ഒരു ചില്ലറ പ്രേമം: ഭാഗം 7

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

ഏകദേശം എല്ലാം ചെയ്തു കഴിഞ്ഞതാരുന്നു. ഒക്കെ സേവ് ചെയ്യാൻ തുടങ്ങുമ്പോളാണ് സ്‌ക്രീനിൽ എന്തൊക്കെയോ സംഭവിക്കുന്നു. പല നിറങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നു. ''സാർ...'' ഞാൻ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. എന്റെ വിളിയുടെ ശബ്ദം കാരണം പെട്ടെന്ന് ഞെട്ടി സാറിന്റെ കയ്യിലുണ്ടായിരുന്ന ബുക്ക് തെറിച്ചു പോയി. അത് കണ്ടു എല്ലാരും ചിരിച്ചു. സാറെന്നെ ദേഷ്യത്തോടെ നോക്കി എങ്കിലും എനിക്കാ മുഖം കണ്ടപ്പോ ചിരിയാ വന്നത്. ''തനിക്കിതെന്തിന്റെ കേടാണ്??? എനിക്ക് ചെവി കേൾക്കില്ലാന്നു ആരെങ്കിലും പറഞ്ഞോ??'' സാറിന്റെ ചോദ്യം കേട്ടപ്പോ എല്ലാരും വീണ്ടും തിരിച്ചു. ''ആഷി സാറിന്റെ ക്ലാസ്സിൽ മാത്രേ അവളുടെ ശബ്ദം കേൾകാറുള്ളു..'' ഏതോ ഒരു അലവലാതി പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ ആരാണെന്നു മനസ്സിലായില്ല. എല്ലാ തെണ്ടികളും ചിരിക്കുകയാണ്. ഇവർക്കൊക്കെ പരീക്ഷ എഴുതിയാ പോരെ എന്നെ ചൊറിയാൻ വരണതെന്തിനാണാവോ.. ''സർ ഇത് നോക്കിയേ സ്‌ക്രീനിൽ മഴവില്ലു.'' ഞാൻ പറഞ്ഞപ്പോ എല്ലാരും ചിരിച്ചു. സാറിന്റെ ചുണ്ടിലും ഒരു ചെറിയ ചിരി വിടരാൻ മുട്ടി നിന്നു.

പക്ഷെ സാറത് പുറത്തേക്കു വിട്ടില്ല. ''ശരിക്കും, സാറൊന്നു വന്നു നോക്ക്. ഞാൻ പ്രോഗ്രാം മൊത്തം ചെയ്തു കഴിഞ്ഞതാ. സേവ് ചെയ്യാൻ പോവുമ്പോള ഇങ്ങനെ സംഭവിച്ചത്.'' ഞാൻ സങ്കടത്തോടെ പറയുന്ന കേട്ടപ്പോ സാർ വേഗം എന്റടുത്തേക്കു വന്നു. ഞാൻ കസേരയിൽ നിന്നും മാറുന്നതിനു മുന്നേ ആഷി സർ എന്റെ കസേരയുടെ പിന്നിൽ വന്നു മോണിറ്ററിലേക്കു നോക്കാൻ തുടങ്ങി..സാറിന്റെ തല എന്റെ ഷോൾഡറിന്റെ അടുത്തായിരുന്നു. ഫാദീ കണ്ട്രോൾ. ഒരു വശത്തൂടെ മൗസിലും മറുവശത്തൂടെ കീബോര്ഡിലും കൈ വച്ചു. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. ആഷി ശ്വാസം കഴിക്കുന്നത് എനിക്ക് ശരിക്കും കേൾക്കായിരുന്നു. ആ നിശ്വാസം എന്റെ ചുമലിൽ തട്ടുന്നുണ്ടായിരുന്നു. പടച്ചോനെ ഇങ്ങള് കാത്തോളീൻ... ഇല്ലെങ്ങി ഞാനിപ്പോ ബോധം കേട്ട് വീഴും എന്ന അവസ്ഥയിലെത്തി. ഫാദീ വേണ്ട വീഴല്ലേ.. ഞാൻ ആഷിയുടെ മുഖമൊന്നു കാണാൻ സൈഡിലേക്ക് നോക്കിയതും ആഷി എന്റെ മുഖത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു. ഞങ്ങളുടെ മുഖങ്ങൾക്കിടയിൽ ഒരു നേരിയ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സെക്കന്റ് ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. ഇത്രേം നാളും സംസാരിച്ചിട്ടും ഞങ്ങൾക്കിടയിൽ ഇങ്ങനൊരു നിമിഷം ഒരിക്കലും ഉണ്ടായിട്ടില്ല.

ആ കണ്ണിൽ ഒരു നിമിഷം കൂടി നോക്കിയാ ചിലപ്പോ ഞാൻ ആ നെഞ്ചിലേക്ക് വീണു പോവുമെന്ന് തോന്നിപ്പോയോണ്ട് ഞാൻ വേഗം മുഖം തിരിച്ചു സ്ക്രീനിലേക്ക് നോക്കി. ''ഇതാ ശെരിയായിട്ടുണ്ട്. പഴയ കമ്പ്യൂട്ടർ അല്ലെ, അതോണ്ട് എപ്പോളും വേഗം സേവ് ചെയ്യുന്നതാ നല്ലതു.'' സർ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു വേഗം അവിടുന്ന് നടന്നു. ഒരു രണ്ടു മിനിറ്റെടുത്തു എനിക്കെന്റെ മനസ്സിനെ തിരിച്ചു പിടിക്കാൻ. വെറുതെ ചുറ്റും കണ്ണോടിച്ചപ്പോ മനസ്സിലായി എല്ലാരും സ്വന്തം കംപ്യൂട്ടറിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്. ഹോ ആരും കണ്ടില്ല സമാധാനം ആയി. ''നോക്കണ്ട ആരും കണ്ടില്ല.'' നോക്കിയപ്പോ ഫിദയാണ്. ''എന്താടീ???'' ഞാൻ ദേഷ്യപ്പെട്ടു. ''അല്ല കണ്ണിൽ കണ്ണിൽ നോക്കി നിക്കുന്നതൊന്നും ആരും കണ്ടില്ലാന്നാ പറഞ്ഞെ.'' അവൾ പറഞ്ഞാ കേട്ടപ്പോ ഞാനൊന്നു തിരിഞ്ഞു നോക്കി. ആഷി സർ പാത്തൂന് എന്തോ പറഞ്ഞു കൊടുക്കുവാണ്. ''തെണ്ടി, നിനക്ക് പരീക്ഷയൊന്നും എഴുതണ്ടേ, എന്നേം നോക്കി ഇരിക്കുവാണോ???'' ഞാൻ ചോദിച്ചു.

അവളെന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. മനസ്സിൽ ഞാൻ അവളേം കുറച്ചു തെറി പറഞ്ഞു വേഗം പ്രോഗ്രാം സേവ് ചെയ്തു സീറ്റിൽ നിന്നും എണീറ്റ് സാറിനോട് പറഞ്ഞു പുറത്തേക്കു നടന്നു. പുറത്തു ഷാനിയും ദിയയും ഉണ്ടായിരുന്നു. അവരോടു ഇച്ചിരി കത്തി വെച്ച് ക്ലാസ്സിലേക്ക് നടന്നു. അപ്പോളും ആഷി സാറിന്റെ മുഖമായിരുന്നു മനസ്സിൽ. ക്ലാസ്സിലെത്തിയപ്പോളേക്കും ഫിദയും പാത്തുവും ഓടി ഞങ്ങടെ അടുത്തെത്തി. ''അപ്പൊ പ്രാക്ടീസ് തുടങ്ങാം.'' ഫിദയാണ് പറഞ്ഞത്. ഞങ്ങൾ ആർട്സ് ഡേയ്ക്ക് ഒരു സ്കിറ്റ് അവതരിപ്പിക്കുന്നുണ്ട്. ഡാൻസും പാട്ടും അഭിനയവുമൊക്കെ ആയി ഒരു അടിപൊളി സ്കിറ്റ്. അതിന്റെ പ്രാക്ടീസ് ചെയ്യാൻ എല്ലാരും വന്നു. അന്ന് പ്രാക്റ്റീസും കളിയും ഒക്കെ ആയി ദിവസം തീർന്നു. രണ്ടു ദിവസം കഴിഞ്ഞു ആർട്സ് ഡേ വന്നു. പ്രശസ്ത ഗായിക മീര ആയിരുന്നു അതിഥി. ഓരോ പ്രോഗ്രാംസ് നടക്കുമ്പോളും കൂവലും കളിയുമായി ഞങ്ങൾ അടിച്ചു പൊളിച്ചു. സ്റ്റേജിൽ ഡാൻസ് കളിക്കുമ്പോൾ ഞങ്ങൾ താഴെ നിന്നു ഡാൻസ് കളിച്ചു.

ബോർ അടിക്കുമ്പോൾ കൂവി അവരെ ഓടിച്ചു. ഞങ്ങളെ സ്കിറ്റ് ആയിരുന്നു അടുത്ത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ മോഡേൺ ആക്കി ആയിരുന്നു ഞങ്ങൾ ചെയ്തത്. ജീൻസ്‌ ഇട്ട ദുഷ്യന്തനെയും മോഡേൺ ഡ്രസ്സ് ഇട്ട ശകുന്തളയെയും എല്ലാരും കയ്യടിയോടെ സ്വീകരിച്ചു. എല്ലാരും ചിരിച്ചു മറിയുന്നത് ഞങ്ങൾ സ്റ്റേജിൽ വച്ചു കണ്ടു. അവസാനം ഒരു ഡാൻസ് ആയിരുന്നു. ഞാനും ഷാനിയും സൈറയും പിന്നെ ഞങ്ങടെ ക്ലാസ്സിലെ മൂന്നു കുട്ടികൾ കൂടി ഉണ്ടായിരുന്നു. ''മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ... ആരോടും പറയരുതേ പ്രേമത്തിൻ ജീവ രഹസ്യം...'' എന്ന പാട്ടിന്റെ റീമിക്സ് ആണ് ഞങ്ങൾ കളിച്ചതു. കളിചോണ്ടിരിക്കുമ്പോ ഞാൻ കണ്ടു താഴെ എന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ആഷിയെ. എന്തോ ആ നിമിഷം ശകുന്തളയും ദുഷ്യന്തനും ഞാനും ആശിയുമാണെന്നു തോന്നിപ്പോയി. ''നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ...'' ആ വരികളിൽ ഞാൻ ഡാൻസ് കളിച്ചതു ആഷിയുടെ കൂടെ ആണെന്ന് തോന്നിപ്പോയി.

പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് ഞാൻ ബാക്കി കൂടി കളിച്ചു. ഓ എന്തൊരു ഡാൻസ് ആണ് എന്റെ ഫാദീ... നിന്നെ സമ്മതിച്ചിരിക്കുന്നു. പരിപാടി കഴിഞ്ഞു സ്റ്റേജിൽ നിന്നുമിറങ്ങിയതും ഞങ്ങളെ ക്ലാസ്സിലെ കുട്ടികളെല്ലാം വന്നു പൊതിഞ്ഞു. എല്ലാരും കൂടി വീണ്ടും സ്റ്റേജിലേക്ക് കേറി ഡാൻസ് ചെയ്തു. അപ്പോളേക്കും പ്രിൻസിപ്പലും ടീച്ചർമാരുമൊക്കെ ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കു പോയിരുന്നു. എല്ലാം കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി ഡ്രസ്സ് മാറി യൂണിഫോം എടുത്തിട്ടു. ആദ്യം തന്നെ പ്രിൻസിപ്പലിന്റെ ഓർഡർ ഉണ്ടായിരുന്നു കളർ ഡ്രസ്സ് ഇട്ടു കോളേജിന്റെ പുറത്തേക്കു പോവരുതെന്നു. എന്താ ചെയ്യാ അല്ലെ. സില്ലി ഓൾഡ് ജനറേഷൻ. ഡ്രസ്സ് മാറി ഫ്രണ്ട്‌സിന്റെ കൂടെ ക്യാന്റീനിൽ പോയി ഫുഡ്ഡും കഴിച്ചു ഓരോ ഐസ് ക്രീമും വാങ്ങി തിരിച്ചു ഓഡിറ്റോറിയത്തിൽ എത്തി. അവിടെ സമ്മാനങ്ങൾ ഒക്കെ കൊടുക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ കൈ അടിച്ചും കൂവിയും പുറത്തു നിന്നു. കാരണം ഐസ്ക്രീമും കൊണ്ട് അതിനകത്തേക്കു കേറിയാൽ പ്രിൻസിപ്പൽ ഞങ്ങളെ എടുത്തിട്ടടിക്കും..

. ''ടീ നോക്കിയേ അങ്ങോട്ട്.'' ദിയ എന്നെ മെല്ലെ നുള്ളികൊണ്ടു പറഞ്ഞു. നോക്കിയപ്പോ ആ ചാളമേരി ആഷി സാറിന്റേം റാഷി സാറിന്റേം നടുക്കിരുന്നു സൊള്ളുന്നു. എനിക്കതു കണ്ടപ്പോളേ ദേഷ്യം വന്നു. ''പടച്ചോനെ ആ ചാള റാഷി സാറിനെ കെട്ടിയാ മതി ആരുന്നു.'' ഞാൻ മോളിലോട്ടു നോക്കി പ്രാർത്ഥിച്ചു. ''പോടീ, റാഷി സാറിനെ ഞാൻ മാത്രേ കെട്ടൂ... ഇല്ലെങ്കിൽ സാറിനേം ആ പെണ്ണിനേം ഞാൻ തട്ടും.'' പാത്തു ആണത് പറഞ്ഞത്. ഞങ്ങടെ റന ഫാത്തിമ, സ്നേഹക്കൂടുതൽ കൊണ്ട് ഞങ്ങളവളെ ചുരുക്കി പാത്തുവാക്കി. അവൾക്കു മുന്നേ പറഞ്ഞ പോലെ സാറിനോട് മുഴുത്ത പ്രേമമാണ്. എന്നെ സാറിനു ഇഷ്ടമാണെന്നു പറയുന്ന പോലും അവൾക്കിഷ്ടമല്ല. ഏതായാലും ഞാനതിൽ ഹാപ്പി ആണ്. ''ടാ ഫാദീ, നിനക്ക് ഉമ്മാന്റെ ഫോൺ വന്നിരുന്നു..'' സനയാണ് ഞങ്ങടെ ക്ലാസ്സ്‌മേറ്റ്. ''എന്നാ പിന്നെ നിനക്കാ ഫോൺ ഇങ്ങോട്ടെടുത്തൂടായിരുന്നോ???'' ഞാൻ ദേഷ്യത്തോടെ അവളോട് ചോദിച്ചു. ''ആ എന്നിട്ടു വേണം ടീച്ചർമാർ കണ്ടിട്ടെനിക്ക് പണി കിട്ടാൻ. നിന്നോടൊന്നു അങ്ങോട്ട് വിളിക്കാൻ പറഞ്ഞു.'' എന്നും പറഞ്ഞു

അവൾ ഓഡിറ്റോറിയത്തിലേക്ക് കേറി. എന്റെ ഫോണിൽ അവളുടെ ജാബിർക്കാനോടു സൊള്ളീട്ടുള്ള വരവാണ്. ഞാൻ പോയി ഉമ്മാനെ വിളിച്ചു. ''ആഹ് ഉമ്മ എന്തിനാ വിളിച്ചേ??'' ''ആഹ് മോളെ നീ ഇന്ന് ക്ലാസ് കഴിഞ്ഞാൽ ശരീഫ്ക്കാന്റെ വീട്ടിലേക്കു വന്നാ മതി കേട്ടോ. ഇന്നവിടെയാ നമുക്ക് രാത്രി ഭക്ഷണം. എല്ലാരും വരുന്നുണ്ട്.'' ഉമ്മ പറഞ്ഞ കേട്ടപ്പോ എനിക്ക് സന്തോഷമായി. എന്റെ എല്ലാ കസിന്സും ഉണ്ടാവും, അടിച്ചു പൊളിക്കാം. പക്ഷെ പെട്ടെന്നെന്റെ നെഞ്ചിൽ ഒരു പിടിത്തം വന്നു. ''അയ്യോ, നമുക്കൊരുമിച്ചു പോവാം ഞാൻ വീട്ടിൽ വന്നിട്ട്.'' ഞാൻ വേഗം പറഞ്ഞു. ''നിന്റെ പേടി ഇത് വരെ മാറിയില്ലല്ലോ എന്റെ മോളെ. റോഡ് ക്രോസ്സ് ചെയ്യൽ വല്യ മെനക്കെട്ട പണി ഒന്നും അല്ലല്ലോ, പിന്നെന്താ...'' എന്നും പറഞ്ഞു ഉമ്മ ചിരിച്ചിട്ട് ഫോൺ വച്ചു. ആഹ് ഉമ്മാക്കതൊക്കെ പറയാം. ശരീഫ്ക്ക എന്റെ ഉമ്മാന്റെ ഇക്കാക്കയാണ്. താമസിക്കുന്നത് അഴീക്കോടും. കോളേജ് ബസ് ഇറങ്ങി ഒരു പത്തിരുപതു മിനിട്ടു നടന്നാൽ അവരുടെ വീട്ടിലെത്താം. പക്ഷെ പ്രശ്നം അതല്ല.

അവരുടെ വീട്ടിലേക്കു പോണമെങ്കിൽ ബസ് ഇറങ്ങിയ സ്ഥലത്തു നിന്നു റോഡ് മുറിച്ചു കടന്നു അപ്പറത്തേക്കു പോണം. അതും നാഷണൽ ഹൈവേ. വൈകുന്നേരം നല്ല ചീറിപ്പായുന്ന വണ്ടികൾ ഉണ്ടാവും. ഒരു സീബ്രാ ക്രോസിങ് പോലും ഇല്ല. നമ്മുടെ നാട് ഭരിക്കുന്നവരുടെ ഗുണം. എനിക്കാണെങ്കിൽ ഈ റോഡ് ക്രോസ്സ് ചെയ്യാ എന്ന് പറയുന്നത് ശ്രീശാന്തിനെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെടുക്കുന്ന പോലെ ആണ്, നടക്കൂല. പോവാതിരിക്കാനും തോന്നുന്നില്ല. ശരീഫ്ക്കാക്കു രണ്ടു പെണ്മക്കൾ ആണ്, രണ്ടും എന്റെ കട്ട ഫ്രണ്ട്സ് ആണ്. രണ്ടും കൽപ്പിച്ചു പോവാമെന്നു വിചാരിച്ചു. എന്റെ ഫ്രണ്ട്സ് ആരും ആ സ്റ്റോപ്പിൽ ഇല്ല. ഫ്രണ്ട്സ് എന്നല്ല ബസിൽ ആരും അവിടെ ഇറങ്ങാറില്ല. മുമ്പൊരിക്കൽ ഞാൻ അവിടെ ഇറങ്ങീട്ടു പെട്ടതാ. സ്കൂൾ വിടുന്ന സമയം ആയോണ്ട് ഓട്ടോ പോലും കിട്ടിയില്ല. അവസാനം ഉപ്പാനെ വിളിച്ചു അരമണിക്കൂർ കാത്തു നിന്നാണ് ഞാൻ പോയത്. എന്തൊരു നാണക്കേടാ ഫാദീ... ആഷി സാറെങ്ങാനും കേട്ടാൽ തീർന്നു. ഇന്നുപ്പാനെ വിളിച്ചിട്ടും കാര്യമില്ല. ഉപ്പ രാവിലെ കോഴിക്കോട് പോയതാ മീറ്റിംഗിന്.

ആറ് മണി ആവും തിരിച്ചു വരാൻ. ഫ്രണ്ട്സിനോട് പറഞ്ഞപ്പോ തന്നെ അവര് ചിരി തുടങ്ങി. ക്ലാസ് കഴിഞ്ഞു ബസ് കേറിയപ്പോ തൊട്ടു പ്രാർത്ഥിക്കാൻ തുടങ്ങി ആരെങ്കിലും ആ സ്റ്റോപ്പിൽ ഉണ്ടാവണേ എന്ന്. പക്ഷെ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടില്ല. ഞാൻ മാത്രമേ ഇറങ്ങിയുള്ളു അതിൽ നിന്നും. എന്റെ ഫ്രണ്ട്സ് എന്നെ നോക്കി ചിരിക്കുന്നുണ്ട്. അവരെ തെറിയും വിളിച്ചു ഞാൻ മുമ്പോട്ടു നോക്കി നിന്നു. അലവലാതികൾ നിന്നെയൊന്നും ഇനി ഞാൻ തിരിഞ്ഞു കൂടി നോക്കില്ല. ഞാൻ ജീവൻ കയ്യിൽ പിടിച്ചു മുമ്പിലൂടെ പായുന്ന വണ്ടികളിലേക്കു നോക്കി നിന്നു. പടച്ചോനെ കാത്തോളീന്നും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോ ബസ് പോണത് കണ്ടു. ആ ഇനി ആരുടേലും കയ്യീന്ന് തെറി കേട്ടാലും കുഴപ്പമില്ല, ആരും കാണില്ലല്ലോ. ഞാൻ വേഗം മുന്നോട്ടു നടന്നു. ഒരു നാലടി വച്ചതും ഹോൺ അടിച്ചു ഒരു കാർ എന്റെ നേരെ വന്നതും ഒരുമിച്ചായിരുന്നു. എന്റെ ബോധം പോവുമെന്നെനിക്കു തോന്നി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story