നിഴലായ്: ഭാഗം 38

nizhalay thasal

എഴുത്തുകാരി: THASAL

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് മുന്നോട്ട് ഓടി... പിന്നിൽ നിന്നും പാറുവിന്റെയും അമ്മയുടെയും വിളികൾ കേൾക്കുന്നുണ്ട്... പക്ഷെ അവൾക്ക് അപ്പോഴും കാതിൽ മുഴങ്ങി കേട്ടത്... *ഇറങ്ങി പോടീ... *എന്നുള്ള നന്ദന്റെ അലർച്ച മാത്രമായിരുന്നു..... "ഏട്ടന് എന്താ ഭ്രാന്ത് ആണോ.... ആര് എന്ത് കാണിച്ചാലും ശിക്ഷ ആ പാവത്തിന്....." ദേഷ്യം കൊണ്ട് വിറച്ചു ഉള്ളിലേക്ക് കയറി പോകാൻ ഒരുങ്ങിയ നന്ദനെ തടഞ്ഞു വെച്ച് കൊണ്ട് പാറു ചോദിച്ചു... നന്ദൻ ഉള്ളിലെ ദേഷ്യം തീരാതെ അവളെ കണ്ണുരുട്ടി നോക്കി... "ശിക്ഷ... ഇതൊരു ശിക്ഷയാണോ.... ഈ രണ്ട് ദിവസം ഞാൻ അനുഭവിച്ചത് ആർക്കെങ്കിലും അറിയോ... ഇല്ല... ആരും ചോദിച്ചിട്ടും ഇല്ല.... എന്താ ആണാണ് എന്ന കാരണം കൊണ്ട് ഞങ്ങൾക്ക് ഒന്നും ഒരു സങ്കടവും ഉണ്ടാവില്ല എന്നാണോ കരുതി വെച്ചേക്കുന്നേ....ആർക്കും മനസ്സിലാകില്ല... നന്ദനെ ആർക്കും മനസ്സിലാകില്ല.... ജനിപ്പിച്ചവർക്കോ...

വളർത്തിയവർക്കോ.... സ്വന്തം കൂടപിറപ്പിനോ... കൂടപിറപ്പായി കൂടെ നടന്നവർക്കോ... എന്തിന് ജീവനെ പോലെ കരുതിയവൾക്ക് പോലും... എല്ലാവർക്കും നന്ദൻ ഒരു പേടിയാ..... പറയടി... എന്തെങ്കിലും ഒരു കാര്യം നീ എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടോ... ഇല്ല.... എല്ലാം എല്ലാവർക്കും അറിയാം... ഒന്നും അറിയാത്തത് എനിക്കാ... മടുത്തു.... എല്ലാം.... " നന്ദന് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ഇനിയും ഇവിടെ നിന്നാൽ കണ്ണുകൾ ചതിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ അവൻ ആരെയും നോക്കാതെ പുറത്തേക്ക് നടന്നു.... ഗൗതം പാറുവിനെ കണ്ണുരുട്ടി നോക്കി കൊണ്ട് അവന് പിന്നാലെ പോയതും പാറു സങ്കടം അടക്കി എല്ലാവരെയും നോക്കി.... എല്ലാവരുടെയും മുഖത്തും ആ സങ്കടം നിറഞ്ഞു നിന്നിരുന്നു.... അവൾക്ക് കൂടുതൽ നേരം ആരെയും ഫേസ് ചെയ്യാൻ സാധിച്ചില്ല....അവർക്ക് പിറകെ ആയി തന്നെ തറവാട്ടിലേക്ക് വെച്ച് പിടിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"മണി... ഇരുട്ടി തുടങ്ങി... നീ വീട്ടിലേക്ക് വന്നേ... " ഉമ്മറത്തു ഇരുന്നു എന്തോ കുത്തി കുറിക്കുകയാണ് മണി... അവൾക്ക് അടുത്ത് തന്നെ പാറുവും ഇരിപ്പുണ്ട്... പാറുവിന്റെ വാക്കുകൾ കേട്ടു മണി മങ്ങിയ മുഖവുമായി അവളെ ഒന്ന് നോക്കി.... "വേണ്ടാ... നന്ദേട്ടൻ പറഞ്ഞത് കേട്ടില്ലേ... എന്നോട് അവിടെ നിന്ന് ഇറങ്ങി പോകാൻ..." മണി സങ്കടത്തോടെ അതും പറഞ്ഞു കൊണ്ട് പുസ്തകത്തിലേക്ക് മുഖം താഴ്ത്തി.... "അതിന്....അയാൾ പറയുന്നതും കേട്ടു നീ എന്തിനാ അങ്ങോട്ട്‌ വരാതിരിക്കുന്നത്... നീ ചെയ്തത് മുഴുവൻ നിനക്ക് വേണ്ടി മാത്രം അല്ലല്ലോ.. അയാൾക്ക്‌ കൂടി അല്ലേ... എന്നിട്ട് അതൊന്നും മനസ്സിലാക്കാതെ.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കണ്ട... അങ്ങനെ ഒരാളുടെ വാക്കും കേട്ടു നീ അവിടെ നിന്നും ഇറങ്ങി വരണ്ടായിരുന്നു.... എനിക്കിപ്പോ എന്നോട് തന്നെ ദേഷ്യം തോന്നുവാ അങ്ങേരെ ഏട്ടാ എന്ന്....... "

"പാറു.... " പാറു പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്നെ ദേഷ്യത്തിൽ കലർന്ന മണിയുടെ വിളി എത്തി... മണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... മുഖം ചുവന്നു.... "നീ ഇത് എന്താ പറയുന്നത് എന്ന വല്ല ബോധവും നിനക്കുണ്ടോ.... ശരിയാണ് നന്ദേട്ടൻ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല... പക്ഷെ ആ തെറ്റ് തന്നെയല്ലേ നമ്മളും ആ മനുഷ്യനോട് ചെയ്തത്... ഒരു കാര്യം ചോദിച്ചോട്ടെ... നമ്മുടെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും നമ്മൾ നന്ദേട്ടനിൽ നിന്നും മറച്ചു വെച്ചിട്ടില്ലെ... അതറിയാൻ ഏറ്റവും കൂടുതൽ അവകാശം നന്ദേട്ടന് ആയിട്ട് പോലും....നമുക്ക് വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനെ അല്ലേ നമ്മൾ വേദനിപ്പിച്ചത്.....ഞാൻ... ഞാൻ അറിയാതെ ആണെങ്കിൽ കൂടിയും അദ്ദേഹത്തെ ഒരുപാട് തെറ്റിദ്ധരിച്ചില്ലെ.. കളിയാക്കിയില്ലേ... അന്ന് ഒന്നും ഒരു തമാശ രീതിയിൽ അല്ലാതെ നമ്മൾ രണ്ട് പേരോടും പ്രതികരിച്ചിട്ടുണ്ടോ...

നാല് ആള് കാണുന്നിടത്ത് വെച്ച് അപമാനിച്ചിട്ടുണ്ടോ.... ഇല്ലല്ലോ...നന്ദേട്ടനെ പറ്റി തെറ്റായ ഒരു വാക്ക് പോലും പറയാൻ നമുക്ക് അവകാശം ഇല്ല പാറു........എല്ലാം തുറന്ന് പറയാമായിരുന്നു എനിക്ക്... ഒരുപക്ഷെ അത് ഇത്രയും പ്രശ്നത്തിൽ ചെന്ന് അവസാനിക്കില്ലായിരുന്നു.... " മണിക്ക് ഉള്ളിൽ വിങ്ങുന്ന പോലെ തോന്നി... ഉള്ളിൽ ശ്വാസം തങ്ങും പോലെ അവൾ ഒന്ന് തേങ്ങി കൊണ്ട് പറയുന്നത് കേട്ടതും പാറുവിന്റെ കണ്ണുകളും നിറഞ്ഞു... ശരിയാണ്.... ഞങ്ങൾക്ക് വേണ്ടി ജീവിച്ചതാ....ഒരു ഏട്ടൻ എന്നതിൽ ഉപരി ഒരു അച്ഛന്റെ കരുതൽ നൽകിയവനാ....ഒരിക്കൽ പോലും താൻ ചോദിക്കുന്ന ഒന്നിനും വേണ്ടാ എന്നൊരു ഉത്തരം നൽകിയിട്ടില്ല..... പാറുവിന് ആകെ ഭ്രാന്ത് എടുക്കും പോലെ തോന്നി.... അപ്പോഴേക്കും പടിപ്പുര കടന്നു വരുന്ന ഗൗതമിനെ കണ്ട് അവർ രണ്ട് പേരും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു....

ഗൗതം അവരെ ഒന്ന് നോക്കി കൊണ്ട് അല്പം മങ്ങിയ മുഖത്തോടെ ഉള്ളിലേക്ക് പോയതും മണിക്ക് കരച്ചിൽ വന്നിരുന്നു... "മണി..... " ഉള്ളിലേക്ക് കയറിയ പാടെ തന്നെ ഗൗതമിന്റെ വിളി എത്തി... മണി കണ്ണുകൾ ഒന്ന് തുടച്ചു അത് കേൾക്കാൻ കാത്തു നിന്ന പോലെ ഉള്ളിലേക്ക് ഓടി.... ഗൗതം റൂമിൽ ഇട്ടിരുന്ന ഷർട്ട് അഴിച്ചു വേറെ ഒന്ന് എടുത്തിടുകയായിരുന്നു.... അവളെ കണ്ടതും അവൻ ഗൗരവത്തോടെ ഒരു നോട്ടം നോക്കി കൊണ്ട് ഷർട്ടിന്റെ ബട്ടൺസ് ഇടാൻ തുടങ്ങി.... "എന്താ... ഏട്ടാ... " മണിയുടെ ശബ്ദം ഒന്ന് വിറച്ചു... "ഇന്ന് നടന്നത് ഒക്കെ ആരുടേയും ഐഡിയ ആയിരുന്നു.... മ്മ്മ്... " അവൻ അത് മാത്രമേ ചോദിച്ചുള്ളൂ... മണി അല്പം ഭയത്തോടെ പിന്നിൽ നിൽക്കുന്ന പാറുവിനെ ഒന്ന് നോക്കി... പാറുവിലും ആ ഭയം ഉണ്ടായിരുന്നു.... "അത് എന്റെയ.....അവൾക്ക് സങ്കടം വന്നപ്പോൾ ഞാനാ അങ്ങനെ ഒരു സീൻ ഉണ്ടാക്കിയത്...

മണിക്ക് ഒന്നും അറിയില്ല.... " പാറു ഇടയിൽ കയറി മണിക്ക് മുന്നിലേക്ക് നിന്നു അവളെ സംരക്ഷിച്ചു കൊണ്ട് പറഞ്ഞതും ഗൗതമിന്റെ കണ്ണുകൾ അവൾക്ക് പിറകെയായി തലയും താഴ്ത്തി നിൽക്കുന്ന മണിയിൽ ആയിരുന്നു... അവളുടെ ചുണ്ടുകൾ പോലും വിറ കൊള്ളുന്നുണ്ടായിരുന്നു... ഗൗതം ഷർട്ടിന്റെ സ്ലീവ് ഒന്ന് മടക്കി വെച്ചു.... "ഞാൻ ചോദിച്ചത് മണിയോഡാ... എനിക്ക് എന്റെ പെങ്ങളെ നന്നായി അറിയാം.... ഇനിയും രണ്ട് പേരും കള്ളം പറയാൻ ആണോ ഉദ്ദേശം.... " ഗൗതം രണ്ട് പേരെയും കടുപ്പത്തിൽ നോക്കി കൊണ്ട് പറഞ്ഞതും മണി പാറുവിന്റെ അരികിലേക്ക് കയറി നിന്നു... കണ്ണുകളിൽ ഭയം നിറഞ്ഞു എങ്കിലും എന്തോ കള്ളം പറയാൻ മനസ്സ് അനുവദിച്ചില്ല.... "എന്റെയാ ഏട്ടാ.... ഞാൻ പറഞ്ഞിട്ടാ പാറു അങ്ങനെ ഒക്കെ പറഞ്ഞത്.... എല്ലാത്തിനും കാരണം ഞാനാ...." അവൾക്ക് ഗൗതമിനെ നോക്കാനുള്ള ധൈര്യം തീരേ ഇല്ലായിരുന്നു...

അവളുടെ തല താഴ്ന്നതും ഗൗതം അവളുടെ അടുത്തേക്ക് വന്നു താടയിൽ പിടിച്ചു മുഖം ഉയർത്തി.... ആ നിമിഷം മണി കാണുന്നത് ചെറു പുഞ്ചിരിയോടെ തന്നെ നോക്കുന്ന ഗൗതമിനെയാണ്..... "ഇനിയും തല ഇങ്ങനെ കുനിച്ചു നിൽക്കരുത്.... ഏട്ടന്റെ കുട്ടി എന്ത് തെറ്റാണ് ചെയ്തത് അതിന്......പറയാൻ അല്പം വൈകി എങ്കിലും എല്ലാവർക്ക് മുന്നിലും കാലങ്ങൾക്ക് ശേഷവും നിന്റെ നിരപരാധിത്വം നീ തെളിയിച്ചു കഴിഞ്ഞു മോളെ... നിന്നെ പറ്റി ഓർത്ത് ഈ ഏട്ടന് അഭിമാനമെ ഒള്ളൂ.... " അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞതും മണിക്ക് എന്തോ സങ്കടം തീക്കട്ടിയായി വന്നു... അവളുടെ ചുണ്ടുകൾ വിതുമ്പി.... "ഏട്ടാ.... " അവൾ ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് അവനെ കെട്ടി പിടിച്ചതും അവന്റെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു.... അവൻ മെല്ലെ അവളുടെ നെറുകയിൽ മെല്ലെ ചുണ്ടുകൾ ചേർത്തു.... അതെല്ലാം കണ്ട് കണ്ണുകൾ നിറച്ചു കൊണ്ട് പാറുവും....

"എ...എന്നോട്... നന്ദേട്ടന്...ദേഷ്യവാ ഏട്ടാ.... എന്നോട് ഇറങ്ങി പോകാൻ പറഞ്ഞില്ലേ.... എ...എനിക്ക് അത്രയും ഇഷ്ടം ആയോണ്ടാ ഏട്ടാ ഒന്നും... പറയാതിരുന്നത്....എനിക്ക് അത്രയും ഇഷ്ടവാ ഏട്ടാ..... " നേർത്ത തേങ്ങലിന്റെ അകമ്പടിയോടെ വാക്കുകൾ മുറിഞ്ഞു പുറത്തേക്ക് വന്നു... ഗൗതം എല്ലാം അറിയാവുന്ന പോലെ ഒന്ന് തലയാട്ടി കൊണ്ട് അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.... "എന്നോട് ദേഷ്യം കാണിക്കല്ലേന്ന് ഒന്ന് പറയാവോ... എനിക്ക് മരിക്കും പോലെ തോന്നുവാ.... വേ...വേദന തോന്നുവാ ഏട്ടാ.... ഒന്ന് പറയാവോ വെറുക്കല്ലേന്ന്.... ഞാൻ ഒരു കുരുത്തക്കേടും കാണിക്കില്ല ഏട്ടാ... നല്ല കുട്ടി ആയിക്കോളാം...നന്ദേട്ടനോട് ഒന്ന് പറയാവോ.... പറയാവോ.. ഏട്ടാ.... " അവൾ തല ഉയർത്തി മത്സരിച്ചു വരുന്ന കണ്ണുനീരിനെ അടക്കാൻ കഴിയാതെ ചോദിച്ചു...

അവളുടെ കണ്ണുനീർ ഗൗതമിന്റെ ഹൃദയത്തേയും കീറി മുറിക്കാൻ പാകത്തിന് ഉള്ളതായിരുന്നു... അവൻ കണ്ണീരോടെ തന്നെ മെല്ലെ തല ചെരിച്ചു വാതിൽക്കൽ നിൽക്കുന്ന നന്ദനിലേക്ക് കണ്ണുകൾ പായിച്ചു.... ആ കണ്ണുകളിൽ ദേഷ്യമാണോ... സങ്കടം ആണോ...എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... ഗൗതമിന്റെ കണ്ണുകൾ ഒരു അപേക്ഷ എന്നോണം അവനെ നോക്കിയതും അവൻ പെട്ടെന്ന് തന്നെ തല ചെരിച്ചു.... ഗൗതമിന്റെ നോട്ടത്തേ പിൻപറ്റി മണിയുടെ കണ്ണുകൾ സഞ്ചരിച്ചതും കാണുന്നത് തങ്ങളെ ഒന്ന് നോക്കാൻ പോലും മടിച്ചു നിൽക്കുന്ന നന്ദനെയാണ്... അവനെ കണ്ടതും പഴയതിലും ശക്തിയായി തന്നെ ഉള്ളിലെ സങ്കടം പുറത്തേക്ക് വന്നു....അവൾ ഇനി എന്ത് സംഭവിക്കും എന്നൊന്നും ഓർക്കാതെ അവന്റെ അടുത്തേക്ക് ഓടി.... ഒരു പൊട്ടിക്കരച്ചിലോടെ അവനെ വലയം ചെയ്തു നിന്നതും അത് പ്രതീക്ഷിക്കാത്ത നീക്കം ആയത് കൊണ്ട് തന്നെ അവൻ പിന്നിലേക്ക് ഒന്ന് ചാഞ്ഞു ഭിത്തിയിൽ മുട്ടി നിന്നു....

അവളുടെ കണ്ണുനീരിനാൽ നനയുന്ന നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... അത് കണ്ട് നിന്ന ഗൗതം ഉള്ളിലെ സങ്കടം മറക്കാൻ എന്ന പോലെ റൂമിൽ നിന്നും പുറത്തേക്ക് നടന്നതും കൂടെ തന്നെ പാറുവും ചെന്നു.... "ന...നന്ദേട്ടാ..... " അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു... നന്ദൻ ഉള്ളിൽ എന്തോ വേദന അനുഭവപ്പെടുമ്പോഴും അത് തൊണ്ട കുഴിയിൽ നിന്നും പുറമെ വരാൻ സമ്മതിക്കാതെ അവളെ അവന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചപ്പോഴും അവൾ പഴയതിലും ശക്തിയായി തന്നെ അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം അമർത്തി.... "നന്ദേട്ടാ... ഇനിയും അകറ്റി നിർത്തല്ലേ... വേദനിക്കുവാ..... പ്ലീസ്... മരിച്ചു പോകും....ന്നോട് പൊറുക്ക്..... ന....നന്ദേട്ടാ... " ഹൃദയത്തിന്റെ വിങ്ങൽ അവളുടെ വാക്കുകളിലെ പതർച്ചയിൽ തന്നെ അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവന് എന്തൊക്കെയോ പറയണം എന്നുണ്ട് എങ്കിലും ഒരു വാക്ക് പോലും പുറത്തേക്ക് വന്നാൽ ആദ്യമായി അവന്റെ കണ്ണുനീർ അവൾക്ക് കാണേണ്ടി വരും....

അവൻ ഉള്ളിലെ വേദന അവിടെ തന്നെ ഒതുക്കാൻ ശ്രമിച്ചു... അവന് ഉള്ളം ചുട്ടു പൊള്ളുന്നത് പോലെ അനുഭവപ്പെട്ടതും അവൻ അവളുടെ മുഖം നെഞ്ചിൽ നിന്നും വേർപ്പെടുത്തി തനിക്ക് നേരെ പൊക്കിയതും ആ നിറഞ്ഞ കണ്ണുകളും കവിളിലൂടെ ചാലിട്ട് ഒഴുകുന്ന കണ്ണുനീരും... എന്നും കുസൃതി ചിരി നിറഞ്ഞു നിന്നിരുന്ന ചുണ്ടുകളിലെ വിതുമ്പലും അവന് വേദനയായിരുന്നു.... അവന്റെ കണ്ണുകളും ആ നിമിഷം നിറഞ്ഞു വന്നു... "എന്തിനാടി.... " അവന് ബാക്കി ചോദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവന്റെ അവസ്ഥയിൽ അവൾക്ക് എന്തോ ഉള്ളം നീറി അവന്റെ മുഖമാകേ ഭ്രാന്തമായി ചുംബിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു.... അവന്റെ കൈകളും അവളെ വലയം ചെയ്തു... രണ്ട് പേരുടെയും കണ്ണുകളും മത്സരിച്ചു പെയ്യുന്നുണ്ടായിരുന്നു.....

"സോറി..എനിക്ക് പറയാൻ ധൈര്യം വന്നില്ല.... ഞാൻ ചതിച്ചു എന്ന് കരുതും എന്ന് മനസ്സ് പറഞ്ഞു പോയി....... എനിക്ക് നിങ്ങളെ നഷ്ടപെടുത്താൻ മനസ്സ് തോന്നിയില്ല... നന്ദേട്ടാ... അത്രയും ആശിച്ചു ദൈവം എനിക്ക് നൽകിയതാ.... അതാ ഞാൻ... " അവന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് തന്നെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവൻ അതിനോടൊന്നും ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചില്ല... അവന്റെ കൈകളുടെ തലോടലിൽ തന്നെ ഉണ്ടായിരുന്നു അവന്റെ സങ്കടവും ദേഷ്യവും വേദനയും എല്ലാം.... "എന്തെങ്കിലും ഒന്ന് പറ.... നന്ദേട്ടാ... എന്നെ ഒന്ന് ചീത്ത പറയുകയെങ്കിലും ചെയ്യ്.... എന്നെ തല്ലണോ തല്ലിക്കോ.... എന്താ ചെയ്യേണ്ടേ എന്ന് വെച്ചാൽ ചെയ്തോ... എന്നാലും എന്നോട് മിണ്ടാതിരിക്കല്ലേ... എനിക്ക് നോവുന്നുണ്ട് നന്ദേട്ടാ... പ്ലീസ്..... " അവളുടെ സ്വരത്തിൽ വേദന കലർന്നു...

അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ ഒന്ന് ചേർന്നു.... "എന്ത് പറഞ്ഞിട്ടാടി ഞാൻ നിന്നെ ചീത്ത വിളിക്കേണ്ടത്....നീ നിന്നെക്കാൾ ഏറെ എന്നെ ഇമ്പോര്ടന്റ്റ്‌ കൊടുത്തതിനോ.... എന്റെ സന്തോഷം നശിക്കാതിരിക്കാൻ ഒന്നും എന്നോട് പറയാതിരുന്നതിനോ.... നിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ ഒന്നും തെറ്റല്ല മണി... പക്ഷെ ഞാൻ... നീ ഒന്ന് എന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്കിയെ..... എനിക്ക് അവകാശം ഇല്ലേ ഇതെല്ലാം അറിയാൻ.... നിന്റെ ഉള്ളിലെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അറിയാൻ എനിക്ക് അവകാശം ഇല്ലേ....അതെല്ലാം എന്റെ മാത്രം അവകാശം അല്ലേ... അത് വേറൊരാൾ പറഞ്ഞു ഞാൻ അറിയുക എന്ന് പറഞ്ഞാൽ... എല്ലാവർക്ക് മുന്നിലും ഞാൻ ഒരു കഴിവ് കെട്ടവൻ ആയി മാറുകയല്ലെ......... " അവന്റെ വാക്കുകൾക്ക് പുറമെ ഒരു വേദന നിറഞ്ഞ മൗനം അവനിൽ സ്ഥാനം ഉറപ്പിച്ചു..

അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ താനൊരു തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെടുത്താൻ പാകത്തിന് ഉള്ളതായിരുന്നു... അവൾഅവനിലേക്ക് കൂടുതൽ ചേർന്ന് നിന്ന് കൊണ്ട് കണ്ണുനീർ ഒഴുകി ഇറങ്ങുന്ന കവിൾ നെഞ്ചോട് ചേർത്ത് വെച്ചു.... "വേദനിച്ചോ ഇയാൾക്ക്.... " അവൾക്ക് കൂടുതൽ ചോദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവന് അവളെ കൂടുതൽ സങ്കടപ്പെടുത്താനും... എങ്കിലും അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു കൊണ്ട് മെല്ലെ തലയാട്ടി.... "എന്നാൽ അങ്ങ് സഹിച്ചോ... എന്നെ കെട്ടിയാലേ ഇനിയും വേദനകൾ ഒരുപാട് ആകും..... രക്ഷപ്പെടാം എന്നൊന്നും കരുതണ്ട... എന്റെ കയ്യീന്ന് നിങ്ങൾക്കിനി ഈ ജന്മവും ഇനി എത്ര ജന്മങ്ങൾ ഉണ്ടോ അത്രയും ജന്മങ്ങളും രക്ഷയില്ല.... എന്നും ഉണ്ടാകും നിങ്ങളുടെ ജീവിതത്തിൽ... ലൈക്ക് നിവിൻ പോളിക്ക് അജു വർഗീസ് എങ്ങനെയാണോ അങ്ങനെ.... "

അവന്റെ ഷിർട്ടിൽ തന്നെ മുഖം വെച്ച് ഉരസി കണ്ണുനീർ തുടച്ചു കളഞ്ഞു ഉള്ളിലെ സങ്കടം എല്ലാം മറച്ചു വെച്ച് അവന്റെ മൂഡിൽ ഒരു മാറ്റം വരുത്താൻ അവൾ ചിരിയോടെ പറഞ്ഞതും അവനും അറിയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ ഒരു വേദന ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്ന്... അവന്റെ പുഞ്ചിരി കൊണ്ട് മാത്രം മാഞ്ഞു പോകുന്ന കുഞ്ഞ് വേദന.... അവൻ തല താഴ്ത്തി അവളെ നോക്കി കൊണ്ട് ഒന്ന് ചിരിച്ചു... അവളുടെ ഉള്ളം തണുത്തു തുടങ്ങിയിരുന്നു... അവൾ പുഞ്ചിരിക്കുമ്പോൾ താടി രോമങ്ങൾക്കിടയിൽ തെളിഞ്ഞു നിൽക്കുന്ന ചുഴിയിൽ ഒന്ന് വിരൽ വെച്ച് തലോടി... ശേഷം കുറുമ്പോടെ അവിടെ ഒന്ന് ചുണ്ട് ചേർത്തു... "പറഞ്ഞു വരുന്നത് എനിക്ക് ഇനി രക്ഷയില്ല എന്നാണല്ലേ.... മണിക്കുട്ടി.... " അവൻ ഒരു കുസൃതിയോടെ ചോദിച്ചതും അവൾ ആ കുസൃതി ആവോളം ആസ്വദിച്ച മട്ടെ ചിരിച്ചു കൊണ്ട് തലയാട്ടി....

"എനിക്ക് അറിയാം നന്ദേട്ടാ... നന്ദേട്ടന് എന്നോട് ദേഷ്യം തോന്നി കാണും എന്ന്... അത് അറിഞ്ഞൊണ്ട് തന്നെയാ അവിടെ അങ്ങനെ ഒരു സീൻ ക്രിയെറ്റ് ചെയ്തത്.... " അവൾ ഇനി ഒന്നും മറച്ചു വെക്കേണ്ട എന്ന രീതിയിൽ പറഞ്ഞു തുടങ്ങിയതും അവൻ ചിരിയോടെ അവളെ തന്നിലെക്ക് ചേർത്ത് നിർത്തി അവളുടെ മുഖത്തെ നെഞ്ചോട് ചേർത്തു.... "ശ്ശ്.... ഒന്നും പറയണ്ട.... എല്ലാം നിന്റെ ഈ നന്ദേട്ടന് അറിയാം.... നീ അറിഞ്ഞു കൊണ്ടാണ് അവിടെ അങ്ങനെ ഒരു നാടകം നടന്നത് എന്നും.. നീ പറഞ്ഞു കൊടുത്ത സ്ക്രിപ്റ്റ് നോക്കി പഠിച്ചു നല്ല അഭിനയം കാഴ്ച വെച്ച വെറും charecter ആണ് പാറു എന്നും എല്ലാം.... " അവളെ ഒന്നും മിണ്ടാൻ അനുവദിക്കാതെ തന്നെ അവൻ പറഞ്ഞതും അവളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി.. "അതങ്ങനെ... " "ഞാൻ നിന്നെയും പാറുവിനെയും കാണാൻ തുടങ്ങിയത് ഇന്നും ഇന്നലേം ഒന്നും അല്ലല്ലോ...

നാടകം തുടങ്ങുമ്പോൾ ഒന്നും മനസ്സിലായില്ല എങ്കിലും പിന്നെ കുറേശെ കാര്യങ്ങൾ ബോധ്യമായി തുടങ്ങി.....പക്ഷെ ഒരൊറ്റ സങ്കടമെ ഉണ്ടായിരുന്നുള്ളൂ... ആരും ഒന്നും എന്നോട് പറഞ്ഞില്ല.... വിച്ചു പോലും.... " സംസാരത്തിൽ ഒരു വേദന കൂടി കലർന്നതോടെ അവൾ ദയനീയമായി അവനെ ഒന്ന് നോക്കി... അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... "പേടിക്കണ്ട.... ഒരു ദേഷ്യവും ഇല്ലാ... ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ അല്ലേ എന്റെ മണിക്കുട്ടി ഇത്രയും കഷ്ടപ്പെട്ടത്...നന്ദൻ ഒന്ന് മാറാൻ നോക്കട്ടെ.. അങ്ങനെ എങ്കിലും നിങ്ങൾക്കൊക്കെ എന്നോട് എല്ലാ കാര്യങ്ങളും പറയാൻ ഉള്ള മനസ്സ് വന്നാലോ.... " അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞതും അവൾ ചെറു പരിഭവത്തോടെ അവന്റെ നെഞ്ചിൽ ആയി തന്നെ ഒന്ന് കടിച്ചു.... "നന്ദേട്ടൻ മാറണ്ടാ... എനിക്ക് ഇങ്ങനെയാ ഇഷ്ടം...

. ദേഷ്യം വരുമ്പോൾ ചുറ്റും ആരെയും നോക്കാതെ അടിക്കുകയും പാതിരാത്രി ഫോണിൽ വിളിച്ചു ചീത്ത പറയുകയും കള്ള് കുടിച്ചാൽ സ്നേഹം ഒഴുകുന്ന ആ പഴയ നന്ദേട്ടൻ ഇല്ലേ... അയാളെയാ ഞാൻ സ്നേഹിച്ചേ.... എന്നിട്ട് മാറാൻ എന്നൊക്കെ പറഞ്ഞാൽ... അതൊന്നും വേണ്ടാ.... എനിക്കൊരു അബദ്ധം പറ്റിയതല്ലേ നന്ദേട്ടാ.... സത്യം... ഇനി ഒന്നും ഒളിക്കില്ല... ഏതു കാര്യവും ഇയാളോട് തന്നെ പറഞ്ഞോളാം... " അവൾ അവന് നേരെ തല പൊക്കി കൊണ്ട് പറഞ്ഞതും അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി ചേർത്ത് വെച്ചു.... "എന്നാൽ റെഡി ആയിക്കോ.... ഗൗതമിന്റെയും പാറുവിന്റെയും വിവാഹത്തിന് ശേഷം നിന്റെ ആഗ്രഹം പോലെ തന്നെ സാഹിത്യം പഠിക്കാൻ ടൗണിലേ തന്നെ ഏറ്റവും ബെസ്റ്റ് കോളേജിൽ പോകാൻ...... നിന്റെ എല്ലാ ആഗ്രഹങ്ങൾക്ക് കൂട്ടായും ഞാൻ ഉണ്ടാകും....ഒരു താലി ചരടിന്റെയും ബന്ധനങ്ങൾ ഇല്ലാതെ തന്നെ... ".......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story