ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 13

രചന: റിൻസി പ്രിൻസ്‌

" ഹലോ...?

മറുപുറത്ത് ആൾ ഫോൺ എടുത്തപ്പോൾ ഒരു നിമിഷം നിശ്ചലമായി പോയിരുന്നു..

പെട്ടെന്ന് എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല എന്തുപറയണമെന്ന് അറിയാതെ എല്ലാവരെയും മാറിമാറി നോക്കി,  സംസാരിക്കുന്ന് പറഞ്ഞ് അവിടെയും ഇവിടെയും നിന്ന് എല്ലാവരും ആക്ഷൻ കാണിക്കുന്നുണ്ട്.  പക്ഷേ ഒരു വാക്ക് പോലും പുറത്തു വരുന്നില്ല.  നെഞ്ചിൽ ഒരു വല്ലാത്ത ശ്വാസം മുട്ടൽ ഉറഞ്ഞു കൂടുന്നതു പോലെ,  പെട്ടെന്ന് ഞാൻ ഫോൺ കട്ട് ചെയ്തു. 

" നീ എന്തു പരിപാടിയാണ്  കാണിച്ചത്,  സംസാരിക്കണ്ടേ..?

അരികിലേക്ക് ഓടിവന്ന മഞ്ജിമ പറഞ്ഞു,

" എനിക്ക് പറ്റുന്നില്ല,

കയ്യും കാലും ഒക്കെ വിറക്കുന്നതുപോലെ,

"  ഞാൻ എങ്ങനെ പറയാ..?

"  എങ്ങനെയാ പറയേണ്ടത് എന്ന് ഞാൻ നിന്നോട് പറഞ്ഞു തന്നതല്ലേ, നീ അതുപോലെ അങ്ങ് പറഞ്ഞാൽ മതി.

ഒരിക്കൽ കൂടി ഒരു രൂപ കോയിൻ ബോക്സിലേക്ക് ഇട്ട ശേഷം വീണ്ടും നമ്പറിൽ ചെയ്തു വിളിച്ചു, ഫോൺ എടുക്കപ്പെട്ടപ്പോൾ വീണ്ടും പഴയ അവസ്ഥ, ഞാൻ വെട്ടി വിയർക്കുകയാണ്. പെട്ടെന്ന് എന്റെ കയ്യിൽ നിന്നും മഞ്ജിമ ഫോൺ വാങ്ങി. ആ നിമിഷം ഞാനുമോന്ന് ഭയന്നു പോയിരുന്നു.

" ഹലോ...

"  ഹലോ

"ആരാ.?

അപ്പുറത്ത് നിന്നും ഇങ്ങനെ ചോദിക്കുകയാണ്

" ഹലോ സാം ചേട്ടനല്ലേ..?

"  അതെ

മറുപുറത്തുള്ളത് ആള് തന്നെയാണ് ഉറപ്പ് വരുത്തിക്കഴിഞ്ഞാണ് അവൾ സംസാരിച്ചത്,

" ഞാനെന്റെ ഒരു കൂട്ടുകാരിക്ക് വേണ്ടിയാ വിളിക്കുന്നത്.  അവൾക്ക് കുറെ നാളായിട്ട് ചേട്ടനോട് ഭയങ്കര ഇഷ്ടം, ഇഷ്ടം എന്ന് വെച്ചാൽ ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് പ്രേമം അസ്ഥിയ്ക്ക് പിടിച്ചു, ചേട്ടനോട് പറയാനുള്ള ധൈര്യം അവൾക്കില്ല, ഞങ്ങൾ അത് പറയാൻ വേണ്ടി വിളിച്ചതാ..  പക്ഷേ ചേട്ടൻ ഫോണെടുത്ത് ഹലോ എന്ന് പറഞ്ഞപ്പോഴേക്കും അവളുടെ ഗ്യാസ് പോയി. അവൾക്ക് സംസാരിക്കാൻ പറ്റാതെ നിൽക്കുകയാണ്.

എത്ര കൂളായിട്ടാണ് അവൾ പറയുന്നതെന്ന അമ്പരപ്പായിരുന്നു ഞങ്ങളിൽ എല്ലാവരിലും, അപ്പുറത്ത് നിശബ്ദത. ആളൊന്ന് ഞെട്ടിയെന്ന് തോന്നുന്നു,

" ഞാൻ അവളുടെ കൈയിൽ കൊടുക്കാമെ..

അതും പറഞ്ഞ്  എനിക്ക് നേരെ ഫോൺ നീട്ടിപ്പിടിച്ചു, ഒരു നിമിഷം ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് പോലും എനിക്ക് തോന്നി.

" ഹ... ഹ... ഹലോ...

ശബ്ദം മാറിയതുകൊണ്ടാവാം പെട്ടെന്ന് അപ്പുറത്തുനിന്നും ഒരു ഹലോ വന്നു.

" ആരാ...?

"  അത് പിന്നെ ഇപ്പൊ പറഞ്ഞില്ലേ ഇഷ്ടമുള്ള ഒരാളുണ്ടെന്ന്, ആ ആളാ,

എങ്ങനെയോ പറഞ്ഞു..

" ഇഷ്ടമുള്ള ആൾക്ക് പേരില്ലേ..?

ഗൗരവം നിറഞ്ഞ ശബ്ദം,

" പേര് പറയില്ല

"അതു കൊള്ളാലോ

അവിടെ നിന്നും പതിഞ്ഞ ചിരി..

"  പേര് പറയില്ല, പക്ഷേ എനിക്കിഷ്ടമാണ്..

" തനിക്ക് മാത്രം ഇഷ്ടായാൽ മതിയോ? എനിക്കിഷ്ടാവണ്ടേ..? പേര് പോലും പറയാത്ത ഒരാളിനോട് എനിക്ക് എങ്ങനെ ഇഷ്ടം തോന്നുക... ആളുടെ ആ ചോദ്യത്തിൽ വീണ്ടും അല്പം അമ്പരപ്പ് തോന്നിയിരുന്നു,

ഇതിനിടയിൽ ഒരുരൂപ കോയിൻ ബോക്സിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് മഞ്ജിമ.

"   പേര് പറയാൻ എനിക്ക് ധൈര്യമില്ല, ഇപ്പോൾ ഞാൻ പേര് പറയില്ല, പക്ഷേ ഞാൻ വെറുതെ പറഞ്ഞതല്ല ശരിക്കും ഇഷ്ടം ആണ്..

" പേര് പറയാൻ പോലും ധൈര്യം ഇല്ലാത്ത ആളാണ് പ്രേമിക്കാൻ നിന്നത്,  ഒക്കെ പേര് പറയണ്ട ഏതാ നാട്..?

കുസൃതിയോട് ആൾ ചോദിച്ചു..

"നാടും പറയില്ല,

"ഓഹോ നാടും പറയില്ല...
അപ്പോൾ എന്താ ഒരു ക്ലൂ കണ്ടുപിടിക്കാൻ,

"  എന്തിനാ ഇപ്പൊൾ കണ്ടുപിടിക്കുന്നത്..

" എനിക്ക് കാണണ്ടേ..?  എനിക്കിഷ്ടമാണോന്ന് നോക്കണ്ടേ, താനെങ്ങനെയാണ് എന്നറിയണ്ടേ,  ഇല്ലാതെ വെറുതെ ഒരു പെണ്ണ് വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞ ഉടനെ എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റുമോ..?

"  പേരും നാടും ഒന്നും ഞാൻ പറയില്ല,

"  ശെടാ പിന്നെ എങ്ങനെയാ കൊച്ചേ ഞാൻ തന്നെ ഒന്ന് കാണുന്നത്,

  "കണ്ടാലേ ഇഷ്ടം തോന്നു..?

അവൾ ചോദിച്ചു..

" അങ്ങനെയല്ലേ...?

"അല്ല കാണാതെ ഇഷ്ടം തോന്നാലോ, 

"എനിക്കറിയില്ല...! എനിക്ക് ഒരാളിനെ കാണുമ്പോഴാണ് ഇഷ്ടം തോന്നുക, അതുപോട്ടെ ഈ ഇഷ്ടം തോന്നിയിട്ട് ഇപ്പോൾ എത്ര ദിവസമായി,  കുറച്ചു ദിവസമായി, പഠിക്കാണോ...?

വീണ്ടും അവൻ ചോദ്യങ്ങൾ ചോദിച്ചു..

" അതും പറയില്ല,

" അതു കൊള്ളാം....അപ്പൊൾ പിന്നെ പറയുന്ന കാര്യം ഇങ്ങോട്ട് പറ,  അത് ചോദിക്കാലോ,

രസകരമായവൻ  പറഞ്ഞു..

"വേറെ വല്ല ഇഷ്ടമുണ്ടോ...?

ഗൗരവത്തോടെ അവൾ ചോദിച്ചു..

" റൂട്ട് ക്ലിയർ ആണോ എന്നറിയാനാണോ..?

" അങ്ങനെയാണെങ്കിൽ പിന്നെ ഇനി ഞാൻ മനസ്സിൽ വെച്ചുകൊണ്ട് നടക്കണ്ടല്ലോ,

ഉടനവൾ മറുപടി പറഞ്ഞു..

"  താനാരാ, എന്താണെന്ന് അറിയാതെ ഞാൻ എന്താടോ പറയാ..? എന്തൊക്കെ പറഞ്ഞാലും ഞാൻ ആരാണെന്ന് പറയില്ല,  പക്ഷേ എനിക്ക് ഇഷ്ടമാണ്, ഒരുപാട് ഇഷ്ടം,  ഇനിയിപ്പോൾ വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ പോലും എനിക്കിഷ്ടം എന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് ഒരു വാശിയില്ല,  പക്ഷേ എന്റെ മനസ്സിൽ എന്നും ഉണ്ടാവും.  ആ ഇഷ്ടം ഒരിക്കലും പോവില്ല,  എന്നെ ഇഷ്ടപ്പെടണമെന്ന് വാശി പിടിക്കുകയില്ല,

അത്രയും പറഞ്ഞു ഫോൺ വച്ചിരുന്നു,

" ആ എന്തൊരു ഡയലോഗ്, സ്റ്റാർട്ടിങ് വിക്കി ആയിരുന്നുവെങ്കിലും പിന്നെ കത്തിക്കയറുവായിരുന്നല്ലോ,

മഞ്ജിമയാണ് കമന്റ് പറഞ്ഞത്.

" ആദ്യ നെഞ്ചങ്ങ് ഇടിച്ചു പോയെടി,  പിന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ എവിടുന്നോ ഒരു ധൈര്യം പോലെ,  അപ്പൊൾ എനിക്ക് ആളോട് സംസാരിച്ചു കൊണ്ടിരിക്കാൻ തോന്നുവാ,  നല്ല ശബ്ദം,

"  വേറെ ഇഷ്ടം ഉണ്ടോ എന്ന് നീ ചോദിച്ചപ്പോൾ എന്തു പറഞ്ഞു..?

" ഒന്നും മിണ്ടിയില്ല...

"അപ്പൊൾ കാണില്ല, ഇല്ലെങ്കിൽ ഇത്രയും നേരം ഒന്നും സംസാരിക്കില്ല അപ്പോൾ തന്നെ കട്ട് ചെയ്തേനെ.

  മഞ്ജിമ പറഞ്ഞപ്പോൾ ചെറിയൊരു പ്രതീക്ഷയുടെ ലാഞ്ചന എവിടെയോ വീണിരുന്നു,  പിറ്റേദിവസം മുതൽ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ആളെ എന്നും ബസ്സിൽ കാണുമായിരുന്നു എത്ര നോക്കേണ്ട എന്ന് കരുതിയാലും കണ്ണുകൾ അറിയാതെ ആളെ ഒന്ന് ഉഴിയും,  ഇടയ്ക്കിടെ ആളുമത് കാണാറുണ്ടായിരുന്നു.  അപ്പോൾ തന്നെ നോട്ടം മാറ്റും,  പിന്നീടങ്ങോട്ട് ഇതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം,  ഓണ പരീക്ഷയുടെ ചൂട് തലയിൽ കയറിയപ്പോഴേക്കും സീരിയലും പ്രണയവും ഒക്കെ ഒരല്പം മാറ്റിവച്ച് പഠനത്തിലേക്ക് തന്നെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു, ട്യൂഷന് പോകുന്നതുകൊണ്ട് മാക്സ് കുറച്ചുകൂടി എളുപ്പമായിരുന്നു.  അങ്ങനെ ഓണ പരീക്ഷയും കഴിഞ്ഞ് അവസാന ദിവസത്തെ ഓണപരിപാടികൾക്ക് വേണ്ടി കാത്തിരുന്നു,  അന്നത്തെ ദിവസമാണ് എല്ലാവർക്കും കളർ ഒക്കെ ഇട്ട് ഒന്ന് ചെത്താൻ പറ്റുന്നത്. പത്താം ക്ലാസുകാർ എല്ലാവരും സാരി ഉടുത്താൽ മതിയെന്നായിരുന്നു ടീച്ചർ പറഞ്ഞത്, അമ്മയുടെ ഒരു പഴയ സെറ്റ് സാരിയാണ് അതിനുവേണ്ടി തിരഞ്ഞെടുത്തത്. എനിക്ക് ബ്ലൗസ് ഇല്ലാത്തതുകൊണ്ട് സുമ ചേച്ചിയുടെ അനുജത്തിയുടെ ബ്ലൗസ് വാങ്ങിയാണ് ഇട്ടത്,  അമ്മച്ചി തന്നെയാണ് സാരി ഉടുപ്പിച്ച് തന്നത്, സാരിയൊക്കെ ഉടുത്ത് കണ്ണാടിക്ക് മുൻപിലേക്ക് നിന്നപ്പോൾ ഒരു വലിയ കുട്ടി ആയത് പോലെ തോന്നിയിരുന്നു.  നാളെ ഒന്ന് കണ്ടിരുന്നുവെങ്കിൽ,  മനസ്സ് വെറുതെ ആഗ്രഹിച്ചു പോയി,  അപ്പോഴാണ് ഈശ്വരൻ ആയിട്ട് ഒരു വഴി കാണിച്ചു തരുന്നത്, പൂ മേടിക്കാൻ നേരത്തെ പോകണം കുറച്ചു നേരത്തെ ചെല്ലുകയാണെങ്കിൽ മഞ്ജിമയ്ക്ക് ഒപ്പം മറ്റൊരു സ്ഥലത്ത് പോയി പൂ വാങ്ങാം,  അവിടെ നിന്നും ബസ്സിൽ തിരിച്ചുവരുമ്പോൾ ആ ബസ്സിലാണ് ആള് തിരികെ പോകാൻ ആയി നിൽക്കുന്നത്.  അതുകൊണ്ട് പെട്ടെന്ന് ഒരുങ്ങി സ്കൂളിലേക്ക് നടന്നു.  മഞ്ജിമയും കൂട്ടരും  പൂ വാങ്ങാൻ പോകുന്നുള്ളൂ,  അവളോട് കാര്യം പറഞ്ഞപ്പോൾ തന്നെ കൂടെ പോരാന്ന് പറഞ്ഞു,  അങ്ങനെ ഞങ്ങളെല്ലാവരും കൂടി നേരത്തെ പോയി പൂവൊക്കെ വാങ്ങി. ഒരു കവർ നിറയെ പൂവും വാങ്ങി ബസ്സിൽ കയറി ഇരിക്കുമ്പോൾ ബസ് സ്റ്റോപ്പിൽ നിർത്തുമ്പോൾ ആളിനെ കാണണമെന്ന് പ്രാർത്ഥനയായിരുന്നു.  ബസ്റ്റോപ്പിൽ അരികിലേക്ക് ബസ് എത്തിയപ്പോൾ ബസ്സിൽ ഇരുന്നു തന്നെ അവിടെ മൊത്തം നോക്കി,  പ്രതീക്ഷിച്ച ആളെ മാത്രം അവിടെ കണ്ടിരുന്നില്ല. എന്നാൽ ബസ് കൊണ്ട് നിർത്തിയ നിമിഷം തന്നെ ഫോൺ വിളിച്ചു കൊണ്ട് ബസ്റ്റോപ്പിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.  ആരെ കാണാൻ വേണ്ടിയാണോ ഒരുങ്ങിയത് ആ വ്യക്തിയെ കണ്ടിരിക്കുന്നു. ഇനിയിപ്പോൾ പരിപാടി നടന്നില്ലെങ്കിൽ പോലും കുഴപ്പമില്ല അത്രത്തോളം മനസ്സ് നിറഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story