ഒരു ചില്ലറ പ്രേമം: ഭാഗം 3

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

"ആഹ് നീ വന്നോ ഞങ്ങളാകെ പേടിച്ചിരിക്കുവായിരുന്നു.'' ഒരു മൂളിപ്പാട്ടും പാടി ലാബിന്റെ അടുത്തേക്ക് എത്തിയ എന്റെ നേരെ വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് ഫിദ പറഞ്ഞു. ''വന്നില്ലെങ്കി ഞങ്ങൾ പെട്ട് പോയേനെ മോളെ.'' ''അതെന്താടീ??? ഇന്ന് പ്രാക്ടിക്കൽസ് അല്ലെ, കോപ്പി അടിക്കാനുള്ള സ്‌കോപ്പോന്നും ഇല്ലല്ലോ..'' ഞാൻ സംശയത്തോടെ ചോദിച്ചു. ''കോപ്പ്.. കോപ്പി അടിക്കാൻ അല്ലെടീ നിന്റെ ഈ സുന്ദരമോന്ത ഇവിടുണ്ടായാൽ അയാള് ഞങ്ങളെയൊന്നും ഇടങ്ങേറാക്കാൻ വരില്ലല്ലോ.'' ഒരു കള്ളച്ചിരിയോടെ ദിയ പറഞ്ഞപ്പോ എന്റെ ഉള്ളൊന്നു കാളി. ''പടച്ചോനെ ഇന്ന് ആരാ എക്സാം സൂപ്പർവൈസർ???'' ഞാൻ ഞെട്ടലോടെ ചോദിച്ചു കൊണ്ട് അകത്തേക്ക് നോക്കി. അവിടെ എക്സ്റ്റർണൽ ആയി വന്ന ആളോട് സംസാരിച്ചു പേപ്പേഴ്സ് സെറ്റ് ചെയ്യുന്ന റാഷിക് സാറിനെ കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി. ആൾക്ക് കണ്ടപ്പോ തൊട്ടേ എന്നോട് മൊഹബ്ബത്താണ്. പക്ഷെ എനിക്കങ്ങേരോടു ഒരിക്കലും അങ്ങനെ ഒരു വികാരവും തോന്നീട്ടില്ല. സാർ ഭയങ്കര സ്ട്രിക്‌ട് ആണ്.

പക്ഷെ ഞാൻ ഉണ്ടെങ്കിൽ എന്നെയും നോക്കി ഇരുന്നോളും എന്നാണു എല്ലാരും പറയാറ്. ''ഏതായാലും ഇവൾ എത്തിയോണ്ട് നമ്മളുടെ എക്സാം അടിപൊളി ആയി എഴുതാം. നമ്മള് പരസ്പരം സംസാരിച്ചാലും ഇനി ബുക്ക് നോക്കി പ്രോഗ്രാം ചെയ്‌താൽ പോലും സാർ കാണില്ല. അങ്ങേരിവൾടെ മുഖത്തൂന്നു കണ്ണെടുത്തിട്ടു വേണ്ടേ നമ്മളെ നോക്കാൻ..'' ഷാനി ചിരിച്ചോണ്ട് പറഞ്ഞു. ഞാനവളെ തറപ്പിച്ചൊന്നു നോക്കി. സത്യത്തിൽ അവൾ പറഞ്ഞത് ശരി ആണ്. അയാളുടെ പെരുമാറ്റം അങ്ങനെ ആണ്. ക്ലാസ് എടുക്കുമ്പോളും സ്റ്റാഫ് റൂമിൽ പോവുമ്പോളും ഒക്കെ അയാളുടെ നോട്ടം എന്റെ മേൽ ആയിരിക്കും. അത് കൊണ്ട് ഇപ്പൊ സ്റ്റാഫ് റൂം കണ്ടിട്ട് തന്നെ മാസങ്ങൾ ആയി. ക്ലാസ്സിൽ പിന്നെ തല പൊന്തിച്ചു അയാളെ നോക്കാറേ ഇല്ല. ''എന്നാലും നിനക്ക് എന്താടീ... അയാളെ പോലെ നല്ല ചുള്ളൻ ചെക്കൻ അതും എം സി എ കഴിഞ്ഞ സല്ഗുണ സമ്പന്നൻ. എന്റെ പിന്നാലെ എങ്ങാനും വന്നിരുന്നെങ്കിൽ ഈ മുടിഞ്ഞ പഠിപ്പും നിർത്തി ഞാൻ വീട്ടിൽ ഇരുന്നേനെ.''

പാത്തു കൂടി വന്നപ്പോ പൂർത്തിയായി. അവൾക്കല്ലെങ്കിലേ സാറിനെ ഒരു നോട്ടമുണ്ട്. ഈ തെണ്ടികളെ ആണല്ലോ പടച്ചോനെ നീ ഞമ്മക്ക് ചങ്ങായിമാരായി തന്നത്. പക്ഷെ ഫാദീ അവര് പറയുന്നതും ശരിയല്ലേ. പത്തിരുപത്താറു വയസുള്ള നല്ല മൊഞ്ചൻ ചെക്കൻ. വെളുത്തു നല്ല ആറടി ഉയരം, നല്ല പഠിപ്പും ജോലിയും. പക്ഷെ എന്താന്നറീല്ല ഞമ്മക്ക് അങ്ങേരോട് അങ്ങനെ ഒന്നും തോന്നീട്ടില്ല. ഇനി തോന്നുകയും ഇല്ല, കാരണം അവിടെ ഇപ്പൊ നമ്മളെ മൊഞ്ചൻ താടിക്കാരൻ ഉണ്ടല്ലോ. അവനെ പറ്റി ഓർത്തപ്പോ തന്നെ ഒരു പുഞ്ചിരി വന്നു എന്റെ ചുണ്ടിൽ. അത് കണ്ടപ്പോ ഷാനി വന്ന് എന്റെ തോളിൽ വന്ന് പിടിച്ചോണ്ട് ചോദിച്ചു ''എടീ നിനക്കും സാറിനോട് ഇഷ്ട്ടം തുടങ്ങിയോ???'' ''പോടീ അവിടുന്ന് അയാളെപ്പറ്റി ആര് ഓർക്കാനാ.. ഇത് വേറെ...'' ഞാൻ പറയുന്ന കേട്ടതും എല്ലാം വന്ന് എന്നെ ചുറ്റി, ഈ ചക്ക കണ്ടാൽ ഈച്ച പൊതിയില്ലേ ഏതാണ്ട് അതുപോലൊക്കെ.. ''പറ പറ.. ആരാ...'' പാത്തു ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു. ''ടീ പറയെടീ.. ഇപ്പൊ പരീക്ഷ തുടങ്ങാൻ ബെൽ അടിക്കും.'' എന്നും പറഞ്ഞു ദിയ എന്നെ പിടിച്ചു കുലുക്കി. ''ശെരി ശെരി.. പറയാം..'' ഞാൻ രാവിലെ നടന്നതൊക്കെ അവരോടു പറഞ്ഞു.

ഏതോ സിനിമ കാണുന്ന പോലെ നാലും കണ്ണും തള്ളി ഞാൻ പറയുന്നതും കേട്ട് നിന്നു. ''ഓഹോ അപ്പൊ മോൾ ഇന്നൊരു സാഹസിക യാത്ര നടത്തീട്ടാണല്ലേ വന്നത്. ഞങ്ങൾ വിചാരിച്ചു നിന്നെ ബസ്സിൽ കാണാത്തൊണ്ടു ഉപ്പാന്റെ കൂടെയാവും വന്നതെന്ന്.'' ഫിദ പറഞ്ഞു. രാവിലെ നേരത്തെ എണീക്കുന്നതു കൊണ്ട് മിക്കവാറും ബസ് മിസ് ആയി ഉപ്പയാണ് കൊണ്ട് വിടാറ്. ''ടീ ആളെങ്ങനെ കാണാൻ, അടിപൊളി ആണോ..'' ദിയക്കു ആകാംഷ അടക്കാൻ പറ്റിയില്ല. ''പിന്നലാണ്ടു. ഒരിക്കെ നോക്കിയാ പിന്നെ കണ്ണെടുക്കാൻ തോന്നില്ല.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. ''ആഹാ നല്ലോണം പിടിച്ച മാതിരി ഉണ്ടല്ലോ മോളെ. അല്ലെങ്കി നിനക്കങ്ങനെ ആരെയും ഇഷ്ടം ആവാറില്ലല്ലോ.'' പാത്തു എന്റെ കൈ പിടിച്ചോണ്ട് ചോദിച്ചു. ഞാൻ തിരിച്ചൊന്നും പറയാതെ അവളെ ചിരിച്ചു കാണിച്ചു. ''അയാള് വിളിക്കോടീ???'' ഷാനി ചോദിച്ചു. അത് കേട്ടപ്പോ എന്റെ ചിരി പോയി. അയാള് വിളിക്കൂലേ പടച്ചോനെ. അപ്പോളേക്കും ബെൽ അടിച്ചു. ഞങ്ങൾ ലാബിലേക്ക് കേറി. ''ടീ ദേ റാഷി സർ നിന്നെ തന്നെയാ നോക്കുന്നെ..''

ഫിദ എന്നോട് മെല്ലെ പറഞ്ഞു. ''മിണ്ടാതെ പോടീ..'' എന്നും പറഞ്ഞു ഞാൻ കംപ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു. റാഷി സർ എന്നേം നോക്കി ഇരുന്നോണ്ടും പുറത്തു നിന്നു വന്ന ടീച്ചർ കുറച്ചു നല്ല സ്വഭാവം ആയോണ്ടും എല്ലാർക്കും വൈവയും എക്സാമുമൊക്കെ നല്ല രീതിയിൽ നടന്നു. എക്സാം കഴിഞ്ഞു പുറത്തിറങ്ങിയതും ഒരോട്ടമായിരുന്നു ബസ്സിലേക്ക്, അല്ലെങ്കി റാഷി സർ എന്തേലും പറഞ്ഞു സംസാരിക്കാൻ വരും. എല്ലാരും എന്റെ പിന്നാലെ വന്നു. ബസിൽ കേറി ടൗണിൽ ഇറങ്ങി നേരെ അലി ബാബയിലേക്കു വച്ച് പിടിച്ചു. പണ്ടത്തെ അലി ബാബയും 40 കള്ളന്മാരുമൊന്നും അല്ല കേട്ടോ, ഇതൊരു റെസ്റ്റോറന്റ് ആണ്. നല്ല അടിപൊളി ബിരിയാണി കിട്ടുന്ന സ്ഥലം. ചെയറിൽ ഇരുന്നു 5 ബിരിയാണിയും ഓർഡർ ചെയ്തു രാവിലത്തെ കാര്യങ്ങൾ ഇങ്ങനെ റീവൈൻഡ് ചെയ്ത് കണ്ടോണ്ടിരിക്കുമ്പോളാണ് സോറി ഓർത്തോണ്ടിരിക്കുമ്പോളാണ് ഫിദയുടെ വക ഒരു കോനിഷ്ട്ടൂ ചോദ്യം വന്നത്. "ടീ കഷ്ടമുണ്ട് കേട്ടോ, പാവം റാഷി സർ എന്ത് നല്ല സ്വഭാവമാ പിന്നെ നിനക്കെന്താടീ..."

''ടീ അതിനു എനിക്കെന്തെലും അയാളോട് തോന്നണ്ടേ?? സാർ നല്ല ആളൊക്കെ തന്നെയാ, എനിക്ക് സാറിനെ ഇഷ്ടവുമാണ്. നിങ്ങക്കറിയാലോ ആദ്യമൊക്കെ ഞാനും സാറും കട്ട ഫ്രണ്ട്സിനെ പോലെ ആയിരുന്നൂന്ന്. പക്ഷെ സാറിന്റെ ഉള്ളിലെഞ്ഞോട് പ്രേമം മൊട്ടിട്ട അന്ന് തൊട്ടു എനിക്കാളെ കാണുമ്പോ തന്നെ എന്തൊപോലെയാ..'' ഞാൻ പറഞ്ഞു. ''എടാ എന്നാലും നിനക്ക് അയാളെ കാണുമ്പോ ഒന്നും തോന്നാറില്ലേ?? ഇങ്ങനെ അടിവയറ്റിൽ മഞ്ജു വീഴുന്ന പോലെയൊക്കെ??'' ഫിദ ചോദിക്കുന്ന കേട്ടപ്പോ അവളുടെ അടിവയറ്റിൽ തന്നെ ഒരു കുത്തു കൊടുത്തു. ''ഞാനും കണ്ടതാടീ ഓം ശാന്തി ഓശാന. അയാളെ കാണുമ്പോൾ അടി വയറ്റിൽ മഞ്ഞല്ല ഗ്യാസ് ആണ് കേറുന്നേ. പിന്നെ ഇന്ന് രാവിലെ ഇച്ചിരി മഞ്ഞു വീണൊന്നൊരു സംശയം ഇല്ലാതില്ല.'' ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു. ''അപ്പൊ ശെരിക്കും കേറി കൊത്തി അല്ലെ..'' എല്ലാരും എന്നെ കളിയാക്കി കൊന്നു.. അപ്പോളേക്കും ബിരിയാണി വന്നു. അതും തട്ടി ഒരു ഐസ്ക്രീമും കുടിച്ചു എല്ലാരോടും വെക്കേഷൻ കഴിഞ്ഞു കാണാമെന്നും പറഞ്ഞു നടന്നു.

പുറത്തു കൂട്ടി കൊണ്ട് പോവാൻ ഉപ്പ വന്നിരുന്നു. ഉപ്പാന്റെ ശകടത്തി കേറി വീട്ടിലേക്കു പോവുന്ന വഴി ഞാൻ വെറുതെ ചോദിച്ചു ''ആരെങ്കിലും വിളിച്ചിനോ ഉപ്പാ???'' ''പിന്നെ ഇന്ന് കുറെ പേര് വിളിച്ചിരുന്നു. അഷ്‌റഫിന്റെ മോനെ ഡിസ്ചാർജ് ചെയ്തതൊന്നും ചോദിച്ചു എല്ലാരും വിളിച്ചത് എന്നെ ആയിരുന്നു.'' ഉപ്പാന്റെ ഫ്രണ്ട് അഷ്റഫ്ക്കാന്റെ മോൻ ജംഷി ബൈക്കിൽ നിന്നും വീണു ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്ന് രാവിലെ ഡിസ്ചാർജ് ആക്കാൻ ഉപ്പയും പോയിരുന്നു. അതോണ്ടാ ഞാൻ വിളിച്ചപ്പോ വരാഞ്ഞേ. ''അതല്ല ഉപ്പാ, വേറെ പ്രത്ത്യേകത തോന്നിയ ആരെങ്കിലും വിളിച്ചോ?? അത്ര പരിചയമില്ലാത്ത ആരെങ്കിലും???'' ഞാൻ വീണ്ടും ചോദിച്ചു. ''ആടി പ്രധാനമന്ത്രി വിളിച്ചിരുന്നു പെട്രോളിന്റെ പൈസ കൂട്ടണോ അതോ ഗ്യാസിന്റെ പൈസ കൂട്ടണോ എന്നറിയാൻ. എന്തെ???'' ഉപ്പ പറഞ്ഞു. ''ഓ ഈ അവിഞ്ഞ കോമഡി കേട്ട് ചിരിക്കാൻ പോയിട്ട് കരയാൻ പോലും പറ്റില്ല ആർക്കും.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. പിന്നെ ഞാനൊന്നും മിണ്ടിയില്ല. വീട്ടിലെത്തിയപാടെ ഉമ്മാക്ക് പരീക്ഷെടെ കാര്യം അറിയണം.

കാരണം തോറ്റാൽ കുടുംബക്കാരുടെ മുന്നിൽ നാണക്കേടാണ് പോലും. ബ്ലഡി റിലേറ്റീവ്സ്... ഉമ്മാനോട് ഗുസ്തി പിടിച്ചു നേരെ റൂമിൽ പോയി കിടന്നുറങ്ങി. എണീറ്റപ്പോ രാത്രി ആയി. മെല്ലെ എണീറ്റ് പോയി ഉപ്പാനോട് വീണ്ടും ഫോൺ വന്നോന്നു ചോദിച്ചതും എന്നെ ഉപ്പയും ഉമ്മയും ഒന്ന് ഇരുത്തി നോക്കി. ആ നോട്ടത്തിൽ ഞാനവരുടെ നടുക്ക് പോയിരുന്ന് രാവിലത്തെ സംഭവങ്ങൾ എല്ലാം പറഞ്ഞു. രണ്ടാളും കൂടി ചിരിച്ചു മറിയുകയാണ്. ''എന്നാലും ആരേലും ബസ്സിൽ നിന്നുറങ്ങുമോ???'' ഉമ്മ ചിരിയോടു ചിരി. ''റേഡിയോ, നല്ല അടിപൊളി പേര്. എന്നാലും ആ ചെക്കൻ ഇത്ര കറക്റ്റ് പേരെങ്ങനെ കണ്ടു പിടിച്ചൂന്നാ..'' ഉപ്പയും ചിരി. എനിക്ക് ദേഷ്യം വന്നു ഞാൻ രണ്ടാളെയും നോക്കി പേടിപ്പിച്ചു കൊണ്ട് ''പിന്നേം ചോദിച്ചു അവൻ വിളിച്ചിനോ ഇല്ലയോ???'' എന്റെ നോട്ടം കണ്ടത് കൊണ്ടാവണം ഉപ്പ ചിരി നിർത്തി. ''ഇല്ല മോളെ ആരും വിളിച്ചില്ല. നീ ഫോൺ എടുത്തിട്ട് വാ. ഞാൻ അങ്ങോട്ട് വിളിച്ചു നോക്കാം.'' ''ശെരിക്കും'' ഞാൻ ചോദിച്ചു. ''ആടാ എടുത്തിട്ട് വാ.. ഞാൻ ഓടി ഫോൺ എടുത്തു വന്നിട്ട് കാൾ ലിസ്റ്റ് പരതാൻ തുടങ്ങി. ഉപ്പച്ചീ ഇതിൽ ഉച്ച മുതലുള്ള നമ്പറുകളെ ഉള്ളൂ..'' ''അയ്യോ മറന്നു, ഇന്ന് രാവിലെ ഹോസ്പിറ്റലിൽ പോയപ്പോ കുറെ കാൾ വന്നു ഫോൺ ഹാങ്ങ് ആയി.

ജംഷിയാണ് നോക്കീട്ടു പറഞ്ഞത് ഫോൺ ഫോർമാറ്റ് ചെയ്താലേ ശരി ആവുന്നു. അവൻ ഫോർമാറ്റ് ചെയ്തു തന്നു.. പിന്നെ ഓൺ ആകിയപ്പോ അതിൽ കാൾ ലിസ്റ്റും മെസ്സേജും ഫോട്ടോസും ഒന്നുമില്ല. ബാക് അപ്പ് എടുത്തപ്പോ ഫോട്ടോസൊക്കെ കിട്ടി, ബാക്കി എല്ലാം പോയി.'' ഉപ്പ ഇളിച്ചോണ്ടു പറഞ്ഞിട്ട് ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി. ഇല്ലെങ്ങി അതൊരു നൂറു കഷണമായി നിലത്തു കിടക്കുമെന്നു ഉപ്പാക്കറിയാം. അല്ലെങ്കിലും ആ ജംഷി എനിക്കെപ്പോഴും പാരയാ. ഞാനും അവനും പ്ലസ് 2 വരെ ഒരുമിച്ചായിരുന്നു. ഓരോ പരീക്ഷക്കും അവനെക്കാൾ മാർക്ക് വാങ്ങാൻ ഞാൻ കുറെ കഷ്ടപ്പെട്ടു പരാജയപ്പെട്ടിട്ടുണ്ട്. ''അവൻ നാളെ വിളിക്കുമായിരിക്കും. ഉമ്മ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.'' ആ പ്രതീക്ഷയിൽ ഞാൻ പോയി കിടന്നു. പിറ്റേന്നും ഞാൻ കാത്തിരുന്നു. അവൻ വിളിച്ചില്ല. ആ സങ്കടത്തിൽ 5 ചപ്പാത്തിയും 3 പീസ് ചിക്കൻ പൊരിച്ചതും കേറ്റി ഞാൻ കിടന്നുറങ്ങി. ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. ജ്യോതീം വന്നില്ല, തീയും വന്നില്ല. സോറി അവനും വന്നില്ല,

അവന്റെ ഫോണും വന്നില്ല. ഓടി വന്നപ്പോ ഒരാന എന്ന് പറഞ്ഞ പോലെ റാഷി സാറിന്റെ ആലോചന വന്നു. ഉപ്പ കുറച്ചു സോപ്പിട്ടു സമ്മതിപ്പിക്കാൻ നോക്കി. രണ്ടു ഗ്ലാസും ഒരു പ്ലേറ്റും ഒരു കപ്പും കൊണ്ട് നിലത്തു പൂക്കളം ഉണ്ടാക്കിയപ്പോ ഉപ്പ നൈസ് ആയിട്ട് ആ ആലോചന ഒഴിവാക്കി തന്നു. കാത്തിരുന്നു കാത്തിരുന്നു ചിക്കൻ പോക്സ് വരെ വന്നു പക്ഷെ അവന്റെ വിളി മാത്രം വന്നില്ല. ആ തെണ്ടി ഏതേലും പെണ്ണിനേം കെട്ടി അമേരിക്കക്കു വിട്ടിട്ടുണ്ടാവുമെന്നു ഉറപ്പായി. അങ്ങനെ സംഭവബഹുലമായ മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം കോളേജ് തുറന്നു. ക്ലാസ്സിപ്പോയി തുടങ്ങിയപ്പോ പതിയെ സങ്കടമൊക്കെ പോയെങ്കിലും അവൻ മാത്രം മനസ്സിന്നു പോയില്ല. എന്നാലും എന്റെ ഫാദീ ഒരു മുപ്പതു രൂപയ്ക്കു ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ. ഞാൻ വീണ്ടും ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിക്കാൻ തുടങ്ങി. റാഷി സാർ പഴയ വായിനോട്ടം തുടർന്നു, എന്നെങ്കിലും ഞാൻ തിരിച്ചു നോക്കിയാലോന്നു വിചാരിച്ചായിരിക്കും. മൂന്നാലു മാസം പോയതറിഞ്ഞില്ല. ദേ വെള്ളിടി വീണ പോലെ ആ വാർത്ത വന്നു...

ഞങ്ങളുടെ എച്ഒഡി മറിയാമ്മ മാഡം റിട്ടയർ ആവുന്നു. ഇനി ഹരികൃഷ്ണൻ സാറാണ് ആ സ്ഥാനത്തു. അടുത്ത തിങ്കളാഴ്ച തൊട്ടു പിന്നൊരു പുതിയ ടീച്ചറും വരുന്നു.. തിങ്കളാഴ്ച ഒരു ക്വിസ് കോമ്പറ്റിഷൻ ഉള്ളോണ്ട് ഞാനും ക്ലാസ്സിലെ പഠിപ്പി സൈറയും അറ്റെൻഡൻസ് കൊടുത്തു യൂണിവേഴ്സിറ്റിയിലേക്കു പോയി. അതോണ്ടെന്നേ പുതിയ ടീച്ചറെ കാണാൻ പറ്റിയില്ല. വൈകിട്ട് വീട്ടിലെത്തി ഫിദയെ വിളിച്ചു. ''ഡാ ഇന്നെന്താ വിശേ....?'' ''ഡാ പുതിയ സാർ അടിപൊളി. പേര് അഷ്‌ഫാഖ് അഹമ്മദ്. നല്ല വെളുത്തു തടിച്ചു ഒരു സുന്ദര കുട്ടപ്പൻ.'' എന്നെ മുഴുവനാക്കാൻ വിടാതെ അവൾ പറഞ്ഞു. ''താടിയുണ്ടോടാ??'' അവനാണോന്നറിയാനായി ചോദിച്ചു.

ഇനി എന്നോടുള്ള പ്രേമം മൂത്തു അമേരിക്കൻ സ്വപ്നം വേണ്ടെന്നു വച്ചു വന്നാലോ.. നമുക്ക് എന്തും സ്വപ്നം കാണാല്ലോ. ''ആട ആഷി സാറിന് ചെറിയ കുറ്റി താടിയുണ്ട്. ആള് സൂപ്പർ ആട. നല്ല സംസാരം, പാവമാ.'' ''അപ്പൊ അവനല്ല.'' ''ആരല്ലാന്നു.'' ''ഒന്നൂല്ല. ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചതറിയാനാ വിളിച്ചേ അല്ലാണ്ട് നിന്റെ മാഷിന്റെ വിവരണം കേക്കാനല്ല.'' എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു. പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോളും സാറിന്റെ ചർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങടെ ഗേൾസ് ഒൺലി കോളേജിൽ ആകെയുള്ളത് ഈ ടീച്ചർമാരാണ് വായിനോക്കാൻ. അടുത്ത പീരീഡ് പുതിയ സാറിന്റെ ആണ്. ക്ലാസ്സിലേക്ക് കേറി വന്നു അയാൾ ഗുഡ് മോർണിംഗ് പറഞ്ഞതും എന്റെ കണ്ണ് പുറത്തേക്കു ചാടി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story