ഒരു ചില്ലറ പ്രേമം: ഭാഗം 12

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''അതെ ആഷിക്ക പ്രേമിച്ച കുട്ടി ആയിരുന്നോ???'' ജെന്നയും ജെസ്‌നയും കൂടി ഒരുമിച്ചത് ചോദിച്ചപ്പോ ഇത്ത ചിരിക്കാൻ തുടങ്ങി. ''എന്താ ഇത് സീരിയലോ.. എക്കോ ഇട്ടൊക്കെ ചോദിക്കാൻ... ഒന്നടങ്ങു മക്കളെ... ജാഷി ബുള്ളറ്റ് റാസ്‌ക്കൽസിലെ അജുവിന്റെ കസിൻ ആയിരുന്നു. അവർക്കെല്ലാം അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു.'' ജാസ്മിത്ത പറഞ്ഞപ്പോ എനിക്കെന്തോ പോലെ തോന്നി. ''ആഷിക്കും ഇഷ്ട്ടായിരുന്നോ??'' ഞാൻ അറിയാതെ ചോദിച്ചു പോയി.. ''അതെ. അവൾ എപ്പോളും അവരുടെ കൂടെ തന്നെ ഉണ്ടാവും. അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പൂച്ച കണ്ണും നീണ്ട മുടിയും വെളുത്തു മെലിഞ്ഞൊരു സുന്ദരി. എല്ലാര്ക്കും അവളോട് അസൂയ ആയിരുന്നു. കാരണം ബുള്ളറ്റ് റാസ്‌ക്കൽസ് നിങ്ങൾ അറിഞ്ഞ പോലെ എല്ലാരുടേം രക്ഷകർ ആയിരുന്നു, പെൺകുട്ടികൾക്ക് അവരോടു മൊഹബ്ബത്തും ഉണ്ടായിരുന്നു. അവരുടെ പിന്നാലെ കുറെ നടന്നിട്ടും ചെരുപ്പ് തേഞ്ഞു എന്നല്ലാതെ വല്യ ഗുണമൊന്നും ഉണ്ടായില്ല. അത് കൊണ്ട് അസൂയ മൂത്തു പെൺകുട്ടികൾ അവളെ തിലോത്തമ എന്നാ വിളിച്ചിരുന്നെ. കാണാനും അത്ര സുന്ദരി ആയിരുന്നല്ലോ.'' ഇത്ത പറഞ്ഞു.

''പിന്നേ സുന്ദരി...'' ഞാൻ പിറുപിറുത്തു. ''അല്ല അതിനു ആഷിക്ക എന്തിനാ ജയിലിൽ കിടന്നേ???'' ജെന്ന ചോദിച്ചു. ''അത്, ബുള്ളറ്റ് റാസ്കൽസിനെ പ്രിൻസിപ്പൽ ഒഫീഷ്യൽ ആയി കോളേജിന്റെ ആൻറ്റി റാഗിങ് സ്കോട് ആയി പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ കോളേജിൽ റാഗിങ് എന്നൊരു സംഭവമേ ഇല്ലായിരുന്നു. ഒരു ദിവസം ജാഷിയോട് ക്യാന്റീനിൽ വച്ച് മോശമായി പെരുമാറിയ ഒരുത്തനിട്ടു അവിടുണ്ടായിരുന്ന ആഷി പൊട്ടിച്ചു. അതിനു ശേഷം ജാഷിക്കു ആഷിയോടു ഭയങ്കര പ്രേമം ആയിരുന്നു. മുന്നേ ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിലും അപ്പോഴാണ് പോലും അവൾക്കു പ്രേമം തോന്നിയത്. അവൻ എവിടെ പോയാലും അവൾ പിറകെ ഉണ്ടാവും.'' ജാസ്മിത്ത പറഞ്ഞപ്പോ തന്നെ എന്റെ നെഞ്ചിടിക്കാന് തുടങ്ങി. ''അപ്പൊ ആഷിക്കാക്കു തിരിച്ചും ഇഷ്ടായിരുന്നോ???'' ജെന്ന ചോദിച്ചു ഞാനവളെ തറപ്പിച്ചൊന്നു നോക്കി... അവൾ ഞാനൊന്നും ചോദിച്ചില്ലേ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി കൈ കൂപ്പി. ''അത് പിന്നേ...'' എന്ന് പറയുമ്പോളേക്കും ഡോറിൽ മുട്ടുന്നത് കേട്ട് ജാസ്മിത്ത വേഗം എണീറ്റ് ഡോർ തുറന്നു. മുന്നിൽ കരയുന്ന ജയിഷേനേം എടുത്തു ജുനുക്ക നിക്കുന്നു.

ഞങ്ങളെ എല്ലാരേം മാറി മാറി നോക്കി. ''എന്താ നാലും കൂടി ഇതിനുള്ളിൽ പരിപാടി??? മോള് കരയുന്നതൊന്നും നീ കേട്ടില്ലേ??'' ഇക്ക ദേഷ്യത്തോടെ ചോദിച്ചു. ''അയ്യോ ഞാനിവളെ ഉറക്കീട്ടു ഇപ്പൊ വന്നതേ ഉള്ളു. ഇത്ര പെട്ടെന്ന് എണീക്കുമെന്നു വിചാരിച്ചില്ല.'' എന്നും പറഞ്ഞു ഇത്ത മോളേം എടുത്തു വേഗം അവരുടെ റൂമിലേക്ക് പോയി. ''എന്താ സിഐഡിമാരൊക്കെ കൂടി പരിപാടി??? എന്ത് പണി ഒപ്പിക്കാനുള്ള പ്ലാൻ ആണ്..'' ഇക്ക ഞങ്ങളെ മൂന്നാളേം നോക്കി ചോദിച്ചു. ''അത് ഇന്ന് നിങ്ങ കഴിക്കുന്ന ഭക്ഷണത്തിൽ വിം കലക്കണോ അതോ വയറിളക്കാനുള്ള മരുന്നൊഴിക്കണോന്ന് ആലോചിക്കുവാരുന്നു.'' അത് കേട്ടതും ഇക്ക ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി പേടിപ്പിച്ചു അവിടുന്ന് പോയി. കാരണം മുമ്പൊരിക്കെ ഞങ്ങളെ ചീത്ത പറഞ്ഞതിന് ഞങ്ങൾ ജ്യൂസിൽ വിം കലക്കി കൊടുത്തിരുന്നു. ജുനു ഇക്ക ആളൊരു മുൻകോപി ആണെങ്കിലും ഞങ്ങളെ വല്യ ഇഷ്ട്ടാ. ഇക്കാക്ക് എപ്പോളും മൂക്കത്തു ദേഷ്യം ആയിരിക്കും

എന്നാലും ജാസ്മി ഇത്താനോട് ഭയങ്കര സ്നേഹമാ. ഞങ്ങളെ വലിയുപ്പാന്റെ സ്വഭാവം ആണ് ജുനു ഇക്കാക്ക് എന്നാണ് എല്ലാരും പറയാറ്. ഇക്ക പോയതും ഞങ്ങൾ വേഗം ജാസ്മി ഇത്താന്റെ അടുത്തേക്ക് വച്ച് പിടിചു. കാരണം ആഷി സാറിനു അവളെ ഇഷ്ടായിരുന്നോ എന്നറിയാതെ എനിക്കൊരു സമാധാനവും കിട്ടില്ലായിരുന്നു. ഞങ്ങൾ റൂമിലേക്ക് കേറി. അവിടെ ജെയ്‌ഷ മോൾ ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷെ ഇത്ത അവിടില്ലായിരുന്നു. നോക്കുമ്പോ ദേ ഇപ്പൊ ഞങ്ങളെ നോക്കി പേടിപ്പിച്ചു പോയ ജുനു ഇക്ക ഇത്താനോട് കൊഞ്ചി കുഴഞ്ഞു നിക്കുന്നു. ഇക്ക ഇത്താനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുക്കുന്നു. ഞങ്ങൾ മൂന്നു പേരും തിരിഞ്ഞു നിന്ന് ഞങ്ങളൊന്നും കണ്ടില്ലേ എന്ന് വിളിച്ചു കൂവി. അത് കേട്ടതും ഇക്ക ഇത്താനെ വിട്ടു ജെന്നയുടെ തലയിൽ ഒരു കൊട്ടും കൊടുത്തു പുറത്തേക്കു പോയി. ഇത്ത നാണം കൊണ്ട് വേഗം അടുക്കളയിലേക്കു പോയി. ഞങ്ങളും പിന്നാലെ ചെന്നു. പക്ഷെ അപ്പോളേക്കും ഇത്ത അടുക്കളയിൽ ഓരോ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളും അവരുടെ കൂടെ കൂടി. കാത്തിരിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു. ജാസ്മി ഇത്ത ഞങ്ങളെ ഇടയ്ക്കിടയ്ക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

അപ്പോളാണ് പുറത്തു ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്. ഉപ്പ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായത് കൊണ്ട് ഞാൻ ഓടി. പക്ഷെ അപ്പോളേക്കും ജദീർക്ക ഡോർ തുറന്നിരുന്നു. ഇക്ക എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ഇക്ക ഉപ്പാനെ കെട്ടിപ്പിടിച്ചു. അകത്തേക്ക് കേറിയ ഉപ്പാനെ ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. തിരിച്ചു നടക്കുന്നതിനിടയിൽ ജദീർക്കാന്റെ വയറ്റിൽ ഒരിടിയും കാലിൽ ഒരു ചവിട്ടും കൊടുത്തു. അകത്തെത്തിയതും എല്ലാരും ഉപ്പാന്റെ ചുറ്റും കൂടി. വിശേഷങ്ങൾ ചോദിച്ചും കുടിപ്പിച്ചും തീറ്റിച്ചും ഒന്നും പറയണ്ട. അതല്ലെങ്കിലും അങനെ തന്നെ ആണ്. ഞങ്ങളെ നാട്ടിൽ പുതിയാപ്പിളക്കു എത്ര വയസ്സായാലും കല്യാണം കഴിഞ്ഞപാടുള്ള പോലുള്ള സ്വീകരണം തന്നെ ആണ് കൊടുക്കുക. പ്രത്ത്യേകിച്ചു ഞങ്ങടെ വീട്ടിൽ. ഞാൻ മെല്ലെ ഉപ്പാന്റെ ബാഗ് എടുത്തു നോക്കി. എന്റെ സ്പെഷ്യൽ അതിൽ കണ്ടതും ഞാൻ തുള്ളിച്ചാടി. വേറൊന്നും അല്ല നല്ല കറുത്ത കോഴിക്കോടൻ ആലുവയും പലനിറത്തിലുള്ള സ്പെഷ്യൽ ആലുവകളും ഉണ്ടായിരുന്നു അതിൽ.

ഞാൻ ഉപ്പാക്ക് ഒരു ഉമ്മയും കൊടുത്തു അതും കൊണ്ട് അകത്തേക്ക് പോയി. സലീനമായി അത് മുറിച്ചു എല്ലാര്ക്കും കൊടുത്തു. അലുവയും തട്ടി അടുക്കളയിൽ ഓരോ പഴയ കഥകളും പറഞ്ഞു ഞങ്ങൾ സ്ത്രീകളുടെ കൂടെ കൂടി. പുറത്തു നിന്ന് ഉപ്പന്റെയും മറ്റു ആണുങ്ങമാരുടെയും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ഞാനും ജെന്നയും ജെസ്‌നയും കൂടി ജാസ്മിത്തായെ പിടിച്ചു ആരും കാണാതെ അപ്പറത്തേക്കു കൊണ്ട് പോയി. ഇത്താനോട് വേഗം പറ എന്ന് പറഞ്ഞതും പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. നോക്കുമ്പോ മൂത്തുമ്മയും സലീനമ്മായിയും. ''എന്താ പിള്ളേരെ അവളെ നിങ്ങൾ വിടാതെ പിടിച്ചിട്ടുണ്ടല്ലോ???'' സലീനമായി ആണ്. ആള് ഒരു പാവം ആണ്. ജദീർക്കാന്റെയും സലീനമ്മായിയുടെയും കല്യാണം ഒരു വിവാദമായിരുന്നു. രണ്ടാളും തമ്മിൽ നാല് വർഷമായി മുടിഞ്ഞ പ്രേമം ആയിരുന്നു. പക്ഷെ അമ്മായിയുടെ വീട്ടിൽ സമ്മതിച്ചില്ല. ഞങ്ങടെ വീട്ടിൽ നിന്നും കല്യാണം ആലോചിച്ചു പോയെങ്കിലും അവർ സമ്മതിച്ചില്ല.

മാത്രമല്ല ജദീർക്കന്റെ വണ്ടി ആക്സിഡന്റ് ആക്കി ഇക്ക ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു. എന്നിട്ടും ജദീർക്ക ഷഫീക്കാറ്റാനെയും ഉപ്പാനെയും കൂട്ടി വീണ്ടും അവിടെ പോയി. സലീനമായി കരഞ്ഞു കാലു പിടിച്ചിട്ടും രക്ഷയുണ്ടായില്ല. അവരുടെ കല്യാണം വേറെ ഒരാളുമായി ഉറപ്പിച്ചു. മാതാപിതാക്കളെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു ജദീർക്ക അമ്മായിയെ സമാധാനിപ്പിച്ചു. പക്ഷെ കാര്യങ്ങളുടെ കിടപ്പു വശം ശരി അല്ലെന്നു ജുനു ഇക്കയാണ് കണ്ടു പിടിച്ചത്. അല്ലെങ്കിലും താങ്ങാനുള്ള സി ഐ ഡി പണിക്കൊക്കെ ജുനു ഇക്ക തന്നെയാണ് ബെസ്ററ്. സലീനമ്മായിയെ കെട്ടാൻ പോവുന്നത് ഒരു രണ്ടാം കെട്ടുകാരൻ ആണെന്നും അവരുടെ പേരിലുള്ള സ്വത്തുക്കൾ നഷ്ട്ടപെടാതിരിക്കാൻ അവരുടെ രണ്ടാനുമ്മ അമ്മായിയുടെ ഉപ്പാനെ സ്വാതീനിച്ചു ചെയ്യിക്കുന്നതാണെന്നും ജുനു ഇക്ക വീട്ടിൽ വന്നു പറഞ്ഞു. അന്ന് തന്നെ വീട്ടിലെ ആണുങ്ങമ്മാരെല്ലാം കൂടി പോയി സലീനമ്മായിയെ അവരുടെ വീട്ടീന്ന് ഇറക്കി കൊണ്ട് വന്നു. അവരുടെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തെങ്കിലും ഇത്താക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞത് കൊണ്ടും കാര്യങ്ങളൊക്കെ തെളിവ് സഹിതം പറഞ്ഞത് കൊണ്ടും പോലീസ് ഞങ്ങടെ കൂടെ നിന്നു.

സലീനമ്മായിയുടെ ഉപ്പാനോട് നിക്കാഹ് ചെയ്തു കൊടുത്തില്ലെങ്കിൽ അവരെ വീട്ടിൽ വച്ചു തല്ലിയതിനും ജദീർക്കാനേ കൊല്ലാൻ നോക്കിയതിനും പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കുമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ വച്ചു നിക്കാഹ് കഴിഞ്ഞു അമ്മായിയേയും കൂട്ടി എല്ലാരും വീട്ടിലേക്കു വന്നു. പിറ്റേന്ന് ഒരു ഉത്സവം പോലെ അവരുടെ കല്യാണം ഞങ്ങൾ ആഘോഷിച്ചു. ഇത്താക്ക് സ്വർഗം കിട്ടിയ പോലെ തോന്നി എന്നാണ് അന്ന് ഉമ്മാന്റെ കൈ പിടിച്ചു പറഞ്ഞത്. അത്രയും അവരുടെ രണ്ടാനുമ്മ അവരെ ഉപദ്രവിച്ചിരുന്നു. ജദീർക്കയും സലീനമ്മായിയും ഇവിടെ അടുത്ത് തന്നെ ഒരു വീടെടുത്താണ് താമസിക്കുന്നെ. ''എന്താലോചിച്ചു നിക്കുവാ?? നിങ്ങളെന്തിനാ ഈച്ച ചക്കയുടെ പിന്നാലെ പോവുന്ന പോലെ ജാസ്മിന്റെ പിന്നാലെ പോവുന്നെ??'' മൂത്തുമ്മയും ചോദിച്ചപ്പോ ഒരു തീരുമാനം ആയി. ''അത് ഇത്താനോട് ഞങ്ങൾ മൈലാഞ്ചി ഇട്ടു തരാൻ പറയുക ആയിരുന്നു.'' ഞാൻ വേഗം അടവ് മാറ്റി. നമ്മളോടാ കാളി. ''ഇന്നിനി വേണ്ട. നാളെ ഇട്ടാ മതി. ഇപ്പൊ എല്ലാരും ഇശാ നിസ്കരിച്ചു ഭക്ഷണം കഴിക്കാൻ വരും.'' എന്നും പറഞ്ഞു മൂത്തുമ്മയും അമ്മായിയും ജാസ്‌മി ഇത്തയെ കൂട്ടി പോയി.

ഞങ്ങൾ നിരാശയോടെ അടുക്കളയിലേക്കു വീണ്ടും പോയി. ഭക്ഷണമൊക്കെ എടുത്തു ടേബിളിൽ കൊണ്ട് വച്ചു. അപ്പോളേക്കും എല്ലാരും പള്ളിയിൽ നിന്നും തിരിച്ചെത്തിയിരുന്നു. ആണുങ്ങമാരൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. ''എന്റെ മോള് ആകെ ക്ഷീണിച്ചു പോയി..'' മൂത്തുമ്മ പ്ലേറ്റിലേക്കു ഓരോ വിഭവങ്ങളും നിറച്ചിട്ടു പറഞ്ഞു. കിണ്ണപ്പത്തിലും നെയ്പ്പത്തിലും അരിപ്പത്തിലും ചിക്കൻ കറിയിലും ബീഫ് സ്റ്റൂവിലും ചിക്കൻ ഫ്രയിലും മുങ്ങി കിടന്നു. എല്ലാം എനിക്കിഷ്ട്ടപ്പെട്ടതു ആയോണ്ടും ടെൻഷൻ അടിച്ചാൽ വിശപ്പ് കൂടുന്നോണ്ടും ഞാനതൊക്കെ ഒറ്റയടിക്ക് തീർത്തു. പിന്നെ നല്ല ചൂടുള്ള തലശ്ശേരി ദം ബിരിയാണിയുടെ ഊഴമായിരുന്നു. ഹോ പറയാൻ പറ്റാത്ത രുചി. കൂടെ നല്ല ബീഫ് പൊരിച്ചതും കൂടി ആയപ്പോ കുശാലായി. ഭക്ഷണം കഴിഞ്ഞപ്പോ എനിക്ക് ഇരുന്നിടത്തു നിന്നും എണീക്കാൻ പറ്റാത്ത അവസ്ഥ ആയി. രണ്ടു മിനിട്ടു അങ്ങനെ ഇരുന്നു എണീറ്റ് അടുക്കളയിൽ പോയി പാത്രങ്ങൾ കഴുകാനും വൃത്തിയാക്കാനുമൊക്കെ സഹായിച്ചു തിരിച്ചു ഹാളിലേക്ക് വന്നു ഇരുന്നു.

അപ്പൊ ദേ വരുന്നു നല്ല മുട്ട മാല.. പിന്നൊന്നും നോക്കീല്ല. എണീറ്റ് രണ്ടു റൌണ്ട് ഓടി. അല്ലാണ്ട് ആ മുട്ട മാല താഴോട്ടു പോവില്ലായിരുന്നു. അതും തട്ടി കഴിഞ്ഞപ്പോ ഉപ്പയും ഉമ്മയും ജദീർക്കയും മൂത്തുമ്മയുമൊക്കെ പോവാൻ ഇറങ്ങി. ഞാൻ തിങ്കളാഴ്ച അവിടുന്ന് കോളേജിലേക്ക് പൊയ്ക്കൊള്ളാമെന്നു പറഞ്ഞു അവിടെ നിന്നു. ഞാനവിടെ നിക്കുന്നോണ്ട് സൈദും സൈഫും അവിടെ നിക്കണമെന്നു പറഞ്ഞു കരഞ്ഞെങ്കിലും അവർക്കു മദ്രസ ഉള്ളത് കൊണ്ട് സലീനാമ്മയി സമ്മതിച്ചില്ല. ഞായറാഴ്ച കൂട്ടീട്ടു വരുമെന്ന ഉറപ്പിൽ അവരിച്ചിരി അടങ്ങി. എല്ലാരും പോയതും ഞാൻ ജെന്നയേയും ജെസ്‌നയെയും കൂട്ടി ജാസ്മി ഇത്താനെ നോക്കിപോയി. ''എന്താടീ??? ആരെയാ നോക്കുന്നെ??'' ദേ നിക്കുന്നു ജുനു ഇക്ക. ''അ..അത്... ജാസ്മിത്ത.. മൈലാഞ്ചി...'' ഞങ്ങൾ കിടന്നുരുണ്ടു. ''പിന്നെ ഈ പാതിരാക്കല്ലേ മൈലാഞ്ചി.. പോയി കിടന്നുറങ്ങിക്കോണം... അവൾ ജെയ്‌ഷ എണീറ്റോണ്ട് ഉറക്കുവാ.. വിട്ടോ മൂന്നും...'' എന്നും പറഞ്ഞു ഇക്ക റൂമിൽ കേറി ഡോർ അടച്ചു. സഫിയമ്മായി ഞങ്ങൾക്ക് വേണ്ടുന്ന വെള്ളവും തന്നു ഉറങ്ങാൻ പോയി.

പിന്നെ നിന്നിട്ടു കാര്യം ഇല്ലന്ന് തോന്നി ഞങ്ങളും പോയി കിടന്നു. കുറച്ചു ഫുഡ് കഴിച്ചത് കൊണ്ട് കിടന്നതും ഞങ്ങൾ ഉറങ്ങി. അപ്പോളാണ് സ്വപ്നം കണ്ടതും താഴെ വീണതും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോളാണ് സുബ്ഹി ബാങ്ക് കൊടുക്കുന്നത് കേട്ടത്. നിസ്കരിച്ചു വന്നു ഞങ്ങൾ മൂന്നാളും പുറത്തിറങ്ങി നോക്കി. ഷഫീക്കാറ്റയും ജുനു ഇക്കയും പള്ളിയിൽ പോയപ്പോ മുമ്പിലത്തെ ഡോർ തുറന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങി ബാക്കിലെ ഊഞ്ഞാലിൽ പോയി ഇരുന്നു. സൂര്യൻ ഉദിക്കുന്നതും നോക്കി ഞാൻ ഇരുന്നപ്പോ ജെസ്‌നയും ജെന്നയും എന്റെ രണ്ടു സൈടിലുമിരുന്നു ഉറങ്ങി. ''എന്താടീ മൂന്നും ഇവിടെ???'' ജുനു ഇക്കാന്റെ സൗണ്ട് കേട്ടപ്പോ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ ഉറങ്ങുകയായിരുന്ന രണ്ടും ആ ശബ്ദം കേട്ടതും ഞട്ടി താഴെ വീണു.. ഞാനും ഇക്കയും അത് കണ്ടു ചിരിച്ചു ചത്തൂന്നു പറഞ്ഞാ മതി. ജെസ്‌നയും ജെന്നയും എണീറ്റ് ഞങ്ങളെ നോക്കി പേടിപ്പിച്ചു ചവിട്ടി തുള്ളി അകത്തേക്ക് നടന്നു. ''എന്തിനാ ഈ രാവിലെ തന്നെ ഇവിടെ വന്നിരിക്കുന്നെ???''

ജുനു ഇക്ക ചോദിച്ചു. ''ഒന്നുമില്ല ഇക്കാ ഞങ്ങൾ വെറുതെ.. സൂര്യോദയം കാണാമെന്നു വച്ചു വന്നതാ.. പക്ഷെ അവർ രണ്ടും കിടന്നുറങ്ങി.'' ഞാൻ പറഞ്ഞു. ''വാ ഒറ്റയ്ക്ക് നിക്കണ്ട, പിന്നെ മഞ്ഞും ഉണ്ട്. അകത്തേക്ക് പോവാം...'' എന്നും പറഞ്ഞു ഇക്ക എന്റെ തോളിലൂടെ കയ്യിട്ടു അകത്തേക്ക് നടന്നു. എത്ര മൂൻശുണ്ഠി ഉണ്ടെന്നു പറഞ്ഞാലും ഞങ്ങളെ മൂന്നാളെയും ഭയങ്കര ഇഷ്ടാമാണെന്നു ആ കണ്ണിൽ ഉണ്ട്. രാവിലെ ചായ കുടിക്കാൻ ഇരുന്നപ്പോളാ ജെന്ന എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയത്. നല്ല മുട്ടാപ്പവും പഴം വാട്ടിയതും വായുടെ അടുത്തേക്കെത്തീട്ടും അകത്തേക്കിടാൻ പറ്റിയില്ല. ''എന്തോന്നാടീ... മനുഷ്യനെ തിന്നാനും സമ്മതിക്കില്ലേ???'' ഓടുന്നതിനിടയിൽ ഞാൻ ജെന്നയോടു ചോദിച്ചു. ''ഓ... തീറ്റ തീറ്റ തീറ്റ... ഈ ഒരു വിചാരം മാത്രേ ഉള്ളു...'' ജെന്ന ദേഷ്യപ്പെട്ടു. ''പിന്നെ, നിനക്കറിയില്ലേ എനിക്ക് ടെൻഷൻ ഉള്ളപ്പോ...'' ''വിശപ്പ് കൂടും...'' എന്നെ പറഞ്ഞു മുഴുവനാക്കാൻ വിടാതെ ജെന്ന പറഞ്ഞു. ''അത് മാറ്റാനുള്ള വഴി കിട്ടി..വേഗം വാ... എന്നും പറഞ്ഞവൾ എന്നേം കൊണ്ട് റൂമിലേക്ക് കേറി. നോക്കുമ്പോ ദേ നമ്മടെ ജെസ്‌ന ജാസ്‌മിത്തയെ അറസ്റ്റ് ചെയ്തു റൂമിൽ കൊണ്ട് വന്നിരിക്കുന്നു. ''എന്റെ പിള്ളേരെ എനിക്ക് നൂറു കൂട്ടം പണി ഉണ്ട്.

ജുനിക്കു ചായ പോലും കൊടുത്തിട്ടില്ല.'' ഇത്ത പറഞ്ഞു. ''എന്റെ പൊന്നിത്താ ഇങ്ങള് ആഷിക്ക എന്തിനാ ജയിലിൽ കിടന്നെന്നു പറ.. ഇല്ലെങ്കി ഞങ്ങക്ക് സമാധാനം കിട്ടില്ല..'' ജെസ്‌ന പറഞ്ഞു. ''ഓ അതാണോ കാര്യം.. ഞാനതു പറഞ്ഞു തരുമായിരുന്നല്ലോ... ഇങ്ങിനെ വലിച്ചോണ്ടു വരണോ...'' എന്നും പറഞ്ഞു ഇത്ത ജെസ്‌നയുടെ തലയ്ക്കൊരു കിഴുക്ക് കൊടുത്തു. ''ഒന്ന് പറ ഇത്താ...'' ഞാൻ ഇത്താനോട് പറഞ്ഞു. ''ശരി പറയാം... അന്ന് ക്യാന്റീനിൽ നടന്ന സംഭവത്തിനു ശേഷം ജാഷി എപ്പോളും ആഷിയുടെ പിന്നാലെ ആയിരുന്നു. ജംഷി എന്ന അവളുടെ വിളിപ്പേര് പോലും അവൾ ആഷിയുടെ പേരുമായി സാമ്യം ഉണ്ടാക്കാൻ വേണ്ടി ജാഷി എന്നാക്കി. പക്ഷെ ആഷിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലായിരുന്നു. ആഷിയെ പറ്റി ആരും സംസാരിക്കുന്നതു പോലും അവൾക്കിഷ്ടമല്ലാണ്ടായി. ആഷിയോട് സംസാരിച്ച ഒരു പെൺകുട്ടിയെ അവൾ തല്ലി. ഇതൊന്നും പക്ഷെ അവളെ ആഷിയോട് അടുപ്പിക്കുക അല്ല അകറ്റുക ആയിരുന്നു ചെയ്തത്. ആഷിക്ക് അവളെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം എല്ലാരുടെയും മുന്നിൽ വച്ചു ആഷി അത് അവളോട് തുറന്നു പറഞ്ഞു. അജുവും ജെദ്ദുവും ഷാമിലും അഭിയും അവളെ പറഞ്ഞു മനസ്സിലാക്കാൻ കുറെ ശ്രമിച്ചു.

പക്ഷെ അവളൊന്നും ചെവിക്കൊണ്ടില്ല. ശാമിലിന് അവളെ ഇഷ്ട്ടമായിരുന്നു. അത് അവൻ തുറന്നു പറഞ്ഞിട്ടും അവൾ അതൊന്നും കേട്ടില്ല. അവൾക്കൊരുതരം വാശി ആയിരുന്നു. എല്ലാരും പിറകെ നടക്കുന്ന അവളെ ആഷി ഇഷ്ടമല്ലാന്നു പറഞ്ഞ വാശി.'' ഇത്ത പറഞ്ഞു. ''അത്രേം ഭംഗിയും സൗഹൃദവുമുള്ള അവളെ ആഷിയെന്താ ഇഷ്ട്ടപ്പെടാഞ്ഞേ???'' ഞാൻ സംശയത്തോടെ ചോദിച്ചു. ''അതെനിക്കറിയില്ല മോളെ, ഇനി അവനു വേറെ വല്ല ഇഷ്ടവും ഉണ്ടായിരുന്നോന്നു എല്ലാര്ക്കും സംശയം ഉണ്ടായിരുന്നു. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ മനസ്സിൽ ആരോ ഉണ്ടെന്നു ഞങ്ങള്ക്ക് തോന്നിയിരുന്നു.'' ഇത്ത പറഞ്ഞു. ''എന്നിട്ടു ജാഷി സോറി ജംഷി എന്താ ചെയ്തേ???'' ജെസ്‌ന ചോദിച്ചു. അത് കേട്ടപ്പോ ഇത്തയുടെ മുഖം മാറി. ''ഒരു ദിവസം ക്ലാസ്സിൽ വച്ചു ഒരു കരച്ചിൽ കേട്ട് ഞങ്ങളെല്ലാരും ഓടി പോവുമ്പോൾ കണ്ടത് ജാഷിയെ കേറിപ്പിടിക്കുന്ന ആഷിയെ ആണ്. ഞങ്ങൾക്കൊന്നും ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. ആഷിയെ പോലീസ് അറസ്റ്റ് ചെയ്തു. എത്ര ചോദിച്ചിട്ടും ആഷി ഒന്നും പറഞ്ഞില്ല. അവൻ അങ്ങനെ ഒരിക്കലും ചെയ്യില്ലാന്നു അറിഞ്ഞിട്ടും അവന്റെ മൗനം എല്ലാരേം സംശയത്തിലാക്കി.'' ഇത്ത സങ്കടത്തോടെ പറഞ്ഞു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story