ഒരു ചില്ലറ പ്രേമം: ഭാഗം 16

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''അസ്സലാമു അലൈക്കും... ഫാദിക്കു സുഖല്ലേ...'' ജാസിം എന്റടുത്തു വന്നു സംസാരത്തിനു തുടക്കമിട്ടു. ഇത് വരെ നല്ല സുഖമായിരുന്നു, നിങ്ങടെ മോന്ത കണ്ടപ്പോ എല്ലാം പോയി... എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. കണ്ട്രോൾ ഫാദീ കണ്ട്രോൾ. ''വലയ്ക്കുംമുസലാം.. സുഖം.'' ഞാൻ അവനെ നോക്കി പറഞ്ഞു. ''ഇന്നലെ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ. നിന്നോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല. എന്തോ ഒരു ചമ്മൽ...'' ജാസിം നാണം കൊണ്ട് നിലത്തു കളം വരക്കാൻ തുടങ്ങി. പടച്ചോനെ ഇവനെവിടുന്നു വന്നോ ആവോ.. ''അതെന്തിനാ ചമ്മൽ.'' ഞാൻ ചോദിച്ചു. ''ഇന്നലെ കണ്ടെങ്കിലും ഇതല്ലേ നമ്മടെ ഒഫീഷ്യൽ പെണ്ണുകാണൽ.'' അവൻ നാണത്തോടെ പറഞ്ഞു. ''പെണ്ണുകാണാലോ...'' ഞാൻ ഞെട്ടി പറഞ്ഞത് കുറച്ചു ഉച്ചത്തിലായി പോയി.. പാവം ജാസിം കണ്ണും തള്ളി എന്നെ നോക്കുന്നു. ''അതിനു ഞങ്ങൾക്ക് കല്യാണത്തിന് താല്പര്യം ഇല്ല എന്ന് ആറ്റ പറഞ്ഞില്ലേ...'' ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ഇനി ഷഫീക്കാറ്റ എന്നെ പറ്റിച്ചോ.. ''ആഹ് അത് പറഞ്ഞു.

പക്ഷെ ഉപ്പ പറഞ്ഞു അതൊന്നും നോക്കണ്ട കല്യാണം കഴിക്കുന്ന ചെക്കന് പെണ്ണിനെ ഇഷ്ടായാൽ പിന്നെ ഒന്നും നോക്കണ്ടാന്നു... നിന്നോട് സംസാരിച്ചു വരാൻ പറഞ്ഞു...'' ജാസിം പറഞ്ഞതും ചവിട്ടി കൂട്ടാൻ തോന്നി... ഉപ്പ പറഞ്ഞാലേ ഇരിക്കൂ എന്നൊക്കെ കേട്ടപ്പോ ഇത്ര പ്രതീക്ഷിച്ചില്ല. ''എന്നിട്ടു ജാസിമിന് എന്നെ ഇഷ്ട്ടായോ??'' ഞാൻ ചോദിച്ചതും അവനെന്നെ ഒന്ന് നോക്കി. ഇവൾ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ എന്ന് വിചാരിച്ചാവും. ''ആഹ് ഇഷ്ട്ടായി.'' അവൻ പറഞ്ഞു. ''എനിക്ക് ഇഷ്ട്ടായോ എന്ന് ചോദിക്കുന്നില്ലേ???'' ഞാൻ ചോദിച്ചതും അവനെന്നെ ഒന്ന് നോക്കി. ''അതിന്റെ ആവശ്യമുണ്ടോ??? എനിക്ക് ഇഷ്ട്ടായി.'' അവൻ പറഞ്ഞു. ഇവനാള് കൊള്ളാല്ലോ... ''ആട്ടെ എന്നെ എപ്പോളാ കണ്ടേ??? എങ്ങനെയാ ഇഷ്ട്ടായെ???'' ഞാൻ ചോദിച്ചു. ''അത് രണ്ടു ദിവസം മുന്നേ നിങ്ങള് ക്യാപിറ്റൽ മാളിൽ പോയില്ലേ, ഞാനും ഉപ്പയും ഒരു ആവശ്യത്തിന് അവിടെ വന്നിരുന്നു. നിങ്ങൾ അകത്തേക്ക് പോവുമ്പോ ഞങ്ങൾ കണ്ടിരുന്നു. അവരെല്ലാം ഒരു അച്ചടക്കവും ഇല്ലാതെ ഓടി പോയപ്പോ നീ മെല്ലെ മര്യാദക്ക് നടക്കുന്നത് കണ്ടു ഉപ്പയാ പറഞ്ഞെ നീ നല്ല കുട്ടി ആണെന്ന്

.'' ഞാനോ... നല്ലകുട്ടിയോ??? ഇതെന്തു മറിമായം. ഞാൻ ഓർത്തു. പടച്ചോനെ അപ്പൊ അതാണ് കാര്യം. ഞങ്ങൾ ഓടി അകത്തേക്ക് പോവുമ്പോ എന്റെ ഒരു ഷൂസ് ഇളകി. അത് ശരി ആക്കി മെല്ലെയാ ഞാൻ പിന്നെ നടന്നേ. അതാവും ഇവർ കണ്ടേ. ''ഉപ്പ അവിടുന്ന് പോയി, പിന്നെ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയി തിരിച്ചു വന്നപ്പോ നിങ്ങളെ അവിടെ ഫുഡ് കോർട്ടിൽ കണ്ടു. ബാക്കി ഉള്ളവർ സംസാരിച്ചു ഒച്ചപ്പാടാക്കുമ്പോൾ നീ അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നു.'' ഇവനെന്താ പടച്ചോനെ പറയുന്നേ. ഞാൻ മിണ്ടാതെ ഇരുന്നോ?? അതെപ്പോ??? ഓ ഞാൻ ഫുഡ് കഴിക്കുന്നതിനിടയിൽ കടിച്ചു പോയി നാവു പൊട്ടിയിരുന്നു. ആ സമയത്താണ് ഈ തെണ്ടി കണ്ടത്. ''എന്നിട്ടെന്താ ഞങ്ങളടുത്തു വരാതിരുന്നേ??'' ഞാൻ ചോദിച്ചു. ''ഞാൻ നിങ്ങളെ അടുത്ത് വരാനിരുന്നപ്പോളാ ജുനൈദ് അടി ആക്കിയത്. അപ്പൊ പിന്നെ ഞാൻ അവിടുന്ന് പുറത്തേക്കു പോയി.'' അവൻ പറഞ്ഞതും ഞാൻ പുച്ഛത്തോടെ അവനെ നോക്കി. ''എന്നിട്ടെന്താ ഇക്കയെ സഹായിക്കാൻ വരാതിരുന്നേ???'' ഞാൻ ജാസിമിനോട് ചോദിച്ചു.

''ഏയ് എനിക്കീ അടിപിടിയൊന്നും ഇഷ്ടമല്ല. പിന്നെ ഉപ്പ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത കച്ചറക്കൊന്നും നിക്കരുതെന്നു. ജുനൈദ് വേണ്ടാത്ത കാര്യത്തിനല്ലേ അടിയാക്കിയത്.'' അവൻ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു. ''അത് ആ ചെക്കൻ ജെന്നയോടു മോശമായി പെരുമാറിയിട്ടല്ലേ???'' ഞാൻ ചോദിച്ചു. ''എന്ത് മോശം. അവൾ അവന്റെ മേലെ പോയി ഇടിച്ചിട്ടല്ലേ... പെൺകുട്ടികളായാൽ കുറച്ചു അച്ചടക്കം വേണം...'' അവൻ പറഞ്ഞതും ദേഷ്യം കൊണ്ട് അവന്റെ കവിളിൽ ഒന്ന് പൊട്ടിക്കാനാ തോന്നിയത്. ''ഇപ്പൊ എന്തിനാ ഇങ്ങോട്ടു വന്നത്.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''ഒന്നുമില്ല നിന്നെ കണ്ടു ഒന്ന് സംസാരിക്കണമെന്ന് തോന്നി.'' അവൻ വേണ്ടതും നാണം കൊണ്ട് കളം വരക്കാൻ തുടങ്ങി. ഇതെന്തോന്ന് സാധനമാണ് പടച്ചോനെ. അപ്പോളേക്കും എന്റെ ബസ് വരുന്നത് കണ്ടു. ''അതെ ഷഫീക്കാറ്റ പറഞ്ഞത് ഞാൻ പറഞ്ഞിട്ടാ.. എനിക്കീ കല്യാണത്തിന് താല്പര്യമില്ല.'' എന്നും പറഞ്ഞു ഞാൻ നടന്നു. ''അത് നിനക്ക് പെട്ടെന്ന് പറഞ്ഞോണ്ട് തോന്നുന്നതാ. നിന്നെ ഞാൻ തന്നെ കെട്ടും.''

അത് പറയുമ്പോൾ അവന്റെ നാണം നിറഞ്ഞ മുഖം മാറി ആ മുഖത്ത് ദേഷ്യം വന്നത് ഞാൻ കണ്ടു. ഞാൻ ഒന്നും പറയാതെ വേഗം ബസിലേക്ക് കേറി. എന്തൊരു സാധനമാ, ഇവനെയൊക്കെ കെട്ടുന്ന പെണ്ണിന്റെ കാര്യം പോക്കാണ്. ആദ്യം കണ്ടപ്പോ തന്നെ നീ പോലും. ഞാനെന്തോ അവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി പോലെ ആണ് സംസാരം. ഷോ വല്ലാത്ത നേരത്താണ് മാളിൽ പോവാൻ തോന്നിയെ. അവനെ വച്ച് നോക്കുമ്പോ ആഷി സാർ എത്ര നല്ലവനാണെന്നു തോന്നിപ്പോയി. കോളേജ് എത്തി സാധാരണ പോലെ ഫ്രണ്ട്സിന്റടുത്തു കത്തി വച്ചിരുന്നു. ഫസ്റ്റ് പിരിയഡ് ലീന മാം ആയിരുന്നു. പെട്ടെന്ന് കേറി വന്നപ്പോ ബാക് ബെഞ്ചിൽ ആയോണ്ട് രക്ഷപ്പെട്ടു. അല്ലെങ്കി കേറുമ്പോ തന്നെ ചീത്ത കിട്ടിയേനെ. എന്നിട്ടും ചോദ്യം ചോദിക്കലും ഇമ്പോസിഷനും ഒക്കെ ആയി നല്ല രീതിയിൽ ആ പീരീഡ് കഴിഞ്ഞുപ്പോയി. സെക്കന്റ് പിരീഡ് ആഷി സാർ ആയിരുന്നു. ബാക് ബെഞ്ചിൽ ആയോണ്ട് ആദ്യം സന്തോഷം ആയിരുന്നെങ്കിലും ഇപ്പൊ സങ്കടായി. അടുത്ത് നിന്ന് കാണാൻ പറ്റുന്നില്ലല്ലോ. ക്ലാസ് കഴിഞ്ഞു പോവാൻ നേരം സാർ നാളെ തൊട്ടു അസ്സയിൻമെന്റ്സ് ബാക്കി എടുക്കാൻ ഉള്ളവർ പ്രിപ്പയർ ചെയ്തു വരാൻ പറഞ്ഞു. മുമ്പത്തെ മാം ഉള്ളപ്പോ കുറച്ചു കുട്ടികൾ മാത്രമേ എടുത്തിരുന്നുള്ളു.

എന്റെ മുന്നേ മൂന്നു നാല് പേര് ഉണ്ടായിരുന്നു. അതോണ്ട് ഞാൻ രക്ഷപ്പെട്ടു. മുന്നത്തെ പോലെ തന്നെ അന്ന് ഒരുമിച്ചു നടന്നു പോയതോ മാളിൽ വച്ച് കണ്ടതോ ആയ ഒരു ഭാവവും സാറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. പിറ്റേന്നു സാർ ക്ലാസ്സിൽ വന്നപ്പോ ദിൽഷയായിരുന്നു സെമിനാർ എടുക്കേണ്ടത്. അവൾ സെമിനാർ എടുക്കാൻ എണീറ്റ് പോയതും ആഷി സാർ കസേര എടുത്തു പിന്നിൽ വന്നിരുന്നു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. സാർ ഇപ്പൊ എന്റേം അടുത്ത ഡെസ്കിലെ ഗ്രീഷ്മയുടെയും ഇടയിലാണ് ഇരിക്കുന്നെ. ആദ്യം ലഡു ഒക്കെ പൊട്ടിയെങ്കിലും പണി പാളി എന്ന് പിന്നെയാ മനസ്സിലായത്. വേറൊന്നുമല്ല സൈഡിലായൊണ്ട് സാറിനെ നോക്കാനും പറ്റുന്നില്ല സെമിനാറും ശ്രദ്ധിച്ചു നോട്സ് എഴുതേം വേണം. ഫിദ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ഞാൻ അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു. എങ്ങനേലും ആ പിരീഡ് കഴിഞ്ഞാ മതി എന്ന് തോന്നിപ്പോയി. ഉറക്കം വന്നിട്ട് ഒന്ന് കോട്ടുവായ് ഇടാൻ പോലും പറ്റാത്ത അവസ്ഥ. സഹിക്കാൻ പാട്ടുണ്ട് ഒരു കോട്ടുവാ ഇട്ടു തിരിഞ്ഞു നോക്കിയതും ദേ ആഷി സാർ കയ്യും കെട്ടി ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു.

ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു. ബെൽ അടിച്ചതും സാർ എണീറ്റ് മുന്നോട്ടു നടന്നു. സന്തോഷത്തോടെ എണീറ്റ് ഒന്ന് മൂരിനിവർന്നതും സാറിന്റെ ഡയലോഗ് അടുത്ത പിരീഡും ഞാൻ വരും അടുത്ത ആൾ പ്രിപ്പേർ ചെയ്തോളു. ദേ പോയി, ഇനി ഒരു പിരീഡും കൂടി സഹിക്കണം. ആദ്യമായി ആഷി സാറിന്റെ ക്ലാസ് വേണ്ടാന്നു തോന്നിപ്പോയി. ''എന്ത് ആലോചിച്ചു നിക്കാടി...വേഗം വാ അല്ലെങ്കി ബോണ്ട തീരും..'' എന്നും പറഞ്ഞു ഫിദ എന്റെ കയ്യിൽ പിടിച്ചു ഓടി. അത് വേറൊന്നുമല്ല ക്യാന്റീനിൽ ഇന്റെർവെല്ലിനു ബോണ്ട, പഴംപൊരി പിന്നെ പരിപ്പുവട ഉണ്ടാകും. എല്ലാര്ക്കും വേണ്ടത് ബോണ്ട ആണ്, ഞങ്ങൾക്കും. ലേറ്റ് ആയാൽ പഴംപൊരി മാത്രമേ ഉണ്ടാവൂ.. അതിനാണ് ഈ മരണ ഓട്ടം. ''ടീ വലിക്കല്ലേ, എന്റെ കൈ.'' അവൾ പിടിച്ച കയ്യിൽ എന്റെ വള അമർന്നു എനിക്ക് വേദനിച്ചു ഞാൻ ഒച്ച വച്ചതും അവളെന്റെ കൈ വിട്ടു. പെട്ടെന്ന് വിട്ടതും എന്റെ ബാലൻസ് പോയി. സിനിമേലാണെങ്കിൽ ആഷി സാർ വന്നെന്നെ പിടിച്ചേനെ.. പക്ഷെ ഇവിടെ ഞാൻ ദേ കിടക്കുന്നു താഴെ. തല പൊക്കി നോക്കുമ്പോ ദേ നിക്കുന്നു മുന്നിൽ ആഷി സാർ റാഷി സാർ മീര മാം പിന്നെ ലീന മാം.

ലീന മാം ചിരിച്ചു ചാവുന്നുണ്ട്, വെറുതെ അല്ല ഇതിനെ ചാള മേരി എന്ന് വിളിക്കുന്നത്. റാഷി സാറിന്റെ മുഖത്ത് വേദന ഉള്ള പോലെ തോന്നി. ഞാൻ വീണതിന് ഇങ്ങേർക്കെന്തിനാണാവോ വേദന. ആഷി സാറിന്റെ മുഖത്തെ ഭാവം ഞാൻ നവരസങ്ങളിൽ പോലും കണ്ടിട്ടില്ല. മീര മാം ഓടി എന്റടുത്തേക്കു വന്നു കൂടെ ഫിദയും. രണ്ടാളുടേം മുഖത്ത് ഒരു ചിരി ഉണ്ട്.. ചുറ്റും ഉള്ളവർ ഒക്കെ നോക്കി ചിരിക്കുന്നു. ''എന്തേലും പറ്റിയോ??'' മീര മാം ചോദിച്ചു. ''ഇല്ല മാം. ഐ ആം ഓക്കേ..'' എന്നും പറഞ്ഞു ഞാൻ ഫിദയെ നോക്കി പേടിപ്പിച്ചു. ''സോറി ടാ, പെട്ടെന്ന് നീ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്നും ചിന്തിച്ചില്ല.'' എന്റെ മുഖത്തെ ദേഷ്യം കണ്ടു അവൾ പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് ചിരി വന്നു. ''എന്നാലും അടിപൊളി വീഴ്ച ആയിരുന്നു.'' എന്നും പറഞ്ഞു ഫിദ ചിരിച്ചു. കൂടെ ഞാനും മീര മാമും... ''വാ എണീക്കു.'' എന്നും പറഞ്ഞു അവരെന്നെ പിടിച്ചെണീപ്പിച്ചു നിർത്തിയതും ഞാൻ വേദന കൊണ്ട് കരഞ്ഞു പിന്നോട്ടു വീഴാൻ പോയതും ഒരുമിച്ചായിരുന്നു. പക്ഷെ വീണില്ല, ആരോ പിടിച്ചു. പടച്ചോനെ ആഷി സാർ ആവണേ... എന്നും പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കി. അല്ല പിന്നിൽ പാത്തുവും ദിയയും. ഇവളുമാർക്കു വരാൻ കണ്ട നേരം. ''എന്ത് പറ്റിയെടാ..''

ഫിദ പേടിയോടെ ചോദിച്ചു. ''എനിക്ക് കാലു വേദനിക്കുന്നു. എന്റെ വലതു കാൽ അനക്കാൻ പറ്റുന്നില്ല.'' ഞാൻ വേദന കൊണ്ട് പുളഞ്ഞു. ആരുടെ മുന്നിലും കരയാൻ ഇഷ്ടമല്ലെങ്കിലും കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. അപ്പോളേക്കും ചിരിച്ചവരുടെ ഒക്കെ മുഖത്ത് സഹതാപം ആയി. ''എന്ത് പറ്റി??'' റാഷി സാറും ആഷി സാറും ഓടി വന്നു ചോദിച്ചു. ''കാല് ഉളുക്കി എന്നാ തോന്നുന്നേ...'' മീര മാം അവരോടു പറഞ്ഞു. ''എന്നാ മെഡിക്കൽ റൂമിലേക്ക് പോവാം..'' റാഷി സാർ പറഞ്ഞു. ആഷി സാർ എന്നെ രണ്ടു കയ്യിലും പൊക്കി എടുത്തു കൊണ്ട് പോവുമെന്ന് ഞാൻ സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ വെള്ളം ഒഴിച്ച് കൊണ്ട് എന്റെ ഫ്രണ്ട്സും മീര മാമും കൂടി എന്നെ അവിടേക്കു കൊണ്ട് പോയി. അവിടെ വച്ച് ലീന മാം പറഞ്ഞിട്ട് ഫാദി എന്റെ കാലിൽ പിടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആക്ടിങ് ആണോന്നു അറിയാനാവും. എന്റെ സാറേ കണ്ണീന്നു പൊന്നീച്ച തൊട്ടു എല്ലാ ടൈപ്പ് ഈച്ചയും പോയി. ' ഞാൻ ഫാദിയെ തറപ്പിച്ചൊന്നു നോക്കി. ഞാനെന്തു ചെയ്യാനാ ഇവര് പറഞ്ഞിട്ടല്ലേ എന്ന രീതിയിൽ അവൾ ദയനീയമായി നോക്കി.

ഫ്രണ്ട് ആയിപ്പോയി ഇല്ലെങ്കി ഇപ്പൊ എന്റെ ചവിട്ടു കൊണ്ട് തീർന്നേനെ. ''പൊട്ടൊന്നും ഇല്ലാന്ന് തോന്നുന്നു. പടം മറിഞ്ഞതാ... ഒന്ന് മൂവ് പുരട്ടി ബാൻഡേജ് ചെയ്താ മതി.'' ലീന മാം പറഞ്ഞു. ''ആണോ ഞങ്ങളാകെ പേടിച്ചു പോയി.'' റാഷി സാർ പറഞ്ഞു. ആഷി സാറും എന്റെ ഫ്രണ്ട്സും എല്ലാരും അവിടെ ഉണ്ടായിരുന്നു. ''അല്ല ആഷി സാർ മുമ്ബ് എൻ എസ് എസിൽ ഒക്കെ ഉണ്ടായിരുന്നതല്ലേ. ഇതിനെയൊക്കെ പറ്റി നല്ലോണം അറിയാരിക്കൂലേ...'' റാഷി സാർ ചോദിച്ചു. ''ആണോ എന്നിട്ടാണോ ഇങ്ങനെ നിക്കുന്നെ??? സാറിനു ഒന്ന് നോക്കിക്കൂടെ???'' മീര മാം ചോദിച്ചു. അപ്പോളേക്കും ബെൽ അടിച്ചു. അത് കൊണ്ട് ഫിദ ഒഴിച്ച് എന്റെ ബാക്കി ഫ്രണ്ട്സും റാഷി സാറും ലീന മാമും പോയി. ആഷി സാർ എന്റെ മുഖത്തേക്ക് നോക്കി എന്റെ നേരെ നടന്നു വന്നു. എന്നിട്ടു കുനിഞ്ഞു ഇരുന്നു എന്റെ കാലിൽ പിടിക്കാൻ പോയതും ഞാൻ കാൽ മാറ്റി.. ''ബാൻഡേജ് ഇട്ടാ മതി സാർ കുഴപ്പമൊന്നുമില്ല.'' സാർ എന്റെ കാലിൽ തൊടുന്നത് എനിക്കെന്തോ പോലെ തോന്നി. ''അത് താൻ കാണിച്ചാലല്ലേ പറയാൻ പറ്റൂ...''

എന്നും പറഞ്ഞു സാർ എന്റെ കാലിൽ പിടിക്കാൻ പോയി. ''വേണ്ട, സാർ എന്റെ അദ്ധ്യാപകൻ അല്ലെ, ഒരു വിദ്യാർത്ഥിയുടെ കാലിൽ പിടിക്കേണ്ട. ഫിദ ബാൻഡേജ് ചെയ്തോളും.'' ഞാൻ പറഞ്ഞതും സാർ ചിരിക്കാൻ തുടങ്ങി. ''എന്റെ വിദ്യാർത്ഥി വേദന കൊണ്ട് പുളയുമ്പോൾ നോക്കി നിക്കുന്നത് ശരി ആണോ?? മറ്റുള്ളവർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സഹായിക്കണം. പ്രശ്നത്തിൽ പെട്ടത് ആരാണെന്നോ എന്താണെന്നോ നോക്കേണ്ട കാര്യം ഇല്ല.'' സാർ അത് പറഞ്ഞപ്പോ എനിക്ക് രാവിലെ ജാസിം സംസാരിച്ചതാണ് ഓർമ്മ വന്നത്. സ്വന്തം സഹോദരിയുടെ ഭർത്താവു ഒരു പ്രശ്നത്തിൽ പെട്ടപ്പോ തിരിഞ്ഞു പോലും നോക്കാതെ പോയ അലവലാതി. വല്ലാത്ത ദേഷ്യം തോന്നി അവനോടു. അപ്പോളേക്കും സാർ എന്റെ കാലിൽ പിടിച്ചു നോക്കുന്ന കണ്ടു. നല്ല വേദന തോന്നി. ''താൻ ആണോ അടുത്ത സെമിനാർ എടുക്കേണ്ടത്.'' സാർ ചോദിച്ചു. ''അല്ല സാർ ഫാത്തിമയും ഫിദയും കഴിഞ്ഞിട്ടാണ് ഞാൻ.'' ഞാൻ പറഞ്ഞു. ''തന്റെ ടോപ്പിക്ക് എന്താ...???'' സാർ ചോദിച്ചു. ടോപ്പിക്ക് ചോദിക്കാൻ പറ്റിയ സമയവും സ്ഥലവും. ''അത് പിന്നെ സാർ കംപ്യൂട്ടർ ആപ്പ്ളി.... ആ...'' ബാക്കി വന്നില്ല. വേറൊന്നുമല്ല സാറെന്നോടു സംസാരിച്ചു എന്റെ ശ്രദ്ധ മാറ്റി എന്റെ കാല് തിരിച്ചു. സ്വർഗ്ഗലോകം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു,

കാണുകേം ചെയ്തു. അവർ മൂന്നാളും ചിരിച്ചു. ''ഇനി ശരി ആയിക്കോളും.'' എന്നും പറഞ്ഞു സാർ എന്നെ നോക്കി ചിരിച്ചു. ഞാൻ ഒന്ന് ചിരിക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല. സാർ തന്നെ ബാൻഡേജ് എടുത്തു റ്റയിറ്റായി കെട്ടി തന്നു. ''ഒരു രണ്ടു മൂന്നു ദിവസം ഇത് കെട്ടണം.'' എന്നിട്ടു അവിടെ മെഡിസിൻ ബോക്സിൽ നിന്നും ഒരു ഗുളിക എടുത്തു. ''ഇത് കഴിച്ചാൽ മതി, നീര് വരില്ല. വേദനയും പോവും.'' എന്നും പറഞ്ഞു എന്റെ കയ്യിൽ ഗുളികയും വെള്ളവും തന്നു. ''കുറച്ചു റസ്റ്റ് എടുത്തിട്ട് അടുത്ത പിരീഡ് വന്നാ മതി'' ക്ലാസ്സിൽ എന്നും പറഞ്ഞു മീര മാമും ആഷി സാറും പോയി. ഞാൻ ഗുളികയും കുടിച്ചു കുറച്ചു സമയം കണ്ണും അടച്ചു കിടന്നു. ഫിദ എന്റെ അടുത്ത് തന്നെ ഇരുന്നു. ''സോറി ടാ അറിയാതെ പറ്റിയതാ...'' ഫിദ പറഞ്ഞു. അവളെന്റെ കയ്യിൽ പിടിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോകുവായിരുന്നു. അവൾക്കു ആകെ വിഷമം ആയി എന്ന് മുഖത്തുണ്ടായിരുന്നു. ''സാരമില്ലെടാ...'' ഞാൻ അവളെ നോക്കി പറഞ്ഞു. ''നല്ല വേദന ഉണ്ടോ??'' ''ഏയ് നല്ല സുഖാ.. വാ ഞാനൊന്നു തള്ളിയിടട്ടെ...'' ഞാൻ പറഞ്ഞതും അവൾ ചിരിച്ചു,കൂടെ ഞാനും.

ക്ലാസ്സിലേക്ക് പോയപ്പോ ഗംഗ സെമിനാർ എടുക്കാൻ തുടങ്ങിയിരുന്നു. സാറിനോട് ചോദിച്ചു ഞങ്ങൾ അകത്തേക്ക് കേറി. പിന്നിൽ സീറ്റിലേക്ക് പോയി ഇരുന്നു. ''എങ്ങനെ ഉണ്ട്.'' സാർ നേരത്തെ ഇരുന്ന പോലെ തന്നെ പിന്നിൽ നടുക്ക്, എന്റെ കുറച്ചു അപ്പുറത്തായി ഇരിക്കുന്നുണ്ടായിരുന്നു. ''കുഴപ്പമില്ല സാർ. വേദന കുറഞ്ഞു.'' ഞാൻ പറഞ്ഞു. ''താൻ നാളെ സെമിനാർ എടുക്കണ്ട. ഫാത്തിമയും ഫിദയും താൻ കഴിഞ്ഞുള്ള ആളും മതി.'' ആഷി സാർ പറഞ്ഞു. നാളെയും രണ്ടു മൂന്നു പിരീഡ് ആഷി സാർ വരുമെന്നുള്ള കാര്യത്തിൽ ഉറപ്പായി. ''അത് കുഴപ്പമില്ല സാർ, ഞാൻ എടുത്തോലാം..'' സാറെന്നെ മൂക്കിന്റെ മോളിലുള്ള കണ്ണടയുടെ മുകളിലൂടെ ഒന്ന് നോക്കി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

ആ പിരീഡ് കഴിഞ്ഞു സാർ പോയി. ഭക്ഷണം കഴിക്കലും കൈ കഴുകലും ഒക്കെ അവിടെ ഇരുന്നു തന്നെ സാധിച്ചു. ഫ്രണ്ട്സിന്റെ വില നല്ലോണം മനസ്സിലായി. ഉച്ചയ്ക്ക് ശേഷം ലീന മാം വന്നു. ചാള മേരി കേറി വന്നപ്പോൾ തന്നെ എന്നെ നോക്കി ഒന്ന് ഇളിച്ചു. ''എങ്ങനെ ഉണ്ട്???'' മാം ചോദിച്ചു. ''ഓക്കേ ആണ് മാം..'' ഞാൻ പറഞ്ഞു. ''ഇനി എങ്കിലും നോക്കി നടക്കു. വായി നോക്കി നടന്നാൽ ഇങ്ങനെ തന്നെ സംഭവിക്കും. നിനക്കൊന്നും തീരെ ശ്രദ്ധ ഇല്ല. തോന്നിയപോലെ അല്ലെ നടപ്പു.'' എന്നും പറഞ്ഞു മാം ഒന്ന് പുച്ഛത്തോടെ ചിരിച്ചു. ഫിദ എന്തോ പറയാനായി തുടങ്ങിയതും ഞാനവളുടെ കൈ പിടിച്ചു വച്ചു. ലീന മാം ക്ലാസ് എടുത്തു. അപൂർവങ്ങളിൽ അപൂർവ്വങ്ങളായി മാത്രം നടക്കുന്ന കാര്യം. ഇല്ലെങ്കി നോട്സ് തരാരാണ്‌ പതിവ്. ക്ലാസ് എടുത്തു കഴിഞ്ഞു മാം കസേരയിൽ ഇരുന്നതും ഞങ്ങളാരും വിചാരിക്കാത്തൊരു കാര്യം അവിടെ നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story