ഒരു ചില്ലറ പ്രേമം: ഭാഗം 17

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

ദേ ലീന മാം നിലത്തു കിടക്കുന്നു. ചെയറിന്റെ ഒരു കാൽ ഒടിഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാവരും ചിരിക്കാൻ തുടങ്ങി. മുമ്പിന്നു രണ്ടു കുട്ടികൾ പോയി മാമിനെ പിടിച്ചു എണീപ്പിച്ചു. ഒരാൾ സ്റ്റാഫ് റൂമിലേക്ക് പോയി. "ടീ നീ ശപിച്ചതാണോ???" ഫിദ ചിരിക്കുന്നതിനിടയിൽ ചോദിച്ചു. "അതേടീ ഞാൻ ഭദ്രകാളിയാ, ശപിക്കും." ഉർവശ്ശി സ്റ്റൈലിൽ പറഞ്ഞു. "അത് മുഖത്ത് തന്നെ ഉണ്ടല്ലോ.. പ്രത്ത്യേഗിച് പറയണ്ട." ഫിദ എന്നെ കളിയാക്കി. "പോടീ അവിടുന്ന്." മാം കളിയാക്കിയപ്പോ മനസ്സിൽ സ്വന്തമായി വീണാലെ മനസിലാവുള്ളൂന്നു പറഞ്ഞിരുന്നുവെങ്കിലും മാം വീഴണമെന്നു ഞാൻ വിചാരിച്ചേ ഇല്ലായിരുന്നു. സ്റ്റാഫ് റൂമിൽ പോയ കുട്ടി തിരിച്ചു വന്നപ്പോ സത്യം പറഞ്ഞാ ടെൻഷൻ ആയിരുന്നു. ആഷി സാർ എങ്ങാനും വന്നു ആ ലീന മാമിനെ എടുത്തോണ്ട് പോയാൽ... ഓർക്കാനേ വയ്യ. പടച്ചോനെ ആഷി സാർ വരല്ലേ... എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. പ്യൂൺ മാത്രമാണ് വന്നത്. ബാക്കി എല്ലാരും ഒരു മീറ്റിംഗ് ഉണ്ടായൊണ്ട്‌ പോയി എന്ന് പറഞ്ഞു. അവർ മാമിനെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി.

മാമിന്റെ നടുവിനാണ് പണി കിട്ടിയത്. "മുമ്ബ് എല്ലാം പിന്നെ ആയിരുന്നു, ഇപ്പൊ പടച്ചോൻ അപ്പൊ അപ്പൊ കണക്കെല്ലാം സെറ്റിൽ ചെയ്യുന്നുണ്ട്." എന്നും പറഞ്ഞു ഷാനി ചിരിച്ചു. "അത് ശരിയാ അല്ലെങ്കി ഇവളെ കളിയാക്കി പത്തു മിനിട്ടു കൊണ്ട് മാം വീഴുമോ???" ദിയ പറഞ്ഞു. "വീഴാതെ പിന്നെ.. ആ ചാള മേരിക്ക് എപ്പോഴും ഉള്ളതാ ചെയറിൽ ഇരുന്നു പിന്നോട്ട് കസേര പൊക്കി കളിക്കൽ. ഇന്ന് കസേരക്കതു ഇഷ്ട്ടായില്ല. അത്രേ ഉള്ളു." പാത്തു പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു. വൈകുന്നേരം ഉമ്മയും ഉപ്പയും വന്നിരുന്നു. ചോദിച്ചപ്പോ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു എന്ന് പറഞ്ഞു. നേരെ പോയി ഒരു ഡോക്ടറെ കണ്ടു. പ്രത്ത്യേഗിച്ചു ഒന്നുമില്ല, ബാൻഡേജ് ഇട്ടാൽ മതി. രണ്ടു ഗുളികയും തന്നു. തിരിച്ചു പോവുമ്പോ ഞങ്ങള് മസാല ദോശ കഴിക്കാൻ കേറി. "ആ ഉപ്പാ ഇന്നൊരു സംഭവം ഉണ്ടായി.." ഞാൻ പറഞ്ഞതും രണ്ടാളും എന്നെ നോക്കി. "നീ വീണതല്ലേ, ഞങ്ങൾ അറിഞ്ഞു." എന്നും പറഞ്ഞു രണ്ടും കൂടി ചിരിക്കുന്നു. "ഓ അവിഞ്ഞ കോമഡി.. വയസ്സായില്ലേ... നിർത്തിക്കൂടെ.."

ഞാൻ ഉപ്പാനെ നോക്കി പറഞ്ഞു. "എന്ന പറ... എന്താ സംഭവം.." ഉപ്പ ചോദിച്ചു. "ഇന്ന് രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുമ്പോ ഒരാൾ വന്നു. ആരായിരിക്കും..???" ഞാൻ ചോദിച്ചു. രണ്ടാളും ഗഹനമായ ആലോചന തുടങ്ങി. ഇരുത്തം കണ്ടാൽ അയിൻസ്റ്റീൻ വരെ തോറ്റു പോകുമെന്ന് തോന്നിപ്പോയി. "വേഗം പറ, ആരായിരിക്കും???" ഞാൻ ചോദിച്ചു. "ആ കിട്ടിപ്പോയി... നിന്റെ ബസ്സ്..." എന്നും പറഞ്ഞു രണ്ടും കൂടി പിന്നേം ചിരിക്കുന്നു. മാതാപിതാക്കൾ ആണ് പോലും... എന്താ ചെയ്യാ സഹിച്ചല്ലേ പറ്റൂ.. "എന്റെ ഉമ്മാ, ഇതെവിടുന്നു കിട്ടി ഈ സാധനത്തിനെ... ചേട്ടാ ആ മസാല ദോശ ഒന്ന് വേഗം കൊണ്ട് തന്നെ. ഇവിടൊരാൾക്കു വിശന്നിട്ടു വട്ടായി എന്ന് തോന്നുന്നു." ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. "മിണ്ടാതിരിയെടീ, ആള്ക്കാര് നോക്കുന്നു." ഉമ്മ എന്റെ ചെവിയിൽ പിടിച്ചു പറഞ്ഞു. "ആഹ് പോട്ടെ നീ അവളെ വിട്. ഉപ്പാന്റെ മോള് പറ, ആരാ വന്നേ???" ഉപ്പ ചോദിച്ചു. "പറയാം, ചിരിക്കരുത്..." ഞാൻ കുറച്ചു ബിൽഡ് അപ്പോടെ പറഞ്ഞു. "ഒന്ന് പറഞ്ഞു തീർക്കുന്നുണ്ടോ???" ഉമ്മാക്ക് ദേഷ്യം വന്നു.

"ജാസിം..." ഞാൻ പറഞ്ഞതും ഉപ്പാന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. "എന്തിനു???" ഉമ്മ ചോദിച്ചു. "നമ്മളത് വേണ്ടാന്നു പറഞ്ഞതല്ലേ." "പെണ്ണ് കാണാൻ വന്നതാ പോലും. അവൻ എന്നെ മാത്രേ കെട്ടുള്ളൂ പോലും. അവന്റെ ഉപ്പാന്റെ ഓർഡർ ആണ്." ഞാൻ പറഞ്ഞു. "ഞാൻ അളിയനോട് പറഞ്ഞതാണല്ലോ എനിക്ക് താല്പര്യം ഇല്ലെന്നു." ഉപ്പ പറഞ്ഞു... "അതൊന്നും അവർക്കു പ്രശ്നമില്ല. ചെക്കന് ഇഷ്ടായാൽ മതി പോലും." ഞാൻ പറഞ്ഞു. "അത് കൊള്ളാലോ അതെവിടുത്തെ നാട്ടു നടപ്പാ.. ഞാൻ ഇക്കാനോടു വിളിച്ചു പറഞ്ഞോള്ളാം." ഉമ്മ പറഞ്ഞു. "ആട്ടെ അവർക്കു എന്ത് കണ്ട നിന്നെ ഇഷ്ട്ടായെ???" ഉപ്പ ചോദിച്ചു. "എന്റെ മുഖം ... എന്റെ സൗന്ദര്യം.. എന്തെ???" ഞാൻ പറഞ്ഞു. "പിന്നെ നാട്ടിൽ വേറെ പെൺപിള്ളേർ ഇല്ലല്ലോ???" ഉമ്മ പറഞ്ഞു. നല്ല ഉമ്മ മോളോട് എന്താ ഒരു മതിപ്പു. "ശെരിക്കും പറ." "അത് എന്റെ അടക്കവും ഒതുക്കവും പിന്നെ അതികം സംസാരിക്കാത്ത പ്രകൃതവും." പറഞ്ഞു തീരാലും അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു. പൊട്ടിച്ചിരി അല്ല അതിനെന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അത്രയ്ക്കും ശബ്ദം ഉണ്ടായിരുന്നു. എല്ലാരും ഞങ്ങളെ നോക്കുന്നു. ഞാൻ ദേഷ്യം കൊണ്ട് രണ്ടാളേം ഇടിക്കാൻ പോയെങ്കിലും പിന്നെ എനിക്കും ചിരി വന്നു. "ഈ തെറ്റിധാരണ അവർക്കെങ്ങനെ വന്നു???"

ഉമ്മ ചിരിക്കിടയിൽ ചോദിച്ചു. ഞാൻ അവൻ പറഞ്ഞതൊക്കെ അവരോടു പറഞ്ഞു. "ഏതായാലും കൊള്ളാം, നല്ല ചെക്കൻ നല്ല കുടുംബം. നമുക്കിത് നോക്കിയാലോ.." ഉപ്പ ചോദിച്ചതും എനിക്ക് ദേഷ്യം വന്നു. "ശെരി ആണല്ലോ, ആ ആഷി നിന്നെ കെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അവനു നിന്റെ എല്ലാ സ്വഭാവഗുണങ്ങളും അറിയാം. ഇതാവുമ്പോ ഒരു തെറ്റ് ധാരണയുടെ പുറത്താണെങ്കിലും നല്ലൊരു ചെക്കനെ കിട്ടുവല്ലോ.." ഉപ്പ ചിരിച്ചോണ്ട് പറഞ്ഞു. "ദേ വേണ്ടാത്ത പറഞ്ഞാൽ ഉണ്ടല്ലോ, ഞാൻ രണ്ടിനേം വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കി വീടും വിറ്റു എങ്ങോട്ടെങ്കിലും കറങ്ങാൻ പോവും, വേണോ???" ഞാൻ ദേഷ്യത്തോടെ ചോദിച്ചു. "ഓ ആയിക്കോട്ടെ. പോവുമ്പോ ഗുളിക എടുക്കാൻ മറക്കണ്ട. വേദന ഉള്ളതല്ലേ..." പിന്നേം രണ്ടും കൂടി ചിരിച്ചു. ഞാൻ എന്തേലും പറയുന്നതിന് മുന്നേ ദോശ വന്നു. പിന്നെ അതിലേക്കു കോൺസെൻട്രേറ്റ് ചെയ്തു. വീട്ടിലെത്തിയതും ഉപ്പ ഷഫീക്കാറ്റാനെ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഫോൺ വച്ചപ്പോ ജാസിമിന്റെ വീട്ടുകാർ ഇത് വിടാനുള്ള ഭാവം ഇല്ലാന്ന് മനസ്സിലായി. അങ്ങനെയാണ് ആറ്റാനോട് പറഞ്ഞ പോലും. അവന്റെ ഉപ്പ ഒരു പ്രത്ത്യേകാ സ്വഭാവക്കാരനാ. എന്തേലും വിചാരിച്ചാൽ അത് നടത്തിയേ അടങ്ങു.

ജാസിം പറഞ്ഞു എന്നോട് സംസാരിച്ചു എനിക്ക് കുഴപ്പമില്ലാന്നു ഞാൻ പറഞ്ഞെന്ന്. അവനെ മുന്നിൽ കിട്ടിയിരുനെങ്കിൽ ചവിട്ടിക്കൂട്ടി അടുപ്പിൽ ഇട്ടേനെ ഞാൻ. "മോളെ ഇനി കാത്തു നിക്കുന്നത് നല്ലതല്ല. ആഷിയോട് നീ എപ്പോ പറയാനാ. മോൾ അവന്റെ അഡ്രെസ്സ് താ. ഞാൻ പോയി അന്വേഷിക്കാം." ഉപ്പ പറഞ്ഞതും 110 വാട്ട്സിന്റെ ബൾബ് കത്തിച്ച പോലെ ആയി. "ഞാൻ നാളെ സാറിനോട് ഒന്ന് സംസാരിക്കട്ടെ. എന്നിട്ടു അഡ്രസ്സും വാങ്ങി തരാം." എന്നും പറഞ്ഞു ഞാൻ എന്റെ ഞൊണ്ടി കാലും കൊണ്ട് റൂമിലേക്ക് പോയി. വേദന ഒക്കെ ഞാൻ മറന്നു. രാത്രി ആഷി സാറിനെ സ്വപ്നം കണ്ടു അങ്ങ് ഉറങ്ങി. രാവിലെ കോളേജിൽ എത്തി നേരെ സ്റ്റാഫ് റൂമിലേക്ക് പോണം എന്നുണ്ടായിരുന്നു. പക്ഷെ ഒറ്റയ്ക്ക് നടക്കാൻ ബുദ്ധിമുട്ടയൊണ്ട് ഫിദയുടെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് തന്നെ കേറി. ലീന മാം ലീവ് ആണെന്ന് മീര മാം പറഞ്ഞു. ആ പിരീഡും മാം എടുത്തു. മൂന്നാമത്തെ പിരീഡ് ആഷി സാർ വന്നു. ചെയർ ഇല്ലാത്തോണ്ട് സെമിനാർ എടുക്കുന്ന കുട്ടിയുടെ സീറ്റിൽ ഇരിക്കാൻ പോയി. പാത്തു ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു. എല്ലാരും രക്ഷപ്പെട്ടു എന്ന് കരുതി ആശ്വസിച്ചു. വേറൊന്നുമല്ല ഈ കുട്ടികൾ സെമിനാർ എടുക്കുമ്പോ ആരും അങ്ങനെ ശ്രദ്ധിക്കാറില്ല.

എല്ലാരും കളിയിൽ ആയിരിക്കും. മിക്കവാറും ടീചെര്സ് മുമ്പിൽ ആണ് ഇരിക്കാറ്. ലീന മാം ക്ലാസ്സിൽ തന്നെ ഉണ്ടാവാറില്ല. പിന്നിൽ ഇരുന്നാൽ ആർക്കും ഒന്നും കളിക്കാൻ പറ്റില്ല. "ഫദീഹ കം ആൻഡ് സിറ്റ് ഹിയർ.." എന്നും പറഞ്ഞു സാർ എനിക്ക് ഫ്രന്റ് സീറ്റ് കാണിച്ചു തന്നു. "പടച്ചോനെ പെട്ടല്ലോ" എന്നും വിചാരിച്ചു എണീക്കാൻ തുടങ്ങിയതും "ഓ തനിക്കു കാലു വയ്യാല്ലെ." എന്നും പറഞ്ഞു ഫിദയോട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. എന്നിട്ടു എന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്നു. സാർ അടുത്ത് ഇരുന്നതും എനിക്ക് ആകെപ്പാടെ ഒരു സന്തോഷം. എങ്ങനേലും സാറിന്റെ അഡ്രെസ്സ് വാങ്ങണം. പക്ഷെ അതിനുള്ള ചാൻസ് കിട്ടിയേ ഇല്ല. നോട്സ് എഴുതുന്നതിനിടെ ഇടയ്ക്കു ഞാൻ മെല്ലെ സാറിനെ നോക്കി. ആള് ഫുൾ കോൺസെൻട്രേഷനിൽ സെമിനാർ ശ്രദ്ധിക്കുന്നു. ഇടയ്ക്കു ഞങ്ങളെ കണ്ണുകൾ ഒന്നുടക്കിയപ്പോ സാർ രണ്ടു പുരികവും പൊക്കി എന്തെ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് കാണിച്ചു തിരിഞ്ഞിരുന്നു. എന്നാലും ഇടയ്ക്കു സാറിനെ നോക്കി. സാറെന്നെയും നോക്കുന്നുണ്ട് എന്ന് അപ്പൊ എനിക്ക് മനസ്സിലായി. അങ്ങനെ ഒളിച്ചു നോക്കി കളിച്ചു ബെൽ അടിച്ചത് അറിഞ്ഞില്ല. എന്തായാലും സാറിനു എന്നെ ഒരു നോട്ടമുണ്ട്... ഇല്ലേ... ഉണ്ടെന്നേ...

എന്റെ ഫാദീ ഉണ്ട്... ഇന്റെർവെല്ലിനു ഫ്രണ്ട്സ് പോയി ബോണ്ടയും പരിപ്പുവടയും വാങ്ങിക്കൊണ്ടു തന്നു. അറിയാല്ലോ അഡ്രെസ്സ് വാങ്ങണം ടെൻഷൻ ഉണ്ട്. അതോണ്ട് രണ്ടു ബോണ്ടയും ഒരു പരിപ്പുവടയും തട്ടി. "എവിടെ പോവുന്നെടീ ഇതൊക്കെ?? എത്ര തിന്നിട്ടും കോലം കണ്ടോ???" ഫിദ പറഞ്ഞു. "അതെന്നെ ഞാൻ ഒരു ബോണ്ട മണപ്പിച്ചാൽ അപ്പൊ ഒരു കിലോ കൂടും..." പാത്തു ദേഷ്യത്തോടെ പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു. തിന്നു തീർക്കുന്നതിനിടയിൽ തന്നെ സാർ എത്തി. ലാസ്‌റ്റ് പീസ് വായിലിട്ടു വേഗം കൈ റ്റിഷ്യൂവിൽ തുടച്ചു കളഞ്ഞു. മുഖം തുടക്കാൻ നോക്കിയപ്പോ ടിഷ്യു കാലി. ഞാൻ ഫിദയെ നോക്കി. അപ്പോളേക്കും സാർ വന്നു അടുത്തിരുന്നു കഴിഞ്ഞു. ഇരിക്കുമ്പോ തന്നെ എന്റെ മുഖം നോക്കി ആക്കിയ പോലുള്ള ഒരു പുഞ്ചിരി തന്നു. പിന്നെ കണ്ണ് കൊണ്ട് എന്റെ മുഖത്തേക്ക് കാണിച്ചു. പടച്ചോനെ ബോണ്ട പണി പറ്റിച്ചു. ഞാൻ ചുണ്ടിന്റെ എല്ലാ സൈഡിലും തുടച്ചു. സാറിനെ നോക്കിയപ്പോ പോയില്ല എന്ന രീതിയിൽ തലയാട്ടി. ഞാൻ പിന്നേം തുടച്ചു. സാർ അപ്പൊ കൈ കൊണ്ട് എന്റെ കവിളിൽ തട്ടി. ബോണ്ട അല്ല പരിവടയാണ് പണി പറ്റിച്ചത്. ഒരു പരിപ്പിന്റെ പീസ് എന്റെ കവിളിൽ ഉണ്ടായിരുന്നു. "നിന്നെ കെട്ടുന്നവന്റെ കാര്യം പോക്കാ.." എന്ന് ചിരിച്ചോണ്ട് മെല്ലെ പറഞ്ഞു.

ഞാൻ അതെന്താ എന്നുള്ള ഭാവത്തിൽ ചോദിച്ചപ്പോ "ശമ്പളം മൊത്തം അവൻ ഭക്ഷണത്തിൽ തീർക്കേണ്ടി വരും" എന്ന് പറഞ്ഞു മുന്നോട്ടു നോക്കി ഇരുന്നു. എന്നാ സാറിന്റെ പൈസ മൊത്തം പോക്കാ... ഞാൻ മനസ്സിൽ കരുതി. പിന്നെ സാർ എന്നെ ശ്രദ്ധിച്ചേ ഇല്ല. ഞാനും ക്ലാസ്സിൽ ശ്ധിച്ചു ഇരുന്നു. ലഞ്ച് ടൈമിൽ സ്റ്റാഫ് റൂമിൽ പോയി ചോദിക്കാം. ബെൽ അടിച്ചതും ഞാൻ മെല്ലെ സ്റ്റാഫ് റൂമിലേക്ക് പോയി. നോക്കുമ്പോ ടീച്ചേർസ് എല്ലാരും ഉണ്ട് കൂടെ പ്രിൻസിപ്പലും. അത് കൊണ്ട് മെല്ലെ തിരിച്ചു വന്നു. കുറച്ചു കഴിഞ്ഞു പോവാമെന്നു കരുതി. പക്ഷെ പിന്നെ പോയപ്പോ സാർ ഇല്ലായിരുന്നു. സാർ ഉച്ചയ്ക്ക് പോയെന്നു പ്യൂൺ പറഞ്ഞു. നിരാശയോടെ ഞാൻ ക്ലാസ്സിലേക്ക് പോയി. വീട്ടിലെത്തി ഉപ്പാനോട് പറഞ്ഞപ്പോ ആ മുഖത്തും നിരാശ കണ്ടു. ജാസിമിത്താന്റെ വീട്ടുകാർ ഒരുപാട് സമ്മർദ്ദം ചെലുത്തുന്നു എന്ന് എനിക്ക് മനസ്സിലായി. പിറ്റെന്നു ഞാൻ ക്ലാസ്സിൽ കേറി ബാഗ്‌ വച്ച് നേരെ ആഷി സാറിനെ കാണാൻ പോയി. സാർ സ്റ്റാഫ് റൂമിൽ ഇല്ലായിരുന്നു. "എന്താ???" ലീന മാം ചോദിച്ചു. "അത് ആഷി സർ??" ഞാൻ നിന്ന് പരുങ്ങി.

"എന്തിനാ??? ഫുൾ ടൈം സാറിന്റെ പിന്നാലെ ആണല്ലോ???" ലീന മാം ദേഷ്യത്തോടെ ചോദിച്ചു. വീണിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ചാള മേരി. "അതിന്നു സെമിനാർ എടുക്കാൻ ഉണ്ടായിരുന്നു. ഒരു ഡൌട്ട് ചോദിക്കാനാ." ഞാനെങ്ങനെലും പറഞ്ഞൊപ്പിച്ചു. "സാർ ഇന്ന ഡേ ലീവ് ആണ്." മീര മാം പറഞ്ഞു. "ഓക്കേ, താങ്ക്യൂ മാം.." എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി. ഈ സാറിനെ കൊണ്ട് തോറ്റല്ലോ, എനിക്ക് പിടി തരാതെ മുങ്ങി നടപ്പാണല്ലോ... പേടിക്കേണ്ടദി നമ്മക്ക് ഉച്ചയ്ക്ക് പിടിക്കാം. ഉച്ച വരെ എങ്ങനെ തള്ളി നീക്കി എന്ന് എനിക്കെ അറിയൂ... ആ ടെൻഷനിൽ പൊലിഞ്ഞതു ഒരു ബോണ്ടയും ഒരു പരിപ്പുവടയും 3 ചപ്പാത്തിയും 2 പീസ് ചിക്കൻ ഫ്രയും പിന്നെ 2 ചോക്കോബാറുമാണ്. ക്യാന്റീനിലെ ചേച്ചീടെ ഒരു ട്ടൈം, അല്ലാതെന്ത്. ഭക്ഷണം കഴിഞ്ഞതും ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. ഉള്ളിലേക്ക് നോക്കിയപ്പോ ആഷി സാർ എല്ലാർക്കും സ്വീറ്സ് കൊടുക്കുന്നു. സാർ നല്ല സന്തോഷത്തിൽ ആണ്. ഉള്ളിൽ എല്ലാരും സംസാരിക്കുന്നതിൽ നിന്നും സാറിന്റെ വിസ വന്നതിന്റെ സന്തോഷം പങ്കു വെക്കുകയാണെന്ന് മനസ്സിലായി. അപ്പൊ സാറിനോട് കാര്യങ്ങൾ പറയാനുള്ള സമയം ആയി. ഞാൻ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ലീന മാം പറഞ്ഞ കാര്യം കേട്ട് എന്റെ കാലുകൾ പിന്നെ നീങ്ങിയില്ല

"അപ്പൊ പോവുന്നെന് മുന്നേ കല്യാണം ഉണ്ടാവും അല്ലേ." "ഉണ്ടാവും, ഇല്ലെങ്കിൽ ഉമ്മ പോവാൻ വിടില്ല." ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു. "ഉമ്മാക്ക് ഇഷ്ടപെട്ട കുട്ടിയെ കെട്ടുക ഒക്കെ നല്ലതു തന്നെ. പക്ഷെ ഇങ്ങനെ അറിയാത്ത ഒരു കുട്ടിയെ കെട്ടുന്നത നല്ലത് ആണോ?" മീര മാം ചോദിച്ചു. "ഉമ്മാക്ക് ആ കുട്ടിയെ മൂന്നു വർഷമായി അറിയാം. എനിക്കതു മതി. പിന്നെ ഇന്ന് ഞാൻ അവിടെ പോയി അവരെ കണ്ടു. എനിക്കും ഇഷ്ട്ടമായി." ആഷി സാർ പറഞ്ഞു. കേട്ടതൊക്കെ സ്വപ്നം ആവണേ എന്ന് പ്രാർത്ഥിച്ചെങ്കിലും കണ്ണിൽ നിന്നും വന്ന കണ്ണീർ അതല്ലെന്നു തെളിയിച്ചു. അവിടെന്നു മാറി നിന്ന് കുറെ കരഞ്ഞു. ഫാദി നീ കരയുവാണോ? അയ്യേ... നീ ഇത്രേ ഉള്ളൂ... നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട. ഇത്രയും പിന്നാലെ നടന്നിട്ടും ആഷി സാർ നിന്റെ സ്നേഹം മനസിലാക്കി ഇല്ലെങ്കിൽ പോട്ടെ... എന്തായാലും സാറിനോട് സംസാരിക്കണം എന്ന് വിചാരിച്ചു കണ്ണ് തുടച്ചു തിരിച്ചു നടന്നു. സ്റ്റാഫ് റൂമിനകത്തേക്കു കടന്നതും പുറത്തേക്കു ധിറുതിയിൽ വന്ന ആഷി സാറിന്റെ മേലെ ഇടിച്ചു സാറിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ മോളിലേക്കു തെറിച്ചു. സാറിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ പെട്ടെന്ന് താഴേക്ക് നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story