ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 17

ormappottukal

രചന: റിൻസി പ്രിൻസ്‌

" ഓണത്തിന് മുമ്പ് വീട്ടിൽ ഒന്ന് പോകണം,  വൈകിട്ടത്തേക്ക് പുഴുങ്ങാൻ ഉള്ള കപ്പ മുറിച്ചുകൊണ്ട് അമ്മച്ചി വലിയമ്മച്ചിയോട് ആയി പറയുന്നത് കേട്ടു  

" അന്ന് തന്നെ വരുമോ അതോ..?

താല്പര്യം ഇല്ലാതെ വല്യമ്മച്ചി ചോദിക്കുന്നു.
പണ്ട് തൊട്ടേ അമ്മ സ്വന്തം വീട്ടിൽ പോകുന്ന കാര്യം പറയുന്നത് വല്ല്യമ്മച്ചിയ്ക്ക് ഇഷ്ടമല്ല.

"  അന്നുതന്നെ വരാതെ, പിന്നെ അമ്മച്ചി ഇങ്ങനെ കിടക്കുമ്പോൾ ഞാൻ അവിടെ പോയി നിൽക്കുമോ.?

അതേ രീതിയിൽ തന്നെ അമ്മച്ചി മറുപടിയും കൊടുക്കുന്നുണ്ട്.

"  കൊച്ചുങ്ങൾക്കും കാണില്ലേ അവധിക്ക് എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് പോണോന്ന്? എന്റെ വീട്ടിലെങ്കിലും കൊണ്ടു പോകാതിരുന്നാൽ എങ്ങനെയാ ശരിയാവുന്നത്.

ആരോടെന്ന് ഇല്ലാതെ പറഞ്ഞു അമ്മച്ചി അകത്തേക്ക് കയറിപ്പോയി ഒരു നിമിഷം ഇവിടുന്ന് എവിടേക്കെങ്കിലും ഒന്ന് ഓടി ഒളിച്ചാൽ മതി എന്നായിരുന്നു തന്റെ ഉള്ളിലും.  അമ്മയുടെ വീട്ടിൽ പോവുകയാണെങ്കിൽ അത് നല്ലതാവും എന്ന് തോന്നിയിരുന്നു.  പെട്ടെന്ന് അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന അമ്മച്ചിയുടെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു. 

" ഞാൻ അമ്മച്ചിയുടെ വീട്ടിൽ കുറച്ചു ദിവസം നിൽക്കട്ടെ അമ്മച്ചി,  അവധി കഴിഞ്ഞ് തിരിച്ചുവന്നാൽ പോരെ..?

അമ്മച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖത്ത് നിസ്സഹായത എനിക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.  അമ്മച്ചിക്ക് രണ്ട് ആങ്ങളമാരാണ്. ഒരാൾ അനിയനാണ്.  പുള്ളി ആണ് കുടുംബത്തിലുള്ളത്. കാണുമ്പോൾ വലിയ സ്നേഹമാണെങ്കിലും ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുക എന്ന് പറയുന്നത് അവർക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ആള് പണ്ടെ പിശുക്കനാണ്.  പ്രത്യേകിച്ച് ആളിന്റെ ഭാര്യയായ ലിസി ആന്റിക്ക് ഒട്ടും തന്നെ അത് ഇഷ്ടമാവുകയുമില്ല.

" അവിടെ എല്ലാവർക്കും കൂടി നിൽക്കാനുള്ള സ്ഥലം ഇല്ലല്ലോ കൊച്ചേ, അത് മാത്രമല്ല നീ പോയാൽ അവൻ ഒറ്റയ്ക്ക് അകത്തില്ലേ..?

സച്ചുവിനെ കുറിച്ച് അമ്മച്ചി പറഞ്ഞു..

" അവനല്ലെങ്കിലും ഞാൻ ഉണ്ടെങ്കിലും എന്റെ കൂടെ ഒന്നുമല്ലല്ലോ ഇവിടെ ഇരിക്കുന്നത്.  അവൻ ഇഷ്ടംപോലെ കൂട്ടുകാരും ഫുട്ബോളും ഒക്കെ ഇല്ലേ.

"  അങ്ങോട്ട് ചെല്ലട്ടെ എന്താന്ന് വച്ചാൽ അന്നേരത്തെ പോലെ  ചെയ്യാം. 

ലിസി ആന്റിയുടെ മുഖം കണ്ട് തീരുമാനിക്കാം എന്നാണ് അമ്മ ഉദ്ദേശിച്ചത് എന്ന് എനിക്കും അറിയാമായിരുന്നു.  രണ്ടുദിവസം വല്ലാത്ത ഒരു പിരിമുറുക്കം ആയിരുന്നു മനസ്സിനെ ബാധിച്ചത്.  ആരെങ്കിലുമൊന്ന് ഫോൺ വിളിച്ച് ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു..  പക്ഷേ ഇത് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ കണ്ണുകൾ നിറയും.  അപ്പോൾ പറയുമ്പോഴോ.?  അതുകൊണ്ട് തന്നെ സ്കൂള് തുറന്നിട്ട് ഇത് പറയാമെന്ന് കരുതി.

രണ്ടുദിവസങ്ങൾക്കുശേഷമാണ് വീട്ടിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ച് അമ്മ പറഞ്ഞത്. ഞങ്ങൾ രാവിലെ തന്നെ അതിനായി റെഡിയായിരുന്നു.  കൂട്ടത്തിൽ നല്ലൊരു പാവാടയും ബ്ലൗസും ആണ് പോകാനായി തിരഞ്ഞെടുത്തത്. രണ്ടുദിവസം അവിടെ നിൽക്കാൻ പറ്റണെന്ന പ്രാർത്ഥനയോടെ ആയിരുന്നു ഇറങ്ങിയത്.  അവിടെ വലിയമ്മയുണ്ട്. അമ്മച്ചിയുടെ അമ്മ. വലിയ ഇഷ്ടമാണ്.  അല്ലെങ്കിലും വല്ല്യമ്മച്ചിമാർക്ക് എല്ലാം പെൺമക്കളുടെ മക്കളോട് ആണല്ലോ ഇഷ്ടം കൂടുതൽ.  അവിടെ ചെല്ലുമ്പോൾ തന്നെ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിത്തരും വല്യമ്മച്ചി. നല്ല പാചകക്കാരിയാണ്. നല്ല ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കുന്ന പാലപ്പത്തിന്റെയും കിഴങ്ങ് സ്റ്റൂവിന്റെയും രുചി ഇപ്പോഴും വായിൽ ഉണ്ട്.  അതുകൂടാതെ ഉണ്ണിയപ്പവും, അവൽ വിളയിച്ചതും, അവലോസ് ഉണ്ടയും ഒക്കെ ഞങ്ങൾ  ചെന്നാൽ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിത്തരും.  മടിയിൽ ഇരുത്തി വായിൽ വച്ചുതരും.   വലിയമ്മച്ചിയ്ക്ക് ഒപ്പം നിൽക്കാൻ ആ നിമിഷം മനസ്സ് കൊതിച്ചിരുന്നു. ഇവിടുത്തെ വല്ല്യമ്മച്ചിയ്ക്ക് തന്നെക്കാൾ കൂടുതൽ സ്നേഹം അല്പം സച്ചുവിനോട് തന്നെയാണ്.  അതിൽ തെറ്റ് പറയാനും പാടില്ല.  കാരണം അവനെ വളർത്തിയതും വലിയമ്മച്ചിയാണ് അതുകൊണ്ട് ഇത്തിരി കൂടുതൽ അവനോട് ഉണ്ട്.

   ഇടുക്കിയിലാണ് അമ്മച്ചിയുടെ വീട്. അതിരാവിലെ തന്നെ ഇവിടെ നിന്ന് ഇറങ്ങിയാലേ അവിടേക്ക് എത്താൻ സാധിക്കു. വെളുപിനെ ഉള്ള വണ്ടിയിൽ തന്നെ കയറിയിരുന്നു.  അവിടെ ചെന്ന് പകുതിയാകുമ്പോൾ തന്നെ തണുത്ത കാറ്റ് വീശാൻ തുടങ്ങും.  എങ്കിലും ആനവണ്ടിയുടെ സൈഡിൽ നിന്നുള്ള ആ യാത്ര അത് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു.  വണ്ടി ഇറങ്ങിയതും ഓട്ടോ പിടിക്കാൻ കാശില്ലാത്തതുകൊണ്ട് അവിടെ നിന്നും ട്രിപ്പ് അടിക്കുന്ന ജീപ്പുകൾ നോക്കി നിൽക്കുകയായിരുന്നു.  അതിരാവിലെ ഇറങ്ങിയത് കൊണ്ട് തന്നെ വിശക്കുന്നുണ്ട്.  പക്ഷേ അമ്മച്ചിയുടെ കയ്യിൽ പണമുണ്ടോന്ന് അറിയാത്തതുകൊണ്ട് അത് പറയാനും വയ്യ. ഞാനും സച്ചു മുഖത്തോട് മുഖം നോക്കുന്നത് കൊണ്ടാണ് ബസ് സ്റ്റാൻഡിൽ അരികിലുള്ള കൊച്ചു ചായക്കടയിലേക്ക് നോക്കി അമ്മച്ചി വല്ലതും കഴിക്കാമെന്ന് പറഞ്ഞത്.  അവിടെനിന്ന് ഞങ്ങൾക്ക് ഓരോ ചായയും കൊഴുക്കട്ടയും വാങ്ങി തന്നിരുന്നു. അത് കഴിച്ച് കഴിഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നിയിരുന്നു.  അല്ലെങ്കിലും അമ്മച്ചി അങ്ങനെയാണ്. കയ്യിൽ പൈസ ഇല്ലെങ്കിലും ഞങ്ങളുടെ ആവശ്യങ്ങൾ ഒന്നും നിറവേറ്റി തരാതിരിക്കില്ല.  അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് എന്തൊക്കെ ചെയ്യുമായിരുന്നു എന്ന ചിന്തയായിരിക്കാം ഒരുപക്ഷേ അതിന് കാരണം.  അത് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ജീപ്പ് വന്നിരുന്നു.  ജീപ്പിലേക്ക് കയറി അവിടേക്ക് പോകുമ്പോഴും മനസ്സിലെ പ്രാർത്ഥന ലിസി ആന്റി ദുർമുഖം കാണിക്കരുതേ എന്നതായിരുന്നു. എപ്പോഴും ആ പ്രാർത്ഥനയോടെയാണ് അവിടേക്ക് പോകാറുള്ളത്.  ആ പ്രാർത്ഥന ഫലിച്ചു എന്നതുപോലെ ഞങ്ങൾ ചെന്നപ്പോൾ മുതൽ  ആന്റിക്ക് വലിയ സന്തോഷവും ഇഷ്ടവുമൊക്കെയായിരുന്നു.  എന്താണ് കാരണമെന്ന് അറിയില്ല.  അമ്മാച്ചൻ  ഇല്ല. ഉച്ചയ്ക്ക് വരികയുള്ളൂ. ആള് ബസ് ഡ്രൈവറാണ്.  ഉച്ചയ്ക്കത്തെ ട്രിപ്പ് കഴിയുമ്പോൾ വന്ന് ചോറ് കഴിക്കും. വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അമ്മച്ചി അവിടുത്തെ ഒരു അംഗമായി കഴിഞ്ഞു. വീണ്ടും ആ പഴയ വീട്ടുകാരിയെ പോലെ ഓരോ ജോലികളും ചെയ്തുകൊണ്ട് നടക്കുകയാണ്.  ഇതിനിടയിൽ ലിസി ആന്റി ഞാനെത്രയിലാണ് പഠിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.

" അവളിപ്രാവശ്യം രണ്ടുദിവസം ഇവിടെ നിൽക്കണം എന്നും പറഞ്ഞു വന്നതാ. ഞാൻ പറഞ്ഞു എല്ലാവർക്കും കൂടി കിടക്കാൻ ഒന്നും  സ്ഥലം കാണില്ലെന്ന്.

അമ്മച്ചി വിഷയം എടുത്തിട്ടു.  ഞാൻ പെട്ടെന്ന് പാളി  ആന്റിയുടെ മുഖത്തേക്ക് നോക്കി.  ഇഷ്ടക്കുറവൊന്നും അവിടെ കാണുന്നില്ലന്ന് കണ്ടപ്പോൾ ഒരു അല്പം ആശ്വാസം തോന്നി.

" അതിന്  എന്നാ, രണ്ടു മൂന്നു ദിവസം ഇവിടെ നിൽക്കട്ടെ.  എനിക്കും ഒരു കൂട്ടാവുമല്ലോ.  ഇവിടെയാണെങ്കിൽ രണ്ട് പെൺപിള്ളേർ ഉണ്ടെന്നു പറഞ്ഞാലും അതുങ്ങളെല്ലാം പഠിക്കാൻ പോയേക്കുവല്ലേ.  ഞാനും അമ്മച്ചിയും മാത്രമേ ഉള്ളൂ. ഞങ്ങൾ എത്രനേരമാ ഇങ്ങനെ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നേ,  അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവിടെ 100 വാട്ട് സന്തോഷം.

" എങ്കിൽ പിന്നെ ഇവിടെ രണ്ടു മൂന്നു ദിവസം ഇവിടെ നിൽക്കട്ടെ. നീ നിൽക്കുന്നോ..?

അമ്മച്ചി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോഴേക്കും അവൻ ഇല്ല എന്ന് മട്ടിൽ അമ്മച്ചിയുടെ സാരി തുമ്പിലേക്ക് പതുങ്ങി. ലിസി ആന്റിയുടെ മാറ്റം അത്ഭുതപ്പെടുത്തി എന്നത് സത്യമാണ്.  വല്ലപ്പോഴും അല്ലേ എന്നതുകൊണ്ട് ആയിരിക്കും.  അല്ലെങ്കിൽ ഭർത്താവും മരിച്ചുപോയ നാത്തൂനോട് ഉള്ള സഹതാപമോ.?  തിരികെ പോകും മുൻപ് അമ്മച്ചി ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് പ്രത്യേകം പറഞ്ഞ ഏൽപ്പിച്ചാണ് പോയത്.  ആരും കാണാതെ പഴയ  ജീരകപാത്രത്തിൽ നിന്നും കുറച്ചു നോട്ടുകെട്ടുകൾ എടുത്ത് അമ്മച്ചിയുടെ കയ്യിലേക്ക് വല്യമ്മച്ചി കൊടുക്കുന്നത് കണ്ടിരുന്നു.  മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കൾ കഷ്ടപ്പെടുന്നത് അവർക്ക് സഹിക്കാൻ കഴിയില്ലല്ലോ.  ലിസി ആന്റിയും രണ്ടുമൂന്നു സാരിയും നൈറ്റിയും ഒക്കെ അമ്മച്ചിക്ക് കൊടുത്തിരുന്നു.

" ഇപ്പൊ പഴയ സ്വഭാവം ഒന്നുമല്ല,  വലിയ മാറ്റം വന്നു. ഇപ്പോൾ ഏതാണ്ട് പ്രാർത്ഥനയോ ധ്യാനമോ ഒക്കെ കൂടാൻ ഒക്കെ പോകുന്നുണ്ട്.  ഏതോ ഒരു അച്ഛൻ പറഞ്ഞുവെന്ന് സ്വഭാവമൊക്കെ മാറ്റണമെന്ന്.  അതുകഴിഞ്ഞെ പിന്നെ വലിയ സ്നേഹമാ എല്ലാവരോടും..

വല്യമ്മച്ചി പതുക്കെ അമ്മച്ചിയോട് പറഞ്ഞു. അമ്മച്ചി ചിരിച്ചു കാണിച്ചു.

" അതിനെന്നാ അങ്ങനെ ഇരിക്കട്ടെ,  അതല്ലേ നല്ലത്.

എന്നോട് യാത്ര പറഞ്ഞു സച്ചുവും അമ്മച്ചിയും ഇറങ്ങിയപ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.  എങ്കിലും ആ നാടും വീടും ഓർമ്മകളും തന്നെ വേദനിപ്പിക്കുന്നത് പോലെ വരില്ലലോ എന്ന് കരുതി. പിന്നെ വല്യമ്മച്ചിയുടെ അരികിലേക്ക് ഓടിച്ചെന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story