ഒരു ചില്ലറ പ്രേമം: ഭാഗം 15

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''എന്താ കാര്യം...'' ഞങ്ങളെല്ലാരും ഒരുമിച്ചാണ് ചോദിച്ചേ.. ഒച്ച കേട്ടു ഇക്ക പെട്ടെന്ന് ബ്രേക്ക് അടിച്ചു പോയി. ഇക്ക ഞങ്ങളെ നാലാളെയും ദേഷ്യത്തോടെ നോക്കി. ''എന്തോന്നാ ഇത്.. ഞാൻ പേടിച്ചു പോയല്ലോ.'' ഭാഗ്യത്തിന് വേറെ വണ്ടി ഒന്നും വരാത്തത് കൊണ്ട് രക്ഷപ്പെട്ടു. ''അത് പിന്നെ ആകാംഷ കൊണ്ട്.... ഇങ്ങള് പറ.'' ഞങ്ങള് എല്ലാരും ചിരിച്ചു. ഇക്ക വണ്ടി മുന്നോട്ടെടുത്തു. എന്റെ ഹൃദയമിടിപ്പ് കൂടി കൊണ്ടേ ഇരുന്നു. ''അവൻ അവന്റെ ഉമ്മ ഇഷ്ട്ടപ്പെട്ടു കണ്ടു പിടിച്ചു കൊടുക്കുന്ന പെണ്ണിനെയെ കെട്ടുള്ളു. അത് അവൻ ഉമ്മാക്ക് കൊടുത്തിട്ടുള്ള വാക്കാണ്. അവന്റുമ്മ ഇപ്പൊ അവനുള്ള പെണ്ണിനെ തപ്പിക്കൊണ്ടിരിക്കാ.'' ഇക്ക പറഞ്ഞതും എന്റെ ഹൃദയം അടിച്ചു പോയ പോലെ തോന്നി. കല്യാണം കഴിഞ്ഞാൽ അമ്മായിഅമ്മമാർ പാരയാണ് എന്ന് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും എന്റെ കല്യാണത്തിന് മുന്നേ ഇങ്ങനൊരു പാര ഞാൻ പ്രതീക്ഷിച്ചില്ല. ''മോഹഭംഗ മനസ്സിലെ രാഗ.....'' കറക്റ്റ് ആയി റേഡിയോയിൽ പാട്ടും വന്നു.

അത് കേട്ടതും ജാസ്മിത്തയും ജെന്നയും ജെസ്‌നയും ചിരിക്കാൻ തുടങ്ങി. റേഡിയോന്റെ ഉള്ളിൽ കേറി അയാളെ അടിച്ചാലോന്ന് തോന്നി. പക്ഷെ അത് പറ്റാത്തത് കൊണ്ട് അടുത്തിരുന്ന രണ്ടിനും ഓരോ ഇടി കൊടുത്തു. വീട്ടിലെത്തിയപ്പോ ഷഫീക്കാറ്റയും അമ്മായിയും ജെയ്‌ഷ മോളെ കളിപ്പിച്ചോണ്ടിരിക്കുന്നു. ''ആഹ് മക്കള് വന്നല്ലോ.. എങ്ങനെ അടിച്ചു പൊളിച്ചോ???'' ആറ്റ ചോദിച്ചു. ''പിന്നേ... അടിച്ചൂ... പൊളിച്ചു.'' ജെസ്‌ന പറഞ്ഞതും ആറ്റ ജുനൂക്കാനേ നോക്കി. ''ഞാനൊന്നും ചെയ്തില്ല ഉപ്പ. ഇങ്ങളെന്തിനാ എന്നെ നോക്കുന്നെ.'' ജുനു ഇക്ക ജെസ്‌നയുടെ തലയിൽ ഒരു ഇടി കൊടുത്തു. ''എന്റെ ജെന്ന മോള് പറ. അവളെന്നോടൊന്നും മറച്ചു വെക്കില്ല. എന്താ പറ്റിയെ???'' ആറ്റ ജെന്നയെ സോപ്പിട്ടു. ''ഓ ഉപ്പ നമ്മളോടെല്ലാം പറയാറുണ്ടല്ലോ.'' ജെന്ന മുഖം കോട്ടി. ''എന്താ ഇന്ന് എല്ലാരും അർഥം വച്ച് സംസാരിക്കുന്നേ???'' അമ്മായി ചോദിച്ചു. ''ഒന്നുമില്ല ഞങ്ങള് ചിലരുടെ ആക്ടിങ് ഒക്കെ കണ്ടു പിടിച്ചു. എന്തൊക്കെ ആയിരുന്നു... ഒരേ കോളേജ് ആയിട്ടും ഒരിക്കെ പോലും സംസാരിച്ചിട്ടില്ല... എപ്പോളോ കണ്ട പോലെ ഉണ്ട്...''

ജെസ്‌ന കളിയാക്കി കൊണ്ട് പറഞ്ഞു. അത് കേട്ടതും ജാസ്മിത്ത മെല്ലെ മോളേം കൊണ്ട് അകത്തേക്ക് മുങ്ങി. ''നീ എല്ലാം പറഞ്ഞോ??'' ആറ്റ ഇക്കാനോടു ചോദിച്ചു. ''ഏയ് ഞാനല്ല, ഇന്നൊരു ഫ്രണ്ടിനെ കണ്ടു അവനാ പറഞ്ഞെ.'' ജുനൂക്ക കൈ മലർത്തി. ''എന്നാലും ഉപ്പാ ഇങ്ങള് ബല്ലാത്ത സാധനം തന്നെ.'' ജെന്ന ദേഷ്യത്തോടെ ആറ്റാന്റെ കവിളിൽ പിടിച്ചു വലിച്ചു. ''അറിഞ്ഞതൊക്കെ ശരി തന്നെ, അത് കേട്ട് മക്കള് വേണ്ടാത്ത വല്ലതും ഒപ്പിച്ചോണ്ടു വന്നാൽ രണ്ടിനേം ഞാൻ ശരി ആക്കും.. നിന്നോടും കൂടാ പറയുന്നേ'' എന്നും പറഞ്ഞു ആറ്റ ജെന്നയുടെയും ജെസ്‌നയുടെയും തലയിൽ ഓരോന്ന് കൊടുത്തു എന്നിട്ടു എന്റെ ചെവിയിൽ പിടിച്ചു. ''അയ്യോ ഇല്ലേ...'' ഞങ്ങൾ ഒരുമിച്ചു പറഞ്ഞു. ''അപ്പൊ പറ ഇന്നെന്തായിരുന്നു പ്രശ്നം...'' ആറ്റ ചോദിച്ചു. ജെന്നയും ജെസ്‌നയും കൂടി വല്ല സിനിമാ കഥയും പറയുന്ന പോലെ എല്ലാം പറഞ്ഞു കൊടുത്തു. ആറ്റ ജുനൂക്കാനേ ഇടയ്ക്കിടയ്ക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. ''ടാ നിനക്ക് ഈ അടി അല്ലാണ്ട് വേറൊന്നും അറീല്ലേ. പറഞ്ഞു മനസ്സിലാക്കിയാ പോരെ.''

ആറ്റ പറഞ്ഞു. ''അതെന്നെ, ആറ്റാ അങ്ങനെ പറഞ്ഞു കൊടുക്ക്. ആഷി സാർ വന്നില്ലായിരുന്നെങ്കിൽ ആ ചെക്കനെ ഇക്ക ചവിട്ടികൂട്ടിയേനെ.'' ഞാൻ ഒരു ഗോൾ അടിക്കാൻ നോക്കി. ഇക്ക എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ''പിന്നേ... ഒരു ഉപദേശി വന്നിരിക്കുന്നു. മോൾടെ ചരിത്രമൊന്നും എന്നെ കൊണ്ട് പറയിപ്പിക്കണ്ട. ഒരുത്തന്റെ മുഖത്തടിച്ചു, ചവിട്ടിയതും പോരാ.. അവള് ഉപദേശിക്കുന്നു'' എന്നും പറഞ്ഞു ആറ്റ എന്റെ ചെവി പിന്നേം പിടിച്ചു. ഞാൻ ഒന്ന് ഇളിച്ചു കാട്ടി. ''നിനക്കെങ്ങനെ തന്നെ വേണം'' എന്നും പറഞ്ഞു ഇക്ക ചിരിച്ചു. ''ആട്ടെ നിനക്കെങ്ങനെയാ ഇവളുടെ സാറിനെ പരിജയം.'' ആറ്റ ചോദിച്ചു. ''അവനെന്റെ കൂടെ പഠിച്ചതാ ഉപ്പ..'' ജുനൂക്ക പറഞ്ഞു. ''ആഹ് എന്നാ നിങ്ങള് പോയി ഡ്രസ്സ് ഒക്കെ മാറ്. ജുനൂ നീ എന്റെ കൂടെ വാ. കുറച്ചു അകൗണ്ട്സ് നോക്കാനുണ്ട്.'' എന്നും പറഞ്ഞു ആറ്റ ജുനു ഇക്കാനേം കൂട്ടി പോയി. ഞങ്ങള് അകത്തു പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അടുക്കളയിലേക്കു പോയി. എന്റെ മനസ്സിൽ മുഴുവൻ ജുനു ഇക്ക പറഞ്ഞ കാര്യമായിരുന്നു.

''പടച്ചോനെ ഇനി ആ ഉമ്മാക്ക് എന്നെ ഇഷ്ട്ടായില്ലെങ്കിലോ???'' ഞാൻ പറഞ്ഞു. ''അതിനു ആഷിക്കാക്ക് ഇങ്ങളെ ഇഷ്ട്ടാണോ???'' ജെസ്‌ന ചോദിച്ചതും ഉള്ളി അരിഞ്ഞോണ്ടിരുന്ന കത്തി ഞാൻ ഓളെ പൊക്കി കാണിച്ചു. ''ഏയ് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. ഇങ്ങള് വെറുതെ ചൂടാവല്ലേന്നു.'' എന്നും പറഞ്ഞു ജെസ്‌ന മെല്ലെ അവിടുന്ന് മാറി. ''ആ ഉമ്മാനെ ഒന്ന് കണ്ടിരുന്നെങ്കി എത്ര നന്നായേനെ. എങ്ങനേലും സോപ്പിട്ടു ചാക്കിലാക്കാമായിരുന്നു. കണ്ട സ്വപ്നങ്ങളെല്ലാം വെറുതെ ആവോ പടച്ചോനെ..'' ഇല്ല ഫാദീ വേണ്ടാത്ത ചിന്തിക്കല്ലേ. തിങ്ക് പോസിറ്റീവ്... നിന്റെ ബ്ലഡ് ഗ്രൂപ്പ് പോലെ ഓൾവേസ് ബീ പോസിറ്റീവ്... രാത്രി നല്ല ഹോം മെയിഡ് പൊറോട്ടയും ചില്ലി ചിക്കനും തട്ടി സുഖമായി കിടന്നുറങ്ങാൻ പോയെങ്കിലും ഉറക്കം വന്നില്ല. ഫോണെടുത്തു ഉപ്പാനെ വിളിച്ചു കുറെ നേരം സംസാരിച്ചു. അങ്ങനെയാ ഉറക്കം വന്നില്ലെങ്കി ഞാൻ പോയി ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കിടന്നു സംസാരിക്കും . എന്നിട്ടവിടെ അവരുടെ കൂടെ തന്നെ കിടന്നുറങ്ങും. ഇന്ന് ഫോണിലൂടെ കുറെ സംസാരിച്ചു ഉറങ്ങി. രാവിലെ എണീറ്റത് ആരോ മേലെ വന്നു വീണപ്പോഴാ..

കൂടെ അടുത്ത് കിടന്നവരുടെ അലർച്ചയും ''വിടെടാ... എണീറ്റ് പോടാ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.'' കണ്ണ് തുറന്നു നോക്കിയപ്പോ സൈഫ് എന്റെ മേലെ അനങ്ങാതെ കിടപ്പുണ്ട്. അല്ലെങ്കിലും അവനെന്നെ ഭയങ്കര ഇഷ്ട്ടാ. ഞാനവനെ രണ്ടു കൈ കൊണ്ടും കെട്ടിപ്പിടിച്ചു. സൈദ് ജെസ്‌നയുടേം ജെന്നയുടേം മേലെ കേറി തുള്ളി കളിക്കുന്നു. രണ്ടും കൂടി അവനെ പിടിച്ചു കട്ടിലിൽ നിന്നും താഴേ ഇട്ടു. എന്നിട്ടു തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി. അവൻ പൂർവാധികം ശക്തിയോടെ എണീറ്റ് അവിടെ ജഗ്ഗിലുണ്ടായിരുന്ന വെള്ളമെടുത്തു അവരെ മേൽ ഒഴിച്ച് ഓടി കളഞ്ഞു. പിന്നേ പറയണ്ടല്ലോ പൂരം. രണ്ടാളും എണീറ്റ് അവന്റെ പിന്നാലെ ഓടി. ഞാനും സൈഫും പിന്നാലെ പോയി. നോക്കുമ്പോ ദേ സൈദ് ജെന്നയേയും ജെസ്‌നയെയും വീട് മൊത്തം ഇട്ടു ഓടിക്കുന്നു. അമ്മായി വന്നു എല്ലാത്തിനേം പിടിച്ചു രണ്ടടി കൊടുത്തു പല്ലു തേക്കാൻ വിട്ടു. ഞങ്ങളും മെല്ലെ അവിടുന്ന് എസ്‌കേപ്പ് ആയി. ഒരു കല്യാണത്തിന് പോവാൻ ഉള്ളോണ്ട് സൈഫിനേം സൈദിനേം അവിടെ വിട്ടു ജദീർക്കയും സലീനമ്മായിയും പോയി എന്ന് അമ്മായി പറഞ്ഞു.

കല്യാണം കഴിഞ്ഞു പോവുമ്പോ അവരെ കൂടെ കൂട്ടും. അന്ന് മൊത്തം അവരുടെ കൂടെ കളിച്ചു. പുറത്തു ഊഞ്ഞാലാടിയും അവരുടെ കൂടെ ഓടി കളിച്ചും സമയം പോയതറിഞ്ഞില്ല. ജെയ്‌ഷ മോളാണെങ്കി സൈദിന്റെം സൈഫിന്റെം പിന്നാലെ തന്നെ ആയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു പിള്ളേരെ മൂന്നിനേം ജാസ്മി ഇത്ത കിടത്തി ഉറക്കി. ഞങ്ങൾ അങ്ങനെ വെറുതെ ഇരിക്കുമ്പോളാണ് ജെസ്‌ന പോയി യൂഎൻഓ കാർഡ് എടുത്തു വന്നത്. പിന്നേ ഞങ്ങൾ കളിക്കാൻ ഇരുന്നു. ജുനു ഇക്കയും വന്നു ഞങ്ങളെ കൂടെ കളിക്കാൻ. ''അതെ കള്ളക്കളി കളിച്ചാ ചവിട്ടു കിട്ടു പറഞ്ഞില്ലാന്നു വേണ്ട.'' ജുനു ഇക്ക എല്ലാര്ക്കും മുന്നറിയിപ്പ് തന്നു. ''ആദ്യമായിട്ടാ കുറുക്കൻ കോഴിക്കൂട് തുറക്കരുത് എന്ന് പറയുന്ന കേക്കുന്നെ.'' ജാസ്മിത്ത പറഞ്ഞതും ഞങ്ങള് ചിരിച്ചു. ഇക്കയാണ് എപ്പോളും കളിക്കുമ്പോ കള്ളക്കളി കളിക്കാറ്‌. കളി തുടങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ ഒരു കാർ വീടിന്റെ മുന്നിൽ വന്നു നിന്നു. നോക്കിയപ്പോ ജാസ്മിത്തയുടെ ഉപ്പയും ഉമ്മയും അനിയനുമായിരുന്നു. അവരെ കണ്ടതും ഇത്ത പുറത്തേക്കു പോവുന്നെന് പകരം കാർഡ്‌സ് ഒക്കെ എടുത്തു അകത്തേക്ക് കൊണ്ട് വെക്കാൻ പറഞ്ഞു.

അപ്പോളേക്കും ജെന്നയും ജെസ്‌നയും അത് ചെയ്തിരുന്നു. ഞാനും അവരെ പിന്നാലെ പോയി. വേറൊന്നുമല്ല മുന്നേ ഒരിക്കെ അവർ വരുമ്പോ ഞങ്ങള് മുന്നിൽ ഇരുന്നു കളിക്കുവായിരുന്നു. അന്ന് ഇത്തയുടെ ഉപ്പാന്റെ വായിൽ നിന്നും കേട്ട ചീത്തയും ഉപദേശങ്ങളും കേട്ട് ആകപ്പാടെ തല വേദനിച്ചിരുന്നു. അത്ഭുതം തോന്നി ഇത്തയെ ഇത്രയും പഠിപ്പിച്ചത് ഓർത്തപ്പോ തന്നെ. കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ഉമ്മാന്റെ കൂടെ അടുക്കളയിൽ നിക്കണം. അല്ലാണ്ട് പുറത്തിരുന്നു ഇക്കമാരുടെ കൂടെ കളിക്കല്ല വേണ്ടത്. അത് കൊണ്ട് തന്നെ ജുനു ഇക്കയും ഇത്തയുടെ ഉപ്പയും തമ്മിൽ ചേരില്ലായിരുന്നു. അവരെ ഷഫീക്കാറ്റ വന്നു സലാം പറഞ്ഞു സ്വീകരിച്ചു. ഇത്തയുടെ ഉമ്മ അകത്തു ഞങ്ങടെ കൂടെ ഇരുന്നു സംസാരിച്ചു. ഉപ്പയും ഷഫീക്കാറ്റയും ഹാളിൽ ഇരുന്നപ്പോ ജുനു ഇക്ക ജാസ്മിത്തയുടെ അനിയൻ ജാസിമിന്റെ കൂടെ പുറത്തേക്കിറങ്ങി. ജാസിം എംബിഎ കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ആള് ഒരു പാവം ആണ്. ഉപ്പ പറയുന്നതാണ് വേദവാക്യം.

ഉപ്പ ഇരിക്കേണ്ട എന്ന് പറഞ്ഞാൽ ഇരിക്ക കൂടി ചെയ്യില്ല. അത്രക്ക് അനുസരണയാണ്. ഇത്തയും ഞാനും ജെന്നയും കൂടി കുടിക്കാനും കഴിക്കാനും ഉള്ളത് കൊണ്ട് അവരടുത്തു പോയി. ഹാളിൽ എത്തിയപ്പോ ആറ്റ ഇത്തയോട് ''മോള് എണീറ്റില്ലേ, ഇവരൊക്കെ വന്നതല്ലേ എണീപ്പിച്ചോ'' എന്ന് പറഞ്ഞു. ''വേണ്ട ഉപ്പ ഇപ്പൊ എണീപ്പിച്ചാ അവള് കരയും. പിന്നേ ആരോടും കൂടില്ല. ആകെ മോശം സ്വഭാവം ആവും. കുറച്ചു കഴിയുമ്പോ താനേ എണീക്കും.'' ഇത്ത അത് പറഞ്ഞതും ഇത്തയുടെ ഉപ്പ ഇത്തയെ ദേഷ്യത്തോടെ നോക്കി. ''ഇങ്ങനാണോ നീ നിന്റെ അമ്മോഷനോട് സംസാരിക്ക. മോളെ എണീപ്പിക്കാൻ പറഞ്ഞാ ശരി എന്ന് മാത്രം പറഞ്ഞാ മതി.'' എന്നും പറഞ്ഞു അവർ ഇത്താനെ കുറെ ചീത്ത പറഞ്ഞു. ഇത്താന്റെ കണ്ണൊക്കെ നിറഞ്ഞു, പാവം. അതും കേട്ട് കൊണ്ടാണ് ജുനു ഇക്കയും ജാസിമും അകത്തേക്ക് വന്നതു. ഇക്കാന്റെ മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു. ''അതിന്റെ ആവശ്യം ഇല്ല. ഓൾ ഓളെ അമ്മോശൻറ്റെടുത്തല്ല ഉപ്പാന്റടുത്താ സംസാരിച്ചേ. ഓളും എന്റെ മോള് തന്നെയാ.. ഓൾക്ക് എന്റടുത്തു എന്തും സംസാരിക്കാനുള്ള സ്വാതന്ത്രം ഉണ്ട്.''

എന്നും പറഞ്ഞു ആറ്റ ഇത്തയെ ചേർത്ത് പിടിച്ചു ജുനൂക്കാനേ നോക്കി രണ്ടു കണ്ണും അടച്ചു കാണിച്ചു... ഇക്ക ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഇത്തയുടെ ഉപ്പ ഒന്നും പറഞ്ഞില്ല. ചായയും കുടിച്ചു അവർ വേഗം പോയി. ഇറങ്ങുമ്പോ ഞാൻ പറഞ്ഞതിന് മറുപടി വേഗം വേണം എന്ന് പറഞ്ഞു ആറ്റാനെ നോക്കി സലാം പറഞ്ഞു പോയി. അവർ പോയതും ആറ്റയും അമ്മായിയും ഇത്തയെ സമാധാനിപ്പിച്ചു. ഇക്കയും ഞങ്ങളും കൂടി ഇത്താനെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു. ''പടച്ചോനെ ഇത് പോലെ മരുമോളെ മോളെ പോലെ കാണുന്ന വീട്ടിലേക്കു തന്നെ ഞങ്ങളെ എത്തിക്കണേ..'' എന്ന് ഞാനും ജെസ്‌നയും ജെന്നയും കൂടി ഒരുമിച്ചു പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു. ''അത് നടക്കൊന്നു അറീല്ല. നിങ്ങൾ മൂന്നാളിൽ ഒരാളെ ജാസിമിന് കൊടുക്കോന്നറിയാനാ അവരിന്നു വന്നത്. ഒരു മിനി പെണ്ണ് കാണൽ...'' ആറ്റ പറഞ്ഞു. ''പടച്ചോനെ...'' ഞങ്ങൾ മൂന്നാളും ഒരുമിച്ചു വിളിച്ചു. ''അതിലും നല്ലതു വല്ല പാണ്ടിലോറിക്കും തല വെക്കുന്നതാ.'' ഞാൻ പറഞ്ഞിട്ട് ഇത്തയെ നോക്കി. ഇത്ത അതെ എന്ന രീതിയിൽ തലയാട്ടി.

''ആർക്കാ നറുക്കു വീണത്..'' പിന്നിൽ നിന്നും ജദീർക്ക ചിരിച്ചോണ്ട് ചോദിച്ചു. എല്ലാം കേട്ടു പഹയൻ. ''ആ നീ വന്നോ, സലീന എവിടെ?'' അമ്മായി ചോദിച്ചു. ''അവൾ വന്നില്ല. അവിടെ കല്യാണ വീട്ടിൽ വച്ചു അവളുടെ കാലൊന്നു സ്ലിപ്പായി..'' ജദീർക്ക പറഞ്ഞു. ''അയ്യോ എന്നിട്ടു??? അമ്മായി ചോദിച്ചു കുഴപ്പമില്ല. ചെറിയ ഉളുക്കുണ്ട്, ഹോസ്പിറ്റലിൽ കേറി കാണിച്ചു ബാൻഡേജ് ഇട്ടിട്ടുണ്ട്. പൊട്ടലൊന്നും ഇല്ല. പക്ഷെ രണ്ടു ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു. അപ്പൊ പിന്നേ അവളെ വീട്ടിലാക്കി പിള്ളേരെ കൂട്ടാൻ വന്നു.'' ജദീർക്ക പറഞ്ഞു. ''അൽഹംദുലില്ലാഹ്. കുഴപ്പമൊന്നുമില്ലല്ലോ, അതെന്നെ ഭാഗ്യം.'' ആറ്റ പറഞ്ഞു. ''നീ നാളെ പോവുമ്പോ അവളെ ഇവിടെ ആക്കീട്ടു പോയാ മതി.'' അമ്മായി ജദീർക്കാനോടു പറഞ്ഞു. സലീനമായി സഫിയമ്മായിക്ക് സ്വന്തം അനിയത്തിയെ പോലെ ആണ്. ''ആ അതൊക്കെ അങ്ങനെ തന്നെ.. ആട്ടെ ഇത് പറ ആർക്കാ ജാസിമിന്റെ ആലോചന വന്നത്.'' ജദീർക്ക ചോദിച്ചു. ''വേറാർക്ക് നമ്മടെ മരിയോൾക്ക് തന്നെ.'' അത് കേട്ടതും ഞാൻ ബോധം കെട്ടില്ലാന്നേ ഉള്ളു. ജെസ്‌നയും ജെന്നയും മോളിലേക്കു നോക്കി അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു.

എല്ലാരും ചിരിക്കാൻ തുടങ്ങി. ''നന്നായി, ഇത്ര നല്ല ആലോചന ഇനി വരില്ല നമ്മക്കിതു ഉറപ്പിക്കാം.'' ജദീർക്ക പറഞ്ഞു. ഞാൻ ജദീർക്കാകിട്ടൊരു ഇടി കൊടുത്തു. '' അതെ, ഇവളുടെ വീട്ടുകാരായോണ്ട് പറയുവല്ല നല്ല തങ്കപ്പെട്ട ആൾക്കാരാ. നിന്നെ നല്ലോണം നോക്കിക്കോളും. നിന്റെ സ്വഭാവത്തിനും നല്ലതാ.'' ജുനു ഇക്ക ഇത്തയെ നോക്കി പറഞ്ഞു. ഇത്ത ഇക്കാനെ കണ്ണുരുട്ടി കാണിച്ചിട്ട് ആരും കാണാതെ ഒരു ചവിട്ടു കൊടുത്തു. ''അതെ ഇവളെ ഉപ്പാനെ ഞാൻ അപ്പോൾ തന്നെ വിളിച്ചു സംസാരിച്ചു. ഓർക്കു കുഴപ്പമില്ല. എത്രേം പെട്ടെന്ന് ഇവളെ കെട്ടിച്ചു വിട്ടാ സമാധാനമായി എന്ന ഇവളെ ഉപ്പ പറഞ്ഞെ.'' പടച്ചോനെ ഇവരെല്ലാം കൂടി എന്നെ ഇപ്പൊ തന്നെ കെട്ടിച്ചു വിടുന്ന ലക്ഷണം ഉണ്ടല്ലോ. ''എന്നാ പിന്നേ ഒന്നും ആലോചിക്കേണ്ട. ഇന്നലെ എന്നോടും ഇക്ക പറഞ്ഞിരുന്നു ഇവൾക്ക് നല്ല ചെക്കനെ കിട്ടിയാ പറയണെ എന്ന്.'' ജദീർക്ക എന്നെ നോക്കി പറഞ്ഞു. എനിക്ക് ആകെ സങ്കടമായി, ഞാൻ എല്ലാർക്കും ഇത്ര വല്യ ബാധ്യത ആണോന്നൊക്കെ പെട്ടെന്ന് തോന്നിപ്പോയി. എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി.

അത് കണ്ടപ്പോ എല്ലാരുടേം ഭാവം മാറി. ചിരിയൊക്കെ പോയി. ''അയ്യേ ടീ ജാൻസി റാണി നീ ഇത്രേ ഉള്ളൂ... ഞാൻ കരുതി നീ ഞങ്ങളെ എല്ലാം ഇടിക്കുമെന്ന്.'' എന്നും പറഞ്ഞു ജദീർക്ക എന്നെ ചേർത്ത് പിടിച്ചു. എനിക്കെന്റെ വീട്ടുകാർ കഴിഞ്ഞേ എന്തും ഉള്ളു. അവരങ്ങനെ ഒക്കെ പറഞ്ഞപ്പോ തമാശ ആണെങ്കിലും എന്തോ പോലെ തോന്നി. ''നിനക്കിഷ്ടമില്ലാത്ത എന്തേലും ഞങ്ങള് ചെയ്യോ.. നിന്റെ ഉപ്പ അതിനു സമ്മതിക്കോ... ഞാൻ വിളിച്ചപ്പോ തന്നെ നിന്റെ ഉപ്പ നോ പറഞ്ഞു. ജാസ്മിന്റെ ഉപ്പാന്റെ സ്വഭാവം ഓർക്കു അറിയാലോ. പിന്നെ ഇവളെ ഉപ്പാനെ മുഷിപ്പിക്കണ്ട എന്ന് വിചാരിച്ച അന്നേരം പറയാതിരുന്നേ..'' ഷഫീക്കാറ്റ പറഞ്ഞ കേട്ടപ്പോ എന്റെ മുഖത്തൊരു ചിരി വന്നു.. ''അതിനെന്താ ഉപ്പാ.. എനിക്കറിയാല്ലോ..'' ഇത്ത ആറ്റാന്റെ കൈ പിടിച്ചു ചിരിച്ചു. ശരിക്കും അവർ രണ്ടാളും ഉപ്പയും മോളും ആണെന്നെ പറയൂ. അത്രയ്ക്ക് ഇഷ്ട്ടാ ആറ്റാക്ക് ഇത്താനെ. അതിൽ ജെസ്നയ്ക്കും ജെന്നാക്കും ചെറിയ കുശുമ്പ് ഇല്ലാതില്ല. ''അല്ലെങ്കിലും ഇവളെ കൊണ്ട് കെട്ടിച്ചിട്ടു എന്റെ അളിയന്റെ ജീവിതം ഞാൻ കോഞ്ഞാട്ടയാക്കോ???'' ജുനൂക്ക എന്റടുത്തു വന്നു പറഞ്ഞു. ഞാൻ ഇക്കാന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു. ''ടീ നിന്നെ ഞാൻ'' എന്നും പറഞ്ഞു ഇക്ക എന്നെ അടിക്കാൻ വന്നു. ഞാൻ ഓടി ഇക്ക എന്റെ പിന്നാലെയും. എല്ലാരും അത് കണ്ടു ചിരിച്ചു.

ഉറക്കമെണീറ്റപ്പോ ജദീർക്ക മക്കളേം കൂടി പോയി. രണ്ടിനും പോവാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. ഞങ്ങളും പിന്നെ കുറച്ചു കഥ പറഞ്ഞിരുന്നു. കൂടുതലും ആഷി സാറിനെ പറ്റി ഉള്ളതായിരുന്നു. കേട്ടപ്പോ എനിക്ക് സാറിനോടുള്ള ഇഷ്ട്ടം കൂടി വന്നു. കാരണം കോളേജിലെ ഓരോ പെൺകുട്ടികളും അവരുടെ പ്രശ്നങ്ങളുമായി പോവുമ്പോൾ സാറിന്റെ സ്വന്തം സഹോദരിമാരെ പോലെ കണ്ടു അവരെ പ്രശ്നങ്ങൾ തീർത്തു കൊടുത്തു. റാഗിങ് എന്ന പേരിൽ പിന്നേ ഒരു കുട്ടിയും കരഞ്ഞിട്ടില്ല. എല്ലാർക്കും സാറിനെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു. ഞങ്ങള് കത്തി വച്ച് ഇരിക്കുമ്പോ ഇക്ക വന്നു ഇത്തയെ വിളിച്ചോണ്ട് പോയി. ഇത്ത ഞങ്ങടെ കൂടെ കിടക്കാണെന്നു പറഞ്ഞിട്ടും വിട്ടില്ല. അത്രയ്ക്കും ഇക്കാക്ക് ഇഷ്ട്ടായിരുന്നു ഇത്തയെ. അത് പോലെ എന്നെയും ആഷി സർ സ്നേഹിക്കണേ എന്ന് ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു. രാവിലെ എല്ലാരോടും യാത്ര ചോദിച്ചു ഞാൻ കോളേജിലേക്ക് ഇറങ്ങി. ജുനു ഇക്ക എന്നെ ബസ് സ്റ്റോപ്പിൽ വിട്ടു തന്നു. ഇല്ലെങ്കി ഞാൻ വല്ല വണ്ടിയുടെയും അടിയിൽ കിടക്കുമെന്നു അവർക്കൊക്കെ അറിയാമായിരുന്നു. ബസ് സ്റ്റോപ്പിൽ വായും നോക്കി നിക്കുമ്പോളാണ് ഒരു കാർ എന്റെ മുന്നിൽ വന്നു നിന്നതു. അതിൽ നിന്നും ജാസിം തല പുറത്തിട്ടു എന്നെ നോക്കി പുഞ്ചിരിച്ചു. പടച്ചോനെ ഈ തെണ്ടി എന്താ ഇവിടെ. അവൻ കാർ സൈഡ് ആക്കി ഇറങ്ങി എന്റെ നേരെ നടന്നു വന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story