻ പൊതി അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ തെറ്റ് പോലും മറന്നു കൊണ്ട് ചാടി കയറി എടുത്തു കഴിച്ചു...

അവളുടെ പ്രവർത്തി ആസ്വദിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ഗൗതം... ഇടക്ക് ചെറിയ കഷ്ണം എടുത്തു അവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി കഴിച്ചു... "കൊതി തട്ടും എന്ന് കരുതിയിട്ട...." അവൾ പറയുന്നത് കേട്ടു അവൻ തലക്ക് കൈ കൊടുത്തു... "അട...പാവി....നിന്നെ ഒക്കെ പ്രേമിക്കാൻ തോന്നിയ സമയം ബുദ്ധി ഉള്ളതിനെ നോക്കിയിരുന്നേൽ അല്പം സമാധാനം കിട്ടിയേനെ... " അവൻ തമാശ രീതിയിൽ പറഞ്ഞതും പാറു അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പൊതിയിൽ അവസാനം ഉള്ള പരിപ്പുവട കൂടി എടുക്കാൻ ഒരുങ്ങിയതും ഗൗതം പെട്ടെന്ന് തന്നെ അത് എടുത്തു വെച്ചു... "അയ്യടാ മനമേ... അത് എന്റെ പെങ്ങൾക്ക് ഉള്ളതാ... അതിൽ തൊട്ടു കളിച്ചുള്ള പ്രേമം ഒന്നും ഇല്ല.... " ഗൗതം ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... പക്ഷെ പാറുവിലും അതെ ചിരി ഞൊടി ഇടയിൽ വിരിഞ്ഞു... കാരണം അവൾക്ക് ഇഷ്ടമായിരുന്നു അവനിലെ ഏട്ടനെ... "നിന്ന് മാനം നോക്കാതെ ഉള്ളിലേക്ക് കയറി പോടീ... "

ഗൗതം ഒന്ന് ഉറക്കെ പറഞ്ഞു.... "എന്താ അവിടെ ഒരു ശബ്ദം കേട്ടത്... " പുറത്തേക്ക് ഇറങ്ങി കൊണ്ട് മുത്തശ്ശി ചോദിച്ചതും രണ്ട് പേരും ഞെട്ടി കൊണ്ട് അങ്ങോട്ട്‌ നോക്കി.. പാറുവാണേൽ എങ്ങനേലും രക്ഷപ്പെടും എന്ന കണക്കെ പുറകിലൂടെ ഓടി... ഗൗതം മെല്ലെ പുറത്തേക്ക് നടന്നു... "ഡാ.. ഗൗതമെ...നീ എന്താടാ ഇവിടെ ചെയ്യുന്നേ... " പിടിച്ചു...മുത്തശ്ശി തന്നെ പിടിച്ചു... ഗൗതം ഒന്ന് ഇളിച്ചു... "ഞാൻ വെറുതെ... ആകാശം കാണാൻ... " "ആകാശം കാണാനോ... " "അല്ല... ആകാശത്തുടെ ഒരു വിമാനം പോയി.. അത് കാണാൻ... " "ഈ പ്രായത്തിലോ... " മുത്തശ്ശി വിടാൻ ഉദ്ദേശിക്കുന്നില്ല... "ഏത് പ്രായത്തിൽ ആണെങ്കിലും വിമാനം വിമാനം തന്നെ അല്ലേ... എന്തൊക്കെ അറിയണം... പോയി വല്ല രാമായണവും എടുത്തു വെച്ച് വായിക്കാൻ നോക്ക്... ഉടലോടെ സ്വർഗത്തിലോട്ട് പോകണ്ടായോ.... " ഗൗതം അങ്ങ് കത്തി കയറി... "പ്പ.... എരണം കെട്ടവനെ.... " മുത്തശ്ശിയുടെ ഒറ്റ ആട്ടലിൽ ഗൗതം ഉള്ളിലേക്ക് ഓടി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story