ഒരു ചില്ലറ പ്രേമം: ഭാഗം 13

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''ആഷിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി കഴിഞ്ഞപ്പോൾ എല്ലാരും ജാഷിയോടു സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ ബോധം പോയി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ബിപി കുറഞ്ഞതാണെന്നു പറഞ്ഞു ഡോക്ടർ. പോലീസ് എത്ര ചോദ്യം ചെയ്തിട്ടും ആഷി ഒന്നും മിണ്ടിയില്ല. രണ്ടു ദിവസം അവൻ ജയിലിൽ കിടന്നു. മൂന്നാമത്തെ ദിവസം ജാഷി പോയി പരാതി ഒന്നും ഇല്ലെന്നും, എല്ലാം തെറ്റ് ധാരണ ആയിരുന്നെന്നും പറഞ്ഞു. ആഷിയെ വെറുതെ വിട്ടു..'' ജാസ്മിത്ത പറഞ്ഞു. ''അൽഹംദുലില്ലാഹ്...'' അറിയാതെ എന്റെ വായിൽ നിന്നും വന്നു. ഇത്ത എന്നെ ഒന്ന് നോക്കി എന്നിട്ടു തുടർന്നു. ''ആഷിയെ കൊണ്ട് തന്നെ ഇഷ്ടമാണെന്നു പറയിക്കാൻ വേണ്ടി ജാഷി അവനെ ഒരു വീഡിയോ കാണിച്ചെന്നും അത് അവളുടെ കയ്യിൽ നിന്നും തട്ടി എടുക്കാൻ വേണ്ടി നോക്കുമ്പോളാണ് എല്ലാരും അവിടെ വന്നതും ആഷി അവളെ പിടിക്കാൻ നോക്കുന്നത് കണ്ടതും എന്ന് ജാഷി തന്നെ പ്രിൻസിപ്പലിനോട് പറഞ്ഞു.

എല്ലാരും മാറി മാറി ചോദിച്ചിട്ടും ആഷി എന്തായിരുന്നു ആ വിഡിയോയിൽ എന്നോ അവനെന്തു കൊണ്ട് ഒന്നും മിണ്ടിയില്ല എന്നോ പറഞ്ഞില്ല. ജാഷിയെ പ്രിൻസിപ്പൽ കോളേജിൽ നിന്നും പുറത്താക്കാൻ പോയെങ്കിലും ആഷി സമ്മതിച്ചില്ല. കാരണം ഞങ്ങടെ ഫൈനൽ എക്സാം തുടങ്ങുന്ന സമയം ആയിരുന്നു. ജാഷിയുടെ ഒരു വർഷം നഷ്ടപ്പെടും.'' ജാസ്മി ഇത്ത പറഞ്ഞു. ''എന്നിട്ട്???'' ജെന്ന ആകാംഷയോടെ ചോദിച്ചു. ഇപ്പൊ എന്നെക്കാൾ ആകാംഷ അവർക്കാണെന്നു തോന്നും. ''എന്നിട്ടെന്താ... ജാഷി ആഷിയോടു മാപ്പു പറഞ്ഞു. അവൾ വാശിപ്പുറത്തു ചെയ്തതാണെന്ന് പറഞ്ഞു കുറെ കരഞ്ഞു മാപ്പു പറഞ്ഞു.. അവർ വീണ്ടും മുമ്പത്തെ പോലെ സുഹൃത്തുക്കളായി. അടുത്ത വർഷം ബുള്ളറ്റ് റാസ്കല്സ് പഠിത്തം കഴിഞ്ഞു എം സി എ ചെയ്യാനായി ബാംഗ്ലൂർ പോയി. അങ്ങനെ കഥയും തീർന്നു.'' ജാസ്‌മിത്ത ചിരിച്ചോണ്ട് പറഞ്ഞു. ''ഹോ വല്ലാത്ത സാധനം തന്നെ ജാഷി. പാവം ആഷിക്ക.'' ജെസ്‌ന പറഞ്ഞു. ''എന്നാലും ആ വിഡിയോയിൽ എന്തായിരുന്നു?'' ഞാൻ ചോദിച്ചു. എനിക്കതായിരുന്നു അറിയേണ്ടത്. ''അത് ജാഷിക്കും ആഷിക്കും മാത്രേ അറിയൂ. അവരോടു തന്നെ ചോദിക്കണം.'' ജാസ്മി ഇത്ത പറഞ്ഞു. ''ഇത്താക്ക് എല്ലാം അറിയാലോ..

എന്നിട്ടാണോ ഒരേ കോളേജിൽ പഠിച്ച ഞങ്ങടെ ജുനു ഇക്കാനെ കാണാഞ്ഞത്.'' ജെന്ന സംശയത്തോടെ ചോദിച്ചു. ''ഹ ഹ ഹ... ടീ ജാഷി എന്റെ ഫ്രണ്ട് ആയിരുന്നു. അതോണ്ടാ എല്ലാം അറിഞ്ഞേ. പിന്നെ നിങ്ങടെ ജുനു ഇക്കാന്റെ ബിൽഡിംഗ് കുറച്ച ദൂരെയാ. അത് മാത്രമല്ല മുരടൻ സ്വഭാവമുള്ള നിന്റെ കലിപ്പൻ ഇക്കാനെ കണ്ടാൽ തന്നെ ആര് നോക്കാനാ...'' ഇത്ത ചിരിച്ചോണ്ട് പറഞ്ഞു. ''മുരടൻ'' എന്ന് കേട്ടപ്പോ അന്ന് പ്രാക്ടിക്കൽ ക്ലാസ്സിൽ വച്ച് ആഷി സാറിനെ അങ്ങനെ വിളിച്ചത് എനിക്ക് ഓർമ്മ വന്നു. ഞാനറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. ''എന്നിട്ടു ജാഷി ഇപ്പൊ എവിടെയാ??'' ജെസ്‌ന ചോദിച്ചത് തന്നെയായിരുന്നു എന്റെ മനസ്സിലും. ''അവളിപ്പോ ശാമിലിനേം കെട്ടി സുഖമായി ദുബായിൽ ജീവിക്കുന്നു. ആഷി ഒഴിച്ച് ബുള്ളറ്റ് റാസ്കൽസിൽ എല്ലാരും കല്യാണം കഴിഞ്ഞു സെറ്റിൽ ആയി. ജദ്ദു കല്യാണം കഴിച്ചു ഒരു കുട്ടി ആയി. അജൂന്റേം അബിൻറേം കല്യാണം കഴിഞ്ഞിട്ട് അഞ്ചാറു മാസം ആയി.'' ജാസ്മിത്ത പറഞ്ഞു. ''ശേ ഞാൻ വിചാരിച്ചു അതിൽ ആരെയെങ്കിലും കെട്ടാമെന്ന്...'' ജെസ്‌ന സങ്കടത്തോടെ പറഞ്ഞു. ''അതെ എനിക്ക് അജു നിനക്ക് ജദ്ദു ഇവൾക്ക് ആഷിക്ക. ഞാനെല്ലാം തീരുമാനിച്ചതായിരുന്നു.'' ജെന്നയും സങ്കടത്തോടെ പറഞ്ഞു.

''അതൊരിക്കലും നടക്കില്ലാരുന്നു മോളെ...'' ജാസ്മിത്ത ചിരിച്ചോണ്ട് പറഞ്ഞു. ഞങ്ങളെല്ലാരും ചിരിച്ചു. ''ജാസ്മി... എടീ ജാസ്മി...'' എന്ന ജുനൂക്കാന്റെ വിളിയും ഡോറിൽ വീണ ശക്തമായ ഇടിയിലും ഞങ്ങടെ ചിരി മാഞ്ഞു. ജെന്ന പോയി വേഗം ഡോർ തുറന്നു. ജുനു ഇക്ക ജെയ്‌ഷ മോളെയും തോളിൽ ഇട്ടു ഫുൾ കലിപ്പ് മോഡ് ഓൺ ആക്കി അകത്തേക്ക് വന്നു. അത് കണ്ടതും ഞങ്ങളൊന്ന് മാറി നിന്നു. ''എന്താ നാലും കൂടി ഡോറും പൂട്ടി ചെയ്യുന്നേ??? ഇന്നലെ തുടങ്ങിയതാണല്ലോ??? എനിക്ക് ചായ തരാനോ മോളെ നോക്കാനോ നിക്കാതെ നീ എന്ത് ചെയ്യാ ഇവിടെ???'' ഇക്ക ദേഷ്യത്തോടെ ചോദിച്ചു. ''അത് ഞാൻ വന്നപ്പോ നിങ്ങൾ രണ്ടാളും നല്ല ഉറക്കമായിരുന്നു. അപ്പൊ പിന്നെ ഇവരോട് സംസാരിക്കാമെന്ന് വിചാരിച്ചു വന്നതാ.'' എന്നും പറഞ്ഞു ഇത്ത മോളെ വാങ്ങി. ഇക്കാന്റെ സൗണ്ട് കേട്ട് മോൾ പേടിച്ചിരുന്നു. ''അതെ ഞങ്ങളാ ഇത്താനെ വിളി.....'' മുഴുവനാക്കുന്ന മുന്നേ ഇക്കാന്റെ മുഖം കണ്ടു ഞങ്ങൾ മിണ്ടാതെ നിന്നു. ഏതോ സിനിമയിൽ പറഞ്ഞ പോലെ വെറുതെ ആരെങ്കിലും പോയി ചൂടുള്ള ഓവനിൽ തല വെക്കുമോ... അതോണ്ട് ഞങ്ങൾ മെല്ലെ സൈഡ് ആയി. ''ഞാൻ ഇക്കാന്റെ ചായ അവിടെ വച്ചിരുന്നു. വിളിച്ചപ്പോ കുറച്ചു കഴിയട്ടെ എന്ന് പറഞോണ്ടല്ലേ...'' ജാസ്മിത്ത പറഞ്ഞു.

''അതോണ്ടെന്താ... കുറച്ചു കൂടുന്നുണ്ട്... പോട്ടെന്നു വിചാരിക്കുമ്പോ തലയിൽ കേറുകാ... നിന്നെയൊക്കെ അടിച്ചു....'' എന്ന് പറയുമ്പോളേക്കും ജാസ്മിത്തയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോ ഇക്ക ഒന്നടങ്ങി. ''അത് പിന്നെ മോള് കരഞ്ഞപ്പോ... ചായ കാണാഞ്ഞപ്പോ... പെട്ടെന്ന്....'' ഇക്ക ഇത്താനെ സമാധാനിപ്പിക്കാൻ നോക്കി. ഇക്കാന്റെ സ്വഭാവം ഇത്താക്കു നന്നായി അറിയാം. എത്ര ദേഷ്യം ഉണ്ടേലും ഇത്താന്റെ കണ്ണ് നിറഞ്ഞാ ഇക്കാക്ക് സഹിക്കില്ല. അത് കൊണ്ട് ഇത്ത വേഗം കരച്ചിലിന്റെ കൂട്ട് പിടിക്കും. അല്ലെങ്കി ഇക്കാന്റെ ദേഷ്യം എവിടെ വരെ പോവുമെന്ന് പടച്ചോനെ അറിയുളളു. ''പോട്ടെ ഞാൻ പെട്ടെന്ന് നിന്നെ കാണാഞ്ഞപ്പോ അല്ല ചായ കാണാഞ്ഞപ്പോ...'' ഇക്ക കിടന്നുരുളാൻ തുടങ്ങി. ഇത്താക്കു ഇതൊക്കെ കണ്ടു ചിരി വരുന്നുണ്ടെങ്കിലും ദേഷ്യം അഭിനയിച്ചു മോളേം കൊണ്ട് ചവിട്ടിത്തുള്ളി പുറത്തേക്കു പോയി. ''പടച്ചോനെ പെട്ടല്ലോ..'' എന്ന ഭാവത്തിൽ ഇക്ക തലയിൽ കൈ വച്ച് നിന്നു. ഞങ്ങളിതൊക്കെ കണ്ടു ഞങ്ങൾ ചിരി തുടങ്ങി. അത് കേട്ടതും ഇക്ക ഞങ്ങളെ നോക്കി പേടിപ്പിച്ചു പുറത്തേക്കു നടന്നു.

ഞങ്ങൾ ചിരിച്ചു ബെഡിലേക്കു വീണു. ''എന്നാലും എന്തായിരുന്നു ആ വിഡിയോയിൽ??? ആഷി സാർ എന്താ ആരോടും ഒന്നും പറയാനേ???'' എന്റെ സംശയം തീർന്നില്ല. ''അത് ഇങ്ങളെ ഫസ്റ്റ് നൈറ്റിൽ ചോയ്ച്ച മതി. ഇപ്പൊ റൂട്ട് എല്ലാം ക്ലിയർ ആയല്ലോ.. ഇനി അങ്ങേരെ എങ്ങനേലും പ്രേമിച്ചു കെട്ടാൻ നോക്ക്.'' ജെന്ന പറഞ്ഞപ്പോ ഞാനും ആലോചിച്ചു അത് ശരി ആണല്ലോ. റൂട്ട് ക്ലിയർ ആയ സ്ഥിതിക്ക് ഇനി ഒന്നും നോക്കണ്ട. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ തുടങ്ങി. ''അല്ല ആഷിക്ക എന്താ ഇത്ര കാലമായിട്ടും കല്യാണം കഴിക്കാത്തെ?? ഇനി ഇക്കാക്ക് വേറെ വല്ല... ഇക്കാന്റെ ഫ്രണ്ട്സ് ഒക്കെ കഴിച്ചല്ലോ'' ജെസ്‌ന സംശയത്തോടെ എന്നെ നോക്കി. ''ശെരിയാണല്ലോ .'' ഞാനും പറഞ്ഞു. എന്റെ മനസ്സിൽ പൊട്ടിയ ലഡുവിലെല്ലാം ആരോ വെള്ളം കോരി ഒഴിച്ച പോലെ തോന്നി. ''അങ്ങനെ ആവോ...'' ഞാൻ ടെൻഷൻ ആയി. ''ഏയ് ഇല്ല. ജാസ്മിത്ത പറഞ്ഞ വച്ച് ഇക്കാക്ക് ഇപ്പൊ 26 വയസ്സ് കഴിയുന്നല്ലേ ഉള്ളു. ഇക്കാക്ക് ഒരു ഇക്കയും ഇത്തയും ഉണ്ടെന്നല്ലേ പറഞ്ഞെ. അപ്പൊ അവരുടെയൊക്കെ കല്യാണമൊക്കെ കഴിയണ്ടേ.'' ജെന്ന പറഞ്ഞപ്പോ വീണ്ടും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ തുടങ്ങി. അപ്പോളേക്കും സഫിയമ്മായി ഞങ്ങളെ നാസ്ഥയാക്കാൻ വിളിച്ചു. നല്ല പുട്ടും മട്ടൻ ചാപ്സും തട്ടി ഞങ്ങൾ ജുനു ഇക്കാനേം തപ്പി ഇറങ്ങി. വേറൊന്നുമല്ല

ഇക്കാനെ സോപ്പിട്ടു എങ്ങനേലും പുറത്തു പോണമായിരുന്നു. വീട് മൊത്തം തപ്പി നടന്നിട്ടും ആളെ കിട്ടിയില്ല. മെല്ലെ പുറത്തിറങ്ങിയപ്പോ ദേ പെടക്കോഴീടെ പിന്നാലെ പൂവങ്കോഴി നടക്കുന്ന പോലെ ജുനു ഇക്ക ജാസ്മി ഇത്താന്റെ പിന്നാലെ നടക്കുന്നു. ഇത്ത അലക്കിയ തുണി അഴയിൽ ഇടുവായിരുന്നു. ''സോറി ടീ... പെട്ടെന്ന് നിന്നെ കാണാത്ത ദേഷ്യത്തിന് പറ്റിപ്പോയതല്ലേ. നീ ക്ഷമി..'' എന്നും പറഞ്ഞു ഇക്ക ഇത്താനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. ഇത്ത ഇക്കാന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു് മാറി നിന്നു. ''ഇങ്ങക്ക് ദേഷ്യം പിടിക്കാനല്ലേ അറിയൂ.'' ''പറഞ്ഞില്ലേ ദേഷ്യം കൊണ്ട് പറ്റിയതാണെന്ന്. എനിക്ക് സ്നേഹിക്കാനും അറിയാം.'' എന്നും പറഞ്ഞു ഇക്ക പിന്നേം ഇത്താനെ കെട്ടിപ്പിടിക്കാൻ പോയി. പക്ഷെ ഇത്ത ഇക്കാന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു് മാറി. അത് കണ്ട ഞങ്ങൾ ചിരിക്കാൻ തുടങ്ങി. ഇക്ക നേരെ നിന്നു ഞങ്ങളെ ദഹിപ്പിക്കുന്ന പോലെ നോക്കി. ''എന്തോന്നാടീ നിങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ... ഞങ്ങടെ പിന്നാലെ തന്നെ ആണല്ലോ???'' ഇക്ക ദേഷ്യത്തോടെ പറഞ്ഞു. ''അതെ ഇക്ക... നമ്മക്ക് ഒന്ന് പുറത്തൊക്കെ കറങ്ങാൻ പോവാം.'' ജെന്ന മടിച്ചു മടിച്ചു ചോദിച്ചു. ''നിന്നെയൊക്കെ കറക്കി ഞാൻ ആ പുഴയിലേക്കെറിയും.'' ഇക്ക പറഞ്ഞതും ഞങ്ങള് രണ്ടടി പിന്നോട്ട് മാറി. ഇക്ക പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്ന ആളാ..

ചിലപ്പോ ഞങ്ങളെ എടുത്തെറിഞ്ഞെന്നും വരും. ''പോട്ടെ ഇക്ക. പാവങ്ങളല്ലേ...'' ജാസ്മിത്ത ഞങ്ങളെ നോക്കി പറഞ്ഞു. ''പാവങ്ങളോ... ഈ മൂന്നെണ്ണവും ആറ്റം ബോംബിന് കയ്യും കാലും വച്ച സാധാനങ്ങളാ.'' ഇക്ക പറഞ്ഞു. ''ഇക്കാക്ക് ഇപ്പൊ ഞങ്ങളെ പുറത്തു കൊണ്ട് പോവാൻ പറ്റുമോ ഇല്ലയോ???'' ഇത്ത ചോദിച്ചു. ''ഇല്ലെങ്കി???'' ഇക്ക ചോദിച്ചു. ''ഞങ്ങൾ ഉപ്പാന്റെ കൂടെ പൊയ്ക്കോളാ...'' എന്നും പറഞ്ഞു ഇത്ത അകത്തേക്ക് നടന്നു. ''ഞാനൊരു തമാശ പറഞ്ഞതല്ലേ, അപ്പോളേക്കും പിണങ്ങിയോ..'' എന്നും പറഞ്ഞു ഇക്ക ഇത്താന്റെ പിന്നാലെ പോയി. ''നീയൊക്കെ എന്ത് വായി നോക്കി നിക്കുവാ.. പോയി റെഡി ആവടി.'' അത് കേട്ടതും ഞങ്ങൾ അകത്തേക്കോടി. സഫിയമ്മായിയും ഷഫീക്കാറ്റയും ഞങ്ങടെ കൂടെ വന്നില്ല. ഉച്ചക്കെത്തെ ഫുഡ്ഡും തട്ടി ഞങ്ങൾ കാറിൽ കേറി. ഫുഡ് എന്താണ് പറഞ്ഞില്ലല്ലോ അല്ലെ... നല്ല നാടൻ സദ്യ, തൂശനിലയൊക്കെ ഇട്ടു പത്തിരുപതു കറി ഒക്കെ കൂട്ടി മൂക്കുമുട്ടെ തിന്നു. കൂടെ നല്ല പാൽപ്പായസവും. കഴിച്ചു കഴിഞ്ഞപ്പോ നല്ല ഉറക്കം വന്നതാ.. പിന്നെ പുറത്തേക്കു പോണ്ടതോർത്തു വേഗം മുഖം കഴുകി ഡ്രസ്സ് മാറി ഇറങ്ങി.

ഞങ്ങൾ നേരെ കാപിറ്റൽ മാളിലേക്കു വിട്ടു. ഇക്ക വണ്ടി പാർക്ക് ചെയ്യാൻ പോയതും ഞങ്ങൾ അകത്തേക്ക് ഓടി. ''ശോ എന്റെ പിള്ളേരെ ഓടല്ലേ. നിക്ക്.'' എന്നും പറഞ്ഞു ജാസ്മിത്ത ഞങ്ങടെ പിന്നാലെ വന്നു. ജെയ്‌ഷ മോൾ ഉറങ്ങുന്നൊണ്ട് അവളെ കൂട്ടണ്ട എന്ന് സഫിയമ്മായി പറഞ്ഞു. അവൾക്കും ഉപ്പൂമാനെ മതി. അകത്തേക്ക് ഓടുമ്പോ ജെന്ന ആരുടെയോ മേലെ പോയി ഇടിച്ചു. നോക്കുമ്പോ ഒരു നല്ല മൊഞ്ചൻ ചെക്കൻ, കൂടെ അവന്റെ അഞ്ചാറു ഫ്രണ്ട്സും ഉണ്ടായിരുന്നു. ''അയ്യോ സോറി, ഞാൻ പെട്ടെന്ന് കണ്ടില്ല.'' എന്ന് ജെന്ന പറഞ്ഞു. ''അതിനെന്താ മോളെ, മോൾക്കെത്ര വട്ടം വേണമെങ്കിലും ഇടിക്കാം.. ഒരു പ്രശ്നവുമില്ല.'' എന്നും പറഞ്ഞു അവൻ ചിരിച്ചു, കൂടെ അവന്റെ ഫ്രണ്ട്സും. കാണാനുള്ള മൊഞ്ചു അവന്റെ മനസ്സിന് ഇല്ലാന്ന് മനസ്സിലായി. ജെന്ന ആളൊരു പാവം ആണ്. അതോണ്ട് അവള് പേടിച്ചു പിന്നോട്ടു മാറി. ''മോൻ ഇടി വാങ്ങിച്ചിട്ടേ പോവുള്ളു എന്ന് നിർബന്ധമുണ്ടോ??'' എന്നും ചോദിച്ചു ഞാനും ജെസ്‌നയും മുന്നോട്ടു നടന്നെങ്കിലും ജാസ്മിത്ത വന്നു ഞങ്ങളെ പിടിച്ചോണ്ട് പോയി. തിരിഞ്ഞു നോക്കിയപ്പോ ആ അലവലാതി ഞങ്ങടെ നേരെ ഫ്ലയിങ് കിസ് തന്നു.. ''പോടാ പട്ടീ...'' എന്നും വിളിച്ചു ഞങ്ങള് മോളിലേക്കു നടന്നു.

ഒരു ഡ്രസ്സ് ഷോപ്പിൽ കേറി ഇത്ത രണ്ടു ചുരിദാറും ഞങ്ങൾ മൂന്നാളും ഓരോ ടോപ്പും എടുത്തു. പുറത്തിറങ്ങുമ്പോ കണ്ടു ആ അലവലാതികൾ ഷോപ്പിന്റെ പുറത്തു കിടന്നു കറങ്ങുന്നത്. ഇതൊരു നടയ്ക്കു പോവുന്നു തോന്നുന്നില്ല. ''നമ്മടെ കൈക്കു ഇവര് പണി ആക്കും.'' ഞാൻ ജെസ്‌നയോടു പറഞ്ഞു. അവളും ''അതെന്നെ'' എന്ന് പറഞ്ഞു. അവിടിന്നിറങ്ങി ഞങ്ങൾ പ്ലേ ഏരിയയിലേക്ക് പോയി. ശനിയാഴ്ച ആയോണ്ട് ഇത്തിരി തിരക്ക് കുറവായിരുന്നു. അവിടുന്ന് ഞങ്ങൾ ബാസ്കറ്റ്ബോളും സ്‌നൂക്കറുമൊക്കെ കളിച്ചു. ഈ സമയത്തൊക്കെ ആ അലവലാതികൾ അവിടെ കിടന്നു കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എവിടെ പോയാലും അവർ പിന്നാലെ വരുന്നുണ്ടായിരുന്നു. ''ജുനു എങ്ങാനും വരുമ്പോ ഇവന്മാര് കിടന്നു കറങ്ങുന്നത് കണ്ടാ തീർന്നു.'' ജാസ്മിത്ത ടെന്ഷനോടെ പറഞ്ഞു. ''നല്ലെനെ.. ഇവന്മാർക്ക് രണ്ടു കിട്ടേണ്ട കുറവുണ്ട്. ഇക്ക പണ്ട് കോളേജിലൊക്കെ നല്ല തല്ലു പിടിക്കുന്ന കൂട്ടത്തിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്. അപ്പൊ ഇവരെ നല്ലോണം ഇടിക്കട്ടെ.'' ഞാൻ പറഞ്ഞു. ''നീ മിണ്ടാതെ വന്നേ..'' ഇത്ത എന്റെ കയ്യിൽ പിടിച്ചു നടന്നു. ''ഈ ജുനൂക്ക എവിടെ പോയി കിടക്കുവാ??'' ജെസ്‌ന ചോദിച്ചു. ''ഇക്കാക്ക് ബാങ്കിൽ എന്തോ ജോലി ഉണ്ട്. അതിനു വേണ്ടി പോയതാ.'' ഇത്ത പറഞ്ഞു.

ഞങ്ങള് വീണ്ടും ഞങ്ങടെ കളികൾ തുടർന്നു. ശരിക്കു പറഞ്ഞാൽ സൈദിനേം സൈഫിനേം തോപ്പിക്കും.. അത്രേം കുഞ്ഞു പിള്ളേരുടെ പോലെ ആയിരുന്നു ഞങ്ങടെ കളി. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഫുഡ് കോട്ടിലേക്കു നടന്നു. നല്ല അദ്ധ്വാനം ആയിരുന്നല്ലോ... മാൾ മൊത്തം തെണ്ടി തിരിഞ്ഞത് കൊണ്ട് നല്ലോണം വിശന്നു. ഓരോ ശവർമ്മയും വാങ്ങി ഞങ്ങൾ ഒരു ടേബിളിൽ വന്നിരുന്നു. ഇത്ത ജുനുക്കാനേ വിളിച്ചപ്പോ ഒരു പത്തു മിനിട്ടു കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. ''സോസ് എവിടെ???'' ജെന്ന ചോദിച്ചു. അവൾക്കു സോസ് ഇല്ലാണ്ട് ഒന്നും ഇറങ്ങില്ല. അവൾ എണീറ്റ് പോയി സോസിന്റെ ബോട്ടിലും വാങ്ങി വരുമ്പോ നേരത്തെ കണ്ട അലവലാതി അവളുടെ മേൽ മുട്ടി സോസ് അവന്റെ ഡ്രെസ്സിൽ ആയി. അവനതു കരുതി കൂട്ടി ചെയ്തതാണെന്ന് ഞങ്ങക്ക് മനസ്സിലായിരുന്നു. ''സോറി'' എന്നും പറഞ്ഞവൾ നടക്കാൻ തുടങ്ങിയതും അവൻ ജെന്നയുടെ മുന്നിൽ കേറി നിന്നു. ''ഇത് വൃത്തിയാക്കി തന്നിട്ട് പോയാ മതി.'' ജെന്ന നിന്നു വിറക്കാൻ തുടങ്ങി. ഞങ്ങൾ എണീറ്റ് അങ്ങോട്ടേക്ക് നടന്നു.

അപ്പോളേക്കും അവനവളുടെ കയ്യിൽ കേറി പിടിക്കാൻ പോയി. പക്ഷെ അതിനു മുന്നേ അവന്റെ കയ്യിൽ വേറാരൊ പിടിച്ചിരുന്നു. ''ഞാൻ വൃത്തിയാക്കി തന്നാ മതിയോ???'' ''ജുനൂക്ക'' എന്നും പറഞ്ഞു ജെന്ന ഇക്കാനെ കെട്ടിപ്പിടിച്ചു. ഞങ്ങളും ഇക്കാന്റെ അടുത്തേക്ക് പോയി. ഇക്ക ജെന്നയെ ഞങ്ങടെ അടുത്തേക്ക് നിർത്തി. ''എന്താ മക്കളെ, ഞാൻ വൃത്തിയാക്കിയ പോരെ??'' എന്നും ചോദിച്ചു ഇക്ക അവന്റെ കാരണം നോക്കി പുകച്ചു. അപ്പോളേക്കും അവന്റെ ഫ്രണ്ട്സും വന്നു. ഒരു പൊരിഞ്ഞ അടി തന്നെ നടന്നു. ഇക്ക അവരെ അടിച്ചു പഞ്ചറാക്കി. പെട്ടെന്നാണ് ഒരാൾ വന്നു ഇക്കാനെ തടഞ്ഞത്. ''പടച്ചോനെ ആഷി സാർ...'' ഞാൻ പറഞ്ഞു കേട്ട് ജെസ്‌നയും ജെന്നയും എന്നെ നോക്കി. ജാസ്മിത്ത അതെ എന്ന് തലയാട്ടി. ആഷി സാർ ഇക്കാന്റെ കൈ പിടിച്ചു വച്ചു. എന്നിട്ടു ജുനൂക്ക അടിച്ച ആളെ എണീപ്പിച്ചു അവനോടു ചോദിച്ചു

''എന്താ ജാച്ചു എന്താ പ്രശ്നം???'' ''അത് ഇക്ക ഇങ്ങേര് ഞങ്ങളെ വെറുതെ അടിച്ചു. അറിയാതെ ഈ കുട്ടിയെ ഒന്ന് ഇടിച്ചുപോയി അതിനാ...'' അവൻ കള്ളം പറഞ്ഞു. ''കള്ളം പറയുന്നോടാ??? നിനക്ക് അവളുതന്നെ നിന്റെ ഡ്രസ്സ് ക്ലീൻ ചെയ്തു തരണം അല്ലെ???'' എന്നും പറഞ്ഞു ജുനു ഇക്ക പിന്നേം അവനെ അടിക്കാൻ പോയപ്പോ ആഷി സർ ഇക്കാനെ വീണ്ടും തടഞ്ഞു. ''ഇക്കാ ഇയാള് വെറുതെ പറയുന്നതാ...'' അവൻ പറഞ്ഞതും ആഷി സാർ തിരിഞ്ഞു ജുനു ഇക്കാനെ നോക്കി. ആഷി സാറിന്റെ കൈ വായുവിൽ ഉയരുന്നത് കണ്ടു ഞാൻ കണ്ണടച്ചു. ''വേണ്ടാ'' ഞങ്ങടെ നാലാളുടേം ശബ്ദം അവിടെ അലയടിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story