ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 29

രചന: റിൻസി പ്രിൻസ്‌

പള്ളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മള് ആദ്യം സംസാരിച്ച ഇടവഴിയുടെ അവിടെ നിൽക്കണം.  എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.  ഗൗരവത്തോടെ ആയിരുന്നു അവന്റെ മറുപടി എങ്കിലും അവളുടെ മനസ്സിൽ ഒരു നൂറ് പൂത്തിരികൾ ഒന്നിച്ച് കത്തിയ നിമിഷമായിരുന്നു അത്.  അവൻ തന്നോട് പ്രണയം പറയാൻ പോവുകയാകുമെന്നാണ് അവൾ പ്രതീക്ഷിച്ചത്.  സന്തോഷത്തോടെ അവൾ തലയാട്ടി.


ഏറെ സന്തോഷത്തോടെ അനീറ്റയുടെ അരികിലേക്ക് നടന്നു. അവളോട് വേണം ഈ സന്തോഷം ആദ്യം പറയാൻ.  കാരണം ആദ്യം മുതൽ തനിക്കൊപ്പം നിന്നതും ആളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതും അവളാണ് തന്നെ കണ്ടതും അവൾ തനിക്ക് അരികിലേക്ക് വന്നു.

"ഞാൻ നിന്നെ കാണാൻ വരുവായിരുന്നു.

അവൾ ഇങ്ങോട്ട് വന്ന് സംസാരിച്ചു തുടങ്ങി.

"എന്താടി

"എനിക്ക് നിന്നോട് അത്യാവശ്യമായിട്ട് ഒരു കാര്യം പറയാനുണ്ട്.

അനീറ്റയുടെ മുഖത്ത് ഗൗരവമായ ഒരു ഭാവം കണ്ടപ്പോൾ മനസ്സിലാവാതെ ശ്വേതാ അവളുടെ മുഖത്തേക്ക് നോക്കി.

" അതിലും അത്യാവശ്യമായ ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്.

ശ്വേത പെട്ടെന്ന് വാചാലയായി.

" എന്താ പറ...

അനീറ്റ ചോദിച്ചു

" ആദ്യം നീ പറ,  നീയല്ലേ പറയാൻ വന്നത്.

" എനിക്ക് നിന്നോട് പറയാനുള്ളത് സന്തോഷം തരുന്ന ഒരു കാര്യം അല്ല അതുകൊണ്ട് നീ തന്നെ ആദ്യം പറ.

അനീറ്റയുടെ മുഖത്ത് നിറഞ്ഞ നിന്ന് നിരാശ പെട്ടെന്ന് അവളെ ഭയത്തിലാഴ്ത്തിയിരുന്നു..

" എന്താടി നീ ഒന്നു പറ...
എനിക്ക് ടെൻഷൻ ആവുന്നു.
ഞാനാണെങ്കിൽ ഒരുപാട് സന്തോഷം ഉള്ള ഒരു കാര്യം നിന്നോട് പറയാൻ വേണ്ടി വന്നത് ആണ്...

അവളുടെ തോളിൽ പിടിച്ചു ഉലച്ചുകൊണ്ട് ശ്വേത ചോദിച്ചു.

"  അത് പിന്നെ ഞാൻ ഇന്നലെ നിന്റെയും സാം ചേട്ടന്റെയും കാര്യം ചേട്ടായിയോട് പറഞ്ഞായിരുന്നു.   ചേട്ടായി അപ്പോഴാ എന്നോട് ഒരു കാര്യം പറയുന്നത്.

"  എന്ത് കാര്യം...?

"   നീ ഇനി സാം ചേട്ടായിയെ ഓർക്കണ്ട. അത് പോട്ടെ,  നമുക്ക് വിട്ടേക്കാം.. നീ അത് മറന്നേക്കു...

നെഞ്ചിൽ ഒരു ഇടിവെട്ടിയത് പോലെയാണ് അവൾക്ക് തോന്നിയത്.  അവൾ മനസ്സിലാവാതെ അനീറ്റയുടെ മുഖത്തേക്ക് നോക്കി.

" നീ എന്തൊക്കെയാ പറയുന്നത്.  അങ്ങനെ എനിക്ക് മറക്കാൻ പറ്റുവോടി...?

" നീ മറന്നേ പറ്റൂ,

"പുള്ളി നിന്നെ ചതിക്കാൻ വേണ്ടി ആയിരിക്കും ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്.

"  അതെന്താ നീ അങ്ങനെ പറഞ്ഞത്.

പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ പോലും വിയർപ്പ് പൊടിഞ്ഞു.

" സാചേട്ടായും  റിയ ചേച്ചിയും തമ്മിൽ രണ്ടരവർഷമായി ഇഷ്ടത്തിലാണെന്ന്  ആണ് ചേട്ടായി പറയുന്നത്. ഒരിക്കലും സാം ചേട്ടായി എന്റെ ചേട്ടായിയോട്   കള്ളം പറയില്ല.  ഒരർത്ഥത്തിൽ എന്റെ ചേട്ടായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് സാം ചേട്ടായി...

" നീ എന്തൊക്കെയാ പറയുന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...

പെട്ടെന്ന് അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു...

" നിനക്ക് വിഷമം ആവുന്ന് എനിക്കറിയാം, സാം ചേട്ടായിക്ക് ഇങ്ങനെ ഒരു സ്വഭാവം ഉള്ളതായിട്ട് എനിക്ക് അറിയില്ലായിരുന്നു.  നിന്നെ പറ്റിക്കാൻ വേണ്ടി ആയിരിക്കും ഇങ്ങനെയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞത്. നിന്റെ വീട്ടിലെ അവസ്ഥകളൊക്കെ പുള്ളിക്ക് അറിയാലോ,  എന്തെങ്കിലും പ്രശ്നം വന്നാലും ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ല എന്നുള്ള ഒരു ധൈര്യത്തിൽ ആയിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്.  ഏതായാലും ഇപ്പോഴെങ്കിലും നമുക്കെല്ലാം അറിയാൻ പറ്റിയില്ലേ. കൂടുതൽ അബദ്ധങ്ങളൊന്നും നമുക്ക് സംഭവിച്ചില്ലല്ലോ. നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു  എവിടെയെങ്കിലും വിളിച്ചുകൊണ്ട് പോയായിരുന്നെങ്കിലോ...? അതിന്റെ പേരിൽ നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ..? അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ.  അത് മാത്രം ഓർത്ത് നമുക്ക് ആശ്വസിക്കാം.  നീ മറന്നേക്കു, ഇങ്ങനെയുള്ള ഒരാളുമായിട്ട് എന്തിനാ നിനക്ക് സ്നേഹം.?

ഭൂമി പിളരും പോലെ അവൾക്ക് തോന്നി....

" എന്നോട് പറഞ്ഞു കുറച്ചു കഴിഞ്ഞ് കാണണമെന്ന്...  സംസാരിക്കാൻ ഉണ്ടെന്ന്,

തേങ്ങൽ ചീളുകൾക്കൊപ്പം അവൾ പറഞ്ഞു...

" കാണണ്ട ഇനി നീ സംസാരിക്കേണ്ട,  നിന്നോട് എന്തെങ്കിലും ഇങ്ങോട്ട് സംസാരിക്കാൻ വന്നാലും നീ സംസാരിക്കാൻ നിൽക്കേണ്ട.   അവർ രണ്ടുപേരും കൂടി നിന്നെ വിഡ്ഢിയാക്കുവായിരുന്നില്ലേ ചെയ്തത്, അവളെ ഞാൻ ഒന്ന് കാണുന്നുണ്ട്. അവളോട് എനിക്ക് പറയാനുണ്ട്. രണ്ടുപേരുംകൂടി നന്നായിട്ട് അഭിനയിച്ചു.  ഓസ്ക്കാറു കിട്ടുന്നതു പോലെ.

അനീറ്റയ്ക്ക് ദേഷ്യം തീരുന്നിണ്ടായിരുന്നില്ല..

"  ആരോടും ഒന്നും പറയണ്ട.  എന്റെ തെറ്റ് ആണ്. സ്വന്തം നില മറന്നത് ആണ്. അതിനുള്ള ശിക്ഷ അവർ രണ്ടുപേരും കൂടി ചേർന്ന് എനിക്ക് തന്നു. ആദ്യായിട്ട് എന്നോട് ഇങ്ങോട്ട് കാണണം എന്ന് പറഞ്ഞത്  ആണ്. ഞാൻ കാണും.  എനിക്കും സംസാരിക്കാനുണ്ട് കുറച്ചു കാര്യങ്ങളൊക്കെ....

അനീറ്റയോട് യാത്ര പറഞ്ഞു ഇടവഴിയിലേക്ക് നടക്കുമ്പോൾ അനിയന്ത്രിതമായി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.  കണ്ണുനീർ നിറഞ്ഞ് കാഴ്ച മറഞ്ഞ ഒരു അവസ്ഥ.  ആത്മാർത്ഥമായി സ്നേഹിച്ചു പോയതിന് ഇത്രമേൽ വലിയൊരു ശിക്ഷ തനിക്ക് ആവശ്യമുണ്ടായിരുന്നോ എന്ന് അവൾക്ക് തോന്നി.  കണ്ണുനീരോടെ ആ പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുനീർ ദൈവം കാണുന്നുണ്ടെന്നുള്ള വിശ്വാസം മാത്രമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്.


ഇടവഴിയിൽ പോയി നിന്നപ്പോൾ സമയം പോയത് പോലും അവൾ അറിഞ്ഞില്ല. ആരുടെയോ പാദസ്പർശം കേട്ടാണ് അവൾ തിരഞ്ഞു നോക്കിയത്.  നോക്കിയപ്പോൾ സാം ആണ്.  അവനെ കണ്ടപ്പോൾ ദേഷ്യമാണോ വേദനയാണോ തോന്നിയത് എന്ന് അവൾക്ക് തന്നെ ഊഹിക്കാൻ കഴിഞ്ഞില്ല.  ഒരിക്കലും അവനെ വെറുക്കാൻ തനിക്ക് കഴിയില്ലന്ന് അവൾക്ക് തോന്നി. അവനെ കാണുമ്പോൾ ഇപ്പോഴും ഹൃദയം തുടി കോട്ടുകയാണ്.

" ശ്വേതാ ഒരുപാട് നേരം ആയോ വന്നിട്ട്..?

അവളുടെ മുഖത്തേക്ക് നോക്കി നിസ്സഹായതയുടെ അവൻ ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല

" പുതിയ നാടകം എന്താ അണിയറയിൽ ഒരുങ്ങുന്നത്...?

ദേഷ്യത്തോടെ അവൾ ചോദിച്ചു.

ആ നിമിഷം തന്നെ അവളുടെ കണ്ണിൽ നിന്നും ശക്തിയായി മിഴിനീരും പുറത്തേക്ക് വന്നിരുന്നു.. മനസ്സിലാവാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി..

" എല്ലാം ഞാൻ അറിഞ്ഞു.  ഒന്ന് സ്നേഹിച്ചു പോയതിന് ഇങ്ങനെ ഒരു ശിക്ഷ  വേണ്ടയിരുന്നില്ല.  ആദ്യം ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കണം ആയിരുന്നു. പിന്നെയും പുറകെ വന്നത് തെറ്റാണ്. പക്ഷേ റിയ ചേച്ചിയോട് ഇഷ്ടമായിരുന്നുവെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പിന്നെ ഒരിക്കലും ഞാൻ പിന്നാലെ വരില്ലായിരുന്നു.

അവൻ ശക്തിയായി ഞെട്ടി..

" ഒന്ന് സ്നേഹിച്ചു പോയതിന്റെ പേരിൽ എന്നെ ഇങ്ങനെ വിഡ്ഢിയാക്കേണ്ടിയിരുന്നില്ല, ആശിപ്പിച്ച് ആശിപ്പിച്ച് അവസാനമൊക്കെ തുറന്നുപറയാനായിരുന്നോ തീരുമാനം..? അതൊ ഒന്നും അറിയിക്കാതെ ചതിക്കാനോ..?

" ശ്വേതാ......!

അവളെല്ലാം അറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ അവൻ ഞെട്ടല് തോന്നിയിരുന്നുവെങ്കിലും അവളുടെ വാക്കുകൾ അവനിൽ ഒരു ദേഷ്യവും ഉളവാക്കിയിരുന്നു.

"  താനിതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് എനിക്കറിയില്ല.  പക്ഷെ ഞാൻ തന്നെ കാണണം എന്ന് പറഞ്ഞത് ഇതൊക്കെ തന്നോട് പറയാൻ വേണ്ടിയാണ്.  ആരും തന്നെ വിഡ്ഢിയാക്കിയിട്ടില്ല.  ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചു പോയത്  ആണ്....

അവൻ അതൊക്കെ സത്യമാണെന്ന് അടിവരയിട്ട് ഉറപ്പിച്ചപ്പോൾ അവളുടെ സകല ശക്തിയും ചോർന്നു പോയിരുന്നു വെറുതെയെങ്കിലും ഒക്കെ കള്ളം ആയിരുന്നെങ്കിൽ എന്ന് അവൾ പ്രത്യാശിച്ചിരുന്നു.

" എന്ത് തെറ്റിദ്ധാരണ...? ഞാൻ ആരെയാണ് സ്നേഹിക്കുന്നത് എന്ന് സ്നേഹിക്കുന്ന ആൾക്കും റിയ ചേച്ചിക്കും അറിയാമായിരുന്നു. പിന്നെ ഇവിടെ എവിടെയാണ് തെറ്റിദ്ധാരണ വന്നത്..?   നിങ്ങൾ രണ്ടുപേരിൽ ആരെങ്കിലും ഒരാൾ പറഞ്ഞിരുന്നുങ്കിൽ ഞാൻ പിന്നീട് ഒരിക്കലും ഇങ്ങനെ സ്വപ്നം കാണില്ലായിരുന്നു.

കരയാതിരിക്കാൻ പരമാവധി ശ്രമിച്ച എങ്കിലും മിഴികൾ അതിന് അനുവദിച്ചില്ല.

"ശ്വേതാ....  ഞാൻ പറയുന്നത് ആദ്യം സമാധാനമായി ഒന്ന് കേൾക്ക്. അതിനുശേഷം മറുപടി പറഞ്ഞൊ അത് മുഴുവൻ ഞാൻ കേൾക്കാം.  ഞാൻ ഒരിക്കൽ പോലും ശ്വേതയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.  ഉണ്ടോ...?  ഇത്രയും സീരിയസായ ഒരു കാര്യം ഞാൻ മറ്റൊരാളോട് പറഞ്ഞു വിടുമെന്ന് തെറ്റിദ്ധരിച്ചത് ശ്വേതയാണ്.  എന്റെ വാക്കിലോ നോക്കിലോ പ്രവർത്തിയിലോ എപ്പോഴെങ്കിലും ശ്വേതയ്ക്ക് ആശ പകരുന്ന എന്തെങ്കിലും ഒരു രീതി ഉണ്ടായിരുന്നോ...? ഒരിക്കൽപോലും ഞാൻ അത് പറഞ്ഞിട്ടുമില്ല.  എന്റെ മനസ്സ് ഞാൻ തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.  വീണ്ടും മറ്റൊരാളുടെ നാവിൽ നിന്നും എന്തൊക്കെയോ കേട്ട് വിശ്വസിച്ചത് താനാണ്. അവിടെ തെറ്റ് ചെയ്തത് താൻ മാത്രമല്ലേ..?

അവന്റെ ആ ചോദ്യത്തിന് മുന്നിൽ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

" ഞാൻ തന്നെ ചതിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞല്ലോ, ചതിക്കാൻ ആയിരുന്നെങ്കിൽ ഇഷ്ടമാണെന്ന് പറഞ്ഞ് അന്ന് തന്നെ എനിക്ക് തന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറയാമായിരുന്നു.   അല്ല അങ്ങനെ അഭിനയിക്കാമായിരുന്നു. അങ്ങനെയൊന്നും ഞാൻ ചെയ്തില്ലല്ലോ. താൻ തെറ്റിദ്ധരിക്കപ്പെട്ടു.  ഇങ്ങനെ ഒരു കാര്യം സംഭവിച്ചപ്പോൾ ആദ്യം താൻ ചോദിക്കേണ്ടത് എന്നോട് ആയിരുന്നു.  സംഭവിച്ചത് എന്താണെന്ന് ഞാൻ പറയാം...


" ഇനി എനിക്ക് ഒന്നും കേൾക്കണ്ട...!  എല്ലാ തെറ്റും എന്റെ തന്നെയാണ്.  ആദ്യം ഞാൻ എന്റെ നില മറന്നു.  രണ്ടാമത് നിങ്ങൾ പറഞ്ഞ തെറ്റുകളെല്ലാം എന്റെ തന്നെയാണ്. ഒന്നും ഞാൻ ചിന്തിച്ചില്ല. ഇഷ്ടവാണെന്ന് കേട്ടപ്പോൾ ഞാനൊരു പൊട്ടി. അത് മുഴുവൻ വിശ്വസിച്ചു. ഇനി ഒരിക്കലും നിങ്ങളുടെ മുൻപിൽ ഇഷ്ടമാണെന്ന് പറഞ്ഞു ഞാൻ വന്നു നിൽക്കില്ല. ഒരിക്കലും നിങ്ങൾക്കൊരു ശല്യമായിട്ട് ഇനി നിങ്ങളുടെ വഴികളിൽ ഞാൻ വരില്ല. സംഭവിച്ചു പോയ എല്ലാത്തിനും മാപ്പ്. ഞാൻ കാരണം നിങ്ങൾക്കുണ്ടായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നു.  ഇനി ഒരിക്കലും നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞു ബുദ്ധിമുട്ടിച്ച് ഞാൻ വരില്ല.

എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ രണ്ട് മിഴികളും ഈറനണിഞ്ഞു. അവന്റെ ഹൃദയത്തിലാണ് ആ കണ്ണുനീർത്തുള്ളികൾ ചെന്നു പതിച്ചത്.  എന്തുകൊണ്ടോ ആ കണ്ണുനീര് ഒരുപാട് നേരം കണ്ടുനിൽക്കാൻ അവന് തോന്നിയില്ല.  തനിക്ക് പറയാനുള്ളത് കേൾക്കാതെ നടന്നവളെ അവൻ ഒന്നുരണ്ടുവട്ടം തിരികെ വിളിച്ചുവെങ്കിലും അവൾ തിരിഞ്ഞുപോലും നോക്കിയില്ല.  ആ യാത്രയിൽ അവൾക്ക് അറിയാമായിരുന്നു അവനെ മറക്കുക എന്നത് അത്ര പെട്ടെന്ന് സാധ്യമാകുന്ന ഒരു കാര്യമല്ലെന്ന്.  എങ്കിലും ഈ അവഗണന അത് നെഞ്ച് നീറ്റുന്നുണ്ട്...

കഴിഞ്ഞ കുറെ മാസങ്ങൾ ആയി ഉള്ളിൽ സ്ഥാനം പിടിച്ച ദിവസവും പലവുരു സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രൂപം, അതുമായിച്ചു കളയുക എളുപ്പമല്ലെന്ന് അവൾക്ക് അറിയാമായിരുന്നു.ആദ്യമായി ആകർഷണം  തോന്നിയാൽ ഹൃദയത്തിൽ നിറമോടെ കോറിയിട്ട മുഖം. ഒരു അഗ്നി പോലെയായിരുന്നു തന്റെ ഹൃദയത്തിലേക്ക് അവൻ പെയ്തിറങ്ങിയത്. അതുകൊണ്ടാണല്ലോ ഇത്രമേൽ തന്റെ നെഞ്ച് പൊള്ളുന്നത്. കരയിൽ പിടിച്ചിട്ട മീൻ ശ്വാസത്തിനുവേണ്ടി പിടയുന്നത് പോലെ തന്റെയുള്ളവും ഇപ്പോൾ പിടയുകയാണ്. അവൻ അവളിൽ ഇല്ലാതെയായാൽ അവൾ ഈ മണ്ണിൽ ഒന്നുമല്ലന്ന് ആ നിമികൾ അവൾക്ക് മനസിലാക്കി കൊടുത്തു. അവന്റെ ഓർമ്മകൾ മനസ്സിലെന്നും ഉണ്ടാകും അതില്ലാതാവുന്ന സമയം തന്നിൽ ശാശ്വതമായ ഇരുട്ട് വ്യാപിക്കും.ഇനി മറ്റൊരുവനായി എന്നിൽ ഒരു വസന്തം  ഉടലെടുക്കില്ല എന്നുള്ളത് ഉറപ്പാണ്. പക്ഷേ അതിലും ഒരുപടി മുകളിലാണ് ആത്മാഭിമാനം.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story