ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 36

രചന: റിൻസി പ്രിൻസ്‌

ഉള്ളിന്റെയുള്ളിൽ എന്നും ഒരു നോവു മാത്രം, "സാം" അതിങ്ങനെയെന്നും ചുട്ടുപൊള്ളിക്കുന്നുണ്ട് തന്നെ.  അല്ലെങ്കിലും എന്തെങ്കിലും ഒരു വേദന ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതത്തിന് എന്ത് ത്രില്ലാണുള്ളത്.? കോളിംഗ് ശബ്ദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും ശ്വേതയ്ക്ക് മുക്തി ലഭിച്ചത്..

പെട്ടെന്ന് തന്നെ വർത്തമാനകാലത്തിലേക്ക് തിരിച്ചെത്തി... ശേഷം ഓടിപ്പോയി വാതിൽ തുറന്നപ്പോൾ രണ്ടുപേരും തന്നെ തന്നെ നോക്കി നിൽക്കുകയാണ്,  മനസ്സിലാവാതെ അനാമികയുടെയും ജെനിയുടെയും മുഖത്തേക്ക്   നോക്കി.

"  നീ എന്തെടുക്കുവായിരുന്നു..?  എത്ര നേരായി വിളിക്കാൻ തുടങ്ങിയിട്ട്...

മറുപടി പറഞ്ഞത് ജനിച്ചേച്ചി ആയിരുന്നു...  അപ്പോഴാണ് ഭൂതകാലത്തിലേക്ക് താൻ യാത്ര പോയിരുന്നതിന്റെ ദൈർഘ്യം മനസ്സിലായത്.

" ഞാൻ ഉറക്കമായിരുന്നു ചേച്ചി കേട്ടില്ല...

"  എങ്കിലും ഇങ്ങനെ ഒരു ഉറക്കം ഉണ്ടോ...? എത്രവട്ടം ബെല്ലടിച്ചു,  ഒരുവട്ടം കൂടി വിളിച്ചിട്ട് കിട്ടിയില്ലങ്കിൽ ഫോണിൽ വിളിക്കാൻ തുടങ്ങിയിരുന്നു ഞങ്ങൾ...

പറഞ്ഞപ്പോൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു...

" നിനക്കെന്താ കൊച്ചേ പറ്റിയത്...?

ജനിച്ചേച്ചി തോളിൽ തട്ടി ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ വീണ്ടും ബാൽക്കണിയിലേക്ക് പോയിരുന്നു...

"   അടുത്തമാസം നീ എങ്ങനെയാ...?  ഞാൻ ഏതായാലും  ജോലിക്ക് റിസൈൻ കൊടുത്തു. ഇനിയിപ്പോൾ അടുത്തമാസത്തേക്ക് എനിക്ക് പോകാൻ പറ്റും,

ജനിച്ചേച്ചി കാനഡയിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് പോവുകയാണ്.. ഇനി അവിടെ ചെന്ന് ജോലി നോക്കാനാണ് പ്ലാൻ,  അനുവിന്റെയും കല്യാണമാണ്..  അതുകൊണ്ട് അടുത്തമാസം അവളും പോകും..  പിന്നെ ഈ ഫ്ലാറ്റിൽ താൻ മാത്രമേയുള്ളൂ,  ഒറ്റയ്ക്ക് റെന്റ് കൊടുക്കുന്നതൊന്നും തന്നെ കൊണ്ട് മുതലാകുന്ന കാര്യമല്ല..  പിന്നെയുള്ള ഒരു മാർഗ്ഗം നേരെ ഓഫീസിന്റെ ഫ്ലാറ്റിലേക്ക് മാറുക എന്നതാണ്, അവിടെ ആകെയുള്ള ഒരു പ്രശ്നം എന്നത് എല്ലാവരും താമസം മിക്സഡ് ആയിട്ടാണ്.  ചിലപ്പോൾ ഓഫീസിൽ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും ഒരു ഫ്ലാറ്റിൽ ആയിരിക്കും താമസിക്കുന്നത്.  ബാംഗ്ലൂരിൽ അത് വളരെ കോമൺ ആയതുകൊണ്ട് തന്നെ അത് ബുദ്ധിമുട്ടാണെന്ന് കമ്പനിയിൽ പറയാനും പറ്റില്ല,  അല്ലെങ്കിൽ തന്നെ അതിൽ എന്ത് ബുദ്ധിമുട്ട്.? നമ്മളെ സൂക്ഷിക്കാൻ നമുക്കറിയാമെങ്കിൽ പിന്നെന്തിനാണ് അതൊക്കെ ഒരു ബുദ്ധിമുട്ടായി കരുതുന്നത്.. ഒരേ സമയം തന്നെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ വന്നു തുടങ്ങി,

"  ഞാന് കമ്പനി ഫ്ലാറ്റിലേക്ക് മാറും..  അല്ലാതെ എന്ത് ചെയ്യാനാ,

ശ്വേത പറഞ്ഞു...

"അങ്ങനെയാണെങ്കിൽ എന്റെ കൂടെ ജോലി ചെയ്യുന്ന ബിൻസി ഇല്ലേ,  അവളുടെ ഹസ്ബൻഡ് കുഞ്ഞിനെയും കൂട്ടി ഇവിടെക്ക്  കൊണ്ടുവരാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.  പുള്ളിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി ശരിയാക്കി കൊടുത്താൽ അവർക്ക്  ഒരുമിച്ചു താമസിക്കാല്ലോ... അവൾ എന്നോട് ചോദിച്ചു ഈ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കിൽ അവൾക്ക് കൊടുക്കുമോന്ന്, ഞാൻ നിങ്ങളോട് രണ്ടുപേരോടും അഭിപ്രായം ചോദിച്ചിട്ട് പറയാം എന്ന് കരുതി...

"  ഞാൻ ഏതായാലും മറ്റേന്നാള് തന്നെ റിസൈൻ എല്ലാം ശരിയാക്കി പോവാ,  അവിടെ ഞാൻ ചെന്നിട്ട്  വേണം കല്യാണം വിളി ഒക്കെ തുടങ്ങാൻ , നിങ്ങളോട് രണ്ടുപേരോടും ഇനി പ്രത്യേകം പറയേണ്ടല്ലോ,  അച്ഛൻ ഇല്ലാത്തോണ്ട് എല്ലാ കാര്യങ്ങൾക്കും ഓടാൻ ഞാനും ഏട്ടനും മാത്രമേ ഉള്ളൂ...

അനാമിക തന്റെ അവസ്ഥ പറഞ്ഞു...

" എനിക്ക് എന്റെ വേറൊരു ഫ്രണ്ടിന്റെ കല്യാണം കൂടിയുണ്ട് ആ ആഴ്ചയില്, അതുകൊണ്ട് ഞാൻ ഒരു പത്തിരുപത് ദിവസത്തെ ലീവ് എടുക്കാന്നാ വിചാരിക്കുന്നത്, മടുത്തു ഈ ലൈഫ് എന്നും തിരക്ക് തന്നെ,  കുറച്ചുദിവസം വീട്ടിൽ പോയി നിൽക്കാൻ ഒരു കൊതി എനിക്ക്..  ഒരുപാട് ലീവ് ബാക്കിയുണ്ട് ഞാൻ അങ്ങനെ ലീവ് എടുത്തിട്ടില്ലല്ലോ,  അതുകൊണ്ട് നിങ്ങളൊക്കെ പോവാണെങ്കിൽ ഞാനും പെട്ടി പായ്ക്ക് ചെയ്യണം എന്നാണ് വിചാരിക്കുന്നത്,

ശ്വേത പറഞ്ഞു...

" എങ്കിൽ പിന്നെ നിങ്ങൾ രണ്ടുപേരും എന്റെ കൂടെ പോരെ,  പാലക്കാട് ഇറങ്ങി ഒരു ദിവസം എന്റെ വീട്ടിൽ നിന്നിട്ട് തിരിച്ചുപോയ പോരെ...

അനാമിക ചോദിച്ചു....

"ഞങ്ങൾ രണ്ടുപേരും നിന്റെ കല്യാണത്തിന് രണ്ടു ദിവസം മുന്നേ തന്നെ അവിടെ എത്തിയിരിക്കും, അല്ലെ ചേച്ചി..

ശ്വേത ചോദിച്ചപ്പോൾ ജെനി അതെ എന്ന് അർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചിരുന്നു...

"  ഞാനപ്പോൾ ബിൻസിയോട് ഒക്കെ പറഞ്ഞേക്കട്ടെ...

രണ്ടുപേരോടുമായി ജെനി ചോദിച്ചപ്പോൾ ശ്വേതയും അനാമികയും അതിന് സമ്മതിച്ചിരുന്നു. പിന്നീട് എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് മാറി,  ശ്വേതയ്ക്ക് മാത്രം ഗ്രഹാതുരത്വം പകരുന്ന അനുഭൂതിയായിരുന്നു...
മനസ്സ് പെട്ടെന്ന് കുറെ കാലങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചത് പോലെ... പെട്ടെന്ന് മൊബൈൽ ഫോൺ എടുത്ത് യൂട്യൂബ് ഓണാക്കി...  ആ ഒരുതനെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും കേൾക്കാൻ ആഗ്രഹമുള്ള ആ പാട്ട് യൂട്യൂബിന്റെ സെർച്ചിങ് അടിച്ചു കൊടുത്തു,പിന്നെ അതിങ്ങനെ കേട്ടുകൊണ്ടിരുന്നു..


🎶എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം
നീമാത്രം കേൾക്കുന്നൊരീണം പോല
നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം
ഇന്നോളം കേൾക്കാത്ത രാഗം പോലെ.. 🎶

വൈകിട്ട് ബ്രഡും ജാമും ഓംലെറ്റും ആയിരുന്നു, ബാച്ചിലർ ലൈഫിൽ ജീവിക്കുന്നവർക്ക് അത് തന്നെ സദ്യയാണ്,   പിറ്റേആഴ്ച  തന്നെ വീട്ടിലേക്ക് പോകാൻ വേണ്ടി എല്ലാവരും തീരുമാനിച്ചിരുന്നു.  ശ്വേത മനപ്പൂർവ്വം വീട്ടിൽ ആരെയും അറിയിച്ചില്ല.  സർപ്രൈസ് ആയി കയറി ചെല്ലുമ്പോൾ അമ്മച്ചിയുടെ മുഖത്തുള്ള സന്തോഷം കാണാൻ വേണ്ടി തന്നെ, പത്തിരുപത് ദിവസം  നിൽക്കാൻ  ആണ് പോകുന്നത്.  ആയതുകൊണ്ട് തന്നെ ബാംഗ്ലൂരിൽ നിന്നും അത്യാവശ്യം നല്ലൊരു ഷോപ്പിംഗ് തന്നെയാണ് നടത്തിയിരുന്നത്.   അമ്മച്ചിക്ക് കൂടുതൽ ഇഷ്ടം അടുക്കള സാധനങ്ങളോടാണ്. അതുകൊണ്ട് തന്നെ പുതിയ നൂതനമായ ഒരുപാട് സാധനങ്ങൾ അമ്മച്ചിക്ക് വേണ്ടി വാങ്ങി പാചകം എളുപ്പമാക്കാൻ.  വല്യമ്മച്ചിക്ക് ഇഷ്ടം കഴിക്കാനുള്ള എന്തെങ്കിലും ആണ്..  വലിയമ്മച്ചിക്ക് വേണ്ടി കഴിക്കാൻ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു,  സച്ചുവിനോട് എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ അവൻ അമ്മച്ചിയോട് പറയും അതുകൊണ്ട് ഒരു ഊഹം വെച്ച് അവൻ ഇഷ്ടപ്പെടുന്ന കുറേസാധനങ്ങൾ വാങ്ങി,  കൂട്ടത്തിൽ ഒരു സ്മാർട്ട് വാച്ചും..  സ്മാർട്ട് വാച്ച് വാങ്ങാൻ കയറിയപ്പോഴാണ് അതിന് തൊട്ടിപ്പുറത്ത് ഇരിക്കുന്ന മറ്റൊരു വാച്ചിൽ കണ്ണുടക്കിയത്,  സിൽവർ ചെയിനിലുള്ള ഒരു വാച്ച് ആണ്..  ഈ വാച്ച് കണ്ടപ്പോൾ വീണ്ടും ഓർമ്മകൾ പിന്നിലേക്ക് പോകുന്നു, ഇങ്ങനെ ഒരു വാച്ച് കെട്ടി കണ്ടിട്ടുള്ളത് ആളു മാത്രമാണ്... ആളെ കാണുമ്പോഴൊക്കെ ആ വീതിയേറിയ കയ്യിൽ നിറഞ്ഞു കിടക്കുന്ന ആ സിൽവർ വാച്ച് കണ്ണിലുടക്കിയിരുന്നു, എന്തോ ഒരു കൗതുകത്തിന് വെറുതെ അത് വാങ്ങി..  ചുമ്മാ സൂക്ഷിക്കാമല്ലോ,  ഏറെ ഇഷ്ടത്തോടെ അത് തന്റെ ബാഗിലേക്ക് വച്ചു..  അമ്മാമ്മച്ചിക്കും(അമ്മയുടെ അമ്മ )  മേടിച്ചു കുറച്ച് സാധനങ്ങൾ.. അമ്മച്ചിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല എങ്കിലും എന്തൊക്കെയോ കുറച്ച് സാധനങ്ങൾ വാങ്ങി. ഒപ്പം ഒരു സ്വർണ്ണ കമ്മലും, ഈ വട്ടത്തെ വരവിൽ ഒരു കാര്യം കൂടി വാങ്ങണമെന്ന് ഉറപ്പിച്ചതായിരുന്നു, ഒരു കാർ.  അതിന് ഓൺലൈൻ ആയി തന്നെ  ഡൗൺ പെയ്മെന്റ് ചെയ്തു. ബാക്കി ഈ എം ഐ ആയി കട്ട്‌ ചെയ്തോളും, നാട്ടിൽ ചെന്നതിനു ശേഷം അത് എടുത്ത് അമ്മച്ചി ഒന്ന് ഞെട്ടിക്കാം എന്നാണ് കരുതിയത്.  അതിനു വേണ്ടിയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാംഗ്ലൂറിൽ ഡ്രൈവിംഗ് പഠിച്ചത്. കുറച്ചുനാളുകളായി സച്ചു തന്നോട് പറയുന്ന ആവശ്യമാണ് ഒരു ബൈക്ക്, അവനിപ്പോൾ 18 വയസ്സാകാറാകുന്നു. ഇനിയിപ്പോൾ ഒരു വാഹനം അത്യാവശ്യമാണ്.  ബൈക്കിനെക്കാൾ സേഫ് കാർ ആണെന്ന് തോന്നിയത് കൊണ്ടാണ് കാർ തന്നെ വാങ്ങാമെന്ന് കരുതിയത്.  മാത്രമല്ല ഇപ്പോൾ നടക്കുന്ന ബൈക്ക് അപകടങ്ങളുടെ ഒക്കെ വിവരം പത്രത്തിലൂടെ അറിയുമ്പോൾ ഭയം തോന്നുകയാണ് ബൈക്ക് വാങ്ങി അവന് കൊടുക്കാൻ.

വീട്ടിലേക്ക് കയറി പോകുന്നിടത്ത് സ്റ്റെപ്പ് ഉള്ളതുകൊണ്ട് അമ്മച്ചിക്ക് മുട്ടുവേദനയുടെ പ്രശ്നമാണെന്ന് അറിഞ്ഞാൽ അപ്പുറത്തെ കോശി ചേട്ടന്റെ വീട്ടിൽ നിന്ന് രണ്ടു സെന്റ് സ്ഥലം കൂടി വാങ്ങി അവിടെ ഒരു റോഡ് പോലെ താനാക്കിയിരുന്നു,  അതുകൊണ്ട് ഇപ്പോൾ ഓട്ടോ വീട്ടിൽ ചെല്ലും.  ഒരു ഷീറ്റ് കെട്ടിയാൽ കാറും വീടിനുമുറ്റത്ത് തന്നെ ഇടാമെന്ന് അവൾ ഉറപ്പിച്ചിരുന്നു..  സ്വപ്നങ്ങൾ ഇങ്ങനെ ഒന്നൊന്നായി നേടിയെടുക്കുകയാണ്.

രണ്ടുദിവസം ട്രെയിനിൽ ഇരിക്കുവാൻ ഉള്ള ബുദ്ധിമുട്ട് ജനി ചേച്ചിയ്ക്ക് ഉള്ളതുകൊണ്ട് ഫ്ലൈറ്റിന് പോകാമെന്ന് നിർദ്ദേശം വെച്ചത് ജനി ചേച്ചി ആയിരുന്നു. അനാമിക അതിനു സമ്മതിച്ചുമില്ല.  ഫ്ലൈറ്റ് ചാർജ് കൊടുക്കുന്ന കാര്യം പിശുക്കി ആയ  അവൾക്ക് ചിന്തിക്കാൻ പോലും പറ്റില്ലയിരുന്നു. അവളെ കുറ്റം പറയാൻ പാടില്ല തന്നെ പോലെ തന്നെ ഒരുപാട് പ്രാരാബ്ധങ്ങളുമായി വന്നവളാണ്, പഠനം കൊണ്ട് മാത്രം രക്ഷപ്പെട്ടവൾ, ഒരു രൂപയുടെ മൂല്യം നന്നായി അറിയാവുന്നവൾ. അതുകൊണ്ട് പകുതി പൈസ ഞാനും ചേച്ചിയും കൊടുക്കാമെന്നും ബാക്കി പകുതി മാത്രം അവൾ ഇട്ടാൽ മതിയെന്നും ഞങ്ങൾ പറഞ്ഞു, അതോടെ അവൾ സമ്മതിച്ചു..  അങ്ങനെ വീണ്ടും സ്വപ്നങ്ങൾ നെഞ്ചിലേറ്റി നാട്ടിലേക്ക് ഒരു യാത്രയ്ക്കോരുങ്ങി ശ്വേത.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story