ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 5

ormappottukal

രചന: റിൻസി പ്രിൻസ്‌

അല്ലെങ്കിലും മഞ്ജിമ പണ്ടുമുതലേ അല്പം മോഡേൺ ആണ്.....

സംസാരങ്ങൾ സീരിയലിലേക്ക് വഴിമാറിയെങ്കിലും ശ്വേതയുടെ മനസ്സിൽ അപ്പോഴും നിറഞ്ഞു നിന്നത് തന്നോട് മാത്രം ഇതുവരെ ആരും ഇഷ്ടമാണെന്ന് പറയാത്തതും തനിക്ക് ഇതുവരെ ആരോടും ഇഷ്ടം തോന്നാത്തതും എന്താണെന്ന ചോദ്യമായിരുന്നു...

വീട്ടിലേക്ക് ചെന്ന് കുറച്ച് സമയം കഴിഞ്ഞ് കുളിയൊക്കെ കഴിഞ്ഞപ്പോഴാണ് മഞ്ജിമ പറഞ്ഞത് ഓർത്തത്. പെട്ടെന്ന് തന്നെ കുട്ടിച്ചാത്തൻ മാറ്റി ഡ്യൂ ഡ്രോപ്പ്സ്  ഒന്ന് വച്ചുനോക്കി,

അവിടെ പ്രണയം നിറഞ്ഞ ഗാനങ്ങൾ ഇങ്ങനെ നിറഞ്ഞൊഴുകുകയാണ്

" ഇനി ആർക്കും ആരോടും ഇത്രമേൽ തോന്നാത്തത് എന്തോ അതാണ് എൻ പ്രിയനോട് എനിക്കുള്ളതെല്ലാം.. "

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആൽബമാണ് തകർത്തു പാടിക്കൊണ്ടിരിക്കുന്നത്,  ആ പാട്ട് മുഴുവൻ കേട്ടിട്ടും തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നുള്ളത് വീണ്ടും അവളിൽ അത്ഭുതം ഉണർത്തി..  ഇവർക്ക് മാത്രം എന്താണ് ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ പ്രത്യേക ഫീലിംഗ്സ് തോന്നുന്നത് എന്ന ചോദ്യമായിരുന്നു മനസ്സിൽ അപ്പോൾ നിറഞ്ഞുനിന്നത്..?

സമയം ആറുമണിയോടെ അടുത്തു,  സായംസന്ധ്യ അതിന്റെ തേരിലേറി എത്തി, എന്നിട്ടും അമ്മച്ചിയെ കാണുന്നില്ല..  ഒരു നിമിഷം ഭയം എവിടെ നിന്നോ ഒരു വലിയ പെരുമഴയായി മനസ്സിലേക്ക് പെയ്തു, സച്ചു അരികിൽ വന്നു അമ്മച്ചിയെ കുറിച്ച് തിരക്കാൻ തുടങ്ങി... വല്യമ്മച്ചിയുടെ മുഖത്തും പരിഭ്രമം നിറഞ്ഞു നിൽക്കുന്നുണ്ട്..   ഭയന്നുകൊണ്ടിരുന്ന നിമിഷമാണ് പെട്ടെന്ന് മുറ്റത്തേക്ക് ഒരു ഓട്ടോറിക്ഷ കൊണ്ടു നിർത്തുന്നത്, അതിൽ നിന്നും ഇറങ്ങിയത്  അപ്പുറത്തെ വീട്ടിലെ ആയിരുന്നു  കോശി അങ്കിൾ ആയിരുന്നു.. പുള്ളി വീട്ടിലേക്ക് നേരെ വരുന്നത് കണ്ടപ്പോൾ എന്തോ ഒരു അപകടം മണത്തു,

" അന്നമ്മ ചേട്ടത്തിയെ, സാലി ഗവൺമെന്റ് ആശുപത്രിയിലാ,

കോശി അങ്കിൾ വല്ല്യമ്മച്ചിയോട് ആയി പറഞ്ഞു..

" അയ്യോ അമ്മച്ചിക്ക് എന്നാ പറ്റി...?

പേടിയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,

" ഒന്നുമില്ല മോളെ...! അമ്മച്ചി ഇന്ന് ജെസ്സിയുടെ വീട്ടിലെ പണിക്ക് പോയതായിരുന്നില്ലേ..? അവിടെ വച്ച് എന്തോ തലകറക്കം ഉണ്ടായി വീണോന്നാ പറഞ്ഞത്,  കുഴപ്പമൊന്നുമില്ല പ്രഷർ കൂടിയതാണ് എന്നാണ് പറഞ്ഞത്...  അവിടെ ഹോസ്പിറ്റലിൽ ഉണ്ട്, ഇപ്പോൾ ഡ്രിപ്പ് ഇട്ടിരിക്കുകയാണ്, മോള് വരുന്നെങ്കിൽ ഈ ഓട്ടോയ്ക്ക് ഞാൻ അങ്ങോട്ട് ഇറക്കിയേക്കാം...  ഞാനിപ്പോൾ ആശുപത്രി ചെന്നപ്പോഴാ കണ്ടത്...


  " സച്ചു നീ കൂടി വാ,  നമുക്ക് പോയി നോക്കാം...

ശ്വേത പറഞ്ഞു...

  പെട്ടെന്ന് തന്നെ അവൻ അകത്തു പോയി പാന്റും ഷർട്ടും ഒക്കെ ഇട്ട് വന്നിരുന്നു,  രണ്ടുപേരും കൂടിയാണ് കോശി അങ്കിളിന്റെ ഒപ്പം വല്യമ്മച്ചിയോട് യാത്രയും പറഞ്ഞു ഓട്ടോയിലേക്ക് കയറിയിരുന്നത്...

ഞാനും സച്ചുവും ഭയത്തോടെ ഇരിക്കുന്നത് കണ്ടിട്ടാവും പെട്ടെന്ന് കോശി അങ്കിൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,

"'മക്കളെ പേടിക്കേണ്ട അത്രയ്ക്കൊന്നുമില്ല.. ട്രിപ്പ് തീർന്ന ഉടനെ  വിടും...

കോശി അങ്കിളിന്റെ ഒപ്പം ഗവൺമെന്റ് ആശുപത്രിയിലേക്ക് എത്തിയപ്പോൾ വിലകുറഞ്ഞ ഡെറ്റൊളിന്റെ ഗന്ധവും ലോഷന്റെയും കൂടികലർന്ന ഒരു ഗന്ധം മൂക്കിൻ തുമ്പിലേക്ക് ഇരച്ചു കയറി,

അവിടെ ഒരു വാർഡിൽ ഡ്രിപ്പ് ഇട്ടു കിടക്കുകയാണ് അമ്മച്ചി,  അരികിലായി ജെസി ആന്റിയും ഇരിപ്പുണ്ട്...   ഞങ്ങളെ അമ്മച്ചി കണ്ടു എന്ന് മനസ്സിലായി,  അമ്മച്ചിയെ കണ്ടപ്പോൾ വേദന നിയന്ത്രിക്കാൻ സാധിച്ചില്ല,  ഞങ്ങൾ രണ്ടുപേരും അമ്മച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു...

"   എന്നാ അമ്മച്ചി എന്നാ പറ്റി...?

അമ്മച്ചിയുടെ മുഖത്തും കയ്യിലും ഒക്കെ പിടിച്ചുകൊണ്ട് ആണ് ആ ചോദ്യം ചോദിച്ചത്  ശ്വേത തന്നെയായിരുന്നു...

" ഒന്നുമില്ല  മക്കളെ,  ഒന്ന് പ്രെഷർ കൂടിയത് ആണ്... വെയിലത്ത് നിന്ന് അവൾ എന്തോ പണി ചെയ്തു,  അതുകൊണ്ട് പറ്റിയതാ. വേറെ കുഴപ്പമൊന്നുമില്ല..  ഞാന് വീട്ടിലുണ്ടായിരുന്നില്ല സിറ്റിയിൽ വരെ പോയതാ. മോൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.... അവൻ വന്നു നോക്കുമ്പോൾ തലകറങ്ങി വീഴുന്നു... അവൻ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു...  ഇപ്പോൾ ഇത്തിരി ചായ മേടിക്കാൻ വേണ്ടി പോയിരിക്കാ,  നിങ്ങൾ പേടിക്കേണ്ട ഇവിടെ എന്തോ ആവശ്യത്തിന് വന്നപ്പോൾ ഞാനാ പറഞ്ഞത് കുട്ടികളെ പേടിക്കും അവരോട് കാര്യങ്ങൾ ഒന്നു പറഞ്ഞേക്കാന്ന്, കോശിച്ചായന്റെ കട ഇതിനു മുൻപിൽ ആണല്ലോ,  പുള്ളി ഏതായാലും നാലുമണിക്ക് വീട്ടിൽ പോയിട്ട് തിരികെ വരുന്ന സമയം ഉണ്ടല്ലോ,  അന്നേരം നിങ്ങളെ ആരെയെങ്കിലും ഇവിടേക്ക് നിർത്താനാ പറഞ്ഞത്..  പറ്റുകയാണെങ്കിൽ ഇന്നിവിടെ കിടക്കാൻ  ആണ് ഡോക്ടർ പറഞ്ഞത്,  നാളെ രാവിലത്തേക്ക് പോയാലും മതി..
രണ്ട് ട്രിപ്പും കൂടി  ഇട്ടാൽ ആശ്വാസമാകും...

ജെസ്സി പറഞ്ഞു...

"   അതൊന്നും ശരിയാവില്ല ചേച്ചി,  അമ്മച്ചി ഒറ്റക്കല്ലേ വീട്ടിൽ..

അമ്മച്ചി പെട്ടന്ന് പറഞ്ഞു..

" കോശി അങ്കിൾ പോവുമ്പോൾ ഇവനെ കൂടെ വിടാം. അപ്പോൾ വല്ല്യമ്മച്ചിയുടെ അടുത്ത് നില്കാൻ ആൾ ആയല്ലോ, ഞാൻ അമ്മച്ചിയുടെ കൂടെ നിൽക്കാം.... നാളെ രാവിലെ പോയാൽ മതി,

ശ്വേത പറഞ്ഞു..

" ഇനിയിപ്പോ രാത്രിയിൽ അങ്ങോട്ട് ചെല്ലുന്നതിലും നല്ലത് രാവിലെ പോകുന്നതല്ലേ..?  കൊച്ചു പറയുന്നത് തന്നെയാണ് നല്ലത് ...

ജെസ്സിയും പറഞ്ഞു,

അപ്പോഴേക്കും ഒരു  ഫ്ലാസ്ക്ക് പിടിച്ചുകൊണ്ട് പെട്ടെന്ന് ഒരാൾ അകത്തേക്ക് കയറി വന്നു.. . ഒരു നീല ജീൻസും ബ്ലാക്ക് ഷർട്ടും ആണ് ആളുടെ വേഷം,  ഞാനാളെ മനസ്സിലാവാതെ നോക്കുന്നത് കണ്ടിട്ടാവും ജെസി ആന്റി ആളെ എനിക്ക് പരിചയപ്പെടുത്തി തന്നു...

"  മോൾക്ക് അറിയില്ലേ..?  എന്റെ മോനാ, സാം,

പള്ളിയിൽ വെച്ച് പലതവണ ആളെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ  അടുത്ത് കണ്ടിട്ടില്ല... ഇത് ആദ്യമാണ്,

"   ആന്റി ചായ കുടിക്ക്..!  ഒന്നും കഴിക്കാഞ്ഞിട്ടാവും തലകറങ്ങി വീണത്,

തന്നെയൊന്നു നോക്കി പുഞ്ചിരിച്ചു, ശേഷം ശ്രദ്ധയോടെ അമ്മയ്ക്ക് ചായ പകർന്നു കൊടുക്കുകയാണ്.... അമ്മയുടെ കൈകളിലേക്ക് ഗ്ലാസ്‌ കൊടുത്തു...  ഒപ്പം ഒരു  പാക്കറ്റും അമ്മയുടെ  കൈയിലേക്ക് കൊടുത്തു,

" ഇത് പഴംപൊരി... കുട്ടികൾ വന്നത് ഞാൻ കണ്ടില്ല, ഇല്ലെങ്കിൽ എല്ലാവർക്കും വാങ്ങിയേനെ...

ആൾ കുറ്റബോധത്തോടെ പറഞ്ഞു..

"  അത് സാരമില്ല...!ഇത് അവര് കഴിച്ചോട്ടെ എനിക്ക് ചായ മതി,

അവശതയോടെ അമ്മച്ചി പറഞ്ഞു...

" അത് നീ അങ്ങോട്ട് കഴിക്കെ, അവർക്ക് രണ്ടുമൂന്നെണ്ണം കൂടെ മേടിക്കാം, ഡാ കുറച്ചൂടെ വാങ്ങിക്കേ പോയി, പിള്ളേരും കൂടി ഉള്ളതല്ലേ...

ആന്റി ആളെ വഴക്ക് പറയുന്നുണ്ട്,

"  ശരി ഞാൻ വാങ്ങിയിട്ട് വരാം...

ആള് പോകാൻ തുടങ്ങിയതും അമ്മച്ചി തടഞ്ഞു,

"   വേണ്ട മോനെ അവർ സ്കൂളിൽനിന്ന് വന്നിട്ട് എന്തെങ്കിലും കഴിച്ചിട്ടുണ്ടാവും..  ഞാൻ അവിടെ ഉണ്ടാക്കി വെച്ചിരുന്നു,

"  ഒന്നും വേണ്ട...!

ഞാനും മറുപടി പറഞ്ഞു,

"  എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ, അതോ ഞാൻ ഇന്ന് നിന്റെ കൂടെ നിൽക്കണോ..?

ജെസി ആന്റി ചോദിച്ചു..

" ഞാൻ ഉണ്ടല്ലോ,

മറുപടി പറഞ്ഞത് ശ്വേത തന്നെയായിരുന്നു...

"   ഇത് കയ്യിലിരുന്നോട്ടെ

അമ്മച്ചിയുടെ കയ്യിൽ കുറച്ചു നോട്ടുകൾ വെച്ചുകൊടുത്തു ജെസ്സി ആന്റി..

"  വേണ്ട പണി ചെയ്തതിന്റെ കാശ് തന്നാരുന്നല്ലോ...

" ഇത് അങ്ങനെയൊന്നും കൂട്ടേണ്ട ഒരു സഹായം ആയിട്ട് കരുതിയാൽ മതി,

അതും പറഞ്ഞാണ് ജെസ്സി ആന്റി ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി യാത്ര പറഞ്ഞു ഇറങ്ങിയത്,

"  മോൻ ഇനി എങ്ങനെ പോകും....

ജെസ്സി സച്ചുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ,

" കോശി അങ്കിൾ ഒമ്പത് മണിയാകുമ്പോൾ വീട്ടിലേക്ക് പോകുമല്ലോ, അപ്പോൾ അങ്കിളിന്റെ കൂടെ വിടാം...

ശ്വേത തന്നെ മറുപടി പറഞ്ഞു,

"  ഒരുപാട് വൈകില്ലേ നീ ഇവനെ ഒന്ന് വീട്ടിൽ കൊണ്ടുവിട്, അവിടെ ഇവരുടെ വല്യമ്മച്ചി ഒറ്റയ്ക്ക് ആണ്..

ആളോട് ജെസ്സി ആന്റി പറഞ്ഞു..

" അതിനെന്താ ഞാൻ കൊണ്ടു വിട്ടേക്കാം...

ചെറുചിരിയോടെ ആളു പറഞ്ഞു,

"   പിന്നെ ഈ ട്രിപ്പ് തീരുമ്പോൾ തന്നെ പറയണം..  ഇല്ലെങ്കിൽ പിന്നെ ബ്ലഡ് കേറും ,

തന്റെ മുഖത്തേക്ക് നോക്കിയാണ് ആളത് പറഞ്ഞത്..  അനുസരണയോടെ തലയാട്ടി,

"  ആന്റി ഞങ്ങൾ പോട്ടെ..  രാവിലെ ഞാൻ ഇതുവഴിയാ പോകുന്നത് അപ്പോ ഒന്ന് കയറാം,

  അമ്മച്ചിയുടെ മുഖത്തുനോക്കി ആളത് പറഞ്ഞപ്പോൾ എന്റെ നോട്ടം മുഴുവൻ ആളിൽ തന്നെയായിരുന്നു...

  അവര് പോയിക്കഴിഞ്ഞിട്ടും എന്റെ മനസ്സിൽ ആളുടെ മുഖം ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്,  പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രഭയോടെ ഒരു മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഇത് ആദ്യമാണ്...  ആദ്യം കണ്ടപ്പോൾ ആളെ മനസ്സിലുപോലും ആയിരുന്നില്ല,  അത്രയ്ക്കും അപരിചിതനായ ഒരാൾ പെട്ടെന്ന് പരിചിതനാകുന്നതു പോലെ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story