നിഴലായ്: ഭാഗം 6

nizhalay thasal

എഴുത്തുകാരി: THASAL

"എന്റെ നാഗത്താൻമാരെ.... എന്നും ഇവിടെ വന്നു തിരിയിട്ട് പ്രാർത്ഥിക്കുന്നതല്ലേ,,,, എന്നിട്ട് ഒരിക്കൽ പോലും എന്റെ പ്രാർത്ഥന ഒന്ന് കേട്ടോ... അന്ന് മുകിൽ ആണെങ്കിൽ ഇന്ന് ശ്രുതിയാ... അങ്ങേർക്ക് എന്നെ ഒന്നും കണ്ണിന് മുന്നിൽ പിടിക്കില്ല,,,എനിക്കറിയാം എനിക്ക് വിധിച്ചത് അല്ലാന്ന്....അറിവ് വെച്ച കാലം മുതൽ മോഹിച്ചു പോയോണ്ട് മനസ്സിൽ നിന്നും പറിച്ചു കളയാൻ പറ്റണില്ലാ.... അത് തെറ്റാണ് എങ്കിൽ ഇനിയും മോഹിപ്പിക്കാതെ മനസ്സേന്ന് എടുത്ത് കളയണം.... " ഇരുട്ടിന്റെ മറവിൽ നാഗത്തറയിലേക്ക് നോക്കി കൈ കൂപ്പി കൊണ്ട് അവൾ പ്രാർത്ഥിച്ചു.... അവളുടെ ഉള്ളിൽ എന്തോ വേദനയായിരുന്നു,,അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പ്രാർത്ഥനയോടെ നിൽക്കുമ്പോൾ ആരോ തൊട്ടടുത്ത് വന്നു നിൽക്കും പോലെ തോന്നിയതും അവൾ മെല്ലെ കണ്ണുകൾ തുറന്ന് നോക്കിയതും തന്നോട് ചേർന്ന് നിന്ന് കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ നിൽക്കുന്ന നന്ദനെ കണ്ട് അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി നിറഞ്ഞു

എങ്കിലും അത് പെട്ടെന്ന് തന്നെ മറച്ചു കൊണ്ട് അവിടെ നിന്നും തിരികെ നടന്നു... അവളുടെ പിറകെ ആയി തന്നെ അവനും.... ക്ഷേത്രത്തിൽ വിളക്കുകൾ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,,അവൾ നടയിലേക്ക് പോയി ഒരിക്കൽ കൂടി തൊഴുതു കൊണ്ട് പുറത്തേക്ക് നടന്നതും അവനും ഷർട്ട് ഒന്ന് നേരെ ഇട്ടു കൊണ്ട് അവളോടൊപ്പം കൂടി,, അവളുടെ ചുണ്ടിൽ ഇടക്ക് പുഞ്ചിരി നിറയും എങ്കിലും അത് അവനെ കാണിക്കാതെ മറച്ചു വെച്ചു..... കയ്യിലെ ടോർച് തെളിച്ചു കൊണ്ട് അവൻ അവൾക്ക് നേരെ നീട്ടി എങ്കിലും അവളിൽ നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഉണ്ടായില്ല,,,,, അവൻ പിന്നെ ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു വെച്ച് തനിക്ക് സൈഡിൽ ആയി നിർത്തി കൊണ്ട് അവനോട് ചേർത്ത് നടത്തി,,

അവൾ വിടിവിക്കാൻ നോക്കി എങ്കിലും അവന്റെ ഒരു നോട്ടത്തിൽ തന്നെ എല്ലാം ഒതുക്കി.... "മണി.... " അവൻ മെല്ലെ വിളിച്ചു,,, പക്ഷെ അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല,, അവളിൽ നിറഞ്ഞു നിന്നത് ഒരു തരം വാശി ആയിരുന്നു,,, അവൻ അവളെ ഒന്ന് നോക്കി,, അവൾ അവനെ ആകെ അവഗണിച്ച മട്ട് ആയിരുന്നു.... "മണി നിന്നെയാണ് വിളിക്കുന്നത്.... " അവൻ ഒരിക്കൽ കൂടി പറഞ്ഞു,,, "മ്മ്മ്... " അവൾ ഒരു ഒഴുക്കൻ മട്ടിൽ മൂളിയാതെയൊള്ളു.... "എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം...." അവൻ പറഞ്ഞത് കേട്ടതും അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി,, ശേഷം ചുണ്ടിൽ ഒരു പുച്ഛചിരി നിറഞ്ഞു,,, "എന്നോടോ.....നന്ദേട്ടൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഈ എന്നോടോ.... വേണ്ടാ ഏട്ടാ... അത് ശരി ആകില്ല.... "

അവൾ അത് മാത്രം പറഞ്ഞു കൊണ്ട് അവന്റെ കൈ വിടിവിച്ചു കൊണ്ട് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അവൻ കയ്യിൽ പിടിച്ചു അവനരികിലേക്ക് തന്നെ വലിച്ചു... "എനിക്ക് സംസാരിക്കണം മിസ്‌ ജാൻവി വിശ്വനാഥൻ..... " അവന്റെ വാക്കുകളിൽ ഒരു മൂർച്ച വന്നു,,,, അവൾ അവനെ ഒന്ന് നോക്കിയ നേരം കൊണ്ട് തന്നെ അവൻ അവളെ പിടിച്ചു കുളപ്പുരയിലേക്ക് കൊണ്ട് പോയി,, അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു,,, അവനിൽ ചെറു പേടി അവൾക്ക് ഉണ്ട്,,,, അവൻ പടവിൽ ഇരുന്നതും അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നു.... "മ്മ്മ്... " തൊട്ടടുത്തേക്ക് നോക്കി കൊണ്ട് അവൻ മൂളിയതും അവൾ അവിടെ ഒന്ന് ഇരുന്നു,,,, അവളുടെ നോട്ടം കുളത്തിലേക്ക് തന്നെ ആയിരുന്നു,,,

എന്ത് കൊണ്ടോ ഒരു പേടി അവളിൽ ഉടലെടുത്തു.... ഒരു പ്രാവശ്യം ഇത് പോലെ അവനോടൊപ്പം വന്നിരുന്നിട്ടുണ്ട്....പക്ഷെ അന്ന് അവന് പറയാൻ ഉണ്ടായിരുന്നത് തന്റെ പ്രണയത്തെ പറ്റി മാത്രം ആയിരുന്നു....അവൾ കൈകളിലേക്ക് നോട്ടം പായിച്ചു,,, "എന്റെ കൃഷ്ണ.... ഇനി പുതിയ പ്രണയം പൂത്തിട്ടുള്ള ഇരുപ്പ് ആണോ,,,, എന്നോട് എങ്ങാനും സെറ്റ് ആക്കി കൊടുക്കാൻ പറഞ്ഞാൽ സത്യമായിട്ടും ഇയാളെ കൊന്നിട്ട് ഞാനും ചാവും... " അവൾ ഉള്ളിൽ ആത്മഗതിച്ചു.... "മണി... " "കുറെ നേരം ആയല്ലോ... മണി... മണി...ന്ന് വിളിക്കാൻ തുടങ്ങിയിട്ട്..... ഇതെന്താ മരണ മണിയോ.... കാര്യം എന്താച്ചാ പറഞ്ഞാൽ എനിക്ക് പോകായിരുന്നു.... ഞാനായിട്ട് ഒരു ശല്യത്തിനും വന്നില്ലല്ലോ... പിന്നെ എന്തിനാ എന്നെ ദ്രോഹിക്കുന്നെ... "

അവൾ തെല്ലും പതർച്ച ഇല്ലാതെ ചോദിച്ചു,,പക്ഷെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു,,,, ഇതെല്ലാം തന്റെ കണ്ണിൽ പൊടി ഇടാനുള്ള അവളുടെ അടവാണ് എന്നറിഞ്ഞു കൊണ്ടുള്ള പുഞ്ചിരി.... "എനിക്ക് പറയാൻ ഉള്ളത് സീരിയസ് ആയിട്ടാ.... നീ അത് എങ്ങനെ അക്‌സെപ്റ് ചെയ്യും എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ അത് ഇപ്പോഴെങ്കിലും.... " *എന്റെ ഈശ്വരാ,,, ആ പഴയ ഗുണ്ട് കേസ് ആണോ....വിഷയം മാറ്റിയെ പറ്റൂ... * അവൻ മെല്ലെ ആത്മഗതിച്ചു... "ആഹാ.... അപ്പൊ പുതിയ ലൈൻ സെറ്റ് ആയിലെ.... എനിക്ക് മനസ്സിലായി....ആരാ ആള്,,, മുകിലിന്റെ അത്ര ഭംഗി ഉണ്ടോ... അതോ കല്യാണം ഒക്കെ ഉറപ്പിച്ചോ.... "

അവൻ പറഞ്ഞു അവസാനിപ്പിക്കും മുന്നേ അവളുടെ ചോദ്യം എത്തി,, അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു,,, കൈ വീശി ഒരു അടിയായിരുന്നു അതിനുള്ള മറുപടി.... അവൾ കവിളിൽ കൈ വെച്ച് കൊണ്ട് വാ തുറന്ന് അവനെ നോക്കി,,,,, "അവളുടെ ഒരു.... കാര്യം പറയും മുന്നേ... നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,,, അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ നോക്കിയാൽ കിടക്കില്ല,,,,, എല്ലാത്തിനും എന്നെ പറഞ്ഞാൽ മതി... " "താങ്ക്സ്... " കവിളിൽ പിടിച്ചു രണ്ട് ഭാഗത്തേക്കും മുഖം കോട്ടി കൊണ്ട് അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവൻ കണ്ണ് കൂർപ്പിച്ചു കൊണ്ട് അവളെ നോക്കി,,,

ശേഷം എഴുന്നേറ്റു പോകാൻ നിന്നതും അവൾ അവന്റെ കൈ പിടിച്ചു അവിടെ തന്നെ ഇരുത്തി.... "ഇന്നേക്കുള്ളത് കിട്ടിയില്ലല്ലോന്ന് ഞാൻ കരുതിയാതെ ഒള്ളൂ,,,, ഇനി പറ.... എന്താ കാര്യം....... " അവൾ പതിവില്ലാതെ ശാന്തമായി ആയിരുന്നു ചോദിച്ചത്,,, അവൻ കണ്ണൊന്നു അടച്ചു തുറന്നു..... "ഞാൻ പറയാൻ പോകുന്നത് കാര്യമായി തന്നെ നീ എടുക്കണം,,, തമാശയായി കാണരുത്,,,, എല്ലാ തമാശകളുടെ കൂട്ടത്തിൽ ഇത് ഉൾപെടുത്തുകയും വേണ്ടാ... " അവൻ മുഖവുരയോടെ ആയിരുന്നു സംസാരിച്ചത്,,,മണി കവിളിൽ കൈ വെച്ച് മുഖം കൊണ്ട് കോഷ്ടി കാണിക്കുകയായിരുന്നു,,, "ഡി....നീ എന്തെങ്കിലും കേൾക്കുന്നുണ്ടോ... " "ദേ... അണക്കിലെ പല്ല് ഇളകി എന്ന തോന്നുന്നേ,,, എന്ന വേദനയാ... ഉഫ്.... " അവൾ അതൊന്നും ശ്രദ്ധിക്കാതെ അവളുടെതായ കാര്യങ്ങളിൽ ആണ്,, അവന് ദേഷ്യം വരുന്നുണ്ടായിരുന്നു,,,

"അണക്കിലെ പല്ല്.... ഇതിനെ ഒക്കെ.... ഡി.... " അവന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി,,, "എന്താടോ താൻ കിടന്നു കാറുന്നെ.... പറയാൻ ഉള്ളത് പറഞ്ഞാൽ പോരായോ....!!??" കണ്ണ് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചതും അവൻ സ്വയം ഒന്ന് നിയന്ത്രിച്ചു..... "നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല,,, അതിനേക്കാൾ ബേധം കണ്ണാടിയിൽ നോക്കി കൊഞ്ഞനം കുത്തുന്നതാ,,,, എണീറ്റു വാടി മറുതെ...." അവൻ എഴുന്നേറ്റു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അലറിയതും അവൾ മുഖം കൂർപ്പിച്ചു കൊണ്ട് എഴുന്നേറ്റു... "മറുത തന്റെ..... " പകുതി പറഞ്ഞതും അവന്റെ മോന്ത കണ്ട് അവൾ പെട്ടെന്ന് വിഴുങ്ങി,,, പിന്നെ ഒന്ന് ഇളിച്ചു... "പറയടി,,,, എന്തിനാ പകുതി വിഴുങ്ങിയത് ധൈര്യം ഉണ്ടേൽ ബാക്കി കൂടി പറയടി... "

അവൻ അലറിയതും അവൾ ചുണ്ട് കോട്ടി കൊണ്ട് തിരിഞ്ഞു നടന്നു,,, "ധൈര്യം ഇല്ലാത്തോണ്ട് അല്ല,,,, ഇന്നേക്കുള്ള കോട്ട കഴിഞ്ഞോണ്ടാ.....ഇനിയും തല്ലു വാങ്ങുന്നത് ഫൗളാ...അല്ലാതെ എനിക്ക് നിങ്ങളെ പേടി ഒന്നും ഇല്ലാട്ടോ,,,, " പോകുന്ന വഴിയിൽ അവൾ വിളിച്ചു പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു,,, "വട്ട്.... " അവൻ മെല്ലെ മൊഴിഞ്ഞു,,, അവൾ കുളപ്പടവും കടന്ന് മുന്നോട്ട് നടന്നു,,, "ഡി,,,ഡി.... എങ്ങോട്ടാഡി പോകുന്നത്,,, വീട്ടിലേക്ക് നടക്കഡി.... " അവൻ വിളിച്ചു പറഞ്ഞു,,, "അയ്യോ,,, എന്റെ തമ്പ്രാ,,,, വേണ്ടായേ,,, അവിടെ തമ്പ്രാന്റെ പെങ്ങൾ ഉണ്ട്,,, അവളെ വഴി തെറ്റിക്കാൻ എനിക്ക് വയ്യായെ,,, അത് പോലെ കയറി വന്നിട്ടുണ്ടല്ലോ ഒരെണ്ണം,,,, പെയിന്റ് ഡബ്ബയിൽ മുഖം അടിച്ചു വീണ പോലെ ഒന്ന്....

അവളെ കാണുമ്പോൾ എനിക്ക് വെറുതെ ചൊറിയാൻ തോന്നും,,, അതെല്ലാം പരിഹരിച്ചു തമ്പ്രാന്റെ സമയം അങ്ങ് പോകും,,, നമ്മള് ആ തറവാട്ടിൽ പശുക്കളോടും പൂച്ചകളോടും സംസാരിച്ചു സമയം കളഞ്ഞോളാമെ....നമ്മളെ വിട്ടേക്ക്.... " കൈ കൂപ്പി ഒരു ആക്കലോടെ പറഞ്ഞു കൊണ്ട് അവൾ പോകാൻ ഒരുങ്ങി.... "ഡി,,, ശീമകൊന്നേ.... ചെറിയ വായയിൽ ഇമ്മാതിരി വലിയ വർത്തമാനം പറഞ്ഞാൽ ഉണ്ടല്ലോ....ഇനി കിട്ടാൻ പോകുന്നത് അടി ആയിരിക്കില്ല,,, അറിയാലോ,,,എന്റെ കൂടെ നല്ലപോലെ വന്നാൽ നിനക്ക് കൊള്ളാം,, അല്ലേൽ ഞാൻ കൊണ്ട് പോകുമ്പോൾ ഇത്ര സുഖം ഒന്നും ഉണ്ടാകില്ല,,,, വാടി..." അവൻ അത്രയും പറഞ്ഞു കൊണ്ട് തിരികെ നടന്നു,,, മണി ദേഷ്യം കൊണ്ട് കാല് നിലത്ത് ആഞ്ഞു ചവിട്ടി....

"ഞാൻ കൊണ്ട് പോകണോ..." പിന്നെയും ഭീഷണി നിറഞ്ഞ അവന്റെ ശബ്ദം കേട്ടതും അവൾ ചാടി തുള്ളി അവന്റെ പിറകെ തന്നെ നടന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "കിട്ടിയോ ഇതിനെ... " ഉമ്മറത്തേക്ക് കയറുന്ന അവരെ നോക്കി ഗൗതം ചോദിച്ചതും മണി കണ്ണും കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി,,,, "എന്താടി മോന്തക്ക് ഒരു കനം,,,," മണിയെ നോക്കി ഗൗതം ചോദിച്ചതും മണി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് പോയി,,, നന്ദൻ അടിച്ച കവിളിൽ ഒന്ന് വിരൽ ചൂണ്ടി കാണിച്ചു,,,, "ചോദിക്ക് ഏട്ടാ.... ഇത്രയും തങ്കപ്പെട്ട.... അതും ഒരേ ഒരു പെങ്ങളെ എന്തിനാണ് അടിച്ചത് എന്ന് ചോദിക്ക് ഏട്ടാ... " മണിയുടെ സംസാരം കേട്ടു പിറകിൽ നിന്നിരുന്ന നന്ദൻ ചിരിയോടെ മീശ ഒന്ന് ഉഴിഞ്ഞു കൊണ്ട് ഗൗതമിന് കണ്ണിറുക്കി കാണിച്ചു,,,,

ഗൗതം ചിരി ഒതുക്കി കൊണ്ട് ഇച്ചിരി ഗൗരവം വെച്ച് കൊണ്ട് അവളുടെ കവിളിൽ ഒന്ന് പിടിച്ചു നോക്കി,,,, "അതിനിപ്പോ എന്താ ചോദിക്കാൻ മാത്രം.... രാവിലെ കൂടി നീ പറഞ്ഞതല്ലേ... കിട്ടിയത് ആയില്ല എന്ന്,,, അപ്പൊ നന്ദൻ ഒന്ന് തന്നു.... അത്ര തന്നെ.... " അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മണികുട്ടിയുടെ മുഖം കൂർത്തു,,, "താനൊക്കെ ഒരു ഏട്ടൻ ആണോഡോ... " "കേട്ടോ നന്ദ..... ഇടക്ക് നീ സ്കൂളിൽ നിന്ന് പിള്ളേരുടെ കൂടെ ടൂർ പോയില്ലേ,,, ആ നാല് ദിവസവും ഇവൾക്ക് ഒരു വെപ്രാളം.... ഇടയ്ക്കിടെ കവിളിൽ തൊട്ടു നോക്കുന്നു...സ്വയം കയ്യിൽ അടിച്ചു നോക്കുന്നു....ഒരു തരം വിമ്മിഷ്ടം...

ഞാനും കരുതി പ്രാന്ത് ആയതാണോ എന്ന്.... നീ വന്നപ്പോൾ അല്ലേ കാര്യം മനസ്സിലായത്,,, നീ ഒന്ന് കൈ വീശി കൊടുത്തപ്പോൾ ആള് ഉഷാർ...... അതാണ്‌ പറയുന്നത് അടി കിട്ടുന്ന സമയത്ത് കിട്ടിയില്ലേൽ എന്റെ പെങ്ങൾക്ക് വെപ്രാളം ആണ്,,,, കണ്ടിട്ടില്ലേ കുടിയൻമാർക്ക് കള്ള് കിട്ടിയില്ലേൽ ഉള്ള അവസ്ഥ അത് പോലെ.... " ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു ഗൗതം പറഞ്ഞത്,,, മണി ദേഷ്യത്തോടെ അവന്റെ പുറത്ത് ആയി ഒന്ന് കൊടുത്തു കൊണ്ട് മുഖവും കൂർപ്പിച്ചു നന്ദനെ നോക്കി കൊണ്ട് കയറി പോയി.... നന്ദൻ ഒന്ന് പൊട്ടിച്ചിരിച്ചു പോയി.... "ഡാ,,,,ഡാ...മതി ചിരിച്ചത്.... എന്തായി നീ പറഞ്ഞോ.... " "മ്മ്മ്.... പറയാ...അതും നിന്റെ പെങ്ങളോട്....നീ എനിക്കിട്ടു പണി തരാൻ മനഃപൂർവം പറഞ്ഞുണ്ടാക്കിയതാണോ എന്ന് എനിക്ക് സംശയം ഉണ്ട്.... "

ഗൗതമിനെ ചെറഞൊന്ന് നോക്കി കൊണ്ട് നന്ദൻ പറഞ്ഞു,,, "ഒഞ്ഞു പോയെടാ.... ഞാൻ എന്തിനാ വെറുതെ പറയുന്നത്.... അതും അത് പോലൊരു നീലിയെ പറ്റി..... പാവം അല്ലേ എന്ന് വെച്ച് കഷ്ടപ്പെട്ട് കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തപ്പോൾ അവന് അഹങ്കാരം... വേറെ ഏതേലും ആങ്ങള ചെയ്യുവോട ഇങ്ങനെ ഒരു സഹായം.... " "അതില്ല... അത് കൊണ്ട് തന്നെയാണ് ചോദിച്ചതും... " നന്ദന് അവനെ അത്ര വലിയ വിശ്വാസം ഇല്ല... "ആ പറയടാ,,, അങ്ങനെ തന്നെ പറ... ഇനിയും വിശ്വാസം വന്നില്ലേൽ ഒരു വട്ടം കൂടി കള്ളും മോന്തി ആ തിണ്ണയിൽ വന്നു കിടക്ക് അപ്പൊ കാണാം.... ഇതാണ് പറയുന്നത് ഒരൊറ്റ ഒന്നിനെ സഹായിക്കാൻ പാടില്ലാന്ന്.... " എന്തൊക്കെയോ പെറുക്കി പറഞ്ഞു കൊണ്ട് ഗൗതം ഉള്ളിലേക്ക് നടന്നു... "മോനെ....മുത്തശ്ശിയുടെ കാല് ഒന്ന് തിരുമ്മി തന്നെ...."

പോകും വഴി മുത്തശ്ശി പറഞ്ഞത് കേട്ടതും അവൻ അവരുടെ അരികിൽ ആയി തന്നെ തിണ്ണയിൽ ഇരുന്നു കൊണ്ട് അവരുടെ കാലിൽ തിരുമ്മി തുടങ്ങി.... നന്ദൻ എന്തോ ആലോചിച്ചു കൊണ്ട് അവർക്കിടയിൽ വന്നിരുന്നു അവരുടെ മടിയിൽ തലവെച്ചു കിടന്നതും മുത്തശ്ശിയുടെയും ഗൗതമിന്റെയും ചുണ്ടിൽ ഒരുപോലെ പുഞ്ചിരി നിറഞ്ഞു,,, ഉള്ളിൽ എന്തെങ്കിലും സംശയങ്ങൾ നിറയുമ്പോഴോ സങ്കടങ്ങൾ ഉണ്ടാകുമ്പോഴോ ഉള്ളം ശാന്തമാക്കാൻ അവൻ അഭയം തേടുന്ന ഇടമാണ് ഇത്... അവരുടെ കൈകളുടെ സംരക്ഷണത്തിൽ,,,, അവർ മെല്ലെ അവന്റെ മുടിയിലൂടെ തലോടി.... "ഏതൊരു രാക്ഷസനും ഒരു പ്രണയം ഉണ്ടാകും മോനെ..... " അവർ മെല്ലെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,,,

അവൻ അത്ഭുതത്തോടെ കണ്ണ് തുറന്ന് നോക്കിയതും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... "അത് പോലെ ഏതൊരു പെണ്ണിനും മനസ്സിൽ വേരിറങ്ങി കിടക്കുന്ന ഒരു പ്രണയവും..... അത് അങ്ങനെ ഒന്നും കെട്ടടങ്ങില്ല....... " പല അർത്ഥങ്ങൾ കലർന്നതായിരുന്നു അവരുടെ വാക്കുകൾ... അവന് പിന്നെയും സംശയം.... "നോക്കണ്ട.... ചെവിയിൽ ഉണ്ട്..... അത് പോലെ പറയുന്നതിനെ പറ്റി നല്ല ബോധവും.... നിനക്ക് വേണ്ട ഉത്തരം,,, അത് നീ ആദ്യം കണ്ട് പിടിക്ക്... വാക്കുകളിലൂടെ... നോട്ടത്തിലൂടെ... പ്രവർത്തികളിലൂടെ..... ഇതിൽ കൂടുതൽ.... പറഞ്ഞു തരാൻ ആരെ കൊണ്ടും കഴിയില്ല,,, നിനക്ക് വേണ്ടി നീ തന്നെ പ്രവർത്തിക്ക്.... അല്ലാതെ ഇവനെ പോലുള്ള കിഴങ്ങൻമാരെ അല്ല.... " ആദ്യം ഒക്കെ സീരിയസ് ആയി ആണെങ്കിൽ അവസാനം ഗൗതമിന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് മുത്തശ്ശി പറഞ്ഞതും ഗൗതം അവരെ അടിമുടി ഒന്ന് നോക്കി....

"തള്ള പഴയ ആളൊന്നും അല്ലട്ടാ.... പണ്ട് ഞാൻ ഒന്ന് ഒരു പെൺകുട്ടിയോട് പേര് ചോദിച്ചതിന് ചൂലും പിടിച്ചു വീടിനു ചുറ്റും രണ്ട് റൗണ്ട് ഓടിച്ച ആളാ,,,, ഇപ്പൊ കൊച്ചുമോന് പ്രേമിക്കാൻ പറഞ്ഞു കൊടുക്കുന്നു.....വയസ്സായി..... വല്ല രാമായണവും വായിച്ചു ഇരിക്കാൻ നോക്ക്.... " അവൻ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു നന്ദനെ നോക്കിയപ്പോൾ അവൻ മലർന്നു കിടന്നു സ്വപ്നം കാണുകയാണ്,,,,അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ പുതു നാമ്പിട്ടു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നന്ദേട്ടാ..... " റൂമിന് വെളിയിൽ നിന്ന് കൊണ്ട് കൊഞ്ചി കൊണ്ടുള്ള ശ്രുതിയുടെ വിളി കേട്ടു ബെഡിൽ ഇരുന്നു പുസ്തകം വായിക്കുന്ന അവൻ ഒന്ന് തല ഉയർത്തി നോക്കി,,, പിന്നെ പ്രയാസപ്പെട്ടു അവളെ നോക്കി ചിരിച്ചു,,, "നന്ദേട്ടൻ എന്ത് ചെയ്യുവാ... "

"കണ്ടില്ലേ ബ്രേക്ക്‌ ഡാൻസ് കളിക്കുന്നത്... " പുറത്ത് വാതിലിന് മറവിൽ നിന്ന് നഖം കടിച്ചു കൊണ്ട് മണി പറഞ്ഞതും പാറു അവളുടെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു കൊണ്ട് വീണ്ടും കാതുകൾ കൂർപ്പിച്ചു വെച്ചു... "ഞാൻ പുസ്തകം വായിക്കുകയായിരുന്നു... " നന്ദൻ ബെഡിൽ നല്ല പോലെ ഇരുന്നു കൊണ്ട് പറഞ്ഞു,,,, "ഏതാ പുസ്തകം നോക്കട്ടെ.... " അവന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി കൊണ്ട് അവൾ പറഞ്ഞതും അവൻ അത് കൊടുക്കാൻ അല്പം ഒന്ന് വിഷമം കാണിച്ചു,,,, വാക വീണ ഇടവഴികൾ.... *ജാൻവി വിശ്വനാഥൻ.... * അവൾ അത് ഒന്ന് ഉറക്കെ വായിച്ചതും പുറത്ത് നിന്നിരുന്ന മണികുട്ടി ഒന്ന് പൂത്തുലഞ്ഞു....

"ഇത്,,, ആ അഹങ്കാരിയല്ലെ.... മണി...അവൾ എഴുതിയതാണോ... അയ്യേ... ഇതൊക്കെ വായിക്കാൻ കൊള്ളാവോ.... " "കൊള്ളാവോ എന്ന് ഞാൻ കാണിച്ചു തരാഡി പാറു.... ഞാൻ അങ്ങോട്ട്‌ ഒന്ന് വന്നോട്ടെ,,, കയ്യും കാലും തല്ലി ഒടിച്ചു മുക്കിൽ ആക്കും...." അവൾ പറഞ്ഞു തീരും മുന്നേ മണിക്കുട്ടിയുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു,,നന്ദനും ശ്രുതിയും ഒരുപോലെ ഞെട്ടി,,, പാറു ആണേൽ ഞാൻ എന്ത് ചെയ്തു എന്ന എക്സ്പ്രഷനിൽ നിൽക്കുകയാണ്,,, മണി അവളെ നോക്കി കണ്ണിറുക്കി കൊണ്ട് ദാവണി തലകൊണ്ട് വായ പൊത്തി ചിരിച്ചു.... "മ്മ്മ്..... നല്ല പുസ്തകം ആണ്..... അല്ല തനിക്ക് ഉറക്കം ഒന്നും ഇല്ലേ....പാറു താഴത്തെ മുറി സെറ്റ് ആക്കി എന്ന് പറഞ്ഞല്ലോ.... " അവൻ അവളെ ഒഴിവാക്കാൻ വേണ്ടി ചോദിച്ചു,,, "എന്തോ ഉറക്കം വരുന്നില്ല നന്ദേട്ടാ....

എനിക്ക് ഇങ്ങനെ തനിച്ചു ഉറങ്ങി ശീലം ഇല്ലാത്തതാ.... " "ആണോ,,,,, പിന്നെ എന്തിനാ മുത്തേ ചേച്ചി ഇവിടെ ജീവിച്ചിരിക്കുന്നത്... " അടുത്തത് പാറുവിന്റെ വക... ശ്രുതി മുഖം ചുളിച്ചു കൊണ്ട് പുറത്തേക്ക് നോക്കി,,, നന്ദന് കാര്യങ്ങൾ ഏകദേശം ബോധ്യമായി..... "പിന്നെ നന്ദേട്ടാ.....വരുമ്പോൾ അമ്മ പറയുവായിരുന്നു..... നന്ദേട്ടൻ എന്റെ മുറചെറുക്കൻ ആണ്,,,, എന്ന്,,, ഈ മുറചെറുക്കൻ എന്ന് പറഞ്ഞാൽ എന്താ നന്ദേട്ടാ.... " "അത് നിനക്ക് അറിയില്ലായോ പാറുകുട്ട്യേ....മുറപോലെ നടന്നില്ലേൽ ഇടിച്ചു കൂമ്പ് വാട്ടുന്നതിനു പറയുന്ന പേര അത്.... " മണിക്ക് സഹിക്കാൻ കഴിയുന്നില്ല,,,, എട്ട് പത്ത് വർഷം,,,, കാത്തു സൂക്ഷിച്ച ഒരു കാക്ക വന്നിരുന്നിട്ടും പ്രാർത്ഥിച്ചു അതിനെ ഓടിച്ചു പൊതിഞ്ഞു വെച്ച കസ്തൂരി മാമ്പഴം ആണ്,,,, ഈ വെള്ളിമൂങ്ങ നൈസ് ആയിട്ട് കൊത്താൻ നോക്കുന്നത്,,,,, നന്ദൻ എല്ലാം മനസ്സിലായ കണക്കെ ഒന്ന് ചിരിച്ചു,,,,

"അവൾക്ക് എന്താ ഭ്രാന്ത് ഉണ്ടോ പിച്ചും പേയും പറയുന്നു.... " "അവൾ അവിടെ സംസാരിച്ചോട്ടെ.... താൻ പോകാൻ നോക്ക്...എന്തോ ഉറക്കം വരുന്നു... " കയ്യിലെ പുസ്തകം അടച്ചു വെച്ചു കൊണ്ട് അവൻ പറഞ്ഞു,,, അവൾ വിളറിയ ചിരിയും ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും വാതിൽ മറവിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെയും മണിയെയും കണ്ട് മുഖം ഒന്ന് കയറ്റി പിടിച്ചു കൊണ്ട് അവൾ പടി ഇറങ്ങി..... അതോടെ ചിരി പൊട്ടിചിരി ആയി... "നമ്മളെ സമ്മതിക്കണം.... " പരസ്പരം കയ്യിൽ അടിച്ചു കൊണ്ട് സന്തോഷം പങ്കിട്ട് തിരിഞ്ഞതും രണ്ട് കയ്യും കെട്ടി വാതിൽ പടിക്കൽ ഗൗരവത്തോടെ നിൽക്കുന്ന ആളെ കണ്ട് ആ ചിരി മെല്ലെ മാഞ്ഞു പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story