ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 27

ormappottukal

രചന: റിൻസി പ്രിൻസ്‌

ശ്വേത...! ശ്വേത ടൂറിന് പോയപ്പോൾ  ചേട്ടായിക്ക് വാങ്ങി തരാൻ വേണ്ടി ഞങ്ങൾ രണ്ടുപേരും കൂടിയല്ലേ ഇത് സെലക്ട് ചെയ്തത്,

അനീറ്റ പറഞ്ഞപ്പോൾ ഇടനെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെയാണ്  സാമിന് തോന്നിയത്.

"ശ്വേതയോ....?
ആ കുട്ടി എന്തിനാ എനിക്ക് ഷർട്ട് വാങ്ങുന്നത്...?

മനസ്സിലാവാത്തത് പോലെ സാം ചോദിച്ചു.

"ദേ ചേട്ടായി എനിക്ക് എല്ലാ കാര്യങ്ങളും അറിയാം. ഇനി എന്റെ മുമ്പിൽ പൊട്ടൻ കളിക്കല്ലേ, ഞാനാദ്യം ശ്വേതയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അവളെ ഇഷ്ടമാണെന്ന് ചേട്ടായി പറഞ്ഞിരുന്നെങ്കിൽ എന്റെ മുൻപിൽ നിന്ന് ഇങ്ങനെ വിയർക്കേണ്ട ആവശ്യമുണ്ടായിരുന്നോ...? ഞങ്ങൾ ചെന്ന് റിയ ചേച്ചിയെ കണ്ടു സംസാരിച്ചപ്പോൾ  അവളോട് ഉള്ളിൽ ഇഷ്ടം ഉണ്ടെന്ന്  ചേട്ടായി പറഞ്ഞേന്ന് പറഞ്ഞു. അവൾ തന്ന ഗിഫ്റ്റുകളും മുഴുവൻ വാങ്ങിയിട്ട് ഇപ്പൊൾ എന്നോട് പറയാ അവൾ എന്തിനാണ് എനിക്ക് ഷർട്ട് വാങ്ങുന്നതെന്ന്. ഞാൻ ഇതൊന്നും അജുനോട് പോലും പറയില്ല. കാരണം അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവൾ എന്നോട് പറഞ്ഞിട്ടുണ്ട് ആരോടും പറയണ്ടന്ന്

അനീറ്റയുടെ തല പെരുക്കുന്നതു പോലെ തോന്നി സാമിന്..

" ഇതൊക്കെ ആരാ നിന്നോട് പറഞ്ഞത്...?

ഏറെ ശാന്തമായി ദേഷ്യം പിടിച്ചു നിൽക്കുന്ന മനസ്സിനെ ഒന്ന് അടക്കി നിർത്തിക്കൊണ്ട് അവൻ ചോദിച്ചു..

" ഇതൊക്കെ എന്നോട് പറഞ്ഞത് ശ്വേത,  പക്ഷേ അവളോട് പറഞ്ഞത് റിയ ചേച്ചി.... പിന്നെ ശ്വേത എന്റെ മുന്നിൽ വച്ച് ആണ് ഗിഫ്റ്റ് ഒക്കെ റിയ ചേച്ചിടെ കൈയ്യിൽ കൊടുക്കാറുള്ളത്,  അതൊക്കെ ചേട്ടായി വാങ്ങിയിട്ടുണ്ടെന്നും ഞാൻ അറിഞ്ഞു. പിന്നെ ഒരു കാര്യത്തിൽ മാത്രമേ ഉള്ളൂ എനിക്ക് പിണക്കം. റിയ ചേച്ചിയെ പോലെ തന്നെ ഞാനും ചേട്ടായിയുടെ ഫ്രണ്ട് ആണെന്ന് കരുതിയത്.  എന്നിട്ട് ശ്വേതയെ ഇഷ്ടമാണെന്ന് മാത്രമേ പറഞ്ഞുള്ളൂ, എന്നോട് പറഞ്ഞാൽ ഞാൻ അജുവിനോട് പറയുമെന്ന് പേടിച്ചിട്ടാണെന്ന് എനിക്ക് മനസിലായി...

സാമിന് തലയ്ക്ക് നല്ലൊരു പ്രഹരം ഏറ്റത് പോലെയാണ് തോന്നിയത്. മറുപടിയൊന്നും പറയാൻ അവന് തോന്നിയില്ല.
റിയ ശരിക്കും ചതിച്ചുന്ന് തോന്നിയിരുന്നു, ശ്വേതയ്ക്ക് അവൾ പ്രതീക്ഷകൾ നൽകിയിരിക്കുന്നു.  എന്താണോ നൽകരുതെന്ന് താൻ ആഗ്രഹിച്ചത് അതാണ് റിയ കൊടുത്തിരിക്കുന്നത്.  ഒരു നോട്ടം കൊണ്ട് പോലും താൻ അവൾക്ക് നൽകാതെ പോയത് ആ പ്രതീക്ഷയായിരുന്നു,  അവളുടെ മുൻപോട്ടുള്ള ഭാവിയിൽ അതൊരു ബുദ്ധിമുട്ട് ആവരുത് എന്ന് കരുതി. എന്നാൽ റിയ ചെയ്തത് വല്ലാത്ത ചതിയായി പോയി എന്ന് സാമിന് മനസ്സിലായി.  ഏറെക്കുറെ കാര്യങ്ങൾ അവന് മനസ്സിലായിരുന്നു 

ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അജു ഇറങ്ങി വന്നപ്പോൾ രണ്ടുപേരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. പോകും മുൻപ് അനീറ്റയോട് യാത്ര പറയാൻ അവൻ മറന്നില്ല.  ഇന്നിങ്ങോട്ട് വന്നില്ലായിരുന്നുവെങ്കിൽ ഇനിയും ഇക്കാര്യം അറിയാതെ പോയേനെ,  ഇത് വീണ്ടും തുടർന്നു പോകുമായിരുന്നു   ഒരു കൊച്ചു പെൺകുട്ടിയുടെ മനസ്സിൽ മോഹങ്ങൾ കൊടുക്കുക, എന്തൊരു ദുഷ്ടതയാണ്. റിയയോട് ദേഷ്യം തോന്നിയിരുന്നു സാമിന്....

" നീയെന്താ വല്ലാതിരിക്കുന്നത്...?

അജുവിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്,

" ഒന്നുമില്ല...!

"വല്ലാത്തൊരു തലകറക്കം പോലെ... നീ വണ്ടി എടുക്ക്,  ഞാൻ എടുത്താൽ ശരിയാകുമെന്ന്  തോന്നുന്നില്ല...

അവന്റെ കയ്യിലേക്ക് ചാവി കൊടുത്തുകൊണ്ട് സാം പറഞ്ഞു...

  അന്നത്തെ ദിവസം കൂട്ടുകാർക്കൊപ്പം ഒരുവിധത്തിലും സന്തോഷിക്കാൻ സാമിന് കഴിഞ്ഞിരുന്നില്ല.  എല്ലാവരുടെയും മുന്നിൽ ചിരിച്ചു വർത്തമാനം പറഞ്ഞു അഭിനയിക്കുകയായിരുന്നു അവൻ.  തിരികെ വീട്ടിലെത്തിയപ്പോൾ സമയം 8:30 ആയിട്ടേയുള്ളൂ. ബില്ല് കൊടുക്കാനുള്ള പൈസ അജുവിനെ ഏൽപ്പിച്ച് താൻ ഇറങ്ങുന്നു എന്ന് പറഞ്ഞാണ് തിരികെ പോകുന്നത്.  കൊണ്ടുവിടാം എന്ന് പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം വേണ്ട എന്ന് പറഞ്ഞു.  എങ്ങനെയാണ് ഇവിടെ വരെ വണ്ടിയോടിച്ച് എത്തിയതെന്ന് പോലും അറിയില്ല, വീട്ടിലെത്തിയപ്പോൾ ജെസ്സി ഫോണിലാണ് പപ്പയാണെന്ന് മനസ്സിലായതുകൊണ്ട് തലവേദനയാണെന്ന് പറഞ്ഞ് മുകളിലേക്ക് പോയിരുന്നു. മുകളിലേക്ക് ചെന്നതും കുറ്റിയിട്ടതിനുശേഷം ഫോണെടുത്ത് റിയക്കു മെസ്സേജ് അയച്ചു.  അത്യാവശ്യമായി തിരിച്ചു വിളിക്കണമെന്ന് വീട്ടിൽ ചാച്ചൻ വന്നിട്ടുണ്ടെന്നും ഇന്നിനി വിളിക്കാൻ പറ്റില്ലെന്നും അവൾ അപ്പോൾ തന്നെ മറുപടി അയച്ചു. എങ്കിൽ നാളെ രാവിലെ എപ്പോഴാണ് സമയം എന്ന് വെച്ചാൽ അപ്പോൾ തന്നെ വിളിക്കണമെന്നും ഇല്ലെങ്കിൽ താൻ നേരിട്ട് വന്ന് കാണുമെന്നും അവളോട് മെസ്സേജ് അയച്ചു പറഞ്ഞു.

വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ നിമിഷം സാം. അവന് ശ്വേതയോട് സഹതാപം തോന്നി. എന്തൊക്കെ പ്രതീക്ഷകൾ ആയിരിക്കും ആ പെൺകുട്ടിയുടെ മനസ്സിൽ ഇപ്പോൾ..? ആഗ്രഹിച്ച് ഇഷ്ടമാണെന്ന് പറഞ്ഞ ആൾ ഇഷ്ടം ആണെന്ന് പറഞ്ഞിരിക്കുന്നു. ആ സ്വാതന്ത്ര്യത്തിലാണ് ഇന്ന് അവൾ തന്നോട് സംസാരിച്ചത്.  എന്തൊരു ക്രൂരതയാണ് റിയ ചെയ്തത്. ഒരു നിമിഷം അവളോട് അവന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.  അവളുടെയും പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് ചെയ്തതാണ് എങ്കിൽ പോലും അതിനൊരു ന്യായീകരണം നൽകാനില്ല.  ഇത്രയും ക്രൂരമായ മനസ്സായിരുന്നോ അവളുടേത്.  അതാണ് ആ നിമിഷം അവൻ ചിന്തിച്ചത്.

പെട്ടെന്ന് അവൻ അലമാര തുറന്ന് റിയ അടുത്തകാലങ്ങളിലായി തനിക്ക് നൽകിയ കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ ഒക്കെ എടുത്തു നോക്കി.  റിയ പൊതുവേ സമ്മാനങ്ങൾ ഒന്നും തരുന്ന ആളല്ല.  അടുത്തകാലത്താണ് ഇത്തരത്തിലുള്ള രീതികളൊക്കെ തുടങ്ങിയത്. അപ്പോൾ എന്താണ് എന്ന് താൻ ചോദിച്ചപ്പോൾ അതൊക്കെ ഒരു സന്തോഷമല്ലേ എന്നാണ് പറഞ്ഞത്.  ഇപ്പോഴാണ് ഇതൊക്കെ ശ്വേത വാങ്ങിയതാണെന്ന് മനസ്സിലായത്.  വിലകുറഞ്ഞതാണെങ്കിലും ഓരോ സമ്മാനങ്ങൾക്കും ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് അവന് തോന്നി.  ഒന്ന് കുഞ്ഞു താജ്മഹലും മറ്റു ചിലത് പ്രണയത്തിന്റെ ചില സിമ്പലുകളും ഒക്കെയാണ്. ഓരോ സമ്മാനങ്ങളിലും അവളുടെ മനസ്സ് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു.  അതോടൊപ്പം അവൾ തനിക്ക് എഴുതിയ കത്തും അവൻ ഒരിക്കൽ കൂടി വായിച്ചുനോക്കി.  ചവറ്റുകുട്ടയിലേക്ക് കളയാൻ അവന് തോന്നിയില്ല.  ഒന്നുമറിയാതെ ഒരു പെൺകുട്ടി സ്വന്തം മനസ്സ് തുറന്നു എഴുതുകയാണ്,  അവനത് വൃത്തിയായി മടക്കി അലമാരിക്കുള്ളിൽ തന്നെ സൂക്ഷിച്ചു. പരിചയപെട്ടപ്പോൾ മുതൽ പലവുരു ആ കുഞ്ഞികണ്ണുകൾ തന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്നു. അവളുടെ കണ്ണിൽ തിരയിളകുന്ന സാഗരത്തിന് എന്തൊക്കെയോ അർത്ഥങ്ങൾ ഉണ്ട്. തനിക്ക് മാത്രം ഗ്രഹിക്കാൻ  കഴിയുന്നത്...

   ആ രാത്രി സാമിനെ സംബന്ധിച്ചിടത്തോളം അല്പം ദുർഘടമേറിയതായിരുന്നു.  ഉറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം.  12 മണി കഴിഞ്ഞപ്പോൾ കൂട്ടുകാരിൽ പലരും പിറന്നാളാശംസകൾ അറിയിച്ചു കൊണ്ട് വിളിച്ചിരുന്നു. ആരോടും ഒന്നും സംസാരിക്കാൻ പോലും ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. പിറന്നാളിന് തനിക്ക് നൽകാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് റിയ തന്നത് എന്ന് ദേഷ്യത്തോടെ അവൻ ഓർമിച്ചു.  പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ തന്നെ മൊബൈലിൽ ഹാപ്പി ബർത്ത് ഡേ മെസ്സേജ് കിടക്കുന്നത് കണ്ടു.  അത് കണ്ടപ്പോൾ അവന് ദേഷ്യമാണ് തോന്നിയത്.  തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിച്ചിട്ട് അവൾ ആശംസകൾ അറിയിച്ചിരിക്കുന്നു.  എട്ടുമണിയോടെയാണ് അവന്റെ ഫോണിലേക്ക് മിസ്കോൾ വന്നത്.  ആ ഫോൺ കാത്തിരുന്നത് പോലെ തന്നെ അവൻ അപ്പോൾ തന്നെ തിരികെ വിളിച്ചു.

"ഹലോ ചേട്ടായി.. ഹാപ്പി ബർത്ത് ഡേ...

അവൾ  ഫോണെടുത്തതും പറഞ്ഞത് അതാണ്.

" ഒട്ടും ഹാപ്പി ഇല്ലാത്ത ഒരു ബർത്ത് ഡേ ഈ വർഷം എനിക്ക് നീ തന്നത്  ആണ്...

സ്വരത്തിൽ അല്പം ദേഷ്യത്തോടെ തന്നെയാണ് അവനത് പറഞ്ഞത്.  അവന്റെ സ്വരത്തിൽ നിറഞ്ഞു നിന്ന് ഗൗരവത്തിന്റെ കാരണം എന്തെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.

" എന്തുപറ്റി...?

ഒന്നും മനസ്സിലാവാത്തത് പോലെ അവൾ ചോദിച്ചു...

"  നിനക്കൊന്നും അറിയില്ലല്ലേ...?

ഞാൻ എല്ലാ കാര്യങ്ങളും അറിഞ്ഞു. ഇനി നീ ഒന്നും മറച്ചുവെക്കാൻ ശ്രമിക്കേണ്ട

" നീ എനിക്ക് തന്ന സമ്മാനങ്ങളും പിറന്നാള് ഗിഫ്റ്റ് ആണെന്ന് പറഞ്ഞു തന്ന ഷർട്ടും ഒക്കെ ആരാ വാങ്ങിയത്...? ആ കുട്ടിയല്ലേ ശ്വേത...!

അവൻ ദേഷ്യത്തോടെ ചോദിച്ചതും കുടുങ്ങി എന്ന് റിയയ്ക്ക് മനസ്സിലായി   ഇനിയും അവനോട് എന്ത് കള്ളം പറയും എന്നായിരുന്നു അവൾ അപ്പോൾ ചിന്തിച്ചിരുന്നത്.

"  പുതിയ കള്ളം കണ്ടുപിടിക്കേണ്ട, എനിക്ക് എല്ലാം മനസ്സിലായി.  നിനക്ക് ആ കുട്ടിയോട് ദേഷ്യം ഉള്ളത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും.  പക്ഷേ ഇത് ക്രൂരതയായിപ്പോയി..! ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാമോ ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറഞ്ഞു. അങ്ങനെ പറയാൻ പാടില്ലായിരുന്നു. അവൾ എന്നെ ഇഷ്ടമാണെന്നുള്ള കാര്യം മുതൽ ഞാൻ നിന്നോട് പറഞ്ഞത് എനിക്ക് നിന്നോട് ഒരു വിശ്വാസം ഉള്ളതുകൊണ്ട്  ആണ്. നമ്മൾ തമ്മിൽ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യണം എന്നുള്ള ഒരു ചിന്ത ഉള്ളതുകൊണ്ട്.  പക്ഷേ നീ അത് മിസ്സ്യൂസ് ചെയ്തു. എങ്കിലും ഇത്രയൊക്കെ വീരവാദം പറയുന്ന നിനക്ക് എങ്ങനെ തോന്നി എനിക്ക് അവളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു എന്ന് പറയാൻ.  ഒരു ദിവസം നാഴികയ്ക്ക് 40 വട്ടം നീ പറയുമല്ലോ അവൾ എന്നെ പ്രൊപ്പോസ് ചെയ്തതാണ് അവളോടുള്ള ഏറ്റവും വലിയ വാശി എന്ന്.  എന്നിട്ട് എനിക്ക് അവളെ ഇഷ്ടമാണെന്ന് നീ അവളോട് ചെന്ന് കള്ളം പറഞ്ഞപ്പോൾ ഒരു മനസ്സാക്ഷിക്കുത്തും നിനക്ക് തോന്നിയില്ല..? നീ എപ്പോഴും പറയുന്നല്ലോ എന്റെ പേരിൽ വേറൊരാളുടെ പേര് ചേർത്ത് കേൾക്കുന്നത് പോലും നിനക്ക് ഇഷ്ടമല്ലന്ന്. നിനക്ക് സഹിക്കില്ലന്ന് എന്നിട്ട് നീ എങ്ങനെയാ അവളോട് ഇത് പറഞ്ഞത്.

ഒരു നിമിഷം തന്നെ അവൾക്കൊന്നും മറുപടി പോലും പറയാൻ കഴിയാതെ ഒരു നീണ്ട ചോദ്യം തന്നെയായിരുന്നു അവൻ ചോദിച്ചത്. എന്ത് കള്ളം കണ്ടുപിടിക്കുമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം റിയ. എല്ലാം തുറന്നു സമ്മതിക്കുക മാത്രമാണ് ഇനി തനിക്ക് മുൻപിലുള്ള വഴി എന്ന് അവൾക്ക് തോന്നിയിരുന്നു.  അവൾ അങ്ങനെ അവസാനത്തെ അടവെടുക്കാൻ തീരുമാനിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story