ഒരിളം തെന്നലായ്: ഭാഗം 12

orilam thennalay

എഴുത്തുകാരി: SAFNU

സമയം ഒരു രണ്ട് മണിയോടടുത്തതും നീലുവും നന്ദുവും തറവാട്ടിൽ എത്തി... സാധരണ തറവാടിന്റെ മുമ്പിൽ വല്യച്ഛന്റെയും ദർശന്റെയും നീലൂന്റെയും വാഹനം മാത്രമേ കാണാറുള്ളു... പൊതുവെ ഒരു ശാന്ത അന്തരീക്ഷമാണ് തറവാട്ടിൽ...പക്ഷേ ഇന്ന് പതിവിലും വിപരീതമായി തറവാട് മുഴുവൻ ഒച്ചയും ബഹളവുമാണ്... അകത്തേക്ക് കയറിയ പാടെതന്നെ ആരോ നന്ദൂനെ കെട്ടിപിടിച്ചു.... "സർപ്രൈസ്...!!" "നിമ്മി...!!" നന്ദു നിമിതയെ കണ്ട ഷോക്കിൽ വിളിച്ചു... "Yes... Nimmi is back...!!" ഷർട്ടിന്റെ കൈയ്യൊക്കെ കേറ്റി വെച്ചോണ്ടുള്ള നിമ്മിയുടെ ഡയലോഗ് കേട്ടതും നന്ദൂന് ചിരി വന്നു... "എപ്പോ വന്നു...ചെറിയച്ഛനൊന്നും ഇല്ല്യേ...!!" "എപ്പോന്ന് ചോദിച്ചാൽ ഞങ്ങൾ ഒരു പത്തരക്ക് ഇവിടെ ലാൻറ്റായി... ഇവിടെ വന്നപ്പോഴാ അറിഞ്ഞേ നീയും കളിയാൻ കാട് നീലിയും കൂടെ എങ്ങോട്ടോ പോയെന്ന്...!!" "നിമ്മി പതുക്കെ... നീലു കേൾക്കും...!!"നീലൂനെ കളിയാക്കി കൊണ്ടുള്ള നിമ്മിയുടെ സംസാരം കേട്ടതും നന്ദു അവളെ വായപൊത്തി കൊണ്ട് പറഞ്ഞു... "ഒന്ന് പോയെ നന്ദു... ആ വടയക്ഷി കേട്ടെന്ന് കരുതി എനിക്കെന്താ...!!" നന്ദൂന്റെ കൈകൾ മാറ്റി കൊണ്ട് നിമ്മി കുറച്ച് കലിപ്പിൽ പറഞ്ഞു.... "നിമ്മീ നിങ്ങൾക്ക് രണ്ട് പേർക്കും ഈ അടിയും വഴക്കുമൊക്കെ നിർത്തി ഒന്ന് നന്നയിക്കൂടെ... നീലു ഒരു പാവമാണ്...!!" "ഹർർർ.... എന്റെ നന്ദു അതിനെ കുറിച്ചൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം.... നിന്നോട് കുറേ കാര്യങ്ങൾ പറയാനുണ്ട്.... വാ....!!" നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് നിമ്മി മുറിയിലോട്ട് പോയി... ഇത് നിമിത... എല്ലാവരുടെയും നിമ്മി. നന്ദൂന്റെ അച്ഛൻ ഗോപാലൻ മാഷിന്റെ അനിയൻ ജയരാജന്റെയും സുമിത്രയുടെയും നാല് മക്കളിൽ മൂന്നാമത്തെ സന്തതി....

ഒന്നാമത്തെ സന്തതി നിഖിൽ ദർശന്റെ രണ്ട് വയസ്സിനു മൂത്തത്.. രണ്ട് നിവ്യ... ഇളയത് നയന പ്ലസ് ടുവിന് പഠിക്കുന്നു..എല്ലാം അങ്ങ് വിദേശത്ത് ആയിരുന്നു.... ദർശന്റെയും നീലുവിന്റെയും വിവാഹം ഉറപ്പിച്ചുവെന്ന ന്യൂസ്‌ കേട്ട് ലാന്റ് ആയതാണ് എല്ലാവരും....കൂട്ടത്തിൽ നീലൂനെ പോലെ കുറച്ച് കലിപ്പുള്ള ആളാണ് നിമ്മി.... രണ്ടാളും ആജന്മ ശത്രുകളാണ്....നിമ്മിക്ക് തറവാട്ടിൽ കൂട്ടുതൽ ഇഷ്ട്ടം നന്ദൂനെയാണ്... അത്‌ നീലൂന് തീരെ പിടിക്കത്തില്ല....സത്യത്തിൽ ഇവരുടെ രണ്ടിന്റെയും ഇടയിൽ ഇട്ട് വട്ടം കറങ്ങുന്നത് നന്ദുവാണ്.... "ഇവിടെ ഇരി.... ഞാൻ പറയട്ടെ...!!" നന്ദൂനെ ബെഡിൽ ഇരുത്തി കൊണ്ട് നിമ്മി പറഞ്ഞു.... "നിമ്മി ഞാൻ അമ്മമ്മേടെ അടുത്ത് പോയി ഇപ്പോ വരാം...!!" "നന്ദൂ... അമ്മമ്മയോട് പിന്നെ സംസാരിക്കാം... ഇപ്പോ ഞാൻ പറയുന്നത് കേൾക്ക്...!!" പോവാൻ നിന്ന നന്ദൂനെ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ട് നിമ്മി പറഞ്ഞു... "ആഹ്...എന്ന പറ നിന്റെ വിശേഷങ്ങൾ...!!" "നമ്മുക്ക് എന്ത് വിശേഷങ്ങൾ.... വിശേഷമൊക്കെ ഇവിടെ അല്ലെ....!!"അതിന് മറുപടിയായി നന്ദു ഒന്ന് തലയാട്ടി ചിരിച്ചു.... "എന്നാലും എന്റെ നന്ദു.... നമ്മടെ അച്ചുവേട്ടന് ആ വടയക്ഷിയെ തന്നെ കിട്ടിയൊള്ളു കെട്ടാൻ.... അറിഞ്ഞോണ്ട് ആണ് അങ്ങേര് ട്രെയിനിന് തലവെക്കുന്നത് എന്ന് കേട്ടപ്പോൾ മുതൽ എന്റെ പൊന്ന് നന്ദു ഞാൻ ചിരി നിർത്തിയിട്ടില്ല....!!" തലങ്ങും വിലങ്ങും ചിരിച്ചോണ്ടുള്ള നിമ്മിയുടെ പറച്ചിൽ കേട്ട് നന്ദൂനും ചിരി വന്നിരുന്നു...

പിന്നെ വാതിൽ പടിക്കൽ നിന്നുമുള്ള നീലൂന്റെ രൂക്ഷമായ നോട്ടം കണ്ടതും നന്ദൂന്റെ ചിരിയെല്ലാം അറബി കടലും കടന്ന് പോയിരുന്നു....നീലു വന്നതൊന്നും അറിയാതെ കിണിച്ചോണ്ടിരിക്കുന്ന നിമ്മിയെ നന്ദു തോണ്ടി കൊണ്ട് നീലൂനെ കാണിച്ച് കൊടുത്തു.... ഓൺ ദി സ്പോർട്ടിൽ ലവളെ ചിരിയും നിന്നും.... "നന്ദു.... ഇങ്ങ് വന്നേ....!!" നിമ്മിയെ കണ്ണുരുട്ടി നോക്കി കൊണ്ട് നന്ദൂനോടായി പറഞ്ഞു.... "ആഹ്... നീലു ഞാൻ വ....!!" "നീ എങ്ങോട്ടാ നീ എങ്ങോട്ടും പോവുന്നില്ല ഇവിടെ ഇരി....!!" നന്ദു എണീറ്റ് പോവാൻ നിന്നതും നന്ദൂനെ അവിടെ പിടിച്ചിരുത്തി കൊണ്ട് നിമ്മി പറഞ്ഞു... "നന്ദു നീ വരുന്നുണ്ടോ...!!" നീലു കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.... "ഇല്ലെങ്കിൽ...!!" നിമ്മി രണ്ടും കല്പിച്ചെന്ന മട്ടിൽ നെഞ്ചിൽ ഇരു കൈയ്യും കെട്ടി കൊണ്ട് ചോദിച്ചു.... അതിന് തുറുക്കനെ ഉള്ള നോട്ടമായിരുന്നു മറുപടി... "ഓഹ്.... നീ നിന്റെ ഉണ്ടകണ്ണും വെച്ച് നോക്കിയാൽ ഞാൻ അങ്ങ് പേടിക്കും ഹും...!!" ഒന്നും മിണ്ടാതെ നിൽക്കുന്ന നീലൂനോടായി നിമ്മി..... "നിമ്മി..... എന്തിനാ ഇപ്പോ ഒരു വഴക്ക് ഉണ്ടാക്കുന്നെ... നീലു ഒന്നും മിണ്ടാതിരിക്കല്ലേ....!! " നീലൂന്റെ രൂക്ഷമായ നോട്ടം കണ്ട് നന്ദു നിമ്മിയോടായി പറഞ്ഞു... "നീ ഒന്ന് ചുമ്മാതിരി നന്ദു...

അവളെ നിൽപ്പ് കണ്ടില്ലേ.... വടയക്ഷി...!!" "Hello... Guy's hey nandhu what's up...!!" നിമ്മിയുടെ ചേച്ചി നിവ്യ അതും പറഞ്ഞോണ്ട് മുറിയിലോട്ട് വന്നു....ആള് ഒരു മോഡേൺ ആണ്.... "നിവ്യേച്ചി....!!" നിവ്യയെ കണ്ടപാടെ നന്ദു അവളെ അടുത്തേക്ക് പോയി.... "നന്ദു എന്തൊക്കെ കുറെ ആയല്ലോ നിന്നെ കണ്ടിട്ട്... നിനക്ക് ഒരു മാറ്റവും ഇല്ലല്ലോടി പെണ്ണെ..... നീ ഇപ്പോഴും ആ പഴയ ചുള്ളി കൊമ്പ് ആണല്ലോ...!!" "എന്റെ കാര്യം അവിടെ നിക്കട്ടെ ചേച്ചി പറ... എന്തൊക്കെ സുഖല്ലേ...!!" "പിന്നെ പക്കാ... അല്ല ഇവര് രണ്ട്പേരുമെന്താ ഇങ്ങനെ നോക്കുന്നെ... രണ്ടും വന്നപ്പോ തന്നെ തമ്മിൽ ഉരസിയോ...??" ദേഷ്യത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിൽക്കുന്ന നിമ്മിയെയും നീലൂനെയും കണ്ടോണ്ട് നിവ്യ ചോദിച്ചു.... "ആഹ്... വന്നവരെ സ്വഭാവം പോലെ ഇരിക്കും ഇനിയങ്ങോട്ട്...!!" അത്രയും പറഞ്ഞോണ്ട് നീലു അവിടെന്ന് പോയി... ആ പറച്ചിലിൽ നിന്ന് തന്നെ നിമ്മിക്ക് മനസിലായിരുന്നു താൻ വന്നത് അവൾക്ക് ഒട്ടും ഇഷ്ട്ടായിട്ടില്ലെന്ന്..... ........................................................................ "അവരൊക്കെ എവിടെ കുട്ട്യേ... ആരും കിടന്നില്ലേ...!!" "ഇല്ല അമ്മമ്മേ... എല്ലാവരും അവിടെ വിവാഹകാര്യം ചർച്ച ചെയ്യാണ്...!!" നന്ദു നോട്ട് എഴുതുന്നതിനിടയിൽ പറഞ്ഞു... "ആഹ്... നീലൂന് ആ സഖാവിനെ ഇഷ്ട്ടാണെന് അല്ലെ നീ പറഞ്ഞെ... എന്നിട്ട് ആണോ ആ കുട്ടി ഇപ്പോ വിവാഹത്തിന് സമ്മതിച്ചേ...!!" "എനിക്കറില്ല്യ അമ്മമ്മേ ചിലപ്പോൾ ഇനി ഇതെന്റെ വെറും തോന്നൽ മാത്രം ആയിക്കൂടെ....

അവര് നല്ല ഫ്രണ്ട്സ് ആണെങ്കിലോ...??" നന്ദു തിരിഞ്ഞിരുന്ന് കൊണ്ട് ചോദിച്ചു.. "എനിക്കെങ്ങനെ അറിയാനാ നന്ദു...ആ കുട്ടി മനസ്സിൽ സഖാവിനെ വെച്ചോണ്ട് അച്ചു മോന്റെ ഭാര്യയാവുന്നതിൽ ഒരർത്ഥവുമില്ല്യ.... അല്ലെങ്കിൽ ദീപയോടും ഗോപിയോടും മോള് ഇക്കാര്യം സംസാരിക്കണം....!! അല്ലേൽ ആ കുട്ടി വിവാഹ ദിവസം അരുതാത്തതെന്തെങ്കിലും ചെയ്താലോ...." "അമ്മമ്മ എന്താ ഉദേശിച്ചത്‌... നീലു ഒളിച്ചോടി പോവുമെന്നോ...!!" നന്ദു അമ്മമ്മയെ കളിയാക്കി കൊണ്ട് ചോദിച്ചു... " നിനക്കൊരു കാര്യമറിയോ നന്ദു... നിന്റെ അമ്മയും വിവാഹ ദിവസമാണ് നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വന്നത്..... എന്റെ വൈശു ഒരുപാട് തവണ എന്നോട് പറഞ്ഞായിരുന്നു അവൾക്ക് ആ വിവാഹത്തിന് താല്പര്യമില്ല എന്ന്... ഒരു മകളുടെ ആവിശ്യമെന്ന കണക്കെ ഞാൻ നിന്റെ മുത്തച്ഛനോട്‌ ഒരുപാട് തവണ പറഞ്ഞു നോക്കി...നിന്റെ മുത്തച്ഛന്റെ തീരുമാനത്തിന് മുമ്പിൽ എന്റെ വാക്ക് ഒന്നും ഒന്നുമല്ലായിരുന്നു...ഇഷ്ട്ടമല്ലാത്തവന്റെ മുമ്പിൽ തലകുനിച്ച് കൊടുക്കുന്നതിനും നല്ലത് ഇഷ്ട്ടപെട്ടവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുനതല്ലേ എന്ന് നിന്റെ അമ്മ പറഞ്ഞപ്പോൾ ആണ് ഈ അമ്മമ്മ അറിയുന്നത് നിന്റെ അച്ഛനുമായി എന്റെ വൈശു ഇഷ്ടത്തിലായിരുന്നുവെന്ന്...പിന്നെ ഒന്നും നോക്കിയില്ല... നിന്റെ അമ്മയും അച്ഛനും കൂടെ കേരളത്തിലോട്ട് വന്നു...

കല്യാണദിവസം തന്നെ കല്യാണപെണ്ണിനെ കാണാതായതിന്റെ രോഷത്തിൽ നിന്റെ മുത്തച്ഛൻ അദ്ദേഹത്തിന്റെ അനിയന്റെ മകളെ കൊണ്ട് ആ വിവാഹം നടത്തി...." "അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ അമ്മമ്മേ... ഇനി എന്തിനാ അതൊക്കെ പറയുന്നേ..!!" "അറിയില്ല കുട്ട്യേ..മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത നിന്നോട് പറയണമെന്ന് തോന്നി... എന്തായാലും മോള് ഒന്ന് സൂക്ഷിക്കുനത് നല്ലതാ... നിന്റെ അമ്മക്ക് സ്ത്രീധനമായി നൽകിയ സ്ഥലം ഇപ്പോയും തരിശു ഭൂമിയായി കിടക്കാണ്... ആ സ്ഥലം നിന്റെ പേരിലെഴുത്തി വെച്ചിട്ടാ നിന്റെ അമ്മ ഈ ലോകം വിട്ട് പോയത്... നിന്റെ മുത്തച്ഛന്റെ സ്വഭാവം വെച്ച് നോക്കുകയാണെങ്കിൽ അവര് നിന്നെ അന്വേഷിച്ച് വരാനുള്ള സമയം ആയിടുണ്ട്...." "ഒരു പക്ഷേ അവര് എന്നെ അന്വേഷിച്ചു വന്നില്ലെങ്കിലോ...!!" "ഒരുപക്ഷെ സ്വത്തിന്റെ പേരും പറഞ്ഞ് വരാതിരിക്കാം...കൊല്ലം ഒരുപാട് ആയല്ലോ.... നിന്നോടും നിന്റെ അമ്മയോടുമുള്ള ദേഷ്യമൊക്കെ മാറി..നിന്റെ മുത്തച്ഛൻ നിന്നെ കൊണ്ട് പോവാൻ വന്നാൽ മോള് ഇവിടെന്ന് പോവണം... കാരണം അവിടെ മനസ്സിൽ നന്മയുള്ള ഒരുപാട് പേരുണ്ട്.... നിന്റെ മുത്തച്ഛൻ ഉൾപ്പെടെ....!!! " "അപ്പോ അമ്മമ്മ പറയുന്നത് അവര് വന്നാൽ ഇവിടം വിട്ട് ഞാൻ പോവണമെനാണോ...??" കണ്ണ് നിറച്ചോണ്ടുള്ള നന്ദൂന്റെ പറച്ചിൽ കേട്ട് അമ്മമ്മക്കും സങ്കടമുണ്ടായിരുന്നു... "ഇപ്പോ മനസ്സ് പറയുന്നു അതാണ് നല്ലതെന്ന്..." "ഞാൻ ഇവിടം വിട്ട് എങ്ങോട്ടും പോവില്ല്യ....എന്റെ എല്ലാരും ഇവിടെ അല്ലെ... പിന്നെന്തിനാ ഞാൻ അങ്ങോട്ട്‌ പോവുന്നെ....!!" അമ്മമ്മയെ ഇറുക്കെ പിടിച്ചോണ്ട് നന്ദു പറഞ്ഞു...

. നന്ദു അമ്മമ്മയുടെ മുറിയിൽ നിന്നും റൂമിലോട്ട് പോവാൻ നിന്നപ്പോഴാണ് നയനയുടെ വിളി വന്നത്.... "നന്ദുവേച്ചി....!!" "ആഹ്....!!" "വന്നിട്ട് കണ്ടില്ല ഇതെവിടെയായിരുന്നു...." "ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു മോളെ... അല്ല നിഖിലേട്ടനെയൊന്നും കണ്ടില്ലല്ലോ...!!" "അവിടെ മുകളിലെ ബാൽക്കണിയിൽ എല്ലാരുമുണ്ട്...നന്ദുവേച്ചിം വാ....!!" "അയ്യോ... ഞാൻ ഇല്ല നാളെ ക്ലാസ്സൊക്കെ ഉള്ളതല്ലേ... നേരത്തെ എണീക്കാനുള്ളതാ.. നീ പൊക്കോ...!!" "അതെന്ത് പറച്ചിലാ....നന്ദുവേച്ചി വന്നേ...!!" "ഇല്ലാ മോളെ നീ പോക്കേ ഞാൻ..!!" ബാക്കി പറയുന്നതിന് മുമ്പ് നയന നന്ദൂനെ വലിച്ച് കൊണ്ട് പോയിരുന്നു.... ബാൽക്കണിയിൽ എത്തിയപ്പോഴാണ് നയന നന്ദൂന്റെ കൈ വിട്ടത്... "ആഹ്... വന്നോ...!!" നന്ദൂനെ കണ്ടയുടനെ റാം പറഞ്ഞു... നന്ദു അങ്ങോട്ട്‌ നോക്കിയതും മുതിർന്നവർ ഒഴികെ ബാക്കി എല്ലാരും അവിടെ ഉണ്ടായിരുന്നു...നിഖിലേട്ടൻ നിവ്യേച്ചി നിമ്മി നയന അച്ചുവേട്ടൻ സരസ്വതി അമ്മായിയുടെ മക്കളായ റാം, ശ്വാത, അപ്പുവേട്ടൻ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.... നീലൂന്റെ ഒരു കുറവ് മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ...... "ഹാ... നന്ദു വാടോ... എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ...!!" നന്ദൂന്റെ നിൽപ്പ് കണ്ട് അശ്വിൻ (അപ്പു ) പറഞ്ഞു.... "ഏയ് ഒന്നൂല്ല്യ.... നീലു എന്ത്യേ...!!" "അത്‌ശെരി ഞങ്ങൾ ഇത്രയും പേര് ഇവിടെ വടി പോലെ നിൽക്കുപ്പോൾ നീ ചോദിക്കുന്നത് നീലൂനെയാണോ...?? ഹ്മ്മ്.... നല്ല ആളാ...!!" നന്ദൂനെ നോക്കി കൊണ്ട് നിഖിൽ പറഞ്ഞു..

"ഞാൻ ഇവിടെ നീലൂനെ കാണാത്തത് കൊണ്ട് ചോദിച്ചതാ...!!" "പറഞ്ഞപോലെ നീലു എവിടെ...??" ദർശൻ ഫോണിൽ നിന്നും തലയുയർത്തി കൊണ്ട് ചോദിച്ചു... "അപ്പോ മോൻ ഇവിടെ പറഞ്ഞതൊന്നും കേട്ടില്ലേ...നിന്റെ ഭാവി പോണ്ടാടിയോട് ഒന്ന് വരാൻ പറഞ്ഞപ്പോൾ ഒടുക്കത്തെ ജാഡ... കല്യാണമൊക്കെ കഴിഞ്ഞാൽ നീ അവളെ മെരുക്കാൻ കുറച്ച് പാട് പെടും മോനെ....!!" റാമിന്റെ കളിയാക്കി കൊണ്ടുള്ള പറച്ചിൽ കേട്ടതും ദർശൻ അതിന് മറുപടിയായി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു.... "അല്ല എന്നാലും അവൾക്ക് മാത്രമെന്താ നമ്മളോട് ഇത്ര ദേഷ്യം... ഇനി ഞങ്ങള് ഇങ്ങോട്ട് വന്നത് ഇഷ്ട്ടായില്ലേ....!!" ശ്വാത പറഞ്ഞതും അതിന് ബദൽ കണക്കെ എല്ലാവരും അതെയെന്ന് തലയാട്ടി.... "ഓഹ് പിന്നെ അവൾക്ക് ഇഷ്ടമില്ലെന്ന് കരുതി നമ്മക്ക് നമ്മടെ തറവാട്ടിലോട്ട് വരാതിരിക്കാൻ പറ്റോ... ഹും പോവാൻ പറ ആ വടയക്ഷിയോട്...!!" ഫോണിൽ നിന്നും തലയുയർത്താതെയുള്ള നിമ്മിയുടെ പറച്ചിൽ കേട്ട് എല്ലാവർക്കും ചിരി വന്നു..... "ഹ്മ്മ്... എന്തിനാ എല്ലാവരും ചിരിക്കുന്നെ ഞാൻ കാര്യമല്ലേ പറഞ്ഞത്....!!" എല്ലാരേം ചിരി കണ്ടതും നിമ്മി ചോദിച്ചു... "പിന്നെ.... നീ പറഞ്ഞത് പക്കാ കറക്ട് ആണ് അല്ല പിന്നെ... പൊന്ന് മോൾക്ക്‌ അറിയില്ലേ ഈ തറവാട്ട് മുത്തച്ഛൻ നീലൂന്റെ പേരിൽ എഴുതി വെച്ചതൊന്നും...!!" "ഓഹ് പിന്നെ അതിലൊക്കെ എന്തിരിക്കുന്നു...!!" "ഏയ് ഒന്നും ഇരിക്കുന്നില്ല... അവൾക്ക് വേണേൽ നമ്മളെയൊക്കെ ഇവിടെന്ന് അടിച്ച് പുറത്താക്കാവുന്നത്തെയൊള്ളു....!!"

"മതിയെടാ അക്കാര്യം സംസാരിച്ചത്....!!" ദർശൻ പറഞ്ഞതും എല്ലാവരും പിന്നെ ഓരോന്ന് പറഞ്ഞിരുന്നു.....സംസാരിച്ചിരുന്ന് ഓരോരുത്തരും ഉറങ്ങുന്നുണ്ട്.... നയന നിവ്യേച്ചിയുടെ തോളിൽ തലവെച്ച് കിടക്കുന്നുണ്ട്.... നിമ്മി ആണെങ്കിൽ അപ്പുവേട്ടന്റെ മടിയിൽ തലവെച്ച് കിടക്കുന്നുണ്ട്.... അങ്ങനെ ഓരോരുത്തരും ഓരോ ഭാഗത്ത്‌ സൈഡായി....നന്ദു തൂണിൽ ചാരിയിരുന്നു ഇതൊക്കെ നോക്കുകയാണ്... പെട്ടെന്ന് തന്റെ തോളിലോട്ടും ആരോ ചായുന്നത് കണ്ട് സൈഡിലോട്ട് നോക്കി.....നിഖിലേട്ടൻ ആണെന്ന് അറിഞ്ഞതും നന്ദു പതിയെ എഴുനേറ്റ് തന്റെ തോളിൽ നിന്നും നിഖിലേട്ടനെ അടർത്തി മാറ്റി അവിടെന്ന് എഴുനേറ്റു......കിടക്കാൻ പോവാൻ വേണ്ടി നിന്നതും നിമ്മി ഉറക്കപിച്ചിൽ എഴുനേറ്റു.... "നന്ദൂ.....!!" നിമ്മിയുടെ വിളി കേട്ടതും നന്ദു തിരിഞ്ഞു നോക്കി..."ആഹ്...!!" "ഇങ്ങോട്ട് വാ കൊച്ചേ.... നീ ആ വടയക്ഷിയുടെ അടുത്താണോ കിടക്കുന്നത്.... ഹ്മ്മ് പറ കൊച്ചേ....!!" നിമ്മി ഉറക്കത്തിൽ കൈ കൊണ്ട് ഓരോ കോപ്രായങ്ങൾ കാണിച്ചോണ്ട് ചോദിച്ചു.... "ആഹ്... ഏയ് അല്ല...!!" "ഹ്മ്മ്...Take me with uuhhh....where you want to sleep..........!!" "ആരാടി അവിടെ കിടന്ന് അലറുന്നേ.... എണീറ്റ് പോടീ....!!" ഉറക്കത്തിൽ റാമിന്റെ പറച്ചിൽ കേട്ട് നന്ദു പോവാൻ വേണ്ടി നിന്നു.... "എന്നേം കൂടെ കൊണ്ട് പോ....!!" നിമ്മിയുടെ പറച്ചിൽ കേട്ട് നന്ദു നിമ്മിയെ വിളിച്ചെങ്കിലും ആള് ഒരു നരക്കം മാത്രേ ഒള്ളൂ എന്ന് കണ്ടതും നന്ദു വേഗം റൂമിലോട്ട് പോയി.........

. "ശിവാ.... ടീനയുടെ ക്യാരക്റ്റർ നിനക്ക് അറിയുന്നതല്ലേ... പറയാനുള്ളത് മുഖത്തു നോക്കി പറയും...അതിപ്പോ ബാക്കിയുള്ളോർ എങ്ങനെ എടുക്കുമെനൊന്നും അവള് ചിന്തിക്കാറില്ല...വാസുനെ നിനക്ക് അറിയാലോ... എന്തെങ്കിലും കേട്ടാൽ പിന്നെ അത് മതി സങ്കടപെട്ടിരിക്കാൻ...അത്കൊണ്ട് പറയാണ് നീ വാസൂന് സേഫ് ആയ വേറെ വല്ല സ്ഥലതൊട്ട് മാറ്റ്....!!" "ആൽബി വാസൂനെ ഞാൻ ഇപ്പോ എങ്ങോട്ട് കൊണ്ട് പോവാനാ... ഇവിടെ എനിക്ക് വിശ്വാസമുള്ളത് നിന്നെ മാത്രാ... അതാ ഞാൻ നിന്റെ വീട്ടിൽ വാസൂനെ താമസിപ്പിച്ചത്... നീ പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുമ്പോൾ ഞാൻ ഇപ്പോ വാസൂനേം കൊണ്ട് എങ്ങോട്ട് പോവാനാ....!!" "എനിക്ക് അറിയില്ല ശിവ... നിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ഇങ്ങനെ പറയാൻ പാടില്ലെന്നുമറിയാം... പക്ഷേ... ടീന...??? അവൾക്ക് ഒട്ടും ഇഷ്ട്ടമല്ല ഞങ്ങടെ വീട്ടിൽ വാസു നിൽക്കുന്നത്....ഒരു ഭർത്താവിന് ഭാര്യയോട് ഒരു പരിതി വരെയാ പറഞ്ഞ് മനസ്സിലാക്കാൻ പറ്റൂ... ഇതിപ്പോ വാസൂന്റെ ഭാഗം ചേർന്ന് സംസാരിക്കുപ്പോൾ അവള് എന്നെ ഏതോ സംശയത്തിന്റെ കണ്ണിലൂടെയാ കാണുന്നെ... അതാ ഞാൻ നിന്നോട് പറഞ്ഞേ....!!" തലക്കുനിച്ചുള്ള ആൽബിയുടെ സംസാരം കേട്ടതും ശിവ ഇരിപ്പിട്ടത്തിൽ നിന്നും എഴുനേറ്റു.... "എന്റെ വാസു കാരണം ടീനയുടെയും നിന്റെയും ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല... നാളെ മോർണിംഗ് ഞാൻ വാസൂനെ കൊണ്ട് പൊക്കോളാം...!!" "എടാ ശിവ ഞാൻ അങ്ങനെ അല്ല....!!"

"ഏയ്‌ കുഴപ്പല്ലടാ.... ഞാൻ ഏതെങ്കിലും ഹോസ്റ്റലിൽ റൂം ഉണ്ടാവോ എന്ന് നോക്കട്ടെ....!!" "എടാ അതൊക്കെ റിസ്ക് അല്ലെ... നീ താമസിക്കുന്നയിടത്തേക്ക് കൊണ്ട് പോകൂടെ...!!" "ഏയ്‌ അതൊന്നും ശെരിയാവില്ല....!!" "എന്നാൽ വാസൂനെ വീട്ടിലോട്ട് കൊണ്ട് പോകൂടെ...!!" "എടാ ഇപ്പോ ഉള്ള പ്രൊജക്റ്റ്‌ തീരണമെങ്കിൽ മിനിമം ഒരു മാസമെങ്കിലും എടുക്കും... അതിനിടക്ക് എവിടെന്നാ വീട്ടിൽ പോവാൻ നേരം.... ഇനി അഥവാ വീട്ടിൽ ചെന്നാലുണ്ടാകുന്ന പ്രശ്നങ്ങൾ ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല.... ആഹ്... നീ പോവാൻ നോക്ക്... സമയം ഒരുപാട് ആയില്ലേ....!!'" "അപ്പോ നീ പോവുന്നില്ലേ....!!" "ആഹ്... പോവണം...!!" ആൽബി കാറെടുത്ത് പോയതും ശിവ നിലാവുള്ള മാനത്തേക്ക് നോക്കി ഇരുന്നു.... പുലർച്ചെ എഴുനേൽക്കാൻ നോക്കിയപ്പോഴാണ് തന്റെ അടുത്ത് ആരോ ഉള്ള പോലെ നന്ദൂന് തോന്നിയത്... എണീറ്റ് നോക്കിയപ്പോഴാണ് നിമ്മിയാണെന് മനസ്സിലായത്.... "നിമ്മീ എഴുനേൽക്കുന്നില്ലേ...!!" "ഹേ... നന്ദു ആഹ്... എഴുനേല്ക്കാം... ഇപ്പോ അങ്ങോട്ട്‌ കിടന്നല്ലെയൊള്ളു...!!" "ആഹ് ബെസ്റ്റ് ഇവളിവിടെ വന്ന് കിടക്കാണോ.... ഇവള് വരാന്തയിൽ കിടന്ന് ഉറങ്ങയിരുന്നു... അവിടെന്ന് ഞാൻ ആട്ടിയതാണ്...ഇപ്പോ ഇവിടേം വന്ന് കിടന്നോ... നിമ്മീ... എണീക്ക്..... " നിവ്യ അതും പറഞ്ഞോണ്ട് നിമ്മിയെ തട്ടി വിളിച്ചു.... "ചേച്ചി... കുറച്ചൂടെ... ഒരു ഫൈവ് മിനുട്സ്... പ്ലീസ്....!!" "നോക്ക് നിമ്മീ ഇത് നിന്റെ US അല്ല....

അവിടെ എല്ലാരും ചോദിക്കുന്നുണ്ട് പിള്ളേര് എഴുന്നേറ്റില്ലെന്ന്....!!" "എന്ത് കഷ്ട്ടാ ഇത്....!!" ബെഡിൽ എഴുനേറ്റ് ഇരുന്ന് കൊണ്ട് നിമ്മീ മുഖവും ചുളുക്കി കൊണ്ട് പറഞ്ഞു.... "ഒരു കഷ്ട്ടവുമില്ല...നിമ്മീ എന്താ ഇത് മുട്ടിയൊക്കെ ഒന്ന് ഒതുക്കി വെച്ച് കിടന്നുറങ്ങി കൂടെ....!!" നിമ്മിയുടെ മുടി ഒതുക്കി വെച്ച് കൊടുത്തോണ്ട് നിവ്യ പറഞ്ഞു.... "ചേച്ചി പതുക്കെ...!!" "ആഹ്... ഇനി വേഗം കുളിച്ചിട്ട് വാ...എന്നിട്ട് പോവാൻ ഉള്ളതാ....!!" "എങ്ങോട്ടാ പോവുന്നെ...!!"__ നന്ദു നിവ്യയോടായി ചോദിച്ചു... "അമ്പലത്തിൽ പോവണം.... പിന്നെ നാട്ടൊക്കെ ഒന്ന് ചുറ്റിത്തിരിയണം...അത്ര തന്നെ....!!" "ആഹ്.. അപ്പോ ഇന്ന് ഫുൾ അടിച്ച് പൊളിയല്ലേ നവ്യേച്ചി...!!" "ആഹ് അങ്ങനെയും പറയാം...വേഗം ഒരുങ്ങിക്കോ നീയും....!!" "ഞാനോ ഞാൻ ഒന്നും ഇല്ല്യേച്ചി... നിങ്ങള് പൊക്കോ.... എനിക്ക് ക്ലാസ്സ്‌ ഉള്ളതാ...!!" "ഓഹ് പിന്നെ ഞങ്ങളൊക്കെ ലീവ് എടുത്ത് വന്നേക്കുവാ... അപ്പോഴാ അവളെ ഒരു ക്ലാസ്സ്‌ ഒന്ന് പോയെ കൊച്ചേ....!!' നിമ്മി നന്ദൂനോടായി പറഞ്ഞു... "ഇല്ല നിമ്മി.... നിങ്ങള് പോക്കോ... കോളേജിൽ പോയില്ലെങ്കിൽ അറ്റൻഡ് ഷോർട്ടേജ് ഉണ്ടാവും....!!" "എന്റെ പൊന്നോ... നീയൊക്കെ എന്നെങ്കിലും ക്ലാസ്സിൽ ഇരിക്കാതെ ഇരുന്നിടുണ്ടോ... ആ നിനക്കാ അറ്റൻഡ് ഷോർട്ടേജ്... നീ ഒന്നും പറയണ്ട നീ ഇന്ന് കോളേജിൽ പോവുന്നില്ല.... മോള് പോയി കുളിച്ചിട്ട് വാ....!!" "അല്ല ഞാൻ.....!'" ബാക്കി പറയാൻ സമ്മതിക്കാതെ നന്ദൂനെ നിമ്മി ബാത്‌റൂമിലോട്ട് കേറ്റി

"ഭവാനിയമ്മേ ഞാൻ അല്ല അമ്മയാ കഴിക്കേണ്ടത്.... എനിക്കല്ല അസുഖം അതോർക്കുന്നത് നല്ലതാ....!!" പ്ലെയ്റ്റിലോട്ട് ഭക്ഷണം വീണ്ടും വീണ്ടും ഇട്ട് കൊടുക്കുന്ന ഭവാനിയമ്മയെ കണ്ടതും സഖാവ് പറഞ്ഞു.... "വാചകമടിക്കാതെ ഇരുന്ന് കഴിക്ക് ചെറുക്കാ....... ഞാൻ അവിടെ കിടന്നാൽ പിന്നെ നീ പട്ടിണിയാവും....അല്ലെങ്കിൽ നീ ആരെങ്കിലും കൂടിന് കൊണ്ട് വാ... അപ്പോ ഞാൻ കിടന്നോളാം....!!" "അതൊക്കെ നമ്മുക്ക് പിന്നീട് ആലോചിക്കാം....!!" കൈ കഴുകുന്നതിനിടയിൽ സഖാവ് അമ്മയോടായി പറഞ്ഞു.... "പിന്നല്ലെടാ കണ്ണാ.... നീ എനിക്ക് വാക്ക് തന്നതാ ഇന്ന് അമ്പലത്തിൽ വരാമെന്ന്....!!" ഭവാനിയമ്മ ഒരു സൂചന കണക്കെ പറഞ്ഞു..... "ഓഹ്... അത്‌ അത്‌ നാളെ പോവാം... ഇന്ന് എനിക്ക് വല്ല്യ സഖാവിന്റെ അടുത്തേക്ക് പോവാ....!!" "നീ ഓരോ മുടന്തൻ നായങ്ങൾ ഒന്നും പറയണ്ട.... ഇന്ന് പോവണം എന്ന് പറഞ്ഞാൽ പോവണം...!!" ഭവാനിയമ്മ ദേഷ്യത്തിൽ അത്രയും പറഞ്ഞോണ്ട് അടുക്കളയിലോട്ട് പോയി....സഖാവും പിന്നാലെ ചിരിച്ചോണ്ട് പോയി....ആഹാ ആള് പിണക്കത്തിലാണ്.... "ഭവാനി കൊച്ചേ....!!" പത്രം കൊണ്ട് ശബ്ദം ഉണ്ടാക്കി ദേഷ്യം അടക്കുന്ന ഭവാനിയമ്മേ നോക്കി കൊണ്ട് സഖാവ് വിളിച്ചു.... "എന്താടാ ചെറുക്കാ....!!" കണ്ണുരുട്ടി കൊണ്ട് കുറച്ചു ദേഷ്യത്തിൽ ആയിരുന്നു മറുപടി... "അയ്ഷ് ഇങ്ങനെ കണ്ണുരുട്ടാതെ നമ്മക്ക് പോവാന്നെ....!!" "നീയല്ലേ വന്നത് തന്നെ....!!" "ആഹാ... അങ്ങനെ ആണോ എന്നാ ഇപ്പോ തന്നെ പോവാം....!!പക്ഷേ ഒരു കണ്ടീഷൻ...??"

"നീ അമ്പലത്തിലോട്ട് കയറില്ല എന്നായിരിക്കും അല്ലെ...!!" സഖാവ് പറയുന്നതിനിണ്ടക്ക് കേറി ഭവാനിയമ്മ പറഞ്ഞു...അതെയെനർത്ഥത്തിൽ സഖാവും.... "ഹ്മ്മ്മ്... നീ അവിടെ വരെ വന്നാൽ മതി....!!"  പണ്ടാരം ഈ കോപ്പ് എടുത്തോണ്ട് മര്യാദക്ക് നടക്കാനും പറ്റുന്നില്ല....എങ്ങനെ ഓടി ചാടി നടന്നിരുന്ന ഞാനാ... ദേ ഇപ്പോ കണ്ടില്ലേ അരിച്ചരിച്ച് നടക്കുന്നു.... വല്ല ജീൻസ് എങ്ങാനും ഇട്ടാ മതിയായിരുന്നു.....!!" അമ്പലത്തിലോട്ട് നടന്ന് പോവുന്ന നിമ്മി സാരിയുടെ തുമ്പ് പിടിച്ചോണ്ട് പറഞ്ഞു.... "നിമ്മി ഒന്ന് വേഗം വരുവോ... നീ എന്താ അവിടെ എടുക്കുന്നെ....!!" ശ്വാത മുമ്പിൽ നിന്നും വിളിച്ച് കൂവി.... എല്ലാവരും ഒരുവിധം മുമ്പിൽ ആണ്... നിമ്മി മാത്രം നടക്കാൻ കഴിയാതെ പിന്നിലും.... "ഓഹ്.... താ വരുന്നു... ഈ സാധനം എടുത്തോണ്ട് മര്യാദക്ക് നടക്കാൻ കഴിയണ്ടേ മനുഷ്യന്...." "ഹ്മ്മ് ആരാ ഇതൊക്കെ ഉടുക്കാൻ നിന്നോട് പറഞ്ഞെ.... നിനക്ക് അല്ലായിരുന്നു നിർബന്ധം സാരി തന്നെ ഉടുക്കണമെന്ന്... അനുഭവിക്ക്...!!" നിവ്യ നിമ്മിയോടായി പറഞ്ഞു... "നിങ്ങള് പോക്കോ... ഞാനും നന്ദുവും പയ്യേ വന്നോളാം.. അല്ലെ നന്ദു....!!" നന്ദൂനെ നോക്കി കൊണ്ട് നിമ്മി പറഞ്ഞു... "ആഹ് എന്നാൽ ഞങ്ങള് പോവാ...

നിങ്ങള് രണ്ടാളും പയ്യേ നടന്നു പോര്....!!" നിഖിൽ പറഞ്ഞതും നന്ദു തലയാട്ടി കൊടുത്തു.... അവര് പോയതും നിമ്മി... "എന്റെ നന്ദു എന്നെ കൊണ്ട് വെയ്യാ ഇതും വലിച്ചോണ്ട് നടക്കാൻ...നിനക്ക് ഒരു കുഴപ്പും ഇല്ലല്ലോ....!!" "ഇതിലൂടെ സ്ഥിരം നടക്കുന്നതാ... അപ്പോ കുഴപ്പല്ല്യ... നിമ്മി കുറെ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട് അതായിരിക്കും ഇത്ര ക്ഷീണം... സാരല്ല്യ കുറച്ച് നേരം ഇവിടെ നിൽക്കാം....!!" നന്ദു നിമ്മിയോടായി പറഞ്ഞു.... "എന്റമ്മേ.... ഈ പൊരിവെയിലത്തോ.... അതിലും ഭേദം നടക്കുന്നതാ... നീ നടക്ക് മോളെ....!!" നന്ദൂനെ ഉന്തി കൊണ്ട് നിമ്മി മുന്നോട്ട് നടന്നു.... "നന്ദു... നിനക്ക് സാരി ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് കേട്ടോ...!!" "നിമ്മിക്കും കൊള്ളാം...!!" നന്ദു തിരിച്ചും പറഞ്ഞു... "നന്ദു ഇനി കുറച്ചു കഴിഞ്ഞാൽ ഞങ്ങള് എല്ലാരും US ലോട്ട് പോവും... അപ്പോ ഞാൻ നിന്നെ ഒത്തിരി മിസ്സ്‌ ചെയ്യും..!" "ഞാനും എല്ലാരേം മിസ്സ്‌ ചെയ്യും...!!" "ഞാൻ ഒരു കാര്യം ആലോചിക്കാണ്...!!" "എന്ത് കാര്യം..!" നന്ദു നെറ്റി ചുളിച്ചോണ്ട് ചോദിച്ചു.... "അത് ഇപ്പോ എങ്ങനെയാ നിന്നോട് പറയാ....!!" നിമ്മി നടത്തം നിർത്തി കൊണ്ട് പറഞ്ഞു... "എന്താണെങ്കിലും പറ നിമ്മി...!!" "നിനക്ക് എന്റെ ഏട്ടായിയെ കുറിച്ച് എന്താ അഭിപ്രായം....!!"

"ആരെ നിഖിലേട്ടനെ കുറിച്ചോ....!!" നന്ദു "ആഹ്...നിഖിലേട്ടനെ കുറിച്ച് തന്നെ... നീ പറ!!" "നിഖിലേട്ടനെ കുറിച്ച് ഞാൻ എന്ത് പറയാനാ.... നിഖിലേട്ടൻ നല്ലയാളല്ലേ... ഒരു ദുശീലവുമില്ല... അധികം ആരെയും വഴക്ക് പറയില്ല... എന്നോടൊക്കെ നല്ല കൂട്ട് ആണ്.... പിന്നെന്താ...!!" നന്ദു ചുണ്ട് ചുളുക്കി കൊണ്ട് നിമ്മിയോടായി പറഞ്ഞു... "അയ്ശ്... ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്‌... നീ ട്രാക്കിലോട്ട് വാ....!!" "നിമ്മി നീ എന്താ പറയുന്നേ... ട്രാക്കിലോട്ട് വരാനോ..??" "എടി പൊട്ടി കാളി ഞാൻ ഉദേശിച്ചത്‌ നിനക്ക് എന്റെ ഏട്ടായിയുടെ പെണ്ണ് ആയിക്കൂടെ എന്നാണ്....എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടാടി കോപ്പേ.... നീ ആ വടയക്ഷിയെ പോലെ ഒന്നും അല്ല... എന്ത് സ്വീറ്റ് ആണെന്ന് അറിയോ....!!" അത്രയും പറഞ്ഞ് കൊണ്ട് നിമ്മി നന്ദൂന്റെ മറുപടിക്കായി കാത്ത് നിന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story