ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 10

ormappottukal

രചന: റിൻസി പ്രിൻസ്‌

" ഞാന് ഈ ഞായറാഴ്ച ചോദിക്കാം,

  അനീറ്റ ഉറപ്പുപറഞ്ഞു. പെട്ടെന്നാണ് അഞ്ജന അവിടേക്ക് ഒരു പാർലേജിയുടെ ബിസ്ക്കറ്റുമായി വന്നിരുന്നത്.  ഞങ്ങളുടെ നേരെയും അവൾ ബിസ്ക്കറ്റ് നീട്ടിയിരുന്നു, 

" എനിക്ക് വേണ്ട ഈ പന്ന ബിസ്ക്കറ്റ്, എനിക്കിഷ്ടമല്ല ദീപയാണ് മറുപടി പറഞ്ഞത്.

എന്നാൽ എല്ലാവരും കൂടി ബിസ്ക്കറ്റ് കഴിക്കാൻ ഇരുന്നപ്പോൾ ഏറ്റവും കൂടുതൽ കഴിച്ചതും ദീപ തന്നെയാണ്,  തനിക്കും തോന്നിയിരുന്നു അത്ര വലിയ രുചി ഒന്നുമില്ലാത്ത ബിസ്ക്കറ്റ് ആണിത്, പലപ്പോഴും അമ്മ പണി കഴിഞ്ഞു വരുമ്പോൾ ഈ ബിസ്ക്കറ്റ് ആണ് വാങ്ങിക്കൊണ്ടുവരുന്നത്.  ഇതും കടുംകാപ്പിയും ആണ് എപ്പോഴും വൈകുന്നേരവും കഴിക്കാറുള്ളത്. എന്നാൽ വീട്ടിലിരുന്ന് കഴിക്കുന്നതിലും ഒരു പ്രത്യേക രുചി  ഇന്ന് അത് കഴിക്കുമ്പോൾ ലഭിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു,  അല്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പങ്കിട്ടു കഴിക്കുമ്പോൾ അത് എന്താണെങ്കിലും അതിന് രുചി അല്പം കൂടുതലാണല്ലോ,  പിന്നീട് അവർക്കൊപ്പം തന്നെയായിരുന്നു കൂട്ട്, അവരുടെ എട്ടുപേരുടെ സംഘത്തിലേക്ക് ഞങ്ങളും കൂടി ചേർന്നു. ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും എല്ലാം ഒരുമിച്ച് ആയിരുന്നു,  ടീച്ചർമാർക്ക് പലർക്കും അത് ഇഷ്ടമായിരുന്നില്ല എന്നതാണ് സത്യം, ഞാനും ആവറേജ് സ്റ്റുഡൻസ് ആയതുകൊണ്ട് തന്നെ ഇവർക്കൊപ്പം കൂട്ടുകൂടി ഞങ്ങൾ പഠനത്തിൽ പിന്നോക്കം പോകുമോ എന്നൊരു ഭയം അവർക്ക് ഉണ്ടായിരുന്നു.  സ്റ്റാഫ് റൂമിൽ വിളിച്ച് ഞങ്ങളെ രണ്ടുപേരെയും ഇടയ്ക്കിടെ ഉപദേശിക്കുന്നത് ടീച്ചർമാരുടെ പതിവ് കാര്യമായി മാറി. ഒരിക്കൽ തന്നെ ഫാദർ നേരിട്ട് വിളിപ്പിച്ചു പഠനത്തിൽ ഉഴപ്പരുത് എന്ന് പ്രത്യേകം പറഞ്ഞു,  പക്ഷേ ആ സൗഹൃദം അത് ഞങ്ങൾ രണ്ടുപേരും നന്നായി ആസ്വദിച്ചിരുന്നു. ഞങ്ങളിലേക്ക് മാത്രം ഒതുങ്ങി പോയപ്പോൾ ഞങ്ങൾക്ക് നഷ്ടമായ കുറെ മനോഹരമായി നിമിഷങ്ങൾ ആയിരുന്നു അവർ ഞങ്ങൾക്ക് തിരികെ തന്നത്  എന്ന് തോന്നി.  ഒരുമിച്ച് തുറക്കുന്ന ഭക്ഷണപ്പൊതികളുടെ ഗന്ധത്തിലും വിഭവങ്ങളുടെ നിറവിലും ഒക്കെ ഒരു മനോഹരമായ സൗഹൃദം ഞങ്ങൾ നേരിട്ട് കാണുകയായിരുന്നു.  അപ്പോഴെല്ലാം ഉള്ളിൽ ഒരു വിങ്ങലായ് ഉണ്ടായിരുന്നത് ഈ ഒരു വർഷം മാത്രമേ ഇത് ഉള്ളല്ലോ എന്നതു തന്നെയായിരുന്നു.  അടുത്തവർഷം എല്ലാവരും പല വഴിക്ക് പിരിയും,

  അതുവരെ അമ്മച്ചിക്കൊപ്പം ഒന്നാം കുർബാനയ്ക്ക് പോയിരുന്ന താൻ ആ ഞായറാഴ്ച രണ്ടാം കുർബാനയ്ക്കാണ് പോയത്.  കാരണം ആ കുർബാനയ്ക്കാണ് കുട്ടികളും യുവാക്കളും ഒക്കെ എത്തുന്നത്, ആൾ ആ കുർബാനയ്ക്ക് ആയിരിക്കും  വരിക എന്ന ഒരു ചിന്ത മനസ്സിൽ വന്നതുകൊണ്ട് തന്നെ ആ കുർബാനയ്ക്ക് പോകാൻ തീരുമാനിച്ചു,  കാരണം ചോദിച്ചപ്പോൾ കൂടെ പഠിക്കുന്ന അനീറ്റ ആ കുർബാനയ്ക്കാണ് വരുന്നത് എന്ന് പറഞ്ഞ് അമ്മച്ചിയോട് ഒഴിഞ്ഞു.  പതിവിലും നന്നായി തന്നെ ഒരുങ്ങിയാണ് അന്ന് പള്ളിയിലേക്ക് പോകാൻ തീരുമാനിച്ചത്,  നീല നിറത്തിലുള്ള പാവാടയും അതിനു ചേരുന്ന വെള്ള നിറത്തിലെ കോട്ടൺ ടോപ്പും അണിഞ്ഞു,  അതുവരെ ഇല്ലാത്ത ചമയങ്ങളൊക്കെ അന്ന് മുഖത്ത് ഇടം നേടി, പള്ളിയിൽ പോകുമ്പോൾ പൊതുവേ കണ്ണെഴുതുന്നതല്ല എന്നാൽ അന്ന് കണ്ണെഴുതാൻ ഒരു പ്രത്യേക താല്പര്യം ആയിരുന്നു.  പൊട്ടു തൊട്ടാൽ അച്ഛൻ വഴക്ക് പറയും എന്നതുകൊണ്ട് മാത്രം പൊട്ട് ഒഴിവാക്കി, എങ്കിലും നന്നായി ഒരുങ്ങി തന്നെയാണ് അന്ന് പള്ളിയിലേക്ക് എത്തിയത്.  അകത്തേക്ക് കയറിയതും ആദ്യം കണ്ണുകൾ പാറിയത് പുരുഷന്മാരുടെ വരിയിലേക്ക് തന്നെയാണ്,  പ്രതീക്ഷിച്ചത് പോലെ ആൾ  കൃത്യമായി അവിടെ എത്തിയിട്ടുണ്ട്,

ഇതുവരെ പള്ളിയിൽ വരുമ്പോൾ ക്രൂശിത രൂപത്തിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത് എങ്കിൽ അന്നത്തെ ദിവസം ശ്രദ്ധ പോയത് ആളിൽ മാത്രമായിരുന്നു,  പള്ളിയിൽ നടന്ന കുർബാനയും പ്രസംഗവും ഒന്നും താൻ കേട്ടില്ല, ലോകം ആ ഒരാളിലേക്ക് മാത്രം ചുരുങ്ങി പോയത് പോലെ, പ്രിയപ്പെട്ടത് ഒരു കൈയ്യകലത്തിലുള്ള ചരിതാർഥ്യം. പ്രതീക്ഷ വിദൂരത്തു പോലുമില്ലങ്കിലും പ്രത്യാശ ഉള്ളിൽ നിറയുന്നു...

  പള്ളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ അനീറ്റ കാത്തു നിൽക്കുന്നുണ്ട്, ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് രണ്ട് സൺഡേ സ്കൂൾ ആണ്.  ഞങ്ങൾക്കുള്ളത് സൺഡേ സ്കൂളിൽ അല്ല അവൾ വേറെ ബാച്ച് ആണ്,  തമ്മിൽ സംസാരിച്ചപ്പോൾ ഇടയ്ക്കാണ് ഇടം കണ്ണിട്ട് നോക്കി അവൾ നന്നായി വാരുന്നുണ്ട്,

"   നീ സാധാരണ ഈ കുർബാനയ്ക്ക് അല്ലല്ലോ വരുന്നത്. 

ആളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് തന്നോട് പതുക്കെ പറയുകയാണ് അവൾ..

" നീ ചോദിച്ചോ..?

അതറിയാനായിരുന്നു ആകാംക്ഷ,

"  ഇല്ലെടീ ഞാൻ ഇന്ന് കാണും,   ചോദിക്കാം,  ഇന്ന് വൈകുന്നേരം  ചേട്ടായിയുടെ ബർത്ത് ഡേ സെലിബ്രേഷൻ ഉണ്ട് വീട്ടിൽ, കേക്ക് മുറിക്കാൻ എന്താണെങ്കിലും പുള്ളിയും വരും.  അപ്പോൾ ഞാൻ ഈ കാര്യം ചോദിക്കാം,

"എനിക്ക് എന്തോ ആകപ്പാടെ ഒരു വെറവൽ...

" നീ സണ്ടസ്കൂളിന് ചെല്ല്... ഇല്ലെങ്കിൽ ഇപ്പൊൾ അച്ഛൻ ആയിരിക്കും വന്നു വിറപ്പിക്കുന്നത്,

അവൾ പറഞ്ഞപ്പോൾ അവളോട് ബൈ പറഞ്ഞു സൺഡേ സ്കൂളിന് കയറാൻ വേണ്ടി ഓഡിറ്റോറിയത്തിലേക്ക് നടന്നിരുന്നു.  അപ്പോഴാണ് പെട്ടെന്ന് ആൾ മുന്നിൽ കൂടെ ഒന്ന് പാസ് ചെയ്തത്,  തന്നെ കണ്ടതും  ഒരു പുഞ്ചിരി നൽകാൻ മറന്നിരുന്നില്ല,  തിരികെ ഒരു പുഞ്ചിരി താനും നൽകി.   നൂറ് അർഥങ്ങൾ ഉള്ള ഒരു പുഞ്ചിരി,

അന്നത്തെ രാത്രി വെളുപ്പിക്കാൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്,  പിറ്റേദിവസം അനിറ്റയെ  കാണുവാനും ആൾ എന്തു പറഞ്ഞു എന്ന് അറിയുവാനും ഒക്കെയുള്ള ആകാംക്ഷയായിരുന്നു,

ഇന്നത്തെ പോലെ വാട്സപ്പും ഫേസ്ബുക്കും ഒന്നുമില്ലാത്തതുകൊണ്ട് വിവരങ്ങളൊക്കെ അറിയണമെങ്കിൽ ഒരുപാട് കാത്തിരിക്കേണ്ട ഒരു കാലഘട്ടം ആയിരുന്നല്ലോ,  അമ്മയുടെ പഴയ നോക്കിയ ഫോണിൽ അനീറ്റയുടെ നമ്പർ ഓർമിച്ചെടുത്ത് വിളിക്കാൻ നോക്കിയെങ്കിലും, അമ്മയുടെ സാന്നിധ്യം ഇല്ലാതെ വിളിക്കാൻ കഴിയില്ലന്ന് മനസ്സിലായിരുന്നു.  ഈ സംഭവത്തിനു ശേഷം അമ്മയുടെ ഫോണിൽ നിന്നും സുഹൃത്തുക്കളെ ഒന്നും തന്നെ വിളിച്ചിട്ടില്ല എന്നതാണ് സത്യം. ആരെ വിളിക്കുമ്പോൾ അറിയാതെയെങ്കിലും ഇക്കാര്യം പറഞ്ഞുപോയി ആരെങ്കിലും കേട്ടാലോ എന്നുള്ള ഒരു ഭയമാണ്..  ഒരു കള്ളം ചെയ്യുന്നത് പോലെ , അല്ലെങ്കിലും ഫോണിലെ പൈസ തീരും എന്ന് പറഞ്ഞ് അമ്മച്ചി ആരെയും വിളിക്കാൻ സമ്മതിക്കാറില്ല.  ആകെ വിളിക്കുന്നത് ദീപയാണ്,  മിസ്കോൾ അടിച്ചാൽ ഉടനെ അവൾ തിരികെ വിളിക്കും.  മഞ്ജുവിനെ വിളിച്ചാൽ പിന്നെ വീട്ടിൽ എല്ലാവരും ഫോണിൽ സംസാരിച്ചതിനു ശേഷം മാത്രമേ കൊടുക്കുകയുള്ളൂ, അവളെ അത്രയ്ക്ക് വിശ്വാസമാണ് വീട്ടിൽ,   അതുകൊണ്ടുതന്നെ നാളെവരെ കാത്തിരിക്കുകയും നിർവാഹമുള്ളൂ..

അന്ന് അതിരാവിലെ തന്നെ ഉണർന്നിരുന്നു, എന്തിനോട് എങ്കിലും അഗാധമായ സ്നേഹം തോന്നിയാൽപ്പിന്നെ ജീവിതത്തിന് ഒരു താളം വരും... സ്കൂളിലേക്ക് പോകാൻ ഒരു പ്രത്യേക സന്തോഷവും അന്നു തോന്നി,  അപ്പോഴാണ് മറ്റൊരു കാര്യം ഓർത്തത് അന്ന് ആള് പറഞ്ഞത് എട്ടരയുടെ ബസ്സിന് പോകും എന്നാണ്, അപ്പോൾ ആ സമയത്ത് പോയാൽ ആളെ ഒന്ന് കാണാൻ സാധിക്കും, ബെസ്റ്റ് സ്റ്റോപ്പിന് അടുത്തുള്ള വഴിയൊന്ന് കറങ്ങി പോയാൽ മതി , അങ്ങനെയൊരു ചിന്തയും മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.  അതുകൊണ്ട് അല്പം നേരത്തെ ആണ് ഇറങ്ങിയത്.  അവിടേക്ക് നടന്നു തുടങ്ങിയപ്പോൾ നെഞ്ചിൽ അല്പം ഭാരം തോന്നി തുടങ്ങിയിരുന്നു, എങ്കിലും പ്രതീക്ഷ തെറ്റിയില്ല, ബസ്റ്റോപ്പിൽ ആള് നിൽപ്പുണ്ട്  മനസ്സിൽ ഒരു നൂറു പൂത്തിരി ഒരുമിച്ച് മിന്നിയതുപോലെയാണ് അപ്പോൾ തോന്നിയത്.  അരികിലൂടെ നടന്നു പോയപ്പോൾ തന്നെ നോക്കി പതിവ് പുഞ്ചിരി നൽകാൻ ആളു മറന്നിരുന്നില്ല, ആ ദിവസം മുഴുവൻ സമാധാനം നിറയാൻ ആ ഒരു ചിരി മാത്രം ധാരാളമായിരുന്നു,

പതിവിലും നേരത്തെ തന്നെ ക്ലാസിൽ കണ്ടതു കൊണ്ടായിരിക്കാം മഞ്ജിമയ്ക്ക് അത്ഭുതം തോന്നിയത്...

": എന്താടി നീ ഇന്ന് നേരത്തെ,

"  ആള് എട്ടരയുടെ ബസ്സിനാ പോകുന്നത്, ബസ്റ്റോപ്പ് വഴി വന്നാൽ ഒന്ന് കാണാമല്ലോ,  അതുകൊണ്ട് ഞാൻ ഇത്തിരി നേരത്തെ ഇറങ്ങിയത്...

പറയുമ്പോൾ അല്പം ചമ്മലുണ്ടായിരുന്നു,  എങ്കിലും അവൾ ഒരു കള്ളച്ചിരിയോടെ അത് കേട്ടിരുന്നു,

" അതെ നീ ഇന്നലെ പള്ളിയിൽ വെച്ച് കണ്ടില്ലേ..?

വിശേഷങ്ങൾ അറിയാൻ തിടുക്കമായി,

"  കണ്ടിരുന്നു..

" എന്നിട്ട്,

"എന്നെ നോക്കി ചിരിച്ചു അപ്പോൾ ഞാനും ചിരിച്ചു,  നീ വിചാരിക്കുന്നത് പോലെ ഞങ്ങൾ അങ്ങനെ പരസ്പരം സംസാരിച്ചിട്ട് ഒന്നുമില്ല.  ആദ്യമായിട്ട് സംസാരിച്ചത് തന്നെ അന്ന് ആശുപത്രിയിൽ വച്ച്  ആണ്. ഇന്ന് രാവിലെ കണ്ടപ്പോഴും ചിരിച്ചു കാണിച്ചു,

"  ഇനി നീ സംസാരിച്ചു നോക്കണം,  അറിയാല്ലോ .

"  അതൊക്കെ മോശമാവില്ലെ..?

" എന്ത് മോശം..?  പരിചയമുള്ള ഒരാളിനോട് സംസാരിക്കുന്നതിൽ എന്ത് മോശം ആണുള്ളത്..?

" സംസാരിച്ചു നോക്കാം അല്ലേ..?

"  നീ ചുമ്മാ സംസാരിക്കടി

അപ്പോഴാണ് അനീറ്റ വരുന്നത് കണ്ടത്.  പെട്ടെന്ന് നെഞ്ചിടിപ്പ് വർദ്ധിച്ചു,  അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.  കാര്യങ്ങൾ അറിയാൻ വേണ്ടി.  ആ നിമിഷം എത്ര നേർച്ചകൾ നേർന്നു എന്ന് തനിക്ക് തന്നെ അറിയില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story