നിഴലായ്: ഭാഗം 48

nizhalay thasal

എഴുത്തുകാരി: THASAL

 "പെണ്ണ് ഇറങ്ങിയില്ലേ.... " വകയിലെ ഏതോ ഒരു അമ്മാവന്റെ അലർച്ച ഉള്ളിലേക്ക് നന്നായി കേൾക്കാം... മണി ആണെങ്കിൽ ദേഷ്യം കൊണ്ട് പല്ല് കടിച്ചു.... "ഇന്ന് ഞാൻ ഇയാളെ... പത്ത് മിനിറ്റിൽ അൻപതാമത്തേ തവണയാ അയാളിത് ചോദിക്കുന്നത്.... എനിക്കങ്ങ് ചൊറിഞ്ഞു കയറുന്നുണ്ട്.... " ആരൊക്കെയോ മേക്കപ്പ് ഒക്കെ ചെയ്തു കൊടുക്കുന്നതിനിടയിൽ മണി പാറുവിനെ നോക്കി പറഞ്ഞു... "മണി പ്രതികരിക്കരുത് ഇത് നിന്റെ കല്യാണം അല്ലേ.. അപ്പൊ കുറച്ചു അടക്കവും ഒതുക്കവും ഒക്കെ ആകാം... പക്ഷെ ഒന്ന് ഓർക്കണം ഇത് എന്റെ കല്യാണം അല്ല...എനിക്ക് പ്രതികരിക്കാം.. അങ്ങേരെ ഞാനിന്ന്... " സാരി തല ഇടുപ്പിലും കുത്തി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോകുന്ന പാറുവിനെ കണ്ട് മണി വായും തുറന്ന് നിന്ന് പോയി... പുറത്തേക്ക് വേഗത്തിൽ നടന്നു വരുന്ന പാറുവിനെ കണ്ട് ഗൗതം ഒന്ന് ഞെട്ടി... എന്റെ ഈശ്വരാ അങ്ങേരുടെ എല്ലും തോലും ഇന്ന് എടുക്കുമല്ലൊ.... "ആരാടോ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കുന്നത്.... " ഇറങ്ങി വന്ന പാടെ അവളുടെ ചോദ്യം അതായിരുന്നു.... ഗൗതം ചുറ്റും ഒന്ന് നോക്കി കൊണ്ട് മെല്ലെ പാറുവിന്റെ കയ്യിൽ പിടിച്ചു... "ഡി ഉള്ളിൽ പോടീ... " "പറയടോ ആരാ ഇവിടെ ബഹളം വെച്ചത് എന്ന്... " പാറു സംഭവം വിട്ടില്ല.... "ഞാനാ... എന്താ എന്ത് വേണം... " ഒരു അമ്മാവൻ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് പറഞ്ഞു... ഇങ്ങേർക്ക് യമലോകത്തേക്ക് പോകാൻ ഇത്ര ആക്രാന്തമോ.... ഗൗതം മാത്രം അല്ല അവിടെ കൂടിയ ഒരു വിധപ്പെട്ട എല്ലാവരുടെയും സംശയം ആണിത്... അത് അങ്ങനെയേ വരൂ....

അവർക്ക് അറിയാമല്ലോ പാറുവിനെ... "ഡോ... പെണ്ണ് ഇറങ്ങിയാൽ ഇവിടെ കാണാം.. അല്ലാതെ ഇടയ്ക്കിടെ വിളിച്ചു ചോദിക്കേണ്ട.... ഇത് തിന്നുന്ന അത്ര എളുപ്പം അല്ല... ആയുധം വെച്ചുള്ള കളിയാ... ഒരു പൊടിക്ക് മാറിയാൽ ആള് തന്നെ മാറി പോകും.... ഇനി കൺസ്ട്രക്ഷൻ കളയരുത്... കേട്ടല്ലോ... ഇപ്പൊ പൊയ്ക്കോ.... മ്മ്മ്.. " പാറു നൈസ് ആയിട്ട് ആളെ ഒഴിവാക്കി... അതിന് ഒരു കാരണം ഉണ്ട്... ആളുടെ കൊമ്പൻ മീശ പാറുവിന് ഒരു പേടി ഒക്കെ വരുത്തി... അത് തന്നെ... "ആയുധമോ.... നീ എന്താടി മണിയെ കൊല്ലുകയാണോ... " "ദേ മനുഷ്യ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.... അപ്പൊ ആയുധ പൂജക്ക് പേനയും പുസ്തകവും ഒക്കെ വെക്കുന്നത് എന്തിനാ.... ഇവിടുത്തെ ആയുധം എന്ന് വെച്ചാൽ മേക്കപ്പ് ഇടില്ലേ ആ ബ്രെഷ്.... മനസ്സിലാക്കാൻ ബുദ്ധി വേണം... ഇങ്ങനെ ഒരു ബുദ്ധി ഇല്ലാത്ത സാധനത്തിനെ ആണല്ലോ എനിക്ക് പ്രേമിക്കാൻ കിട്ടിയത് എന്റെ ഈശ്വരാ.... " ഓരോന്ന് പെറുക്കി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്ന പാറുവിനെ കണ്ട് ഗൗതം ഒന്നും മനസ്സിലാകാത്ത മട്ടിൽ നിന്നു... അല്ലെങ്കിൽ തന്നെ അവള് പറഞ്ഞത് ആർക്കെങ്കിലും മനസ്സിലായ ചരിത്രം ഉണ്ടോ.... അവന്റെ നിർത്തം കണ്ട് അമ്മാവൻ അവന്റെ തോളിൽ കൈ വെച്ചു... അവൻ അയാളെ നോക്കി ഒന്ന് ഇളിച്ചു... "സ്ഥിരം ആണല്ലേ... "

അങ്ങേരുടെ ചോദ്യം കേട്ടു ഗൗതം തല ചൊറിഞ്ഞു കൊണ്ട് വെളുക്കനെ ഒന്ന് ചിരിച്ചു... "അങ്ങനെ ഒന്നും ഇല്ല.... " "കണ്ടപ്പോഴേ തോന്നി... " അങ്ങേരും ഒന്ന് ഇളിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കൈകൂപ്പി അമ്പലനടയിൽ നിൽക്കുന്ന മണി അരികിൽ ഒരാൾ വന്നു നിൽക്കുന്നത് അറിയുന്നുണ്ടായിരുന്നു... അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ മണിയുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു.... "ഈശ്വരാ... ഇന്ന് വരെ നന്ദേട്ടനെ അല്ലാതെ ഒന്നും ഞാൻ നിന്നോട് ചോദിച്ചിട്ടില്ല.... ജീവിതം എങ്ങനെയാവും എന്നോ ഒന്നും ചിന്തിക്കാതെ ഓർമ വെച്ച കാലം മുതൽ ഞാൻ പ്രാർത്ഥിച്ചത് നന്ദേട്ടന് വേണ്ടിയാണ്..... ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ ജീവിതത്തിന് വേണ്ടിയാ.... ഒരു ആയുസ്സ് നിറഞ്ഞ സ്‌നേഹം ഉള്ളിൽ ഉണ്ട് എന്നറിയാം.... ഈ ജന്മം മാത്രമല്ല ഇനി എത്ര ജന്മം എനിക്ക് നീ നൽകിയാലും എന്റെ പാതിയായി നന്ദേട്ടനെ തന്നെ നൽകണേ... വേറൊരു പ്രാർത്ഥനയും ഇല്ല....നീ ഒരുമിപ്പിക്കുന്നവരെ പിരിക്കാതിരിക്കണേ...." അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞിരുന്നു... ഉള്ളിൽ നിറയെ അവനോടുള്ള പ്രണയം മാത്രമായിരുന്നു... പൂവിന് ചുറ്റും വട്ടമിട്ട് പറക്കുന്ന വണ്ടിനെ പോലെ അവളുടെ മനസ്സും നന്ദൻ എന്ന ഒറ്റ കോണിൽ ഒതുങ്ങി പോയി....

അവൾ കണ്ണുകൾ തുറന്നു... മെല്ലെ തല ചെരിച്ചു നോക്കിയതും കണ്ടു പ്രണയത്തോടെ തന്നെ നോക്കി പതിവ് കുസൃതി ചിരിയോടെ നിൽക്കുന്ന നന്ദനെ... അവളുടെ കണ്ണുകൾ ചെന്ന് പതിഞ്ഞത് അവന്റെ താടി രോമങ്ങൾക്കിടയിൽ ചെറുതായി രൂപപ്പെട്ട ഗർത്തത്തിൽ ആയിരുന്നു... തന്നെ ഒരുപാട് കൊതിപ്പിച്ച ഇടം.... അവളുടെ ചുണ്ടിലും നേർത്ത ഒരു പുഞ്ചിരി തെളിഞ്ഞു... "മുഹൂർത്തം ആകാറായി..... " പൂജിച്ച താലിയുമായി വന്ന തിരുമേനി പറഞ്ഞപ്പോൾ ആണ് അവളുടെ കണ്ണുകൾ അവനിൽ മാറിയത്.... ഹൃദയമിഡിപ്പ് പതിവിലും ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... നന്ദൻ താലത്തിലെ താമര ഇതളുകൾക്കിടയിൽ നിന്നും താലി എടുത്തു...അത് ഒന്ന് അകത്തി പിടിച്ചു കൊണ്ട് അതിനിടയിലൂടെ മണിയെ ഒന്ന് നോക്കി... അവൾ പിടപ്പോടെ കണ്ണുകൾ അവനിൽ നിന്നും മാറ്റി... അവനെ നോക്കാൻ കഴിയാതെ നാണത്തോടെ തല താഴ്ത്തി നിൽക്കുമ്പോഴും ആ താലി സ്വീകരിക്കാൻ എന്ന പോലെ കണ്ണുകൾ ഇറുകെ ചിമ്മിയിരുന്നു..... അത് കണ്ട് അവന്റെ ചൊടികളിലും പുഞ്ചിരി തെളിഞ്ഞു... അവൻ ഒരു നിമിഷം ഗൗതമിനെ നോക്കി... ഗൗതമിന്റെ കണ്ണുകൾ പാതി നിറഞ്ഞിരുന്നു... എങ്കിലും ചിരിച്ചു കൊണ്ട് കണ്ണ് കൊണ്ട് കെട്ടാൻ പറഞ്ഞതും നന്ദൻ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തന്നെ തന്റെ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി.... മൂന്നാമത്തെ കെട്ടും മുറുകെ കെട്ടുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരൊറ്റ മുഖമെ ഉണ്ടായിരുന്നുള്ളൂ...

താൻ എന്തെങ്കിലും പറയുമ്പോൾ മുഖവും കൂർപ്പിച്ചു തന്നെ നോക്കി നിൽക്കുന്ന ആ കുറുമ്പ് നിറഞ്ഞ മണിയുടെ... മണി കണ്ണുകൾ ഇറുകെ അടച്ചു പ്രാർത്ഥനയിൽ ആയിരുന്നു.... ഈ സന്തോഷം ഒരിക്കലും തന്നിൽ നിന്നും തട്ടി എടുക്കല്ലേ എന്ന്.... അവരുടെ മേൽ പുഷ്പം വാർഷിക്കുമ്പോൾ എല്ലാവരുടെ ചുണ്ടിലും ആ പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.... സീമന്ത രേഖയിൽ തന്റെ പ്രണയ ചുവപ്പ് പടർത്തി അവൻ അവന്റെ പ്രണയത്തെ സ്വന്തമാക്കി.... ഒരുപാട് പ്രണയത്തോടെ അവിടം ചെറു ചുംബനം കൂടി നൽകി അവൻ മാറി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ ആ സന്തോഷത്തിനിടയിലും നിറഞ്ഞിരുന്നു.... "നിങ്ങൾ എന്തിനാ മനുഷ്യ കരയുന്നെ.... " കുറച്ചു മാറി നിൽക്കുന്ന ഗൗതമിനെ തട്ടി വിളിച്ചു കൊണ്ട് പാറു ചോദിച്ചപ്പോൾ ആണ് അവന് പോലും തന്റെ കണ്ണുകൾ ചതിച്ചു എന്ന് അവന് മനസ്സിലായത്... അവൻ ഒരു വെപ്രാളത്തോടെ കണ്ണുകൾ തുടച്ചു.... "ആര് കരഞ്ഞു.... പോടീ അവിടുന്ന്... " അവൻ പതർച്ച ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... പാറു ഒന്ന് അമർത്തി മൂളി... "ആദ്യം ആ കണ്ണ് നല്ല പോലെ ഒന്ന് തുടക്ക്... എന്നിട്ട് പറഞ്ഞാൽ ചിലപ്പോൾ ഞാൻ വിശ്വസിച്ചു എന്ന് വരും... " അവൾക്ക് അറിയാമായിരുന്നു അവന്റെ ഉള്ളിൽ ഉള്ള പിടച്ചിൽ... പക്ഷെ അവനെ സമാധാനിപ്പിക്കാൻ നിന്നാൽ ആദ്യം താൻ തന്നെയാകും കരയുക എന്ന് അറിഞ്ഞു കൊണ്ട് പാറു ട്യൂൺ മാറ്റി... ഗൗതം പിന്നെയും പിന്നെയും കണ്ണുകൾ തുടച്ചു...

എന്നിട്ട് പാറുവിനെ നോക്കി ഒന്ന് ചമ്മി ചിരിച്ചു.... പാറുവിനും ചിരി പൊട്ടി.... "എന്താ എന്റെ ഏട്ടാ.... " അവൾ ഒരു ചിരിയോടെ ചോദിച്ചതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു... "എനിക്ക് ഒരു അനിയത്തിയെ ഒള്ളൂ പാറു....അപ്പൊ ഒരു കുഞ്ഞ് വിഷമം... അത്രയേ ഒള്ളൂ... " അവൻ ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞ്ഞു... അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു അവന്റെ അവസ്ഥ...തന്റെ കല്യാണ ദിവസം തന്റെ ഏട്ടന്റെ മുഖത്ത് കണ്ട അതെ ഭാവം.... ഗൗതം മെല്ലെ മുഖം തിരിച്ചു മണിയെ നോക്കിയപ്പോൾ അവളും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിൽക്കുകയായിരുന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ കളിയാക്കും പോലെ കാണിച്ചതും നിറഞ്ഞ കണ്ണുകൾ പുറത്തേക്ക് ഒഴുകുമ്പോഴും മണിയും ചിരിച്ചു പോയി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "രണ്ടിനെയും നോക്ക്... " പാറു സ്റ്റേജിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും ഗൗതം അപ്പോഴാണ് അങ്ങോട്ട്‌ ശ്രദ്ധിക്കുന്നത്... ഫോട്ടോ എടുപ്പും കാര്യങ്ങളും ആയി രണ്ടും ഒരുപോലെ മടുത്തു നിൽക്കുന്നുണ്ട്..നന്ദൻ ആണെങ്കിൽ ഫോട്ടോ ഗ്രാഫറെ കണ്ണുരുട്ടി നോക്കുന്നുണ്ട്.... "ഡി.... മിക്കവാറും നിന്റെ ഏട്ടൻ അങ്ങേരെ തല്ലാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്..."

ഗൗതം ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... മണി ഇടയ്ക്കിടെ ഗൗതമിനെ നോക്കുന്നുണ്ടായിരുന്നു... ഗൗതം അവളെ നോക്കി കളിയാക്കി ചിരിച്ചു.... "മണി... മിക്കവാറും ഇവനെ ഞാൻ കയറി അടിക്കും.... " ഫോട്ടോ എടുക്കുന്ന ഫോട്ടോ ഗ്രാഫറെ നോക്കി ആർക്കും മനസ്സിലാകാത്ത രീതിയിൽ ചിരിച്ചു കൊണ്ട് നന്ദൻ പറഞ്ഞതും മണിയും ഉണ്ടാക്കി ഒന്ന് ഇളിച്ചു.... "നന്ദേട്ടന് മുന്നേ അവന്റെ പല്ല് എന്റെ കയ്യിൽ എത്തും... എന്ത് പ്രഹസനം ആണ് ഇത്... " മണിയും പിറുപിറുത്തു.... "മതി...." അവസാനം സഹി കെട്ട് നന്ദന് തന്നെ പറയേണ്ടി വന്നു.... "ലാസ്റ്റ്... ഒന്ന് കൂടെ... ചേട്ടൻ ചേച്ചിയുടെ കവിളിൽ പിടിച്ചു ഒന്ന് ഉമ്മ വെച്ചാൽ മതി... അതോടെ നമുക്ക് നിർത്താം... പ്ലീസ് ചേട്ടാ.. അത് നല്ലൊരു പിക് ആയിരിക്കും.... " "അതൊന്നും ശരിയാകത്തില്ല.... " നന്ദൻ എതിർത്തു... സംഭവം പ്രേമിച്ചുള്ള കല്യാണം ആണ്... ഇതിന് മുന്നേ ഒരുപാട് ഉമ്മയും ബാപ്പയും എല്ലാം കൊടുത്തും കിട്ടിയും ബോധിച്ചിട്ട് ഉണ്ടെങ്കിലും ഇത്രയും ആളുകൾ നോക്കി നിൽക്കുമ്പോൾ നന്ദന് ഒരു മടി.... "അങ്ങനെ പറയല്ലേ... ഒറ്റ ഒന്ന്... ഞങ്ങൾ അത് കറക്റ്റ് ആയി എടുത്തോളാം.... പ്ലീസ് ചേട്ടാ... " ക്യാമറ മാൻ കെഞ്ചുകയാണ്... നന്ദൻ ആണെങ്കിൽ ഒരു നടക്കും അടുക്കുന്നില്ല... മണിക്ക് ആണെങ്കിൽ ഒരു ഉമ്മ ആണെങ്കിൽ അങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് ഇറങ്ങിയാൽ മതി എന്നും.. സഹി കെട്ട് അവസാനം മണി തന്നെ കൊടുത്തു നന്ദന് ഒരു ഉമ്മ.... നന്ദൻ ആകെ ഞെട്ടി പണ്ടാരമടങ്ങി പോയി....

അത് കറക്ടായി തന്നെ ക്യാമറ ഒപ്പി എടുക്കുകയും ചെയ്തു.... "കഴിഞ്ഞില്ലേ... ഇനി എനിക്ക് പോകാലോ.... " മണി ചോദിച്ചതും എല്ലാവരും ചിരിയോടെ ഒന്ന് തലയാട്ടിയതും യാതൊരു ചമ്മലോ കൂസലോ കൂടാതെ അവൾ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി.... നന്ദൻ ആ സ്റ്റേജിൽ നിന്ന് തന്നെ ഗൗതമിനെ ഒന്ന് നോക്കി... കണ്ണ് കൊണ്ട് എന്താടാ ഇത് എന്ന് കാണിച്ചതും ഗൗതം ഈ നാട്ടുകാരനെ അല്ല എന്ന മട്ടെ ഒറ്റ മുങ്ങൽ ആയിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 മൂന്ന് കൂട്ട് പായസം അടങ്ങുന്ന ഗംഭീരമായ ഒരു സദ്യ തന്നെയായിരുന്നു... അത് കിട്ടിയതോടെ പാറുവിനും സന്തോഷം.... മണിക്ക് എന്തോ ഒന്നും കഴിക്കാൻ തോന്നിയില്ല... ഒന്നാമതെ ഏട്ടൻ എന്നൊരു ചിന്ത അവളെ അലട്ടി... പെങ്ങളുടെ കല്യാണത്തിന് കയ്യും മെയ്യും മറന്നു പണി എടുക്കുന്നവരാണല്ലൊ ഓരോ ഏട്ടന്മാരും.... "വിച്ചു.... അവിയൽ അങ്ങോട്ട്‌ കൊടുത്തേ.... " എവിടെ നിന്നോ ഗൗതമിന്റെ ശബ്ദം കേൾക്കുന്നുണ്ട്... വിച്ചു അവിയൽ പാത്രവുമായി അവളുടെ അരികിൽ ഇരിക്കുന്ന ആളുടെ അടുത്തേക്ക് വന്നു.... ആള് ഇന്ന് എന്തോ സന്തോഷത്തിൽ ആണ്.... അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൻ മറന്നില്ല.... "ഇതെന്താടാ തൊട്ടടുത്ത് ഇരിക്കുന്ന ആള് കഴിക്കുന്നില്ലല്ലൊ.... " നന്ദനോടായിരുന്നു അവന്റെ ചോദ്യം...

നന്ദൻ ഒരു നിമിഷം അവളെ നോക്കിയ ശേഷം അവനോട് പുഞ്ചിരിച്ചു.... "അത് അങ്ങനെയാ... കൊത്തി പെറുക്കി ഇരിക്കത്തേ ഒള്ളൂ.... തിരക്ക് ഒക്കെ കഴിഞ്ഞു ഞാൻ കഴിപ്പിച്ചോളാം.... " അവൻ അവളെ നോക്കി കൊണ്ടായിരുന്നു ഉത്തരം നൽകിയത്.... മണി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി....നന്ദൻ ചിരിക്കുകയായിരുന്നു...വിച്ചുവും ഒന്ന് ചിരിച്ചു കൊണ്ട് വേറെ ആളുടെ അടുത്തേക്ക് നീങ്ങി... "കൊത്തി ഇരിക്കാതെ കഴിക്കടി ശീമകൊന്നേ..." അവൻ പറഞ്ഞതും അവൾ വീണ്ടും ചുണ്ട് കൂർപ്പിച്ചു വെച്ചു... അവൻ എന്തോ ആലോചിച്ച ചിരിയോടെ ഒരു പിടി ചോറ് കുഴച്ചു ഉരുള ആക്കി അവൾക്ക് മുന്നിലേക്ക് നീട്ടി....അവന്റെ ഓർമയിൽ എപ്പോഴോ അവൻ പറഞ്ഞ ഒരു വാക്ക് നിറഞ്ഞു നിന്നു.... കല്യാണത്തിന് എന്റെ ഇലയിലെ ഒരു പിടി ചോറ് നിനക്കാണ് എന്ന വാക്ക്... അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു... അവൾ അത് വായിലേക്ക് ആക്കുമ്പോൾ അതിന് പതിവിലേറെ രുചി ഉള്ളതായി അവൾക്ക് തോന്നി.... "ഇനി അതിന്റെ ഒരു കുറവ് എന്റെ കുട്ടിക്ക് വേണ്ടാ...." അവൻ ചിരിയോടെ പറഞ്ഞു....അവളുടെ ചുണ്ടിലും അതെ പുഞ്ചിരി നിറഞ്ഞു.... അതെല്ലാം കണ്ട് കൊണ്ട് സന്തോഷത്താൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു.... ഒരു ഏട്ടന്റെ സന്തോഷം നിറഞ്ഞ കണ്ണുകൾ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story