ഒരു ചില്ലറ പ്രേമം: ഭാഗം 2

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

 "മോളെ വല്ലതും പറ്റിയോ???" എന്നുള്ള ചോദ്യവും കൂട്ടച്ചിരിയും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയെ. ഞാനിപ്പോളും ബസ്സിൽ തന്നെ ബ്രേക്ക് അടിച്ചപ്പോ മുന്നോട്ടു പോയി കമ്പിയിൽ തട്ടി നിന്നതാണ്. അത് കണ്ടു എല്ലാരും ചിരിച്ചു. നേരത്തെ പൈസ ചോദിച്ച ചേച്ചിയാണ് ഇപ്പൊ എന്നോട് വല്ലോം പറ്റിയൊന്നു ചോദിച്ചേ. "ഇല്ല ചേച്ചീ, ഒന്നും പറ്റിയില്ല." ഞാൻ ഒരു പുളിച്ച ചിരി പാസ്സാക്കി. "എന്നാലും മോളെ സമ്മതിക്കണം നിന്ന്കൊണ്ടൊക്കെ ആർക്കേലും ഉറങ്ങാൻ പറ്റോ അതും അഞ്ചു മിനിട്ടു കൊണ്ട്." ആ ചേച്ചി മൂക്കത്തു വിരൽ വച്ച് ചോദിച്ചു. "അതേച്ചീ പരീക്ഷ ആയോണ്ട് ഉറങ്ങാൻ പററിയില്ല, അതാ.." ഞാൻ എങ്ങനേലും പറഞ്ഞൊപ്പിച്ചു. അപ്പൊ കണ്ടതൊക്കെ സ്വപ്നമാരുന്നോ.. എല്ലാരുടേം മുന്നിൽ നാണം കെട്ടില്ല അല്ലെ, രക്ഷപ്പെട്ടു. "എന്നാലും എന്റെ ഫാദീ ഇങ്ങനെയൊക്കെ ആരേലും ഉറങ്ങോ??" ഞാനെന്നോടു തന്നെ ചോദിച്ചു. എനിക്ക് ചിരി വന്നു. പെട്ടെന്നാണ് ടിക്കറ്റ് എന്ന ശബ്ദം പിറകിൽ നിന്നും കേട്ടത്. ഇല്ല മോളെ രക്ഷപ്പെട്ടിട്ടില്ല. ടിക്കറ്റ് എന്ന കടമ്പ ഇതുവരെ ചാടി കടന്നിട്ടില്ല.

ഞാൻ മുഖത്ത് കുറച്ചു സങ്കടവും കണ്ണിൽ കുറച്ചു ദയനീയതയുമൊക്കെ വരുത്തി തിരിഞ്ഞു. ഒരു പത്തുനാപ്പതു വയസ്സുള്ള ആൾ. സെന്റിമെൻസിൽ കേറി പിടിക്കാം, അച്ഛാന്നു വിളിച്ചാലോ. വേണ്ട ഓവറായി പോവും. അയാളുടെ ഭാര്യയോ മക്കളോ എങ്ങാനുബസ്സിലുണ്ടെങ്കിൽ എന്നെ എടുത്ത് പഞ്ഞിക്കിടും... രണ്ടും കൽപ്പിച്ചു ശബ്ദത്തിൽ ഇച്ചിരി ദൈന്യത വരുത്തി ഞാൻ സംസാരിക്കാൻ തുടങ്ങി. "അതേ ചേട്ടാ ഈ പണം എന്ന് പറയുന്നത് ഇന്ന് വരും നാളെ പോവും. മരിക്കുമ്പോ ഈ പൈസയൊന്നും ആർക്കും കൊണ്ട് പോവാൻ പറ്റില്ലല്ലോ,അല്ലേ" കണ്ടക്ടർ ചേട്ടൻ വായും പൊളിച്ചു എന്നെ നോക്കി നിന്നു. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു എന്റെ പ്രവചനം തുടർന്നു. "ഒരിക്കലും പണത്തിന് വേണ്ടി മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കുത്. പണം കൊണ്ട് നമുക്ക് ഒരിക്കലും സ്നേഹവും സമാധാനവുമൊന്നും വാങ്ങാൻ പറ്റില്ല." "എന്റെ പൊന്നു മോളെ നിനക്കെന്താ വേണ്ടത്. നീ പറയുന്ന കേട്ടിട്ടു പണ്ട് മലയാളം ക്ലാസ്സിൽ പ്രബന്ധം എഴുതാൻ പറഞ്ഞതാ ഓർമ്മ വരുന്നേ. എനിക്ക് തല വേദനിക്കുന്നു."

ഞാൻ പറയുന്നതിനിടയിൽ കേറി കണ്ടക്ടർ ചേട്ടൻ ചോദിച്ചു. "അതെ ചേട്ടാ എന്റെ കയ്യിലിപ്പോ അഞ്ചു രൂപയെ ഉള്ളൂ ബാക്കി അഞ്ചു രൂപ നാളെ തരാം. ബഹളം വച്ച് നാറ്റിക്കരുത് പ്ലീസ്.. മോളെ പോലെ കണ്ട് ടിക്കറ്റ് തരണം.." എന്റെ സംസാരം കേട്ട് ആ ചേട്ടൻ വായും പൊളിച്ചു നിന്നു. "ഇതിനാണോ ഇത്രേം നിന്ന് പ്രസംഗിച്ചേ, എന്റെ കൊച്ചേ നിന്റെ ടിക്കറ്റ് എടുത്തല്ലോ..." ആ ചേട്ടൻ പറഞ്ഞ കേട്ടപ്പോ ഞാൻ ഷോക്ക് അടിച്ച പോലെ നിന്നു. "ആര്, എപ്പോ?" ഞാൻ ചോദിച്ചു. "ദേ ആ ചെക്കനാ എടുത്തേ.." നോക്കുമ്പോ ദേ ഇരിക്കുന്നു നമ്മളെ മൊഞ്ചൻ പിന്നിലെ സീറ്റിൽ. "എന്നാ പിന്നെ ഇത് ആദ്യമേ പറഞ്ഞൂടായിരുന്നോ എന്റെ ചേട്ടാ, വെറുതെ എന്റെ തൊണ്ടേലെ വെള്ളം വറ്റി." ഞാൻ പറഞ്ഞ കേട്ട് കണ്ടക്ടർ ചേട്ടൻ ഇതെവിടുന്നു വന്നെടെ എന്നും പറഞ്ഞു എന്റെ അടുത്ത് നിന്ന കുട്ടിക്ക് ടിക്കറ്റും കൊടുത്തു പോയി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോ നമ്മടെ മൊഞ്ജന്റെ അടുത്തുള്ള ആൾ എണീറ്റ് സ്റ്റോപ്പിൽ ഇറങ്ങി, ഞാൻ വേഗം അവിടെ പോയി ഇരുന്നു. "അതെ മാഷേ എന്റെ ടിക്കറ്റ് എന്തിനാ എടുത്തേ???" മൊഞ്ചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ടു ചോദിച്ചു "പാതി പൈസക്ക് ടിക്കറ്റ് തരാൻ ഈ ബസ് തന്റെ തറവാട്ടു വക ഒന്നും അല്ലല്ലോ, അല്ലേ.. "അവൻ ചോദിച്ചപ്പോ ദേഷ്യം തോന്നിയെങ്കിലും അത്ഭുതവും തോന്നി. "എന്റെ കയ്യിൽ അഞ്ചു രൂപയെ ഉള്ളുവെന്ന് മാഷ്ക്കെങ്ങനെ മനസ്സിലായി??" എനിക്ക് ആകാംഷ തോന്നി. ആൾക്ക് സംസാരിക്കാൻ അത്ര താത്പര്യമില്ലെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഞാനാരാ മോൾ വിടുമോ പിന്നേം പിന്നേം ചോദിച്ചു ചൊറ ആക്കിയപ്പോ അവൻ സംസാരിക്കാൻ തുടങ്ങി. "അവിടെ തനിയെ നിന്ന് സംസാരിക്കുന്ന കേട്ടു ആതിരക്കു 100 രൂപ കടം കൊടുത്തതും ആദ്യമായി ലൈൻ ബസ്സിൽ കേറാൻ പോവുന്നതുമൊക്കെ. ഒറ്റയ്ക്ക് വിട്ടാൽ ചിലപ്പോ എക്‌സാമിന്‌ പകരം വല്ല കോഴിക്കോടും എത്തുമെന്ന് തോന്നി, അതാ പിന്നാലെ വന്നേ.

പിന്നെ ഞാൻ ഇന്ന് ഇറങ്ങിയ കാര്യം നടക്കില്ലെന്നും മനസ്സിലായി." ഇതൊക്കെ കേട്ട് ഞാൻ അവനേം നോക്കി ഇരുന്നു. എന്ത് മൊഞ്ജാ കാണാൻ. ഇടയ്ക്കിടയ്ക്ക് മുടി സൈഡിലേക്ക് കൈ കൊണ്ട് ഒതുക്കുമ്പോൾ രണ്ടു കണ്ണും അടക്കും. ശോ അത് കാണുമ്പോൾ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അതിലും ഭംഗി ആ കട്ടത്താടിയും കലിപ്പ് ലുക്കുമാണ്. എന്റെ ഹൃദയം പടാപടാന്നു ഇടിക്കാൻ തുടങ്ങി. ഇവൻ നമ്മളെയൊക്കെ നോക്കുമോ?? ഫാദീ അതിനു നീയെന്താ മോശമാണോ. നല്ല മൊഞ്ചത്തി അല്ലെ. എന്റെ നോട്ടം കണ്ടിട്ടാവണം അവൻ എന്റെ മുഖത്തിന് നേരെ കൈ കൊണ്ട് വന്ന് വിരൽ ഞൊടിച്ചു. ഞാൻ ഒന്ന് ഞെട്ടി. വേഗം നോട്ടം മാറ്റി. എന്റെ പൊന്നു ഫാദി നാണം കെടുത്തല്ലേ, കണ്ട്രോൾ. "പക്ഷെ ഞാനതൊക്കെ മെല്ലെയാണല്ലോ പറഞ്ഞോ. പിന്നെങ്ങനെ കേട്ടു??" ഞാൻ ചോദിച്ച കേട്ട് അവൻ ചിരിച്ചു. "ശരിയാ, പക്ഷെ തന്റെ തൊണ്ടയിൽ ഡിട്ടിഎസ് കണക്ഷൻ ഉള്ളത് താനിതുവരെ അറിഞ്ഞില്ലേ..." അത് കേട്ട് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു എന്നിട്ടു തൊണ്ട ശരിയാക്കി.

അല്ല മാഷെങ്ങോട്ടോ പോവാൻ നിക്കാരുന്നില്ലേ, വല്ല കല്യാണത്തിനും ആണോ??? വേഷം കണ്ടോണ്ടു ചോദിച്ചതാ." ഞാൻ ചിരിച്ചോണ്ട് ചോദിച്ചു. അവൻ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു. പിന്നെ എന്റെ നോട്ടവും ഇരുത്തവും കണ്ടിട്ടാവണം സംസാരിക്കാൻ തുടങ്ങിയെ. "ഞാൻ ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാ." അവൻ പറഞ്ഞ കേട്ടപ്പോ എന്റെ നെഞ്ചിലെന്തോ ഒരു കൊളുത്തി പിടിക്കൽ.. പടച്ചോനെ ഇവനോട് വല്ല ലവ് അറ്റ് ഫസ്റ്റ് സയിറ്റും ആയോ. ഫാദി ഡോണ്ട് ടൂ ഡോണ്ട് ടൂ... പുല്ല്, രാവിലെ ഭക്ഷണം കഴിക്കാതെ ഇറങ്ങിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. "എന്നിട്ടെന്താ പോവാനേ???" ഞാൻ ചോദിച്ചു. "കൂടെ വരാമെന്നു പറഞ്ഞ ഫ്രണ്ട് പറ്റിച്ചു. അവനേ കാത്താണ് ബസ് സ്റ്റോപ്പിൽ നിന്നേ. തെണ്ടീ, അലാറമടിച്ചില്ല പോലും." അവൻ പറഞ്ഞ കേട്ട് ഞാൻ ചിരിച്ചു. അത് കണ്ടപ്പോ അവനെന്നെ പിന്നേം നോക്കി പേടിപ്പിച്ചു. "അല്ല ഇത്ര രാവിലെയൊക്കെ ആരെങ്കിലും പെണ്ണുകാണാൻ പോവോ??" എനിക്ക് സംശയം തോന്നി. "ആ പെൺകുട്ടി കോളേജിൽ പോവാൻ ബസ് കേറാൻ വരുമ്പോ കണ്ടു സംസാരിക്കാനാ വന്നേ.

എന്റെ ഫ്രണ്ടിന്റെ കസിനാണവൾ. ഏതായാലും നന്നായി എനിക്ക് വല്യ താല്പര്യമൊന്നും ഇല്ലായിരുന്നു." അത് കേട്ടപ്പോ എനിക്കെന്തോ ഒരു സന്തോഷം പോലെ തോന്നി. എന്തിനാണോ എന്തോ, ബെർതെ ഒരു സന്തോഷം. "അതെന്നെ, ഞാൻ ചോദിക്കണമെന്ന് വിചാരിച്ചു മാഷിനെത്ര വയസ്സായി??? എന്തായാലും ഒരു 23. പിന്നെ എന്തിനാ ഇത്ര നേരത്തെ കല്യാണം നോക്കുന്നെ." ഞാൻ ചോദിച്ചു. "ആഹാ ആള് കൊള്ളാല്ലോ മുഖം നോക്കി വയസ്സൊക്കെ പറയാൻ അറിയോ???" അവൻ ചോദിച്ചപ്പോ കോളർ പൊക്കാൻ നോക്കിയപ്പോ അത് ഇല്ലാത്തോണ്ട് ഷോൾഡർ പൊക്കി കാണിച്ചു. വയസ്സ് ഞാൻ കുറച് കുറച്ചു പറഞ്ഞതാ. ഒരു 25 ഒക്കെ തോന്നും. "എന്നാ തെറ്റി. എനിക്ക് 25 ആയി." ആഹാ കറക്റ്റ് ഞാൻ വിചാരിച്ചു. പക്ഷെ എനിക്കത്ഭുതം തോന്നി. "അപ്പൊ ഇത്ര പെട്ടെന്നെന്തിനാ കല്യാണം" ഞാൻ ചോദിച്ചു. "എനിക്ക് അമേരിക്കയിൽ ഒരു വർഷത്തേക്ക് പ്രൊജക്റ്റ് ചെയ്യാൻ സ്കോളർഷിപ് കിട്ടി... ഉമ്മാക്ക് പേടി ഞാൻ പോയാൽ വല്ല മാതാമ്മമാരെയും കൂട്ടീട്ടു വരുമെന്ന്. അത് കൊണ്ട് പോണേനു മുന്നേ എന്നെ കെട്ടിച്ചു വിടാനാ പ്ലാൻ.

"ആഹാ ഉമ്മാക്ക് ബുദ്ധിയുണ്ട്" അത് കേട്ടപ്പോ ഞാൻ പറഞ്ഞു. അവനെന്നെ ഒന്നിരുത്തി നോക്കി. ഞാനൊന്നു ചിരിച്ചു കാണിച്ചു. എന്നിട്ടു " എന്റെ സ്റ്റോപ്പ് എത്തി എന്നും പറഞ്ഞു എണീറ്റു പുറത്തേക്കിറങ്ങി. അവനും പിന്നാലെ ഇറങ്ങി. പടച്ചോനെ ഇനി 15 മിനിട്ടു കൂടിയേ ഉള്ളൂ. നടന്നാൽ ഒരു മുക്കാൽ മണിക്കൂറെങ്കിലും ആവും. ഫാദീ നീ പിന്നേം പെട്ടു. അപ്പോഴാണ് പിന്നിൽ നിന്നും നമ്മളെ മൊഞ്ചൻ വിളിക്കുന്നത് കേട്ടത്. നോക്കുമ്പോ ആളൊരു ഓട്ടോ പിടിച്ചു അതിൽ ഇരിക്കുന്നു. "ഫാദീ വേഗം വന്നു കേറ്." ഞാൻ വേഗം പോയി കേറി. "അതെ എന്റെ പേരെങ്ങനെ അറിയാം???" അപ്പൊ അവനൊന്നു ചിരിച്ചു. "ഓ ഡിട്ടിഎസ് അല്ലെ." ഞാൻ എന്നോട് തന്നെ പറഞ്ഞു. "ഇത്രേം ആയ സ്ഥിതിക്ക് നമുക്കൊന്ന് പരിചയപ്പെട്ടാലോ, ഞാൻ 'ഫദീഹ മെഹെജബീൻ'. വീട്ടിലെല്ലാരും ഫാദീ എന്ന് വിളിക്കും. കോളേജിൽ എല്ലാരും ജബീ എന്നും ഫാദീ എന്നുമൊക്കെ വിളിക്കും. ടീച്ചർമാർ വിളിക്കുന്നത് പുറത്തു പറയാൻ കൊള്ളില്ല. വീട്ടിൽ ഉപ്പ ഉമ്മ ഞാൻ. ഇപ്പൊ എംസിഎ ഫസ്റ്റ് ഇയർ പഠിക്കുന്നു.

ഇന്ന് ഫസ്റ്റ് സെമസ്റ്റർ എക്സാമിന്റെ ലാസ്‌റ് പ്രാക്ടിക്കൽ എക്സാം ആണ്." അവനെന്റെ മുഖത്തേക്കന്നെ നോക്കി ഇരിപ്പുണ്ട്. പിന്നെ മൊത്തം നോക്കാൻ തുടങ്ങി. "എന്താ നോക്കുന്നേ??" ഞാൻ ചോദിച്ചു."ഇത് ഓഫ് ആക്കാനുള്ള സ്വിച് നോക്കുവാരുന്നു." "എന്ത്??" ഞാൻ ചോദിച്ചു. "ഈ സംസാരം.. ഇതെങ്ങിനെ സാധിക്കുന്നു. മടുക്കുന്നില്ലേ തനിക്കു. ഇതെങ്ങനെയാ ഓഫ്ആക്കാ" അവൻ ചോദിച്ചു. "അത് ഞാൻ ഓഫ് ആവുമ്പോൾ മാത്രേ നിക്കുള്ളൂ..." ഞാൻ പറഞ്ഞു നിർത്തുമ്പോളേക്കും ഓട്ടോ കോളേജ് ഗേറ്റിന്റെ മുമ്പിൽ എത്തിയിരുന്നു. "അതെ മാഷേ ബസ്സിലെ പത്തും ഈ ഇരുപതും ടോട്ടൽ മുപ്പത്, തിരിച്ചു തരാട്ടോ." ഞാൻ കോളേജിലേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു. "എപ്പോ തരും?" അവൻ ചോദിച്ചു. "ഫോണിൽ ഉപ്പാന്റെ നമ്പർ ഇല്ലേ അതിൽ വിളിച്ചു ഇതും കൂട്ടി സ്ത്രീധനമായി തരാൻ പറഞ്ഞോ.

വെറുതെ ഇനീം ഫ്രണ്ടിനെ കാത്തു നിന്ന് സമയം കളയണ്ടല്ലോ." ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി പറഞ്ഞു. "അതിലും ഭേദം മുപ്പത് രൂപ കളഞ്ഞു പോയി എന്ന് വിചാരിച്ചു ഒരു റേഡിയോ വാങ്ങുന്നതല്ലേ, അതാവുമ്പോ എനിക്ക് വേണ്ടപ്പോ ഓഫ് ചെയ്യാല്ലോ." അവൻ ചിരിച്ചോണ്ട് വിളിച്ചു പറഞ്ഞു. "അല്ല മാഷിന്റെ പേര് പറഞ്ഞില്ലല്ലോ???" ഞാൻ ചോദിച്ചു. "എനിക്ക് തന്റെ ഉപ്പാനെ വിളിക്കാൻ തോന്നുവാണെങ്കിൽ അപ്പൊ പറഞ്ഞു തരാം. ഇപ്പൊ പോയി പരീക്ഷ നന്നായി എഴുത്. ഓൾ ദി ബെസ്ററ് " എന്നും പറഞ്ഞു അവൻ ഓട്ടോയിലേക്കു കേറി പോയി. ഓട്ടോ പോവുന്നതും നോക്കി ഞാനവിടെ നിന്നു. പിന്നെ തിരിഞ്ഞു ഒരു പുഞ്ചിരിയോടെ കോളേജിലേക്കു നടന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story