ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 32

ormappottukal

രചന: റിൻസി പ്രിൻസ്‌

വിധി അവിടെയും തന്നെ വെറുതെ വിട്ടില്ല എന്നതാണ് സത്യം.  ക്ലാസ് എടുക്കാൻ വന്ന ആളെ കണ്ട് അത്ഭുതത്തോടെയും വേദനയോടെയും ദീപയുടെ മുഖത്തേക്ക് നോക്കി.  തന്റെ നിസ്സഹായവസ്ഥ കണ്ടാവും ആളെ അവളും നോക്കിയത്.  ഒരു നിമിഷം അതേ ഭാവത്തിൽ അവൾ തന്നെ തിരികെയും നോക്കി. "സാം ചേട്ടായി"

അവളുടെ നാവ് മന്ത്രിച്ചു..

ഒരാളെ മറക്കാൻ തീരുമാനിച്ചാൽ അയാളെ തന്നെ വീണ്ടും വീണ്ടും മുന്നിൽ കൊണ്ട് വന്നു നിർത്തുക എന്നത് വിധിയുടെ ഒരു വിനോദമാണ്..


കുട്ടികളുടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി നന്നായി ചിരിക്കുന്നുണ്ട് ആള്... പെട്ടെന്ന് തന്നെ കണ്ടതും ആ മുഖത്ത് ഒരു അത്ഭുതം നിറയുന്നതും, എന്നാൽ അതേ നിമിഷം തന്നെ അതൊരു പുഞ്ചിരിക്ക് വഴിമാറുന്നതും അവൾ ശ്രദ്ധിച്ചിരുന്നു...

" എല്ലാരും പറയുന്നത് കമ്പ്യൂട്ടറിന്റെ തിയറി ആദ്യം പഠിക്കണമെന്ന് ആണ്... പക്ഷേ ഞാൻ പറയുന്നത് കമ്പ്യൂട്ടറിൽ പ്രാക്ടീസ് ചെയ്തു തന്നെ ആദ്യം പഠിക്കണമെന്ന്  ആണ്. എങ്കിൽ കമ്പ്യൂട്ടറുമായി ഇടപെടാനുള്ള നമ്മുടെ ചടപ്പ് മാറും. അതുകൊണ്ട് എല്ലാവരും കമ്പ്യൂട്ടറിലേക്ക് തന്നെ ശ്രദ്ധിക്കുക...  ആദ്യം കമ്പ്യൂട്ടർ എങ്ങനെയാണ് ഓൺ ആക്കുന്നതെന്നും ഷട്ട് ഡൗൺ ചെയ്യുന്നതെന്നുമാണ് പറയുന്നത്... ഓരോരോ കാര്യങ്ങളുമായി ആൾ പറഞ്ഞു തരുന്നുണ്ട്.  അതെല്ലാം ശ്രദ്ധിച്ചു തന്നെ ചെയ്തു...

ആദ്യത്തെ ദിവസം പഠിപ്പിച്ചത് കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കാനായിരുന്നു,  അതിനെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞു തന്നിരുന്നു.  ഓരോരുത്തരുടെയും അരികിൽ വന്നു തന്നെ ചോദിക്കുന്നുണ്ട്.  താൻ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് തന്റെ അരികിലുള്ള കമ്പ്യൂട്ടറിലേക്ക് ആൾ വന്നത്.  കുനിഞ്ഞു നിന്ന് കമ്പ്യൂട്ടറിലേക്ക് നോക്കുകയാണ്... ഏതോ വില കൂടിയ ഒരു പെർഫ്യൂമിന്റെ ഗന്ധം നാസികയിലേക്ക് അരിച്ചു ഇറങ്ങി.  അടുത്ത് വന്നതും കൈ വിറയ്ക്കാൻ തുടങ്ങി.  പിന്നീട് ചെയ്തതിതെല്ലാം ഒരു പരിഭ്രാന്തി നിറഞ്ഞു നിന്നിരുന്നു

" ടെൻഷൻ അടിക്കാതെ ചെയ്യുന്ന കാര്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യ്,

തന്റെ മുഖത്തേക്ക് നോക്കാതെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മാത്രം നോക്കി തനിക്ക് വന്നുപോയ ഒരു പിഴവ് തന്റെ കയ്യിൽ ഇരുന്ന മൗസ് കൊണ്ട് തന്നെ മാറ്റിയതിനു ശേഷം ആള് പറഞ്ഞു.

" ഇത് ആദ്യം അത് കഴിഞ്ഞു ഇത് സെലക്ട് ചെയ്യണം.  അത് കഴിഞ്ഞ് ഈ പെയിന്റ് സെലക്ട് ചെയ്യണം.

തന്റെ കൈയ്യ് മൗസിൽ ഇരിക്കുമ്പോൾ അതിനു മുകളിലേക്ക് കൈവച്ച് തന്നെ പഠിപ്പിച്ചു തരികയാണ്. ഒരു നിമിഷമാ സ്പർശനമേറ്റപ്പോൾ താൻ വല്ലാതെ ആയതുപോലെ അവൾക്ക് തോന്നിയിരുന്നു..  ഒരുകാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഈ കൈകളിൽ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്, എന്നാൽ ഇന്ന് അങ്ങനെ ഒരു അവസരം കയ്യിൽ വന്നപ്പോൾ അത് തന്നെ സന്തോഷിപ്പിക്കുന്നില്ല. പകരം എന്തൊക്കെയോ അസ്വസ്ഥതകൾ നിറയ്ക്കുന്നു,  ആളും തന്നെ കണ്ട് പരിചയം പോലുമില്ലാത്തത് പോലെയാണ് ഇടപെടൽ. അതൊരു കണക്കിന് നന്നായി എന്ന് തോന്നിയിരുന്നു.  തന്നോട് മാത്രം ഒന്നും സംസാരിക്കാതെ തന്നിൽ നിന്നും അകന്നിരുന്നുവെങ്കിൽ ഒരുപക്ഷേ തനിക്ക് അത് വേദന നിറച്ചേനെ..

ഒരാഴ്ച കാലം കൊണ്ട് തന്നെ കമ്പ്യൂട്ടറുമായി പെട്ടെന്ന് ഇണങ്ങിയിരുന്നു.  ഒരുമാസം നീണ്ടുനിൽക്കുന്ന ആ ക്ലാസിനിടയിൽ ആളെ ഒരിക്കൽപോലും പ്രത്യേകമായി നോക്കിയില്ല. മനപ്പൂർവം കാണാതിരിക്കാനാണ് ശ്രമിച്ചത്.  ബാക്കി എല്ലാവരും ആയും ആള് നല്ല കമ്പനി ആയിരുന്നു.  എല്ലാവർക്കും ആളെപ്പറ്റി പറയാൻ വലിയ ഉത്സാഹമാണ്.  പെൺകുട്ടികൾക്ക് കൂടുതലും.  പലരും ആളെക്കുറിച്ച് ഓരോന്ന് പറയുകയും ആളെ നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ മാത്രം ഉള്ളിലേക്ക് ഒരല്പം അസൂയയും കുശുമ്പും ഒക്കെ വരുന്നത് ശ്രദ്ധിച്ചിരുന്നു.  തന്റെ അരികിൽ വന്ന് നിന്ന് എന്തെങ്കിലും പറയുമ്പോൾ തന്റെ മുഖത്തോട് ചേർന്ന് കമ്പ്യൂട്ടറിലേക്ക് നോക്കുമ്പോൾ ഒക്കെ വയറിലേക്ക് എന്തോ ഒരു അഗ്നിഗോളം വീഴുന്നത് പോലെയുള്ള ഫീലാണ് തോന്നുന്നത്.... പെട്ടെന്ന് ശരീരം വിറയ്ക്കാൻ  തുടങ്ങും. അതുവരെ ഇല്ലാത്ത ആവലാതിയും വെപ്രാളവും തന്നെ വന്നു കൂടും..  ഇതിനിടയിൽ ഒരിക്കൽപോലും ആളോട് അങ്ങോട്ട് സംസാരിക്കാനും ശ്രമിച്ചിരുന്നില്ല..  സംശയങ്ങൾ ഉണ്ടെങ്കിൽ പോലും ചോദിക്കാതിരിക്കും.. തന്റെ സംശയങ്ങൾ പലപ്പോഴും ദീപയെ കൊണ്ടായിരുന്നു ചോദിപ്പിച്ചിരുന്നത്... തന്റെ ഈ ഒരു രീതി വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് അവളും പറഞ്ഞിരുന്നു... സന്തോഷത്തോടെയല്ല ഈ പ്രവർത്തികൾ ഒക്കെ ചെയ്യുന്നത്.  ഉള്ളിനുള്ളിൽ നോവുന്നുണ്ട്,  അത്രയും അരികിൽ ആ സാന്നിധ്യം ഉണ്ടായിട്ടും ഒന്ന് മിണ്ടാനോ മനസ്സ് തുറക്കാനോ സാധിക്കാത്തത് ഒരു വേദന തന്നെയായിരുന്നു.. ഓരോവട്ടം കാണുമ്പോഴും മനസ്സ് തന്നോട് പറഞ്ഞു തന്നത് പണ്ടത്തെതിനേക്കാൾ തീവ്രമായി തന്റെ ഉള്ളിൽ ആളുണ്ട് എന്ന് തന്നെയാണ്. എത്ര മറക്കാൻ നോക്കിയിട്ടും മായിക്കാൻ സാധിക്കാത്ത ഒരു ചിത്രമായി അതിങ്ങനെ മനസ്സിൽ അവശേഷിക്കുന്നു...  ഒരു മാസക്കാലത്തോളം ആളെ എന്നും കണ്ടതുകൊണ്ട് തന്നെ വീണ്ടും ആ ചിത്രത്തിന് മിഴിവേവുകയായിരുന്നു ചെയ്തത്.   ഒരു ദിവസം കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അരികിൽ വന്ന് കമ്പ്യൂട്ടറിലേക്ക് ശ്രദ്ധിക്കുന്നത് പോലെ അല്പം കുനിഞ്ഞു നിന്ന് തന്നോടായി സംസാരിച്ചത്...

"  എല്ലാവർക്കും സംശയങ്ങൾ ഉണ്ട് എല്ലാവരും അത് ചോദിച്ച് ക്ലിയർ ചെയ്യുകയും ചെയ്യുന്നുണ്ട്.  താൻ മാത്രം ഒന്നും ചോദിക്കുന്നില്ല,  പറയുന്നുമില്ല,  സംശയങ്ങളൊന്നും ഇല്ലാതിരുന്നിട്ടോ അതോ ശ്രദ്ധ ഇവിടെ അല്ലാതിരുന്നിട്ടോ..?

ഗൗരവത്തോടെ ആൾ ചോദിക്കുന്നുണ്ട്. അപ്പോഴേക്കും നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങിയിരുന്നു.  കാരണം ആളുടെ കവിളും തന്റെ കവിളും തമ്മിൽ ഒരു വിരൽ ദൂരം മാത്രമേ ഉള്ളൂ, അത്രയും അരികിലാണ്.  ആള് കുനിഞ്ഞു  ആണ് നിൽക്കുന്നത്. കയ്യിൽ നിന്നും മൗസ് തട്ടിയെടുത്ത് എന്തൊക്കെയോ കമ്പ്യൂട്ടറിൽ ചെയ്യുന്നുണ്ട്. ആരെങ്കിലും നോക്കിയാൽ തനിക്ക് എന്തെങ്കിലും സംശയം വന്നത് പറഞ്ഞു തരികയാണ് എന്ന് തോന്നും.

" എന്റെ സംശയങ്ങളൊക്കെ ഞാൻ ക്ലിയർ ചെയ്യുന്നുണ്ട്,  എനിക്ക് ക്ലാസിൽ ശ്രദ്ധിക്കാതിരിക്കാനും മാത്രമുള്ള ഒരു പ്രശ്നങ്ങളും നിലവിലില്ല..!

അത്രയും മാത്രം അല്പം വീറോടെ തന്നെ പറഞ്ഞു. ആളുടെ മുഖത്ത് ഒരു അത്ഭുതം നിറയുന്നതും തന്നെ കൂർപ്പിച്ചു  നോക്കുന്നതും കണ്ടിരുന്നു... പിന്നെ തനിക്ക് ചെറിയൊരു പുഞ്ചിരി നൽകി.  താൻ അതിന് മറുപടിയായി ഒരു നോട്ടം പോലും നൽകിയില്ല.  അതോടെ ആൾ തന്റെ അരികിൽ നിന്നും മാറിയിരുന്നു...

ഒരു മാസത്തെ ക്ലാസ്സ് കഴിയുന്നതുകൊണ്ടു തന്നെ അവിടെ പഠിച്ചിരുന്ന എല്ലാവർക്കും ചെറിയ രീതിയിലുള്ള ഒരു സെന്റ് ഓഫ് അവിടെ നിന്നും അറേഞ്ച് ചെയ്തിരുന്നു.ചെറിയൊരു ഫംഗ്ഷൻ പോലെ.  15- 20 കുട്ടികൾ ഉണ്ടായിരുന്നു പഠിക്കാൻ, അതിൽ എന്തെങ്കിലും കഴിവുകൾ ഉള്ളവരൊക്കെ അവരുടെ കഴിവുകൾ അന്നത്തെ ദിവസം പ്രദർശിപ്പിക്കണം എന്നതായിരുന്നു,  മാത്രമല്ല ആളും ഈ ഒരു മാസം മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളൂ.  അതുകൊണ്ട് തന്നെ ആൾക്കും ഒരു വിടപറച്ചിൽ നൽകുകയാണ്.  താനും ഒപ്പം ഉണ്ടായിരുന്ന ഒരു ആൺകുട്ടിയും ഒരുമിച്ച് ഒരു ഗാനം പാടാമെന്ന് തീരുമാനിച്ചിരുന്നു,  കുട്ടികൾ തന്നെയായിരുന്നു പരിപാടികളൊക്കെ തന്നെ കോഡിനേറ്റ് ചെയ്തത്.. ഗാനം തിരഞ്ഞെടുക്കാൻ ആ കുട്ടി തന്നെയാണ് തന്നെ ഏൽപ്പിച്ചത്.  ആളുകൂടി കേൾക്കുന്നത് കൊണ്ട് അത്രയും ഹൃദയത്തിൽ തൊടുന്ന ഒരു ഗാനം തന്നെ തിരഞ്ഞെടുക്കണമെന്ന് താൻ തീരുമാനിച്ചു.  അന്ന് അത്രയും ഹിറ്റായി നിന്ന ഒരു ഗാനം തന്നെയാണ് അതിനു വേണ്ടി തിരഞ്ഞെടുത്തത്.  സ്റ്റേജിലേക്ക് കയറി പാട്ടുപാടിയ നിമിഷം മുഴുവൻ മനസ്സിൽ ആള് മാത്രമായിരുന്നു മനസ്സിൽ... എന്നാൽ ഒരു നോക്കു കൊണ്ടുപോലും ആളുടെ അടുത്തേക്ക് തന്റെ കണ്ണുകൾ മാറിയില്ല, 

🎶പുലർവേളപ്പൊൻ കിനാവിൻ നക്ഷത്രദ്വീപിലൊന്നിൽ
നാം കണ്ടതെന്നാദ്യമായ്…?
പൂങ്കാറ്റിൽ തെങ്ങി നീങ്ങും  മേഘത്തിൻ കമ്പളത്തിൽ
ഒരുമിച്ചു സഞ്ചാരമായ്
സ്നേഹത്തിൻ ഏകാന്ത തീരം തേടി…

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം
നീമാത്രം കേൾക്കുന്നൊരീണം പോലെ

നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം
ഇന്നോളം കേൾക്കാത്ത രാഗം പോലെ🎶🎶


പക്ഷേ താൻ പാട്ട്  പാടി കഴിയുന്നതുവരെ ആളുടെ നോട്ടം തന്റെ മുഖത്ത് തന്നെയായിരുന്നു.. ആ ഗാനത്തിലെ വരികൾ പോലെ 🎶നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം
ഇന്നോളം കേൾക്കാത്ത രാഗം പോലെ🎶 എന്ന് ആൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ഉള്ളിൽ മോഹിച്ചു പോയി... താൻ അത്രയും ഹൃദയം അറിഞ്ഞാണ് ആ ഗാനം പാടിയത് എന്ന് ആൾക്കും തോന്നിയിട്ടുണ്ടാവും.

അന്ന് പരിപാടി കഴിഞ്ഞപ്പോൾ രണ്ടുമൂന്നു വട്ടം ആൾ തന്റെ അരികിൽ വന്ന് നിൽക്കുന്നത് പോലെ തോന്നിയിരുന്നു.  തന്നോട് എന്തെങ്കിലും സംസാരിക്കാനോ മറ്റോ ആയിരിക്കുമെന്ന് തോന്നി.  അതുകൊണ്ട് തന്നെ മനപ്പൂർവ്വം അവഗണിച്ച് ആൾ തന്റെ അരികിൽ വരുമ്പോഴെല്ലാം ദീപയെയും കൂട്ടി മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങി നിൽക്കും. ഇത് രണ്ടുമൂന്നുവട്ടം ആവർത്തിച്ചപ്പോൾ താൻ ഒഴിവാക്കുകയാണ് എന്ന് ആൾക്ക് മനസ്സിലായിട്ടുണ്ട്.  അതുകൊണ്ടു തന്നെ ആ ഉദ്യമം ആൾ ഉപേക്ഷിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞു വീണ്ടും പിന്നാലെ പോകാതെ തന്നെ തിരസ്കരിച്ചത് പോലെ തന്നെ മധുരമായ ആളെയും താൻ തിരസ്കരിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ ഒക്കെ ചെയ്തത്.  ആളോടുള്ള സ്നേഹം ഒരു കുന്നോളം ഉള്ളിലുണ്ട്. പക്ഷേ തന്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടും ആൾ തന്നെ അവഗണിച്ചതൊക്കെ ഓർക്കുമ്പോൾ ഒരുതരം വാശിയാണ്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story