ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 30

ormappottukal

രചന: റിൻസി പ്രിൻസ്‌

അവൻ അവളിൽ ഇല്ലാതെയായാൽ അവൾ ഈ മണ്ണിൽ ഒന്നുമല്ലന്ന് ആ നിമികൾ അവൾക്ക് മനസിലാക്കി കൊടുത്തു. അവന്റെ ഓർമ്മകൾ മനസ്സിലെന്നും ഉണ്ടാകും അതില്ലാതാവുന്ന സമയം തന്നിൽ ശാശ്വതമായ ഇരുട്ട് വ്യാപിക്കും.ഇനി മറ്റൊരുവനായി എന്നിൽ ഒരു വസന്തം  ഉടലെടുക്കില്ല എന്നുള്ളത് ഉറപ്പാണ്. പക്ഷേ അതിലും ഒരുപടി മുകളിലാണ് ആത്മാഭിമാനം

വീട്ടിലേക്ക് ചെന്നത് എങ്ങനെയാണെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു.  ഏതായാലും വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയും സച്ചുവും ഒന്നും ഉണ്ടായിരുന്നില്ല.  അതുകൊണ്ടുതന്നെ നേരെ മുറിയിലേക്ക് ചെന്നു.  സാരി കർട്ടൻ മാത്രം വാതിലായുള്ള ആ മുറിയിൽ ഇരുന്ന് ഒന്ന് കരയാൻ പോലും സാധിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.  അതുകൊണ്ടുതന്നെ നേരെ ബാത്റൂമിലേക്ക് പോയി.  ശബ്ദം അടക്കിപ്പിടിച്ച് മിഴിനീർ ഒഴുക്കി കളഞ്ഞു. ഹൃദയം ഇങ്ങനെ ലാവ പോലെ ഉരുകി ഒലിക്കുകയാണ്.  അതിങ്ങനെ കണ്ണിലൂടെ പുറത്തേക്ക് വരുന്നു.  വിഷമമാണോ സങ്കടമാണോ ദേഷ്യമാണോ തോന്നുന്നത് ഒന്നുമറിയില്ല..?  ആത്മാഭിമാനം നഷ്ടം ആയ തന്നെ എന്തൊക്കെയോ വികാരങ്ങൾ  കീഴടക്കുന്നത് പോലെ തോന്നി...
തട്ടിയെറിഞ്ഞ തന്റെ സ്നേഹത്തെ അവൻ ആഗ്രഹിക്കുന്ന ഒരു കാലം വരും, കാരണം അത്രമേൽ തന്റെ ഉള്ളം അവനായി പൂത്തു വിടർന്നിട്ടുണ്ട്. അവനോർമ്മയിൽ വസന്തം നിറഞ്ഞ മനം ഇന്ന് വിരഹത്താൽ വരണ്ടു പോയിരിക്കുന്നു. ഉടലും ഉയിരും പൊള്ളി ഉരുകുന്നു. ഉറക്കമില്ലാത്ത രാത്രികളുടെ നീണ്ട നിര തന്നെ കാത്തിരിക്കുന്നു. കര കാണാ കടലിൽ താഴ്ന്നുപോയ തന്റെ മനസ്സിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുവാൻ നീണ്ട കാലയളവിന്റെ പരിശ്രമം വേണ്ടിവരും. സർപ്പത്തിന്റെ വിഷത്തോളം കാഠിന്യമേറിയതാണ് പ്രണയത്തിന്റെ വിരഹം. ആ ദംശനം ഏൽക്കുന്നത് ഹൃദയത്തിന്റെ ആഴങ്ങളിലാണ്. സ്നേഹം നിറഞ്ഞ വാക്കുകളില്ലാതെ,  ചുംബന മധുരങ്ങൾ ഇല്ലാതെ നിസ്വാർത്ഥമായ പ്രണയം കൊണ്ട് മാത്രം എന്റെ ഹൃദയത്തിൽ നിന്നെ ഞാൻ കോറിയിട്ടതല്ലേ..? എന്നിൽ മാത്രം നിറഞ്ഞുനിന്ന ഒരു ധ്യാനം പോലെ നിശബ്ദമായി നിന്നെ ഞാൻ പ്രണയിച്ചതല്ലേ, എന്നിട്ടും എന്തേ എന്റെയുള്ളം നീ അറിയാതെ പോയി. നിന്നെ മറക്കാനും മായിക്കാനും കഴിയുന്ന ഒരു മന്ത്രം എനിക്ക് വശം ഉണ്ടായിരുന്നുവെങ്കിൽ, പക്ഷേ ഈ അവഗണന നോവുന്നുണ്ട് ഹൃദയം പിടയുന്നുണ്ട് പ്രാണൻ, ഇനി താങ്ങാൻ വയ്യ. അതുകൊണ്ട് ഇനിമുതൽ നീയെന്നിൽ ഓർമ്മകളായി മാത്രം വിടരട്ടെ. നിന്റേതായി എന്നിൽ ഓർമ്മകൾ മാത്രം ബാക്കിയാവട്ടെ. ആ ഓർമ്മകളിൽ ഞാൻ പുതിയൊരു ലോകം കെട്ടിപ്പടുത്തോളം..! 

പിന്നീടങ്ങോട്ട് ഒരു വാശിയായിരുന്നു ആരോടാണെന്നോ എന്തിനോടാണെന്നോ എന്നുപോലും അറിയാത്ത ഒരു വാശി. പക്ഷേ ആ വാശി മുഴുവൻ തീർത്തത് പഠനത്തിലാണ്.  കുറച്ചുകൂടി വാശിയോടെ പഠിച്ചു.  ജീവിതത്തിൽ നല്ല നിലയിൽ എത്തണമെന്ന പ്രതീക്ഷയോടെ തന്നെയായിരുന്നു പിന്നീടുള്ള പഠനം. ഈ വിരഹം ഒരിക്കലും തന്റെ പഠനത്തെ ബാധിക്കാൻ പാടില്ലന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആനുവൽ പരീക്ഷയ്ക്ക് വാശിയോടെ ഇരുന്ന് രാവും പകലാക്കി പഠിച്ചു.  ഇതിനിടയിൽ  അനീറ്റ പറഞ്ഞ്  മഞ്ജുവും ദീപയും ഒക്കെ സംഭവം അറിഞ്ഞിരുന്നു.  സഹതാപത്തിൽ തന്നെ  നോക്കരുത് എന്ന് മാത്രം അവരോട് പറഞ്ഞു.  അവരും ശക്തി പകരുകയായിരുന്നു ചെയ്തത്. ഒരിക്കലും കരയരുതെന്നും തന്നെ ഇത്രയും വിഡ്ഢിയാക്കിയ ഒരാൾക്ക് വേണ്ടി കരയുകയാണെങ്കിൽ അത് സ്വന്തം മനസാക്ഷിയോട് തന്നെ ചെയ്യുന്ന തെറ്റാണെന്നും അവർ പറഞ്ഞു മനസ്സിലാക്കി.  ഓരോ നിമിഷവും തമാശകളും കളിച്ചിരികളും പറഞ്ഞ് വിഷമിക്കാനോട്ടും ഇട  നൽകാതെ അവർ ഇങ്ങനെ ചേർത്തുപിടിച്ചു. ആ നിമിഷം അതൊരു വലിയ ആശ്വാസം തന്നെയായിരുന്നു. അവസാന പരീക്ഷയുടെ ദിവസം തന്നെയാണ് സെന്റ് ഓഫ് വെച്ചിരുന്നത്.  ജീവിതത്തിൽ അത്രയും വിഷമിച്ച ഒരു ദിവസം വേറെ ഇല്ലെന്ന് പറയണം.  ഇത്രയും കാലം അവധി കിട്ടിയാൽ ഒരു സന്തോഷമായിരുന്നു.  എന്നാൽ ഇതങ്ങനെയല്ല ഈ അവധി ഒരു വല്ലാത്ത വേദനയാണ് സമ്മാനിക്കുന്നത്. ഇത് കഴിഞ്ഞ് പിന്നീട് ഒരു തിരിച്ചു വരവില്ല.  എല്ലാവർക്കും പല വഴികളാണ്.  10 വർഷക്കാലം സമ്പാദിച്ച സൗഹൃദങ്ങൾ,  10 വർഷക്കാലം ഒരേ പാത്രത്തിൽ ഉണ്ടും ഒരേ പായയിൽ ഉറങ്ങിയും ഒരേ മനസ്സോടെ നടന്ന എല്ലാവരും പല വഴിക്ക് പിരിയുന്നു. ഇനി എല്ലാവർക്കും അവരവരുടെ ലക്ഷ്യങ്ങളാണ്, ഈ ലക്ഷ്യത്തിൽ ഒരുമിച്ച് വരുന്നവർ ഉണ്ടാകും ഇല്ലെങ്കിൽ ഇടയ്ക്ക് വെച്ച് പിരിഞ്ഞു പോകുന്നവർ ഉണ്ടാകും.  ഓർമ്മ പുസ്തകത്തിലെ ഒരു താളായി ഓരോരുത്തരും മാറ്റപ്പെടുന്നു.  ആലോചിച്ചപ്പോൾ തന്നെ ഹൃദയം വല്ലാതെ വേദനിച്ചു.  അതുകൊണ്ടു തന്നെ ആർത്തു കരഞ്ഞാണ് ആ ദിവസം എല്ലാവരും ആ വിദ്യാലയത്തിന്റെ പടി ഇറങ്ങിയത്. കരഞ്ഞുകൊണ്ട് അവിടേക്ക് വന്നു കരഞ്ഞുകൊണ്ടു തന്നെ ഇറങ്ങുന്ന ഒരു സുദിനം. തനിക്കും ഉണ്ടായിരുന്നു ഒരുപാട് വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും ചേർത്ത് പിടിക്കുന്നതും ആയ ഒരുപിടി ഓർമ്മകൾ.  ആ സംഭവത്തിനു ശേഷം ഒരിക്കൽപോലും റിയ ചേച്ചിയെ കണ്ടിട്ടില്ല.  കാണണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.  അവരുടെ വീടിന് അരികിലൂടെ നടന്നു പോകുമ്പോൾ മനപ്പൂർവ്വം ആ ഭാഗം വരുമ്പോൾ തറയിലേക്ക് മാത്രം നോക്കി നടക്കും.  സ്കൂളിൽ വച്ചു ഒരുവട്ടം പോലും കണ്ടിട്ടില്ല ക്ലാസ്സിൽ ചെന്ന് നമ്മളെ കളിപ്പിച്ചതിന് നന്നായി ഒന്ന് വിരട്ടാം എന്ന അനീറ്റ പറഞ്ഞിരുന്നു. ഒന്നും വേണ്ട എന്ന് മനപ്പൂർവം താൻ തന്നെ പറഞ്ഞു.  മറക്കാൻ സാധിക്കില്ലങ്കിലും ഇനി ഓർമ്മകളിലേക്ക് പോകണ്ട എന്ന് മനപ്പൂർവം തന്നെ തീരുമാനിച്ചിരുന്നു. ടി സി വാങ്ങാനായി ഫാദറിന് അരികിലേക്ക് ചെല്ലുമ്പോൾ എന്തുകൊണ്ടോ മനസ്സ് നോമ്പരപ്പെട്ടു.  ഇത്രയും കുട്ടികൾ അവിടെ പഠിച്ചത് ഫീസ് കൊടുത്താണ്.  താൻ അങ്ങനെയല്ല സ്വന്തം ചിലവിൽ തന്നെ ടൂറിന് പോലും കൊണ്ടുപോയ ഫാദറിനെ കണ്ടപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു.  വലിയ സന്തോഷത്തോടെ തന്നെയാണ് ആ കാലുകളിൽ തൊട്ടു തൊഴുതത്.  നന്നായി വരും എന്ന് ഫാദർ അനുഗ്രഹിച്ചപ്പോൾ ഹൃദയം ഒന്ന് നിറഞ്ഞിരുന്നു.  എവിടെപ്പോയാലും വന്ന വഴി മറക്കരുത്  എന്നും എത്ര വലിയ ആളായാലും മനുഷ്യത്വത്തിന് പ്രാധാന്യം നൽകണമെന്ന് ഫാദർ പറഞ്ഞു തന്നു.. ഇതിനിടയിൽ നന്നായി പഠിച്ച നല്ലൊരു നിലയിൽ എത്തി ഒരിക്കൽ ഈ വിദ്യാലയത്തിലേക്ക് വരണമെന്നും പറഞ്ഞിരുന്നു.   ഒരിക്കൽ അതുപോലെ ഒരു വരവ് നടത്തണമെന്ന് ഒരു പകൽകിനാവ് ആ നിമിഷം മനസ്സിൽ കടന്നു വന്നു.

അവധിക്ക്  വെറുതെ വീട്ടിലിരിക്കുകയായിരുന്നു.  ഇതിനിടയിലാണ് ദീപ തൊട്ടടുത്തുള്ള അക്ഷയയിൽ ഫ്രീയായിട്ട് കമ്പ്യൂട്ടർ ക്ലാസ്സ് എടുക്കുന്നുണ്ട് എന്ന് പറഞ്ഞത്.  എങ്കിൽ പിന്നെ വെറുതെ ഇരിക്കാതെ അതിനു പോകാമെന്ന് കരുതി. ഇനി എടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് കൊമേഴ്സ് ആണ്.  അതിൽ കമ്പ്യൂട്ടർ വരുന്നുമുണ്ട് കമ്പ്യൂട്ടറിൽ തൊടാനും അതിൽ എന്തെങ്കിലും എറർ കാണിച്ചാൽ അത് കേടായോ എന്നുള്ള ഒരു ഭയമുണ്ട്. അത് മാറ്റിയെടുക്കാൻ ഇങ്ങനെ ഒരു ക്ലാസ് നല്ലതാണെന്ന് തോന്നി. അതോടൊപ്പം വെറുതെ ഇരിക്കുമ്പോഴാണ് ഓർമ്മകൾ കൂട്ടിന് എത്തുന്നത്. അത് മാറ്റാനും നല്ലൊരു  മാർഗം തന്നെയാണ്. അതുകൊണ്ടു തന്നെ അവൾക്കൊപ്പം ആ ക്ലാസിന് ചേരാൻ പേരു കൊടുത്തു.  പക്ഷേ ഏപ്രിൽ അവസാനം മുതൽ ക്ലാസ് തുടങ്ങുകയുള്ളൂ. ഇതിനിടയിൽ പള്ളിയിലെ കുർബാനയുടെ സമയം മാറ്റിയും ആളെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു ഒക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോയി.. പള്ളിയിൽ നിൽക്കുമ്പോൾ അറിയാതെ കണ്ണുകൾ അവിടേക്ക് തന്നെ പാറി പോകുമെങ്കിലും ആ നിമിഷം തന്നെ മനസ്സിനെ ശാസിക്കും.. എങ്കിലും അറിയാതെ കണ്ണുകൾ ആളെയും റിയ ചേച്ചിയും ഒന്ന് ഉഴിഞ്ഞുമാറും.  പള്ളിയിൽ വച്ച് ഇടയ്ക്കെങ്കിലും രണ്ടുപേരും പരസ്പരം ഒന്നു നോക്കുന്നത് കണ്ടാൽ മനസപ്പോൾ തന്നെ അസ്വസ്ഥമാകും. വേദന ഹൃദയത്തിൽ കൂടുകൂട്ടാൻ തുടങ്ങും. ആ നിമിഷം തന്നെ മനസ്സിനെ ശാസിക്കും, തനിക്ക് മുൻപേ പരസ്പരം പരിചയപ്പെട്ടവരും സ്നേഹിച്ചവരും ആണ് അവർ.  അവരുടെ സ്നേഹത്തിനിടയിലേക്ക് ഇടയ്ക്കിവച്ച് വന്നു കയറിയത് താനാണ്. അതുകൊണ്ടു തന്നെ ഒരിക്കലും അവരുടെ സ്നേഹത്തിൽ അസൂയപ്പെടേണ്ട കാര്യമില്ല.  അങ്ങനെയൊക്കെ കരുതണമെങ്കിലും മനുഷ്യസഹജമായ അസൂയ ഇരുവരെയും ഒരുമിച്ചു കാണുമ്പോൾ എപ്പോഴും ഉണ്ടാകും.  രണ്ടുപേരെയും കാണാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ നോക്കി. സാധാരണ രണ്ടാമത്തെ കുർബാനയ്ക്ക് പോകുന്നതാണ് വൈകുന്നേരത്തെ മൂന്നാം കുർബാനയ്ക്ക് പോകാൻ തുടങ്ങി. ആ സമയത്ത് ആൾ വരാറില്ല.  അങ്ങനെയിരിക്കെ ഒരു ദുഃഖ വെള്ളിയാഴ്ച ദിവസമാണ് പിന്നെ എല്ലാവരും ഒരുമിച്ച് കാണുന്നത്.  അന്ന് ഉച്ചയ്ക്ക് കുടിക്കാനുള്ള കഞ്ഞിയും പയറും വാങ്ങിക്കൊണ്ട് കസേര തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് വല്ല്യമ്മച്ചി ഇവിടെ സീറ്റ് ഉണ്ട് ഇവിടെ ഇരുന്നോളാൻ പറഞ്ഞത്.  അവിടേക്ക് നടന്നു ഇരിക്കാൻ തുടങ്ങിയപ്പോഴാണ് തൊട്ടിപ്പുറത്ത് ഇരിക്കുന്ന ആളെ കണ്ടത്. ആ നിമിഷം ആളും തന്നെ കണ്ടു എന്ന് വ്യക്തമായിരുന്നു. ആളുടെ മുഖത്തും തന്നെ കണ്ടതിന്റെ ഒരു ബുദ്ധിമുട്ടുണ്ട്.  ഒരുപാട് നാളുകൾക്ക് ശേഷമാണ് വീണ്ടും ഒരു കൂടികാഴ്ച. ആളെ കണ്ട ഞെട്ടലിൽ ഇങ്ങനെ നിന്നപ്പോൾ വീണ്ടും വല്ല്യമ്മച്ചി തോണ്ടി വിളിച്ചു

" അവിടെ ഇരിക്കു കൊച്ചേ, വേറെ ആരെങ്കിലും വന്നാൽ പിന്നെ അവിടെയും ഇരിക്കാൻ പറ്റത്തില്ല.

" വേണ്ടമ്മച്ചിയിരുന്നോ ഞാൻ അപ്പുറത്തിരുന്നോളാം.

അതും പറഞ്ഞ് അപ്പുറത്തേക്ക് നടന്നിരുന്നു. തന്നിൽ നിന്നും അങ്ങനെയൊരു മറുപടി ആൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.  വീണ്ടും ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടക്കും എന്നായിരിക്കും കരുതിയത്.  താൻ അങ്ങനെ പറഞ്ഞതിന്റെ ഒരു ഞെട്ടൽ ആളുടെ മുഖത്തുണ്ട്. തിരസ്കരണം എങ്ങനെയാണ് ഒരു വ്യക്തിയെ ബാധിക്കുന്നത് എന്ന് ഒരാൾ മാത്രം അറിഞ്ഞാൽ പോരല്ലോ. ഇരിക്കാൻ സീറ്റ് കിട്ടാത്തതുകൊണ്ട് തന്നെ നിന്നാണ് കഞ്ഞി കുടിച്ചത്.  ഇടയ്ക്ക് ആൾ തന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ആ സീറ്റ് അപ്പോഴും അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കഞ്ഞി നിന്ന് കുടിച്ചിട്ടും അവിടേക്ക് ചെന്ന് ഇരിക്കാതിരുന്നപ്പോൾ തന്നെ തന്റെ മനസ്സിൽ ആൾക്ക് ഇപ്പോൾ സ്ഥാനമില്ലെന്ന് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതിയിരുന്നു. വെറുതെ പോലും ആളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ നന്നായി ശ്രദ്ധിച്ചു. ഇടയ്ക്കിടെ ആൾ തന്നെ നന്നായി നോക്കുന്നത് കാണുന്നുണ്ടായിരുന്നു. ആൾ നോക്കുമ്പോൾ താൻ നോക്കുന്നില്ലെങ്കിലും തന്റെ കണ്ണുകൾ ഇടയ്ക്കിടെ പാറി കളിക്കുന്നത് ആളിലേക്ക് തന്നെയാണല്ലോ.  അങ്ങനെ മറക്കാനും മായ്ക്കാനും പറ്റുന്ന ഒരു വ്യക്തി അല്ലല്ലോ തന്റെയുള്ളിൽ ആള്. എങ്കിലും കഴിയുന്നത്ര തനിക്ക് ആളോട് ഒന്നും ഇല്ലെന്ന് ആൾ മനസ്സിലാക്കുന്ന രീതിയിൽ തന്നെയാണ് നടന്നത്. ഇനിയും നാണം കെടാൻ വയ്യ..!  ഇഷ്ടത്തിന്റെ പേരിൽ ഒരിക്കൽ മുറിവേറ്റു വേദനിച്ചു ഇനി വയ്യ.

കാത്തു കാത്തിരുന്ന് പത്താം ക്ലാസിലെ റിസൾട്ട് വന്നു.  അവസാന ദിവസം വാശിയോടെ പഠിച്ചതിന്‍റെ എല്ലാ ഗുണവും റിസൾട്ടിൽ കാണാനുണ്ടായിരുന്നു.  7 എ പ്ലസ് മൂന്ന് എയുമായാണ് വിജയിച്ചത്. റിസൾട്ട് അറിഞ്ഞപ്പോൾ അമ്മച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞപ്പോൾ ഒരു വല്ലാത്ത അഭിമാനം തോന്നിയിരുന്നു.  അതോടൊപ്പം പലരും തന്നെ വന്ന് അഭിനന്ദിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അഭിനന്ദനങ്ങളൊക്കെ കിട്ടുന്നത്. ആ ഒരു നിമിഷം മനസ്സിലാക്കിയ ഒരു വലിയ പാഠം അതായിരുന്നു.  ഒന്നുമില്ലാത്ത ഒരു മനുഷ്യനെ എന്തെങ്കിലുമൊക്കെ ആക്കാൻ കഴിവുള്ളത് ഒന്നിന് മാത്രമാണ്.  അറിവിന്...!  അതിനു വേണ്ടി നന്നായി പഠിക്കണം അങ്ങനെയൊരു സത്യത്തെയും  ജീവിതത്തിൽ മനസ്സിലാക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story