ഒരു ചില്ലറ പ്രേമം: ഭാഗം 11

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''ആഹ്'' എന്നും അലറി ഞാൻ എണീറ്റ് തിരിഞ്ഞു നോക്കി. ''ഷഫീക്കാറ്റ..'' ഞാൻ അറിയാതെന്നെ പറഞ്ഞു പോയി. ''എത്ര നേരായീന്നു വല്ല ബോധവും ഉണ്ടോ. അവിടെ എല്ലാരും പേടിച്ചിരിക്കുവാണ്.. നിന്റെ ഉമ്മ എത്ര ടെൻഷൻ അടിച്ചു നിക്കാണെന്നു അറിയോ.. ആ ഫോൺ ഒന്നെടുത്താൽ എന്താ... എല്ലാരും കൂടി നിന്നെ നോക്കാൻ ഇറങ്ങിയതായിരുന്നു. ഒരു വിധത്തിൽ ലാരേം വീട്ടിലാക്കീട്ടാ ഞാൻ വന്നേ.. അപ്പൊ അവള് ഐസ്ക്രീമും തിന്നോണ്ടിരിക്കുവാ... നിന്നെ..." പറഞ്ഞത് മുഴുവൻ ആക്കാൻ വിടാതെ ആറ്റാന്റെ വായ ഞാൻ കൈ കൊണ്ട് അടച്ചു പിടിച്ചു.. ''ഓരോന്നോരോന്നായി പറ.. അല്ലെങ്കി ശ്വാസം മുട്ടി ചത്ത് പോവും. ഫോൺ സൈലന്റിൽ ആയിപ്പോയി. ഞാനിതാ ഇറങ്ങുവാൻ നിക്കുവാരുന്നു.'' ഞാൻ പറഞ്ഞിട്ടു ''ചുമ്മാ'' എന്ന് സാറിനെ നോക്കി കണ്ണടച്ച് കാണിച്ചു. സാർ നിന്നു ചിരിച്ചു.. എന്റെ സാറേ ആ ചിരി... ''ഇനി നീ റോഡ് ക്രോസ്സ് ചെയ്യുമ്പോ വല്ല വണ്ടിയെയും മറിച്ചിട്ടോന്നറിയാൻ റോഡിലൊക്കെ പോയി നോക്കീട്ടാ ഞാൻ വരുന്നേ..'' അത് കേട്ടതും ആഷി സാർ ചിരിച്ചു.

എനിക്ക് ദേഷ്യം വന്നു. അപ്പോളാണ് ഷഫീക്കാറ്റ ആഷി സാറിനെ കണ്ടത്.. ആറ്റ വേഗം പോയി സാറിനു കൈ ുത്തു കെട്ടിപ്പിടിച്ചു ''അസ്സലാമുഅലൈക്കും'' എന്ന് പറഞ്ഞു. സാറ് തിരിച്ചു ''വലയ്ക്കുമുസ്സലാം'' എന്ന് പറഞ്ഞു. ''ആറ്റാക്ക് അറിയോ ഇതാരാണെന്നു''.. അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോ ചോദിച്ചു. ''ഇല്ലിന്റെ സാർ ആയിരിക്കുമല്ലോ...'' ആറ്റ പറഞ്ഞു. ''അതെങ്ങനെ അറ്റാക്ക് മനസ്സിലായി.'' ഞാൻ ചോദിച്ചു. ''അത് പിന്നെ നിന്റെതു പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥലമല്ലേ.. അപ്പൊ പിന്നെ സാറായിരിക്കുമെന്നു തോന്നി..'' ആറ്റാക്കു ഇനി സാറിനെ അറിയുമായിരിക്കുമോ.. ഏയ് ഇല്ല. അല്ലെങ്കി തന്നെ ഇവര് തമ്മിൽ എങ്ങനെ അറിയാനാ, ഉപ്പാക്ക് പോലും അറിയില്ല ആഷി സാറിനെ അറിയില്ല. ''നിങ്ങടെ കെട്ടിപ്പിടിത്തമൊക്കെ കണ്ടാൽ തോന്നുമല്ലോ രണ്ടാളും തമ്മിൽ നല്ല പരിചയമുണ്ടെന്നു..'' ഞാൻ സംശയത്തോടെ ചോദിച്ചു.

''ഓ പിന്നെ... ഓളൊരു സി ഐ ഡി വന്നിരിക്കുന്നു. ഞാനിപ്പോ ആ ജംഗ്ഷനിൽ പോയിട്ടാ വരുന്നേ. നിന്റെ ഫോട്ടോ കാണിച്ചു നിന്നെ ആരെങ്കിലും കണ്ടോന്നു ചോദിച്ചു. അപ്പൊ ഒരാൾ പറഞ്ഞു തന്നു നീ റോഡ് മുറിച്ചു കടക്കാൻ നോക്കിയതും നിന്റെ സാർ നിന്നെ രക്ഷിച്ചതും നിങ്ങളവിടുന്നു ഒരുമിച്ചു വന്നതുമെല്ലാം... സാറിന്റെ മുന്നിൽ വച്ച് നാണം കെടുത്തണ്ട വിചാരിച്ചു പറയാതിരുന്നതാ. പോത്തു പോലെ ആയിട്ടും റോഡ് മുറിച്ചു കടക്കാൻ അറിയില്ല അവൾക്കു. നിന്നെ ഞാൻ പഠിപ്പിച്ചു തരുന്നുണ്ട് .'' അത് പറഞ്ഞപ്പോ ആറ്റാക്കു കുറച്ചു ദേഷ്യം വന്നോ മുഖത്ത്.. ഏയ് ഇല്ല അല്ലെ... ഇല്ല വന്നു.. മുഖം കണ്ടാൽ അറിയാം നാളെ രാവിലെ തന്നെ എന്നെ റോഡ് ക്രോസ് ചെയ്യാൻ പഠിപ്പിക്കുമെന്നു... സാറിന്റെ മുന്നിലും ചമ്മി.. വല്ല ആവശ്യവും ഉണ്ടായിരുന്നോ... മോളിലൂടെ പോയ പണി ഏണി വച്ച് പിടിച്ചു. ''ഏയ് അങ്ങനെ കാര്യായിട്ടൊന്നുമില്ല, ഒരു ചെറിയ ബോധമില്ലായ്മ..'' ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു പറഞ്ഞു... ''അത് നിനക്ക് പണ്ടേ ഇല്ലല്ലോ...'' അത് കേട്ടപ്പോ ആഷി സാർ വീണ്ടും ചിരിച്ചു..

ഞാൻ സാറിനെ നോക്കി പേടിപ്പിച്ചു. ഇത്ര മാത്രം എന്താ കിണിക്കാൻ... ഇവിടാരെങ്കിലും കോമഡി ഷോ നടത്തുന്നുണ്ടോ.. ''എന്നാ ശരി ഞാൻ പോട്ടെ...'' ആഷി സാർ ഞങ്ങളോട് പറഞ്ഞിട്ട് അവിടുന്ന് നടന്നു. ഞാൻ ആറ്റാന്റെ കാറിൽ ഓരേ വീട്ടിലേക്കും.. പോവുമ്പോ സാർ ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ടോന്നറിയാൻ ഞാനവിടെ തന്നെ നിന്നു. ഇല്ല സാർ നോക്കിയില്ലാന്നു മാത്രമല്ല ഒരു ഓട്ടോയിൽ കേറി വേഗം പോവേം ചെയ്തു. എനിക്ക് ശെരിക്കും സങ്കടായി.. ആറ്റ കാറിൽ കേറിയ മുതൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സ് മുഴുവൻ ബുള്ളറ്റ് റാസ്‌ക്കൽസും ആഷിയും ആയിരുന്നു. എന്തിനായിരിക്കും ആഷി സാർ ജയിലിൽ പോയതെന്നറിയാനിട്ടു വട്ടാവുന്ന പോലെ തോന്നി. ആറ്റാന്റെ വീട്ടിലെത്തി കാറിന്നിറങ്ങിയതും ഉമ്മ ഓടി വന്നു. ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും മൊത്തം ഒന്ന് നിരീക്ഷിച്ചു അത് ഉറപ്പു വരുത്തിയിട്ട് തലക്കൊരു കൊട്ട് തന്നിട്ടാണ് ഉമ്മ എന്നെ വിട്ടത്. ഞാൻ നേരെ വീട്ടിലേക്കു കേറി, അപ്പോളേക്കും എല്ലാരും എത്തിയിരുന്നു.

ഉമ്മാന്റെ ഇത്ത അനിയൻ അവരുടെ കുടുംബം എല്ലാം കൂടി ഒരു പട തന്നെ ഉണ്ട്. ഉമ്മാന്റെ ഇത്ത ജമീല മൂത്തുമ്മക്കും സിറാജ് മൂത്താപ്പാക്കും രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ്. അതിൽ മൂത്ത ആൺകുട്ടിയും രണ്ടു പെൺകുട്ടികളും കല്യാണം കഴിഞ്ഞു ഫാമിലി ആയി ദുബായിൽ ആണ്. ഇപ്പൊ കൂടെ പ്ലസ്ടൂനു പഠിക്കുന്ന ലാസ്റ്റത്തെ മോൻ വസീം മാത്രേ ഉള്ളു. മൂത്താപ്പ ദുബായിലെ ജോലി മതിയാക്കി നാട്ടിൽ വന്നിട്ട് ഇപ്പൊ മൂന്നു വര്ഷം ആവുന്നു. ഉമ്മാന്റെ അനിയൻ ജദീർക്കാകും ഭാര്യ സലീനമ്മായിക്കും രണ്ടു ആൺകുട്ടികളാണ്, സൈഫും സൈദും.. സൈഫ് അഞ്ചിലും സൈദ് മൂന്നിലും പഠിക്കുന്നു. രണ്ടും തമ്മിൽ കണ്ടാൽ അപ്പൊ അടിയാണ്. ആര് പറഞ്ഞാലും കേൾക്കില്ല. ഇങ്ങോട്ടു വാ എന്ന് പറഞ്ഞാൽ അങ്ങോട്ട് പോവുന്ന സ്വഭാവം.. പക്ഷെ ഞാൻ പറയുന്നത് കേൾക്കും. കാരണം എല്ലാ കുരുത്തക്കേടിനും കൂട്ട് ഞാൻ ഉണ്ടാവും. അകത്തു കേറിയതും സൈഫും സൈദും ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.

അവരോടിച്ചിരി കിന്നാരം പറഞ്ഞു അടുക്കളയിലേക്കു പോയപ്പോ എല്ലാരും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ്. ''ആഹ് എന്റെ മോളൂട്ടീ വന്നോ???'' എന്നും പറഞ്ഞു ഷഫീക്കാറ്റാന്റെ ഭാര്യ സഫിയമ്മായി വന്നെന്നെ കെട്ടിപ്പിടിച്ചു. അമ്മായിക്കെന്നെ വല്യ കാര്യമാണ്. എന്നെ മോളൂട്ടീ എന്നെ വിളിക്കൂ... അതിൽ ജെസ്നയ്ക്കും ജെന്നക്കും ഇച്ചിരി കുശുമ്പില്ലാണ്ടില്ല.. ''ആഹ് വന്നു... ഷബിതാത്താന്റെ പ്രാർത്ഥന ഉള്ളോണ്ട് വന്നു, അല്ലെങ്കി അവിടെ റോഡീന്നു വടിച്ചെടുക്കേണ്ടി വന്നേനെ...'' ജദീർകാക്കയാണ്, എന്റെ ആജന്മ ശത്രു. എനിക്ക് പാര വെക്കാനല്ലാണ്ട് വായ് തുറക്കില്ല. പക്ഷെ എന്നെ എല്ലാരെക്കാളും ഇഷ്ട്ടം ജദീർക്കക്ക് ആണ്. പിന്നെ ഇവിടെ പറഞ്ഞ ഷബിത്താത്ത എന്ന ഷബീന എന്റെ പൊന്നുമ്മയാണ്. ജദീർക്ക എല്ലാർക്കും നടന്നതൊക്കെ വിശദീകരിച്ചു പറഞ്ഞു കൊടുത്തു. മതിയല്ലോ, അവിടെ കാടായിയിൽ കിടന്നു ചിക്കൻ ഫ്രൈ കരിഞ്ഞതോ ഓടിന്റെ മോളിൽ പത്തിരി കരിഞ്ഞതോ ആരും കണ്ടില്ല. എല്ലാരും എന്റെ പിന്നാലെ ആയിരുന്നു.

''അൽഹംദുലില്ലാഹ്... എന്റെ റബ്ബേ, എന്റെ മോൾക്കൊന്നും വരുത്താതിരുന്നതിനു ഒരുപാട് നന്ദി.'' മൂത്തുമ്മ മൂക്ക് പിഴിയാൻ തുടങ്ങി. ''ഉപ്പ സ്ഥലത്തില്ലെങ്കിൽ എന്താ നിനക്ക് എന്നെയോ ജദീറിനെയോ വിളിച്ചൂടായിരുന്നോ??? നിനക്കെന്തെലും പറ്റിപ്പോയ പിന്നെ ഷബീനയും ഫസലും എന്ത് ചെയ്യുമെന്ന് ഓർത്തിട്ടുണ്ടോ???'' ചോദിച്ചത് നമ്മളെ സ്വന്തം ഷഫീക്കാറ്റ... പിന്നിൽ നിറകണ്ണുകളുമായി ഭദ്രകാളി ലുക്കിൽ നേരത്തെ പറഞ്ഞ ഷബീനയും... ശരി ആണല്ലോ അവരെ വിളിച്ച പോരായിരുന്നോ... എന്താ ആ ബുദ്ധി തോന്നാനെ.. ''അതിനിപ്പോ എനിക്കൊന്നും പറ്റിയില്ലല്ലോ...'' ഞാൻ പോയി മൂത്തുമ്മനെ കെട്ടിപ്പിടിച്ചോണ്ടു പറഞ്ഞു. അതാണ് സേഫ് സ്ഥലം.. വേറെ എവിടെ പോയാലും അടി ഉറപ്പാ.. മൂത്തുമ്മാന്റടുത്തു വന്നു ഉമ്മ പോലും എന്നെ തല്ലില്ല... ''ആഹ് ആ ആഷി സാർ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു..'' ജദീർക്ക പറഞ്ഞു. ഇവർ എരിതീയിൽ എണ്ണയല്ല പെട്രോൾ ഒഴിക്കുവാണല്ലോ പടച്ചോനെ. ''സാർ വന്നില്ലെങ്കിലും എന്നെ പടച്ചോൻ ഏതെങ്കിലും രീതിയിൽ രക്ഷിക്കുമായിരുന്നു..

ആഷി സാർ അല്ലെങ്കിൽ വേറെ ആരെങ്കിലും വന്നേനെ..'' ഞാൻ ജദീർക്കാനേ നോക്കി പറഞ്ഞു. ''ആഹ് വരും സൂപ്പർമാൻ...'' ജദീർക്ക പറഞ്ഞതും എല്ലാരും ചിരിച്ചു. ''ഇനി ഇതും പറഞ്ഞു എന്റെ കുട്ടീനെ ആരും ഒന്നും പറയണ്ട. മോള് പോയി ഡ്രസ്സ് മാറി വാ..'' ഞാൻ ജദീർക്കാനേ നോക്കി കൊഞ്ഞനം കാട്ടി ഓടി.. റൂമിലേക്ക് കേറുമ്പോ ജെസ്‌നയും ജന്നയും എന്തോ എഴുതുവാണ്‌.. ഡോർ തുറക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയാ രണ്ടാളും എന്നെ കണ്ടു.. ''ആഹാ വന്നല്ലോ വനമാല.. എന്തായിരുന്നു ഇന്നത്തെ പുകില്..'' ജസ്‌ന ചോദിച്ചു. ഞാൻ വരുമ്പോ എപ്പോളും എന്തേലും കൊനിഷ്ട്ടു ഒപ്പിക്കാറുള്ളത് കൊണ്ട് അവർക്കതൊക്കെ ശീലമായി. അത് കൊണ്ടാണ് അവർ പുറത്തു വരാതിരുന്നേ... ''ഓ ഒന്നൂല്ല, ഒരു സില്ലി കാറ് മുട്ടാൻ വരലും സില്ലി ബോധം കെടലും.. പിന്നൊരു സില്ലി രക്ഷപ്പെടുത്തലും..'' എന്നും പറഞ്ഞു ഞാൻ ഉമ്മ കൊണ്ട് വച്ച എന്റെ ഡ്രസ്സ് എടുത്തു ബാത്റൂമിലേക്കു കേറി. കാരണം അത് കേട്ടാ രണ്ടും കണ്ണും തള്ളി എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു.

''ഏ എന്താ പറ്റിയെ?? ആരാ രക്ഷിച്ചേ???'' എന്നൊക്കെ ചോദിച്ചു രണ്ടും ബാത്റൂമിന്റെ ഡോറിൽ മുട്ടാൻ തുടങ്ങി. ഞാൻ ചിരിച്ചോണ്ട് മെല്ലെ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തിറങ്ങുമ്പോളെക്കും രണ്ടാളും ബുക്കൊക്കെ എടുത്തു വച്ച് കഥ കേൾക്കാൻ റെഡി ആയി നിക്കുന്നുണ്ടായിരുന്നു. ''എന്താടീ പഠിത്തമൊക്കെ കഴിഞ്ഞോ???'' ഞാൻ അവരെ മൈൻഡ് ചെയ്യാതെ മുടി തുവർത്തി കൊണ്ട് ചോദിച്ചു. ''ആ അതൊക്കെ കഴിഞ്ഞു. തിങ്കളാഴ്ച ഒരു പ്രൊജക്റ്റ് കൊടുക്കാൻ ഉണ്ട്. നിങ്ങ വരുന്നെന്നു മുന്നേ തീർക്കാൻ വേണ്ടി ഇരുന്നതാ.. നാളേം മറ്റന്നാളും നമുക്ക് അടിച്ചു പൊളിക്കണ്ടേ.. അതോണ്ട് വേഗം തീർത്തു..'' ജെന്ന പറഞ്ഞു. ഞാൻ ഇനി തിങ്കളാഴ്ചയെ പോവുള്ളു തിരിച്ചെന്നു അവർക്കറിയാം. ''ഇനി പറ എന്താ ഉണ്ടായേ???'' രണ്ടിനും ആകാംഷ സഹിക്കുന്നില്ല... ''നല്ല മണം വരുന്നുണ്ടല്ലോ??? എന്താണോ എന്തോ..'' എന്നും പറഞ്ഞു ഞാൻ തട്ടമെടുത്തിട്ടു പുറത്തേക്കിറങ്ങി. പിന്നാലെ രണ്ടും വന്നു. ഞാൻ നേരെ അടുക്കളയിലേക്കു പോയി. ഐസ് ക്രീം കഴിച്ചോണ്ടു ആദ്യം വിശപ്പൊന്നും തോന്നിയില്ലെങ്കിലും അടുക്കളയിൽ നിന്നും വന്ന മണം കാരണം വിശപ്പ് കൂടി...

അപ്പൊ മൂത്തുമ്മ വന്നു ഒരു പ്ലേറ്റ് എന്റെ കയ്യിൽ തന്നു. അതിൽ ഉന്നക്കായും കല്ലുമ്മക്കായും കട്ലെറ്റും സമൂസയും ചട്ടിപ്പത്തിരിയുമെല്ലാം നിറഞ്ഞു കിടന്നു. എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. ആക്രാന്തം കാരണം ഏതു ആദ്യം കഴിക്കും എന്ന് കൺഫ്യൂഷൻ ആയി. ആദ്യം തന്നെ കല്ലുമ്മക്കായ എടുത്തു തിന്നു. നല്ല ചൂടും എരിവുമൊക്കെ ആയി, ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി.. ഞാനൊരൊന്നും ആസ്വദിച്ചു കഴിച്ചു. ജെസ്‌നയും ജെന്നയും വന്നെന്റെ കയ്യിൽ പിടിച്ചു വലിച്ചു വീടിന്റെ പിറകിലേക്ക് നടന്നു. വീടിന്റെ പിറകിൽ കുറച്ചു നടന്നാൽ പുഴ ആണ്. ഞാവരെന്നേം കൊണ്ട് അങ്ങോട്ട് നടന്നു. ഞങ്ങളവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ ഇരുന്നു. പുഴ ആസ്വദിക്കാൻ ഉണ്ടാക്കിയതാണ് ആ ഊഞ്ഞാൽ. അപ്പോളും ഞാൻ എന്റെ തീറ്റ തുടർന്നു.. അവർ രണ്ടാളും എന്റെ മുഖവും നോക്കി ഇരിക്കുന്നു. എന്നെ കാണാൻ ഇത്ര ഭംഗി ഉണ്ടോ... എന്നിട്ടാണോ ആ ചില്ലറപ്പൈസ എന്നെ ഇന്ന് തിരിഞ്ഞു നോക്കാതെ ഓട്ടോയിൽ കേറി പോയത്..

''എനിക്കെരിയുന്നു..'' ഞാൻ പറഞ്ഞു. അത് പ്രതീക്ഷിച്ച പോലെ ജെന്ന കയ്യിലുണ്ടായിരുന്ന മാങ്ങ ജ്യൂസിന്റെ ബോട്ടിൽ എന്റെ കയ്യിൽ തന്നു. അതെനിക്ക് സലീനമ്മായി ഉണ്ടാക്കി വെച്ച സ്പെഷ്യൽ ആണ്. ഞാനതും കുടിച്ചു എണീട്ടപ്പോ രണ്ടും എന്നെ കേറി പിടിച്ചു.. ''ഒന്ന് കൈ കഴുകട്ടെന്നു...'' പറഞ്ഞു തീരുമ്പോളേക്കും ഒരു ബോട്ടിലെ വെള്ളം ജെസ്‌ന എടുത്തു. ഞാൻ കൈ കഴുകി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ മെല്ലെ സംസാരിക്കാൻ തുടങ്ങി.. മാസങ്ങൾക്കു മുന്നേ ആഷി സാറിനെ ബസ് സ്റ്റോപ്പിൽ കണ്ടത് മുതൽ ഇന്ന് ഷഫീക്കാറ്റ വരുമ്പോ സംസാരിച്ച കാര്യം വരെ അവർക്കു പറഞ്ഞു കൊടുത്തു. രണ്ടെണ്ണവും കണ്ണും ചെവിയും കയ്യിൽ പിടിച്ചാ ഇരിക്കുന്നെന്നു തോന്നിപ്പോവും കണ്ടാൽ. ''ഹോ ഇത്രേം സംഭവിച്ചിട്ടു ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ...'' അവർ പരിഭവം പറഞ്ഞു. ഞാൻ ഒന്ന് തുമ്മിയാൽ പോലും അവരോടു പറയാറുണ്ട്. ''അത് പിന്നെ നിങ്ങൾ വെക്കേഷന് ദുബായ് പോയി നിന്നോണ്ടല്ലേ..'' ഇപ്പ്രാവശ്യം വെക്കേഷന് രണ്ടും ജുനൂക്കന്റേം ജാസ്മിത്തന്റേം കൂടെ ആയിരുന്നു. ഞാനും പോവണ്ടതായിരുന്നു..

നമ്മളെ യൂണിവേഴ്സിറ്റിക്കാർക്കു കൃത്യനിഷ്ട കൂടുതൽ ആയോണ്ട് എനിക്ക് പോവാൻ പറ്റിയില്ല. പിന്നെ ഉമ്മാനേം ഉപ്പാനേം വിട്ടു പോവാൻ താല്പര്യമില്ല എന്നുള്ളത് വേറൊരു നഗ്ന സത്യം.. ''അപ്പൊ എന്തിനായിരിക്കും ആഷി ഇക്ക ജയിലിൽ കിടന്നേ...'' ജെന്ന ചോദിച്ചു. ''അതറിയാൻ പോവുമ്പോളാ നിന്റെ ഉപ്പ എവിടെന്നോ പൊട്ടി മുളച്ചത്.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''അല്ലെങ്കിലും ഉപ്പാക്ക് തീരെ ടൈമിംഗ് ഇല്ല.'' ജെസ്‌ന പറഞ്ഞു. ''ഷേ അതെങ്ങനെയാ ഇനി അറിയാ..'' ജെന്ന ചോദിച്ചു. ''തിങ്കളാഴ്ച സാറിനോട് ചോദിക്കാലോ..'' ജെസ്‌ന പറഞ്ഞു. ''പിന്നെ... കോളേജിൽ വച്ച് ഇതുവരെ ബസ് സ്റ്റോപ്പിലെ കാര്യം പോലും സംസാരിച്ചിട്ടില്ല. അപ്പോളല്ലേ ഇത്..'' ഞാൻ പറഞ്ഞു ''പിന്നെങ്ങനെ അറിയും.. എസ് എൻ കോളേജ് അല്ലെ..'' ജെന്ന തല പുകഞ്ഞു ആലോചിച്ചു.. ''എസ് എൻ കോളേജ്... അതെ എസ് എൻ കോളേജ്..'' ജെസ്‌ന എണീറ്റ് തുള്ളി. ''എന്തോന്നാടീ വട്ടായോ??'' ഞാനും ജെന്നയും ചോദിച്ചു. ''വട്ട് നിങ്ങളെയൊക്കെ വലിയുപ്പാക്ക്.. എസ് എൻ കോളേജിൽ പഠിച്ച രണ്ടാളെ നമ്മക്കറിയാം...''

ജെസ്‌ന പറഞ്ഞപ്പോ ഞാനും ജെന്നയും അതാരെന്നു ആലോചിച്ചു.. ''ആഹ് ജുനു ഇക്കയും ജാസ്‌മിത്തയും''... ഞങ്ങൾ ഒരുമിച്ചു പറഞ്ഞു. എണീറ്റ് അകത്തേക്കോടി... ജുനു ഇക്കാനോടു ചോദിക്കാൻ പറ്റില്ല. ജാസ്‌മി ഇത്ത ഡിഗ്രിയും പിജിയും അവിടെയാ പഠിച്ചേ.. രണ്ടു കൊല്ലം അവിടെ പഠിപ്പിച്ചിട്ടും ഉണ്ട്. അതിനു ശേഷമാ ജുനുക്കാനെ കല്യാണം കഴിച്ചു ദുബായിലേക്ക് പോയത്. ഞങ്ങളോടി പോയി നോക്കിയപ്പോ ഇത്ത ജെയ്‌ഷ മോളെ ഉറക്കാൻ റൂമിലേക്ക് പോവുന്നു. വേഗം പിന്നാലെ പോയി റൂമിൽ കേറി ഡോർ അടച്ചു. ഞങ്ങളെ മൂന്നാളുടേം നിപ്പും ഭാവവുമൊക്കെ കണ്ടപ്പോ ഇത്താക്ക് എന്തോ കാര്യം സാധിക്കാനാണെന്നു മനസ്സിലായി. ജെയ്‌ഷ മോൾ ഏകദേശം ഉറങ്ങിയിരുന്നു. അത് കൊണ്ട് ഞങ്ങളോട് മിണ്ടാതെ അപ്പുറത്തെ റൂമിലേക്ക് പോവാൻ പറഞ്ഞു. ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അപ്പറത്തെ റൂമിൽ പോയി ജാസ്‌മിത്ത വരാൻ കാത്തിരുന്നു. ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോ ഇത്ത റൂമിലേക്ക് കേറി. ജെന്ന പോയി വേഗം ഡോർ അടച്ചു. ഞാൻ ഇത്തയെ പിടിച്ചു എന്റെ അടുത്തിരുത്തി.

''എന്താ കാര്യം..'' ഇത്ത ചോദിച്ചു. വളച്ചു കെട്ടൊന്നും ഇല്ലാതെ ഞാൻ കാര്യമങ്ങു പറഞ്ഞു. ''ഇത്താക്ക് ബുള്ളറ്റ് റാസ്കൽസിനെ അറിയോ??? ബുള്ളറ്റ് ആഷിയെ അറിയോ??'' എന്റെ ചോദ്യം കേട്ടതും ഇത്ത ഞങ്ങളെ മൂന്നാളെയും മാറി മാറി നോക്കി. ''അറിയാം.. പക്ഷെ നിങ്ങക്കെങ്ങനെ അവരെ പറ്റി അറിയാം?'' ഇത്ത ചോദിച്ചപ്പോ ഞങ്ങൾ പരസ്പ്പരം നോക്കി ചിരിച്ചു. ഇത്ത ഞങ്ങൾക്ക് ഫ്രണ്ടിനെ പോലെ ആയിരുന്നു. അതോണ്ട് ഒന്നും മറച്ചു വെക്കാതെ ഞാൻ എല്ലാം ഇത്താനോട് പറഞ്ഞു. ഇത്ത മൂക്കത്തു വിരലും വച്ച് ഇരുന്നു പോയി. പിന്നെ പറയാൻ തുടങ്ങി. ''ആഷിയെ എനിക്കറിയാം.. നല്ല പോലെ അറിയാം എന്റെ സീനിയർ ആയിരുന്നു." എന്നിട്ടു ഇത്ത ഓരോന്ന് പറയാൻ തുടങ്ങി. പക്ഷെ അതൊക്കെ സാർ എന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. "ഇതൊക്കെ ഞങ്ങൾക്കറിയാം.. ആഷി സർ എന്തിനാ ജയിലിൽ പോയെ എന്നാ അറിയേണ്ടത്???" ഞാൻ ചോദിച്ചു "അത് അവൾക്കു വേണ്ടി ആയിരുന്നു??" ഇത്ത പറഞ്ഞു. "ആർക്കു വേണ്ടി??" ഞങ്ങൾ മൂന്നാളും ഒരുമിച്ചു ചോദിച്ചു. "ജംഷിക്കു വേണ്ടി..." ഇത്ത പറഞ്ഞു. "ആർക്ക്????" ഞങ്ങൾ ചോദിച്ചു. ''അവൾക്കു വേണ്ടി.. ജംഷീറയ്ക്കു വേണ്ടി...'' എന്ന് ഇത്ത പറഞ്ഞപ്പോ നെഞ്ചടിപ്പോടെ ഞാൻ ചോദിച്ചു, ''ആരാ അവൾ??? ആഷി സർ പ്രേമിക്കുന്ന കുട്ടി ആയിരുന്നോ???''......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story