ഒരു ചില്ലറ പ്രേമം: ഭാഗം 1

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

"ഇന്നും താമസിച്ചു... ബസ് പോയി കാണുമോ  എന്റെ പടച്ചോനെ.." ഫാദി ആരോടെന്നില്ലണ്ടു പറഞ്ഞോണ്ട്  ബസ് സ്റ്റോപ്പ്  ലക്ഷ്യമാക്കി ഓടി.

"ആരെയും കാണുന്നില്ലല്ലോ, അപ്പോ കോളേജ് ബസ് പോയി.. ഫാദീ നിനക്ക് എക്സാം ആയാലെങ്കിലും ഒന്ന് നേരത്തെ ഇറങ്ങി കൂടെ.. എവിടെ, നീ ഒരിക്കലും നന്നാവാൻ പോണില്ല."  പറഞ്ഞത് ആത്മഗതം ആയിരുന്നെങ്കിലും അത് നാട്ടുകാർ  മൊത്തം  കേട്ടു എന്ന് മനസ്സിലായത്  ബസ് സ്റ്റോപ്പിൽ ആകെ ഉണ്ടായിരുന്ന കാണാൻ കൊള്ളാവുന്ന ചെക്കനും രണ്ടു സാരി ഉടുത്ത  ചേച്ചിമാരും അന്തം വിട്ടു എന്നെ തന്നെ നോക്കുന്ന കണ്ടിട്ടായിരുന്നു. ഞാനൊന്ന് ഇളിച്ചു കാണിച്ചു.

"അതെ ചേച്ചി ഞങ്ങടെ കോളേജ് ബസ് പോവുന്നത് കണ്ടോ?" ഞാൻ ഇളിച്ചോണ്ടു ചോദിച്ചു.

"പോയല്ലോ മോളെ, ഒരഞ്ചു മിനിറ്റായി."  ചേച്ചി സഹതാപത്തോടെ പറഞു. "തിരിച്ചു  പൊയ്ക്കോ മോളേ.എല്ലാ ബസ്സും പോയി.. "

"അയ്യോ  ഇന്ന് അവസാനത്തെ പരീക്ഷയാണ്  ചേച്ചി, ഇതിനു പോയില്ലെങ്കി എന്റെ ഒരു വർഷം  പോക്കാ..." ഞാൻ സങ്കടത്തോടെ പറഞ്ഞു.

"മോള് പേടിക്കണ്ട ഇപ്പൊ ലൈൻ ബസ് വരും. പക്ഷെ അത് ആ കുന്നിന്റെ  താഴെ വരെയേ പോവുള്ളു."  ചേച്ചി പറഞ്ഞു.

"പടച്ചോനെ അവിടുന്ന് അര മണിക്കൂറിന്റെ മേലെ നടക്കാനുണ്ട്. ഇപ്പോഴേ ലേറ്റ് ആയി." ഞാൻ സങ്കടത്തോടെ പറഞ്ഞു.

"പരീക്ഷക്കൊക്കെ നേരത്തെ ഇറങ്ങണ്ടേ മോളേ..."  ചേച്ചി പറഞ്ഞു. 

"ചേച്ചി ഒന്ന് ഫോൺ തരാമോ?"  ഞാൻ ചോദിച്ചു.

"അയ്യോ ഞങ്ങളടുത്തു ഫോൺ ഇല്ലല്ലോ മോളേ".. അവർ അതും പറഞ്ഞു വന്ന  ബസിലേക്ക്  കേറി പോയി.

ഇനിയെന്ത് എന്ന് ആലോചിച്ചു തലയ്ക്കു  പ്രാന്തായി  നിക്കുമ്പോളാണ്  അടുത്ത് നിക്കുന്ന ആൾടെ മേലെ കണ്ണ് പോയത്. ആൾടെ നോട്ടവും എന്റെ മേലെ തന്നെ ആയിരുന്നു. ഞാൻ ആ ചേച്ചിമാരുമായി സംസാരിക്കുന്നതൊക്കകെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കുന്നത് കണ്ടതും നോട്ടം മാറ്റി കളഞ്ഞു.

നല്ല മൊഞ്ചൻ ചെക്കൻ, പക്ഷെ തിന്നാൻ ഒന്നും കിട്ടാറില്ലെന്നു തോന്നുന്നു. മെലിഞ്ഞു പെന്സില്  പോലെയുണ്ട്. പക്ഷെ ആ മുഖം ആരും കണ്ടാൽ  ഒന്നൂടി നോക്കി പോവും. നല്ല അടിപൊളിയായി  ഡ്രെസ്സൊക്കെ ചെയ്തിട്ടുണ്ട്. ഏതോ  കല്യാണത്തിന് പോവാൻ നിക്കുന്ന പോലെയുണ്ട്. എനിക്ക് ചിരി വന്നു.

എന്റെ ഫാദീ വായി നോക്കി നിക്കാൻ പറ്റിയ  സമയം. അവസാനത്തെ പരീക്ഷ അതും പ്രാക്ടിക്കൽ എക്സാം. വൈവക്ക്  വേണ്ടി പഠിച്ചതൊക്കെ ആവി ആയിപ്പോയ പോലെ തോന്നി.

"അതെ ഒന്ന് ഫോൺ തരാമോ?" ഞാൻ ആ മൊഞ്ജനോട്  പോയി ചോദിച്ചു.

രണ്ടു പുരികവും മോളിലേക്കു  പൊക്കി അവനെന്റെ മുഖത്തേക്ക് നോക്കി. "ഫോണിനല്ലേ ചോദിച്ചുള്ളൂ, ഇങ്ങളെകെട്ടിക്കോട്ടെന്നൊന്നും  അല്ലല്ലോ." ഞാൻ മനസ്സിൽ പറഞ്ഞു. 

അവൻ ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ വേഗം ഉപ്പാനെ വിളിച്ചു. 

"ഹെലോ ഉപ്പാ ഇങ്ങളെവിടെയാ??? എന്റെ ബസ് മിസ്സായി. ഇന്ന് പരീക്ഷക്ക്  പോവാൻ ലേറ്റ് ആവും. ഇങ്ങള് വേഗം വന്നെന്നെ കൊണ്ടാക്കിത്താ.. " ഉപ്പാനെ  ഒന്നും പറയാൻ വിടാതെ ഞാൻ പറഞ്ഞു.

"ഫാദീ ഇതാരുടെ നമ്പരാ.." ഞാൻ ഇത്രേം പറഞ്ഞിട്ടും വന്ന ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു.

"എന്റെ കെട്ടിയോന്റെ"  ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അവൻ കണ്ണ് മിഴിച്ചെന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനൊന്നു ഇളിച്ചു കാണിച്ചു.

"പൊന്നു മോളെ ഞാൻ എങ്ങനെ വിചാരിച്ചാലും  ഒരു രണ്ടു മണിക്കൂർ ആവാതെ എനിക്ക്  എത്താൻ പറ്റില്ല. നീ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോ."  ഉപ്പ പറഞ്ഞു

"ഓക്കെ നോക്കട്ടെ." ഞാൻ ഫോൺ കട്ട്  ചെയ്തു അവനോടു നന്ദി പറഞ്ഞു.

ബാഗിൽ നിന്നും പേഴ്സ് എടുത്തു  നോക്കി. ഒരു കീറിയ അഞ്ചു രൂപ നോട്ട് എന്നെ നോക്കി ഇളിച്ചു. പടച്ചോനെ എന്റെ നൂറു  രൂപ എവിടെ പോയി. ഞാൻ ബാഗ് മൊത്തം തപ്പി നോക്കി.

അപ്പോഴാണ് എനിക്കോർമ്മ വന്നത് ഇന്നലെ ആ നൂറു രൂപ എടുത്തു ആതിരക്കു കടം കൊടുത്തതു. അപ്പൊ പരീക്ഷെടെ കാര്യത്തിൽ ഒരു തീരുമാനമായി. ഇല്ല അങ്ങനെ തൊറ്റ് കൊടുക്കാൻ പറ്റില്ലല്ലോ. ഇനി ലൈൻ ബസ് മാത്രമേ ഉള്ളൂ മുമ്പിൽ.

ലൈൻ ബസിൽ കേറാൻ തന്നെ തീരുമാനിച്ചു. പേടിക്കണ്ട ഫാദീ പേര് നോക്കി കേറിയാ മതി. ആദ്യായിട്ടാണെങ്കിൽ എന്താ, സ്ഥലത്തിന്റെ  പേര് നോക്കി കേറുക. കണ്ടക്ടർക്ക്  പൈസ  കൊടുക്കുക കുന്നിന്റെ താഴെ ഇറങ്ങുക. സൊ സിമ്പിൾ... 

"അതെ ഈ കാട്ടൂർ പോവാൻ എത്ര രൂപയാകും."  മടിച്ചാണെങ്കിലും ഫോണിൽ  സംസാരിച്ചോണ്ടിരുന്ന നമ്മളെ മൊഞ്ജനോട്  ചോദിച്ചു.

"സോറി അറിഞ്ഞൂടാ."  ഒരു ദയയുമില്ലാതെ എന്നോട് പറഞ്ഞിട്ടു ഫോണിലെ  സംസാരം തുടർന്നു. ആള് നല്ല കലിപ്പിലാണ്. അങ്ങേ തലക്കലുള്ള ആളോട് ഇനി നീ വരണ്ട  എന്നൊക്കെ പറയുന്നുണ്ട്.   

"അഞ്ചുരൂപയിൽ കൂടുതൽ ആവില്ലല്ലോ  അല്ലേ???" ഞാൻ വീണ്ടും ഇളിച്ചോണ്ടു ചോദിച്ചു.

അവൻ ഇതെവിടുന്നു വരുന്നെടെ എന്ന രീതിയിൽ എന്നെ നോക്കി.

പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല. 

അപ്പോളാണ് ഒരു ബസ് വന്നത്. മുമ്പിൽ കാട്ടൂർ എന്ന് കണ്ടതും വേഗം കേറാനായി മുമ്പോട്ടു  പോയി.

"ഇത് തന്റെ കോളേജിലേക്കല്ല കാട്ടൂർ ടൗണിലേക്കുള്ളതാ." ഒരു അശരീരി കേട്ട് തിരിഞ്ഞു നോക്കിയപ്പോ നമ്മളെ മൊഞ്ജനാണ്.  

മുന്നോട്ടു വച്ച കാൽ പിന്നോട്ടേക്കു വലിച്ചു
ഞാൻ വീണ്ടും പഴയ സ്ഥാനത്തേക്ക്. ഇവർക്കൊക്കെ ഇതൊക്കെ ഒന്ന് വിശദമായി എഴുതിക്കൂടെ. ആളെ കൺഫ്യൂഷൻ  ആക്കാൻ.

"ദാ ആ വരുന്നത് നിങ്ങടെ കോളേജിനടുത്തേു  പോവും." ദൂരെ നിന്നും വരുന്ന ബസ് കാണിച്ചു അവൻ പറഞ്ഞു.

ഞാൻ അവനോടു ഒരു താങ്ക്‌സും പറഞ്ഞു വേഗം ബസ്സിൽ കേറി. 

സീറ്റ് എല്ലാം ഫുൾ ആയോണ്ട്  മുമ്പിലെ കമ്പി  പിടിച്ചു നിന്നു. പഴ്സിൽ  നിന്നും അഞ്ചു രൂപ എടുത്തു അഹങ്കാരത്തോടെ കയ്യിൽ പിടിച്ചു. 

അടുത്ത് നിന്നിരുന്ന ഒരു ചേച്ചിയോട് കാട്ടൂർക്കു അഞ്ചു രൂപയല്ലേ എന്ന് ചോദിച്ചു.

"അല്ലല്ലോ പത്തു രൂപയാ..." അത് കേട്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ബാഗ് തുറന്നു മൊത്തം നോക്കിയെങ്കിലും പത്തു രൂപ പോയിട്ട് ഒരു പത്തു പൈസ പോലും കിട്ടിയില്ല..

അപ്പോളാണ് കണ്ടക്ടർ  ചേട്ടൻ  അടുത്തേക്ക്  വന്നു ടിക്കറ്റ് എന്ന് പറഞ്ഞത്.

"അതെ ചേട്ടാ, എനിക്ക് കാട്ടൂർക്കാ പോണ്ടത്  എന്റെ കയ്യിൽ അഞ്ചു രൂപയെ ഉള്ളൂ"  ഞാൻ വിക്കി  വിക്കി പറഞ്ഞു.

"അത് കൊള്ളാല്ലോ പൈസ ഇല്ലാണ്ട്  രാവിലെ തന്നെ ഓരോന്ന് ഇറങ്ങിക്കോളും, മനുഷ്യനെ മിനക്കെടുത്താൻ. വേഗം ഇറങ്ങിക്കോ" അയാൾ പിന്നേം എന്തൊക്കെയോ പറഞ്ഞു.

"ചേട്ടാ പ്ളീസ് ബാക്കി ഞാൻ നാളെ തരാം. ഇന്ന് പരീക്ഷയാ, എന്നെ ഇറക്കി വിടരുത് പ്ളീസ്."  ഞാൻ കരയാൻ തുടങ്ങിയിരുന്നു. 

പക്ഷെ അതൊന്നും കേൾക്കാതെ അയാൾ എന്നെ പിടിച്ചു പുറത്തേക്കു തള്ളി. ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു കമ്പിയുടെ മേൽ  പോയി പിടിചു.

തുടരും

Share this story