ഒരു ചില്ലറ പ്രേമം: ഭാഗം 18

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

കുറെ പേപ്പറുകൾ പാറിപ്പറന്നു നിലത്തേക്ക് വീണു. സാറിനെ നോക്കിയപ്പോ ആദ്യം പരിഭ്രമം കണ്ട മുഖത്ത് ദേഷ്യം ഇരച്ചു കേറുന്നത് കണ്ടു. ''എവിടെ നോക്കിയാ നടക്കുന്നെ??? മുഖത്ത് കണ്ണില്ലേ?? കാലു വയ്യെങ്കി എവിടേലും ഇരുന്നൂടെ... മനുഷ്യനെ ഇടങ്ങേറാക്കാൻ...'' എന്നും പറഞ്ഞു സാർ പേപ്പർസ് എടുക്കാൻ തുടങ്ങി. ഞാനാകെ ഞെട്ടിതരിച്ചു നിന്നു. മീര മാമും റാഷി സാറും കൂടി സാറിനെ സഹായിച്ചു... ഞാൻ ആ ഞെട്ടലിൽ നിന്നും മുക്തയാകുവാൻ കുറച്ചു സമയം എടുത്തു. കുനിഞ്ഞു സഹായിക്കാൻ തുടങ്ങിയതും സാർ വീണ്ടും ഒച്ചയെടുത്തു ''വേണ്ട'' എന്ന് പറഞ്ഞു. അനങ്ങാൻ പോലും പറ്റാതെ ഞാൻ അവിടെ നിന്നു. ''പോട്ടെ ആഷി, അറിയാതെ പറ്റിയതല്ലേ.. കുട്ടി പോയ്കൊള്ളു.'' റാഷി സാർ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. ഞാൻ മെല്ലെ തിരിഞ്ഞു നടന്നു. കണ്ണിൽ നിന്നും വന്ന കണ്ണീർ കൈ കൊണ്ട് തുടച്ചു ഇനി കരയില്ല എന്ന് ഉറപ്പിച്ചു മെല്ലെ ക്ലാസ്സിലേക്ക് നടന്നു. എന്റെ മുഖം കണ്ടു എന്തോ പന്തികേട് തോന്നിയ എന്റെ ഫ്രണ്ട്സ് എന്റടുത്തേക്കു വന്നു.

എല്ലാം അവരോടു പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം തോന്നി. അപ്പോളേക്കും ആഷി സാർ ക്ലാസ്സിലേക്ക് വന്നു. ഞാൻ സെമിനാർ എടുക്കാൻ വേണ്ടി പോയി. മനസ്സ് മുഴുവനും സ്റ്റാഫ് റൂമിൽ കേട്ട കാര്യങ്ങൾ ആയിരുന്നു. അത് കൊണ്ട് എന്തോ കോൺസെൻട്രേറ്റ് ചെയ്യാനേ പറ്റിയില്ല. കണ്ണ് നിറയും എന്ന് തോന്നിയപ്പോ സാറിനോട് വാഷ്‌റൂമിൽ പോണം എന്നും പറഞ്ഞു ഇറങ്ങി. ''സെമിനാർ എടുക്കുമ്പോ ടെൻഷൻ കാരണം മുട്ടിടിക്കുന്നതും വിറക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്... ആദ്യമായിട്ടാ വാഷ്‌റൂമിൽ പോവുന്നെ.'' സൈറ പറഞ്ഞതും ആഷി സാർ അടക്കം എല്ലാരും ചിരിക്കുന്ന സൗണ്ട് ഞാൻ കേട്ടു. ഞാൻ നേരെ പോയി ബാത്റൂമിലെ സൈഡിൽ ഉള്ള റൈലിങ്ങിൽ ചാരി നിന്നു താഴേക്ക് നോക്കി. മൂന്നാമത്തെ നിലയിൽ ആയിരുന്നു ഞങ്ങടെ ക്ലാസ്. ഞാൻ കുറെ നേരം താഴേക്ക് നോക്കി നിന്നു. പ്രേമം പൊട്ടി ആത്മഹത്യ ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ മുമ്ബ് പുച്ഛവും സഹതാപവും ആയിരുന്നു. പക്ഷെ ഇപ്പൊ അങ്ങനൊരു ചിന്ത വരുന്നു മനസ്സിൽ. സത്യം പറഞ്ഞാൽ മരണം പോലും ആ സമയത്തു എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി.

അങ്ങനെ മരിക്കാനും മാത്രം എന്താ സംഭവിച്ചേ. ഞാൻ മരിച്ചാൽ ആഷി സാറിനു എന്ത് നഷ്ട്ടം... നഷ്ട്ടം എന്റെ ഉപ്പക്കും ഉമ്മാക്കും മാത്രം. ബാക്കി എല്ലാരും രണ്ടു ദിവസം കരയും. അത് കഴിഞ്ഞു മറക്കും. എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹത്തിനു മുകളിൽ ആണോ ആഷി സാറിനോടുള്ള ഇഷ്ട്ടം. അല്ല, ഒരിക്കലും അല്ല. അവർ വേണ്ടാന്നു പറഞ്ഞാൽ ആഷി സാറിനെ പോലും ഞാൻ വേണ്ടാന്നു വെച്ചേനെ. അതെ ഇനി അവർക്കു വേണ്ടി ആണ് ഈ ജീവിതം, അവരുടെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം. ബാത്‌റൂമിൽ പോയി കണ്ണീർ തീരുന്ന വരെ കരഞ്ഞു. കാരണം ഇത് ഇവിടെ തീരണം. ഇല്ലെങ്കിൽ വീട്ടിൽ പോയി കരയും. അത് കണ്ടാൽ എന്റെ ഉപ്പയും ഉമ്മയും തകർന്നു പോവും. പുറത്തിറങ്ങി മുഖം കഴുകി കുറച്ചു വെള്ളവും കുടിച്ചു ക്ലാസ്സിലേക്ക് പോവുമ്പോ റാഷി സാർ വരുന്നത് കണ്ടു. ''എന്ത് പറ്റി, മുഖമൊക്കെ വല്ലാതെ??'' ഞാൻ ഒന്നും മിണ്ടിയില്ല. ''പോട്ടെടോ അത് ആഷിയുടെ വിസന്റെ പേപ്പർസ് ആയിരുന്നു. അതാ അവൻ അത്ര ദേഷ്യപ്പെട്ടതു. താൻ അത് മനസ്സിൽ വെക്കേണ്ട.

ക്ലാസ്സിലേക്ക് പൊയ്ക്കോ.'' എന്നും പറഞ്ഞു റാഷി സാർ പോയി. എന്തോ സാറിന്റെ മുഖത്തെ വാത്സല്യവും സ്നേഹവും കണ്ടപ്പോ പാവം തോന്നി. സാറിനോട് ഒരു ഇഷ്ട്ടം തോന്നുന്ന പോലെ. പക്ഷെ അത് എന്ത് രീതിയിൽ ആണെന്ന് മനസ്സിലായില്ല. ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി. സാർ അപ്പൊ എല്ലാരോടും എന്തോ സംസാരിക്കുക ആയിരുന്നു. എന്നെ കണ്ടപ്പോ പിന്നിലേക്ക് പോയി എന്റെ സീറ്റിൽ ഇരുന്നു.. ഞാൻ സെമിനാർ ആദ്യം തൊട്ടു ഒന്നൂടി എടുക്കാൻ തുടങ്ങി. സാധാരണ പോലെ പറ്റിയില്ലെങ്കിലും നല്ല രീതിയിൽ തന്നെ ഞാൻ ക്ലാസ് എടുത്തു. പരമാവധി ഞാൻ സാറിനെ നോക്കാതെ ഇരുന്നു. പലപ്പോഴും കണ്ണുകൾ ഉടക്കിയപ്പോ ഞാൻ വേഗം നോട്ടം മാറ്റി. ബെൽ അടിച്ചപ്പോ സാർ പുറത്തേക്കു നടന്നു, ഞാൻ സീറ്റിലേക്കും. ''ഫദീഹ... പ്ളീസ് കം..'' ഡോറിന്റെ അടുത്ത് വച്ച് സാർ പറഞ്ഞതും ഞാൻ തിരിഞ്ഞു നടന്നു. സാർ ഡോറിന്റെ അടുത്ത് നിന്നു മാറി കുറച്ചങ്ങോട്ടേക്കു നടന്നു, ഞാൻ പിന്നാലെയും. ''സോറി ടോ.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.

ആ വിസക്ക് വേണ്ടി ഞാൻ കുറെ കഷ്ട്ടപ്പെട്ടതാ.'' ആഷി സാർ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു. ''എന്താടോ ഇന്ന് റേഡിയോടെ ബാറ്ററി ചാർജ് ചെയ്തില്ലേ???'' സാർ ചിരിച്ചോണ്ട് ചോദിച്ചു. ''ഏയ് ഒന്നൂല്ല സാർ.'' എന്നും പറഞ്ഞു ഞാൻ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങി. ''കോൺഗ്രാറ്സ് ഫോർ യുവർ മാര്യേജ് സർ.'' ഞാൻ തിരിഞ്ഞു നിന്നു പറഞ്ഞു. ''ഓ താൻ അത് കേട്ടല്ലേ, താങ്ക്യൂ. വിസ വന്നതും ഉമ്മ എല്ലാം തീരുമാനിച്ചു. അടുത്ത ആഴ്ച നിക്കാഹാണ്. എല്ലാം പെട്ടെന്ന് തീരുമാനിച്ചു. ഉമ്മ കുറെ നാളായി ജനൂനെ മനസ്സിൽ ഇട്ടു നടക്കാൻ തുടങ്ങിയിട്ട്. പിന്നെ ആളൊരു പാവാ, കാണാനും മൊഞ്ചത്തി അതോണ്ട് എനിക്കും ഇഷ്ട്ടായി. ഇന്നോ നാളെയോ ഞാൻ ജുനൈദിനെ കാണും. താൻ ഇപ്പൊ അവനോടിതു പറയണ്ട, ഞാൻ തന്നെ പറഞ്ഞോള്ളാം. അവനൊരു സർപ്രൈസ് ആയിക്കോട്ടെ..'' സാർ ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ മെല്ലെ തലയാട്ടി തിരിച്ചു നടന്നു. നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ. കണ്ണ് നിറക്കില്ലെന്നു ഉറപ്പിച്ചു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു. ഫ്രണ്ട്സ് ഒക്കെ കുറെ സമാധാനിപ്പിച്ചു.

''അയാൾ പോയാൽ അയാളുടെ അനിയൻ. ഇപ്പൊ അത്രേ ഉള്ളെടോ..'' ദിയ പറഞ്ഞു. ''സാറിനു അനിയനില്ല.'' ഞാൻ പറഞ്ഞു. ''ശേ ആ പ്രതീക്ഷയും പോയി.'' ഫിദ പറഞ്ഞു. ഞങ്ങളെല്ലാരും ചിരിച്ചു. എങ്ങനേലും ഒന്നും പറ്റിയിട്ടില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ നോക്കി. സ്വയം അതിനു പറ്റിയില്ലെങ്കിലും. കോളേജ് വിട്ടു വീട്ടിലെത്തിയതൊക്കെ വളരെ യാന്ത്രികമായിട്ടായിരുന്നു. വീട്ടിലെത്തിയപ്പോ ഉപ്പ പുറത്തുണ്ടായിരുന്നു. ഒരു പുഞ്ചിരി മാത്രം നൽകി അകത്തേക്ക് കടന്നതും ഉപ്പ എന്നെ വിളിച്ചു. ''മോളെ അഡ്രെസ്സ് കിട്ടിയോ?? ഷഫീക് വിളിച്ചിരുന്നു. ഞായറാഴ്ച ജാസിമും വീട്ടുകാരും ഇങ്ങോട്ടു വരാൻ നിക്കുന്നുണ്ട് പോലും. അയാളോട് പറഞ്ഞിട്ട് ഒന്നും കേക്കുന്നില്ലത്രേ. നിനക്ക് ഇഷ്ട്ടായി, ഷഫീക്കും ഞാനുമാണ് സമ്മതിക്കാത്തത് പോലും. എന്താ ചെയ്യാ ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്.'' ഉപ്പ നല്ല ദേഷ്യത്തിൽ ആണ്. ''നിങ്ങ ആഷിന്റെ വീട്ടിൽ പോയി ശനി ആഴ്ച ഇങ്ങോട് വരാൻ പറഞ്ഞാ മതി. അപ്പൊ പ്രശ്നം തീർന്നില്ലേ.'' ഉമ്മ വന്നു പറഞ്ഞു. ''എന്തിനു..'' ഞാൻ ചോദിച്ചു.

''ആഹാ ഇപ്പൊ അങ്ങനായാ... അവനെ കെട്ടണം എന്നും പറഞ്ഞു നടന്നിട്ടു.'' ഉമ്മാക്ക് ദേഷ്യം വന്നു. ''അതിനു അങ്ങേർക്കും കൂടി തോന്നണ്ടേ. ഉമ്മാക്ക് ഇഷ്ട്ടമുള്ള പെണ്ണിന്നെ കെട്ടൂ എന്നും പറഞ്ഞു നടക്കല്ലേ..'' ഞാൻ പറഞ്ഞു. ''അത് കുഴപ്പമില്ല ഞാൻ പോയി സംസാരിച്ചു ഉറപ്പിക്കാം..'' ഉപ്പ പറഞ്ഞു. ''ആഹ് അവര് ഉറപ്പിച്ചു, സാറിന്റെ കല്യാണം. അടുത്ത ആഴ്ച നിക്കാഹ് ആണ്.'' എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. കേറി വരുമ്പോ എന്റെ മുഖം കണ്ടത് കൊണ്ടും ഞാൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടും അവർ പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ടേബിൾ സൈലന്റ് ആയിരുന്നു. സാധാരണ ഒച്ചപ്പാടും ബഹളവും കാരണം ഉമ്മ വഴക്കു പറയാറാണ് പതിവ്. ''മോളെ വേണെങ്കി ഞാൻ അവനോടൊന്നു സംസാരിച്ചു നോക്കാം.'' ഉപ്പ പറഞ്ഞു. ''എന്തിനു.. എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട.'' ഞാൻ പറഞ്ഞു. ''നിന്നെ ഇങ്ങനെ കാണാൻ ഞങ്ങക്ക് പറ്റില്ല മോളെ..'' അത് പറയുമ്പോ ഉപ്പാന്റെ ശബ്ദം നേർത്ത പോലെ തോന്നി. ''എന്റെ ഉപ്പാ, ഓൻ പോയാ ഓന്റെ ഇക്ക... അത്രേ ഉള്ളൂ...

അതും പറഞ്ഞു ഞാൻ ചിരിച്ചു കൂടെ അവരും.'' അവരുടെ ആ ചിരി മാത്രം മതി ലൈഫിൽ എന്ന് തോന്നിപ്പോയി. പിന്നെ ഞങ്ങൾ കുറെ ചിരിച്ചും സംസാരിച്ചും ഭക്ഷണം കഴിച്ചു എണീച്ചു. എന്റെ വിഷമങ്ങൾ ഞാൻ എന്റെ തലയിണയോടു മാത്രം പറഞ്ഞു. രാവിലെ കോളേജിലേക്ക് പോവാൻ നിക്കുമ്പോളാണ് ഉപ്പ ദേഷ്യത്തോടെ വരുന്നത് കണ്ടത്. ''എന്താ ഉപ്പാ.'' ഞാൻ ചോദിച്ചു. ''ആ അബൂബക്കർ ഹാജിയെ കൊണ്ട് തോറ്റു. ഇന്ന് അഷ്‌റഫിനെ കണ്ടപ്പോ അവൻ ചോദിക്കാ നിന്റെ മോൾടെ കല്യാണം ഉറപ്പിച്ചിട്ടു എന്നോട് പോലും പറഞ്ഞില്ലല്ലോന്നു. അവനോടും മറ്റു പലരോടും അയാൾ അങ്ങനെ പറഞ്ഞു പോലും.'' ഉപ്പ നല്ല ദേഷ്യത്തിൽ ആണ്. ''ഷോ അങ്ങേർക്കിതു എന്തിന്റെ കേടാ.. ഇവളുടെ ശരിക്കുള്ള സ്വഭാവം പോയി പറ, അപ്പൊ അയാൾ തന്നെ ഓടിക്കോളും.'' ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു. പക്ഷെ ഉപ്പാന്റെ മുഖത്ത് ദേഷ്യം അങ്ങനെ തന്നെ ഉണ്ട്. ''എന്തേലും ഞാൻ ചെയ്യും..'' എന്നും പറഞ്ഞു ഉപ്പ അകത്തേക്ക് പോയി. കോളേജിൽ എത്തിയപ്പോ തന്നെ ഫ്രണ്ട്സ് ഒക്കെ വന്നു ചുറ്റും കൂടി.

''ടീ നീ ഓക്കേ അല്ലെ..'' ദിയ ചോദിച്ചു. ''എന്താ നിനക്കെന്നെ കാണുമ്പോ എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ.'' ഞാൻ അവളെ നോക്കി പപ്പുവിനെ പോലെ കാണിച്ചു. ''ഇല്ല നീ പെർഫെക്ടലി ഓക്കേ ആണ്.'' എന്നും പറഞ്ഞു ഫിദ ചിരിച്ചു കൂടെ ഞങ്ങളും. ക്ലാസ്സൊക്കെ അതിന്റെ വഴിക്കങ്ങു നടന്നു. ലീന മാം വന്നു കുറച്ചു ഇമ്പോസിഷൻ തന്നത് ഒഴിച്ചാൽ വേറെ പ്രത്ത്യേഗിച് ഒന്നുമില്ല. ഉച്ചക്ക് ശേഷം ആഷി സാറിന്റെ പ്രാക്ടിക്കൽസ് ആയിരുന്നു. ഞാൻ ഇപ്പൊ ആഷി സാറിനെ മൈൻഡ് ചെയ്യാറേ ഇല്ല. ഇന്ന് ക്ലാസ്സിൽ വന്നു ഇങ്ങോട്ടു നോക്കുന്നത് കണ്ടപ്പോളും ഞാൻ നോക്കിയില്ല. മറ്റൊരു പെണ്ണിന് അവകാശപ്പെട്ട ആളെ ഞാൻ നോക്കുന്നത് ശരി അല്ലല്ലോ. നമ്മുക്കൊരു മാന്യത ഒക്കെ ഇല്ലേ.. അല്ലെ... പ്രാക്ടിക്കൽ ക്ലാസ്സിൽ കേറി ഞാൻ വേഗം എന്റെ സീറ്റിൽ ഇരുന്നു. പ്രോഗ്രാം ചെയ്യാൻ തുടങ്ങി പകുതി ആയതും അന്നത്തെ പോലെ റെയിൻബോ പോലെ സ്‌ക്രീനിൽ തെളിഞ്ഞു. നിവൃത്തി ഇല്ലാതെ സാറിനെ വിളിച്ചു ഞാൻ എണീറ്റ് മാറി നിന്നു. സാർ മൊബൈലിൽ ചാറ്റ് ചെയ്തോണ്ടിരിക്കുവാരുന്നു. സാർ അടുത്തേക്ക് വരുമ്പോ ചുണ്ടിൽ ഒരു ചിരി ഉള്ളത് ഞാൻ കണ്ടു. സാർ ഫോൺ അവിടെ വച്ചു കമ്പ്യൂട്ടർ ശരി ആക്കാൻ തുടങ്ങി. മനുഷ്യ സഹജമായ മറ്റുള്ളവരുടെ കാര്യം അറിയണം എന്നുള്ള പ്രവണത വന്നു വീർപ്പു മുട്ടിയ കാരണം ഞാൻ ആ ഫോണിലേക്കു എത്തി നോക്കി.

വാട്സാപ്പിൽ മെസ്സേജ് അയക്കുവാണ്‌. സൂക്ഷിച്ചു നോക്കിയപ്പോ മോളിൽ 'j ' എന്ന് എഴുതി രണ്ടു ഹാർട്ട് ആണ് പേര്. ഓ ജനൂനോട് സംസാരിക്കാ.. പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല. കമ്പ്യൂട്ടർ ശരി ആക്കി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ സാർ പോയി.ഞാനും പിന്നെ ആ ഭാഗത്തേക്ക് നോക്കില്ല എന്ന് ശപഥം എടുത്തെങ്കിലും അറിയാണ്ട് ഒരു നാലഞ്ചു വട്ടം നോക്കിപ്പോയി. ഓരോ വട്ടം നോക്കുബോളും സാർ ഒരു പുഞ്ചിരിയോടെ മൊബൈലിൽ നോക്കുന്നതാണ് കണ്ടത്. സാർ ഹാപ്പി ആണെങ്കി പിന്നെ എനിക്കെന്താ. ഞാനും ഒന്ന് പുഞ്ചിരിച്ചു സാറിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ഉപ്പയും ഉമ്മയും റെഡി ആയി നിക്കുന്നു. എന്നോടും വേഗം റെഡി ആവാൻ പറഞ്ഞു. ഞാൻ റെഡി ആയി അവരുടെ കൂടെ ഇറങ്ങി. ഞങ്ങൾ ബീച്ചിലും, പാർക്കിലും പോയി അടിച്ചു പൊളിച്ചു. പിന്നെ ഒരു ഐസ് ക്രീമും കഴിച്ചു വീട്ടിലേക്കു വന്നു. എന്റെ മൂഡ് ശരി ആവാൻ അവർ ചെയ്തതാണെന്ന് എനിക്കറിയാരുന്നു. അത് കൊണ്ട് തന്നെ ഉള്ളിലെ എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി ഞാൻ അവരുടെ കൂടെ സന്തോഷിച്ചു.

പിറ്റേന്ന് ക്ലാസ്സിൽ പോയപ്പോ നല്ല മൂഡ് ആയിരുന്നു. എല്ലാരുമായി കളിച്ചു ചിരിച്ചു ആസ്വദിച്ചു. വെള്ളിയാഴ്ച ആയോണ്ട് രണ്ടു ദിവസം ലീവ് ആണ് എന്ന സന്തോഷവും ഉണ്ടായിരുന്നു. ആഷി സാർ ലീവ് ആയിരുന്നു. സാറിനു ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉള്ളോണ്ട് ഞങ്ങൾ രണ്ടു മൂന്നു പേർ സ്റ്റാഫ് റൂമിലേക്ക് പോയി. സാറിന്റെ ടേബിളിൽ അത് വച്ച് നടക്കുമ്പോ ഫിദ എന്നെ മെല്ലെ നുള്ളി. ''എന്താടീ കോപ്പേ??'' ഞാൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു. ''ടീ നീ അങ്ങോട്ടൊന്നു നോക്കിയേ..'' അവൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കിയപ്പോ റാഷി സാർ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചൊരു ചിരി സമ്മാനിച്ചു വേഗം പുറത്തിറങ്ങി. ''ടീ നീ ആഷി സാറിനോട് പോവാൻ പറ. നമ്മക്ക് റാഷി സാർ മതി.'' ഷാനി പറഞ്ഞു. ''ഓ പിന്നെ ഒന്ന് ശരി ആയില്ലെങ്കി ഉടനെ അടുത്തതിൽ കേറി പിടിക്കാൻ ഇതെന്താ വല്ല വേൾഡ് കപ്പോ മറ്റോ ആണോ.. മിണ്ടാതെ വന്നേ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു നടന്നു. ''അതെന്താടീ.. വേൾഡ് കപ്പുമായി ഒരു ഉപമ...'' ദിയ ചോദിച്ചു. ''ഇപ്പൊ അതല്ലെടാ ട്രെൻഡ്. ഇഷ്ട്ടപ്പെട്ട ടീം ഔട്ട് ആയാൽ ഉടനെ അടുത്ത ടീമിനെ ഇഷ്ടപ്പെടും. അതും പുറത്തായാൽ അടുത്തതിന്റെ ജേഴ്‌സി എടുത്തിടും..''

പാത്തു പറഞ്ഞതും എല്ലാരും ചിരിച്ചു. അപ്പോളാണ് ലീന മാം മീര മാമിന്റെ കൂടെ നടന്നു വരുന്നത് കണ്ടത്. ''എവിടെ പോയതാ എല്ലാരും കൂടി???'' മീര മാം ചോദിച്ചു. ''അത് ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. ആഷി സാർ ഇല്ലാത്തോണ്ട് ടേബിളിൽ വച്ചിട്ട് വന്നു.'' ഗ്രീഷ്മയാണ് അത് പറഞ്ഞത്. ''ആഹ് അതിനി പിന്നെ വച്ചോ, ആഷി സാർ വരോന്നൊക്കെ ആർക്കറിയാം. ഇന്ന് എൻഗേജ്മെന്റ് അല്ലെ, പിന്നെ നിശ്ചയവും. അടുത്ത വ്യാഴാഴ്ച നികാഹ് എന്നല്ലേ പറഞ്ഞെ.'' ലീന മാം മീര മാമിനെ നോക്കി പറഞ്ഞപ്പോ ഒരു കൂർത്ത കല്ലെടുത്തു നെഞ്ചിൽ കുത്തിയ പോലെ തോന്നിയെങ്കിലും ഒരു പുഞ്ചിരി കൊണ്ട് ഞാനതിനെ നേരിട്ടു. ക്ലാസ്സിൽ എത്തിയപ്പോ ഫിദ വന്നു എന്റെ കയ്യിൽ പിടിച്ചു. ''പോട്ടെടാ, വിട്ടേക്ക്.'' ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. ക്‌ളാസിൽ എടുത്തതൊന്നും തലയിൽ കേറിയില്ല എന്ന് മാത്രമല്ല എന്തൊക്കെയോ കിളികൾ ചുറ്റും പാറി നടക്കുന്നതും കണ്ടു. ആകെ പാടെ കിളി പോയ അവസ്ഥ തന്നെ. വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ഉപ്പയും ഉമ്മയും കൂടി എന്നെ സോഫയിൽ പിടിച്ചിരുത്തി. ''മോളെ ജാസിമിന്റെ കാര്യം കൈ വിട്ട പോലെയാ.. അവൻ ആര് തടഞ്ഞാലും നിന്നെ കേട്ടുള്ളൂ എന്നും പറഞ്ഞു നടക്കാ, കൂട്ടിനു അവന്റെ ഉപ്പയും.'' ഉപ്പ പറഞ്ഞു.

''അതിനു??'' ഞാൻ ചോദിച്ചു. ''മോൾ പെട്ടെന്ന് മറ്റൊരു കല്യാണത്തിന് സമ്മതിച്ചാലേ അതിൽ നിന്നും നമ്മക്ക് ഊരാൻ പറ്റൂ...'' ഉപ്പ പറഞ്ഞതും ഞാനവിടുന്നു എണീറ്റ്. ''ഒരു അടി കിട്ടിയതിന്റെ വേദന മാറീട്ടില്ല, അപ്പോളാ അടുത്തതും കൊണ്ട് വരുന്നേ.. എനിക്കിപ്പോ കല്യാണമൊന്നും വേണ്ട.'' ഞാൻ പറഞ്ഞു. ''എനിക്കറിയാം. അവസാന ശ്രമം പോലെ ഇന്ന് ഞാൻ ആഷിയുടെ അഡ്രെസ്സ് കണ്ടു പിടിച്ചു അവിടെ പോയി. ജുനൈദിന്റെ കൂടെ. പക്ഷെ അവിടെ ചെന്നപ്പോളാ അറിഞ്ഞേ...'' ''ഇന്ന് ആഷി സാറിന്റെ നിശ്ചയം ആണെന്ന് അല്ലെ..'' ഉപ്പ പൂർത്തിയാക്കുന്നെന് മുന്നേ ഞാൻ പറഞ്ഞു. ''അതെ. ഇനി അവനെ ആലോചിച്ചു എന്റെ മോൾ കരയരുത്. ഞാൻ അവനെക്കാൾ നല്ലൊരു ആളെ നിനക്ക് വേണ്ടി കണ്ടു പിടിച്ചിട്ടുണ്ട്. നിനക്കറിയാവുന്ന ആൾ ആണ്. ഉപ്പ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.'' എന്നെ കൊണ്ട് അത്രയ്ക്ക് എടങ്ങാറായോ, അത്രയ്ക്ക് മടുത്തോ.. ''നീ എന്തൊക്കെയാ മോളെ പറയുന്നേ.. നീ അല്ലാണ്ട് ഞങ്ങക്കാരാ ഉള്ളെ..'' ഉമ്മ ചോദിച്ചു. ''പിന്നെ എന്നെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ..'' ഞാൻ സങ്കടത്തോടെ ചോദിച്ചു. ''നീ ഒരിക്കലും സങ്കടപ്പെടുന്നത് കാണാതിരിക്കാനാ ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തേ. ജാസിമിന്റെ കൂടെ പോയി നീ നരകിച്ചു ജീവിക്കുന്നത് എനിക്ക് കാണണ്ട.

അതിലും ബേധം മരിക്കുന്നതാ. നാളെ അവർ നിന്നെ പെണ്ണ് കാണാൻ വരും.'' എന്നും പറഞ്ഞു ഉപ്പ റൂമിലേക്ക് പോയി. രാത്രി കിടന്നിട്ടൊന്നും എനിക്ക് ഉറക്കം വന്നില്ല. ഉപ്പ എന്താ ഇങ്ങനെയൊക്കെ തീരുമാനിച്ചേ. ആഷി സാറിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ട പാടെ എന്നേം കെട്ടിക്കാൻ പ്ലാൻ ഇടുന്നു. പടച്ചോനെ, ഇനി ഇത് എല്ലാരും കൂടി ഉള്ള ഒത്തു കളി ആണോ. ആഷി സാർ ആണോ നാളെ വരുന്നത്. എന്നെ പറ്റിച്ചതാവുമോ.. അതെ അങ്ങനെ തന്നെ ആവും. എനിക്കറിയുന്ന ആൾ എന്നല്ലേ ഉപ്പ പറഞ്ഞത്. അല്ലാഹുവെ പ്ളീസ് അങ്ങനെ തന്നെ ആവണേ.. എന്റെ മനസ്സ് വീണ്ടും ആഷി സാറിലേക്കു പോവാൻ തുടങ്ങി. പക്ഷെ ആ ''j'' എന്ന് കണ്ടതോ.. അതും എന്നെ പറ്റിക്കാനാവും. ഓരോന്നോർത്തു ഞാൻ ഉറങ്ങിപ്പോയി. രാവിലെ എണീറ്റ് റൂമിനു പുറത്തിറങ്ങിയപ്പോ എല്ലാരും എത്തിയിരുന്നു. ഷഫീക്കാറ്റയും ജദീർക്കയും അമ്മായിയിമാരും ജുനൂക്കയും ജാസ്മിത്തയും എല്ലാരും... എന്നെ കണ്ടതും സൈദും സൈഫും ഓടി വന്നു. അവരേം കൂട്ടി ഞാൻ അടുക്കളയിലേക്കു പോയി. ഉപ്പാന്റെ ബന്ധുക്കളൊക്കെ കുറച്ചു കഴിഞ്ഞേ എത്തുള്ളുന്നു പറഞ്ഞു. എന്നെ കണ്ടതും ജാസ്മിത്ത അടുത്തേക്ക് വന്നു.''സോറി മോളെ, നിനക്ക് ജാസിമിനേം ഉപ്പാനേം കൊണ്ട് ഇടങ്ങാറായല്ലേ..''

''അതിനു ഇത്ത എന്തിനാ സോറി പറയുന്നേ... അവനിക്ക് വട്ട് അല്ലാണ്ടെന്താ..'' എന്നും പറഞ്ഞു ഞാനും ഇത്തയും ചിരിച്ചു. ''ജെന്നയും ജെസ്‌നയും എവിടെ??'' ''രണ്ടിനും ഇന്ന് ക്ലാസ് ഉണ്ട്. എന്തോ എക്സാം, അതോണ്ടാ പോയെ.. ഉച്ചയ്ക്ക് വരും. നിനക്ക് സന്തോഷം ആണല്ലോ, അത് മതി. കഴിഞ്ഞതെല്ലാം മോള് മറക്കണം..'' ജാസ്മി ഇത്ത പറഞ്ഞതും എനിക്ക് പിന്നേം ടെൻഷൻ ആയി. പടച്ചോനെ ഇനി എനിക്ക് തോന്നുന്നതാവോ, വരുന്നത് ആഷി സാർ അല്ലെ.. എങ്കിൽ അയാൾക്ക്‌ ഞാൻ വിമ്മിൽ പാഷാണം കലക്കി കൊടുക്കും. ''നീ ഇത് ആരെ നോക്കി നിക്കുവാ പോയി ിക്കു പെണ്ണെ..'' ഉമ്മ പറഞ്ഞപ്പോ ഞാൻ റൂമിലേക്ക് നടന്നു. അപ്പോളാണ് സൈഫും സൈദും കൂടി എന്റടുത്തു വന്നേ. പിന്നെ രണ്ടിന്റെയും കൂടെ കളിക്കാൻ നിന്നു. തലയ്ക്കു ഒരു കൊട്ട് കിട്ടിയപ്പോ തിരിഞ്ഞു നോക്കി, ജുനൂക്ക കൂടെ ജദീർക്കയും. ''കാണാൻ വരുന്ന പെണ്ണ് പിള്ളേരുടെ കൂടെ ഓടി കളിക്കുന്നു. ആഹാ ആ ചെക്കന്റെ ഒരു ഭാഗ്യം.'' എന്നും പറഞ്ഞു രണ്ടും ചിരിച്ചു. ''ദേ രണ്ടിനും ഞാൻ നല്ല ചവിട്ടു വച്ച് തരും.'' എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. വേഗം കേറി കുളിച്ചു റെഡി ആയി. നല്ല അടിപൊളി ആയി തന്നെ ഒരുങ്ങി. ഒരു പൗഡറോ കണ്മഷിയോ ഇടാത്ത ഞാൻ മുഖത്ത് തേക്കാത്തതായി ഒന്നുമില്ല.

ആഷി സാറിന്റെ വീട്ടുകാരുടെ കണ്ണ് തള്ളണം എന്നെ കണ്ടാൽ. കണ്ണാടി നോക്കി സുന്ദരി ആയി എന്ന് ഒന്നൂടി ഉറപ്പു വരുത്തി. അപ്പോളാണ് പുറത്തു കാറുകൾ വന്നു നിക്കുന്ന സൗണ്ട് കേട്ടത്. ഞാൻ ഓടിപ്പോയി ജനലിന്റെ ഉള്ളിലൂടെ നോക്കി. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഞാൻ ബോധം കെട്ടില്ലാന്നേ ഉള്ളൂ.. ''പടച്ചോനെ... റാഷി സാർ.. '' ആഹ് ചിലപ്പോ ആഷി സാറിന്റെ കൂടെ ഫ്രണ്ട് ആയി വന്നതാണെങ്കിലോ.. ഞാൻ കർട്ടൻ മാറ്റി ഒന്നൂടി ചുറ്റും നോക്കി. ഇല്ല ആഷി സാർ ആ കൂട്ടത്തിൽ ഇല്ല. അപ്പോളാണ് കുടുംബക്കാർ മാത്രമേ ഉണ്ടാവു എന്ന് ഉമ്മ പറഞ്ഞത് ഓർമ്മ വന്നത്. ഉപ്പ വന്നു രാശി സാറിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി. ഞാൻ തലയിൽ കൈ വച്ച് ഇരുന്നു പോയി. അത് കൊണ്ടാണ് ഇന്നലെ റാഷി സാർ എന്നെ നോക്കി ചിരിച്ചത്. എല്ലാരോടും സന്തോഷത്തോടെ പെരുമാറിപ്പോയി. ഇനി എങ്ങനെ വേണ്ടാന്നു പറയും... ''പെട്ടല്ലോ'പടച്ചോനെ....'' ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story