ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 12

രചന: റിൻസി പ്രിൻസ്‌

വീട്ടിൽ ചെന്ന് ട്യൂഷന്റെ കാര്യം എങ്ങനെ അമ്മച്ചിയോട് പറയും എന്നുള്ള ടെൻഷൻ ആയിരുന്നു.  പറയാതിരിക്കാനും പറ്റില്ലല്ലോ.  കണക്കിന് താൻ അല്പം പിന്നോട്ടാണെന്ന് അമ്മച്ചിക്ക് അറിയാം. കഴിഞ്ഞ പരീക്ഷകളിലൊക്കെ അത് മനസ്സിലായതും ആയിരുന്നു.  കണക്കിന് ഒരു ട്യൂഷൻ കിട്ടിയാൽ നന്നായിരുന്നു എന്ന് പറയാം എന്ന് കരുതി. മടിച്ചു മടിച്ചാണ് അമ്മച്ചിയ്ക്കരികിലേക്ക് ചെന്ന് ട്യൂഷന്റെ കാര്യം പറഞ്ഞത്.  ഓണപരീക്ഷ വരാൻ തുടങ്ങുകയാണ് എന്നും ആ സമയത്ത് കണക്കിന് ട്യൂഷന് പോയില്ലെങ്കിൽ ജയിക്കില്ല എന്നും പറഞ്ഞപ്പോൾ  അമ്മച്ചി ഭയന്നു എന്ന് തോന്നുന്നു.

"ട്യൂഷന് ഇപ്പൊൾ എത്ര രൂപയാകും..?

"  അതൊന്നും എനിക്കറിയില്ല എന്താണെങ്കിലും മാസം ഒരു പത്തു 300 രൂപയെങ്കിലും ആകുമായിരിക്കും.

" അതുമാത്രമല്ല ട്യൂഷൻ സെന്ററിലേക്ക് പോകാനുള്ള വണ്ടിക്കൂലി ഉണ്ടാക്കണ്ടേ, ബസ്സിനല്ലേ പോകാൻ പറ്റൂ,

" അത് കുഴപ്പമില്ല സീ കിട്ടും.. യൂണിഫോമിൽ ആണല്ലോ പിന്നെ ഐഡന്റിറ്റി കാർഡ് ഉണ്ടല്ലോ,

"  എന്നാ പിന്നെ നീ പൊയ്ക്കോ.  അതിന്റെ പേരിൽ ഇനി മാർക്ക് കുറയേണ്ട,

അമ്മച്ചി അങ്ങനെ പറഞ്ഞപ്പോൾ ആദ്യം പാവം തോന്നിയിരുന്നു.  ഇല്ലാത്ത പൈസ ഉണ്ടാക്കി ട്യൂഷന് വിടുകയാണ് മ, കളുടെ ഉദ്ദേശം എന്താണെന്ന് പോലും അറിയാതെ.  അമ്മച്ചിയെ പറ്റിക്കുന്നതുപോലെ തോന്നി.  അപ്പോൾ തന്നെ മനസ്സ് തിരഞ്ഞു ഒരു ഉത്തരവും കണ്ടെത്തിയിരുന്നു.  ട്യൂഷൻ ഇപ്പോൾ അത്യാവശ്യമാണ്.  പഴയതുപോലെ തന്നെ പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഇപ്പോൾ ഉള്ളത്. ഒന്നും അറിയില്ല എന്നുള്ളതും ഒരു സത്യമല്ലേ.  കണക്കിനും കെമിസ്ട്രിക്കും ആരെങ്കിലും ഒരു ട്യൂഷൻ എടുത്തിരുന്നെങ്കിൽ എന്ന് എപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.  ഇതു തന്റെ പഠനത്തിന് വേണ്ടിയാണെന്ന് മാത്രം വിശ്വസിച്ചാൽ മതി.  മറ്റൊന്നിനും വേണ്ടിയല്ല താൻ പോകുന്നത്.
അങ്ങനെയൊരു സമാധാനത്തിലാണ് ട്യൂഷന് പോകാനായി തീരുമാനിച്ചത്.

അനിറ്റയ്ക്കൊപ്പം പോയാണ് ട്യൂഷൻ സെന്ററിലെ ഫോമും മറ്റും ഫിൽ ചെയ്തു കൊടുത്തിരുന്നത്.  ഒരു മാസത്തെ ഫീസ് അഡ്വാൻസായി കൊടുക്കണം എന്നതായിരുന്നു നിയമം.  അതും കൊടുത്തതിനു ശേഷം ആണ് ട്യൂഷൻ സെന്ററിലേക്ക് വൈകുന്നേരം പോകാൻ തയ്യാറായത്,  ബസ്സിൽ തൂങ്ങി നിൽക്കുമ്പോൾ മുഴുവൻ മനസ്സിൽ  ആളെ  കാണാൻ സാധിക്കുമല്ലോ എന്നുള്ള സന്തോഷമായിരുന്നു.

"  ഇത്  ആളുടെ നമ്പരാണ്... ഒരുപാട് കഷ്ടപ്പെട്ട് ഞാൻ എടുത്തത്. ഇത് നിന്റെ കയ്യിൽ ഇരിക്കട്ടെ, എന്തെങ്കിലും ആവശ്യം വന്നാൽ നമുക്ക് വിളിക്കാമല്ലോ...

ഒരു പേപ്പർ കയ്യിലേക്ക് ചുരുട്ടി അനീറ്റ തന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിൽ നിറയെ.  പെട്ടെന്ന് കടലാസ് പൊതി കയ്യിൽ വാങ്ങി ആ നമ്പർ ഹൃദിസ്ഥമാക്കിയിരുന്നു. ട്യൂഷന് ദീപയും കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി.  ട്യൂഷൻ സെന്ററിലേക്ക് എത്തിയപ്പോൾ അമ്പരപ്പട്ട് പോയിരുന്നു.  ക്ലാസിൽ പോലും ഇത്രയും കുട്ടികളുണ്ടാവില്ല,  അത്രത്തോളം കുട്ടികളാണ് ട്യൂഷൻ സെന്ററിൽ ഉള്ളത്. ഞങ്ങൾ പഠിക്കുന്നത് പെൺകുട്ടികളുടെ സ്കൂളിൽ ആയതു കൊണ്ട് തന്നെ ആൺകുട്ടികളുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല.  എന്നാൽ ട്യൂഷൻ സെന്ററിൽ അങ്ങനെയല്ല, ആൺകുട്ടികളും ഉണ്ട്.  പല സ്കൂളുകളിൽ നിന്നും വരുന്നവർ. പത്താം ക്ലാസ് തന്നെ രണ്ട് ഡിവിഷൻ ആണ് ട്യൂഷൻ സെന്ററിൽ.  എല്ലാവരെയും കണ്ടപ്പോൾ ആദ്യം ഒരു മടി തോന്നിയിരുന്നു.  ക്ലാസ്സിൽ ആൺകുട്ടികൾ കൂടി ഉള്ളതുകൊണ്ട് പഠിപ്പിക്കുമ്പോൾ ഇടയ്ക്ക് കൗണ്ടർ ഒക്കെ വരാറുണ്ട്. എങ്കിലും വളരെ ശ്രദ്ധിച്ചാണ് ക്ലാസിൽ ഇരിക്കുന്നത്.  ചെന്ന് കയറിയപ്പോൾ തന്നെ പല ആൺകുട്ടികളുടെയും കമന്റടികൾ കേട്ടപ്പോൾ മനസ്സ് പകുതി ചത്തത് പോലെയായിരുന്നു.  അപ്പോഴൊക്കെ ആശ്വസിപ്പിച്ചത് അനീറ്റ ആണ്. ഇവിടെ തന്നെ മഞ്ജിമയും ഉണ്ട്. അവൾ ബോയ്സുമായി ഒക്കെ കമ്പനി ആണ്. അവൾക്ക് പരിചയമാണ് എല്ലാരേയും. നേരത്തെ ട്യൂഷന് വന്നിട്ടില്ലാത്തത് കൊണ്ട് ആൺകുട്ടികളുമായി അത്ര അധികം അടുത്തിടപഴകിയിട്ടില്ലാത്തത് കൊണ്ടാകും ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു  ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുക എന്നത്.

ടീച്ചർമാരെ വരെ കൗണ്ടർ അടിച്ച് ഉത്തരം മുട്ടിക്കുന്ന ചില ആൺകുട്ടികളെ കണ്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു. അന്ന് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അനീറ്റ റിയ ചേച്ചിയെ പരിചയപ്പെടുത്തി തന്നത്, കാര്യങ്ങൾ ഒന്നും പറഞ്ഞില്ല എങ്കിലും ചെറുതായി ചേച്ചിയുമായി ഒരു സൗഹൃദം ഉണ്ടാക്കി വച്ചിരുന്നു.  വീടിനടുത്ത് ആണെങ്കിലും അങ്ങനെ വലിയ പരിചയമോ കാണലോ ഒന്നും നേരത്തെ ഉണ്ടായിട്ടില്ല.  അടുത്തപ്പോൾ ചേച്ചി വളരെ പാവമാണെന്നും നല്ല ഫ്രണ്ട്‌ലി ആണെന്നും തോന്നി,  ഞാനും അനിറ്റയും ഒരുമിച്ചാണ് ബസ് കയറാൻ നിൽക്കുന്നത്. Ore റൂട്ടാണ് എങ്കിലും ചേച്ചി  കുറെ കൂട്ടുകാരോടൊപ്പം ഉള്ളതുകൊണ്ട് ഞങ്ങളുടെ ഒപ്പം ചിലപ്പോൾ മാത്രമേ വരൂ. എങ്കിലും എപ്പോഴും ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യും.  ട്യൂഷൻ കഴിഞ്ഞ്  ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.  കയ്യിൽ പൈസ ഉണ്ടെങ്കിൽ അഞ്ചു രൂപ കൊടുത്താൽ സ്ക്വാഷ് വെള്ളം കിട്ടും സോഡാ കുപ്പിയിൽ നിറയെ,  അത് വാങ്ങി കുടിക്കും.  ഒപ്പം എല്ലാവരും കൂടി പൈസ ഇട്ട് ഒരു സ്വീറ്റ്ന വാങ്ങും.  കുറച്ച് എല്ലാവരും ആയി കഴിക്കും.  അതിന്റെ രുചിയൊന്നും ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല. അന്ന് കഴിച്ച രുചി ഇന്ന് ഏറ്റവും വലിയ റസ്റ്റോറന്റിൽ കയറി കഴിച്ചാലും കിട്ടില്ല എന്നതാണ് സത്യം.

തിരികെ ബസ്സിൽ ഇരിക്കുമ്പോൾ ആദ്യം നോക്കിയത് ആളുണ്ടോ എന്നതാണ്.  കൃത്യമായ അനിറ്റ  പറഞ്ഞത് പോലെ പിറകിലത്തെ വാതിലിൽ നിൽക്കുകയാണ്, ഒരു ബാഗ് ഇട്ടിട്ടുണ്ട്.  തന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകാൻ മറന്നിരുന്നില്ല. അന്ന് കണ്ട പരിചയം ഉള്ളതുകൊണ്ട് ആകും. പെട്ടെന്ന് നെഞ്ചിലെ ഉള്ളിലേക്ക് മഞ്ഞുതുള്ളികൾ പതിക്കാൻ തുടങ്ങി.  ആളെ കണ്ടതും ക്രമാതീതമായി ഹൃദയം ഇടിക്കാൻ തുടങ്ങിയിരുന്നു.   ആ ഹൃദയത്തെ ഒന്ന് വരുതിയിലാക്കാൻ വല്ലാതെ തന്നെ കഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം.

  സിറ്റിയിൽ പഠിക്കുന്ന കോളേജിലെ പിള്ളേരെല്ലാം ഈ ബസ്സിൽ തന്നെയാണ് വരുന്നത് അതുകൊണ്ട് ട്യൂഷൻ കഴിഞ്ഞു വരുന്ന സമയത്ത് ഈ ബസ്സിൽ നിറയെ ആളായിരിക്കും.  ഇടയ്ക്കിടെ അറിയാതെയാണെങ്കിലും മിഴികൾ പുറകിലേക്ക് പാറി പാറി നടക്കുന്നുണ്ടായിരുന്നു.  തമ്മിൽ കൂട്ടിമുട്ടുമ്പോൾ മിഴി മാറ്റും. പെട്ടന്ന് ബസിന്റെ സ്റ്റീരിയോയിൽ നിന്ന് പാട്ടു ഉണർന്നു.

"
എന്തിനാണ് സൂര്യൻ ... വന്നു പോകും നേരം 
കുഞ്ഞു സൂര്യകാന്തി ...കണ്ണു ചിമ്മി നിന്നു 
എന്തിനാണ് പൊന്നിടുന്നു തിര തീരം കാണെ 
എന്തിനാണ് വണ്ട് കണ്ടു വിറയോടെ പൂക്കൾ 
പറയു ....മനമേ ...ചൊരിയു മധുരം പ്രിയതേ
" എന്തെ ഹൃദയതാളം മുറുകിയോ 
എന്തെ കണ്ണിൽ ഇളനീർ തുള്ളിയോ " അവൾ അത് ഉള്ളിൽ പാടി. 

എത്ര കൃത്യമായവരികൾ തന്റെ ഉള്ളറിഞ്ഞ പോലെ, 
അവസാനം തന്റെ ഉള്ളിലുള്ളത് പുള്ളി കണ്ടുപിടിച്ചല്ലോ എന്ന് കരുതി അങ്ങോട്ടുള്ള നോട്ടം പൂർണമായും ഒഴിവാക്കി. എങ്കിലും പുള്ളി ശ്രദ്ധിക്കാതിരിക്കുമ്പോൾ അറിയാതെ ഒന്ന് രണ്ട് പ്രാവശ്യം പുറകിലേക്ക് നോക്കുന്നത് ഒരു ശീലമായി മാറിയിരുന്നു. ആദ്യം ഇറങ്ങുന്നത് ആളാണ് അത് കഴിഞ്ഞിട്ടുള്ള സ്റ്റോപ്പിലാണ് ഞാൻ ഇറങ്ങുന്നത്. ആൾ ഇറങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങി.  ആൾ മൊബൈലിൽ കുത്തിക്കൊണ്ട് നടന്നു.  ഒന്ന് നോക്കിയില്ലല്ലോ എന്നുള്ള സങ്കടം ആ നിമിഷം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അങ്ങനെ ചിന്തിച്ച നിമിഷം തന്നെയാണ് ആരെയോ കൈകാണിക്കാനായി ബസ്സിനുള്ളിലേക്ക് നോക്കിയത്.  നോക്കിയപ്പോൾ കണ്ടക്ടറെയാണ് ആളെ നോക്കി കൈ കാണിച്ചത്. കൂട്ടത്തിൽ തന്നെയും കണ്ടു വീണ്ടും ഒരു പുഞ്ചിരി കൂടി കിട്ടി.  സ്വർഗം കിട്ടിയ സന്തോഷം..!

അനിറ്റയും യാത്ര പറഞ്ഞ് ഇറങ്ങിയിരുന്നു.  നീണ്ടു വന്ന ഈ ട്യൂഷൻ പോക്കിനിടയിൽ  എന്നും പുള്ളിയെ കാണുന്നത് പതിവായിരുന്നു. തമ്മിൽ നോട്ടമിടയുന്നതും ഒരു പുഞ്ചിരി കൈമാറുന്നതും സ്ഥിരമായി.  എന്നാൽ തന്റെ നോട്ടം  ആളിൽ സംശയമുണ്ടാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.  അങ്ങനെ ഇരുന്നപ്പോഴാണ് അനീറ്റ പറയുന്നത്.  ഇനി ഇത് ഇങ്ങനെ മുന്നോട്ടു പോയിട്ട് കാര്യമില്ലന്ന്, തന്റെ മനസ്സ് ആളെ അറിയിക്കണമെന്ന്, എങ്കിലും അത് നേരിട്ട് ചെന്ന് പറയാനുള്ള ധൈര്യം തനിക്കില്ലെന്ന് അവൾക്കും അറിയാം, അതിന് അവൾ തന്നെ ഒരുപായം കണ്ടെത്തി.  പേര് പറയാതെ കോയിൻ ബോക്സിൽ നിന്നും ആളെ വിളിക്കാം,  വിളിച്ച് ഇഷ്ടമാണെന്ന് സംസാരിക്കാം.  ആൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം താനാരാണെന്ന് വെളിപ്പെടുത്താം.

" എങ്കിലും സ്വരം കേട്ടാൽ മനസ്സിലാവില്ല..? പേടിയോടെ ചോദിച്ചു,

" അതിനെ നിങ്ങൾ തമ്മിൽ വലിയ കമ്പനി ഒന്നും ഇല്ലല്ലോ.  നിന്റെ സ്വരം അത്ര പരിചയ ഒന്നും കാണില്ലല്ലോ  പുള്ളിക്ക്,  ആകെ ഒന്നോ രണ്ടോ തവണയല്ലേ നിങ്ങൾ തമ്മിൽ സംസാരിച്ചിട്ടുള്ളൂ.  അതുകൊണ്ട് കുഴപ്പമില്ല.  നീ വിളിക്ക്,

ദീപയും മഞ്ജിമയും കൂടുതൽ പിന്തുണ നൽകി.  മഞ്ജു കൂടി വന്നതോടെ എല്ലാത്തിനും ഒരു പ്രത്യേക ഓളമായി എന്നതാണ് സത്യം.  മൂന്നുപേരും കൂടി നിർബന്ധിച്ച് ഫോണിന്റെ മുൻപിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. ഒരു രൂപ കോയിൻ ഇട്ട് നമ്പർ ഡയൽ ചെയ്ത് തന്നത് അനീറ്റ ആണ്. ആ നമ്പർ ഇതിനോട് തനിക്ക് കാണാപ്പാഠമായി കഴിഞ്ഞു.  എങ്കിലും വിളിച്ച് സംസാരിക്കുക എന്ന് പറയുന്നത് ഒരു വല്ലാത്ത ടാസ്ക് ആണെന്ന് തോന്നിയിരുന്നു.  അപ്പുറത്ത് റിങ്ടോൺ ആണ്,

" എങ്ങുനിന്നോ പാറി വന്ന പഞ്ചവർണ്ണ കിളി നീയോ..?  എന്നും എന്നും എന്റെയെന്ന് ചൊല്ലുവാനോ ഇഷ്ടമേറെ."

റിങ്ടോൺ കേട്ടപ്പോൾ തന്നെ അതിൽ അലിഞ്ഞു പോയിരുന്നു.

" ഹലോ...?

മറുപുറത്ത് ആൾ ഫോൺ എടുത്തപ്പോൾ ഒരു നിമിഷം നിശ്ചലമായി പോയിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story