ഒരു ചില്ലറ പ്രേമം: ഭാഗം 14

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

കണ്ണ് തുറന്നപ്പോ നിലത്തു കിടക്കുന്ന ജാച്ചുനെയും കെട്ടിപ്പിടിച്ചു നിക്കുന്ന ആഷി സാറിനെയും ജുനു ഇക്കയെയും ആണ് ഞങ്ങൾ കണ്ടത്. ഇതെന്തു മറിമായം എന്ന് വിചാരിച്ചു നിക്കുമ്പോ ദേ രണ്ടാളും നടന്നു ഞങ്ങടെ അടുത്തേക്ക് വന്നു. ജാച്ചുവും ഫ്രണ്ട്സും വന്നു ഞങ്ങളെടുത്തു സോറി പറഞ്ഞിട്ട് പോയി. ''സോറി എന്റെ ഒരു റിലേറ്റീവ് ആണ് അവൻ. ഇച്ചിരി കുരുത്തക്കേടുണ്ട് പക്ഷെ ആള് പാവാ. എന്താ ജാസ്‌മിൻ സുഖമല്ലേ..'' ആഷി സാർ ഇത്തയെ നോക്കി ചോദിച്ചു. എന്നെ കണ്ടതും ഇവളെവിടെയും വന്നോ എന്ന രീതിയിൽ നോക്കി. ''അതെ ആഷിക്ക് സുഖല്ലേ..'' അവരുടെ കുശലാന്വേഷണങ്ങൾ കേട്ട് ഞാൻ ഇത്തയെ ദേഷ്യത്തോടെ നോക്കി. ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. ''സാറെന്താ ഇവിടെ?? ജുനു ഇക്കാനെ അറിയോ?? നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ??'' ഞാൻ രണ്ടാളെയും നോക്കി ചോദിച്ചു. അത് കേട്ടതും മൂന്നാളും ചിരിക്കാൻ തുടങ്ങി. ഞാനും ജെസ്‌നയും ജെന്നയും ഒന്നും മനസ്സിലാകാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ''അറിയോന്നോ... ഞങ്ങൾ പ്ലസ് ടു തൊട്ടു ഒരുമിച്ചാ..''

ജുനു ഇക്ക പറഞ്ഞു. ''അതെ ഞങ്ങൾ എം സി എ വരെ ഒരുമിച്ചുണ്ടായിരുന്നു. അല്ല താനെന്താ ഇവരുടെ കൂടെ??'' ആഷി സാർ പറഞ്ഞു. ''ഇതെന്റെ അനിയത്തിയെ.. എന്റെ ഉപ്പാന്റെ അനിയത്തിയുടെ മോൾ. നിനക്കിവളെ അറിയോ???'' ജുനു ഇക്ക എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. ''ആഹ് ഞാൻ പഠിപ്പിക്കുന്നത് ഇവളുടെ കോളേജിലാ..'' ആഷി സാർ പറഞ്ഞതും ഇക്ക ചിരിക്കാൻ തുടങ്ങി. ''നീ പഠിപ്പിക്കുന്നോ... ഹ ഹ ഹ...'' ഇക്ക വയറും പിടിച്ചു ലോക ചിരി. അത് കണ്ടു ആഷി സാർ ഇക്കാന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു. ''ഓവർ ആക്കണ്ട. ഞാൻ വിസ വരാൻ വെയിറ്റ് ചെയ്യാ, അത് കിട്ടുന്ന വരെ വെറുതെ ഇരിക്കണ്ടല്ലോന്ന് കരുതി.'' ഇക്ക ഒന്ന് അടങ്ങി. എന്നാലും ആഷി സാർ ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ. ഹോ.. എന്റെ സാറെ... ആ ചിരി കാണുമ്പോ ഇപ്പൊ തന്നെ ജുനൂക്കാനേ കൊണ്ട് എന്റെ നിക്കാഹ് സാറിന്റെ കൂടെ നടത്തിയാലോന്ന് വിചാരിച്ചു. കണ്ട്രോൾ ഫാദീ കണ്ട്രോൾ... ''അല്ല അപ്പൊ ജുനൂക്കാക്കു ബുള്ളറ്റ് റാസ്കൽസിനെ ഒക്കെ അറിയാരിക്കും അല്ലെ??''

ഞാൻ ചോദിച്ച കേട്ടതും പിന്നേം അവർ ചിരിക്കാൻ തുടങ്ങി. എന്തോന്നെടെ ഇത് ഇവിടെ ആരെങ്കിലും ലാഫിങ് ഗ്യാസ് തുറന്നു വിട്ടോ.. എനിക്ക് ദേഷ്യം വന്നു. ഞാൻ ജുനു ഇക്കാന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു. ''ആഹ് എന്താടീ...'' എന്നും ചോദിച്ചു എന്റെ നേരെ കണ്ണുരുട്ടി. ''അപ്പൊ നിങ്ങക്ക് നിങ്ങളെ ഇക്കാനെ പറ്റി ഒന്നും അറിയില്ലാന്നു തോന്നുന്നല്ലോ...'' ആഷി സാർ ഇക്കാന്റെ തോളിൽ പിടിച്ചോണ്ട് പറഞ്ഞു. ''ടാ നിനക്ക് തിരക്കല്ലേ, മോൻ വേഗം വിട്ടോ..'' എന്നും പറഞ്ഞു ജുനു ഇക്ക മുങ്ങാൻ നോക്കി എങ്കിലും ജെസ്‌നയും ജെന്നയും അപ്പോളെക്കും ആഷി സാറിന്റെ കയ്യിൽ പിടിച്ചു ഞങ്ങളിരുന്ന ടേബിളിലേക്കു കൊണ്ട് പോയിരുന്നു. ''പറ ആഷിക്ക ഇക്ക കോളേജിൽ എങ്ങനാരുന്നു. അന്നേരം ദുബായിലായോണ്ട് ഞങ്ങക്കൊന്നും അറിയില്ല.'' ജെസ്‌നയും ജെന്നയും ടെൻത് വരെ പഠിച്ചത് ദുബായിലാണ്. അത് കഴിഞ്ഞാണ് ഷഫീക്കാറ്റ നാട്ടിൽ വന്നു ബിസിനെസ്സ് തുടങ്ങിയെ. ''എന്തൊരു ശുഷ്‌ക്കാന്തിയാ അതൊക്കെ അറിയാൻ..'' ജുനു ഇക്കയും ഇത്തയും ഞാനും കൂടെ പോയി ഇരുന്നു.

''അപ്പൊ പറ.. ഞങ്ങളും കേക്കട്ടെ ഇക്കയും ബുള്ളറ്റ് റാസ്കൽസും തമ്മിലുള്ള ബന്ധം...'' ഞാൻ പറഞ്ഞു. ''ബന്ധമല്ല... ഭാഗം.. ജുനൈദ് ഞങ്ങടെ ഗാങ്ങിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം ആയിരുന്നു. ഞങ്ങടെ ജദ്ദു..'' അത് കേട്ടതും ഞങ്ങൾ മൂന്നാളും ജാസ്മി ഇത്തയെ നോക്കി. ഇത്ത മോളിലോട്ടു നോക്കി ഇരിക്കുന്നു. കള്ളീ... ഒന്നുമറിയാത്ത പോലുള്ള ഇരുത്തം കണ്ടില്ലേ. ആഷി സാർ സംഭവബഹുലമായ അവരുടെ കോളേജ് ജീവിതം പറഞ്ഞു തന്നു. അവർ ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയത് ജുനു ഇക്കാന്റെ കലിപ്പ് സ്വഭാവം കാരണമാണെന്നും മനസ്സിലായി. ഇതൊക്കെ പറയുമ്പോളും എന്റെ നോട്ടം മൊത്തം ആഷി സാറിന്റെ മുഖത്തോട്ടായിരുന്നു. പക്ഷെ സാറെന്നെ നോക്കിയേ ഇല്ല. മുരടൻ... ''എന്നാലും ജാസ്മി, എത്ര നല്ല നല്ല ചെക്കന്മാരുണ്ടായിരുന്നു കോളേജിൽ.എന്നിട്ടും നിനക്കീ പൊട്ടനെ മാത്രല്ലേ കിട്ടിയുള്ളൂ പ്രേമിക്കാൻ...'' അത് കേട്ടതും കുടിച്ചോണ്ടിരുന്ന പെപ്സി ജുനു ഇക്ക പുറത്തേക്കു തുപ്പി. ജാസ്മി ഇത്തയും ഞെട്ടി എന്ന് മുഖം കണ്ടപ്പോ മനസ്സിലായി. ഞങ്ങൾ മൂന്നാളുടേം കാര്യം പാറയെ വേണ്ട. ഡൊണാൾഡ് ട്രംപ് ജയിച്ചൂന്നു അറിഞ്ഞപ്പോ അമേരിക്കക്കാരുടെ മുഖം ആയില്ലേ അത് പോലെ. ''ലവ്വോ ഇവർ തമ്മിലോ??? അതെപ്പോ?? എന്നിട്ടാരും അറിഞ്ഞില്ലല്ലോ???'' ഞാൻ ചോദിച്ചു.

''പിന്നേ ഇവരുടെ ലവ് സ്റ്റോറിയെ പറ്റി കോളേജിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാലോ.'' ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു. ''എന്നിട്ടു ഇവരുടേത് അറേഞ്ച് മാരിയേജ് ആയിരുന്നല്ലോ???'' ജെസ്‌ന ചോദിച്ചു. ''അതൊക്കെ ഇവരുടെ ആക്ടിങ് ആയിരുന്നില്ലേ. അല്ലെങ്കി ഇവളുടെ ഉപ്പ സമ്മതിക്കില്ലായിരുന്നു.'' ആഷി സാർ പറഞ്ഞു. ഞങ്ങൾ ഇത്തയെ നോക്കി. ഇത്ത ഒരു പുളിച്ച ചിരിയും പാസ് ആക്കി വേഗം താഴോട്ട് നോക്കി. ''ടാ എല്ലാം കൊളമാക്കിയല്ലോ... ഇതുവരെ ഉപ്പാക്കും ഉമ്മാക്കും അല്ലാതെ വേറെ ആർക്കും അറിയില്ല ഞങ്ങള് പ്രേമിച്ച കാര്യം.'' ജുനു ഇക്ക ഞങ്ങളെ നോക്കി പറഞ്ഞു. ''ആഹാ അപ്പൊ ഓർക്കു രണ്ടാക്കും അറിയാല്ലേ.'' ജെസ്‌ന ദേഷ്യത്തോടെ പറഞ്ഞു. ''നീയൊക്കെ വഴി തെറ്റാണ്ടാണ് വിചാരിച്ചാ പറയാഞ്ഞത്.'' ഇക്ക പറഞ്ഞു. ''എന്നാലും ഇത്തയും ഞങ്ങളോട് പറഞ്ഞില്ലല്ലോ.'' ജെന്ന സങ്കടത്തോടെ പറഞ്ഞു. ''അയ്യോ മക്കളെ ആരെയും പറ്റിക്കാനൊന്നുമല്ല. നിങ്ങക്കറിയാലോ എന്റെ ഉപ്പാന്റേം കുടുംബക്കാരുടേം സ്വഭാവം. അവർക്കു ഈ പ്രേമം എന്നൊക്കെ കേട്ടാ ദഹിക്കൂല. മുമ്ബ് എന്റെ ഇത്ത പ്രേമിച്ചു.

അവൻ വീട്ടിൽ കുടുംബക്കാരുടെ കൂടെ വന്നു ചോദിച്ചപ്പോ കൊന്നില്ലന്നെ ഉള്ളു എന്റെ ഉപ്പ. അവളെ പിടിച്ചു വേറെ കെട്ടിക്കേം ചെയ്‌ത്‌. അതോണ്ടാ ആരെയും അറിയിക്കണ്ടാന്നു നിങ്ങടെ ഉപ്പ പറഞ്ഞെ. ഉമ്മാനോട് പോലും കല്യാണം കഴിഞ്ഞു കുറ്റബോധം സഹിക്കാണ്ട് ഞാൻ പറഞ്ഞതാ.'' ജാസ്‌മി ഇത്ത പറഞ്ഞു. ''ആ പോട്ടെ ക്ഷമിച്ചിരിക്കുന്നു... വേഗം ലവ് സ്റ്റോറി പറ..'' ഞാൻ പറഞ്ഞു. ''ലവ് സ്റ്റോറി അല്ല മോളെ, ഹേറ്റ് സ്റ്റോറിയാ.. ഫസ്റ്റ് ഡേ കോളേജിലേക്ക് പോയപ്പോ ദേ ഗേറ്റിന്റെ മുന്നി തന്നെ നിന്ന് രണ്ടു മൂന്നുപേർ തല്ലുണ്ടാക്കുന്നു. മാറിപ്പോവാൻ നോക്കുമ്പോളേക്കും അതിലൊരു ആളുടെ കൈയിലുണ്ടായിരുന്ന വടി കറക്റ്റ് എന്റെ തലയിൽ കൊണ്ടു. നോക്കിയപ്പോ ദേ നിന്റെ ഈ കലിപ്പൻ ഇക്ക തലയിൽ കൈ വച്ച് നിക്കുന്നു. അതാണ് ലാസ്‌റ് കണ്ടത്. കണ്ണ് തുറന്നപ്പോ ഏതോ ഹോസ്പിറ്റലിൽ ആരുന്നു. ചുറ്റും ഉമ്മയും ഉപ്പയും കുടുംബക്കാരും. എന്താ പറ്റിയെന്നു ചോദിച്ചു ബഹളം. കോളേജിന്ന് വിളിച്ചു പറഞ്ഞു തല പൊട്ടി അഡ്മിറ്റ് ആക്കീട്ടുണ്ട് എന്ന്. എന്താ പറ്റിയെന്നു പറഞ്ഞില്ല പോലും.

ഞാൻ വേഗം സ്ലിപ് ആയി വീണതാണെന്നു പറഞ്ഞു. അടിപിടി ഉള്ള കോളേജ് ആണെന്നറിഞ്ഞാൽ എന്നെ പിന്നേ അവിടെ പഠിക്കാൻ വിടില്ല. എന്റെ ഫ്രണ്ട്സ് ഒക്കെ അവിടെയ. ശ്രദ്ധിക്കാണ്ട് നടന്നതിന് എല്ലാരും കുറെ ചീത്ത പറഞ്ഞു.'' ഇത്ത ദേഷ്യത്തോടെ ഇക്കാനെ നോക്കി. ''അറിഞോണ്ടല്ലല്ലോ.. അടി കണ്ടാ നേരെ നടന്നു വരാ ചെയ്യാ, മാറി പോണ്ടേ.'' ജുനു ഇക്ക പറഞ്ഞു. ''ആഹാ അടിച്ചു തല പൊട്ടിച്ചതും പോരാ, ന്യായം പറയുന്നോ.'' ഇത്ത ദേഷ്യത്തോടെ പറഞ്ഞു. ''ഓ നിങ്ങളെ അടി പിന്നേ ... ഇപ്പൊ കഥ പറ.'' ഞാൻ ആകാംഷയോടെ ഇരുന്നു. അത് കേട്ടപ്പോ ആഷി സാർ എന്നെ ഒന്ന് നോക്കി, ഇതിലൊക്കെ വലിയ ആകാംഷ ആണല്ലോ ഇതൊന്നും പഠിത്തത്തിൽ കാണുന്നില്ലല്ലോ എന്ന മട്ടിൽ, പിന്നേ കൈ കെട്ടി ചെയറിലേക്കു ചാരി ഇരുന്നു. ''എന്നിട്ടെന്താ നാല് സ്റ്റിച് ഉണ്ടായിരുന്നു. നാല് ദിവസം ക്ലാസ്സിലും പോവാൻ പറ്റിയില്ല. അഞ്ചാമത്തെ ദിവസം ക്ലാസ്സിലേക്ക് പോയപ്പോ ദേ നിക്കുന്നു നിങ്ങടെ ഇക്ക. ഞാൻ കരുതി സോറി പറയാൻ ആവുമെന്ന്.'' ഇത്ത പറഞ്ഞു. ''പിന്നെ ഇഷ്ട്ടം പറയാനാണോ??'' ജെന്ന ചോദിച്ചത് കേട്ട് ഇക്ക അവളെ ഒന്ന് നോക്കി. ആഷി സാർ ചിരിക്കാൻ തുടങ്ങി. ''ഇഷ്ട്ടം മണ്ണാംകട്ട.'' ഇത്ത പറഞ്ഞു. ''പിന്നേ എന്താ പറഞ്ഞെ ഇത്ത. പറ??'' ജെസ്‌ന ചോദിച്ചു.

''സോറി പറഞ്ഞാ ഇത്തിരി ജാഡയൊക്കെ ഇട്ടു നിക്കാമെന്നു കരുതിയതാ. പക്ഷെ കേട്ടത് സോറി അല്ലാരുന്നു.'' ഇത്ത പറഞ്ഞു. ''പിന്നേ??'' ഞങ്ങൾ മൂന്നാളും ആകാംഷയോടെ ചോദിച്ചു. ''നിനക്കെന്താടീ കണ്ണില്ലേ??? അടി കണ്ട അതിന്റെ നടുക്കോട്ടു കേറി വരാ ചെയ്യാ?? മാറി പോവാനുള്ള അത്രേം ബുദ്ധി ഇല്ലേ?? ഇത്ര വിവരമില്ലാത്ത നീയൊക്കെ എന്തിനാ കോളേജിലേക്ക് വരുന്നേ???'' ഇതാണ് നിങ്ങടെ ഇക്ക എന്നോട് പറഞ്ഞത്. ഞങ്ങള് മൂന്നാളും അന്തം വിട്ടു ജുനൂക്കാനേ നോക്കി. ഇക്ക 'ഞാൻ തന്നെ' എന്ന രീതിയിൽ ചിരിച്ചു കാണിച്ചു. ഞങ്ങൾ ചിരിക്കാൻ തുടങ്ങി. ''സത്യം പറഞ്ഞാ ഞങ്ങളും ഞെട്ടിപ്പോയി. ഇവനെ കൊണ്ടു സോറി പറയിപ്പിക്കാനാ അങ്ങോട്ട് കൊണ്ടു പോയെ. ഇവൻ കേറി തെറി പറയുമെന്ന് ഞങ്ങളും വിചാരിച്ചില്ല.'' ആഷി സാർ പറഞ്ഞു. ''എന്നിട്ടു??'' ജെസ്‌ന ചോദിച്ചു. ''എന്നിട്ടെന്താ ജാഡ കാണിക്കാമെന്നു കരുതി നിന്ന ഞാൻ കരഞ്ഞു. എല്ലാരും അത് കണ്ടു ചിരിച്ചു. നിങ്ങടെ ഇക്ക ഒഴിച്ച്. ഞാൻ കരയുന്ന കണ്ടപ്പോ ആൾക്ക് എന്തോ പോലെ ആയി.'' ഇത്ത ജുനൂക്കാനേ നോക്കി പറഞ്ഞു.

''ആ.. ഇവളുടെ മുഖത്തെ ജാഡ കണ്ടപ്പോ സോറി അല്ല നല്ല തെറിയാ വായിൽ വന്നത്. പക്ഷെ കരയാൻ തുടങ്ങിയപ്പോ പണി പാളി എന്നെനിക്ക് മനസ്സിലായി. സോറി പറയാമെന്നു വച്ചപ്പോ ഇവന്മാരെല്ലാം കൂടി എന്നെ വലിച്ചോണ്ടു പോയി.'' ഇക്ക പറഞ്ഞു. ''പിന്നേ ഇനീം നീ വല്ല തെറിയും പറഞ്ഞാലൊന്നു പേടിചു നിക്കാ ഞങ്ങള്. അപ്പൊ പിന്നേ വിളിച്ചോണ്ട് പോവാതെ എന്താ ചെയ്യാ..'' ആഷി സാർ പറഞ്ഞു. ''ഇവരുടെ കൂടെ പോവുമ്പോളും എന്റെ മനസ്സിൽ ഇവളുടെ കരയുന്ന മുഖം ആയിരുന്നു. എന്തോ അത് എന്നെ വല്ലാണ്ട് ഉലച്ചു. പിറ്റേന്ന് രാവിലെ തന്നെ സോറി പറയാൻ പോയെങ്കിലും ഇവൾ നിന്നില്ല. പിന്നേ എത്ര വട്ടം ഞാൻ വന്നു. നീ നിന്നോ എന്റെ മുന്നിൽ??? എന്നിട്ടു നിന്നപ്പോ ചെയ്തതോ??'' ജുനൂക്ക ദേഷ്യത്തോടെ ഇത്താനെ നോക്കി. ഇത്തയും ആഷി സാറും ചിരിക്കാൻ തുടങ്ങി. ''എന്താ ചെയ്തേ??'' ജെസ്‌ന ചോദിച്ചു. ''തിരിച്ചു ചീത്ത വിളിച്ചോ??'' ഞാൻ ഇക്കാനോടു ചോദിച്ചു. ''അല്ല..'' ഇക്ക പറഞ്ഞു. ''പിന്നേ?? ഒന്ന് പറയുന്നുണ്ടോ മനുഷ്യനെ ടെൻഷൻ ആക്കാതെ.'' ജെന്ന ദേഷ്യത്തോടെ പറഞ്ഞു. ''ഒന്ന് പൊട്ടിച്ചു.'' ഇത്ത പറഞ്ഞതും ഞങ്ങള് ഇക്കാനേം ഇത്തായെം മാറി മാറി നോക്കി. ആഷി സാറും ഇത്തയും അപ്പോളും ചിരിക്കാണ്‌.

''പിന്നേ ഒറ്റയ്ക്ക് നടന്നു പോവുമ്പോ കയ്യിൽ കേറി പിടിച്ചു വലിച്ചു ക്ലാസ്സിലേക്ക് കേറ്റാൻ നോക്കിയാ പിന്നേ എന്താ ചെയ്യാ.'' ഇത്ത ചിരിച്ചോണ്ട് പറഞ്ഞു. ''നിനക്ക് വേണ്ടി അതൊക്കെ ചെയ്ത എന്നെ തല്ലണം.'' ഇക്ക ദേഷ്യത്തോടെ പറഞ്ഞു. ''എന്താ സംഭവം, എന്നും കൂടെ പറ.'' ഞാൻ പറഞ്ഞു. ''ഇവന് ഇവളുടെ പിന്നാലെ നടന്നു നടന്നു ഇവളോട് പ്രേമം മൂത്തു. ഒരു ക്ലാസ്സിൽ സോറിയും ഐ ലവ് യൂ എന്നൊക്കെ എഴുതി ഡെക്കറേറ്റ് ചെയ്തു വച്ചിരുന്നു. അങ്ങോട്ടേക്കാണ് ഇവളെ കൊണ്ടു പോവാൻ നോക്കിയേ.'' ആഷി സാർ പറഞ്ഞു. ''അത് പിന്നേ എനിക്കറിയോ ഇങ്ങേർക്കെന്നോട് പ്രേമം ആണെന്ന്. ഞാൻ കരുതി എന്നെ തട്ടി കൊണ്ടു പോവാണെന്നു. എന്നാ വാ തുറന്നു പറയണ്ടേ..'' ഇത്ത ഇക്കയെ കളിയാക്കി പറഞ്ഞു. ''പിന്നേ തട്ടി കൊണ്ടു പോവാൻ പറ്റിയ ഒരു സാധനം. നിന്റടുത്തു എപ്പോ വന്നാലും നീ എന്നെ മൈൻഡ് ആക്കാതെ പോവും. അതോണ്ടാ അങ്ങനൊരു സർപ്രൈസ് താരാന്നു വിചാരിച്ചെ. പക്ഷെ സർപ്രൈസ് കിട്ടിയത് എനിക്കാണെന്നു മാത്രം.'' ഇക്ക കവിളിൽ തടവി കൊണ്ടു പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു.

''അയ്യോടാ.. പാവം..'' എന്നും പറഞ്ഞു ഇത്ത ഇക്കയെ കളിയാക്കി ഇക്കാന്റെ കവിളിൽ തടവി കൊടുത്തു... ''എന്നിട്ടു ഇതെങ്ങനെ സെറ്റ് ആയി.'' ഞാൻ ചോദിച്ചു. ''ദാ ഇവനാണതിന്റെ ആള്. ഇവൻ ഇവളെ കൂട്ടി ആ റൂം കൊണ്ടു പോയി കാണിച്ചു. അത് കണ്ടപ്പോ ഇവളെന്റെ അടുത്ത് വന്നു സോറി ഒക്കെ പറഞ്ഞു പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല.'' ആഷി സാറിനെ കാണിച്ചു ഇക്ക പറഞ്ഞു. ''പിന്നേ ഞാൻ കുറെ നാൾ നിങ്ങളെ ഇക്കാന്റെ പിന്നാലെ നടന്നു സോറി പറഞ്ഞു. എന്തൊരു വാശി ആയിരുന്നൂന്നോ??? പിന്നേ ഞാനൊരു മരുന്ന് കൊടുത്തപ്പോ ആള് ഫ്ലാറ്റ്.'' ഇത്ത ഇക്കാനെ നോക്കി പറഞ്ഞു. ''എന്ത് മരുന്ന്???'' ഞങ്ങള് മൂന്നാളും ഒരുമിച്ചു ചോദിച്ചു. ''പെനഡോൾ.. എന്തൊക്കെയാ അറിയേണ്ടത് ഈ പിള്ളേർക്ക്. മരുന്ന് എന്നറിഞ്ഞാ മതി.'' ഇക്ക ഞങ്ങളെ പേടിപ്പിച്ചോണ്ടു പറഞ്ഞു. ''ഒരു വര്ഷം ഞങ്ങള് പ്രേമിച്ചു നടന്നു. അത് കഴിഞ്ഞു നിങ്ങടെ ഇക്ക ജോലി തേടി പോയപ്പോ കാത്തിരിപ്പ് തുടങ്ങി. ഇതെങ്ങനെ കല്യാണത്തിൽ എത്തിക്കുമെന്ന് ആലോചിച്ചു തലയ്ക്കു വട്ടായി. അപ്പോളാണ് ജുനൂൻറെ ഫ്രണ്ട്സ് എല്ലാരും കൂടി ഐഡിയ പറഞ്ഞു തന്നത് നിങ്ങടെ ഉപ്പാനോട് പറഞ്ഞു കല്യാണ ആലോചനയുമായി പോവാൻ. കേട്ടപ്പോ ഉപ്പക്കും സമ്മതമായിരുന്നു.

ഉപ്പയാണ് തൽക്കാലം ആരോടും പറയണ്ടാന്നു പറഞ്ഞെ. ഇവർ വീട്ടിലേക്കു വന്നപ്പോ പേടി ആയിരുന്നു നടക്കുമോ ഇല്ലയോ എന്ന് വിചാരിച്ചു. പക്ഷെ അൽഹംദുലില്ലാഹ് എല്ലാം നല്ല രീതിയിൽ നടന്നു.'' ഇത്ത പറഞ്ഞു. ഞങ്ങളും ചിരിച്ചു. ''എന്നിട്ടു ആഷിക്കാനെ നിങ്ങടെ കല്യാണത്തിന് കണ്ടില്ലല്ലോ??'' ജെസ്‌ന ചോദിച്ചു. ''ഞാൻ അപ്പൊ നാട്ടിൽ ഇല്ലായിരുന്നു. അതിനു ഞാൻ കേട്ട തെറി ഒന്നും പറയേ വേണ്ട.'' ആഷി സാർ ഇക്കയെ നോക്കി പറഞ്ഞു. ''നിങ്ങക്ക് കഴിക്കാൻ ഇനി എന്താ വേണ്ടേ??'' ജുനു ഇക്ക ചോദിച്ചു. ''ഐസ് ക്രീം...'' ജെന്ന പറഞ്ഞു. ''വാ നമ്മക്ക് വാങ്ങീട്ടു വരാമെന്നും'' പറഞ്ഞു ജുനു ഇക്ക ആഷി സാറിനേം കൂട്ടി പോയി. അവർ പോയതും ഞങ്ങൾ ദേഷ്യത്തോടെ ഇത്തയെ നോക്കി. ഇത്ത ഷവർമ തിന്നുന്ന തിരക്കിൽ ആയിരുന്നു. ''എന്തൊക്കെ ആയിരുന്നു... ജാഷി എന്റെ ക്ലാസിലായിരുന്നു.. ഇക്കാന്റെ ക്ലാസ് ദൂരത്തായിരുന്നു... കലിപ്പൻ... മുരടൻ... കള്ളീ...'' ഞങ്ങൾ ഇത്തയോട് പറഞ്ഞു. ഇത്താക്ക് മൂന്നാളും ഓരോ ഇടിയും കൊടുത്തു. ''അയ്യോ എന്റെ മക്കളെ, ഞാൻ നിങ്ങളെ ഇക്കാക്ക് വാക്ക് കൊടുത്തതാ ആരോടും ഒന്നും പറയില്ലാന്നു. നിങ്ങള് ക്ഷമി..'' ഇത്ത പറഞ്ഞു. ''ക്ഷമിക്കാം... പക്ഷെ ഇത്ത കൊടുത്ത മരുന്നെന്താണെന്നു പറ.'' ഞങ്ങള് ചോദിച്ചതും ഇത്ത മുഖം തിരിച്ചു കളഞ്ഞു.

''അത്... അത് പിന്നേ...'' ഇത്ത ഉരുണ്ടു കളിച്ചു. ''പറ ഇത്താ...'' ഞങ്ങളും വിട്ടില്ല. ''കുറെ പിറകെ നടന്നിട്ടും നിങ്ങടെ ഇക്ക പിടി തന്നില്ല. ഒരു ദിവസം ഞാൻ ജുനൂനെ അടിച്ച ആ സ്ഥലത്തു വച്ചെന്നേ നിങ്ങടെ ഇക്കാനെ പിടിച്ചു അന്ന് അടിച്ച കവിളിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ടൊരു ഡയലോഗും കണ്ട അന്ന് തന്നെ ഒറ്റ നോട്ടത്തിൽ ഇഷ്ട്ടായതാന്നു. ഇനി എന്റെ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടെങ്കി അത് ആ കൈ കൊണ്ടു മാത്രം ആയിരിക്കും.. എന്നും കൂടി പറഞ്ഞപ്പോ നിങ്ങടെ ഇക്ക ഫ്ലാറ്റ്.'' ഇത്ത നാണത്തോടെ പറഞ്ഞു. ''ആഹാ കള്ളീ.. ഇതൊക്കെ ഒപ്പിച്ചിരുന്നു അല്ലെ... ശരിക്കും കണ്ടപ്പോ തന്നെ ഇഷ്ട്ടായിനോ.'' ഞാൻ ചോദിച്ചു. ''നിങ്ങടെ ഇക്കാനെ കണ്ടു ഫ്ലാറ്റ് ആയി നിക്കുമ്പോളാ കറക്റ്റ് അടി വന്നു വീണത്. ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഫ്രണ്ടിനെ വിളിച്ചു. അവള് പറഞ്ഞു അടി കൊണ്ടു വീഴാൻ പോയപ്പോ താങ്ങിയത് ആ കൈകൾ ആണെന്ന്. എന്നെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയതും നിങ്ങളെ ഇക്ക ആയിരുന്നു. ഏതോ പെൺകുട്ടിയോട് ഒരുത്തൻ മോശമായി പെരുമാറി അതിനായിരുന്നു അവിടെ അടി നടന്നേ. നിങ്ങടെ ഇക്കന്റേം ബുള്ളറ്റ് റാസ്കൽസിന്റേം കഥ ഒക്കെ അവള് പറഞ്ഞു തന്നു. പിന്നേ പറയണോ എങ്ങനേലും കോളേജിലേക്ക് പോയി ആ കലിപ്പനെ ഒന്ന് കണ്ടാ മതി എന്നായി.'' ഇത്ത പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു

. ''ഓ... ഹൌ റൊമാന്റിക്...'' ഞങ്ങൾ മൂന്നാളും പറഞ്ഞതും ജുനൂക്കയും ആഷി സാറും അങ്ങോട്ടേക്ക് വന്നു. ''അപ്പൊ ശരി പിന്നേ കാണാം...'' എന്നും പറഞ്ഞു ആഷി സാർ കയ്യിലുണ്ടായിരുന്ന ഐസ് ക്രീം ടേബിളിൽ വച്ചു. ''സാർ ഐസ് ക്രീം കഴിക്കുന്നില്ല???'' ഞാൻ ചോദിച്ചതും സാർ തിരിഞ്ഞെന്നെ നോക്കി. ''അയ്യോ വേണ്ട, ഒരെണ്ണം കഴിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയില്ല.'' എന്ന് എന്നെ നോക്കി കൈ കൂപ്പി കൊണ്ടു പറഞ്ഞു. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. സാർ എല്ലാരോടും പോട്ടെന്നു ചോദിച്ചു പോയി. സാർ പോയതും എല്ലാരും എന്നെ നോക്കി. ''എന്താടീ അവൻ പറഞ്ഞെ???'' ഇക്ക ചോദിച്ചു. കലിപ്പ് മോഡ് ഓൺ ആയി. ''അത്... അത് ഇന്നലെ....'' ഞാൻ എല്ലാം അവരോടു പറഞ്ഞു. ''ഏതാ അവൻ. നിന്റെ കയ്യിൽ കേറി പിടിച്ചിട്ടു അവനെ വെറുതെ വിട്ടോ???'' ഇക്ക ചൂടായി. ''അയ്യോ ഇക്ക അവനു നല്ല രണ്ടു ചവിട്ടു ഞാൻ കൊടുത്തു. ആഷി സാറും അടിച്ചു.''

ഞാൻ എങ്ങനേലും ഇക്കാനെ സമാധാനിപ്പിച്ചു ആരോടും പറയണ്ടാന്നു പറഞ്ഞു. ഞങ്ങളോടും അവർ മുമ്പ് പ്രണയിച്ച കാര്യം ആരോടും പറയണ്ടാന്നു പറഞ്ഞു. അവിടുന്ന് പുറത്തിറങ്ങി ഞങ്ങൾ കാറിൽ കേറി. മെല്ലെ ഇക്കാനോടു ആഷി സാറിനെ പറ്റി ഓരോന്ന് ചോദിച്ചു. ''ഇക്കാ ആഷി സാർ എന്താ കല്യാണം കഴിക്കാത്തതു. നിങ്ങളെ ബാക്കി ഫ്രണ്ട്സ് ഒക്കെ കഴിച്ചില്ല.'' ഞാൻ മെല്ലെ ചോദിച്ചു. ''അവന്റെ ഇക്ക ഉണ്ട് കല്യാണം കഴിക്കാൻ, അവർ തമ്മിൽ ഒന്നര വയസ്സിന്റെയോ മറ്റോ വ്യത്യാസമേ ഉള്ളൂ.. പിന്നേ അവന്റെ ഇത്തയുടെ കല്യാണവും ഇപ്പൊ അടുത്താ കഴിഞ്ഞേ..'' ഇക്ക പറഞ്ഞു. ''അഷീടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ??? അന്ന് ജാഷി പുറകെ നടന്നിട്ടും അവൻ തിരിഞ്ഞു നോക്കിയില്ലല്ലോ.'' ഇത്ത പറഞ്ഞു. ''അതവൻ ജാഷി അജുവിന്റെ പെങ്ങളായതു കൊണ്ടു അവളെ ഒരു പെങ്ങളെ പോലെയേ കണ്ടിരുന്നുള്ളൂ. അല്ലാണ്ട് വേറൊന്നുമില്ല.'' ഇക്ക പറഞ്ഞത് കേട്ടതും എനിക് സമാധാനം ആയി. ''പക്ഷെ അവൻ കല്യാണം കഴിക്കാത്തതിൽ വേറൊരു കാര്യം ഉണ്ട്..'' അത് കേട്ടതും എന്റെ ഹാർട്ട് ബീറ്റ് കൂടി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story