ഒരു ചില്ലറ പ്രേമം: ഭാഗം 6

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

 ''അത് സർ... ഞാൻ.. എന്റെ...'' ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നുരുണ്ടു. എല്ലാ കണ്ണുകളും എന്റെ മേലെ തന്നെ ആയിരുന്നു. അപ്പോളേക്കും സർ നടന്നെന്റെ അടുത്തെത്തി. ''എന്താ?? എന്തിനാ വിളിച്ചേ?'' ആഷി സർ എന്റടുത്തു വന്നു ചോദിച്ചു. ആ മുഖം കണ്ടപ്പോ എന്റെ സാറേ... ''എന്താടോ പറ്റിയേ???'' സർ പിന്നെയും ചോദിച്ചപ്പോ ഞാൻ വേഗം സ്ക്രീനിലേക്ക് ചൂണ്ടി കാണിച്ചു. ''അതെന്റെ കമ്പ്യൂട്ടർ ഹാങ്ങ് ആയി.. എന്ത് ചെയ്തിട്ടും അനങ്ങുന്നില്ല സർ..'' സർ നടന്നു വരുന്നതിനിടയിൽ ഞാൻ ഒരു അഞ്ചാറു ബട്ടൺ അങ്ങ് ഒരുമിച്ചു അമർത്തി. ജാമ്പവാന്റെ കാലത്തുള്ള സിസ്റ്റം ഹാങ്ങ് ആവാൻ വേറെന്തു വേണം.. ഞാനാരാ മോള്. ഞാൻ ഫിദയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. അവള് വായും തുറന്നു ഇരിപ്പാണ്. സർ കമ്പ്യൂട്ടറിന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ മാറി കൊടുത്തു. ചേർന്ന് നിക്കണമെന്നൊക്കെ ആഗ്രഹം തോന്നിയെങ്കിലും കണ്ട്രോൾ ദൈവം കാത്തു. ഒരു പത്തു മിനിറ്റെടുത്തു അതൊന്നു ശരി ആവാൻ. അപ്പോളേക്കും ലീന മാം ക്ലാസ്സുണ്ടെന്നും പറഞ്ഞു പോയി.

അത് കണ്ടപ്പോ ഒരു സമാധാനമായി. അവര് പോവുന്നതും പുച്ഛത്തോടെ നോക്കി തിരിയുമ്പോളാണ് സർ എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടത്. ഞാൻ വേഗം തല താഴ്ത്തി കളഞ്ഞു. ''അഞ്ചാറു ബട്ടൺ ഒരുമിച്ചു പ്രസ് ചെയ്യാൻ ഇത് പിയാനോടെ കീബോർഡ് അല്ല കമ്പ്യൂട്ടറിന്റെ കീബോർഡ് ആണ്.'' എന്നും പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കീട്ടു സാർ പോയി. എന്നെക്കാൾ നന്നായി കൗണ്ടർ അടിക്കുന്നുണ്ടല്ലോ, എനിക്ക് ചിരി വന്നു. പക്ഷെ എന്റെ കള്ളത്തരം എങ്ങനെ കണ്ടു പിടിച്ചൂന്ന് മാത്രം മനസ്സിലായില്ല. ഇടയ്ക്കിടയ്ക്ക് സാറിനെ നോക്കിയും കമ്പ്യൂട്ടറിലേക്ക് നോക്കിയും സമയം കളഞ്ഞു. ബെൽ അടിച്ചതും സർ എല്ലാരോടും സിസ്റ്റം ഓഫ് ചെയ്തു പൊയ്ക്കോളാൻ പറഞ്ഞു. പക്ഷെ എനിക്ക് പോണ്ടായിരുന്നു. ഫിദ വന്നു വിളിച്ചിട്ടും ഞാൻ എണീറ്റില്ല. ആഷി സർ അവിടെ കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു.

ഫിദ തന്നെ എന്റെ സിസ്റ്റം ഓഫ് ചെയ്തു എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു. കുറെ വട്ടം തിരിഞ്ഞു നോക്കിയിട്ടും സാറെന്നെ ഒരിക്കെ പോലും നോക്കിയില്ല. എനിക്കാകെ സങ്കടായി. ''ഫദീഹാ..'' ഡോറിന്റെ അടുത്തെത്തിയതും സാറിന്റെ വിളി കേട്ടു. എനിക്ക് സന്തോഷമായി. ''ടീ ആ ചില്ലറപ്പൈസ നിന്നെ പ്രേമം പറയാൻ വിളിക്കാണെന്നു തോന്നുന്നു.'' ഫിദ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ വേഗം സാറിന്റെ അടുത്തേക്ക് പോയി നിന്നു. ''എന്താ സർ?'' ഞാൻ ചോദിച്ചപ്പോൾ സർ എന്റെ ബുക്ക് എടുത്തു എന്റെ നേരെ നീട്ടി. ''ബുക്കൊന്നും വേണ്ടേ???'' കണ്ണ് അപ്പോളും സ്ക്രീനിലേക്ക് തന്നെയാണ്. ഞാൻ ബുക്ക് വാങ്ങി ''താങ്ക്യൂ'' എന്നും പറഞ്ഞു പുറത്തേക്കു നടന്നു. അപ്പോളും അങ്ങേരുടെ കണ്ണ് സ്ക്രീനിലേക്ക് തന്നെ. ''എന്തോന്നാ അതിന്റെ ഉള്ളിൽ പൂച്ച പെറ്റു കിടപ്പുണ്ടോ??'' ''താനെന്തെങ്കിലും പറഞ്ഞോ???'' സാറിന്റെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്. രണ്ടു കയ്യും കെട്ടി എന്നെ നോക്കി ഇരിപ്പാണ്. ആ കണ്ണട മൂക്കിന്റെ മുകളിൽ ആണ് ഇപ്പോൾ.

അതിന്റെ മോളിലൂടെയാണ് നോക്കുന്നത്. എന്തൊരു ഭംഗിയാ.. എന്റെ സാറെ.... ഫാദീ കണ്ട്രോൾ... ''ഇ.. ഇല്ല സർ...'' ഞാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു. ''താങ്ക്യൂ സർ'' അധിക നേരം ആ മുഖവും നോക്കി നിക്കാനുള്ള കരുത്തു ഇല്ലാത്തോണ്ട് വേഗം ഓടി ഫിദയുടെ കയ്യും പിടിച്ചു പുറത്തേക്കു പോയി.... വീട്ടിലെത്തിയതും ഞാൻ ടിവിടെ മുന്നിൽ ഇരുന്നു. വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു. സാറിനെ കണ്ട സന്തോഷവും എന്നെ മൈൻഡ് ചെയ്യാത്ത സങ്കടവും എല്ലാം കൂടി മനസ്സിൽ കിടന്നോടി. ഉമ്മ വന്നു വിളിച്ചിട്ടും ഞാൻ എണീറ്റില്ല. ഉപ്പച്ചി വന്നു എന്റെ അടുത്തിരുന്നു ചോദിച്ചു "എന്താ പറ്റിയേ???'' ''ഒന്നൂല്ല.'' ഞാൻ ചാനൽ മാറ്റി കൊണ്ടേ ഇരുന്നു. ''അതിങ്ങു തന്നേക്കു, വെറുതെ അതിനെ ഞെക്കി കൊല്ലണ്ട.'' എന്നും പറഞ്ഞു ഉപ്പ എന്റെ കയ്യീന്ന് റിമോട്ട് വാങ്ങി ടി വി ഓഫ് ആക്കി. "പറ എന്താ പറ്റിയേ???'' ഉമ്മയും വന്നു എന്റടുത്തിരുന്നു. ഞാൻ രണ്ടാളെയും ഒന്ന് നോക്കി. പിന്നെ എന്റെ റേഡിയോടെ ബട്ടൺ ഓൺ ചെയ്തു. എല്ലാം പറഞ്ഞു. ഞാൻ അങ്ങനെയാ എല്ലാം അവരോടു പറയും.

കാരണം അത്രയും സ്വാതന്ത്ര്യം അവരെനിക്ക് തന്നിട്ടുണ്ട്. അതൊരിക്കലും നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യമില്ല. അതോണ്ടെന്നെ റാഷി സർ വായി നോക്കുന്നതും വൃത്തികെട്ട കമന്റ് പറഞ്ഞവന്റെ കരണത്തൊന്നു പൊട്ടിച്ചതും ക്ലാസ് കട്ട് ചെയ്തു ഐസ് ക്രീം കുടിക്കാൻ പോയതുമൊക്കെ അവരോടു പറഞ്ഞിട്ടുണ്ട്. കോളേജിലെ കഥ മൊത്തം പറഞ്ഞതും അവര് വായും തുറന്നു ഇരിപ്പുണ്ട്. ''എന്തെങ്കിലും പറ?'' അവരുടെ ഇരുത്തം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ''എന്ത് പറയാൻ, അവന്റെ തലവര ശരി അല്ല. നീ അവനെ തന്നെ കെട്ടും..'' ഉപ്പ പറഞ്ഞു. എന്നിട്ടു രണ്ടും കൂടി ചിരിച്ചു. ''അതെന്നെ, അവന്റെ തലവര നല്ലതാണെങ്കി ഇപ്പൊ നല്ലൊരു പെണ്ണിനേം കെട്ടി അമേരിക്കയിലേക്ക് പറന്നിട്ടുണ്ടാവുമായിരുന്നല്ലോ...'' ഉമ്മയും ഞമ്മളെ നെഞ്ചത്തോട്ടെന്നേ.. ''എന്ത് നല്ല മാതാപിതാക്കൾ...'' ഞാൻ ദേഷ്യത്തോടെ എണീറ്റ് റൂമിലേക്ക് നടന്നു. ''ടീ, ടേബിളിന്റെ മോളിൽ സമൂസയും ചോക്ലേറ്റ് മിൽക്ക് ഷെയ്ക്കും ഉണ്ട്.'' ഉമ്മ വിളിച്ചു പറഞ്ഞപ്പോ ഒന്ന് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.

എനിക്കെങ്ങും വേണ്ട നിങ്ങടെ ഊള ഭക്ഷണം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഫാദി വേണ്ട മോളെ. നിന്നെ കൊണ്ട് പറ്റുന്ന കാര്യം ചെയ്താ മതി. പട്ടിണി കിടക്കലൊന്നും നമ്മളെ ഡിക്ഷനറിയിൽ ഇല്ല. സങ്കടം വന്നാൽ ആണെങ്കി എനിക്ക് വിശപ്പ് കൂടും. മെല്ലെ റൂട്ട് മാറ്റി ടേബിളിനടുത്തേക്കു വിട്ടു. രാത്രി ഉറങ്ങാൻ കിടക്കുമ്പോ എന്റെ മൊഞ്ജനെ തന്നെ സ്വപ്നം കാണണേ എന്നും പ്രാർഥിച്ചാണ് കിടന്നതു. അത് പടച്ചോൻ കേട്ട്. എന്റെ ഫാദീ നിന്റെ ഒരു ടൈം... ഞാനും ആഷിയും, സർ വേണ്ട സ്വപ്‌നം അല്ലെ, ഒരു ഡ്യൂയറ്റൊക്കെ പാടി ഡാൻസും കളിചോണ്ടിക്കുമ്പോളാ പെട്ടെന്ന് മഴ പെയ്തത്. ഞങ്ങളോടി ഒരു മരത്തിന്റെ താഴെ നിന്നു. അവന്റെ മുഖം കണ്ടപ്പോ എനിക്കാകെ എന്തോ പോലെ തോന്നി. പടച്ചോനെ എനിക്ക് നാണമോ. ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ. ഞമ്മക്കങ്ങനത്തെ കാര്യങ്ങളൊന്നും ഇല്ലെന്നാ പൊതുവെ ഉള്ള ഒരു ഇത്. ആ ഇത് പിന്നെ സ്വപ്നം ആണല്ലോ. ഞാനവനെ നോക്കിയപ്പോ ദേ അവനെന്റെ അടുത്തേക്ക് അവന്റെ മുഖവും കൊണ്ട് വരുന്നു. പടച്ചോനെ കിസ്, അതും നമ്മടെ ഫസ്റ്റ് കിസ്സ്‌. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ആഷിയുടെ കിസ്സും പ്രതീക്ഷിച്ചു നിന്ന എന്റെ മുഖത്തേക്ക് പെട്ടെന്ന് വെള്ളം വന്നു വീണു.

എന്താ ആഷീ ഇത് എന്നും ചോദിച്ചു കണ്ണ് തുറന്നപ്പോ ദേ നിക്കുന്നു ഞമ്മളെ മാതാവ് ഉറഞ്ഞു തുള്ളി മുന്നിൽ. ''ഓ സ്വപ്നത്തിൽ പോലും അവനെ വെറുതെ വിടരുത് കേട്ടോ.. എഴുന്നേറ്റു പോയി പല്ലു തെക്കെടീ.. ബസ് മിസ് അയീന്നും പറഞ്ഞു വിളിച്ചാൽ വരാൻ ഉപ്പ ഇല്ല.'' ഉമ്മ ദേഷ്യത്തോടെ പറഞ്ഞു. ''ഏ.. ഉപ്പ എവിടെ പോയി.'' ഞാൻ ബാത്രൂമിലേക്കു നടക്കുന്നതിനിടെ ചോദിച്ചു. ''ഓര് അഷ്‌റഫ്ക്കാന്റെ കൂടെ ജംഷിനെ കൊണ്ടാകാൻ പോയി.'' എന്നും പറഞ്ഞു ഉമ്മ പുറത്തേക്കു പോയി. ഞാൻ ബാത്റൂമിലും. ജംഷി... തെണ്ടി അവൻ കാരണാ അന്ന് ആഷിന്റെ നമ്പർ മിസ് ആയതു. ഇന്ന് ദുബായിലേക്ക് കെട്ടി എടുക്കുവാ. ഇനി അവിടേം കൂടിയേ നശിപ്പിക്കാൻ ബാക്കിയുള്ളു, അലവലാതി. ഡ്രെസ്സും മാറി ബസ് സ്റ്റോപ്പിലെത്തിയപ്പോളേക്കും കറക്റ്റ് ആയി ബസ് മുന്നിൽ. ഓടി കേറി ഫിദയുടെ അടുത്ത് പോയിരുന്നു. അവളാണെങ്കി ഫൈനൽ എക്‌സാമിന്‌ പഠിക്കുന്ന പോലെ ബുക്കിൽ തലയും കുത്തി ഇരിക്കുന്നു. ''എന്തോന്നാടീ ഇന്നന്നെ ഈ ബുക്ക് ഫുള്ളും കലക്കി കുടിക്കോ??''

എന്നും ചോദിച്ചു ഞാൻ അവളുടെ കയ്യീന്ന് ബുക്ക് തട്ടിപ്പറിച്ചു. ''ഇങ്ങു തന്നേ... നീ എല്ലാം പഠിച്ചിട്ടുണ്ടാവും.. എനിക്ക് വയ്യ വന്നതിന്റെ പിറ്റേന്ന് തന്നേ ആഷി സാറിന്റെ കയ്യീന്ന് ചീത്ത വാങ്ങാൻ.'' എന്നും പറഞ്ഞവൾ വീണ്ടും ബുക്ക് തുറന്നു. ''എന്തുവാടീ നീ പറയുന്നേ??? എന്ത് പഠിക്കാൻ??'' എനിക്കൊന്നും മനസ്സിലായില്ല. ''അപ്പൊ മോളിന്നലെ കണ്ണ് തുറന്നു ഉറങ്ങുവായിരുന്നോ... ഇന്നലെ ആഷി സർ ഇന്നലെ എടുത്തതൊക്കെ പഠിക്കണമെന്ന് പറഞ്ഞതൊന്നും മോള് കേട്ടില്ലേ???'' ഷാനിയാണ് ചോദിച്ചത്. ''അതിനവള് സാറിന്റെ മുഖത്തൂന്നു കണ്ണ് മാറ്റി ആ ചില്ലറപ്പൈസ എന്താ പറയുന്നെന്നു കേക്കണ്ടേ...'' ദിയ എനിക്കിട്ടൊന്നു താങ്ങി. ''പോടീ അവിടുന്ന്. ഞാനെല്ലാം ശ്രദ്ധിച്ചതാ... പക്ഷെ ഇങ്ങനൊരു കാര്യം ഞാൻ കേട്ടില്ലല്ലോ.'' എനിക്കാകെ ടെൻഷൻ ആയി. ഞാൻ വേഗം ബുക്കെടുത്തു ഇന്നലെ നോട്ട്സ് എഴുതിയത് വായിക്കാൻ തുടങ്ങി. എന്നാൽ പേടിച്ച പോലെ ഒന്നുമുണ്ടായില്ല. ആഷി സർ വന്നു ക്ലാസ് എടുത്തിട്ട് പോയി. ചോദ്യം ചോദിക്കലൊന്നും ഉണ്ടായില്ല. ടെൻഷൻ അടിച്ചു പഠിച്ചതൊക്കെ വെറുതെ ആയി.

അത് കഴിഞ്ഞു റാഷി സർ വന്നു. മുഖത്തൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു സർ ക്ലാസ് എടുത്തു. ഇടയ്ക്കിടയ്ക്ക് തല പൊക്കി നോക്കിയപ്പോ ദാ കണ്ണ് വീണ്ടും കോഴിക്കൂട്ടിലേക്കു തന്നേ, ഞങ്ങളെ ഡെസ്കിലേക്കു തന്നെയാണ് നോട്ടം. ഇയാളെ കൊണ്ട് തോറ്റല്ലോ. ആഷി സർ ആണെങ്കി ഒന്ന് മൈൻഡ് ആക്കുന്നു കൂടി ഇല്ല, ഇയാളാണെങ്കി വേറെങ്ങോട്ടും നോക്കുന്നതും ഇല്ല. എന്റെ പ്രാർത്ഥന കേട്ട പോലെ ബെൽ അടിച്ചു സർ പുറത്തേക്കു പോയി. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ആഷി സർ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി... അത്ര നന്നായി സർ പാഠഭാഗങ്ങളൊക്കെ എടുക്കും. ഞമ്മളെ കാര്യം പിന്നെ പറയണ്ടല്ലോ. ആ മുഖത്ത് അങ്ങനെ നോക്കി ഇരിക്കും. ഇടയ്ക്കിടെ ഞങ്ങളെ കണ്ണുകൾ തമ്മിൽ കോർക്കാറുണ്ടെങ്കിലും സർ പെട്ടെന്ന് തന്നെ നോട്ടം മാറ്റും. എങ്ങനേലും ഞങ്ങൾ അഞ്ചു പേരും സാറുമായി നല്ല കമ്പനി ആയി. ഞങ്ങളെയാണ് എല്ലാ കാര്യങ്ങളും ഏല്പിക്കുക. ഞങ്ങൾ വീണ്ടും സ്റ്റാഫ് റൂമിലെ നിത്യ സന്ദർശകരായി. റാഷി സർ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കാറേ ഇല്ല.

ഞങ്ങൾ ആഷി സാറിനോട് സംസാരിക്കുന്നതൊന്നും ലീന മാമിനു ഇഷ്ടമല്ല. ആ ചാളമേരി എപ്പോഴും എന്തേലും പറഞ്ഞോണ്ട് ഞങ്ങടെ ഇടയിലോട്ടു വരും. ആഷി സാറിനോട് പറ്റുമ്പോയൊക്കെ ഞാൻ വാ തോരാതെ സംസാരിക്കും. ഫൈൻ ആർട്സ് ഡേ അടുത്ത് വരുന്നോണ്ട് മിക്കവാറും ഫ്രീ പിരിയഡ്‌സ് കിട്ടാറുണ്ട്. ഒരു മറുപടിയും പറയില്ലെങ്കിലും ഞാൻ പറയുന്നത് മുഴുവനും കേൾക്കും. എനിക്ക് അത് തന്നെ ധാരാളമായിരുന്നു. എന്റെ ഫ്രണ്ട്സ് ഞാൻ സാറിനോട് സംസാരിക്കുന്നതും കേട്ട് ഇളിച്ചോണ്ടു കൂടെ നിക്കും. രാവിലെ തന്നെ എല്ലാരും ഭയങ്കര പഠിത്തത്തിലാ.. ഉച്ചക്ക് ആഷി സർ പ്രാക്ടിക്കൽസിന്റെ ടെസ്റ്റ് വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് പേടി ഇല്ല. ആദ്യമായി രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചു. പൊതുവെ കുത്തി ഇരുന്നു പഠിക്കുന്ന സ്വഭാവം ഞമ്മക്കില്ല.

എന്നാലും എങ്ങനേലും പാസ് ആവും. ഇത് വരെ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല. ഇന്നലെ എന്തോ ഇരുന്നു പഠിച്ചു, വേറൊന്നും കൊണ്ടല്ല ഫസ്റ്റ് ആവണമെന്ന് ഒരു പൂതി... നടക്കൂല്ലന്നറിയാം എന്നാലും കിടക്കട്ടേന്ന്. ബെൽ അടിച്ചപ്പോ എല്ലാരും ലാബിലേക്ക് കേറി. സീറ്റിലിരുന്നു സിസ്റ്റം ഓൺ ചെയ്തപാടെ സർ ചോദ്യങ്ങൾ തന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ സാറിനെ നോക്കുന്നുണ്ടായിരുന്നു. നല്ല ബ്ലൂ കളർ ഷർട്ടും ജീനുമാണ് വേഷം. ഇന്നിച്ചിരി ഭംഗി കൂടീട്ടുണ്ടോന്നൊരു സംശയം ഇല്ലാതില്ല. ആള് എല്ലാരും ചെയ്യുന്നതും നോക്കി നടപ്പാണ്. ഞാൻ എന്റെ കമ്പ്യൂട്ടറിലേക്ക് ശ്രദ്ധിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story