ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 3

ormappottukal

രചന: റിൻസി പ്രിൻസ്‌

രണ്ടുപേരും പരസ്പരം കൈകൾ കോർത്തു പിടിച്ചു, അന്ന് ക്ലാസ് തീരുന്നത് വരെ അങ്ങനെയാണ് ഇരുന്നത്...  പരസ്പരം ഒരു താങ്ങ് എന്നതുപോലെ ഒരാൾ തളർന്നാൽ ഒരാൾ കൂടെയുണ്ടെന്ന് പറയാതെ പറയുന്നതുപോലെ,  ഇന്നുവരെ ആ സൗഹൃദം അതേപോലെ നിലനിൽക്കുന്നു...

അമ്മ പറഞ്ഞതുപോലെ തന്നെ ടീച്ചർ പറയുന്നത് എല്ലാം ശ്രെദ്ധയോട് കേട്ടു പഠിച്ചു...  കഴിവിന്റെ പരമാവധി പഠിച്ചിരുന്നു,  ഒന്നാം സ്ഥാനത്ത് ഒന്നുമല്ലെങ്കിലും അത്യാവശ്യം പഠിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ തന്നെയായിരുന്നു തന്റെ പേരും...   ഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ ഒക്കെ നിഷ്കളങ്കമായ സൗഹൃദങ്ങൾ ആയിരുന്നുവെങ്കിൽ നാലിലേക്ക് ഒക്കെ എത്തിയതോടെ കുട്ടികൾക്ക് എല്ലാവർക്കും കുറച്ച് അറിവ് ഉണ്ടായി തുടങ്ങി,  താൻ കഞ്ഞി വയ്ക്കുന്ന ആളുടെ മകൾ ആണെന്ന് പറയുമ്പോൾ തന്റെ മുഖത്തേക്ക് ഒരു പുച്ഛത്തോടെ നോക്കുന്ന സൗഹൃദങ്ങൾ ക്ലാസിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം....  അധ്യാപകർക്കിടയിൽ പോലും ആ ഒരു വേർതിരിവ് പ്രകടമായിരുന്നു,  ഫീസ് കൊടുക്കാതെ പഠിക്കുന്ന കുട്ടി എന്നതുകൊണ്ട് സ്റ്റാഫ് റൂമിൽ നിന്നും ചെയ്യിപ്പിക്കാവുന്ന ചെറിയ ചെറിയ ജോലികളൊക്കെ ഓരോ ടീച്ചേർസും ചെയ്യിപ്പിക്കാറുണ്ടായിരുന്നു...  ആദ്യമൊന്നും അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഏഴിലേക്ക് ഒക്കെ എത്തിയപ്പോൾ അതിന്റെ അർത്ഥം വ്യക്തമായി തന്നെ മനസ്സിലാക്കാൻ തുടങ്ങി...  അപ്പോഴും കൂട്ടായി കൂടെയുള്ളത് ദീപ മാത്രമായിരുന്നു, അവളുടെ അച്ഛൻ വില്ലേജ് ഓഫീസിൽ ക്ലർക്കാണ്... അവൾക്ക് തന്നെ വലിയ ഇഷ്ടമാണ്, തന്റെ അവസ്ഥകളിലൊക്കെ ഏറ്റവും കൂടുതൽ വിഷമവും അവൾക്ക് തന്നെയാണ്...  ഒരു സങ്കടം വരുമ്പോൾ അത് അവൾ എങ്ങനെയെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും,  ഇപ്പോൾ ഏഴാംക്ലാസിൽ നിൽക്കുകയാണ്,  അങ്ങനെയിരിക്കെ ഒരു ദിവസം തങ്കമ്മ ടീച്ചർ എന്തോ ജോലി സ്റ്റാഫ് റൂമിൽ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്, തങ്കമ്മ ടീച്ചറിന് ആണേൽ പെട്ടെന്ന് ദേഷ്യം വരും,  താൻ ചെയ്തത് ശരിയാത്തതു കൊണ്ട് ടീച്ചറിന്റെ മുഖത്താ ദേഷ്യം പ്രകടമാണ്,

"  ഫാദർ എവിടെയോ പോയിട്ട് വന്നിട്ടുണ്ട് ശമ്പളം ചോദിച്ചോ..

ടീച്ചറിന്റെ അടുത്തേക്ക് വന്ന് മീന ടീച്ചർ പറയുന്നുണ്ട്,

" ചോദിച്ചാലും പറയും. ഇപ്പൊൾ ഉടനെ കയ്യിലില്ല ഈ മാസത്തെതും കൂടി കൂട്ടി അടുത്തമാസം തരാമെന്ന്... ഓരോന്നിനെയും സൗജന്യമായിട്ട് പഠിപ്പിക്കുകയാണ്.... എന്നിട്ട് ആ ശമ്പളം കുറയ്ക്കുന്നത് കഷ്ടപ്പെട്ട് വൈകുന്നേരം വരെ അലച്ചു വിളിച്ച് പഠിപ്പിക്കുന്ന ടീച്ചർമാരുടെ ശമ്പളത്തിൽ നിന്ന്... എന്തൊരു കഷ്ടമാണ്,

തന്നെ ഒന്ന് കുത്തിയാണ് ടീച്ചർ പറഞ്ഞതെന്ന് മനസ്സിലായിരുന്നു,  ഒന്നും മിണ്ടിയില്ല ചെയ്യുന്ന ജോലിയിൽ വ്യാപൃതയായി...

" ബെല്ലടിക്കാറായി കുട്ടി ക്ലാസിലേക്ക് പൊക്കോ....

മീന ടീച്ചർ പറഞ്ഞപ്പോഴാണ് അല്പം സമാധാനം തോന്നിയത്,  തങ്കമ്മ ടീച്ചറുടെ മുഖത്തേക്ക് ഒന്ന് നോക്കി,  പൊയ്ക്കോ എന്നുള്ള ഒരു മൗനം അനുവാദം കിട്ടിയപ്പോഴാണ് അവിടെ നിന്നും മേലെ ക്ലാസിലേക്ക് നടന്നത്...  ഒരുവേള വെറുതെ കണ്ണുനീർ കവിളിലേക്ക് വന്നു,  എന്തൊരു ജന്മമാണ് ടീച്ചറിൽ നിന്നും കുട്ടികളിൽ നിന്നും എല്ലാം ലഭിക്കുന്നത്,  മുഴുവൻ ഇത്തരത്തിലുള്ള പുച്ഛവും നിന്ദയും മാത്രമാണ്....  പണമില്ലാതെ പിറന്നത് തന്റെ കുഴപ്പമാണോ..?  അല്ലെങ്കിൽ തനിക്ക് ബുദ്ധിയുറയ്ക്കും മുൻപേ അച്ഛന്‍ മരിച്ചു പോയത് തന്റെ തെറ്റാണോ..?  എന്തൊക്കെയോ ചോദ്യങ്ങൾ ഉള്ളിൽ വന്ന് തിങ്ങി നിറയുന്നതു പോലെ....  എന്ത് വിഷമം വന്നാലും ദീപയെ കാണാനാണ് തോന്നുന്നത്,  ക്ലാസിലേക്ക് ചെന്നപ്പോൾ  അവൾ വന്നിട്ടില്ല.... സമയം 9:30 യോടെ അടുത്തിട്ടും അവൾ വന്നിട്ടില്ല,  എല്ലാവരും അസംബ്ലിക്ക് ഇറങ്ങാൻ തുടങ്ങുകയാണ്...  അവളുടെ അഭാവം കൂടി വല്ലാതെ തളർത്തി,

അന്ന് വീട്ടിലേക്ക് ചെന്നപ്പോഴും ഒരു ഉഷാർ ഉണ്ടായിരുന്നില്ല,  സാമൂഹികശാസ്ത്രം വായിച്ചു പഠിക്കുന്നതിനിടയിലും ഓർത്തത് ദീപയെ കുറിച്ചാണ്... പിറ്റേദിവസം വന്നപ്പോഴും അവളെ കാണാൻ പറ്റിയില്ല, അവൾക്കെന്തു പറ്റി എന്നുള്ള ആധിയായിരുന്നു  ആ സമയം മുഴുവൻ മനസ്സിൽ..

  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചിയാണ് അവൾക്കൊപ്പം എപ്പോഴും വരുന്നത്.... പിറ്റേന്നും അവൾ വരാതെ ആയപ്പോൾ രണ്ടും കൽപ്പിച്ച് അന്ന് ഉച്ചയ്ക്ക് നേരെ ആ ചേച്ചിയുടെ ക്ലാസ് റൂമിലേക്ക് ചെന്നു,  അവിടെ അവരെല്ലാവരും വളരെ കമ്പനിയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്...  സംസാരിച്ച് പതുക്കെയാണ് ഭക്ഷണം കഴിക്കുന്നത്....വേറൊരു ക്ലാസിലെ കുട്ടി ആയതുകൊണ്ട് തന്നെ ക്ലാസ് റൂമിനകത്ത് കയറരുത് എന്ന നിയമമുണ്ട്,  അതുകൊണ്ട് ക്ലാസ് റൂമിന് വെളിയിൽ നിന്നാണ് അകത്തേക്ക് നോക്കിയത്...  ഉടനെ തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഒരു ചേച്ചി ഇറങ്ങി വന്നു,

" എന്താ ആരാ...,?

മനസ്സിലാവാതെ ആ ചേച്ചി ചോദിച്ചു,

" ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന ശ്വേത എനിക്ക് സ്നേഹ ചേച്ചിയെ ഒന്ന് കാണണമായിരുന്നു...

"സ്‌നേഹേ... നിന്നെ വിളിക്കുന്നു,  ആ ചേച്ചി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചേച്ചിമാരുടെ കൂട്ടത്തിലായി പറഞ്ഞു.... അപ്പോൾ അവിടെ നിന്നും ഒരു ചേച്ചി ഇറങ്ങി വന്നിരുന്നു

"  എന്താ മോളെ..

"   ദീപ എന്താ വരാത്തെ ചേച്ചി....
ദീപക്ക് പനിയാണോ..?  ചേച്ചിയുടെ വീടിനടുത്തുള്ളതല്ലേ,  എന്നോട് പറഞ്ഞിട്ടുണ്ട്,

"ഓ.... അതാണോ ദീപ വയസ്സറിയിച്ചു,  അതുകൊണ്ട് ആണ് വരാത്തത്... ഒരു മൂന്ന് ദിവസം കൂടി കഴിയുമ്പോൾ വരും, ദീപയെ കാണുമ്പോൾ ഞാൻ പറഞ്ഞേക്കാം മോള് തിരക്കിന്ന്... ബെല്ലടിക്കാറായി ഭക്ഷണം കഴിച്ചിട്ടില്ല....

അതും പറഞ്ഞു ചേച്ചി അകത്തേക്ക് പോയപ്പോൾ അത് എന്താണെന്ന് ഉള്ള സംശയമായിരുന്നു മനസ്സിൽ നിറഞ്ഞുനിന്നത്...
ആരോടാണ് ചോദിക്കുക വയസ് അറിയിച്ചു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം..?  അന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്ന വഴി അമ്മയോട് ചോദിച്ചാലോന്ന് തോന്നി,  അങ്ങനെ അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...

"' ഈ വയസ്സ് അറിയിക്കുകയെന്നു പറഞ്ഞാൽ എന്താ അമ്മേ..?  നിഷ്കളങ്കമായ തന്റെ ചോദ്യം കേട്ടിട്ടാവും അമ്മ തന്നെ സൂക്ഷിച്ചു ഒന്നു നോക്കി,

"  ആരാ ഇപ്പൊ ഇക്കാര്യം നിന്നോട് പറഞ്ഞത്...

"  ദീപ രണ്ടു ദിവസമായിട്ട് ക്ലാസ്സിൽ വരുന്നില്ല,  ഞാൻ അവളുടെ വീടിനടുത്തുള്ള സ്നേഹ ചേച്ചിയോട് കാര്യം ചോദിച്ചു.. അപ്പോൾ പറയാ ദീപ വയസ്സ് അറിയിച്ചുവെന്ന്, അങ്ങനെ പറഞ്ഞാൽ എന്താ...?

" ഓ അതാണോ അതിനർത്ഥം ദീപ വലിയ കുട്ടിയായിന്ന്... വലിയ കുട്ടീന്ന് വച്ചാൽ ഇപ്പൊ വലിയ കുട്ടിയല്ലേ....?

"  അങ്ങനെയല്ല ഇനിയിപ്പോ ദീപ ഷാളൊക്കെ ഇട്ടായിരിക്കും വരിക യൂണിഫോമിന്റെ കൂടെ,

"  അതെന്താ അമ്മ അങ്ങനെ..

"  അത് അങ്ങനെയാണ് മോളെ..  നമ്മൾ ഒരു പ്രായം കഴിയുമ്പോൾ വലിയ പെണ്ണാകും,

"' ഞാനും ആവില്ലേ...?

" മോളു ആവും...

ദീപ വരുമ്പോൾ വിശദമായി ചോദിക്കാം എന്ന് കരുതിയാണ് ആ വിഷയം വിട്ടത്, കൃത്യമായി മൂന്ന് ദിവസങ്ങൾക്ക് ശേഷം അവൾ വിശദമായി തന്നെ ആ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഒരു പേടിയാണ് തോന്നിയത്...  പിന്നീട് ഏഴാം ക്ലാസിലെ ബയോളജി ടെസ്റ്റിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ വന്നപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ,
എട്ടാം ക്ലാസ്സും ഒൻപതാം ക്ലാസ്സും ഒക്കെ അത്യാവശ്യം നല്ല മാർക്കോട് തന്നെയാണ് വിജയിച്ചത്...  വലിയ മിടുക്കി എന്ന് പറയാൻ പറ്റില്ലെങ്കിലും ഒരു ശരാശരി വിദ്യാർത്ഥി തന്നെയായിരുന്നു താൻ, 

സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഏഷ്യാനെറ്റിൽ ഓമനത്തിങ്കൾ പക്ഷി സംപ്രേക്ഷണം ചെയ്യുന്നത്,  സീരിയൽ അന്ന് വല്ലാത്ത ഇഷ്ടമായിരുന്നു,  അമ്മയും അത് മനോരമയിൽ ഒക്കെ വായിച്ചതാണെന്ന് പറഞ്ഞു,  അങ്ങനെ ഞാനും അമ്മയും അനിയനും കൂടി എപ്പോഴും അപ്പുറത്തെ വീട്ടിലെ സുമ ചേച്ചിയുടെ വീട്ടിൽ ഈ സീരിയൽ കാണാൻ വേണ്ടി പോകുമായിരുന്നു... ഒന്നുരണ്ടു ദിവസങ്ങളിൽ ഒന്നും യാതൊരു കുഴപ്പവും ഇല്ലെങ്കിലും പിന്നെ പിന്നെ വൈകുന്നേരങ്ങളിൽ സീരിയൽ കാണാൻ അവിടേക്ക് എത്തുന്നത് അവർക്ക് എന്തോ ഇഷ്ടക്കുറവ് പോലെ തോന്നിയിരുന്നു... കാണാൻ ചെല്ലുമ്പോൾ ഓരോ ഒഴിവുകൾ പറഞ്ഞു അവർ മടക്കി അയക്കാൻ തുടങ്ങും,  കുട്ടികൾക്ക് പഠിക്കാനുണ്ട് ടിവി ചൂടാകും എന്നൊക്കെയുള്ള ഓരോ ഒഴിവ് കഴിവുകൾ മനസ്സിൽ വീണ്ടും ഒരു വേദന നിറച്ചിരുന്നു...  സ്വന്തമായി ഒരു ടിവി വീട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരു വലിയ അതിമോഹം ആ നിമിഷം മനസ്സിൽ ഒരു ഉരുതിരിഞ്ഞു വന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story