ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 2

രചന: റിൻസി പ്രിൻസ്‌

ബാൽക്കണിയിൽ നിന്നപ്പോൾ ചെമ്മാനം ചുവക്കുന്നതും സായാഹ്ന സൂര്യൻ  മാഞ്ഞു തുടങ്ങുന്നതും കണ്ടു..  അതോടൊപ്പം ഒരു ചിത്രംകൂടി മനസ്സിലേക്ക് ഓർമ്മ വന്നു, രണ്ടുവശത്തേക്കും മുടി പിന്നി ചുവന്ന റിബൺ ഒക്കെ കെട്ടി  നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ  മുഖം, കുഞ്ഞു ശ്വേതാ തോമസിന്റെ മുഖം..


തടി പണിക്കുപോയ അപ്പച്ചന്റെ ശരീരത്തിലേക്ക് മരം ഒടിഞ്ഞു വീണതും പിന്നീട് ചേതനയറ്റ ഒരു ശരീരം ഉമ്മറത്തേക്ക് കൊണ്ടുവന്ന് കിടത്തുന്നത് ഒക്കെ ആ അഞ്ചുവയസ്സുകാരിയുടെ കൺമുമ്പിൽ തെളിഞ്ഞു നിന്നു.... നെഞ്ചത്തടിച്ചമ്മ കരയുന്നുണ്ട്,  സച്ചുകുട്ടന്ന്  പ്രായം വെറും ആറുമാസമാണ്, അത്രയും കാര്യങ്ങൾ മാത്രം ഓർമ്മയിലുണ്ട്....

ബന്ധുക്കൾ ആരൊക്കെയോ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്,  ഒപ്പം വല്യമ്മച്ചിയും അകത്തെ മുറിയിൽ കിടന്ന് കരയുന്നുണ്ട്...  ആരൊക്കെയോ ചേർത്ത് പിടിച്ചിരിക്കുകയാണ് തന്നെ,  അന്ന് ആ നഷ്ടത്തിന്റെ ആഴം എന്താണെന്ന് മനസ്സിലാക്കാൻ തനിക്ക് സാധിച്ചിരുന്നില്ല,  കുറച്ചുകൂടി പ്രായമേറിയപ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു അന്ന് സംഭവിച്ചത് എന്ന് മനസ്സിലാക്കിയത്...  അച്ഛൻ എന്താണ് കണ്ണു തുറക്കാത്തത് എന്ന് പലവട്ടം അമ്മയോട് ചോദിച്ചു, അപ്പോഴൊക്കെ തന്നെ ചേർത്ത് പിടിച്ച് ഒന്ന് കരയുക മാത്രമായിരുന്നു അമ്മ ചെയ്തിട്ടുണ്ടായിരുന്നത്...

എല്ലാദിവസവും പണികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ അച്ഛൻ കൊണ്ടുവരാനുള്ള എണ്ണമയമുള്ള പേപ്പർക്കെട്ടുകൾ അവസാനിച്ചതോടെയാണ് അച്ഛനില്ല എന്ന യാഥാർത്ഥ്യത്തിന് ഉൾക്കൊണ്ടു തുടങ്ങിയത്,  പിന്നീട് പതിയെ അത് മറവിയിലേക്ക് ആഴ്ന്നു തുടങ്ങിയതാണ് സത്യം. അഞ്ചു വയസ്സ് മാത്രം ഉള്ള ഒരു പെൺകുട്ടിയുടെ മനസ്സിൽ അതിൽ കൂടുതൽ ഓർമ്മകൾ ഒന്നും അവശേഷിക്കില്ലല്ലോ...  അമ്മ എല്ലാദിവസവും പള്ളിയിലെ സ്കൂളിൽ ജോലിക്ക് പോകുന്നതാണ് പിന്നീട് കണ്ടിട്ടുള്ളത്, ഒപ്പം അടുത്തുള്ള ചില വീടുകളിലും, അപ്പോഴൊക്കെ കുഞ്ഞൂട്ടനെ നോക്കുന്നത് വലിയമ്മച്ചി ആയിരുന്നു,  താൻ കളരിയിൽ അക്ഷരം പഠിക്കാൻ പോകും വല്യമ്മച്ചി വന്നു കൊണ്ടുവരും.... പെൻഷൻ വരുമ്പോൾ അതിൽ മുടങ്ങാതെ ഒരു വിഹിതം അമ്മയ്ക്ക് വേണ്ടി വല്യമ്മച്ചി കൊടുക്കാറുണ്ട്,  സ്വന്തമക്കളെക്കാൾ കൂടുതൽ വല്യമ്മച്ചി വഴക്കുണ്ടാക്കിയാലും ഇഷ്ടം അമ്മയെയാണെന്ന് തോന്നാറുണ്ട്, അതുപോലെ തന്നെയാണ് അമ്മ വല്യമ്മച്ചിയെ നോക്കുന്നതും...  എത്രയൊക്കെ പിണക്കമാണെന്ന് പറഞ്ഞാലും വല്യമ്മച്ചിയുടെ മരുന്ന് തീരുന്ന ദിവസം കൃത്യമായി അമ്മക്കറിയാം,  തമ്മിൽ മിണ്ടിയില്ലെങ്കിൽ പോലും മരുന്നുമായി അമ്മ വരാറുണ്ട്, ഓരോ കാര്യങ്ങളിലും അമ്മ വല്യമ്മച്ചിക്ക് കൊടുക്കുന്ന മുൻഗണന ശ്രദ്ധിക്കാറുണ്ടായിരുന്നു...  കുഞ്ഞൂട്ടനെ വളർത്തിയത് വല്യമ്മച്ചി ആയതുകൊണ്ടാവും തന്നെക്കാൾ കൂടുതൽ വല്യമ്മച്ചിക്ക് ഒരു പൊടിക്ക് ഇഷ്ടം  അവനോട് ആയിരുന്നു,  പെൻഷൻ ഒക്കെ വരുന്ന സമയത്ത് അവനായിരുന്നു എന്തെങ്കിലും പ്രത്യേകമായി വാങ്ങി കൊടുക്കുന്നത്...

  അങ്ങനെയിരിക്കയാണ് തന്നെയും കൂട്ടി അമ്മ പള്ളിയിൽ അച്ഛന്റെ അരികിലേക്ക് പോകുന്നത്,  അമ്മ പോകുന്ന പള്ളി സ്കൂളിൽ തന്നെ എനിക്ക് അഡ്മിഷൻ എടുക്കാനുള്ള ഒരു പോക്ക് ആയിരുന്നു അത്....  പള്ളിയിലെ വലിയ മുതലാളിമാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ ആണ് അത്,  അവിടെ ഞാൻ പഠിക്കുമെന്ന് യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല...  അച്ഛനോട് എന്തൊക്കെയോ പറയുകയോ കരയുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു അമ്മ, ഇടയ്ക്കിടെ കണ്ണ് തുറക്കുന്ന അമ്മയെ കണ്ടപ്പോൾ വേദന തോന്നി...

"  ഞാൻ ഏതായാലും കമ്മിറ്റിക്കാരോടൊക്കെ ഒന്ന് ആലോചിച്ചിട്ട് പറയാം,  ഡൊണേഷൻ ഒക്കെ കൊടുത്തല്ലേ മാനേജ്മെന്റിൽ ഇവിടെ പിള്ളേരെ പഠിപ്പിക്കുന്നത്,  പിന്നെ മോളെ ഇവിടെ പഠിപ്പിക്കാൻ എനിക്ക് സമ്മതകുറവൊന്നും ഉണ്ടായിട്ടല്ല...  നമ്മുടെ സഭയുടെ എല്ലാവരോടും അത് ചോദിക്കണമല്ലോ,

ജോബി അച്ഛൻ പറഞ്ഞു, അച്ഛൻ ആണ് സ്കൂളിന്റെ ഹെഡ്.. 

" അതുമതി അച്ചോ ഗവൺമെന്റിലെ വിടാൻ താല്പര്യകുറവ് ഉണ്ടായിട്ടല്ല,  ഇതാവുമ്പോൾ എന്റെ കണ്ണ് എത്തുമല്ലോ,  ഞാൻ അങ്ങ് ചെല്ലുമ്പോൾ ഒരു നേരമാകില്ലേ,  മാത്രമല്ല ഗവൺമെന്റ് സ്കൂളിലേക്ക് ഇവൾ വീട്ടിൽ നിന്ന് ഒരുപാട് ദൂരം പോണം,  കൊണ്ടുവിടാൻ ഉള്ള സമയമൊന്നും എനിക്ക് ഇല്ലല്ലോ...

"  എനിക്ക് മനസ്സിലായി, വിഷമിക്കേണ്ട ഞാൻ എല്ലാവരോടും ചോദിച്ചിട്ട് ഉടനെ തന്നെ പറയാം...

തിരിഞ്ഞുപോകുമ്പോൾ ക്രിസ്തുവിന്റെ രൂപത്തിന് മുന്നിൽ നിന്ന് അമ്മ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു, കണ്ണുകൾ ഒക്കെ നിറയുന്നു സെമിത്തേരിയിൽ പോയി അപ്പച്ചനോടും എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്,

ദിവസങ്ങൾക്ക് ശേഷം തെളിഞ്ഞ മുഖത്തോടെയാണ് അമ്മ വന്നത്,  തനിക്ക് അടുത്തവർഷം മുതൽ സ്കൂളിൽ പോകാമെന്ന് അമ്മ പറഞ്ഞു, അതും പള്ളി സ്കൂളിൽ തന്നെ...!വലിയ സന്തോഷം തോന്നി അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ... എന്നെയും കൂട്ടി അപ്പോൾ തന്നെ കവലയിലേക്ക് പോയി,   നേരെ തയ്യൽക്കാരൻ രാമൻ ചേട്ടന്റെ കടയിൽ കയറി എന്റെ അളവു കൊടുത്തു,  അമ്മയുടെ രണ്ട് പഴയ സാരിയും,  പട്ടുപാവാട  തയ്ക്കാൻ... പുതിയ സ്കൂളിൽ പോകുമ്പോൾ പുതിയ ഉടുപ്പ് കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ മനസ്സിൽ മുൻപിൽ നിന്നത്...

പിറ്റേന്ന് വന്നപ്പോൾ അമ്മയുടെ കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു,  അതെന്റെ കൈകളിലേക്ക് തന്നിട്ട് അമ്മ പറഞ്ഞു,

"  വലിയ വലിയ ആൾക്കാരുടെ കുട്ടികളെ പഠിക്കുന്ന സ്കൂൾ അല്ലെ, അവിടെ അമ്മയുടെ കണ്ണുനീര് കണ്ടിട്ട് മോളെ  പഠിപ്പിക്കാമെന്ന് പറഞ്ഞത്,  നന്നായിട്ട് പഠിച്ച് മിടുക്കി ആവണം എന്റെ മോള്,  ഇല്ലെങ്കിൽ അവര് നമ്മളെ പറഞ്ഞു വിടും,  അതുകൊണ്ട് നന്നായിട്ട് പഠിക്കണം... ടീച്ചർ പറഞ്ഞു തരുന്നതൊക്കെ ഓർത്ത് പഠിക്കണം,  ഇത് നമ്മുടെ ഡോക്ടറുടെ മോളുടെ ബാഗാ ഒരു വട്ടമെ ഉപയോഗിച്ചിട്ടുള്ളൂ മോളെ, ഈ വട്ടത്തേക്ക് ഇത് കൊണ്ടുപോകു,  അടുത്തവർഷം അമ്മ മോൾക്ക് പുതിയൊരു ബാഗ് വാങ്ങി തരാം...

അനുസരണയോടെ തലയാട്ടി,.

ഇടവപ്പാതി കോരി ചൊരിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു പിഞ്ചിയെ കുടയിൽ അമ്മയ്ക്കൊപ്പം കയറി ആ സ്കൂളിലേക്ക് ആദ്യമായി എത്തുന്നത്.... അമ്മ എന്നെ ക്ലാസിലേക്ക് കൊണ്ടിരുത്തി ചോറ് വയ്ക്കാനായി പോയപ്പോൾ സാധാരണ കുട്ടികളൊക്കെ കരയുന്നത് പോലെ എന്തോ എനിക്ക് കരച്ചിൽ വന്നില്ല, അമ്മയെ പിരിഞ്ഞ് ഇരുന്നിട്ട് ശീലം ഉള്ളതുകൊണ്ടാവാം...  അമ്മ ജോലിക്ക് പോകുന്ന സമയത്ത് ഒറ്റയ്ക്കായിരുന്നല്ലോ,  അതുകൊണ്ടു തന്നെ കരച്ചിൽ ഒന്നും തോന്നിയില്ല, പല കുട്ടികളെയും ടീച്ചർ ആശ്വസിപ്പിക്കുന്നുണ്ട്,  ചിലരെ ചേർത്ത് പിടിച്ച് ചിലരെ തഴുകി അങ്ങനെയൊക്കെ,  തൊട്ടടുത്തിരുന്ന ഒരു കുട്ടി അലറി കരയുകയാണ്,  എന്തുകൊണ്ടോ അവളിലേക്കാണ് ആദ്യം ശ്രദ്ധ പോയത്,  ഒരു കൗതുകത്തോടെ ആ ആറു വയസ്സുകാരിയെ നോക്കി, തന്റെ കൗതുകം കണ്ടിട്ട് അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി, തന്നെ സൂക്ഷിച്ചു നോക്കി,  ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി....  അവൾ കുറെ സമയം തന്നെ തന്നെ നോക്കിയതിനു ശേഷം കയ്യിൽ കയറി പിടിച്ചു,  ആ സമയത്ത് താൻ  ഒന്ന് പുഞ്ചിരിച്ചു,  ഒരു പുതിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അവിടെ ഉദയം ചെയ്തത് ....

" നിങ്ങളെല്ലാം ഇപ്പോൾ പുതിയ ക്ലാസ്സിലേക്ക് വന്നിരിക്കുകയാ...  ഇതെല്ലാം നിങ്ങളുടെ കൂട്ടുകാരാ,  നിങ്ങൾ അങ്ങോട്ട് ഇങ്ങോട്ടും പേര് വിളിക്കണം, അല്ലെങ്കിൽ മോളെ എന്ന് വിളിക്കണം.....

ഐശ്വര്യം തുളുമ്പുന്ന ഒരു ടീച്ചർ നിറച്ചിരിയോടെ മുൻപിൽ നിന്ന് പറയുകയാണ്,

ഉടനെ തന്നെ ആ കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി എന്നിട്ട് പറഞ്ഞു...

"  മോളുടെ പേരെന്താ..?

"  ദീപ... മോളുടെ പേര് എന്താ...?

താൻ ചോദിച്ച അതേ ചോദ്യം അവൾ തിരികെയും ചോദിച്ചു,

"  ശേത...

സ്വന്തം പേര് പോലും ശരിക്ക് ഉച്ചരിക്കാൻ അറിയാത്ത ഒരാറ് വയസ്സുകാരി അതായിരുന്നു അന്ന് താൻ,

" എന്തിനാ കരയുന്നെ...?

നിഷ്കളങ്കമായി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,.. ചോദ്യം കേട്ടപ്പോൾ വീണ്ടും സങ്കടം തികട്ടി വന്നതുപോലെ ദീപ ഒന്നുകൂടി കരഞ്ഞു...  പിന്നെങ്ങലടിച്ച് മനസ്സിലാവാത്ത സ്വരത്തിൽ പറഞ്ഞു,

" അ... അമ്മ മുട്ടായി വാങ്ങിത്തരാം എന്ന് പറഞ്ഞു കൊണ്ടുവന്നത്,  എന്നിട്ട് എന്നെ ഇവിടെ ഇരുത്തിയിട്ട് പോയി. അമ്മയെ കാണാതൊണ്ട ഞാൻ കരഞ്ഞത്,  സങ്കടത്തോടെ പറഞ്ഞു.

" അയ്യേ അത് അമ്മ മോളെ പറ്റിച്ചത് ആണ് , ശരിക്കും മുട്ടായി വാങ്ങി തരാൻ അല്ല പഠിക്കാനാ നമ്മളൊക്കെ ഇവിടെ വന്നിരിക്കുന്നത്... എന്റെ അമ്മ എന്നെ ഇവിടെ പഠിക്കാൻ ആണല്ലോ കൊണ്ടുവന്ന വിട്ടത്... അമ്മ പറഞ്ഞിരുന്നു കുട്ടികളൊക്കെ കരയും മോൾ കരയരുതെന്ന്,  അതുകൊണ്ടാ ഞാൻ കരയാത്തത്...  നല്ല കുട്ടികൾ കരയാൻ പാടില്ല,

അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു....

കുറച്ചു സമയം കൂടി തന്നെ സൂക്ഷിച്ചു നോക്കിയതിനു ശേഷം അത് മനസ്സിലായി എന്നതുപോലെ കുഞ്ഞു കൈകൾ കൊണ്ട് അവൾ കണ്ണുനീര് തുടച്ചു കളഞ്ഞു...  എന്നിട്ട് തന്നെ നോക്കി ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു, 

" എങ്കിൽ ഇനി ഞാൻ കരയില്ല.

രണ്ടുപേരും പരസ്പരം കൈകൾ കോർത്തു പിടിച്ചു, അന്ന് ക്ലാസ് തീരുന്നത് വരെ അങ്ങനെയാണ് ഇരുന്നത്...  പരസ്പരം ഒരു താങ്ങ് എന്നതുപോലെ ഒരാൾ തളർന്നാൽ ഒരാൾ കൂടെയുണ്ടെന്ന് പറയാതെ പറയുന്നതുപോലെ,  ഇന്നുവരെ ആ സൗഹൃദം അതേപോലെ നിലനിൽക്കുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story