ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 16

ormappottukal

രചന: റിൻസി പ്രിൻസ്‌

അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൾ ഓടി പോയിരുന്നു.  ഇനിയും അവന്റെ അരികിൽ നിന്നാൽ താൻ പൊട്ടി കരഞ്ഞു പോകും എന്ന് അവൾക്ക് തോന്നിയിരുന്നു.  അവളുടെ നിറഞ്ഞ കണ്ണുകളും നിസ്സഹായത നിറഞ്ഞ മുഖവും അവനിലും ഒരു വേദന നിറച്ചിരുന്നു..

എത്ര ശ്രമിച്ചിട്ടും ഒന്ന് പൊട്ടി കരയാതിരിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.  മെയിൻ റോഡ് കഴിയുന്നതുവരെ ഒരു വിധത്തിലാണ് പിടിച്ചുനിന്നത്.  മെയിൻ റോഡ് കഴിഞ്ഞ് വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ ഒരു സൈഡിലായി നിന്ന് അവൾ സാരിയുടെ തുമ്പ് കൊണ്ട് മുഖം പോത്തി നന്നായി കരഞ്ഞിരുന്നു.  കണ്ണുനീർ അവളുടെ മുഖത്ത് ഒരു ആവരണം തീർത്തു.  ഇത്രയും സ്നേഹിച്ചിരുന്നോ.? അതും ഇത്രയും ചെറിയ കാലയളവിൽ.  അല്ലെങ്കിൽ ഇത്രത്തോളം ഹൃദയം നോവുമോ.?  അവൾ പോലും അറിയാതെ കണ്ണുനീര് അതിന്റെ ഉറവ പൊട്ടിച്ച് പുറത്തേക്ക് വരികയായിരുന്നു. ചെറിയൊരു സമയം കൊണ്ട് എങ്ങനെയാണ് ഒരാൾ മറ്റൊരാളിൽ ഇത്രത്തോളം സ്വാധീനം നേടിയെടുക്കുക.  എന്തിനാണ് ഇത്രമേൽ ഹൃദയം നോവുന്നത് ഒരിക്കലും സ്വന്തമാവില്ലെന്നത് ഉറപ്പു തന്നെയായിരുന്നില്ലേ..? അത് അറിഞ്ഞല്ലേ സ്നേഹിച്ചത്.?  എന്നിട്ടും എന്തിനാണ് ഹൃദയമേ നീ എന്തൊക്കെയോ പ്രതീക്ഷിച്ചത്. നൊമ്പരം തെല്ലൊന്നും ഒതുങ്ങിയപ്പോൾ സാരി കൊണ്ട് തന്നെ മുഖം ഒന്ന് തൂത്തു.  ബാഗ് തുറന്നു അതിൽനിന്നും വാട്ടർബോട്ടിൽ എടുത്ത് ബാക്കിയുണ്ടായിരുന്ന വെള്ളം കൊണ്ട് മുഖം കഴുകി.  മുഖം കരഞ്ഞതാണെന്ന് വ്യക്തമാകുമെന്ന് ഉറപ്പായിരുന്നു.

വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മച്ചി വന്നിട്ടുണ്ടാവരുത് എന്ന പ്രാർത്ഥനയായിരുന്നു.  മുഖമൊന്നു മാറിയാൽ അമ്മച്ചിക്ക് അത് മനസ്സിലാവും.  അതുകൊണ്ടു തന്നെ കള്ളം കൂടി പറയാൻ ഇനി വയ്യ.

അവിടെ ഈശ്വരൻ കൈവിട്ടില്ല.  വീട്ടിൽ ചെന്നപ്പോൾ അമ്മച്ചി എത്തിയിട്ടില്ല. അത് വലിയൊരു ആശ്വാസമായിരുന്നു.  പെട്ടെന്ന് തന്നെ മുറിയിലേക്ക് ചെന്ന് സാരി മാറി. പിന്നെ വർഷങ്ങളുടെ പഴക്കമുള്ള പഴയ അലമാരി തുറന്ന് അതിൽ നിന്നും ഒരു കോട്ടൺ നൈട്രസ്സും എടുത്തു കൊണ്ട് കുളിമുറിയിലേക്ക് കയറി.  അവിടെനിന്ന് ഒരിക്കൽ കൂടി കരഞ്ഞു പോയിരുന്നു.  കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർക്കുമ്പോൾ വീണ്ടും ഇടനെഞ്ചു പൊട്ടുകയാണ്.

" മറ്റൊരാളെ ഇഷ്ടമാണ് ഒരിക്കലും നടക്കില്ല"  എന്ന് ആ വാക്കുകളിങ്ങനെ കാതിൽ മുഴങ്ങുകയാണ് വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു..  അല്ലെങ്കിലും തന്റെ അനുവാദം ചോദിച്ചിട്ടല്ലല്ലോ മനസ്സൊരോ ഇഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇനി മറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.  ഒന്നും വേണ്ട..!  ഇഷ്ടമില്ലാത്തത് പിടിച്ചുവാങ്ങുന്നത് ഭംഗിയല്ല എന്ന് അവൾക്കറിയാമായിരുന്നു.  ഇനി ഒന്നും വേണ്ട എന്ന് തീരുമാനിച്ചു തന്നെയാണ് പുറത്തേക്ക് ഇറങ്ങിയത്.

     ...            ❤️

വീടിനകത്തേക്ക് കയറിവരുന്ന സാമിന്റെ മുഖം കണ്ടപ്പോൾ തന്നെ അവൻ എന്തോ വയ്യാഴികയുണ്ടെന്ന് ജെസ്സിക്ക് തോന്നിയിരുന്നു.

"  എന്തു പറ്റിയെടാ മുഖം വല്ലാതെ...? തലവേദനയാണോ..?

അരികിൽ വന്ന് പരിഭ്രാന്തിയോട് ചോദിച്ചു.

"  ഒന്നുമില്ല.! എന്തോ ഒരു ക്ഷീണം പോലെ, എനിക്ക് കുറച്ച് കാപ്പി താ...

അതും പറഞ്ഞ് അവൻ മുകളിൽ മുറിയിലേക്ക് നടന്നിരുന്നു.  കാരണം അറിയാത്ത ഒരു അസ്വസ്ഥത തന്നെ നീറ്റുന്നത് സാമും അറിഞ്ഞിരുന്നു.  എന്തിനാണ് താൻ ഇത്രത്തോളം വേദനിക്കുന്നത്.?  നെഞ്ചിൽ നിറഞ്ഞു നിൽക്കുകയാണ് നിസ്സഹായത നിറഞ്ഞ രണ്ട് ജോഡി കണ്ണുകൾ.  ആ കണ്ണുകളിൽ ഉണ്ടായിരുന്ന ഭാവങ്ങൾ തനിക്ക് മാത്രം ഗ്രഹിക്കാൻ കഴിയുന്ന അർത്ഥങ്ങൾ ഉള്ളതാണെന്ന് അവന് തോന്നിയിരുന്നു.  മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇടനെഞ്ച് തകർന്നതു പോലെ തന്നെ നോക്കിയ നോട്ടം.  അത് തന്നിൽ അസ്വസ്ഥത പടർത്തുന്നു. താൻ കാരണം ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയം നൊന്തുവെങ്കിൽ അതിന് അറിയാതെയാണെങ്കിലും താൻ കാരണക്കാരനായെങ്കിൽ അത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെ
ന്ന് അവന് തോന്നിയിരുന്നു.  ഒന്ന് രണ്ട് വട്ടം അവളുടെ നോട്ടം കണ്ടപ്പോൾ യാതൊരു സംശയവും തോന്നിയിരുന്നില്ല. അനീറ്റ പറഞ്ഞതിനു ശേഷം ആണ് ഈ ഫോൺ വരുന്നത്.  അപ്പോഴും കൂട്ടുകാർ ആരെങ്കിലും തന്നെ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാവും എന്നാണ് കരുതിയത്. എന്നാൽ നിരന്തരമായി ഫോൺ വിളിച്ചവളുടെ സംസാരത്തിൽ നിന്ന് തന്നെ തന്നോടുള്ള ഇഷ്ടം മനസ്സിലാക്കാൻ സാധിച്ചിരുന്നു   എന്നാൽ അത് പ്രായത്തിന്റെ വെറും ഒരു മതിഭ്രമം ആണെന്ന് മനസ്സിലാക്കി എടുക്കാൻ ഒരുപാട് സമയം വേണ്ടി വന്നിരുന്നില്ല.  ആരായിരിക്കും തന്നെ ഇങ്ങനെ വിളിക്കുന്നത് എന്ന് ചിന്തിച്ചപ്പോഴാണ് പെട്ടെന്ന് അനിറ്റ  പറഞ്ഞ കാര്യം ഓർമ്മ വന്നത്.  അതിനോടൊപ്പം ബസ്സിൽ ഇരുന്നുകൊണ്ട്  നിരന്തരമായി തന്നെ തഴുകുന്ന ഒരുവളുടെ നേത്രങ്ങളും. പിന്നെ അധികം ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. അവളോട് അധികം സംസാരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ സ്വരം അത്ര വ്യക്തമായിരുന്നില്ല.  അതിനു വേണ്ടിയാണ് രാവിലെ മനപ്പൂർവ്വം അവളോട് സംസാരിക്കുവാൻ വേണ്ടി ചെന്നത്.  സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി ഫോണിൽ വിളിക്കുന്ന ആളും ഈ ആളും തമ്മിൽ യാതൊരു മാറ്റവുമില്ലന്ന്.  ആദ്യം ഒരു അമ്പരപ്പാണ് തോന്നിയത്. 15 വയസ്സ് മാത്രം വരുന്ന ഒരു കൊച്ചു പെൺകുട്ടി അവൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ ധൈര്യം വന്നുവെന്ന്. ഒപ്പം നിന്ന കൂട്ടുകാരിയുടെ നോട്ടവും ഭാവവും കണ്ടപ്പോൾ തന്നെ ഈ ധൈര്യം ഒക്കെ അവിടെ നിന്നും പകർന്നു ലഭിച്ചതായിരിക്കുമെന്ന് തോന്നിയിരുന്നു.  എങ്കിലും എന്തുകൊണ്ട് താൻ..? ആ ചോദ്യമായിരുന്നു മനസ്സിൽ നിന്നിരുന്നത്. കൊച്ചു പെണ്ണാണ് ഈ പ്രായത്തിൽ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മോഹങ്ങളെ വളർത്തിയെടുക്കാൻ പാടില്ല.  അത് അപകടത്തിലേക്ക് നയിക്കും അതുകൊണ്ടാണ് അത് മുളയിലെ നുള്ളാമെന്നു കരുതിയത്. എന്നാൽ ആ കാര്യം താൻ തുറന്നു പറഞ്ഞപ്പോൾ ഉള്ള അവളുടെ ഭാവം. അത് വല്ലാതെ തന്നെ അമ്പരപ്പെടുത്തി എന്നതാണ് സത്യം. ഏറെ ആഴമായി സ്നേഹിച്ചതുപോലെ..  ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടുള്ള സ്നേഹമാണെന്നാണ് ഫോൺ വിളിച്ചപ്പോഴും അവൾ പറഞ്ഞത്.  അങ്ങനെയൊരു സ്നേഹത്തിന് ഇത്രമേൽ നോവാൻ എന്തിരിക്കുന്നു.?

പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.  മിസ്ഡ് കോൾ ആണ്.  ഏറെ പ്രിയപ്പെട്ട ആ നമ്പർ കണ്ട് ഒരു ചെറിയ പുഞ്ചിരിച്ചൊടിയിൽ വിരിഞ്ഞുവെങ്കിലും ഉള്ളം എന്തിനോ അസ്വസ്ഥമായിരുന്നു.  എങ്കിലും പെട്ടെന്ന് തിരിച്ചു വിളിച്ചു.  വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വിളിക്കുന്നതായിരിക്കും. ആ സമയത്ത് തിരിച്ചു വിളിച്ചില്ലെങ്കിൽ പിന്നെ അതുമതി അവൾക്ക് പിണങ്ങാൻ.

" ഹലോ വീട്ടിൽ വന്നോ..?

" വന്നിട്ട് കുറച്ച് നേരമായി,

" ഇന്ന് താമസിച്ചു പോയി.

" അതെന്തു പറ്റി.

"  മറ്റേ കൊച്ചില്ലേ..? ഫോൺ വിളിച്ച,

അവന് ഒന്ന് നിർത്തി...

"  ഇന്നും വിളിച്ചോ..?

അവളുടെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു. അല്ലെങ്കിലും അവൾ അങ്ങനെയാണ്.  തന്നോട് ആരെങ്കിലും കൂടുതൽ സംസാരിക്കുന്നതോ ഇടപെടുന്നതോ ഒന്നും ഇഷ്ടമല്ല.  അപ്പോൾ ഒരാൾ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു വിളിച്ചു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണമെന്ന് അവന് ഊഹിക്കാമായിരുന്നു. ആദ്യമായി ഫോൺ വിളിച്ചു എന്ന് പറഞ്ഞ ദിവസം കരച്ചിലോടെയാണ് അവൾ സംസാരിച്ചത്. ഇങ്ങനെ ഒരു പൊട്ടി പെണ്ണ്..! അവൻ മനസ്സിൽ ഓർത്തു.

"ഇന്ന് ഫോണും വിളിച്ചു,  നേരിട്ട് കാണുകയും ചെയ്തു.

ദേഷ്യം പിടിപ്പിക്കാനായി തന്നെ സാം പറഞ്ഞു.

" കണ്ടോ.?  എന്തിനാ കണ്ടത്.

" ആരാണ് എന്ന് അറിയാൻ.

" എന്നിട്ട് ആരാ അത്..?

ആ ഒരു ചോദ്യത്തെ പിടിച്ചു ഒരു നൂറ് ചോദ്യങ്ങൾ.

"  നമുക്ക് രണ്ടുപേർക്കും അറിയാവുന്ന ആൾ തന്നെയാ.

"  ആരാ..?

"  ആ സാലി ചേച്ചിയുടെ മോളില്ലേ..?

" അവിടെ ജോലിക്ക് വരുന്ന സാലിയോ..?ശ്വേതയോ.? 

അവൾ ചോദിച്ചു..

"  അതെ..! ആ കുട്ടിയാ,

"  അമ്പടി അവളുടെ പൂതി കൊള്ളാലോ,

" അതിനെ ആരൊക്കെയോ എരിവ് കയറ്റിയതാണെന്നാ എനിക്ക് തോന്നുന്നത്.  ഒരു പാവം കുട്ടിയായിരുന്നു.

"  അപ്പോഴേക്കും സെന്റിമെൻസ്സൊക്കെ ആയോ ചേട്ടായിക്ക്.

അവളുടെ വാക്കുകളിൽ താല്പര്യക്കുറവ് നിറഞ്ഞു.

"  നീ വഴക്കുണ്ടാക്കണ്ട ഞാൻ അതിനോട് എല്ലാം പറഞ്ഞു മനസ്സിലാക്കി വിട്ടിട്ടുണ്ട്.

"  എന്തു പറഞ്ഞു,

"  എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു.  അങ്ങനെയൊന്നും മനസ്സിൽ വച്ചോണ്ടിരിക്കണ്ട എനിക്ക് വേറൊരാളെ ഇഷ്ടമാണ് എന്ന് പറഞ്ഞു.  ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ലന്ന് പറഞ്ഞിട്ട് ആണ് പോയത്.

" ഞാൻ ആണെന്ന് പറഞ്ഞൊ..?  അവളുടെ വാക്കുകളിൽ നിറഞ്ഞുനിന്ന പരിഭ്രമത്തിന്റെ അർത്ഥം അവന് അറിയാമായിരുന്നു.

" നീയാണെന്ന് ഞാൻ പറയുമോ റിയെ...?  നിന്റെ വീടിന്റെ അടുത്തല്ലേ, അതുകൊണ്ട് ഒട്ടും പറയില്ലല്ലോ. ആളുടെ പേരൊന്നും അവൾ ചോദിച്ചില്ല.  ഞാൻ പറഞ്ഞില്ലെ അല്ലെങ്കിലും അതൊന്നും ചോദിച്ചാലും പറയേണ്ട കാര്യമില്ലല്ലോ. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു എന്റെ സ്റ്റാൻഡ് ഞാൻ തിരിച്ചു പറഞ്ഞു.  അത് അവിടെ തീർന്നു. ഇനി അക്കാര്യത്തെക്കുറിച്ച് നമുക്കിടയിൽ ഒരു സംസാരം വേണ്ട.

  അത്രയും പറഞ്ഞപ്പോഴേക്കും വാതിൽക്കൽ ജെസ്സിയുടെ വിളി വന്നിരുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു.  മറുതലയ്ക്കൽ റിയയും ഫോൺ വച്ചിരുന്നു. ഫോൺ വെച്ച് കഴിഞ്ഞപ്പോഴും ട്യൂഷൻ സെന്ററിലേക്ക് എത്തിയ ശ്വേതയുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നത്.  ഒപ്പം അവളുടെ ആഗ്രഹത്തെക്കുറിച്ച് ഓർത്തപ്പോൾ റിയയ്ക്ക് പുച്ഛവും തോന്നിയിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story