ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 25

രചന: റിൻസി പ്രിൻസ്‌

ബാഗ് തുറന്നു വെള്ളം എടുക്കാൻ നോക്കിയപ്പോഴാണ് വാങ്ങിയ സാധനങ്ങൾക്കൊപ്പം അമ്മച്ചിയുടെ പേഴ്സ് അവിടെ മറന്നു വെച്ചു എന്ന് മനസ്സിലായത്.  അതിൽ ബാക്കി 100 രൂപയോളം ഉണ്ടായിരുന്നു.  പെട്ടെന്ന് തലയിൽ കൈവച്ചു.  ഇനി തിരികെ പോയി അത് എടുക്കാതെ പറ്റില്ല ...

എങ്ങനെ തിരികെ പോകും..?  ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു.  കൂടെ ദീപയുള്ളതുകൊണ്ടാണ് ഇതുവരെ പോയത്. ഇനി ഒരിക്കൽ കൂടി ആ വീട് കടന്നു പോവുകയെന്ന് പറഞ്ഞാൽ അത് തനിക്ക് ചിന്തിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ലെന്ന് അവൾക്ക് തോന്നി.  പക്ഷേ പോകാതെ പറ്റില്ല.  അതുകൊണ്ട് രണ്ടും കൽപ്പിച്ചവൾ തിരികെ പോകാൻ ആയി നടന്നു.  തിരികെ പോയി പേഴ്സും എടുത്ത് വരുമ്പോഴാണ് ഗേറ്റിന്റെ അരികിൽ ജെസ്സി ആന്റി നിൽക്കുന്നത് കണ്ടത്.

"എവിടെ പോയതാ കൊച്ചേ...?

തന്നെ കണ്ടുകൊണ്ട് അടുത്ത് വന്ന് ചോദിച്ചു, ശരീരമാകെ ആലില പോലെ വിറക്കാൻ തുടങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാതെ സംസാരിച്ചു,

" മില്ലിൽ പോയതാ, മുളക് പൊടിപ്പിക്കാൻ ഉണ്ടായിരുന്നു...

ഒരു വിധത്തിലാണ് മറുപടി പറഞ്ഞത്.

" സ്കൂൾ കഴിഞ്ഞു പോയതാണോ..?

"ആഹ്... ഒരു കൂട്ടുകാരിയും കൂടി ഉണ്ടായിരുന്നു,  അവളിപ്പോൾ ബസ്സിനു പോയി,

"  എങ്കിൽ ഒരു കാര്യം ചെയ്യ് മോൾ വാ... ചായ കുടിച്ചിട്ട് പോകാം,

വിളിച്ചപ്പോൾ വേണ്ടന്ന് തന്നെ  പറഞ്ഞു.  എന്നിട്ടും വിടാൻ ഭാവമില്ലാതെ നിൽക്കുകയാണ് ജെസ്സി ആന്റി. ഇനിയും എതിർക്കുന്നത് ശരിയല്ലെന്ന് തോന്നി.  ഒരുപക്ഷേ ദൈവം ആയിട്ട് എന്റെ കൺമുമ്പിൽ കൊണ്ട് തന്ന ഒരു അവസരം ആണെങ്കിലോ..? മടിച്ചുമടിച്ച് ആണെങ്കിലും ജെസി ആന്റിയെ പിന്തുടർന്നു,  പ്രധാന വാതിലിലൂടെ അല്ലാതെ അടുക്കള വാതിലിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ വഴക്ക് പറഞ്ഞ് ആന്റി തന്നെ പ്രധാന വാതിലിലൂടെ അകത്തേക്ക് കടത്തി.  അമ്മ വരുമ്പോൾ എപ്പോഴും അടുക്കള വാതിൽ വഴിയാണ് അകത്തേക്ക് കയറാറുള്ളത്, ആ ചിന്തയിലാണ് താനും അങ്ങനെ നടന്നത്, അതിന്റെ ആവശ്യമില്ലെന്ന് ആന്റി പറഞ്ഞപ്പോൾ ഉള്ളിൽ പകുതി ആശ്വാസം തോന്നിയിരുന്നു.  പലകാര്യങ്ങളിലും താൻ കരുതി വെച്ചിരിക്കുന്ന അകലം കുറച്ചു കുറയുന്നത് പോലെ...

ഹാളിലേക്ക് ചെന്നപ്പോൾ ആൾ അവിടെ ഉണ്ടായിരുന്നില്ല.  അല്പം സമാധാനം തോന്നി.  മുകളിലത്തെ മുറിയിൽ ആയിരിക്കുമെന്ന് തോന്നി,  അവിടെ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു.. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു ബർമുഡയും ബനിയനും ധരിച്ചുകൊണ്ട് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ശരീരത്തിൽ എവിടെയോ പോയി മറഞ്ഞ വിറയൽ വീണ്ടും പൂർവാധികം ശക്തിയോടെ തിരികെ വരുന്നത് അവൾ അറിഞ്ഞിരുന്നു..

" ഇരിക്ക് മോളെ...

ഒരു കണ്ണാടി കപ്പിൽ ഏലക്ക മണമുള്ള ചായയും ഒരു പ്ലേറ്റിൽ കുറച്ച് മിച്ചറും പാർലെ ജി ബിസ്ക്കറ്റും ഒക്കെ കയ്യിൽ കൊണ്ട് ചെന്ന് തന്നുകൊണ്ട് ജെസ്സി  ആന്റി പറഞ്ഞു.

പെട്ടെന്ന് ആള് തിരികെ പോകാനും ഇറങ്ങിവരാനും വയ്യാത്ത അവസ്ഥയിൽ നിൽക്കുകയാണ്.

"ഹാ നീ വന്നോ, വാ ചായ കുടിക്ക്...

ആന്റി പറഞ്ഞപ്പോൾ തിരികെ പോകാൻ മടിച്ച ആൾ താഴേക്ക് ഇറങ്ങി വന്നു. തന്റെ മുഖത്തേക്ക് നോക്കി ഒരു ചെറിയ പുഞ്ചിരി നൽകി. തന്റെ ഹൃദയം നിറയ്ക്കാൻ അത് തന്നെ ധാരാളമായിരുന്നു. പെട്ടെന്നാണ് ചായകുടിച്ചത്,  ഇതിനിടയിൽ ആളെന്നെ നോക്കുന്നുണ്ടെന്ന് കാണാമായിരുന്നു.  പക്ഷേ രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല എന്നതാണ് സത്യം. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു ഇടിവെട്ടിയതോടെ ജെസ്സി ആന്റി മുകളിലേക്ക് പോകാൻ തയ്യാറെടുത്തു.

"  ടെറസിൽ മുളക് ഉണങ്ങാൻ വെച്ചിരിക്കുകയാണ് നീ അതൊന്ന് എടുത്തിട്ട് വായോ...
എനിക്ക് മുകളിലേക്ക് കയറാൻ വയ്യ, മുട്ടിനു നീരാണ്..

ആന്റി പറഞ്ഞു..

"  ഈ ചായ ഒന്നു കുടിച്ചു കഴിയട്ടെ അമ്മേ...

ഫോണിലേക്ക് നോക്കി അലസമായി ആള് പറഞ്ഞു,

ഞാൻ പെട്ടെന്ന് ചായകുടിച്ച് കപ്പുമായി അടുക്കളയിലേക്ക് പോയപ്പോൾ ആന്റി തന്നെ അത് വാങ്ങി,

"  വേണ്ട ഞാൻ കഴുകി വെച്ചോളാം..

"  ഞാൻ എടുത്തിട്ട് വരാം മുളക്...

അങ്ങനെ പറഞ്ഞപ്പോൾ ആൾ എന്നെ ഒന്ന് പാളി നോക്കുന്നത് കണ്ടു..

"  വേണ്ട മോളെ ഇവൻ ചായ കുടിച്ചു കഴിഞ്ഞാൽ ഞാൻ ഇവനെ കൊണ്ട് എടുപ്പിച്ചോളാം...

"  സാരല്ല്യ ആന്റി... ഇവിടെ വരെ വന്നിട്ട് ആന്റിയ്ക്ക് എന്തെങ്കിലും ഒരു ഹെല്പ് ചെയ്യാതെ പോയ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. 

അത്രയും പറഞ്ഞ് ചിരിയോടെ മുകളിലേക്ക് കയറിപ്പോയിരുന്നു.  ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുകയായിരുന്നു,  മുളക്ക് ചുരുട്ടി എടുത്തു. അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്.  കയ്യിൽ ബാഗ് ഉണ്ട് വേണമെങ്കിൽ ആരും കാണാതെ ഈ ഒരു സമ്മാനം മുറിയിലേക്ക് വയ്ക്കാം.  എവിടെ നിന്നോ ഒരു ധൈര്യം കൈവശം വന്നു..  പെട്ടെന്ന് ബാഗ് തുറന്നു അതിൽ നിന്നും ഭദ്രമായി പൊതിഞ്ഞു വെച്ച ബോക്സ് എടുത്തു,  ആളുടെ മുറിയെതാണെന്നറിയില്ല.. ഫാൻ കിടക്കുന്ന മുറിയായിരിക്കും എന്ന് തോന്നി,  പെട്ടെന്ന് ഒരു ധൈര്യത്താൽ അകത്തേക്ക് കയറി..  എന്നെങ്കിലും ആൾക്ക് ഒപ്പം ഈ മുറിയിൽ ഒന്നിച്ചു കഴിയുമോ..? ആ നെഞ്ചിൽ ചേർന്ന് ജനലരികിൽ നിൽക്കുമോ..? ഭയത്തോടെ അല്ലാതെ അവകാശത്തോടെ കയറാൻ പറ്റുമോ...?ചിന്തകൾ കാടു കയറി... മേശപ്പുറത്തേക്ക് അതുവച്ചു, ആളുടെ മുറി തന്നെയാണെന്ന് അവിടെക്കിടന്ന് ഷർട്ടുകൾ മറ്റും തെളിയിക്കുന്നുണ്ടായിരുന്നു, ഇനി എത്രയും പെട്ടെന്ന് ഇവിടുന്ന് പോകണമെന്ന് മാത്രമാണ് മനസ്സിലുള്ള ചിന്ത. താഴെ കൊണ്ടുവന്ന് ആന്റിയുടെ കൈയിലേക്ക് മുളകു കൊടുത്തു..

"  മോൾ എന്തിനാ ഈ ബാഗ് ഇട്ടോണ്ട് പോയത്... അത്രയും ഭാരം കൂടി മുകളിലോട്ട് താങ്ങണമെന്നുണ്ടായിരുന്നോ..?

ചെറുചിരിയോട് ആന്റി ചോദിച്ചു..

"അത് മറന്നുപോയി ആന്റി... നല്ല മഴ വരുന്നു ഞാൻ പൊയ്ക്കോട്ടെ,

ആന്റിയുടെ മുഖത്തേക്ക് സമ്മതത്തിന് എന്നതുപോലെ ചോദിച്ചു..

"നിൽക്ക്, കുറച്ചു പച്ചക്കറിയും സാധനങ്ങളും ഒക്കെ തന്നു വിടാം,  എന്റെ വീട്ടിൽ നിന്ന് ചാച്ചൻ വന്നപ്പോൾ കൊണ്ടുവന്നത് ആണ്. കുറച്ച് ഉണക്ക കപ്പയും ഏത്തക്കായും ഒക്കെ ഉണ്ട്,  ഞാൻ എങ്ങനെയാണ് ഒന്ന് തരുന്നത് ഓർത്തിരിക്കുകയായിരുന്നു,  അപ്പഴാ മോളെ കണ്ടത്.   അതും കൂടി കൊണ്ടുപോവാം  ഞാൻ എടുത്തു വച്ചിട്ടുണ്ട്.  അതും പറഞ്ഞ് ആന്റി എന്നെയും കൊണ്ട് അടുക്കളയിലേക്ക് പോയിരുന്നു.

എങ്ങനെയെങ്കിലും ഒന്ന് പെട്ടെന്ന് പോയാൽ മതിയെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്..  ഒരു വിധത്തിൽ ആന്റി തന്ന കവറ് കെട്ടുമായി മുൻപിലെ ഹാളിലേക്ക് എത്തിയിരുന്നു.  ആളെപ്പഴും അവിടെ അലസമായിരിക്കുന്നു.. ആന്റി പിന്നാമ്പുറത്ത് വിരിച്ച തുണികൾ എടുക്കാൻ ആയി പുറത്തേക്ക് ഇറങ്ങിയിരുന്നു. ആ സമയം കൊണ്ട് ആളോട് ഈ കാര്യം പറയണമെന്ന് തോന്നി..

അരികിൽ നിന്ന് ഒന്ന് ചുമച്ചു,  പെട്ടെന്നാൾ മുഖമുയർത്തി തന്നെ ഒന്നു നോക്കി, എന്തെന്ന് പുരികം ഉയർത്തി ചോദിച്ചു.

"  ഞാനൊരു കാര്യം മുറിയിൽ വെച്ചിട്ടുണ്ട്. നാളെ സ്പെഷ്യൽ ഡേ അല്ലെ, ഇത് റിയ ചേച്ചിയുടെ കൊടുത്തുവിടേണ്ട ഞാൻ തന്നെ തരണമെന്ന്  ഓർത്തു, അതുകൊണ്ട് ആണ്...കഴിഞ്ഞ ദിവസം ടൂറിന് പോയിരിക്കുകയായിരുന്നു.  സ്കൂളിൽ എല്ലാവരും.  ഞാനും പോയിരുന്നു വിശേഷങ്ങളൊക്കെ ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്.  പിന്നെ ഒരു സർപ്രൈസ് ഉണ്ട് ചേച്ചി തരും..

ഇതൊക്കെ ഇവൾ എന്തിനാണ് തന്നോട് പറയുന്നത് എന്ന രീതിയിൽ  ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് സാം നോക്കി.  ചെറുചിരി അവന് സമ്മാനിച്ച അവൾ പുറത്തേക്ക് ഇറങ്ങിപ്പോയതും കാര്യം മനസ്സിലാവാതെ ഇരുന്നു പോയിരുന്നു അവൻ.  അവൾ പറഞ്ഞത് എന്താണെന്ന് അവനു വ്യക്തമായില്ല,

റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട് പോലും,  എന്താണത്..?  അവനതാണ് ചിന്തിച്ചത്.  അവൻ പെട്ടെന്ന് മുകളിലേക്ക് പോയിരുന്നു. റൂം തുറന്നപ്പോൾ മേശപ്പുറത്ത് വർണ്ണക്കടലാസിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു ഗിഫ്റ്റിലേക്ക് കണ്ണുടക്കി.  അത് തുറന്നു നോക്കി,  ഒറ്റ ശ്വാസത്തിൽ തന്നെ അവൻ ആ കാർഡ് വായിച്ചു.  അതിലെ വരികൾക്ക് ഒരു പ്രത്യേകതയുണ്ടെന്ന് അവന് തോന്നി.  ഒരു കൗമാരക്കാരിയുടെ വെറും ഭ്രമമല്ലാതെ ആ വരികൾക്ക് ജീവനുണ്ട്. അവളുടെ മനസ്സ് തന്നോട് പറയുന്നതുപോലെ..  ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട എഴുത്ത്, അങ്ങനെയാണ് അവന് തോന്നിയത്. എന്തുകൊണ്ടോ അത് നശിപ്പിക്കാൻ തോന്നിയില്ല.  അവൾ പറഞ്ഞത് എന്താണെന്ന് വ്യക്തമാവുകയും ചെയ്തില്ല.  അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു റീയയുടെ നമ്പർ ഡയൽ ചെയ്തു. ഒരു ബെല്ലടിച്ച് നിന്നു ഫോൺ എടുക്കപ്പെട്ടില്ല,  കുറച്ചുസമയം അവൻ കാത്തിരുന്നു.  പ്രതീക്ഷിച്ചതുപോലെ ഒരു മിസ്ഡ് കോൾ വന്നു.  ആ സമയം തന്നെ അവൻ തിരികെ വിളിച്ചു.  ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു. പതിഞ്ഞ സ്വരത്തിൽ അവൾ ഹലോ പറഞ്ഞപ്പോൾ അവന് ദേഷ്യവും വിഷമവും ഒക്കെ ഇരച്ചു വന്നു..

"  നീയും ശ്വേതയും  തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോ..?

ഒരു ആമുഖങ്ങളും ഇല്ലാതെ അവൻ ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു. ഒരു നിമിഷം റിയ ഒന്ന് പകച്ചു പോയിരുന്നു.  അവളുടെ മൗനം അവനെ വീണ്ടും സംശയത്തിന്റെ ആഴങ്ങളിലേക്ക് തന്നെ കൊണ്ടുചെന്നെത്തിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story