ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 24

ormappottukal

രചന: റിൻസി പ്രിൻസ്‌

അന്ന് രാത്രി ചെന്നപ്പോൾ തന്നെ മനോഹരമായ ഒരു കാർഡ് ഉണ്ടാക്കുവാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു അവൾ  .

അത്യാവശ്യം വലിയൊരു കാർഡ് തന്നെയായിരുന്നു ഉണ്ടാക്കിയിരുന്നത്.  കമ്മലുകളിൽ നിന്നും  മറ്റും പോകുന്ന കുഞ്ഞു മുത്തുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു.  അതുപോലെ ഭംഗിയുള്ള വസ്തുക്കൾ ഒക്കെ ഒരു ബോക്സിൽ ഇട്ട് സൂക്ഷിച്ചു വയ്ക്കുമായിരുന്നു.  പിന്നെപ്പോഴെങ്കിലും ഉപകാരപ്രദമാകും എന്ന് കരുതി.  അത് തെറ്റിയിരുന്നില്ല അത്തരത്തിൽ സൂക്ഷിച്ചുവെച്ച കല്ലുകളും മുത്തുകളും ഒക്കെ കൊണ്ട് കാർഡ് നന്നായി അലങ്കരിച്ചു. മൂന്നു പേജുകളുള്ള ഒരു വലിയ കാർഡായാണ് ഉണ്ടാക്കിയത്.  പണ്ടുമുതലേ അതിനൊരു കഴിവുണ്ട്.  പലപ്പോഴും ക്രിസ്മസ് കാർഡുകൾ തന്നെയാണ് ഉണ്ടാക്കാറുള്ളത്. അതൊക്കെ കൂട്ടുകാർക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പേജിൽ ഭംഗിയായി കല്ലുകൾ കൊണ്ടും  ചില അലങ്കാര വസ്തുക്കൾ കൊണ്ടും  മഞ്ചാടി കുരു കൊണ്ടും അലങ്കരിച്ചു.  മനോഹരമായ ഒരു വലിയ ഹാർട്ടിന്റെ ചിത്രം ഭംഗിയായി വെട്ടിയെടുത്ത് നടുക്കായി ഒട്ടിച്ചു.  അതിന് അരികിൽ ആയി ചുവന്ന റോസാപ്പൂക്കളുടെ ചിത്രം കൂടി ഒട്ടിച്ചു.  പിന്നെ നല്ല വടിവൊത്ത കൈയക്ഷരത്തിൽ ഇങ്ങനെ എഴുതി.... "Loved you yesterday, love you still, always have, always will.[ഇന്നലെ നിന്നെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു, എപ്പോഴും ഉണ്ട്, എപ്പോഴും ചെയ്യും.]

അവസാന പേജ് തനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്.  തന്റെ മനസ്സ് അവനു മുന്നിൽ തുറന്നു കാണിക്കാൻ വേണ്ടി..  ഹൃദയം തുറന്നു തന്നെ എഴുതാൻ തീരുമാനിച്ചു, ഇന്നുവരെ മുഖത്തുനോക്കി പറയാൻ മടിച്ചതെല്ലാം ആ വാക്കുകളിൽ ഉണ്ടായിരിക്കണം എന്ന് തോന്നി..

"  എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ സാമച്ചായന്...,

എന്റെ എന്ന് സംബോധന ചെയ്യാൻ സാധിക്കുമോന്ന് എന്നറിയില്ല. പക്ഷേ ആദ്യമായി അടുത്ത് കണ്ട നിമിഷം മുതൽ എന്റെ സ്വന്തമെന്ന് ഹൃദയം മന്ത്രിച്ച് തുടങ്ങിയിരുന്നു.  അതുകൊണ്ടുതന്നെ അങ്ങനെയെ കണ്ടിട്ടുള്ളൂ. ഈ നിമിഷം വരെ അത് മാറ്റി പ്രതിഷ്ഠിക്കാൻ  എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി ഒരിക്കലും കഴിയും എന്നും തോന്നുന്നില്ല.  പ്രണയത്തിന്റെ നിറം ചുവപ്പ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് പ്രണയത്തിന്റെ നിറം വെളുപ്പാണ് എന്നാണ് അതുകൊണ്ടല്ലേ ഏതു മഷി കൊണ്ട് എഴുതിയാലും അതിന്റെ തിളക്കം നഷ്ടമാവാതിരിക്കുന്നത്. സ്നേഹം ഒരു വികാരമാണ്, അത് നമ്മെ പലതും അനുഭവിപ്പിക്കുന്നു. അത് നമ്മുടെ ഉള്ളിലെ ചിത്രശലഭങ്ങളാണ്, നമ്മുടെ ഹൃദയങ്ങൾ നെഞ്ചിൽ അതിവേഗം മിടിക്കുന്നു, ആ പ്രത്യേക വ്യക്തി അടുത്തെത്തുമ്പോഴെല്ലാം നമ്മുടെ കൈപ്പത്തികൾ വിയർക്കുന്നു. അങ്ങനെ പറഞ്ഞാൽ, പ്രിയപ്പെട്ട ഒരാൾ നിങ്ങളോട് എത്രമാത്രം അടുത്ത് വരുന്നുവോ അത് പലപ്പോഴും നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.,സ്നേഹമാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി. എവിടെ വസിച്ചാലും അതിന്റെ സാന്നിധ്യം ആഴത്തിൽ അനുഭവപ്പെടും. സ്നേഹത്തിന് എല്ലാറ്റിനെയും തരണം ചെയ്യാനും സങ്കീർണ്ണമായ സാഹചര്യങ്ങളെ മികച്ചതാക്കി മാറ്റാനും കഴിയും. എന്നിരുന്നാലും, പ്രണയത്തിന്റെ വലിയ ബുദ്ധിമുട്ട് എന്നത്  നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് പ്രകടിപ്പിക്കാൻ ശരിയായ വാക്കുകൾ കണ്ടെത്തുന്ന വെല്ലുവിളിയാണ്.   സ്നേഹം എന്ന ആശയം തന്നെ വാക്കുകളിൽ വിവരിക്കാൻ നമ്മുക്ക് പ്രയാസമാണ്. അത് അനുഭവിച്ചു അറിയണം. സ്നേഹത്തെ പറ്റി പ്രതിപാദിക്കാൻ ഒരു പ്രേത്യേക ഭാഷ നിലവിൽ ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഒരാൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ദിവ്യ അനുഭവമാണ് അത്, ഞാൻ ഇപ്പോൾ അങ്ങനെ ഒരു അനുഭവത്തിൽ ആണ്. അത് മനസിലാക്കി തരാൻ എനിക്ക് അറിയില്ല, എന്നെങ്കിലും ഞാൻ തെളിമയോട് ആ ഉള്ളിൽ നിറയും, എനിക്ക് വേണ്ടി മാത്രമായി നിങ്ങൾ പ്രണയാർദ്രനാകും, അന്ന് എന്നിലെ വസന്തം ഋതുകളുടെ സഹായമില്ലാതെ പൂക്കും. അന്നെന്റെ ഉള്ളം നിങ്ങൾക്ക് കാണാൻ ആകും, അന്നേ നിങ്ങൾക്ക് അത് കാണാനാകു...ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ നിങ്ങളെ രേഖപെടുത്തിയതിനാൽ ആത്മാവ് നഷ്ടമായി ഓരോ ദിനവും ഉരുകിയുരുകി ഞാൻ സ്വയം ഇല്ലാതെയാവുന്നു..! നിങ്ങളോട് എനിക്ക് ഉള്ള പ്രണയം ഒരു തപസ്സാണ്, നിങ്ങൾ വരം നൽകിയാൽ മാത്രം അവസാനിക്കുന്നൊരു തപസ്സ്...

ശ്വേത....!

ആദ്യം എന്ത് എഴുതും എന്നായിരുന്നു പരിഭ്രമം എഴുതി വന്നപ്പോൾ മുഴുവൻ എഴുതുന്നില്ല എന്നതായി പ്രശ്നം.  അവസാനം എഴുതിക്കഴിഞ്ഞതും ഹൃദയത്തോടെ ചേർത്തുവച്ച് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അതിൽ ഒരു ചെറു ചുംബനം നൽകി.  ആ കാർഡിന് തന്റെ ശ്വാസത്തിന്റെ താളം ഉണ്ടെന്നു തോന്നി...  പഴയ ഒരു ഗിഫ്റ്റ് പേപ്പറിൽ അത് ഭംഗിയായി പൊതിഞ്ഞു.  സ്വന്തമായി ഉണ്ടാക്കിയെടുത്ത റിബൺ കൊണ്ട് ഒരു മനോഹരമായി കെട്ടി. ഭദ്രമായി സ്കൂൾ ബാഗിൽ കൊണ്ടുവച്ചു... ഇനി ഇത് ആളുടെ കയ്യിൽ കൊടുക്കണം...

നാളെ തന്നെ കൊടുക്കണം എന്നാണ് മഞ്ജിമ പറഞ്ഞിരിക്കുന്നത്.  എങ്ങനെ കൊടുക്കും നാളെത്തന്നെ ....? ആ ചിന്തയായി മനസ്സിൽ
എന്തെങ്കിലും കാരണം പറഞ്ഞ് അവിടെ പോയെങ്കിൽ അല്ലേ ഇത് കൊടുക്കാൻ പറ്റൂ , അവസാനം രണ്ടും കൽപ്പിച്ച് അമ്മച്ചിയുടെ അരികിലേക്ക് ചെന്നു.

അമ്മച്ചി അവിടെ വൈകുന്നേരത്തേക്കുള്ള അത്താഴത്തിന്റെ പണിപ്പുരയിലാണ്. മത്തി വെട്ടി കൊണ്ടിരിക്കുകയാണ്.  ഇടയ്ക്ക് കൊതുകു വന്ന് ശല്യപ്പെടുത്തുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ കൈയുടെ തോൾവശം കൊണ്ടൊക്കെ ചൊറിയുന്നുണ്ട്.

" നീ ഇച്ചിരി ഉപ്പും എടുത്തുകൊണ്ട് വന്ന കൊച്ചേ.. ഇതൊന്നു കഴുകട്ടെ,

തന്നെ കണ്ടതും അമ്മച്ചി പറഞ്ഞു. പെട്ടന്ന് അകത്തേക്ക് ഓടി ഉപ്പിന്റെ ഭരണി എടുത്തു കൊണ്ട് അമ്മച്ചിക്ക് അരികിലേക്ക് വന്നു. നന്നായി മീൻ കഴുകുന്നതിനിടയിൽ അമ്മച്ചി മുഖത്തേക്ക് നോക്കുന്നുണ്ട്.  കാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് ഒരുപക്ഷേ തോന്നിയിട്ടുണ്ടാവും.

" നാളെ ട്യൂഷൻ ഇല്ല.. അപ്പോൾ മഞ്ജിമേടെ അമ്മ പറഞ്ഞു അവിടുത്തെ ആന്റിക്ക് മുളക് പൊടിപ്പിക്കാൻ ഉണ്ടെന്ന്. സ്കൂൾ കഴിഞ്ഞിട്ട് അവള് മില്ലിലേക്ക് പോകുന്നുണ്ട്.  നമുക്ക് എന്തെങ്കിലും പൊടിപ്പിക്കാൻ ഉണ്ടോ..?  അവൾ എന്നോട് ചോദിച്ചു ഒന്ന് കൂടെ ചെല്ലുമോന്ന്, അത് പൊടിച്ചിട്ട് അവളെ ബസ്സിൽ കയറ്റി വിടണം എന്ന് പറഞ്ഞത്.  അവർക്ക് ഇവിടൊന്നും പരിചയമില്ലല്ലോ അമ്മയോട് ആയി പറഞ്ഞു..

" നമുക്കൊന്നും പൊടിപ്പിക്കാൻ ഇരിപ്പില്ല,  നീ ഒരു കാര്യം ചെയ്യ് ആ കൊച്ചിന്റെ കൂടെ പോകുമ്പോൾ അവിടെ പൊടിച്ചു വച്ചിരിക്കുന്ന മുളകുപൊടിയും മല്ലിപ്പൊടി ഒക്കെ കാണും അതീന്ന് ഒരു 100 ഗ്രാം വെച്ച് മുളകുപൊടി മല്ലിപ്പൊടിയും കാപ്പിപ്പൊടിയും വാങ്ങിച്ചു കൊണ്ട് വാ, പൈസ ഞാൻ രാവിലെ തരാം..

അമ്മച്ചി അത് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നിയിരുന്നു.  പോകാനുള്ള ഒരു കാരണമായല്ലോ.

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ മഞ്ജിമ വന്നിട്ടില്ല. അവളുടെ ബസ്സിൽ വരുന്ന ഒരു ചേച്ചി പറഞ്ഞു പനി ആയതുകൊണ്ടാണെന്ന്.  ആകപ്പാടെ ഒരു നഷ്ടബോധം.  കൂടെ വരാമെന്ന് അവൾ പറഞ്ഞതാണ്, തന്റെ വിഷമം കണ്ടിട്ടാവും പെട്ടെന്ന് ദീപ പറഞ്ഞു നമുക്ക് രണ്ടുപേർക്കും കൂടെ പോകാം,  ഞാനും കൂടി നിന്റെ കൂടെ വരാമെന്ന്... അവൾ അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു.  ഒരു പ്രത്യേക നന്ദിയോടെ അവളെ നോക്കി.

"നീ ചെന്നാൽ അത് വലിയ ഉപകാരമായിരിക്കും.  ഞാൻ ചെന്നാൽ ചിലപ്പോൾ പെട്ടെന്ന് കാര്യങ്ങൾ സാം ചേട്ടന് മനസ്സിലാവും.

അത് കേട്ട് അനീറ്റ പറഞ്ഞു.  അങ്ങനെ അവസാനം ആ തീരുമാനത്തിലെത്തി.  അന്നത്തെ ദിവസം ക്ലാസ്സ് കഴിയാൻ വല്ലാതെ കാത്തിരുന്നു എന്നതാണ് സത്യം.

അങ്ങനെ വൈകുന്നേരം ആയപ്പോൾ ദീപക്കൊപ്പം മില്ലിലേക്ക് നടന്നു.  വളരെ പതുക്കെയാണ് നടന്നു പോകുന്നത്. ആള് വീട്ടിലുണ്ടോന്ന് അറിയില്ല ക്ലാസ് കഴിഞ്ഞതുകൊണ്ട് ഇപ്പോൾ ആള് വരുന്നതും പോകുന്നതും ഒന്നുമറിയില്ല. അവിടേക്ക് ചെന്നപ്പോൾ എന്തോ ഒരു ഭാഗ്യം പോലെ മില്ല് അടച്ചിട്ടിരിക്കുകയാണ്.  അരമണിക്കൂർ കഴിഞ്ഞ് ആള് വരും എന്ന് അടുത്ത കടയിലെ ചേട്ടൻ പറഞ്ഞു. പിന്നെ ആള് വരുന്നത് വരെ ഒരു കാത്തിരിപ്പായിരുന്നു.  അപ്പോഴേക്കും സമയം ഏകദേശം നാലുമണിയോടെ അടുക്കാറായിട്ടുണ്ട്. ആൾടെ വീട്ടിലേക്ക് എത്തിനോക്കും മുറ്റത്ത് നിന്ന് ജെസി ആന്റി തൂക്കുന്നതൊക്കെ കാണാമായിരുന്നു.  എന്നാൽ ആളെ കാണുന്നുമില്ല.  ഇതുവരെ അവിടെ പോയിട്ടുള്ളത് വെച്ച് നോക്കുമ്പോൾ ആളുടെ മുറി മുകളിലത്തെ നിലയിൽ ആവാനാണ് തരം.  അതുകൊണ്ടു തന്നെ മുകളിലേക്ക് ആണ് നോക്കിയത്.  അവിടെ ജനലുകൾ ഒക്കെ അടഞ്ഞുകിടുന്നതും വീട്ടിലെ പോർച്ചിൽ  വണ്ടികൾ ഒന്നും ഇല്ലാതിരുന്നതും ഒക്കെ ആൾ അവിടെ ഇല്ല എന്ന് മനസ്സിലാക്കി തരികയായിരുന്നു.  വല്ലാത്തൊരു നഷ്ടബോധം ആ നിമിഷം തോന്നിയിരുന്നു. താൻ ഇത്ര ഭാഗ്യം കെട്ടവൾ ആണല്ലോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ഒരു പൾസർ ബൈക്കിൽ ഹെൽമറ്റുമായി ആരോ വീടിന്റെ അകത്തേക്ക് കടന്നുവരുന്നത് കണ്ടത്. പെട്ടെന്ന് ബൈക്ക് നിർത്തി ആൾ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ അത് ആരാണെന്ന് മനസ്സിലായിരുന്നു. കയ്യിൽ ഒരു ബാഗ് ഒക്കെ ഉണ്ട്. ജോലി ചെയ്യുന്നുണ്ട് എന്ന് അനിറ്റ  പറഞ്ഞിരുന്നു എന്നാൽ എവിടെയാണെന്ന് അവൾക്കും അറിയില്ല. അതുകൊണ്ടു തന്നെ ആളാണ് വന്നിറങ്ങിയത് എന്ന് വളരെ പെട്ടെന്ന് മനസ്സിലായിരുന്നു. ഹെൽമറ്റ് കൂടി ഊരിയതോടെ ആ സംശയം പൂർണമായും മാറി. 

"ദേ ചേട്ടൻ വന്നു..

പെട്ടെന്ന് ആളെ കണ്ടുകൊണ്ട് തന്നോട് ആയി ദീപ പറഞ്ഞു.  അപ്പോഴേക്കും കൈവിറയ്ക്കാൻ തുടങ്ങി. അല്ലെങ്കിലും ആളെ നേരിട്ട് കാണുമ്പോൾ ഈ വിറയിൽ കൂടെപ്പിറപ്പാണ്. പെട്ടെന്ന് മില്ലിലെ ആളും വന്നിരുന്നു. അമ്മച്ചി പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി. വെപ്രാളത്തോടെ കാശ് കൊടുത്തു. സാധനം ബാഗിൽ വച്ചതിനു ശേഷം വീണ്ടും തിരിച്ചു നടന്നു.  തിരികെ നടന്നു പോകുന്ന വഴിയിലാണ് ആളുടെ വീട്.  എങ്ങനെ കയറും എന്നുള്ള ഒരു മടി ആ നിമിഷം മനസ്സിലേക്ക് വന്നിരുന്നു. ദീപ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്.  വീടിന്റെ അരികിലെത്തിയിട്ടും അവിടേക്ക് കയറാൻ ധൈര്യം അനുവദിക്കുന്നില്ല.

"നീ എന്താ തിരിച്ചുപോവാണോ കേറണ്ടേ...?

ദീപ മുഖത്തേക്ക് നോക്കി ചോദിച്ചു.

"  എനിക്ക് ഭയങ്കര  പേടി പോലെ,

വീട് കടന്നുകൊണ്ട് അവളോട് പറഞ്ഞു.

"  നിന്റെ ഒരു കാര്യം,  പിന്നെന്തിനാ ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വന്നത്.

അവൾ പരിഭവിച്ചു. പെട്ടെന്നാണ് എതിർ ദിശയിൽ നിന്നും ഒരു ബസ് വരുന്നത്  കണ്ടു.

"ഡീ കയറുന്നില്ലേൽ ഞാൻ പോട്ടെ, ഇത് കഴിഞ്ഞാൽ ഇനി 4.30ക് ഉള്ളു, ഇതാവുമ്പോൾ വീട്ടിൽ കള്ളം പറയേണ്ടി വരില്ല...

ദീപ ചോദിച്ചപ്പോൾ വേണ്ട എന്ന് പറയാൻ തോന്നിയില്ല.  തനിക്ക് വേണ്ടിയാണ് അവൾ ഇത്രയും സമയം നിന്നത്.

"ശരി നീ പൊക്കോ, നാളെ കാണാം.

താൻ തന്നെയാണ് ബസ് കൈകാണിച്ചു നിർത്തിയത്.  ബസ്സിൽ കയറുന്നത് വരെ അവൾ ടാറ്റാ തന്നിരുന്നു.  അവൾ പോയപ്പോൾ വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി,  പിന്നെ വീട്ടിലേക്ക് തന്നെ നടന്നു.
വല്ലാത്ത ദാഹം തോന്നിയിരുന്നു ബാഗ് തുറന്നു വെള്ളം എടുക്കാൻ നോക്കിയപ്പോഴാണ് വാങ്ങിയ സാധനങ്ങൾക്കൊപ്പം അമ്മച്ചിയുടെ പേഴ്സ് അവിടെ മറന്നു വെച്ചു എന്ന് മനസ്സിലായത്.  അതിൽ ബാക്കി 100 രൂപയോളം ഉണ്ടായിരുന്നു.  പെട്ടെന്ന് തലയിൽ കൈവച്ചു.  ഇനി തിരികെ പോയി അത് എടുക്കാതെ പറ്റില്ല ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story