ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 4

ormappottukal

രചന: റിൻസി പ്രിൻസ്‌

കാണാൻ ചെല്ലുമ്പോൾ ഓരോ ഒഴിവുകൾ പറഞ്ഞു അവർ മടക്കി അയക്കാൻ തുടങ്ങും,  കുട്ടികൾക്ക് പഠിക്കാനുണ്ട് ടിവി ചൂടാകും എന്നൊക്കെയുള്ള ഓരോ ഒഴിവ് കഴിവുകൾ മനസ്സിൽ വീണ്ടും ഒരു വേദന നിറച്ചിരുന്നു...  സ്വന്തമായി ഒരു ടിവി വീട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരു വലിയ അതിമോഹം ആ നിമിഷം മനസ്സിൽ ഒരു ഉരുതിരിഞ്ഞു വന്നു..


പിന്നീടുള്ള പ്രാർത്ഥന മുഴുവൻ അത് തന്നെയായിരുന്നു,  ഒരു ടിവി നൽകണമേന്ന്,  സന്ധ്യാ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോഴും പ്രാർത്ഥന അതുതന്നെയായിരുന്നു... ആ പ്രാർത്ഥന ഈശോ കേട്ടിട്ടാണോ എന്തോ അറിയില്ല, അമ്മച്ചി ഇടയ്ക്ക് ജോലിയ്ക്ക് പോകുന്ന വീട്ടിലെ വർഗീസ് ചേട്ടൻ പുതിയ കളർ ടിവി വാങ്ങിയപ്പോൾ അവരുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി അമ്മച്ചിക്ക് കൊടുത്തു.. " പിള്ളേര് കണ്ടോട്ടെ"  എന്ന് പറഞ്ഞു,  അന്ന് സ്വർഗം നേടിയ സന്തോഷമായിരുന്നു..  പെട്ടെന്ന് പണക്കാരായ പോലെ ഒരു ചിന്ത...  വീട്ടിലേക്ക് ടെലിവിഷൻ കൊണ്ടുവന്ന് വെച്ചതും അതിന്റെ കേബിളും ബാക്കി കാര്യങ്ങളൊക്കെ ചെയ്തതും അപ്പുറത്തെ വീട്ടിലെ ബെന്നി അച്ചാച്ചൻ ആണ്.... ടിവി ഓൺ ആയതെ വല്ലാത്ത സന്തോഷമായിരുന്നു,  എങ്കിലും സുമ ചേച്ചിയുടെ വീട്ടിൽ കാണുന്നതുപോലെയുള്ള ടിവിയല്ല,  എല്ലാവരെയും ബ്ലാക്ക് ആൻഡ് വൈറ്റ് ആയി ആണ് കാണുന്നത്, എങ്കിലും സാരമില്ല ഇനി ആരുടെയും വഴക്ക് കേൾക്കാതെ ഏറെ സന്തോഷത്തോടെ ടിവി കാണാമല്ലോ എന്ന ഒരു സമാധാനമായിരുന്നു അപ്പോൾ നിറഞ്ഞുനിന്നിരുന്നത്, ചിത്രഗീതവും ശക്തിമാനും ഒക്കെ ഇനി സ്വന്തം വീട്ടിൽ ഇരുന്ന് കാണാം... ഇതുകൊണ്ട് പഠിത്തത്തിൽ പിന്നോക്കം പോകാൻ പാടില്ലന്നൊരു നിബന്ധന അമ്മച്ചി വയ്ക്കുകയും ചെയ്തിരുന്നു...  ഞങ്ങൾക്ക് രണ്ടുപേർക്കും വലിയ സന്തോഷമായി, പിന്നീട് ചിത്രഗീതവും ഓമനത്തിങ്കൾ പക്ഷിയും ഒക്കെ സ്ഥിരം കാഴ്ചകളായി....  

ഒമ്പതാം ക്ലാസിലെ അവധി കാലത്താണ് ആദ്യമായി അത് സംഭവിക്കുന്നത്,  ഒരു ദിവസം മുറ്റത്തിരുന്ന് അമ്മച്ചിയെ സഹായിക്കുവാൻ വേണ്ടി പാത്രങ്ങൾ കഴുകി ക്കൊണ്ടിരിക്കുകയാണ് പെട്ടെന്ന് വെള്ള പാവടയുടെ പുറകിൽ ചുവന്ന പൊട്ടുകൾ വല്യമ്മച്ചി കണ്ടതും പെട്ടെന്ന് തന്നെ സന്തോഷത്തോടെ അരികിലേക്ക് വന്നു,  പിന്നെ അമ്മച്ചിയെ വിളിച്ച് പറഞ്ഞു... . ഒരു പെൺകുട്ടി ആയതിന്റെ ആദ്യ ലക്ഷണം വയറുവേദനയോടെ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നു....  പിന്നീട് ഉപദേശങ്ങളും അതിന്റെ കൂടെ തന്നെ ഒഴുകിയെത്തി....

സ്കൂൾ തുറന്നപ്പോൾ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു ദീപയോട് പറയാൻ,  അതിൽ ആർത്തവവും ഉൾപ്പെട്ടു....

2007 --08 ഇൽ എത്തി നില്കുന്നു...

  നോക്കിയ ഫോൺ വിപണിയിൽ തരംഗം സൃഷ്ടിച്ച  സമയം, യൂത്ത് ഫെസ്റ്റിവലിന്‍റെ ദിവസം ഒപ്പന കളിക്കുവാൻ വേണ്ടി എല്ലാവരും തിരക്കിട്ട് ഒരുങ്ങുകയാണ്, 
ഈ സമയത്താണ് പെട്ടെന്ന് മഞ്ജിമ ക്ലാസിലേക്ക് ഒരു ഫോണുമായി എത്തുന്നത്,  കൂടെ അവളുടെ അമ്മയും ഉണ്ടായിരുന്നു... അമ്മയെ എല്ലാവർക്കും പരിചയപ്പെടുത്തി,  എല്ലാ ചിത്രങ്ങളും അവൾ പകർത്തുന്നുണ്ടായിരുന്നു ഫോണിൽ... അത് എന്താണെന്നും എങ്ങനെയാണെന്ന് ഒക്കെ മനസ്സിലാക്കാനുള്ള ഒരു കൗതുകം മനസ്സിൽ തോന്നിയെങ്കിലും അത് സാധിക്കില്ലന്നുള്ളത് കൊണ്ട് തന്നെ അവിടേക്ക് നോക്കാൻ പോയില്ല...  അവളുടെ അച്ഛൻ ഗൾഫിൽ നിന്നും അമ്മയ്ക്ക് കൊണ്ട് കൊടുത്തതാണ്,  ടീച്ചേഴ്സ് ഒന്നും പറയാതിരിക്കാൻ ആണ് അവൾ അമ്മയെയും കൂട്ടി വന്നത്...  വിരൽ കൊണ്ട് മുകളിലേക്ക് ഉയർത്തുമ്പോഴാണ് അതിന്റെ ക്യാമറ ഓൺ ആയി വരുന്നത് ഒരു കൗതുകം പോലെ തോന്നി... അമ്മച്ചി ഒരു പഴയ ഫോൺ ഞങ്ങളുടെ നിർബന്ധം കൊണ്ട് വാങ്ങി, എന്റെയും സച്ചുവിന്റെയും കൂട്ടുകാരെ വിളിക്കാൻ സുമ ചേച്ചിയുടെ വീട്ടിലെ ലാൻഡ് ഫോണിന്റെ അടുത്ത് അവരുടെ കനിവ് കാത്തു നിൽക്കുന്ന അവസ്ഥ ഓർത്തു, അടുത്തുള്ള കടയിൽ നിന്ന് ചിട്ടി പോലെ വാങ്ങി, ആദ്യം 500 രൂപ കൊടുത്തു പിന്നെ മാസം 150 വച്ചു കൊടുത്താൽ മതി, അതിൽ ആകെ പാമ്പിന്റെ ഒരു ഗെയിം മാത്രേ ഉള്ളു, അത് എപ്പോഴും കളിക്കുന്നത് സച്ചുവും....

ഒമ്പതാം ക്ലാസിലെ അവധി കഴിയുന്ന സമയത്താണ് മെയ് പകുതി മുതൽ തന്നെ പത്താം ക്ലാസിലേക്കുള്ള ക്ലാസുകൾ തുടങ്ങുമെന്ന് അറിഞ്ഞത്... ഈ വർഷം മുതൽ യൂണിഫോം മാറ്റമാണ്, നീലയും വെള്ളയും ചേർന്ന ചുരിദാർ ആയിരുന്നു ഇതുവരെ, ഇനി റോസും കറുപ്പും ആണ് , ഷാളിന്  പകരം കറുത്ത കോട്ടും ഉണ്ട് പിന്നെ ചുവന്ന റിബ്ബണ് വച്ചു മുടി രണ്ടും പിന്നി ഇടണം... ക്ലാസ് തുടങ്ങിയതിനു ശേഷമേ യൂണിഫോമിന്റെ തുണിയെത്തു,  അതുകൊണ്ട് കളർ  ഡ്രസ്സ്‌ ഇട്ടു വേണം എല്ലാ ദിവസവും പോകുവാൻ,  അതിനുമാത്രം വേഷങ്ങൾ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല,  അമ്മയുടെ അടുത്തേക്ക് ചെന്ന് കുറച്ച് ഡ്രസ്സ് വാങ്ങിത്തരണം എന്ന് പറഞ്ഞു... അമ്മയുടെ കയ്യിൽ പണമില്ലെന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറി,  പിന്നെ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നപ്പോഴാണ് അമ്മ അരികിലേക്ക് വന്ന് പറയുന്നത്...

"  നമ്മുടെ ജെസ്സി ഇല്ലേ...? ജെസ്സിയുടെ മോളുടെ ഒരുപാട് ഡ്രസ്സ് അവിടെ വെറുതെ ഇരിക്കുകയാണെന്ന് പറഞ്ഞത്.. നേരത്തെ പറഞ്ഞതാ... ആ കുട്ടി ഇപ്പോൾ തിരുവനന്തപുരത്തോ മറ്റോ പഠിക്കുന്നത് ഡിഗ്രിക്ക്.,  അപ്പൊൾ പിന്നെ ഈ ഡ്രസ്സ് ഒക്കെ പള്ളിക്കോ മറ്റോ കൊടുക്കണം  എന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു,   ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ നിനക്ക് തരാമോന്ന്...

അമ്മ അത് പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി,

അന്ന് രാത്രി മുഴുവനുള്ള പ്രാർത്ഥന അത് കിട്ടണമേന്ന് മാത്രമായിരുന്നു..... പിറ്റേന്ന് അമ്മയ്ക്കൊപ്പം ആന്റിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് അമ്മ ആദ്യമായി പറയുന്നത് ഇവിടുത്തെ ചേച്ചിയുടെ പേര് ശ്വേത എന്നാണെന്ന്, അത് കേട്ടിട്ടാണ് അപ്പച്ചൻ എനിക്കും അങ്ങനെയൊരു പേരിട്ടത്...  അപ്പോൾ ഒരു കൗതുകം തോന്നി,  എന്നെ കണ്ടപ്പോൾ തന്നെ ആന്റിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, സോഫ്റ്റ്‌ പാലപ്പവും കിഴങ്ങും ഗ്രീൻപീസും ഇട്ട സ്റ്റൂവും വാനിലയും ചോക്ലേറ്റും ഇടലകലർന്ന മാർബിൾ കേക്കും ഒക്കെ തന്നു...  അതു കഴിഞ്ഞു ഒരു വലിയ കവർ നിറച്ച് ഒരുപാട് ഉടുപ്പുകളും അമ്മയ്ക്ക് രണ്ടുമൂന്ന് നൈറ്റിയും സാരിയും ഒക്കെ ആയാണ് വന്നത്..   വലിയ സന്തോഷത്തോടെയാണ് അത് വാങ്ങിയത്,  എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയായിരുന്നു  പിന്നെ..  അതൊക്കെ ഒന്ന് ഇട്ടു നോക്കാൻ വേണ്ടി ആവേശം തോന്നി... വീട്ടിലേക്ക് ചെന്നതും കട്ടിലിലേക്ക് ഒക്കെ കുടഞ്ഞിട്ടുംൾ, 

" എല്ലാം നല്ല വിലയുള്ള ഉടുപ്പുകൾ ആണ്.. ആ ചേച്ചിയ്ക്ക് നല്ലവണ്ണം ഉണ്ടെന്ന് തോന്നുന്നു,  എനിക്ക് വണ്ണം ഇല്ലാത്തതുകൊണ്ട് എല്ലാം അല്പം വലുതായി ആണ് കിടക്കുന്നത്... എങ്കിലും സാരമില്ല, മായ ചേച്ചിയുടെ കയ്യിൽ കൊടുത്താൽ 50  രൂപയ്ക്ക്  എല്ലാം ഒന്ന് അടിച്ചു തരുമെന്നുള്ളത് ഉറപ്പായിരുന്നു..  അതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാം എന്ന് കരുതി..

അതോടെ പത്താം ക്ലാസിലേക്ക് പോകാനുള്ള ഉത്സാഹവും കൂടി,

മേയ് ആയപ്പോഴേക്കും ക്ലാസുകൾ തുടങ്ങി...  ഓരോ പുതിയ പുതിയ ഉടുപ്പുകൾ ഇട്ട് വലിയ സന്തോഷത്തിലായിരുന്നു ക്ലാസിലേക്ക് കയറി ചെന്നത്,

ഇതിനിടയിലാണ് ഒരാളോട് ഇഷ്ടമുണ്ടെന്ന കഥ മഞ്ജിമ പറയുന്നത് , കൗമാരത്തിന്റെ ഓരോ വികാരങ്ങളും അന്ന് അവളിൽ നിന്നാണ് ആദ്യമായി അറിയുന്നത്, എല്ലാവരും ഓരോരുത്തരുടെയും പേരും അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്, അപ്പോൾ അത്ഭുതത്തോടെയാണ് എല്ലാവരെയും താൻ നോക്കിയത്... ഓരോരുത്തർക്കും പറയാൻ ഒരു കഥ എങ്കിലും ഉണ്ട്, ട്യൂഷൻ സെന്ററിൽ, ബസിൽ, അടുത്ത വീട്ടിൽ അങ്ങനെ അങ്ങനെ... തങ്ങളുടെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയോണ്ട്  സ്കൂളിൽ മാത്രം ഒരു കഥയും ഇല്ല, എങ്കിലും സ്കൂൾ ബസിന്റെ ഡ്രൈവറോട് വരെ പ്രേമം തോന്നിയ മഹതികൾ ഉണ്ട്... പഠിപ്പിക്കാൻ ചെറുപ്പക്കാർ ആയ സാറുമാർ ആരും ഇല്ലാത്തോണ്ട് ആരും ഗുരുനിന്ദ കാണിച്ചില്ല... എന്നാൽ തനിക്ക് ഇതുവരെ അങ്ങനെയൊരു അനുഭവം ഉണ്ടാകാത്തത് എന്താണ് എന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സിൽ നിറഞ്ഞത്...  ആ ചിന്തയ്ക്ക് ഒപ്പം തന്നെ പെട്ടെന്ന് മഞ്ജിമ ഒരു ചോദ്യം കൂടി ചോദിച്ചു...

" ശ്വേതയ്ക്ക് ലൈൻ ഒന്നുമില്ലേടി...

" ലൈനോ..?  എനിക്ക് അങ്ങനെ ആരും ഇല്ല, എന്നോട് ഇതുവരെ അങ്ങനെ ആരും പറഞ്ഞിട്ടുമില്ല...

ഭയങ്കര നിരാശയോടെയാണ് അത് പറഞ്ഞത്,

മഞ്ജിമ അവിടെ ലിസ്റ്റ് എടുക്കുകയാണ്...  ഇപ്പോൾ തന്നെ ഏഴെട്ട് പേരായി കഴിഞ്ഞു, ഇതിൽ മൂന്നു പേരോട് അവള് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു എന്നാണ് പറയുന്നത്..   അത്ഭുതത്തോടെ തന്നെയാണ് ഇത് കേട്ടിരുന്നത്,  പറഞ്ഞു വന്നപ്പോൾ പലർക്കും ഓരോ ഇഷ്ടമുണ്ട്..  എന്തിന് ദീപയ്ക് പോലും  അവളുടെ അടുത്ത് വീട്ടിലെ ചേട്ടനാണ്....  ഇതുവരെ അവള് പറഞ്ഞിട്ട് പോലുമില്ലെന്നാണ് പറയുന്നത്,  അവൾക്ക് മാത്രമുള്ള ഇഷ്ടം, പക്ഷെ ആൾക്ക് മനസിലായിട്ടുണ്ട് .... അപ്പോൾ എല്ലാവർക്കും അങ്ങനെ തോന്നിയിട്ടുണ്ട്, എന്താണ് തനിക്ക് ഇങ്ങനെ ഇതുവരെ തോന്നാഞ്ഞത്..  തനിക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പോലും ആ നിമിഷം ചിന്തിച്ചു പോയിരുന്നു.....

"ഡ്യൂ ഡ്രോപ്പ്സിലേ പാട്ടൊക്കെ കേൾക്കുമ്പോൾ എനിക്ക് രാഹുലിനെ ഓർമ്മവരും...

ഒരു പ്രത്യേക ട്യൂണിൽ മഞ്ജിമ നിലവിൽ ഉള്ള ആളെ കുറിച്ച് പറയുകയാണ്....

"  നീ കാണുന്നില്ലേടി ഡ്യൂ ഡ്രോപ്പ്സ്,  വീ ചാനലിൽ ആണ്... വൈകുന്നേരം,  നമ്മുടെ ട്യൂഷൻ കഴിയുമ്പോഴത്തേക്കും ഉണ്ട്... ഞാൻ ഓടിയാണ് പോകുന്നത് അത് കാണാൻ വേണ്ടി,

വലിയ ഉത്സാഹത്തോടെയാണ് അവൾ പറയുന്നത്...

"ഞാനും കാണും..

ദീപ ഏറ്റുപിടിച്ചു...

" ആൽബം പാട്ട് ആണോ..?

മനസ്സിലാവാതെ ശ്വേത ചോദിച്ചു,

"  അതെ നല്ല സൂപ്പർ പാട്ടാണ്...  എന്നാ ഫീലിംഗ് ആണെന്ന് അറിയോ...?

"  എത്ര മണിക്കാ...

" അഞ്ചരയ്ക്കോ ആറിനോ മറ്റോ  ആണ്... നീ കാണില്ലേ...?

മഞ്ജിമ ശ്വേതയോട് ചോദിച്ചു,

"  ഞാൻ കാണില്ല..  ഞാനാ സമയത്ത് ഹലോ കുട്ടിച്ചാത്തിനാണ് കാണുന്നത്...  പിന്നെ അത് കഴിഞ്ഞ് ഓട്ടോഗ്രാഫ്,  അതുകഴിഞ്ഞ് എഴുതാനുള്ളതൊക്കെ എഴുതി വെക്കും...  അപ്പോഴേക്കും മാനസപുത്രി കഴിഞ്ഞിട്ടുണ്ടാവും,  അത് കഴിയുമ്പോൾ അമ്മ എഴുന്നേറ്റ് പോകും, അമ്മയ്ക്ക് അതാ ഇഷ്ടം, പിന്നെ ഞാൻ വന്നിരുന്നു പാരിജാതം കാണും.... ജെ പി നല്ല ഗ്ലാമർ അല്ലേ...?

ശ്വേത പറഞ്ഞപ്പോഴേക്കും താല്പര്യത്തോടെ ദീപയും അത് കേൾക്കാൻ വേണ്ടിയിരുന്നു...

"   അതെ...  അതെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ജെ പിയെ....

" എനിക്ക് കുറച്ചുകൂടി ഇഷ്ടം ഓട്ടോഗ്രാഫിലെ ജെയിംസിനെയാ....

അല്ലെങ്കിലും മഞ്ജിമ പണ്ടുമുതലേ അല്പം മോഡേൺ ആണ്.....

സംസാരങ്ങൾ സീരിയലിലേക്ക് വഴിമാറിയെങ്കിലും ശ്വേതയുടെ മനസ്സിൽ അപ്പോഴും നിറഞ്ഞു നിന്നത് തന്നോട് മാത്രം ഇതുവരെ ആരും ഇഷ്ടമാണെന്ന് പറയാത്തതും തനിക്ക് ഇതുവരെ ആരോടും ഇഷ്ടം തോന്നാത്തതും എന്താണെന്ന ചോദ്യമായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story