ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 28

രചന: റിൻസി പ്രിൻസ്‌

ഒരു നിമിഷം തന്നെ അവൾക്കൊന്നും മറുപടി പോലും പറയാൻ കഴിയാതെ ഒരു നീണ്ട ചോദ്യം തന്നെയായിരുന്നു അവൻ ചോദിച്ചത്. എന്ത് കള്ളം കണ്ടുപിടിക്കുമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം റിയ. എല്ലാം തുറന്നു സമ്മതിക്കുക മാത്രമാണ് ഇനി തനിക്ക് മുൻപിലുള്ള വഴി എന്ന് അവൾക്ക് തോന്നിയിരുന്നു.  അവൾ അങ്ങനെ അവസാനത്തെ അടവെടുക്കാൻ തീരുമാനിച്ചു..

"അത്  ചേട്ടായി ശരിക്കും ആ പെണ്ണിനെ കൊണ്ട് വല്ലാത്ത ശല്യം ആയിരുന്നു.  അതുകൊണ്ട് ഞാൻ അവസാനം സമ്മതിച്ചു പോയതാണ്. എന്റെ പുറകെ നടക്കുകയാണ്, കരഞ്ഞുകൊണ്ട് എങ്ങനെയെങ്കിലും ചേട്ടായിയോട് പറഞ്ഞു ഇഷ്ടമാണെന്ന് പറയിപ്പിക്കണമെന്ന് പറഞ്ഞിട്ട്.  പിന്നെ എന്റെ മുൻപിൽ മറ്റു മാർഗ്ഗവും ഒന്നും ഉണ്ടായിരുന്നില്ല.  അതുകൊണ്ട് ആണ്.

നിഷ്കളങ്കത വാരി വിതറി അവള് പറഞ്ഞു. അതിനൊപ്പം ഇടയ്ക്ക് എങ്ങൽ അടിക്കുകയും മൂക്ക് പിഴിയുകയും ഒക്കെ ചെയ്യുന്ന ശബ്ദം അവന് കേൾക്കാമായിരുന്നു.  കരയുകയാണ് അവളെന്നറിഞ്ഞപ്പോൾ അവന്റെ ഹൃദയം പൊടിഞ്ഞു. അത്രമാത്രം ആത്മാർത്ഥമായാണ് അവളെ സ്നേഹിക്കുന്നത്.  ജീവിതത്തിൽ അവൾ മാത്രം ഇണ എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.  കണ്ട മാത്രയിൽ തന്നെ ഇഷ്ടം തോന്നി അവളോട്  പങ്കുവച്ചതാണ്  തന്റെ ഇഷ്ടം. പിന്നെ എത്രയോ ദിവസങ്ങൾ അവളെ കാണുവാൻ വേണ്ടി മാത്രം ആ ബസ്റ്റോപ്പിൽ കാത്തുകെട്ടി നിന്നിട്ടുണ്ട്.  

അവസാനം അവൾ ഇഷ്ടമാണെന്ന് തിരിച്ചു പറഞ്ഞ നിമിഷം സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.  അറിയാതെ പോലും ഇന്നുവരെ വേദനിപ്പിച്ചിട്ടില്ല.  ദേഷ്യത്തോടെ ഒരു വാക്ക് പോലും പറയാതിരിക്കാനാണ് ശ്രദ്ധിച്ചിട്ടുള്ളത്.  അവളുടെ കുട്ടിക്കളികൾക്ക് ഒക്കെ നിന്നു കൊടുത്തിട്ടുണ്ട്. പക്ഷെ ഇത് ക്ഷമിക്കാൻ സാധിക്കുന്നില്ല.  മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യവുമല്ല.  അതും പാതിയായി തന്നെ കണ്ടവൾ. 

 തന്നെ പങ്ക് വയ്ക്കുന്നതിന് തുല്യമല്ല അവൾ കാണിച്ചത്.?  ഒരുപക്ഷേ അവളുടെ അറിവില്ലായ്മ ആയിരിക്കാം.  എങ്കിൽപോലും അത് അംഗീകരിക്കാൻ തനിക്ക് കഴിയുന്നില്ല.  പക്ഷേ അവളുടെ കണ്ണുനീർ അത് എന്നും തന്നെ ബലഹീനൻ ആക്കിയിട്ടുണ്ട്.

"  നീ എന്തൊക്കെ പറഞ്ഞാലും കരഞ്ഞാലും ഈ ചെയ്തത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല.

"  ഏതോ ഒരു പെണ്ണിന് വേണ്ടി നമ്മൾ തമ്മിൽ എന്തിനിങ്ങനെ വഴക്കുണ്ടാക്കുന്നത്.

"  അങ്ങനെ ആയിരുന്നെങ്കിൽ എന്തിനായിരുന്നു നീ ഇങ്ങനെ അവളോട് ഇതൊക്കെ പറഞ്ഞത്.  അതിന്റെ ആവശ്യം എന്തായിരുന്നു..?

"  അവളാണോ ഞാനാണോ ചേട്ടായിക്ക് വലുത്.

റിയ ദേഷ്യത്തോടെ ചോദിച്ചു..

" ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില റിയാ,  ഈ ചോദ്യം ഞാൻ നിന്നോട് ആണ് ചോദിക്കേണ്ടത്. നിനക്ക് ഞാൻ അത്ര വലുതായിരുന്നുവെങ്കിൽ നീ എന്നെ ഇങ്ങനെ ചിത്രീകരിക്കുമായിരുന്നോ..?

അവന്റെ ആ ചോദ്യത്തിന് മുൻപിൽ അവൾക്കും മറുപടിയുണ്ടായിരുന്നില്ല.

" ഒരു തമാശയ്ക്ക് വേണ്ടി തുടങ്ങിയതാ പക്ഷേ ഇടയ്ക്ക് എനിക്ക് തന്നെ അത് കണ്ട്രോൾ ചെയ്യാൻ പറ്റില്ല.  ഒരു കള്ളത്തിനു മുകളിൽ മറ്റൊരു കള്ളം പറയുക അല്ലാതെ എനിക്ക് മറ്റൊരു നിവർത്തിയില്ലായിരുന്നു. പിന്നെ ഞാൻ പ്രതീക്ഷിച്ചത് ഈ പ്ലസ്ടു ക്ലാസ് കഴിയുന്നതോടെ ഞങ്ങൾ തമ്മിൽ കാണണണ്ടാവില്ല. പിന്നെ പതുക്കെ അവളോട് കാര്യത്തെക്കുറിച്ച് പറയാതിരിക്കാമല്ലോ. 

"എങ്കിൽ പോലും നീ പകർന്നുകൊടുത്ത ഒരു ആശയുടെ തിരിനാളം അവളുടെ മനസ്സിൽ തന്നെ കിടക്കുകയല്ലേ.?  കാണാണ്ടായാൽ എന്ത് സംഭവിക്കാനാ.?

ദേഷ്യത്തോടെ അവൻ ചോദിച്ചു.

"  അവൾക്ക് ആശ കൊടുത്തതാണോ ചേട്ടായിക്ക് ഇത്ര വലിയ വിഷയം.

അല്പം ദേഷ്യത്തോടെ തന്നെ റിയ ചോദിച്ചു.

"  അവൾക്ക് നീ ആശ കൊടുത്തതും ഒരു വലിയ വിഷയം തന്നെയാണ്. അതും എന്റെ പേരിലാണ് അവളിൽ ഒരു പ്രതീക്ഷ നിറഞ്ഞിരിക്കുന്നത്.

"  ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നു.  അതിന് ചേട്ടായി പറയുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിക്കാം.  പക്ഷേ ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങരുത് ചേട്ടായിയോട് ഒരു രാത്രി പോലും പിണങ്ങി എനിക്ക് പറ്റില്ല.  അത്രയ്ക്ക് ബുദ്ധിമുട്ടായിരിക്കും ആ രാത്രി എനിക്ക്...

പ്രണയം ചാലിച്ചവളുടെ ആ വാക്കുകളിൽ അവന് അവളോട് സഹതാപം തോന്നി പോയിരുന്നു.  അത്രമാത്രം താൻ അവളെ സ്നേഹിക്കുന്നുണ്ട്.  തനിക്ക് ക്ഷമിക്കാൻ കഴിയില്ലെങ്കിൽ പോലും ചെയ്തതവളായതുകൊണ്ട് ക്ഷമിച്ചേ പറ്റൂ,

" നീ കരയാതെ...! ഞാൻ വിടാം ഈ വിഷയം പക്ഷേ ഒരു കണ്ടീഷൻ. നീ അവളോട് എല്ലാ കാര്യങ്ങളും തുറന്നു പറയണം.
എനിക്ക് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ലന്ന് പറയണം..

അവന്റെ ആ വാക്കിൽ അവൾ ഞെട്ടിപ്പോയിരുന്നു.

"  അങ്ങനെ ഒന്നും പറയല്ലേ ചേട്ടായി, ഞാനെങ്ങനെ അവളോട് ചെന്നിട്ട് ഇതൊക്കെ പറയുന്നത്.  ഞാൻ അവളുടെ മുമ്പിൽ കള്ളി ആയിപ്പോയില്ലേ. അപ്പോൾ അവൾ എന്നെ എങ്ങനെയാ കാണുക.  മാത്രമല്ല ഞാനത് പറയുമ്പോൾ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യവും പറയണ്ടേ.  എല്ലാവരും അറിയില്ലേ,  ചാച്ചനങ്ങാണം അറിഞ്ഞാൽ പിന്നെ എനിക്കൊരു സമാധാനം ഉണ്ടാവില്ല.  എന്നെ കൊല്ലും..!

കരയുന്നത് പോലെ ആയവൾ.

"  ശരി നീ പറയണ്ട അവളെ ഫേസ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ സംസാരിക്കേണ്ട ഞാൻ സംസാരിച്ചു കൊള്ളാം.

" ചേട്ടായി സംസാരിക്കാനോ..?

"  എന്തു പറയാനാ..?

" എല്ലാം...!  എല്ലാം അവൾ അറിയണം. ഞാൻ പറയും.  അവൾ നിന്റെ ചാച്ചനോട് ഒന്നും പറയാൻ പോകുന്നില്ല.  അതല്ല അവൾ നിന്റെ ചാച്ചനോട് പറയുകയാണെങ്കിൽ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ പിറ്റേദിവസം തന്നെ ഞാൻ എന്റെ പപ്പയെയും മമ്മിയെയും കൂട്ടി നിന്റെ വീട്ടിൽ വരും.

എന്നിട്ട് അവരോട് ഒഫീഷ്യൽ ആയിട്ട് സംസാരിച്ചോളാം.  എന്റെ പപ്പയ്ക്ക് അറിയാത്ത ആൾ ഒന്നുമല്ലല്ലോ നിന്റെ ചാച്ചൻ.  പപ്പ പറഞ്ഞ് നിന്റെ അച്ഛനെ മനസ്സിലായിക്കോളും.  ഇതിനകത്ത്  ഇനി വേറെ ഒന്നും സംസാരിക്കേണ്ട. ശ്വേതയുടെ മനസ്സിലെ ആ സംശയം നീക്കിയിട്ട് ഇനി നമ്മൾ തമ്മിൽ സംസാരിക്കൂ.

അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തിരുന്നു.  പെരുവിരൽ മുതൽ തല വരെയുള്ള ഒരു വിറയൽ റിയയെ ബാധിച്ചു.  ഒരുവിധത്തിൽ തന്നെ ബാംഗ്ലൂരിൽ നേഴ്സിങ്ങിന് പഠിക്കാൻ വിടാമെന്ന് ചാച്ചൻ സമ്മതിച്ചിരിക്കുകയാണ്.  അതിനിടയിൽ തന്റെ പ്രണയത്തിന്റെ കാര്യം അറിഞ്ഞാൽ അത് ഉഴപ്പും. 10 ഇൽ വച്ചു സ്കൂളിലെ ഒരു പ്രണയം പിടിച്ചപ്പോൾ തന്ന അടിയുടെ ഓർമ്മ മനസ്സിൽ ഉണ്ട്. മാത്രമല്ല തനിക്ക് ഇഷ്ടമാണ് സാമിനെ,  അവനൊപ്പം ജീവിക്കണമെന്ന് ആഗ്രഹമുണ്ട്.  

പക്ഷേ ബാംഗ്ലൂരിൽ ചെന്ന് അവനെക്കാൾ നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളെ കാണുകയാണെങ്കിൽ ചിലപ്പോൾ ആ ഇഷ്ടം തനിക്ക് മാറിയേക്കാം.  അത് നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്.  താൻ പോകുന്നത് നഴ്സിംഗ് കോളേജിലേക്കാണ്.  അവിടെ ചിലപ്പോൾ നല്ല ഡോക്ടർ പയ്യന്മാർ ഒക്കെ ഉണ്ടാകും.  അവരെ ആരെയെങ്കിലും വിവാഹം കഴിക്കാൻ സാധിച്ചാൽ ജീവിതം സെറ്റിൽ ആകും.

സാമിനോട് ഇഷ്ടം ഉണ്ടെങ്കിലും അങ്ങനെ ഒരു ഉദ്ദേശം കൂടി മനസ്സിലുണ്ടായിരുന്നു.  താൻ പ്രതീക്ഷിക്കുന്നത് പോലെയുള്ള ആരും അവിടെ ഇല്ലെങ്കിൽ മാത്രം സാമിനെ വിവാഹം കഴിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്.  ഇപ്പോൾ ചാച്ചൻ ഈ വിഷയം അറിഞ്ഞാൽ തന്നെ ബാംഗ്ലൂരിലേക്ക് പഠിക്കാൻ വീടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.  വല്ലാത്തൊരു അവസ്ഥയിലായി ആ നിമിഷം റിയ.

    വലിയ ഭാരങ്ങൾ ഒന്നുമില്ലാതെ തിരുസ്വരൂപത്തിന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു ശ്വേത. മനസ്സിനിപ്പോൾ ഒരു ആശ്വാസമുണ്ട്.  പരീക്ഷ തുടങ്ങാൻ പോവുകയാണ് അതിനുമുമ്പുള്ള പ്രാർത്ഥനയാണ്.  സന്തോഷവും വേദനയും ഒക്കെ നിറയുന്ന ഒരു നിമിഷം.  ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കാൻ തുടങ്ങുകയാണ്.  പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് ടു ആണ്.  ജീവിതത്തിന്റെ വഴിത്തിരിവ് തന്നെ ഇവിടെയാണ്.

ഇപ്പോഴുള്ള സൗഹൃദങ്ങൾക്ക് ഒക്കെ ഒരു ഉലച്ചിൽ തട്ടിയേക്കാം.  എല്ലാവരും പല വഴിക്ക് പിരിഞ്ഞേക്കാം.  എങ്കിലും നമ്മുടെ ജീവിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണെന്ന് തോന്നുന്നുണ്ട്.  ഇതുവരെ വലിയതോതിൽ ആധികളൊന്നും അലട്ടാതയായിരുന്നു ജീവിതം എങ്കിൽ ഇനി മുതൽ അങ്ങനെയല്ല ജീവിതത്തെ കുറച്ചുകൂടി നന്നായി കാണുന്ന നിമിഷമാണ്.  ഈ നിമിഷം മുതലാണ് ഒരു പക്ഷേ അധ്വാനിക്കാനും ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാനും തുടങ്ങുന്നത് എന്ന് അവൾ കരുതി.  കുരിശു വരച്ച് തിരികെ ഇറങ്ങിയപ്പോഴാണ് തന്നെ നോക്കിനിൽക്കുന്ന സാമിനെ അവൾ കണ്ടത്.

അങ്ങനെ തന്റെ മുഖത്തേക്ക് തന്നെ ആൾ നോക്കി നിൽക്കുന്നത് പതിവില്ല.  അതുകൊണ്ടുതന്നെ ആ കാഴ്ച അവളിൽ ഒരു സന്തോഷം നിറച്ചു.  പക്ഷേ അവന്റെ കണ്ണിൽ അവളോട് നിറഞ്ഞു നിന്നത് സഹതാപം മാത്രമായിരുന്നു.  തന്നെ പ്രണയത്തോട് നോക്കുന്ന കണ്ണുകൾ കണ്ടപ്പോഴും അവന് വേദനയാണ് തോന്നിയത്.  കുറച്ചു നിമിഷങ്ങൾക്കകം അവൾ സത്യം അറിയുമ്പോൾ എന്തായിരിക്കും ആ കുഞ്ഞു മനസ്സിൽ ഉണ്ടാകുന്ന വേദന എന്ന് അവൻ ചിന്തിക്കുകയായിരുന്നു.  

എന്തൊക്കെ പറഞ്ഞാലും ആ പെണ്ണോരുത്തിയോട്  മാത്രം തനിക്കൊരു അല്പം സഹതാപവും അലിവുമൊക്കെ തോന്നുന്നുണ്ട്.  മറ്റൊരു തെറ്റും അവൾ ചെയ്തില്ല.  തന്നെ അവൾ സ്നേഹിച്ചു. ആ സ്നേഹം അവൾക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചു.  അതിനുവേണ്ടി ഏതൊക്കെയോ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തു.  അതിൽ ആരൊക്കെയോ ചേർന്നവളെ പറ്റിച്ചു. തനിക്ക് നേരെ നടന്ന് അടുക്കുന്നവനെ കണ്ട് ഒരേ പോലെ സന്തോഷവും വിറയിലും അവളുടെ ശരീരത്തിൽ ശക്തി പ്രാപിച്ചു.  

പള്ളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മള് ആദ്യം സംസാരിച്ച ഇടവഴിയുടെ അവിടെ നിൽക്കണം.  എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.  ഗൗരവത്തോടെ ആയിരുന്നു അവന്റെ മറുപടി എങ്കിലും അവളുടെ മനസ്സിൽ ഒരു നൂറ് പൂത്തിരികൾ ഒന്നിച്ച് കത്തിയ നിമിഷമായിരുന്നു അത്.  അവൻ തന്നോട് പ്രണയം പറയാൻ പോവുകയാകുമെന്നാണ് അവൾ പ്രതീക്ഷിച്ചത്.  സന്തോഷത്തോടെ അവൾ തലയാട്ടി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story