ഒരു ചില്ലറ പ്രേമം: ഭാഗം 4

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

ദേ നിക്കുന്നു തേടിയ വള്ളി. ഇത്ര നാളും ഫോണിൽ നോക്കി ഇന്ന് വരും നാളെ വരും എന്നും വിചാരിച്ചു കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നിട്ടു വരാത്ത കാൾ സോറി ആൾ ഇപ്പൊ ദാ നേരിട്ട് വന്നിരിക്കുന്നു. ആൾക്ക് കുറച്ചു വെത്യാസങ്ങളൊക്കെ വന്നിട്ടുണ്ട്. പ്രത്ത്യേഗിച് മുഖത്തെ കാട് വെട്ടി തെളിച്ച കൊണ്ട് കുറച്ചൂടെ വെളുത്ത പോലെയുണ്ട്. കുറച്ചു തടിച്ചിട്ടും ഉണ്ട്.അത് ഭംഗി കുട്ടീടെ ഉള്ളൂ. മതിയല്ലോ എല്ലാ പെമ്പിള്ളേരും വെറുതെ അല്ല ഫ്ലാറ്റ് ആയതു. പക്ഷെ എനിക്കാ മുഖം കാട് പിടിച്ചു കിടക്കുന്നതു കാണാനാ ഇഷ്ട്ടം... ''നീയെന്തിനാടാ ചക്കരെ താടി വടിച്ചത്.'' ഓടി പോയി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തിട്ടു എവിടെയായിരുന്നെടാ ചെക്കാ ഇത്ര കാലം എന്ന് ചോദിച്ചാലോ.. വേണ്ട ചിലപ്പോ ട്ടിസി കിട്ടും. പടച്ചോനെ കാത്തോളണേ... എന്റെ കൺട്രോൾ ദൈവങ്ങളെ എനിക്ക് ശക്തി തരൂ... ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു. ''യൂ കാൻ സിറ്റ് ഡൌൺ.'' എന്ന് കേട്ടപ്പോളാ മനസ്സ് ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത്. ഞാൻ ഒഴിച്ച് ബാക്കി എല്ലാരും ഇരുന്നു എന്നും ഞാൻ സാറിനെ തുറിച്ചു നോക്കി നിക്കുന്നത് കണ്ടു

ബാക്കി എല്ലാ പിള്ളേരും കിണിക്കുകയാണെന്നുമുള്ള നഗ്നസത്യം അപ്പോള എനിക്ക് മനസ്സിലായത്. ആൾടെ മുഖത്തെ എക്സ്പ്രെഷനിൽ നിന്നും എന്നെ ആദ്യമായി കാണുന്ന പോലെ തോന്നി. ഇനി എന്നെ മനസ്സിലായില്ലേ.. അതോ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ, അതോ ഇനി വല്ല തന്മാത്രയും സംഭവിച്ചോ. പടച്ചോനെ ഇങ്ങള് ഞമ്മളെ കെട്ടാൻ സമ്മതിക്കില്ലേ... ''ഐ സെഡ്‌ യൂ കാൻ സിറ്റ് ഡൌൺ ..'' എന്ന് ആഷി സാർ വീണ്ടും പറഞ്ഞപ്പോളാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും മോചനം നേടിയത്. സോറി സാർ എന്നും പറഞ്ഞു ഞാൻ വേഗം ഇരുന്നു. റോൾ നമ്പർ അനുസരിച്ചു ആയോണ്ട് ഫിദയാണ് എന്റടുത്തു ഇരിക്കാറ്. അവളെന്റെ കയ്യിൽ നുള്ളിക്കൊണ്ടു ചോദിച്ചു ''ഇപ്പൊ എങ്ങനുണ്ടെടീ??? ഇന്നലെ ഫോണിൽ പറയുമ്പോ എന്തൊരു കലിപ്പായിരുന്നു. ഇപ്പൊ കണ്ടപാടെ ഫ്ലാറ്റ്. നിന്റെ ചില്ലറപ്പൈസയെ വരെ നീ മറന്നില്ലേ???''

അന്ന് 5 രൂപേടെ പേരിൽ പരിചയപ്പെട്ടത് കൊണ്ട് ഈ തെണ്ടികൾ എന്റെ മൊഞ്ജനെ അതായതു ആഷി സാറിനെ അങ്ങനെയാണ് വിളിക്കാറ്. കൺട്രി ഫെല്ലോസ്... സാർ ചില്ലറക്കാരൻ അല്ല നല്ല ഒന്നാന്തരം രണ്ടായിരത്തിന്റെ നോട്ട് ആണെന്ന് അവർക്കറിയില്ലല്ലോ... ഫൂൾസ്... ''പോടീ ഞാനെന്റെ മൊഞ്ജനെ തന്നെയാ നോക്കുന്നേ..'' ഞാനെന്റെ കൈ തടവിക്കൊണ്ട് പറഞ്ഞു. അലവലാതീ, കുളിക്കേം നനക്കേം ഇല്ല. പിന്നെ നഖം വെട്ടുന്ന കാര്യം പറയണ്ടല്ലോ... എന്റെ തൊലി പോയി. ''ഇതാണോ ചില്ലറപ്പൈസ...'' അവളുടെ അത്ഭുതത്തോടെയുള്ള ചോദ്യം ഞാൻ മാത്രമല്ല സാറടക്കം കേട്ടു. ''എന്താ അവിടെ?? യൂ ട്ടൂ സ്റ്റാൻഡ് അപ്പ്??'' ആഷി സാറിന്റെ ശബ്ദം വന്നതും ഞങ്ങൾ എണീറ്റ് നിന്നു. ''എന്താ ഇത് നിങ്ങക്ക് സംസാരിക്കാനുള്ള സ്ഥലം ആണോ??'' ''അല്ല സാർ..'' ''തന്നെ ഇന്നലെ കണ്ടില്ലായിരുന്നല്ലോ??? ഇന്നലെ എന്താ വരാഞ്ഞേ???''

സാർ കലിപ്പിലാണ്. ''അത് ഞാൻ വന്നിരുന്നു സാർ.'' ഞാൻ താഴോട്ട് നോക്കി പറഞ്ഞു. ആ മുഖത്തോടു നോക്കിയാ ചിലപ്പോളെന്റെ കണ്ട്രോൾ പോവും. ''ഓഹോ അപ്പൊ ക്ലാസ് കട്ട് ചെയ്യാറുമുണ്ടല്ലേ???'' സാർ കൂടുതൽ ചൂടിൽ ആയി. ''അയ്യോ ഇല്ല സാർ ഞങ്ങൾക്ക് രണ്ടാൾക്കും ഇന്നലെ ഒരു ക്വിസ് കോമ്പറ്റിഷൻ ഉണ്ടായിരുന്നു. രാവിലെ കോളേജിൽ വന്നിട്ട് ടീച്ചേഴ്സിന്റെ കൂടെയാ പോയത്.'' ഞാൻ സൈറയെ കാണിച്ചു കൊണ്ട് പറഞ്ഞു. ''ആണോ ഞാൻ വിചാരിച്ചു നേരത്തെ എണീക്കുന്ന കുട്ടി ആയോണ്ട് ബസ് മിസ് ആയതാവുമെന്നു.'' അത് സാർ ഞങ്ങളെ അടുത്ത് വന്നു നിന്നാണ് പറഞ്ഞത്. ഞാനും ഫിദയും മാത്രേ കേട്ടുള്ളൂ. ഞങ്ങൾ പരസ്പരം നോക്കി വാ പൊളിച്ചു നിന്നു. കള്ളൻ അപ്പൊ എന്നെ ഓർമയുണ്ട്, കണ്ടപ്പോ മനസ്സിലായിന്. എന്നിട്ടും ഒന്ന് പുഞ്ചിരിക്ക പോലും ചെയ്തില്ല ജാഡ തെണ്ടി.

''ശെരി ഇന്നലെ ഞാൻ എല്ലാരേയും പരിചയപ്പെട്ടതാ നിങ്ങൾ രണ്ടാളും പേര് പറഞ്ഞോളൂ.'' അത് കേക്കണ്ട താമസം ഫിദ ഇരുന്നു. ഞാനും സൈറയും ഞങ്ങളെ ഇൻട്രോ ഒക്കെ കൊടുത്തു കഴിഞ്ഞപ്പോ സാറ് ക്ലാസ് തുടങ്ങി. ഞാൻ ആ മുഖത്തോട്ടു നോക്കി അങ്ങനെ ഇരുന്നു. ആദ്യമായിട്ടാ ക്ലാസ്സിൽ എടുത്ത ഒന്നും എന്റെ തലയിൽ കേറാഞ്ഞെ. എല്ലാം ഒരു ചെവിയിലൂടെ കേറി മറ്റേ ചെവിയിലൂടെ ഓടി പോവുന്നു. ഇടയ്ക്കു ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോ ഞാൻ എന്റെ കണ്ണിനു കുറച്ചു റസ്റ്റ് കൊടുത്തു. അല്ലെങ്കി ആക്സിഡന്റ് ഉറപ്പാ. ചുറ്റിലും നോക്കിയപ്പോ ക്ലാസ്സിലെ 28 പേരും അതായതു ഞാനും ഫിദയും ഒഴിച്ച് ബാക്കി എല്ലാം സാറിന്റെ ചോര ഊറ്റി കുടിച്ചോണ്ടിരിക്കാ. ഞാൻ ആഷിയെ കെട്ടാൻ പോവുന്നതല്ലേ. അപ്പൊ എനിക്ക് നോക്കാല്ലോ..ല്ലേ... ഫിദ എന്നേം സാറിനേം മാറി മാറി നോക്കി ഇരിക്കുന്നു. അവൾക്കു ആഷിയാണ് ചില്ലറപ്പൈസയെന്നു മറ്റുള്ളവരെ അറിയിക്കാത്തൊണ്ട് ഒരു സമാധാനവും ഇല്ല. കുറച്ചു കഴിഞ്ഞപ്പോ ആഷി സാർ ക്ലാസ് നിർത്തി നോട്സ് തന്നു.

എന്റമ്മോ എന്തൊരു സ്പീഡാ. മിക്കവാറും പിള്ളേരുടെ ബുക്കും ഇൻകംപ്ലീറ്റ് ആവും. റാവൽപ്പിണ്ടി എക്സ്പ്രസ് വരെ തൊട്ടു പോവും. നോട്ട്സ് തന്നോണ്ടിരിക്കുമ്പോ ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചു. ''ബാക്കി നാളെ'' എന്നും പറഞ്ഞു സാർ ബുക്ക് പൂട്ടി വച്ചു. അപ്പോളാ കൈക്കൊരു റസ്റ്റ് കിട്ടിയേ. വീട്ടിൽ പോയി ചൂട് വെള്ളത്തിലിട്ടെടുത്താലേ കൈ ഇനി ശരി ആവുള്ളു. ''നിങ്ങള്ക്ക് പ്രാക്ടിക്കൽസ് എവിടെ വരെ എത്തി'' എന്നുള്ള സാറിന്റെ ചോദ്യം കേട്ടപ്പോൾ പലരും ഞെട്ടി. മറിയാമ്മ മാഡം എടുത്തോണ്ടിരുന്ന വിഷയം ആണ് ഇപ്പൊ ആഷി സാർ എടുക്കുന്നെ. ഇന്ന് ഉച്ചക്ക് ശേഷം പ്രാക്ടിക്കൽസ് ഉണ്ട്... രണ്ടാഴ്ച ആയി പ്രാക്ടിക്കൽസ് ഇല്ലാത്തോണ്ട് ആരും ബുക്ക് എടുത്തിട്ടുണ്ടാവില്ലന്നു ഉറപ്പാ, അത്രയ്ക്ക് തടിച്ചതാ അതിന്റെ ടെക്സ്റ്റ് ബുക്ക്. ബട്ട് ഞാൻ പേടിച്ചില്ല കാരണം മറ്റൊന്നുമല്ല, എന്റെ കയ്യിൽ പ്രാക്ടിക്കൽ ടെക്സ്റ്റും നോട്ടും രണ്ടും ഉണ്ടായിരുന്നു. എങ്ങനെ ആണെന്നായിരിക്കും.. സിമ്പിൾ, വീട്ടി കൊണ്ട് പോയാലല്ലേ തിരിച്ചു കൊണ്ട് വരണ്ട ആവശ്യമുള്ളു. ഞാൻ ആ പണ്ടാരം ഡെസ്‌കിന്റെ അടിയിൽ വച്ചിട്ട് പോവും, ഞാനാരാ മോൾ...

''അപ്പൊ ആരുടെ കയ്യിലും ഇല്ലേ???'' ആഷി സാർ വീണ്ടും കലിപ്പിലായി. ഇയാളെ കൊണ്ട് തോറ്റല്ലോ. ''യെസ് സർ, ഇവളുടെ കയ്യിലുണ്ട്.'' എന്നെ ചൂണ്ടി കാട്ടിക്കൊണ്ടു ഫിദയും പാത്തുവും ഒരേ ശബ്ദത്തിൽ പറഞ്ഞപ്പോ ഞാൻ തലയാട്ടി സമ്മതിച്ചു. അവളുമാര് ഇപ്പോഴും പറയും അതൊന്നു എടുത്തു വീട്ടി കൊണ്ടുപോവാൻ. ബട്ട് അമ്മാതിരി കച്ചറകളെ ഒന്നും ഞമ്മള് മൈൻഡ് ചെയ്യാറില്ല. ''ശെരി ബുക്ക് എടുത്തിട്ട് എന്റെ കൂടെ വാ.'' എന്നും പറഞ്ഞു ആഷി സാർ പുറത്തേക്കു നടന്നു. ഞാൻ വേഗം ബുക്ക് എടുത്തു പിന്നാലെ പോയി. സ്റ്റാഫ് റൂമിന്റെ ഉള്ളിലേക്ക് കേറുന്നേനു മുന്നേ തന്നെ ചുറ്റുമൊന്നു നോക്കി, ഇല്ല റാഷി സാർ ഇല്ല, രക്ഷപ്പെട്ടു. വേഗം അകത്തേക്ക് കേറിയതും ''യെസ് എന്താ വേണ്ടേ'' എന്നൊരു അശരീരി കേട്ടു. നോക്കുമ്പോ ലീനാ മാം ആണ്. മേക്കപ്പ് ഇട്ടു സാരി ഉടുത്തു ആളെ കാണിക്കാൻ വേണ്ടി മാത്രം കോളേജിലേക്ക് വരുന്ന ഒരു സാധനം. ക്ലാസ്സിൽ വന്നാൽ ക്ലാസ് എടുക്കാതെ ഏതെങ്കിലും കുട്ടീടെ കയ്യിൽ ബുക്ക് കൊടുത്തു നോട്സ് വായിക്കാൻ പറയും.

എന്നിട്ടു മൊബൈലിൽ തോണ്ടി ഇരിക്കും. പിറ്റേന്ന് ആ നോട്സ് പഠിച്ചു വന്നില്ലെങ്കി ഇമ്പോസിഷൻ ഉറപ്പാ... കാണുമ്പോ തന്നെ ദേഷ്യം വരും. അടുത്തന്നെ മീര മാം ഇരിക്കുന്നുണ്ട്. അത്ര ഫ്രണ്ട്‌ലി ഒന്നും അല്ലെങ്കിലും നന്നായി ക്ലാസ് എടുക്കും അതോണ്ട് മീര മാമിനെ എല്ലാർക്കും ഇഷ്ട്ടമാണ്. രണ്ടാളും എന്നെ തന്നെ നോക്കി ഇരിക്കുന്നു. ''ഭക്ഷണം കഴിക്കാൻ പോവുന്ന സമയമാണെന്ന് അറിയില്ലേ??? പിന്നെന്തിനാ വന്നേ??'' ലീന മാം ചൂടായി. ''ഞാൻ വിളിച്ചിട്ടു വന്നതാ.'' ആഷി സാർ പറഞ്ഞു. ഞാൻ വേഗം ആഷി സാറിന്റെ ടേബിളിനടുത്തേക്കു നടന്നു. ''ആഷി ഫുഡ് കഴിക്കുന്നില്ലേ. ഞങ്ങൾ ക്യാന്റീനിൽ പോവാൻ ഇരിക്കുവാരുന്നു. റാഷി സാർ ലീവായൊണ്ട് ആഷി ഒറ്റക്കവുമല്ലോന്ന് വിചാരിച്ചു കാത്തിരുന്നതാ.'' ലീന മാം പറഞ്ഞു. എന്റമ്മോ തേനും പാലും ഇങ്ങനെ ഒഴുകുവായിരുന്നു. കയ്യിലിരുന്ന ബുക്ക് കൊണ്ട് തലയ്ക്കു ഒന്ന് കൊടുക്കാനാ തോന്നിയെ. ''ആഹ് ഞാൻ ഇപ്പൊ വരാം, നിങ്ങൾ പോയ്കൊള്ളു. എനിക്ക് ഉച്ചക്കെത്തെ പ്രാക്ടിക്കൽസിനു വേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്.''

ആഷി സാർ പറഞ്ഞത് കേട്ടതും രണ്ടാളും എണീറ്റ് പോയി. ഇപ്പൊ ഞങ്ങൾ രണ്ടാളും മാത്രം സ്റ്റാഫ് റൂമിൽ. എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു. ''ആഹ് എവിടെ വരെ എത്തി നിങ്ങടെ പ്രാക്ടിക്കൽസ്, കാണട്ടെ.'' എന്ന് ആഷി സാറ് പറഞ്ഞതും ഞാൻ വേഗം ബുക്ക് തുറന്നു കാണിച്ചു കൊടുത്തു. എന്നിട്ടു സാറിനെയും നോക്കി നിന്നു. ''തനിക്കിപ്പോഴും ബസ് മിസ് ആവാറുണ്ടോ.'' സാർ ബുക്കിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. അത് കേട്ടപ്പോ ഞാനൊന്നു ഷോക്ക് ആയെങ്കിലും ഒരു സന്തോഷം തോന്നി എന്നെ മറന്നില്ലല്ലോന്നു. ''ഇല്ല സർ''. ഞാൻ മെല്ലെ പറഞ്ഞു. ''സർ അമേരിക്കയിലേക്ക് പോയില്ലേ???'' സാർ പിന്നൊന്നും മിണ്ടാത്ത കണ്ടപ്പോ ഞാൻ അങ്ങോട്ട് കേറി ചോദിച്ചു. ''പോയിരുന്നെങ്കി ഇപ്പൊ തന്റെ മുമ്പിലിങ്ങനെ ഇരിക്കുമോ???'' സാർ ബുക്കിലേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു. അത് ശരി ആണല്ലോ, മണ്ടി.

എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ''അതെന്താ പോവാഞ്ഞേ??'' ഞാൻ എങ്ങനേലും ചോദിച്ചു. എന്റെ വിസ ഫോർമാലിറ്റീസ് കഴിഞില്ല, ഇനിയുമൊരു മൂന്നു മാസം എടുക്കും. അതുവരെ വെറുതെ ഇരിക്കണ്ടല്ലോന്ന് തോന്നി.'' ഓഹ് അദ്ധ്വാനശീലനാ, പട്ടിണി കിടക്കേണ്ടി വരില്ല. എനിക്കെന്റെ കണ്ടുപിടിത്തത്തിൽ അഭിമാനം തോന്നി. ''ബാക്കി എല്ലാം കഴിഞ്ഞു വിസ വന്ന പാടെ പോവാം...'' സാറത് പറഞ്ഞതും പോവുന്നെന് മുന്നേ സാറിനെ കെട്ടിക്കുമെന്നു ഉമ്മ പറഞ്ഞ കാര്യം എനിക്കോർമ്മ വന്നു. എല്ലാം കഴിഞ്ഞെങ്കി കല്യാണവും കഴിഞ്ഞിട്ടുണ്ടാവുമല്ലോ... ''പടച്ചോനെ അപ്പൊ കല്യാണം???'' ഞാനറിയാണ്ട് എന്റെ വായീന്നു ആ ചോദ്യം പുറത്തേക്കു വന്നു. ആഷി സർ തല പൊക്കി എന്നെ നോക്കി. ''ഇതാണെന്റെ വൈഫ്. അന്ന് ഞാൻ കാണാൻ പോവാൻ നിന്ന പെണ്ണിനെ തന്നെ കെട്ടി.

കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയി.'' എന്നും പറഞ്ഞു ആഷി സാർ ഫോണിൽ ഒരു കല്യാണ ഫോട്ടോ കാണിച്ചു തന്നു. പടച്ചോനെ... കാത്തിരുന്നതൊക്കെ വെറുതെ ആയോ??? ആദ്യമായിട്ടാ ഒരാളെ കണ്ടപ്പോ ഒരു ഇഷ്ടം തോന്നിയത്. അതിങ്ങനെ ആയല്ലോ, ഇങ്ങേരെന്നെ ഒരിക്കെ പോലും ഓർത്തില്ലേ.. ഞാൻ ആ ഫോട്ടോലേക്കു നോക്കി. ഓ എന്തൊരു ഭംഗി, നല്ല വെളുത്തു സുന്ദരി ആയ പെണ്ണ്. ശരിയാ ഫാദീ അവളേം നിന്നേം ഒരുമിച്ചു വച്ചാ തമന്നന്റെ അടുത്ത് ചാളമേരി നിക്കുന്ന പോലെ ഉണ്ടാവും. വെറുതെ അല്ല എന്നെ ഓർക്കാനേ. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ ആ ഫോൺ എടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇല്ല ഞാൻ സമ്മതിക്കില്ല രണ്ടിനേം കൊന്നിട്ട് ഞാൻ കണ്ണൂർ സെൻട്രൽ ജയിലിൽ പോയി റസ്റ്റ് എടുക്കും... എന്നിട്ടു ആ മൊബൈലിനെ കാലു കൊണ്ട് ചവിട്ടി മെതിച്ചു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story