ഒരു ചില്ലറ പ്രേമം: ഭാഗം 19

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

 എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോളാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. തുറന്നപ്പോ ജാസ്മി ഇത്തയും സലീനമ്മായിയും അകത്തേക്ക് വന്നു. ''കണ്ടോ??? എങ്ങനെ ഉണ്ട് ആള്... ഇഷ്ട്ടായോ.. നിന്റെ സാറിനെ..'' സലീനമ്മായി ചോദിച്ചതും ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ പുറത്തേക്കു വന്നു. ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അമ്മായിയുടെ മേലേക്ക് വീണു അവരെ കെട്ടിപ്പിടിച്ചു. ''എന്താ മോളെ എന്ത് പറ്റി..'' അമ്മായി ആകെ പേടിച്ചു. ''എന്താ ഫാദീ കാര്യം പറ..'' ജാസ്മിത്ത ചോദിച്ചപ്പോ ഞാൻ എല്ലാം പറഞ്ഞു. ഞാൻ കരുതിയത് എല്ലാരും കൂടി എന്നെ പറ്റിക്കുക ആണെന്നും എന്നെ കാണാൻ വരുന്നത് ആഷി സാർ ആയിരിക്കും എന്ന് വിചാരിച്ചാണ് ഞാൻ സന്തോഷത്തോടെ നടന്നത് എന്നൊക്കെ പറഞ്ഞപ്പോ ജാസ്മി ഇത്ത തലയിൽ കൈ വച്ച്. ''എന്തൊക്കെയാ ഇവള് പറയുന്നേ???'' അമ്മായി ഇങ്ങു വാ എന്നും പറഞ്ഞു ഇത്ത ഒരേയും കൂട്ടി പുറത്തേക്കു പോയി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു എനിക്കാകെ വട്ടായി. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോ ജാസ്മിത്ത തിരിച്ചു വന്നു, കൂടെ ജുനു ഇക്കയും ഉണ്ടായിരുന്നു.

''നീ ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിഞ്ഞതൊക്കെ മറക്കുക, അതെ പറ്റൂ...'' ജുനു ഇക്ക പറഞ്ഞതും ഞാൻ ആ നെഞ്ചിലേക്ക് വീണു കരഞ്ഞു. ഇക്ക എന്നെ പിടിച്ചു എണീപ്പിച്ചു. ആ കണ്ണ് നിറഞ്ഞതു കണ്ടപ്പോ എന്റെ ചങ്കു കലങ്ങിപ്പോയി. ഇക്ക കരയുന്നതു ഞാൻ ഇത് വരെ കണ്ടിട്ടില്ല. ''മോള് എല്ലാം മറക്കണം. പോയി മുഖം കഴുകി വാ..'' ജാസ്മിത്ത എന്നെയും കൂട്ടി ബാത്റൂമിലേക്കു പോയി. ഞാൻ അകത്തേക്ക് കേറി മുഖമൊക്കെ കഴുകി. ഇനി കരയരുത് എന്ന് ഉറപ്പിച്ചു പുറത്തോട്ടിറങ്ങി. ഇത് ഞാൻ മുടക്കും. ''വാ മോളെ അപ്പുറത്തു നിന്നും വിളിക്കുന്നുണ്ട്'' എന്നും പറഞ്ഞു ഇത്ത എന്റെ കയ്യിൽ പിടിച്ചു കൊണ്ടുപ്പോയി. ഹാളിലേക്ക് പോയപ്പോ എല്ലാരും ഇരിക്കുന്നു. നേരെ നോക്കാൻ ശക്തി ഇല്ലായിരുന്നു. ഇത്ത മുറുക്കി പിടിച്ചത് കൊണ്ട് മാത്രം വീണില്ല. ''ആ മോൾ വാ'' എന്നും പറഞ്ഞു ഉമ്മ എന്നെ അവരുടെ അടുത്തേക്ക് കൊണ്ട് പോയി. ''മോളെ പയ്യന് ചായ എടുത്തു കൊടുക്ക്...'' എന്ന് ഉപ്പ പറഞ്ഞു. ചായ കൊണ്ട് പോയി വിഎം കലക്കി കൊണ്ട് വന്നു കൊടുത്താലോ അല്ലെങ്കി എടുത്തു തലയിലൂടെ കമഴ്ത്തി ഓടിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു.

സത്യം പറയാലോ അങ്ങോട്ടേക്ക് പോയപ്പോ ആരുടേം മുഖം നോക്കാൻ പറ്റിയില്ല. മെല്ലെ ഒരു കപ്പ് ചായ എടുത്തു തല പൊക്കി ഒന്നു കണ്ണോടിച്ചപ്പോ റാഷി സാറിനെ കണ്ടു. സാറെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഓ ആ ചിരി കണ്ടാലും മതി. ചായ ചൂടില്ലാന്നും പറഞ്ഞു അടുക്കളയിൽ കൊണ്ട് പോയി വേഗം വിം കലക്കിയാലോ??? അല്ലെങ്കി മേലേക്ക് ഒഴിക്കാം വല്യ ചൂടില്ല, അതോണ്ട് പൊള്ളൂല്ല. നേരെ പോയി കപ്പ് നീട്ടിയതും സാർ എന്നെ നോക്കി ചിരിച്ചു. ''ചെക്കന് കൊടുക്കാൻ പറഞ്ഞിട്ട് ചെക്കന്റെ ഏട്ടന് ആണോ കൊടുക്കുന്നെ... ദേ ഇവിടെ കൊടുക്ക്.'' ഉപ്പ പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി. ''ആഷി സാർ...'' ഞാൻ പറഞ്ഞു പോയി. പിന്നെ അവിടൊരു കൂട്ടച്ചിരി ഉയർന്നു. ''സത്യം പറയെടീ നീ ആ ചായ റാഷിന്റെ മേലെ ഒഴിക്കാനല്ലേ പോയത്..'' ജദീർക്ക ചോദിച്ചപ്പോ ഞാൻ ഒരു ഇളി മാത്രം പാസ് ആക്കി താഴോട്ട് നോക്കി നിന്നു. ഞാൻ മനസ്സിൽ കണ്ടാൽ ജദീർക്ക മാനത്തു കാണും. ''എന്റെ അള്ളോഹ്.. ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ സാർ അല്ലെ...'' എന്നും പറഞ്ഞു റാഷി സാർ ചിരിച്ചു. സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് കാണുന്നില്ല എന്നൊക്കെ പറയുന്ന അവസ്ഥയിൽ ആയിരുന്നു. പക്ഷെ മുഖത്ത് ഗൗരവം വരുത്തി.

വെറുതെ തല പൊക്കി നോക്കിയപ്പോ ആഷി സാർ എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. പക്ഷെ ഞാൻ മുഖം തിരിച്ചു കളഞ്ഞു. ''നിങ്ങള് എന്റെ മോളെ കളിയാക്കാതെ.. മോളിങ്ങു വാ... ഞാനൊന്നു കാണട്ടെ.. ഒന്നൂല്ലെങ്കിലും അഞ്ചാറു കൊല്ലമായി ഞാൻ മരുമോളായി മനസ്സിൽ കൊണ്ട് നടന്നതല്ലേ.. ഇപ്പോളെങ്കിലും ആ മുഖം ഒന്ന് നേരെ കാണട്ടെ.'' എന്നും പറഞ്ഞു ആഷി സാറിന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി. എനിക്കൊന്നും മനസ്സിലാവാത്ത കൊണ്ട് ഞാൻ ഉമ്മയെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട പോലെ.. ഞാൻ ചുറ്റിലും ഇരുന്നവരേ ഒന്ന് കണ്ണോടിച്ചു നോക്കി. ആരെയും കണ്ട ഓർമ്മ കിട്ടുന്നില്ല. ''ആരെയും അറിയില്ല അല്ലെ.. എന്നെ അറിയോ??? ഞാൻ ആഷിയുടെ ഇത്ത ആണ്.'' ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ എവിടെയോ കണ്ട പോലെ തോന്നി . ''ഓർമ്മ ഇല്ലേ... എവിടെയും കണ്ട പോലെ തോന്നുന്നില്ലേ...'' റാഷി സാർ ചോദിച്ചു. ഞാൻ എന്റെ ബ്രയിനിനെ ഫുൾ സ്പീഡിൽ ഓടിച്ചു നോക്കി. എവിടെയോ ഒരു സ്പാർക്.. ''ആ അന്ന് മാളിൽ വച്ച് കണ്ട???'' ഞാൻ പറഞ്ഞതും അതെ എന്ന രീതിയിൽ അവർ തലയാട്ടി. ''അതെ മോളെ, അത് തന്നെ.

ഞങ്ങളെല്ലാം ദുബായിൽ ആയിരുന്നു. വെക്കേഷന് വന്നപ്പോ ഞാനും മോളും ആഷിയും റാഷിയും കൂടി മാളിൽ ഡ്രസ്സ് എടുക്കാൻ വന്നതാ. അവര് ഞങ്ങളെ വിട്ടു എന്തോ കാര്യത്തിന് വേണ്ടി പോയി. ഞാനും ആഷ്‌നയും കൂടി ഫുഡ് വാങ്ങാൻ നിന്നതാ. എനിക്ക് ബാത്‌റൂമിൽ പോവാൻ തോന്നിയപ്പോ ഞാൻ അവളെ അവിടെ നിർത്തീട്ടു പോയി. തിരിച്ചു വന്നപ്പോളാ മോളെ കണ്ടത്.. മോള് വന്നില്ലാരുന്നെങ്കി..'' ആ ഉമ്മ കരയുമെന്നു തോന്നി എനിക്ക്. ''അതിനു എന്താ ഉമ്മാ?? ഒന്നും പറ്റിയില്ലല്ലോ...'' ഞാൻ ഉമ്മാന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു. ''ഇവൾ ഒരു പാവാ. പിന്നെ ദുബായിൽ ഇങ്ങനെ ഒരു അനുഭവം അവൾക്കു മുമ്ബ് നേരിടേണ്ടി വന്നിട്ടില്ല. അതാ അവള് പെട്ടെന്ന് ഷോക്ക് ആയിപോയത്.'' റാഷി സാർ പറഞ്ഞു. ''ഇവൻ അറിഞ്ഞാൽ ആ ചെക്കനെ വെട്ടിനുറുക്കും എന്ന് അറിയാവുന്ന കൊണ്ടാണ് കേസ് വേണ്ടാന്നു ഞാൻ പറഞ്ഞെ.'' ഉമ്മ ആഷി സാറിനെ ചൂണ്ടി കാണിച്ചു പറഞ്ഞു. ഓ വെറുതെ അല്ല അന്ന് നിഷാദിനെ എടുത്തിട്ട് തല്ലിയത്. ''അന്ന് മോള് പോയി കഴിഞ്ഞപ്പോ ഇവൻ വന്നു. കാര്യം അറിഞ്ഞപ്പോ അവനെ തേടി ഇറങ്ങാൻ പോയതാ. പക്ഷെ ഞങ്ങള് വിട്ടില്ല. അവനുള്ള ശിക്ഷ മോള് കൊടുത്തെന്നു പറഞ്ഞപ്പോ അവൻ നിന്നെ കാണാൻ പിന്നാലെ വന്നിരുന്നു.

പക്ഷെ അപ്പോളേക്കും നിങ്ങൾ പോയി. നിന്റെ ഡ്രെസ്സും കളറും ഒക്കെ പറഞ്ഞപ്പോ അകത്തേക്ക് വരുമ്പോ ഒരു മിന്നായം പോലെ ആഷി നിന്നെ കണ്ടിരുന്നു എന്ന് പറഞ്ഞു. മുഖം ഒരിക്കലേ കണ്ടുള്ളു എങ്കിലും ഞങ്ങൾ പറഞ്ഞപ്പോ ഇവന് നിന്നെ ഓർമ്മ വന്നു. പക്ഷെ റാഷി നിന്നെ കണ്ടിരുന്നില്ല. അന്നിവൻ മനസ്സിൽ തീരുമാനിച്ചതാ നിന്നെയെ കേട്ടുള്ളൂ എന്ന്. പക്ഷെ കള്ളൻ ഞങ്ങളോടൊന്നും പറഞ്ഞില്ലാരുന്നു ആ കാര്യം. ഇത്ത പറഞ്ഞപ്പോ ഞാൻ ആഷി സാറിനെ ഒന്ന് നോക്കി. എല്ലാരും സന്തോഷത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. ''പക്ഷെ ആ കാര്യം നടന്നിട്ടു ഒരു രണ്ടുമൂന്നു വർഷം ആവുന്നല്ലേ ഉള്ളൂ.. പിന്നെ എങ്ങനെയാ അഞ്ചാറു വർഷമായി എന്നൊക്കെ ഉമ്മ പറഞ്ഞത്..'' ഞാൻ സംശയത്തോടെ ചോദിച്ചു. ''അതിനാണ് മോളെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത്.. അത് ബസ് പിടിച്ചായാലും വരും. ഇവന്റെ ഒരു കഷ്ടകാലം..'' എന്റെ പുന്നാര ഉപ്പ ചിരിച്ചോണ്ട് ആഷി സാറിനെ നോക്കി പറഞ്ഞു. എന്നെ പറ്റിച്ചതിനുള്ളത് ഞാൻ വച്ചിട്ടുണ്ട്. ''ആഷിയുടെ ഉമ്മ എന്നല്ലാതെ വേറൊരു ബന്ധം കൂടി ഉണ്ട് നമ്മൾ തമ്മിൽ.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞു. ''അതെന്താ..'' ഞാൻ സംശയത്തോടെ എന്റെ കുടുംബക്കാരെ എല്ലാരേം നോക്കി. എല്ലാരും എന്നെ കളിയാക്കി ചിരിക്കുക ആയിരുന്നു അപ്പോൾ... ഞാൻ വച്ചിട്ടുണ്ട് എന്ന രീതിയിൽ അവരെ നോക്കി.

അപ്പോളുണ്ട് സലീനമായി വന്നു ഞങ്ങടെ അടുത്ത് നിക്കുന്നു. ഞാൻ അത്ഭുദത്തോടെ അമ്മായിയെ നോക്കി. ''ഇവളാരാണെന്നു അറിയോ മോൾക്ക്??? എന്റെ ഇത്താന്റെ മോളാ.. ഇവളുമ്മാ മരിച്ചപ്പോ ഞാൻ നാട്ടിൽ ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോളാണ് ഇവളെ ഉപ്പ രണ്ടാമത് കെട്ടി എന്ന് അറിയുന്നത്. അപ്പൊ ഇവളെ കൂടെ കൂട്ടാൻ ഞാൻ കുറെ നോക്കിയതാ.. ഇവളുടെ ഉപ്പ സമ്മതിച്ചില്ല. ആ സ്ത്രീ ഇവളുടെ രണ്ടാനമ്മ വിടാഞ്ഞതാ.'' ആഷി സാറിന്റെ ഉമ്മ സലീനമ്മായിയുടെ തലയിൽ തലോടി. ''ഇവൾ ഒരാളെ ഇഷ്ട്ടപ്പെടുന്നു എന്ന് ആദ്യം വിളിച്ചു പറഞ്ഞത് ഞങ്ങളെയാ.. മക്കൾക്ക് പരീക്ഷ ആയോണ്ട് ഞാനും ഇവളുമേ നാട്ടിൽ വന്നുള്ളൂ.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു. ''ഞങ്ങൾ ഇവളുടെ ഉപ്പാനോട് കുറെ പറഞ്ഞു ജദീർ മോനും ആയുള്ള കല്യാണം നടത്താൻ. പക്ഷെ ആ സ്ത്രീ സമ്മതിച്ചില്ല. ഞങ്ങളാണ് പൂട്ടി ഇട്ടിരുന്ന ഇവളെ ജദീറിന്റെ കയ്യിൽ ഏൽപ്പിച്ചത്. കൂടെ നിന്റെ ഉപ്പയും ഉണ്ടായിരുന്നു. അന്ന് അവിടെ വച്ച് ഇവളെ ഉപ്പ ഇവളെ അടിക്കാൻ പോയപ്പോ നിന്റെ ഉപ്പ അവരെ തടഞ്ഞു അയാളെ അടിച്ചു.'' ഞാൻ അത്ഭുതത്തോടെയും അഭിമാനത്തോടെയും ഉപ്പാനെ നോക്കി. ''അപ്പൊ ആ സ്ത്രീ കുറെ ശാപ വാക്കുകൾ പറഞ്ഞു. കൂടുതലും പറഞ്ഞത് നിങ്ങടെ മോളെ ആരും കല്യാണം കഴിക്കില്ല.

അതിനു അവർ സമ്മതിക്കില്ല എന്നായിരുന്നു. അന്ന് ഞാൻ അവരോടു പറഞ്ഞതാ എന്റെ മോനെ കൊണ്ട് ഞാൻ ഇവരെ മോളെ കെട്ടിക്കുമെന്നു.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞപ്പോ ഞാൻ ഞെട്ടി ഉപ്പാനെ നോക്കി. ''അന്ന് ഇവരടുത്തു അവിടെ വച്ച് ഞങ്ങൾ വാക്ക് കൊടുത്തതാ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിങ്ങളെ മോള് എന്റെ മോനു ഉള്ളതാണെന്ന്.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു. ''സത്യം പറഞ്ഞാൽ ഞാൻ ആ കാര്യം ഒക്കെ മറന്നിരുന്നു. പക്ഷെ ഇവർ റാഷിക്ക് വേണ്ടി പെണ്ണ് നോക്കാൻ തുടങ്ങിയപ്പോ ആദ്യം വിളിച്ചത് എന്നെയാ. അങ്ങനെയാ വെക്കേഷൻ സമയം നിനക്ക് ആ ആലോചന വന്നത്. പക്ഷെ അപ്പോളേക്കും നിന്റെ മനസ്സിൽ ആഷി കേറി കഴിഞ്ഞിരുന്നല്ലോ. നിന്നോട് ആ ആലോചനയെ പറ്റി പറഞ്ഞപ്പോ നീ ഉണ്ടാക്കിയ പുകിലൊന്നും ഞങ്ങള് മറന്നിട്ടില്ല.'' ഉപ്പ പറഞ്ഞതും എല്ലാരും ചിരിച്ചു. ''എന്റെ പുതിയ ഡിന്നർ സെറ്റും ഒരു മൊബൈലുമാ ആ പേരിൽ സമാധി ആയതു.'' ഉമ്മ പറഞ്ഞ കേട്ട് എല്ലാരും അത്ഭുതത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

''അപ്പോളേക്കും നിന്റെ ഫോട്ടോ ഞാൻ അവർക്കു അയച്ചു കൊടുത്തിരുന്നു. സത്യം പറഞ്ഞാൽ അപ്പോളാണ് നീ എന്റെ മോളാണെന്നു ഇവർക്കെല്ലാം മനസ്സിലാവുന്നത്. റാഷിയും ഫോട്ടോ കണ്ടപ്പോളാണ് നീ ആണെന്ന് മനസ്സിലാക്കിയത്. അവൻ പറഞ്ഞു പോലും നീ അവന്റെ സ്റ്റുഡൻറ് ആണെന്ന്.'' ഞാൻ ഞെട്ടി റാഷി സാറിനെ നോക്കി. ഇപ്പോളും എന്നെ നോക്കി അതെ ചിരി ചിരിക്കുന്നു. ''നീ വിചാരിക്കുന്ന പോലെ എനിക്ക് നിന്നോട് പ്രേമം ഒന്നുമില്ല. വെറുതെ പിള്ളേര് ഓരോന്ന് പറഞ്ഞതാ.. അതോണ്ടാ നീ എന്നോട് സംസാരിക്കാതിരുന്നെന്നു എനിക്കറിയാം.'' റാഷി സാർ ചിരിച്ചോണ്ട് പറഞ്ഞു. ''പക്ഷെ സാർ ഫുൾ ടൈം നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ..'' ഞാൻ സംശയത്തോടെ ചോദിച്ചു. ''നോക്കി എന്നുള്ളത് ശരിയാ, പക്ഷെ നിന്നയല്ല.. നിന്റെ കൂടെ ഇരിക്കുന്ന ആളെ..'' സാർ ചിരിച്ചോണ്ട് പറഞ്ഞു. ''പടച്ചോനെ ആരെ ഫിദയെയോ???'' ഞാൻ അറിയാതെ ചോദിച്ചു പോയി. ''അതെ, ഞങ്ങൾ ഇന്നലെ അവിടെ പോയി അതും ഉറപ്പിച്ചു.'' ഉമ്മ അങ്ങനെ പറഞ്ഞപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. പാവം പാത്തു അവൾക്കു അറ്റാക്ക് വരും. ''റാഷിക്ക് മോളെ ആലോചിച്ച സമയത്തു ആഷി ഇവിടെ ഇല്ലായിരുന്നു. അത് കൊണ്ട് നിന്റെ ഫോട്ടോ ആഷി കണ്ടിരുന്നില്ല.

കല്യാണക്കാര്യം നടക്കാത്തോണ്ട് ഫോട്ടോ പിന്നെ ആരെയും കാണിച്ചില്ല. മാളിൽ വച്ച് കണ്ടത് നിന്നെ ആണെന്ന് ഞങ്ങൾ റാഷിയോട് പറഞ്ഞിരുന്നു. ഒരു ദിവസം ഇവിടെ വന്നു മോളെ വെറുതെ കണ്ടു നന്ദി പറഞ്ഞു പോവണമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ജദീറിനെയും സലീനയെയും കൂടി ഞങ്ങൾ നിന്റെ വീട്ടിലേക്കു പുറപ്പെട്ടു.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞു. പടച്ചോനെ എന്താ ഇത്, ഏതോ സിനിമാ കഥ കേക്കുന്ന പോലെ ഉണ്ടല്ലോ. ഫാദീ കോൺസെൻട്രേറ്റ്. ''വീട്ടിൽ ഞങ്ങളെ കാണാതെ ആഷി ചോദിച്ചപ്പോളാണ് റാഷി ഞങ്ങൾ മോൾടെ വീട്ടിലേക്കാണ് വന്നതെന്ന് അറിയുന്നത്. മാളിൽ നിന്നും കണ്ട അതെ കുട്ടിയെ ആണ് ഉമ്മ മുമ്പേ പറഞ്ഞു വച്ചിരുന്നത് എന്ന് അറിഞ്ഞപ്പോളാണ് ആഷി റാഷിയോടു അവന്റെ മനസ്സിൽ ഉള്ളതൊക്കെ പറഞ്ഞത്. റാഷി അപ്പൊ തന്നെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പിന്നെ ഞങ്ങളൊന്നും നോക്കിയില്ല മോൾടെ ഉപ്പയോട്‌ കാര്യങ്ങളൊക്കെ പറഞ്ഞു.'' ഞാൻ റാഷി സാറിനെ നന്ദിയോടെ നോക്കി. ഈ മഹാനെ ആണല്ലോ ഞാൻ ഇത്രേം കാലം വെറുത്തതു. വെറുത്തിരുന്നോ...

ഏയ് ഇല്ല.. എനിക്ക് സാറിനോട് ഇഷ്ടക്കേടൊന്നും ഇല്ലാരുന്നു. പ്രേമം ഇല്ലായിരുന്നു അത്ര മാത്രം. ''ഉപ്പയും മോൾടെ മനസ്സീ കേറിയ ആളെ കണ്ടു പിടിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു. ''പക്ഷെ ഇവന്റെ നമ്പർ മിസ് ആയോണ്ടും വിളിയൊന്നും വരാത്തത് കൊണ്ടും ഞാൻ പ്രതീക്ഷ ഒക്കെ വിട്ടിരുന്നു. പക്ഷെ അവളതു വിട്ടിരുന്നില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്നും ഞാനും ഷബീയും മനസ്സിലാക്കിയിരുന്നു. ഞാൻ എങ്ങനേലും ആഷിയെ കണ്ടു പിടിക്കാൻ നോക്കുമ്പോൾ ആണ് ഇവർ എന്റടുത്തു വന്നത്.'' ഉപ്പ എന്നെ നോക്കി പറഞ്ഞു. ഓടി പോയി ഉപ്പാനെ കെട്ടിപ്പിടിക്കാനൊക്കെ തോന്നിയെങ്കിലും എന്നെ പറ്റിച്ചത് കൊണ്ട് ഞാൻ ഗൗരവത്തിൽ തന്നെ ഇരുന്നു. ''എന്നിട്ടു എന്തിനാ ഇങ്ങനൊരു നാടകം..'' ഞാൻ ചോദിച്ചു. ''സത്യം പറയാലോ, നീ എന്റെ മോൾ ആയോണ്ട് പറയുവല്ല, നിന്നെ ഞങ്ങൾക്ക് അത്ര വിശ്വാസം പോരായിരുന്നു. ഒരിക്കെ കണ്ട ആളെ കെട്ടണം എന്ന് നീ പറഞ്ഞപ്പോ അതൊരു ഇൻഫാചുവേഷൻ മാത്രം ആണോന്നു എനിക്കൊരു സംശയം..'' ഉപ്പ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ഇൻഫാച്ചുവേഷൻ അല്ല മണ്ണാംകട്ട... ആഷി സാറിനെ കാണാതെ ഞാൻ അനുഭവിച്ചത്‌ എനിക്കെ അറിയൂ... ''അതൊന്നു ഉറപ്പാക്കാനാ റാഷി പറഞ്ഞപ്പോ ആഷി അവിടെ ജോയിൻ ചെയ്തത്.

വിസ വരാത്തത് കൊണ്ട് അവൻ ഫ്രീയും ആണല്ലോ...'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു. ''ഏതായാലും നിന്റെ കൊമ്പു ഒടിഞ്ഞു ഇങ്ങനെ നിക്കുന്ന കാണാൻ നല്ല രസമുണ്ട്..'' എന്നും പറഞ്ഞു ജദീർക്ക ചിരിച്ചു. ''ഷോ എന്റെ ഇക്കാ ഇവളുടെ കരച്ചിൽ കണ്ടില്ലല്ലോ, എന്റെ കണ്ണ് പോലും നിറഞ്ഞു പോയി.'' ജുനു ഇക്കയും ചിരിച്ചു. ഞാൻ ജാസ്മിത്തയെ നോക്കി. ''നീ എന്നെ നോക്കണ്ട, ഈ കഷ്മലൻ എന്നോടും പറഞ്ഞില്ല.'' ഇത്ത ദേഷ്യത്തോടെ പറഞ്ഞു. ''ആ എന്നിട്ടു വേണം ഇവളുടെ കരച്ചിൽ കണ്ടു നീ എല്ലാം പറയാൻ. അന്ന് മാളിൽ പോയപ്പോളാ ആഷിക്ക് നീ എന്റെ പെങ്ങളാണെന്നു മനസ്സിലായത്. അവൻ എന്നോട് കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. ബാക്കി വീട്ടിലെത്തിയപ്പോ ഉപ്പയും പറഞ്ഞു.'' ജുനൂക്ക ചിരിച്ചോണ്ട് എന്നെ നോക്കി പറഞ്ഞു. ഷഫീക്കാറ്റ യൂ ടൂ ഭ്രൂട്ടസ്... ആറ്റയും അറിഞ്ഞിരുന്നു അല്ലെ... ഇക്ക എന്നിട്ടു ഇത്തയെ നോക്കി. അവിടെ മുഖം ദേഷ്യം കൊണ്ട് ഒരു കൊട്ട ആക്കി വച്ചിട്ടുണ്ട്. അത് കണ്ടു ഇക്ക ഇത്തയെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി. ഇത്ത മൈൻഡ് ആക്കാതെ മാറി നിന്നു. അങ്ങനെ തന്നെ വേണം. ''നിന്റെ പഠിത്തം കഴിഞ്ഞു നിങ്ങടെ കല്യാണം നടത്താമെന്നാ വിചാരിച്ച..

പക്ഷെ അതിനിടയ്ക്കാണ് ജാസിമിന് നിന്നോട് ഇഷ്ട്ടം ആയതു. അത് കൊണ്ട് മാത്രം ആണ് ഇങ്ങനെ തിരക്കിട്ടു ഒക്കെ ആയതു.'' ഉപ്പ പറഞ്ഞു. ''ഇല്ലെങ്കിൽ എത്ര കാലം ഇത് നീണ്ടു പോയേനെ??? എല്ലാര്ക്കും എല്ലാം അറിയാരുന്നല്ലേ.. ഞാൻ മാത്രം പൊട്ടത്തി.. ഇനി മുന്നോട്ടു അങ്ങനെ ആവാൻ താല്പര്യം ഇല്ലാത്ത കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു. സോറി ഉമ്മാ, എന്നോടൊന്നും തോന്നരുത്, എനിക്കീ കല്യാണം വേണ്ട...'' എന്നും പറഞ്ഞു ഞാൻ എണീച്ചു. ''മോളെ, നീ എന്താ പറയുന്നേ..'' ഉപ്പ എന്നോട് ചോദിച്ചു. എല്ലാരും എണീറ്റു, ആഷി സാർ ഒഴിച്ച്. സാറിപ്പോളും ഞാനിതെത്ര കണ്ടതാണെന്ന രീതിയിൽ ഇരിക്കുന്നു.. ദുഷ്ടൻ. ''രണ്ടു മൂന്നു ദിവസം ഞാൻ അനുഭവിച്ചത്‌ എന്താണെന്ന് എനിക്കെ അറിയൂ... ആ സങ്കടത്തിൽ ഞാനെങ്ങാനും കോളേജിന്റെ മോളിൽ നിന്നും ചാടിയിരുന്നെങ്കിലോ???'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''മോളെ, അങ്ങനൊന്നും പറയല്ലേ..'' ആഷി സാറിന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. ''ഇങ്ങക്ക് മാറീട്ടില്ലേ ഉമ്മ നിലത്തു വീണു കയ്യോ കാലോ പൊട്ടിയാൽ ഒരു വീട് രണ്ടു വീട് ആക്കുന്നവളാ ചാടി ചാവാൻ പോവുന്നെ..'' ജദീർക്ക പറഞ്ഞതും എല്ലാരും ചിരിച്ചു. ''അത് പോട്ടെ, എനിക്ക് വല്ല അറ്റാക്കും വന്നിരുന്നെകിലോ.. എനിക്ക് ഒന്നൂടി ആലോചിക്കണം...''

എന്നും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു. ഉപ്പ എന്റെ പിന്നാലെ വരാൻ പോയപ്പോ ആഷി സാർ ഞാൻ സംസാരിക്കാം എന്നും പറഞ്ഞു പിന്നാലെ വരുന്നത് ഞാൻ കണ്ടിരുന്നു. അകത്തു കേറി കുറ്റി ഇടുന്നെനു മുന്നേ സാറും അകത്തേക്ക് കേറി. എന്നിട്ടു ഡോർ അടച്ചു കുറ്റി ഇട്ടു. ഇനി കുറച്ചു കഥ ആഷി സാർ പറയട്ടെ അല്ലെ.. അതല്ലേ നല്ലതു.. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''താൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് ശെരിയാ.. പക്ഷെ ഇതൊക്കെ തന്റെ ആക്ടിങ് ആണെന്ന് എനിക്കറിയാം..'' ഞാൻ പറഞ്ഞതും ഫാദി എന്നെ തുറിച്ചു നോക്കി. പെണ്ണിന് ദേഷ്യം കൊണ്ട് മുഖമൊക്കെ ചുവന്നിട്ടുണ്ട്. ''സാറെന്തിനാ എന്റെ റൂമിൽ കേറിയേ?? പ്ളീസ് പുറത്തേക്കു പോ. എനിക്കൊന്നു ഒറ്റക്കിരിക്കണം.'' ഫാദി ദേഷ്യത്തോടെ പറഞ്ഞു. ''അങ്ങനെ ഒറ്റക്കാക്കാൻ അല്ലല്ലോ ഞാൻ നിന്റെ ജീവിതത്തിൽ വന്നത്. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.''ഞാൻ പറഞ്ഞതും അവൾ എന്നെ ഒന്ന് നോക്കി. ''ഇത്ര പെട്ടെന്ന് താൻ ഒക്കെ മാറി നീ ആയോ... സാർ പോ എനിക്ക് സാറിനെ കാണണ്ട..'' എന്നും പറഞ്ഞു ഫാദി തിരിഞ്ഞു നിന്നു. ''ഇല്ലെങ്കിൽ'' ഞാൻ എന്റെ കലിപ്പ് മോഡ് ഓൺ ആക്കി.

''ഇല്ലെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം..'' എന്നും പറഞ്ഞു ഫാദി ഡോർ തുറക്കാൻ പോയി. ഞാൻ അവളുടെ പിന്നാലെ പോയി അവളെ പിന്നിൽ നിന്നും അരയിലൂടെ കൈ ഇട്ടു പിടിച്ചു എന്റെ മേലേക്ക് ചേർത്ത് പിടിച്ചു. അവളൊന്നു വിറച്ചു എന്ന് എനിക്ക് തോന്നി. ''സാർ എന്താ ഈ കാണിക്കുന്നേ?? എന്നെ വിട്... ഞാൻ ഇപ്പൊ ഒച്ച വെക്കും.'' എന്നും പറഞ്ഞു ഫാദി എന്റെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കി. ''ഒച്ച വെക്കാൻ പോകുന്നവർ അതിനു മുന്നേ പറയാറില്ല..'' എന്നും പറഞ്ഞു ആഷി ചിരിച്ചു. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതിനു ശേഷം ഞാൻ പൊയ്ക്കൊള്ളാം. പിന്നെയും അവൾ എന്റെ പിടി വിടുവിക്കാൻ നോക്കി എങ്കിലും എന്റെ പിടി കൂടുതൽ മുറുകുന്നത് കണ്ടപ്പോ അവൾ അനങ്ങാതെ നിന്നു. ''അദ്ധ്യാപകൻ വിദ്യാർത്ഥിയോട് സംസാരിക്കുന്നതന്നെ നല്ലതല്ല പറഞ്ഞിട്ട് ഇങ്ങനെ ചെയ്യുന്നത് ശരി ആണോ??'' അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ''ഇപ്പൊ ഞാൻ നിന്റെ അദ്ധ്യാപകൻ അല്ല. നിന്നെ ഇങ്ങനെ പിടിക്കാനുള്ള അവകാശം ഉള്ള ആളാണ് എന്ന് കൂട്ടിക്കോ..'' ഞാൻ പറഞ്ഞു.

''ആഹാ... അതാരാ തന്നെ...???'' അവൾ ചിരിച്ചോണ്ട് ചോദിച്ചു. ''നിന്റെ ഉപ്പ..'' എന്ന് ഞാൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി. ''ദേ എന്റെ ഉപ്പാനെ പറഞ്ഞാലുണ്ടല്ലോ'' എന്നും പറഞ്ഞു വീണ്ടും കുതറാൻ തുടങ്ങി. ഞാൻ അവളെ ഒന്നൂടി എന്നിലേക്ക്‌ അടുപ്പിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. പെണ്ണ് കറന്റ് പോയ ഫാൻ പോലെ പെട്ടെന്ന് നിന്നു. ''ഇനി അനങ്ങിയാൽ ഇതാവും ശിക്ഷ..'' പിന്നെ അവൾ കുറച്ചു അടങ്ങി. എന്നാലും ഇടയ്ക്കു പിടി വിടുവിക്കാൻ നോക്കി. ''നമ്മൾ ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന് ഓർക്കുന്നുണ്ടോ നീ...'' ഞാൻ ചോദിച്ചു. ''എനിക്ക് അംനേഷ്യ ഒന്നുമില്ല. ബസ് സ്റ്റോപ്പിൽ വച്ച്.'' ഫാദി പറഞ്ഞു. ''അല്ല, അന്ന് മാളിൽ വച്ചാണ് ഞാൻ നിന്നെ ആദ്യം ആയി കണ്ടത്. പുറത്തേക്കു ഇറങ്ങുമ്പോ നീ അതിന്റെ പുറത്തിരുന്നു ഭിക്ഷ ചോദിച്ച ഒരു ചെറിയ കുട്ടിക്ക് ഭക്ഷണം കൊടുത്തത് ഓർമ്മ ഉണ്ടോ.'' ഞാൻ ചോദിച്ചപ്പോ അവൾ ഓർത്തു എന്നിട്ടു ആ എന്ന് പറഞ്ഞു. ''അപ്പോളാ ഞാൻ നിന്നെ ആദ്യമായി കണ്ടത്. പക്ഷെ ഉമ്മ വിളിച്ചോണ്ട് എനിക്ക് വേഗം പോവേണ്ടി വന്നു. അവിടെ പോയപ്പോളും നീ ആണ് അവരെ സഹായിച്ചത് എന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. അപ്പൊ കേറി കൂടിയതാ നീ എന്റെ നെഞ്ചിൽ.''

ഞാനതു പറയുമ്പോ അത് വരെ പിടച്ചിരുന്ന ആൾ അടങ്ങി നിന്നിട്ടുണ്ട്. ''നിന്റെ മുഖം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഓരോ സ്ഥലത്തു പോവുമ്പോളും ഞാൻ നിന്നെ തിരഞ്ഞു. പക്ഷെ കാണാൻ പറ്റിയില്ല. പിന്നെ എല്ലാരുടേം കൂടെ ഞാൻ തിരിച്ചു പോയി. ഫേസ്ബുക്കിലൊക്കെ ഞാൻ നിന്നെ തിരഞ്ഞു നോക്കി. പക്ഷെ പേരറിയാത്ത കൊണ്ട് ഒന്നും നടന്നില്ല. എനിക്കാകെ വട്ടാവുന്ന പോലെ തോന്നി. ആരോടും പറയാനും വയ്യ. നിന്നെ ഒരിക്കലും ഇനി കാണലുണ്ടാവില്ല എന്ന് പോലും ഞാൻ കരുതി.'' അത് പറഞ്ഞപ്പോ ഞാൻ അവളെ ഒന്നൂടി മുറുകെ പിടിച്ചു. അവളും എന്റെ കയ്യിൽ അമർത്തിയ പോലെ എനിക്ക് തോന്നി. ''സത്യം പറഞ്ഞാൽ എല്ലാ പ്രതീക്ഷയും പോയി. ഉമ്മ നിർബന്ധിച്ചപ്പോളാ അന്ന് പെണ്ണ് കാണാൻ ഇറങ്ങിയേ. വേണ്ട എന്ന് പറയാൻ വേണ്ടി തന്നെയാ പോയത്. പക്ഷെ അത് പടച്ചോൻ ആയി ചെയ്തതാണെന്ന് അവിടെ നിന്നെ കണ്ടപ്പോളാ മനസ്സിലായത്. നിന്നെ കണ്ടപ്പോ സത്യം പറഞ്ഞാൽ ഞാൻ ആകെ ഞെട്ടിപ്പോയി. എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. നിന്റെ സംസാരം കേട്ടപ്പോ ഞാൻ എന്തേലും പറഞ്ഞാൽ നീ എന്നെ പഞ്ഞിക്കിടും എന്ന് എനിക്ക് തോന്നി. പിന്നെ ഉപ്പാനോട് സംസാരികുകേം ചെയ്ത കേട്ടപ്പോ മൊത്തത്തിൽ എന്റെ കിളി പോയി.

അത് കൊണ്ടാ ഒന്നും പറയാതിരുന്നേ.. പിന്നെ മെല്ലെ നിന്റെ പിന്നാലെ വന്നു. ഉപ്പാന്റെ നമ്പറിൽ നീ വിളിക്കാൻ പറഞ്ഞപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൊണ്ടാ ഞാൻ വേഗം തിരിച്ചു പോയെ.'' അവൾ എല്ലാം കേട്ട് മിണ്ടാതെ നിന്നു. ''പിന്നെന്താ വിളിക്കാനേ..'' അവൾ മെല്ലെ ചോദിച്ചു. ആ ചോദ്യത്തിൽ പരിഭവം ഉണ്ടായിരുന്നു. ''ഞാൻ വിളിച്ചിരുന്നു, ഒരുപാട് പ്രാവശ്യം. പക്ഷെ സ്വിച് ഓഫ് ആയിരുന്നു. അന്ന് രാത്രി ജോലിയുടെയും വിസന്റെയും ആവശ്യത്തിനായി ഞാൻ തിരിച്ചു ദുബായിലേക്ക് പോയി. അവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. നിന്റെ കോളേജ് അറിയുന്നത് കൊണ്ട് എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാ ഞാൻ തിരിച്ചു വന്നത്. അതിനിടക്ക് റാഷിക്കു വേണ്ടി നിന്നെ ആലോചിച്ചതൊന്നും ഞാൻ അറിഞ്ഞില്ല. നിന്നെ പറ്റി റാഷിയോടു പറഞ്ഞു അന്വേഷിപ്പിക്കാൻ ആലോചിച്ചു നിക്കുമ്പോളാ അന്ന് ഉമ്മയും എല്ലാരും നിന്റെ വീട്ടിലേക്കു പോയ കാര്യം റാഷി പറഞ്ഞത്. പിന്നെ എല്ലാം നീ നേരത്തെ കേട്ടല്ലോ..'' ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ അവളെ വിട്ടു. ''അവിടെ പോയപ്പോ എന്നെ അന്വേഷിക്കാതിരുന്നത് എന്താ.'' അവൾ സങ്കടത്തോടെ ചോദിച്ചു. ''ആര് പറഞ്ഞു അന്വേഷിച്ചില്ല എന്ന്. ഞാൻ എന്റെ ഒരു ഫ്രണ്ടിനെ ഏൽപ്പിച്ചിരുന്നു.

പക്ഷെ നിനക്ക് വെക്കേഷൻ ആയോണ്ട് അവനും ഒന്നും ചെയ്യാൻ പറ്റിയില്ല.'' ഞാൻ പറഞ്ഞു. അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി. ''കോളേജിൽ വന്നു ആദ്യ ദിവസം നിന്റെ ആ അത്ഭുദത്തോടെ ഉള്ള നോട്ടം കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വന്നത്. നിന്റെ ഓരോ കുറുമ്പും കുസൃതിയും ഞാൻ ആസ്വദിക്കുകയായിരുന്നു. എന്നും പറഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു. ''നീ ലാബിൽ വച്ച് മുരടൻ എന്ന് വിളിച്ചതും കളിയാക്കിയതും ഒക്കെ ഞാൻ കേട്ടിരുന്നു.അന്ന് ലീന മാമിനോട് സംസാരിച്ചപ്പോ നിന്റെ അസ്സൂയ ഒക്കെ കണ്ടു ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.'' ഞാൻ പറഞ്ഞതും അവളെന്നെ മുഖം കൂർപ്പിച്ചു നോക്കി, എന്നിട്ടു എന്റെ കയ്യിൽ നുള്ളി. ''നീ വീണപ്പോ ഓടി വന്നു എണീപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷെ റാഷി എന്നെ പിടിച്ചു വച്ചു. ആ സങ്കടം ഞാൻ അവന്റെ കാലിൽ ആണ് തീർത്തത്.'' ഞാൻ പറഞ്ഞു. ''ഓ അപ്പൊ അതാണ് അന്ന് റാഷി സാറിന്റെ മുഖത്ത് ആ വേദന കണ്ടത്.'' എന്നും പറഞ്ഞു അവൾ ചിരിച്ചു. ഇപ്പൊ എന്നെ പറ്റിച്ചേർന്നു ഇരിപ്പുണ്ട്. ''എന്തൊക്കെ ആയിരുന്നു എൻഗേജ്മെന്റ് നിശ്ചയം..'' ''എൻഗേജ്മെന്റും നിശ്ചയവുമൊക്കെ നടന്നു എന്ന് പറഞ്ഞത് ശരി ആയിരുന്നു, പക്ഷെ പെണ്ണില്ലാന്നു മാത്രം.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.

''അപ്പൊ എന്തിനാ അന്ന് എന്നോട് ദേഷ്യപ്പെട്ടേ, സത്യം പറഞ്ഞാൽ എനിക്ക് അവിടുന്ന് ചാടി ചാവാനാ തോന്നിയത്.'' അവളതു പറഞ്ഞതും ഞാൻ അവളുടെ വാ പൊത്തി. ''അതിനു ഞാൻ സമ്മതിക്കോ അതോണ്ടല്ലേ നീ ക്ലാസ്സിൽ നിന്നും ഇറങ്ങിയതും റാഷിയോടു നിന്നെ വന്നു നോക്കാൻ മെസ്സേജ് അയച്ചേ.'' ഞാൻ പറഞ്ഞതും അവൾ ചിരിച്ചോണ്ട് എന്നെ നോക്കി. ''അതാണ് അപ്പൊ റാഷി സാർ അങ്ങോട്ട് വന്നു എന്നെ സമാധാനിപ്പിച്ചത്. അപ്പൊ ഞാൻ പോവുന്നിടത്തെല്ലാം അറിഞ്ഞോണ്ട് എത്തിയതാണോ???'' അവൾ അത്ഭുതത്തോടെ ചോദിച്ചു. ''നീ റോഡ് ക്രോസ്സ് ചെയ്യാൻ അറിയില്ല എന്ന് ഉമ്മാനോട് പറഞ്ഞത് ഞാൻ കേട്ടിരുന്നു. അതാ ബൈക്ക് അവിടെ വച്ചു ബസ്സിൽ കേറിയത്. റാഷിയോടു എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞിരുന്നു. ഞാൻ ഒന്ന് ബസ്സിൽ നിന്നും ഇറങ്ങാൻ ലേറ്റ് ആയതും നീ അവന്റെ കാറിന്റെ മുമ്പിലേക്ക് ചാടി.

സത്യം പറഞ്ഞ നിന്റെ ബോധം പോയ കണ്ടപ്പോ എന്റെ ഹൃദയം നിലച്ച പോലെ തോന്നിപ്പോയി.'' ഞാൻ അവളെ തോളിലേക്ക് ചാഞ്ഞു. ''ക്യാപിറ്റൽ മാളിൽ നിങ്ങൾ പോയ കാര്യം നിന്റെ ഷഫീക്കാറ്റ യാണ് പറഞ്ഞത്. പക്ഷെ ജെദ്ദൂനെ അവിടെ വച്ചു കാണുമെന്നു ഞാൻ സ്വപ്നം പോലും കണ്ടതല്ല. ഏതായാലും എല്ലാം നല്ല രീതിയിൽ കഴിഞ്ഞില്ലേ അങ്ങനെ സമാധാനിക്കു.'' എന്നും പറഞ്ഞു ഞാൻ അവളെ ഒന്നൂടി എന്നിലേക്കടുപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. പെണ്ണ് നാണം കൊണ്ട് മുഖം താഴ്ത്തി. ഇപ്പൊ ആ മുഖത്തൊരു ചിരി ഉണ്ട്. ''ഇനി എനിക്ക് നിന്നെ കേട്ടാലോ... അല്ലെ.. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ..'' ഞാൻ ചോദിച്ചു. അവൾ മറുപടി പറയുന്നതിന് മുന്നേ ഹോൺ അടിച്ചു കൊണ്ട് ഒരു കാര് വീടിന്റെ മുന്നിലേക്ക് വന്നു നിന്നു. ഞങ്ങൾ എണീറ്റു ജനലിലൂടെ ആരാണെന്നു നോക്കി.. ''ജാസിം...'' ഫാദി എന്നെ നോക്കി പേടിയോടെ പറഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story