ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 34

രചന: റിൻസി പ്രിൻസ്‌

കാണുമ്പോഴാണ് ഓർമ്മകൾ ഇരച്ച് ഉള്ളിലേക്ക് എത്തുന്നത്. എങ്കിലും ആളെ ഓർക്കാത്ത ഒരു ദിവസം പോലും തന്നിൽ കടന്നു പോയിട്ടില്ല എന്നതാണ് സത്യം.  ഉറങ്ങുന്നതിനു മുൻപ് എന്നും ആളെ കുറിച്ച് ഓർക്കും..  ആളെ ഓർത്താണ് ഉറങ്ങുന്നത് പോലും..  എത്ര വിചിത്രമാണ് ഈ ലോകം നമ്മൾ ഒരാളെ ഓർത്ത് ഉറങ്ങുന്നു,  അയാൾ ചിലപ്പോൾ സ്വപ്നത്തിൽ പോലും നമ്മളെ ഓർക്കില്ല. എന്നെങ്കിലും നിന്റെ സ്വപ്നത്തിൽ ഞാൻ തെളിയുമോ..?  ആ ചോദ്യം എല്ലാ ദിവസവും അവളിൽ നിറഞ്ഞുനിൽക്കും..

വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തന്നെ പ്ലസ് ടു കാലഘട്ടം കഴിഞ്ഞ് കിട്ടിയിരുന്നു. എന്നാൽ പത്താം ക്ലാസിൽ ഉള്ളവരോട് തോന്നിയ ഇഴയടുപ്പമോ വേദനയോ ഒന്നും ആ സുഹൃത്തുക്കളെ പിരിയുമ്പോൾ തോന്നിയിരുന്നില്ല.. അത് എന്തുകൊണ്ടാണെന്ന് എത്ര ചിന്തിച്ചു നോക്കിയിട്ടും മനസ്സിലാക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല,
പത്താംക്ലാസിൽ പഠിച്ചവരുമായി ഇപ്പോഴും ബന്ധം ഒക്കെയുണ്ട്.  അമ്മയുടെ ഫോണിൽ നിന്നും ഇടയ്ക്ക് മഞ്ജുവിനെയും അനിറ്റയെയും ഒക്കെ വിളിക്കാറുണ്ട്.  മഞ്ജിമയും കൊമേഴ്സ് ആയിരുന്നു എടുത്തത്. അതുകൊണ്ടു തന്നെ അവൾ ഡിഗ്രിക്ക് ചേരുകയാണ് എന്ന് പറഞ്ഞിരുന്നു. അനീറ്റ ബയോളജി തന്നെയായിരുന്നു നേഴ്സിങ്ങിന് പോകാനാണ് എന്ന് പറഞ്ഞു.

അങ്ങനെയിരിക്കയാണ് അമ്മച്ചിയോട് ജോലിചെയ്യുന്ന വീട്ടിലെ രണ്ടുമൂന്നു പേര് എന്നെയും നഴ്സിങ്ങിന് വിടാൻ പറഞ്ഞത്..  കുഴപ്പമില്ലാത്ത രീതിയിൽ 80% മാർക്കോട് തന്നെ പ്ലസ് ടു ജയിച്ചു...  ഉടനെ തന്നെ അമ്മച്ചി നഴ്സിങ്ങിന്റെ കാര്യം പറയുകയും ചെയ്തിരുന്നു,  ആ സമയത്ത് മനസ്സ് വല്ലാതെ ആയിരുന്നു. ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു മേഖലയാണ്. താല്പര്യമില്ലാത്ത ഒരു മേഖലയിലേക്ക് പറിച്ചു നടുമ്പോൾ എന്തായിരിക്കും തോന്നുക എന്നൊരു ചിന്ത മനസ്സിൽ തോന്നി. അമ്മച്ചിയുടെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ എതിർത്ത് പറയാനും വയ്യ.  എങ്കിലും എന്തും വരട്ടെ എന്ന് കരുതി അമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,

"   അമ്മച്ചി സത്യം പറഞ്ഞാൽ എനിക്ക് നേഴ്സിങ് ഇഷ്ടമല്ല.  അമ്മച്ചിക്ക് അറിയാലോ എനിക്ക് എന്റെ പിരീഡ്സിന്റെ ബ്ലഡ് കാണുമ്പോൾ പോലും വല്ലാത്ത  പേടിയോക്കെ വരും അങ്ങനെയുള്ള ഞാൻ മറ്റുള്ളവരുടെ ചോരയൊക്കെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല..

അമ്മച്ചി വഴക്ക് പറയും എന്നാണ് പ്രതീക്ഷിച്ചത്,  എങ്കിലും പെട്ടെന്ന് മുഖത്തേക്ക് കുറച്ചുസമയം നോക്കിയിരുന്നതിനു ശേഷം ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു..

" നേഴ്സിങ് അല്ലാതെ പിന്നെ എന്തിനു പോകാനാ? അതാവുമ്പോൾ പെട്ടെന്ന് ജോലി കിട്ടും. ഈ വീട് പണയം വെച്ച് വേണമെങ്കിലും നിന്നെ പഠിപ്പിക്കാം,  ലോൺ ഒക്കെ കിട്ടുമെന്ന് ആണ് എല്ലാരും പറയുന്നത്, അതാവുമ്പോൾ പേടിക്കാൻ ഒന്നുമില്ലല്ലോ,  പഠിച്ചിറങ്ങിയ ഉടനെ ജോലിയും കിട്ടും...  വേറെന്തെങ്കിലും പോയ ജോലിയൊക്കെ കിട്ടാൻ എന്ത് ബുദ്ധിമുട്ട് ആണ്... മാത്രമല്ല നീ മനസ്സിലെന്താ ഉദ്ദേശിച്ചു വച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല, അത്രയൊക്കെ പഠിപ്പിക്കാനുള്ള പണം എന്റെ കയ്യിൽ ഇല്ല....

"  അമ്മച്ചിക്ക് വലിയ ബുദ്ധിമുട്ടുള്ള ഒന്നുമല്ല ഞാൻ മനസ്സിൽ ഓർത്തു വച്ചിരിക്കുന്നത്, എനിക്ക് ബികോമിന് പോകണം അതുകഴിഞ്ഞ്, ഞാൻ എംകോം എടുത്തോളാം. എം കോം കഴിഞ്ഞാൽ എനിക്ക് എവിടെയെങ്കിലും ബാങ്കിൽ നല്ലൊരു ജോലി കിട്ടും, അഞ്ചു ലക്ഷം രൂപ നഴ്‌സിങ്ങിന് ചെലവാക്കുന്നതിന്റെ പകുതി പോലും ആവില്ല ഡിഗ്രി പഠിക്കാൻ,  ഞാൻ നന്നായിട്ട് പഠിച്ചോളാം, എനിക്ക് നല്ലൊരു ജോലി കിട്ടും.  ഞാൻ പറയുന്നത് അമ്മച്ചി വിശ്വസിക്ക്, ഇഷ്ടമല്ലാത്ത മേഖലയിലേക്ക് പോയാൽ നമ്മൾ ചെയ്യുന്ന ജോലിയോടും ആ ഒരു ഇഷ്ടക്കുറവ് കാണിക്കും. അതുകൊണ്ട് ആണ്...

ഞാൻ പറഞ്ഞപ്പോൾ കുറെ സമയം അമ്മച്ചി ഒന്നും മിണ്ടിയില്ല,  അതുകഴിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു...

"  നിനക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ അത് പഠിച്ചാൽ മതി.... എനിക്ക് ഇതിനെപ്പറ്റി ഒന്നും വലിയ അറിവില്ല, അതുകൊണ്ട് എന്ത് പറയണം എന്ന് അറിയില്ല..

അമ്മച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായിരുന്നു തോന്നിയത്, അമ്മച്ചിയെ പോലൊരാളിൽ നിന്നും ഒരിക്കലും അങ്ങനെ ഒരു വാക്ക് പ്രതീക്ഷിച്ചിരുന്നില്ല. " വീടിന്റെ ബുദ്ധിമുട്ടൊക്കെ നിനക്കറിയില്ലേ നേഴ്സിങ് പഠിച്ചു ജീവിതം കരകയറ്റാൻ നോക്ക്"  എന്ന് പറയും എന്നാണ് പ്രതീക്ഷിച്ചത്.  പക്ഷേ എന്റെ ഇഷ്ടത്തിന് അമ്മച്ചി പ്രാധാന്യം നൽകിയെന്നറിഞ്ഞപ്പോൾ ആ നിമിഷം തന്നെ ഉള്ളിൽ ഒരു വല്ലാത്ത സന്തോഷവും അതോടൊപ്പം അമ്മച്ചിയോട് ഒരു പ്രത്യേക ബഹുമാനവും ഉടലെടുത്തിരുന്നു..   കുട്ടിക്കാലം മുതൽ തന്നെ അമ്മച്ചിയുടെ അവസ്ഥകളൊക്കെ അറിഞ്ഞാണ് വളർന്നിട്ടുള്ളത്.  അമ്മച്ചിക്കും അറിയാം,  അതുകൊണ്ടായിരിക്കാം ഒരുപക്ഷേ തന്റെ ഇഷ്ടത്തിന് ഒരു എതിരും പറയാതിരുന്നത്.  പക്ഷേ പ്രതിസന്ധികൾ തുടങ്ങിയത് പിന്നീടായിരുന്നു...

മാർക്കുണ്ടെങ്കിലും കോളേജുകളിലൊക്കെ അഡ്മിഷൻ കിട്ടണമെങ്കിൽ മാനേജ്മെന്റ് കോട്ടയിൽ ചെറുതെങ്കിലും ഒരു പണം നൽകണം, അലോട്ട്മെന്റിലൂടെ കിട്ടിയെന്ന് പറഞ്ഞാലും പിടിഎ ഫണ്ടും മറ്റുമായി ഒരു തുക നൽകണമായിരുന്നു. അതിനായി നീക്കിയിരുപ്പൊന്നും അമ്മച്ചിയുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്നില്ല.  അമ്മച്ചിയുടെ ആങ്ങളയുടെ അരികിൽ ചെന്ന് പണത്തിനു വേണ്ടി,  അപ്പോൾ അദ്ദേഹം പറഞ്ഞ വാക്ക്

" എന്തൊരു അഹങ്കാരമാണ് ഇവൾക്ക്, ഡിഗ്രി പഠിച്ചാൽ ഉടനെ ബാങ്കുദ്യോഗസ്ഥ ആകുമെന്നാണോ നീ വിചാരിച്ചിരിക്കുന്നത്,  ഡിഗ്രി കഴിഞ്ഞവർ എത്ര പേരാ ഈ നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്നത്,  ഇവിടെ വിചാരം എന്താ ബികോം പഠിച്ചു കഴിഞ്ഞാൽ ഉടനെ ബാങ്ക് ജോലി കിട്ടുമെന്നോ..? ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല,  നീ നിന്റെ മോളുടെ വാക്ക് കേട്ട് തുള്ളരുത്,   ഞാൻ പറയുന്നത് നേഴ്സിങ് പഠിച്ചു ഗൾഫിലോ വല്ലോം പോവുകയാണെങ്കിൽ നാലോ അഞ്ചോ വർഷം കൊണ്ട് കടവും വീട്ടി ആ ചെറുക്കനെയും എന്തെങ്കിലും പഠിപ്പിക്കാനുള്ള മാർഗ്ഗം ഇവൾക്ക് കിട്ടും, നിന്റെ അമ്മയുടെ കഷ്ടപ്പാട് ഒക്കെ നീ അറിഞ്ഞു വളർന്നതല്ലേ.? എന്നിട്ടും നിനക്ക് എങ്ങനെയാ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത്. നീ നേഴ്സിങ് പഠിച്ചാൽ മതി...

അമ്മാച്ചൻ അങ്ങനെ തീർത്തു പറഞ്ഞതോടെ ആ സഹായവും കിട്ടില്ലന്ന് തോന്നിയിരുന്നു.  പലവട്ടമായി പെൻഷനിൽ നിന്ന് കൂട്ടിയ പണത്തിൽ ഒരാറായിരം രൂപ അമ്മച്ചിയുടെ കയ്യിലേക്ക് വല്യമ്മച്ചി വെച്ച് കൊടുത്തപ്പോൾ അത് കണ്ടു കുറ്റബോധം തോന്നിയാവും 2000 രൂപ അമ്മാച്ചനും കൊടുത്തിരുന്നു.  അങ്ങനെ 8000 രൂപയാണ് പഠനത്തിനു വേണ്ടി അമ്മയുടെ വീട്ടിൽ നിന്നും അന്ന് കിട്ടിയത്.  ഞങ്ങളെ കാറിൽ കൊണ്ടുവന്ന് ബസ്റ്റോപ്പിൽ വിടുമ്പോൾ അമ്മച്ചിയ്ക്ക് കാർ തുറക്കാൻ അറിയാതത്തിന്റെ പേരിൽ അമ്മച്ചിയെ അമ്മാച്ചൻ ശകാരിക്കുകയും ചെയ്തിരുന്നു.  അന്ന് അമ്മാച്ചന്റെ മുൻപിൽ വിളറി വെളുത്തു നിൽക്കുന്ന അമ്മച്ചിയുടെ മുഖം ഹൃദയത്തിൽ തന്നെയാണ് പതിഞ്ഞത്.

"  ഇതിലൊന്നും പിടിക്കാൻ അറിയില്ലെങ്കിൽ തുറക്കാൻ നിൽക്കേണ്ടായിരുന്നല്ലോ നീ, ഞാൻ വന്ന് തുറന്നു തന്നേനല്ലോ,  ഇതിപ്പോൾ ഇനി ഇത് ശരിയാക്കാൻ എത്ര രൂപയാകും എന്നറിയോ..?

നീരസം മറച്ചുവയ്ക്കാതെ അമ്മാച്ചൻ പറഞ്ഞപ്പോൾ അത് കേടായോ എന്ന ഭയമായിരുന്നു അമ്മച്ചിയുടെ മുഖത്ത്,

ജോലിക്ക് നിൽക്കുന്ന രണ്ടു മൂന്നു വീടുകളിൽ നിന്നായി ആയിരവും 2000വും വെച്ച് അമ്മച്ചി കടം വാങ്ങിയിരുന്നു. എല്ലാം കൂടി ഒരു പത്തിരുപതിനായിരം രൂപ അമ്മച്ചി എന്റെ പഠനത്തിനു വേണ്ടി കണ്ടെത്തിയിരുന്നു.  പിടിഎ ഫ്രണ്ടും പുസ്തകങ്ങളുടെ ചിലവും യൂണിഫോമും വണ്ടിക്കൂലിയും ഒക്കെ ഇതിൽ വേണം ഇനി മാറ്റിവയ്ക്കാൻ. ആ സമയം ഇഷ്ടത്തേക്കാൾ കൂടുതൽ അമ്മച്ചിയോട് തോന്നിയത് ബഹുമാനമായിരുന്നു.  അപ്പൻ മരിച്ച് രണ്ടു മക്കളെ തന്നാൽ ആവുന്ന വിധം കുറവുകൾ അറിയിക്കാതെ വളർത്തി അവർക്ക് ഇഷ്ടമുള്ള ഫീൽഡ് തിരഞ്ഞെടുക്കാൻ അനുവാദം നൽകിയ അമ്മച്ചിയോട് വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു. ഇഷ്ടമുള്ള കാര്യം ഏതെന്ന് പോലും മനസ്സിലാക്കാതെ അവരെ എന്തിനെങ്കിലും തള്ളി വിടുന്ന മാതാപിതാക്കൾക്ക് മുൻപിൽ എന്റെ അമ്മച്ചി ഒരു മാതൃകയാണെന്ന് ആ നിമിഷം തോന്നിയിരുന്നു. ജെസി ആന്റിയും എന്റെ പഠനത്തിനുവേണ്ടി അമ്മച്ചിക്ക് 5000 രൂപ കൊടുത്തു,  ആ പൈസ തിരികെ വേണ്ട എന്നും പറഞ്ഞു,  എന്തുകൊണ്ടോ ആ സഹായം മാത്രം എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.  അതുകൊണ്ടു തന്നെ അമ്മയോട് പറഞ്ഞു ആ പണം എനിക്ക് വേണ്ട എന്നും വീട്ടിലെ എന്തെങ്കിലുമൊരു ആവിശ്യത്തിന് വേണ്ടി എടുത്തുകൊള്ളാനും പറഞ്ഞു... അതിന്റെ കാരണം എന്താണെന്ന് പലവുരു  അമ്മച്ചി ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല,  അധികം വൈകാതെ തന്നെ  നല്ലൊരു കോളേജിൽ ബികോമിന് അഡ്മിഷൻ കിട്ടി.  ബികോം കമ്പ്യൂട്ടറാണ് എടുത്തത്   ജീവിതത്തിലെ ആദ്യത്തെ സ്വപ്നം സാക്ഷാൽകരിച്ചത് പോലെ തോന്നി...  പുറകെ ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് വിശ്വാസം ഉള്ളിൽ ആ നിമിഷം ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും ആ ഒരുവൻ ഒരു വിങ്ങലായ് ഉള്ളിൽ കിടന്നു...! എത്ര സ്നേഹവസന്തങ്ങൾ കാത്തിരിക്കണം ഞാൻ നിന്റെ പ്രണയചെണ്ടിനായി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story