ഒരു ചില്ലറ പ്രേമം: ഭാഗം 10

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

സങ്കർഷഭരിതമായ കോളേജ് മുറ്റം... ചിതറിയോടുന്ന കുട്ടികൾ... അതിനിടയിൽ നിന്നും ആകാശത്തിലേക്കു ഉയർന്നു ചെളി വെള്ളത്തിലേക്ക് വീഴുന്ന ഒരുത്തൻ. അവനെണീറ്റു ഓടാൻ തുടങ്ങുന്നതിനു മുന്നേ അവനെ പറപ്പിച്ച ആ താടിക്കാരൻ അവന്റെ കഴുത്തിൽ പിടിച്ചു... ''ഇനി ഏതെങ്കിലും പെൺകുട്ടിയുടെ ശരീരത്തിൽ നീ അവളുടെ സമ്മതമില്ലാതെ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും...'' എന്ന് ആക്രോശിച്ചു കൊണ്ട് ആ താടിക്കാരൻ അവനെ ചുരുട്ടിക്കൂട്ടി മൂലയിലേക്കിട്ടു. അപ്പോൾ എവിടെ നിന്നോ വന്നൊരു പെൺകുട്ടി അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു എന്നിട്ടു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ''ഐ ലവ് യൂ ആഷീ...'' എന്നിട്ടവനോടൊപ്പം അവന്റെ ബൈക്കിൽ കേറി പോവുന്നു. ആ ബൈക്കിനു തടസ്സമായി ഒരു പെൺകുട്ടി വന്നു നിന്നു.. ഏ ഇത് ഞാനല്ലേ ഫാദി... പക്ഷെ ആഷി എന്നെ മൈൻഡ് ചെയ്യാതെ ബുള്ളറ്റ് പായിച്ചു. ഞാൻ പിന്നാലെ പോവാൻ ശ്രമിച്ചതും ആ പെൺകുട്ടി കയ്യിലുണ്ടായിരുന്ന എന്തോ വച്ചെന്നേ എറിഞ്ഞു...

ആ എന്നാലറിക്കൊണ്ട് ഞാൻ താഴെ വീണു.. കണ്ണ് തുറന്നു നോക്കിയപ്പോ ഞാൻ ദേ കട്ടിലിന്റെ താഴെ കിടക്കുന്നു... എന്റെ കൂടെ കിടന്നിരുന്ന ജെസ്‌നയും ജെന്നയും ബെഡിൽ എണീറ്റിരുന്നു പന്തം കണ്ട പെരുച്ചാഴികളെ പോലെ നോക്കുന്നു. രണ്ടും ഷഫീക്കാറ്റാന്റെ മക്കളാ. ഇരട്ടകളാ, പക്ഷെ പരട്ട സ്വഭാവമാ എന്നെ പോലെ തന്നെ... ശനിയും ഞായറും ലീവ് ആയോണ്ട് അടിച്ചു പൊളിക്കാമെന്നു കരുതി അവിടെ നിന്നതാ... എന്തോന്നാടീ.. ഇത്രേം വലിയ കട്ടിലിൽ നിന്നും നീ എങ്ങിനെയാ വീണത്?? ജെന്ന അത്ഭുദത്തോടെ ചോദിച്ചു. വീണതല്ലല്ലോ.. എറിഞ്ഞിട്ടതല്ലേ... ഞാൻ പറഞ്ഞു. ആര്...?? രണ്ടാളും അത്ഭുതത്തോടെ ചോദിച്ചു. ആ പിശാശ്.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആരാണൊന്നു തെളിച്ചു പറയെടീ... ജെസ്നയ്ക്കു ദേഷ്യം വന്നു. അവൾ തന്നെ ആ തിലോത്തമ... ഞാൻ ദേഷ്യത്തോടെ പറഞ്ഞു ബെഡിൽ കേറി ഇരുന്നു. ഓ ഇവളെ കൊണ്ട് തോറ്റല്ലോ.. എടാ ആഷി സാറിനു അവൾ വെറും ഫ്രണ്ട് ആയിക്കൂടെ... ജാസ്മിത്തയും അങ്ങനെ പ്രേമം എന്നൊന്നും പറഞ്ഞില്ലല്ലോ..

നാളെ അറിയാലോ.. പിന്നെന്താ... ഞാൻ ആറ്റാന്റെ വീട്ടിലെത്തിയപ്പോ എല്ലാം അവരോടു വള്ളി പുള്ളി വിസർഗം വിടാതെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സിനു ഇളയവരാ.. ഇപ്പൊ ബി.കോം അവസാന വർഷ വിദ്യാർത്ഥികൾ ആണ്. എന്നാലും എന്റെ എല്ലാ കള്ളത്തരത്തിലും കൂടെ നിക്കുന്നവർ.. ഇവർക്ക് മൂത്തൊരു ഇക്കയുണ്ട്, ജുനൈദ്. ജൂനിക്ക കെട്ടി ഒരു കുട്ടിയുണ്ട്. ജൂനിക്കാന്റെ ഭാര്യ ജാസ്മിത്താത്ത നല്ല കൂട്ടാണ് ഞങ്ങളുമായി. പക്ഷെ ഇന്നെന്റെ ഉറക്കം കളഞ്ഞതും അവരെന്നെ... എടാ ആ പെണ്ണിപ്പോ കെട്ടി രണ്ടു പിള്ളേരായിക്കാണും.. ജെസ്‌ന വീണ്ടും എന്നെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു. അങ്ങനെ ആയാൽ കൊള്ളാം... ഇല്ലെങ്കിൽ അവളെന്റെ കൈ കൊണ്ട് ചാവും... എന്നും പറഞ്ഞു ഞാൻ വേഗം ഉറങ്ങാൻ കിടന്നു. കിടന്നിട്ടുറക്കം വന്നേ ഇല്ല... വൈകുന്നേരത്തെ സംഭവങ്ങൾ എന്റെ മനസ്സിലേക്ക് വന്നു. സാർ ബുള്ളറ്റ് റാസ്കൽസിനെ കുറിച്ച് പറഞ്ഞു തുടങ്ങി. അലംമ്പന്മാരായ നാലഞ്ചു പിള്ളേർ ബുള്ളറ്റിൽ വന്നു തല്ലുകൊള്ളിത്തരം കാണിക്കുന്നത് സ്വപ്നം കണ്ട ഞാൻ കേട്ടത് മറ്റൊരു കഥ ആയിരുന്നു.

ആഷി സാർ മെല്ലെ പറഞ്ഞു തുടങ്ങി. ''പ്ലസ് ടു കഴിഞ്ഞും കൂടെ ഉണ്ടായിരുന്നത് നാലുപേർ ആയിരുന്നു. ഷാമി, അജു, ജദ്ദു പിന്നെ അബി. സ്കൂൾ തൊട്ടേ ഞങ്ങൾ ഒരുമിച്ചായിരുന്നു. നട്ടെല്ലിന് ഇച്ചിരി ഉറപ്പു കൂടുതൽ ആയോണ്ട് എന്ത് പ്രശ്നം കണ്ടാലും അതിൽ ഇടപെടുമായിരുന്നു. അത് കൊണ്ട് എസ് എൻ കോളേജിൽ ചേർന്ന ആദ്യ ദിവസം തന്നെ ഞങ്ങൾ സീനിയേഴ്സിന്റെ നോട്ട പുള്ളികൾ ആയി. അവാർഡ് റാഗിങ് ഞങ്ങൾ വക വെച്ച് കൊടുത്തില്ല. പ്രിൻസിപാലിനോട് പരാതി പറഞ്ഞെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. അവർ പറയുന്നത് അനുസരിക്കാതിരുന്നത് കൊണ്ടും പ്രതികരിച്ചത് കൊണ്ടും അവർ ഞങ്ങളെ നല്ലോണം ഉപദ്രവിച്ചു. കോളേജിലെ ചെകുത്താന്മാർ എന്നറിയപ്പെടുന്ന ഗ്യാങ് ആയിരുന്നു അത്. കണ്ണിൽ ചോരയില്ലാത്ത്ത തെണ്ടികൾ... സോറി, ഒരധ്യാപകൻ ഒരു വിദ്യാർത്ഥിയുടെ മുന്നിൽ പറയാൻ പാടില്ലാത്ത വാക്കാണ്... സാർ പറഞ്ഞു. ഏയ് നേരത്തെ സാർ പറഞ്ഞില്ലേ, ചില സന്ദർഭങ്ങളിൽ അത് അനിവാര്യമാണ് സാർ.. വേഗം ബാക്കി പറ...

ഞാൻ ആകാംഷയോടെ പറഞ്ഞു. ആഹാ നല്ല ഇന്റെരെസ്റ്റ് ആണല്ലോ... ഇതൊന്നും പഠിത്തത്തിൽ കാണാറില്ലല്ലോ... സാർ ചിരിച്ചോണ്ട് പറഞ്ഞു. ഓ മനുഷ്യനിവിടെ മുൾമുനയിൽ നിക്കുമ്പോളാണ് ഒരു അവിഞ്ഞ കോമഡി... അല്ല സാർ എനിക്ക് പഠിത്തത്തിലും നല്ല ശ്രദ്ധയാ.. ഞാൻ ഇളിച്ചോണ്ടു പറഞ്ഞു. അത് ഞാൻ കാണാറുണ്ടല്ലോ.. അപ്പൊ നമ്മളെവിടെയാ നിർത്തിയത്, ആ അവരുടെ ശല്യം അല്ലെ... ക്ഷമ കെട്ട ഒരു ദിവസം ഞങ്ങൾ അവർക്കിട്ടു നന്നായി പൊട്ടിച്ചു. അത്രയ്ക്കും അവർ അതിരു വിട്ടിരുന്നു. എല്ലാത്തിനെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഒരു ഡിസ്മ്മിസൽ പ്രതീക്ഷിച്ച ഞങ്ങൾക്ക് പക്ഷെ കിട്ടിയത് അനുമോദനങ്ങളും സമ്മാനങ്ങളുമായിരുന്നു. പ്രിൻസിപ്പൽ പോലും ഞങ്ങളോട് വളരെ നന്നായി എന്ന് പറഞ്ഞു. കാരണം അവിടുള്ള മുക്കാൽ ഭാഗം കുട്ടികളെയും അവർ ഉപദ്രവിച്ചിരുന്നു. പ്രിൻസിപ്പലിനെ അവർക്കു പുല്ലു വില ആയിരുന്നു. അദ്ദേഹം ഞങ്ങളെ വിളിച്ചത് ഗുഡ് റാസ്‌ക്കൽസ് എന്നായിരുന്നു. നല്ല തെമ്മാടികൾ...'' ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു..

''ആഹാ നല്ല പേര്... അതെങ്ങനെ ബുള്ളറ്റ് റാസ്‌ക്കൽസ് ആയി...'' ഞാൻ ചോദിക്കുന്നത് കേട്ടപ്പോ സാറെന്നെ ഒന്ന് നോക്കി. ''അത് തന്നെ അല്ലെ ഞാൻ പറയാൻ പോണത്. താനിങ്ങനെ തോക്കി കേറി വെടി വച്ചാലോ???'' ആഷി സാർ ഗൗരവം നടിച്ചു ചോദിച്ചു.. അത് കള്ള ഗൗരവം ആണെന്ന് മുഖം കണ്ടാൽ അറിയാം. ''സോറി സാർ, ആദ്യമായിട്ടാ ഞാനിങ്ങനെ മിണ്ടാതിരിക്കുന്നെ... അല്ലെങ്കിൽ എല്ലാരോടും അങ്ങോട്ടാണല്ലോ സംസാരിക്കാറ്. അതിന്റെ ഒരു പ്രവേശമാ..'' ഞാൻ പറഞ്ഞു. സാർ ചിരിച്ചോണ്ട് തലയാട്ടി... ''തന്നെ കൊണ്ടു തോറ്റല്ലോ... ആ ശരി തനിക്കു പോണ്ടേ അപ്പൊ വേഗം പറഞ്ഞു തീർത്തേക്കാം.. ഇനി ഇടയ്ക്കു കേറരുത്.'' ''ഇല്ല സാർ'' ഞാൻ തലയാട്ടിക്കൊണ്ടു ഐസ് ക്രീം തീറ്റയിലേക്കു കോൺസെൻട്രേറ്റ് ചെയ്തു. ''ഞങ്ങൾ സ്ഥിരമായി ബുള്ളറ്റിൽ ആയിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. അവർ നാല് പേരും പ്ലസ് ടു പാസ് ആയപ്പോ വീട്ടുകാരെ കൊണ്ട് വാങ്ങിപ്പിച്ചതാ. എനിക്ക് പിന്നെ ഇക്ക ദുബായിലേക്ക് പോയപ്പോ ഇക്കാന്റെ ബുള്ളറ്റ് കിട്ടി. ഞങ്ങൾ ദിവസവും ബുള്ളറ്റിൽ വരുന്നോണ്ട് പിന്നെ എല്ലാരും ഞങ്ങളെ ബുള്ളറ്റ് റാസ്‌ക്കൽസ് ആക്കി...

അതോടെ സീനിയേഴ്‌സ് ഒക്കെ പത്തി മടക്കി. കോളേജിൽ എവിടെ ആർക്കു പ്രശ്നങ്ങൾ ഉണ്ടായാലും അവർ ഞങ്ങളെടുത്തു വന്നു പറയാൻ തുടങ്ങി. ഞങ്ങളത് നീറ്റായി അടിച്ചൊതുക്കി കൊടുത്തു. റാഗിങ് കോളേജിൽ നിന്നും അപ്രത്യക്ഷം ആയി.. '' സാർ പറഞ്ഞു. ''മൊത്തത്തിൽ പറഞ്ഞാൽ സാർ ഒരു ഭൂലോക അലമ്പായിരുന്നല്ലേ..'' ഞാൻ താടിക്കു കയ്യും കൊടുത്തു അത് പറഞ്ഞപ്പോ സാർ പൊട്ടിച്ചിരിച്ചു. ആദ്യമായാണ് സാറങ്ങനേ ചിരിക്കുന്നത് ഞാൻ കാണുന്നത്. ഉഫ് എന്റെ സാറേ... എനിക്ക് വയ്യ.. എല്ലാം കൂടി കേട്ട് മനുഷ്യന്റെ കണ്ട്രോൾ പോയി നിക്കുമ്പോഴാ ഈ ചിരിയും.. ഓടിപ്പോയി കെട്ടിപ്പിടിച്ചു ഈ അലമ്പന്റെ കൂടെ ജീവിത കാലം മുഴുവൻ കൂട്ടുമോന്നു ചോദിക്കാൻ തോന്നിപ്പോയി. പക്ഷെ കണ്ട്രോൾ ദൈവം കാത്തു. ''എന്താടോ ഇങ്ങനെ നോക്കുന്നെ...'' സാർ ചോദിച്ചപ്പോളാണ് എനിക്ക് ബോധം വന്നേ. ''ഏയ് ഒന്നൂല്ല ഞാനതൊക്കെ ഒന്ന് മനസ്സിൽ കാണുവായിരുന്നു.'' ഞാൻ പറഞ്ഞു. ''ഇപ്പൊ മനസ്സിലായില്ലേ ആദ്യമായി കാണുന്ന ആരെയും കേറി പ്രൊപ്പോസ് ചെയ്യരുതെന്ന്...''

സാറങ്ങാനേ പറഞ്ഞപ്പോ എനിക്ക് ഷോക്ക് അടിച്ചത് പോലെ തോന്നി. ഞാനന്ന് പറഞ്ഞതിനെ പറ്റി സാറൊരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ആദ്യമായി ഇങ്ങനെ പറഞ്ഞപ്പോ എന്തോ പോലെ തോന്നി. ''ഇല്ല സാർ, ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയെ സ്വന്തം ചിലവിൽ സുരക്ഷിതമായി കോളേജിൽ എത്തിച്ച ആളെ ഏതു പെണ്ണായാലും പ്രൊപ്പോസ് ചെയ്തു പോവും സാർ... എല്ലാരും കരുതുന്ന പോലെ ഒരു പെണ്ണ് അവളുടെ ഭർത്താവായി വരുന്ന ആളിൽ ആഗ്രഹിക്കുന്നത് സൗന്ദര്യമോ പണമോ അല്ല മരിച്ചു സ്നേഹവും കരുതലും സുരക്ഷിതത്വവും ആണ്. ഏതൊരു അവസ്ഥയിലും അവളെ കൈ വിടാതെ കൂടെ നിർത്തി സംരക്ഷിക്കുന്നവൻ..'' ഞാൻ പറഞ്ഞു. എനിക്ക് തന്നെ എന്റെ വാക്കുകളിൽ അഭിമാനം തോന്നിപ്പോയി.. ഷോ ഫാദീ നിനക്കിങ്ങനൊക്കെ സംസാരിക്കാൻ അറിയോ.. സാറിനു തന്നെ അത്ഭുതമായെന്നു തോന്നുന്നു. ''ആ ആൾ ജയിലിൽ കിടന്നിട്ടുണ്ടെങ്കിലോ???'' സാർ പുഞ്ചിരിച്ചോണ്ടു ചോദിച്ചു. ''സത്യം...'' സന്തോഷത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടു സാറെന്നെ അന്തം വിട്ടു നോക്കി...

''ഞാനൊരു മോഹൻലാൽ ഫാൻ ആണ് സാർ, അദ്ദേഹത്തിന്റെ സിനിമയിലൊക്കെ നല്ല കാര്യങ്ങൾക്കൊക്കെ വേണ്ടി തല്ലു പിടിച്ചു അദ്ദേഹം ജയിലിൽ കിടക്കുന്നതു കണ്ടപ്പോളേ വിചാരിച്ചതാ അത് പോലെ നന്മക്കു വേണ്ടി പട പൊരുതി ജയിലിൽ കേറിയ ഏതേലും കലിപ്പൻ തെമ്മാടിയെ മാത്രമേ കെട്ടുള്ളൂന്നു...'' പറഞ്ഞു കഴിഞ്ഞപ്പോളാണ് ഞാനെന്താ പറഞ്ഞതെന്ന് ഓർത്തത്... സാറെന്നെ നോക്കുന്നത് നോട്ടം കണ്ടപ്പോ അത് വളർത്താനാണോ അതോ കൊല്ലാനാണോന്നു എനിക്ക് മനസ്സിലായില്ല. ''സോറി സാർ ഞാൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ...'' ഞാൻ പറഞ്ഞു. ''തനിക്കു സഹോദരങ്ങൾ ഇല്ലല്ലോ... ഒറ്റ പീസ് അല്ലെ... വളരെ നന്നായി.. ഇത് പോലെ ഒരെണ്ണം കൂടി ഭൂമിക്കു താങ്ങില്ല... വെറുതെ അല്ല സുനാമി ഒക്കെ വന്നത്.'' ആഷി സാർ പറഞ്ഞ കേട്ടപ്പോ ഞാൻ ചിരിച്ചു. ''അല്ല സാറെന്തിനാ ജയിലിൽ കിടന്നതു???'' ഞാൻ ചോദിച്ചതും സാറിന്റെ മുഖം മാറി. ''അത് പിന്നെ...'' സാർ പറയാൻ തുടങ്ങിയതും എന്റെ ചെവിയിൽ ഒരു പിടുത്തം വീണതും ഒരുമിച്ചായിരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story