ഒരു ചില്ലറ പ്രേമം: ഭാഗം 8

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

കണ്ണ് തുറന്നപ്പോ ചുറ്റും നീലയും വെള്ളയും നിറത്തിൽ ഒഴുകി നടക്കുന്ന മേഘങ്ങൾ. ഞാൻ ആരുടെയോ മടിയിൽ കിടക്കുന്നു. ആരാണെന്നു നോക്കിയപ്പോ നമ്മളെ മൊഞ്ചൻ തന്നെ. ആഷി എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടുന്നു. ഞാനാ നെഞ്ചിലേക്ക് കുറേക്കൂടി ചേർന്ന് കിടന്നു. ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നും പറഞ്ഞു ഞാൻ എന്റെ കണ്ണുകളടച്ചു. അപ്പൊ ഞാൻ മരിച്ചു പോയോ. ഇല്ലെങ്കി ഇങ്ങനൊരു കാഴ്ച കാണോ.. പടച്ചോനെ എന്നോടിത് വേണ്ടായിരുന്നു. ഷഫീക്കാറ്റാന്റെ വീട്ടിൽ പോയി ആ ഫുഡ് അടിക്കാൻ പോലും സമ്മതിച്ചില്ലല്ലോ... ''ഓ വണ്ടി ഇടിക്കാൻ പോവുന്ന കണ്ടു വട്ടായീന്നു തോന്നുന്നു.'' ആരോ പറയുന്ന കേട്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു. ''ചുറ്റും ആൾക്കാർ കൂടി നിക്കുന്നു.'' ഞാൻ ആരുടെയോ മടിയിൽ ആണുള്ളത്. ''ഫദീഹ തനിക്കെന്തെലും പറ്റിയോ..'' ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കിയപ്പോ ആഷി. ഞാൻ കണ്ണ് രണ്ടും ഒന്നൂടി അമർത്തി തുടച്ചു കൊണ്ട് വീണ്ടും നോക്കി. അതെ ആഷി തന്നെ. ഞാനിപ്പോ സാറിന്റെ നെഞ്ചിൽ തല വച്ച് നിലത്തു കിടക്കുന്നു.

ഇങ്ങനൊരു സീൻ പലവട്ടം സ്വപ്നം കണ്ടിട്ടുണെകിലും ഇതുപോലെ നാട്ടുകാരുടെ നടുക്ക് അതും നടു റോഡിൽ വച്ച് നടക്കുമെന്ന് ഒരിക്കെലും വിചാരിച്ചിരുന്നില്ല. ''ഫദീഹ എന്തെങ്കിലും പറ്റിയോ???'' നോക്കിയപ്പോ ദേ നിക്കുന്നു റാഷിക് സർ മുന്നിൽ. ഇതെവിടുന്നു വന്നോ ആവോ. ''വണ്ടി പെട്ടെന്ന് കണ്ടപ്പോ പേടിച്ചു ബോധം പോയതാന്നാ തോന്നുന്നേ. മോളെ എണീക്കാൻ ബുദ്ധിമുട്ടുണ്ടോ???'' കൂടി നിന്നവരിൽ ആരോ ചോദിച്ചതും ഞാൻ വേഗം എണീറ്റു. ''ഇല്ല. എനിക്ക് കുഴപ്പമൊന്നും ഇല്ല.'' ഞാൻ എന്റെ മേലുള്ള പൊടിയൊക്കെ തട്ടിക്കളഞ്ഞു കൊണ്ട് പറഞ്ഞു. ''എന്നാലും എന്റെ കൊച്ചെ പോത്തു പോലെ ആയിട്ടും റോഡ് മുറിച്ചു കടക്കാൻ പഠിച്ചില്ലേ???'' കൂട്ടത്തിൽ തല മൂത്തൊരു ചേട്ടൻ ചോദിച്ചു. ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ആഷി സാറിനെ നോക്കി. ആൾടെ മുഖത്തെ ഭാവമെന്താന്ന് എനിക്ക് മനസ്സിലായില്ല. ''എവിടുന്നു, ബോധം ഇല്ലാത്തപ്പോളും ഫുഡിനെ പറ്റി അല്ലെ പറഞ്ഞോണ്ടിരുന്നേ..'' കൂട്ടത്തിൽ കിളിക്കൂട് പോലെ മുടിയുള്ള ഒരു ഫ്രീക്കൻ പറഞ്ഞു. അത് കേട്ട് ആഷി സാറും റാഷി സാറും അടക്കം എല്ലാരും ചിരിച്ചു. ''നീ പോടാ മുടിയാ.. നീ ഫുഡ് കിട്ടാതെ ചാവും... ഓ വേണ്ട ചാവണ്ട, പാവം. നിന്റെ മുടി എല്ലാരും കൂടി മൊട്ട അടിക്കും.'' ഞാൻ മനസ്സിൽ പറഞ്ഞു.

എല്ലാരും പിരിഞ്ഞു പോയി. ആകെ ചമ്മി നാണം കെട്ടു. ശോ ഇനി ആഷിയുടെ മുഖത്തെങ്ങിനെ നോക്കും. അതിനിടക്ക് ഈ റാഷി സർ എവിടുന്നു വന്നു ആവോ. ''എന്താടോ, നോക്കി നടക്കണ്ടേ.. ആഷി സമയത്തു വന്നത് കൊണ്ട് ഞാനും താനും രക്ഷപ്പെട്ടു.'' റാഷി സർ പറഞ്ഞ കേട്ട് ഞാൻ ആഷി സാറിനെ സംശയത്തോടെ നോക്കി. ''അതേടോ ആഷി തന്നെ പിന്നോട്ട് വലിച്ചില്ലായിരുന്നെങ്കിൽ താൻ മോളിലോട്ടും ഞാൻ ജയിലിലോട്ടും പോയേനെ. അതിനു മുന്നേ നാട്ടുകാർ എടുത്തു എന്നെ പഞ്ഞിക്കിട്ടേനെ.'' റാഷി സർ ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ അപ്പോൾ നടന്നതൊന്ന് റീവൈൻഡ് ചെയ്തു നോക്കി. പേടിച്ചിട്ടാണെങ്കിലും ഞാൻ മുന്നോട്ടു നടന്നു. പെട്ടെന്നാണ് ഹോൺ അടി കേട്ടത്. നോക്കിയപ്പോ ഒരു കാറ് എന്റെ നേരെ പാഞ്ഞു വരുന്നു. അപ്പൊ അത് റാഷി സാറിന്റെ കാർ ആയിരുന്നു. കാർ നല്ല സ്പീഡിൽ ആയിരുന്നു. അത് കണ്ടപ്പോ തന്നെ ഉറപ്പിച്ചിരുന്നു എന്റെ കാര്യത്തിൽ ഒരു തീരുമാനം അയീന്നു. ഓടണമെന്നു വിചാരിച്ചിട്ടും കാലു മുന്നോട്ടു നീങ്ങിയില്ല. പേടിച്ചു കണ്ണടച്ച് നിന്നു.

അപ്പൊ ഉമ്മാന്റേം ഉപ്പാൻറേം മുഖമാണ് ഓർമ്മ വന്നേ. പാവങ്ങൾ ഞാനില്ലാണ്ടായാൽ അവരെന്തു ചെയ്യും. ഓർത്തപ്പോ തന്നെ കരച്ചില് വന്നു. പെട്ടെന്നാണ് ആരോ എന്റെ കൈ പിടിച്ചു പിന്നോട്ട് വലിച്ചതു നെഞ്ചിലേക്ക് അമർത്തിയത്. കണ്ണ് തുറന്നു നോക്കുന്നേനു മുന്നേ എന്റെ ബോധം പോയിരുന്നു. അപ്പൊ ആഷി സർ ആണ് എന്നെ രക്ഷിച്ചത്. ഞാൻ സാറിനെ ഇടം കണ്ണിട്ടു നോക്കി. ആള് രണ്ടു കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്കുകയാണ്. മുഖത്ത് ദേഷ്യമാണെങ്കിലും ആ കണ്ണിൽ നല്ലോണം പേടിച്ച പോലെ ഉണ്ടായിരുന്നു. ''താങ്ക്യൂ സർ. സാറിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ.'' ഞാൻ ആഷി സാറിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ''തനിക്കെല്ലാം തമാശ ആണോ... താൻ എവിടെ നോക്കി നടക്കുവായിരുന്നു.... മുഖത്ത് രണ്ടു ഉണ്ട കണ്ണുണ്ടല്ലോ അതവിടെ ഡെക്കറേഷന് വേണ്ടി വച്ചതാണോ. തമാശ കളിക്കാൻ ഉള്ളതാണോ ജീവൻ. പേടി ആണെങ്കിൽ ആരെയെങ്കിലും കൂടെ കൂട്ടി ക്രോസ്സ് ചെയ്യാരുന്നില്ലേ...'' ആഷി സാർ പൊട്ടിത്തെറിച്ചോണ്ടു ചോദിക്കാൻ തുടങ്ങി.

ഞാൻ ആഷി സാറിന്റെ മുഖത്തോട്ടു നോക്കി വായും തുറന്നു നിന്നു. സാറ് പിന്നേം എന്തൊക്കെയോ പറഞ്ഞു. ''പോട്ടെടോ അറിയാതെ പറ്റിയതല്ലേ.'' റാഷി സർ പറഞ്ഞപ്പോളാണ് ആഷി സാറിന് സ്ഥലകാല ബോധം വന്നത്. ''സോറി ഞാൻ പെട്ടെന്ന് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.'' എന്റെ മുഖത്ത് നോക്കി സാർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ എന്റെ കണ്ണ് തുടച്ചു. പടച്ചോനെ എന്റെ കണ്ണിൽ കണ്ണീരോ??? ആഹ് വരുമല്ലോ. എന്നെ എന്റെ ഉപ്പ പോലും ഇത്രേം ചീത്ത പറഞ്ഞിട്ടില്ല. സങ്കടം തോന്നിയെങ്കിലും സാറിനു എന്നോട് എന്തോ ഒരുതുണ്ടു ഇല്ലെങ്കി ഇങ്ങനെ ടെൻഷൻ ആവില്ലല്ലോ. ''ഏതായാലും ഒന്നും പറ്റിയില്ലല്ലോ.. അൽഹംദുലില്ലാഹ്..'' റാഷി സാർ പറഞ്ഞു. ആദ്യമായി റാഷി സാർ അടുത്ത് നിന്നു സംസാരിക്കുമ്പോ സാറിന്റെ നോട്ടത്തിലും പെരുമാറ്റത്തിലും എനിക്കൊരു പ്രശ്നവും തോന്നിയില്ല. ചിലപ്പോ ആഷി സാർ ഉള്ളോണ്ടായിരിക്കും. ''നിങ്ങൾ എങ്ങോട്ടാ, ഞാൻ കൊണ്ട് വിടണോ???'' റാഷി സർ ചോദിച്ചു. ''വേണ്ട..'' ഞാനും ആഷിയും ഒരുമിച്ചു പറഞ്ഞു. ഞങ്ങൾ പരസ്പരം അത്ഭുതത്തിൽ നോക്കി, പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു. ''ശരി ഞാൻ പോട്ടെ, ഒരു ഫ്രണ്ട് കാത്തു നിക്കുന്നുണ്ട്.'' എന്നും പറഞ്ഞു റാഷി സർ ഞങ്ങളെ രണ്ടാളെയും നോക്കീട്ടു പോയി.

സാറിന്റെ കാർ പോയതും ആഷി സാർ എന്നെ ഒന്ന് നോക്കി.. ഓ ആ മുഖത്തെ ദേഷ്യം കണ്ടപ്പോ ഞാൻ ഉരുകി പോവുമെന്ന് തോന്നി. ''തനിക്കെല്ലാം കുട്ടിക്കളി ആണല്ലേ...'' സാർ ചോദിച്ചപ്പോ സമാധാനമായി. സംസാരിക്കാൻ പേടിച്ചിരിക്കുവായിരുന്നു. ''അയ്യോ അല്ല സാർ. ഞാൻ ഉമ്മാനോട് അപ്പോളേ പറഞ്ഞതാ എന്നേം കൂട്ടി പോയാ മതിയെന്ന്. അതിനു ഇക്കാനെ കിട്ടിയാ പിന്നെ അനിയത്തിക്ക് മോളെ പോലും വേണ്ടാ. അതോണ്ടുമ്മ രാവിലെ തന്നെ പോയി പിന്നെ ഉപ്പ കോഴിക്കോട് പോയൊണ്ട് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ പേടി ആയോണ്ട് ആറ്റാന്റെ വീട്ടിലേക്കു പോണ്ടാന്ന് വിചാരിച്ചതാ. പിന്നെ കസിൻസിനെയും ഫുഡും ആലോചിച്ചപ്പോ പോവാതിരിക്കാൻ തോന്നിയില്ല.'' ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. സാറിനെ നോക്കിയപ്പോ ദാ മുഖത്തൊരു ചിരിയും ഫിറ്റു ചെയ്തു എന്നെ അത്ഭുതത്തോടെ നോക്കുന്നു. ''ഒന്ന് ശ്വാസം വിടുവോ പ്ളീസ്. കേട്ടിട്ടെനിക്ക് ശ്വാസം മുട്ടുന്നു. ഇതെങ്ങിനെ സാധിക്കുന്നെടോ ഇങ്ങനെ സംസാരിക്കാൻ. റേഡിയോ പോലും തോറ്റു പോവും.''

സാർ പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. ''തനിക്കെങ്ങോട്ടാ പോണ്ടത്.'' ഞാൻ പോണ്ട സ്ഥലം പറഞ്ഞു കൊടുത്തു. ''ആഹാ ഞാനും ആ വഴിക്കാ. വാ നടക്ക്.'' എന്നും പറഞ്ഞു സാർ റോഡ് മുറിച്ചു കടക്കാൻ നിന്നു. ഞാൻ വേഗം പിന്നാലെ ചെന്നു. സാർ വണ്ടി ഒന്നും വരുന്നില്ലെന്ന് നോക്കി നടക്കാൻ തുടങ്ങി. ഞാനും കൂടെ തന്നെ നടന്നു. നടുക്കെത്തിയപ്പോ ഞങ്ങൾ ഡിവൈഡറിന്റെ മോളിൽ കേറി നിന്നു. കാരണം ആ റോഡിൽ വണ്ടികൾ കൂടുതലായിരുന്നു അതും നല്ല സ്പീഡിൽ. ഞാൻ സാറിനെ നോക്കി നിന്നു. ഇത് പോലെ ജീവിത കാലം മുഴുവൻ കൂടെ നടക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായേനെ. റോഡ് മുറിച്ചു കടക്കാൻ അറിയാത്തതിൽ ആദ്യമായി എനിക്ക് സന്തോഷം തോന്നി. ഓരോന്ന് ചിന്തിച്ചു സ്വപ്നം കണ്ടു ഞാൻ നിന്നപ്പോൾ സാർ മുന്നോട്ടു നടക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല. ''ടോ താൻ വരുന്നില്ലേ...'' എന്ന ശബ്ദമാണ് എന്നെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അപ്പോളേക്കും സാർ അപ്പറത്തെ സൈഡിൽ എത്തിയിരുന്നു. ഫാദീ നിന്റെ ഒരു കാര്യം..

ഞാൻ വേഗം നടക്കാൻ തുടങ്ങിയപ്പോ വീണ്ടും വണ്ടികൾ വരാൻ തുടങ്ങി. ഞാൻ തിരിച്ചു ഡിവൈഡറിന്റെ മോളിൽ കേറി നിന്നു. സാർ താടിക്കു കയ്യും കൊടുത്തു ഇതെവിടുന്നു വന്നെടേയ് എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാനൊരു അവിഞ്ഞ ചിരി പാസ് ആക്കി. ഇല്ല ഇനി സാറിന്റെ മുന്നിൽ നാണം കെടാനില്ല. ഞാൻ വേഗം റോഡിലേക്കിറങ്ങാൻ നോക്കിയതും ഒരു ബൈക്ക് ഹോൺ അടിച്ചു എന്നെ തട്ടാതെ പോയി. സാർ ''ഫാദി'' എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. ആദ്യമായാണ് സാർ എന്നെ ഫാദീ എന്ന് വിളിക്കുന്നത്. അത് കേട്ടപ്പോ ആ ബൈക്കുകാരന് ഞാനൊരു ഫ്ലയിങ് കിസ് കൊടുത്തു, മനസ്സിൽ ആണെന്ന് മാത്രം. ആ ബൈക്കുകാരൻ എന്തൊക്കെയോ നല്ല വാക്കുകൾ പറഞ്ഞത് എന്റെ കാതിൽ വീണു. പോട്ടെ മാന്യനാണ് തല്ലിയില്ലല്ലോ... ആഷി സാർ എന്റെ നേരെ നടന്നു വന്ന്, എന്റെ കൂടെ നിന്നു. ഞാൻ വീണ്ടും ചമ്മി തല താഴ്ത്തി നിന്നു. എന്റെ ഫാദി നിന്നെ എന്താ ചെയ്യണ്ടേ. ചമ്മലുകൾ ഏറ്റു വാങ്ങുവാൻ നിന്റെ ജീവിതം ഇനിയും ബാക്കി.

തലപൊക്കി നോക്കിയപ്പോ സാർ അതാ എന്നെ നോക്കി പുഞ്ചിരിച്ചോണ്ടു നിക്കുന്നു. അല്ല അത് പുഞ്ചിരി അല്ല ആക്കിയ ചിരി ആയിരുന്നു. ''വയറു നിറച്ചു കിട്ടിയില്ലേ... ഇനി പോവാം... നടക്ക്'' എന്നും പറഞ്ഞു സാർ മുന്നോട്ടു നടക്കാൻ തുടങ്ങി. പ്ലിങ്ങിയ ചിരിയും ചിരിച്ചു ഞാൻ പിന്നാലെ നടന്നു. ''വേഗം നടക്കെടോ'' എന്നും പറഞ്ഞു സാർ എന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ഞാൻ ഷോക്ക് അടിച്ചു ചത്ത കാക്കയുടെ ഭാവത്തോടെ കൂടെ നടന്നു. ഉള്ളിൽ എന്തോ നല്ല സന്തോഷവും സുരക്ഷിതത്വവുമൊക്കെ തോന്നി. ''ഇത്രേ ഉള്ളു. ഇതിനല്ലേ താൻ നേരത്തെ അത്രേം സീൻ ആക്കിയത്.'' സാർ എന്നെ നോക്കി പറഞ്ഞു. അപ്പോളും ഞാൻ സാർ പിടിച്ച കയ്യിൽ നോക്കി അത്ഭുതത്തോടെ നിക്കുകയായിരുന്നു. അത് കണ്ടപ്പോ സാർ എന്റെ കയ്യിൽ നിന്നും വിട്ടു. ''സോറി ഞാൻ പെട്ടെന്ന്.. അറിയാതെ...'' ''ഓ അതിനെന്താ സർ, എന്നായാലും പിടിക്കേണ്ടതല്ലേ...'' അറിയാണ്ടെന്റെ വായിൽ നിന്നും അങ്ങനെ വീണപ്പോൾ സാർ കണ്ണ് കൂർപ്പിച്ചു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും പ്ലിങ്ങി.

എന്താ ചെയ്യാ ഞാനിങ്ങനെ ആയിപ്പോയി. ''അല്ല, സാർ എങ്ങനെ ഇവിടെത്തി ഞാൻ ഇറങ്ങിയപ്പോ കണ്ടില്ലല്ലോ??? പിന്നെ സാറിന്റെ ബൈക്ക് എവിടെ??? എന്നും അതിലല്ലേ വരാറ്.'' വിഷയം മാറ്റാൻ ഞാൻ വേഗം ചോദിച്ചു. ''അത്.. അത് ഞാൻ പിന്നിൽ ഉണ്ടായിരുന്നു. ഇറങ്ങാൻ ലേറ്റ് ആയി. പിന്നെ ബൈക്ക് കോളേജിൽ തന്നെ ഉണ്ട്. അതിനെന്തോ പ്രശ്നം സ്റ്റാർട്ട് ആയില്ല. മെക്കാനിക്കിനോട് പറഞ്ഞിട്ടുണ്ട്.'' സാർ പറഞ്ഞു. സാർ എന്തോ ഉരുണ്ടു കളിക്കുന്ന പോലെ തോന്നി. ആഹ് എന്തോ ആവട്ടെ.. എനിക്ക് സാറിന്റെ കൂടെ നടക്കാൻ ചാൻസ് കിട്ടിയല്ലോ.. ഞങ്ങൾ മുന്നോട്ടു നടക്കാൻ തുടങ്ങി. ഞാൻ സാറിനോട് ഓരോന്ന് സംസാരിച്ചോണ്ടേ ഇരുന്നു. സാർ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അതിനിടക്ക് സാറിന്റെ ഫോൺ അടിച്ചു. ഫോൺ എടുത്തു ആരോടോ ''ഇല്ല കുഴപ്പമില്ല. ഞാൻ വന്നോള്ളാം.. നിങ്ങ ടെൻഷൻ ആകേണ്ട..'' എന്നൊക്കെ പറഞ്ഞു ഫോൺ വച്ചു. എന്റെ നോട്ടം കണ്ടിട്ടാവണം അതെന്റെ ഏട്ടനാണ് എന്ന് പറഞ്ഞു. ''സാറിനു എത്ര സഹോദരീസഹോദരന്മാർ ഉണ്ട്.;; ഞാൻ ചോദിച്ചപ്പോ സാറെന്നെ വീണ്ടും നോക്കി പേടിപ്പിച്ചു. ''എനിക്കൊരു ഇക്കയും ഇത്തയും ഒരനിയത്തിയും ഉണ്ട്.'' സാർ പറഞ്ഞു. ''ആഹാ വലിയ കുടുംബമാണല്ലേ...

എനിക്കും ഭയങ്കര ഇഷ്ടമാ വല്യ കുടുംബം...'' ഞാൻ പറഞ്ഞു. ''തനിക്കെന്താ സഹോദരങ്ങൾ ഇല്ലാത്തെ??? ഒറ്റ മോളായി വിലസാൻ ആണോ.'' സാർ ചോദിച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞു വന്നു. ''അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതാ... അപ്പോളേക്കും വിഷമം ആയോ.'' സാർ പറഞ്ഞു. ''ഏയ് ഇല്ല സാർ. പത്തു വര്ഷം മുന്നേ മൂന്നു വട്ടം എനിക്ക് ഒരു കൂട്ട് വരാൻ പോണു എന്നുള്ള സന്തോഷം ഞാൻ അനുഭവിച്ചതാ.. ഒരനിയനെ ആയിരുന്നു എനിക്ക് വേണ്ടീരുന്നത്. കൂടെ കളിക്കാനും അടി കൊയ്യാനും വേണ്ടി വന്നാൽ ഭാവിയിൽ എനിക്ക്ക്ഷെ വേണ്ടി എന്നെ ശല്യപ്പെടുത്തുന്നവരെ അടിക്കാനും ഒക്കെ ആയി ഒരു അനിയൻ. ആദ്യം മൂന്നു മാസം ഉള്ളപ്പോളും രണ്ടാമത് ആറു മാസം ഉള്ളപ്പോളും പിന്നെ ജനിച്ചു ഒരു ദിവസം ഉള്ളപ്പോളും എനിക്കാ സന്തോഷം നഷ്ടമായി. ഇനി ശ്രമിച്ചാൽ എന്റെ ഉമ്മയെ ചിലപ്പോ നഷ്ടപ്പെടും എന്ന് ഡോക്ടർ പറഞ്ഞപ്പോ ഉപ്പ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ആണായും പെണ്ണായും നമ്മൾക്കിവള് മതി എന്ന്. അന്ന് തൊട്ട് ഞാൻ അവരെ മോനും മോളും ഒക്കെ ആണ്.

വേറാരും ഇല്ലാത്തോണ്ട് സ്വയം സംസാരിക്കാൻ തുടങ്ങി. അതാ ഞാൻ ഇങ്ങനെ ആയിപ്പോയത്. എന്റെ ഉമ്മയും ഉപ്പയും സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല. ഞാൻ കരഞ്ഞാൽ അവരുടെ നെഞ്ച് പൊട്ടും അതോണ്ട് എനിക്ക് കരയാൻ ഇഷ്ടമല്ല.'' ഞാൻ പുഞ്ചിരിച്ചു കൊണ്ട് സാറിനെ നോക്കി പറഞ്ഞു. സാർ എന്റെ മുഖത്ത് നോക്കി എന്റെ കണ്ണ് തുടച്ചു. ''തനിക്കീ ഭാവം തീരെ ചേരില്ല. റേഡിയോ ഓൺ ചെയ്തു വച്ചേക്കു ഓഫ് ആക്കണ്ട..'' സാർ ചിരിച്ചോണ്ട് പറഞ്ഞു. അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. ഞങ്ങൾ മുന്നോട്ടു നടന്നു. അവിടെ ഐസ് ക്രീം ഷോപ് കണ്ടതും ഞാൻ ''ഐസ് ക്രീം'' എന്നും പറഞ്ഞു അങ്ങോട്ട് നടന്നു. ''ആഷി സാർ ഏതാ വേണ്ടേ???'' ഞാൻ വിളിച്ചു ചോദിച്ചു. ''എനിക്ക് വേണ്ട.'' സാർ പറഞ്ഞു. ''പടച്ചോനെ ഐസ് ക്രീം വേണ്ടന്നോ...'' ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചതും സാറെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. വേറൊന്നും അല്ല ആ ചോദ്യം സാർ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാരും കേട്ടു. എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു. ഞാൻ മെല്ലെ നടന്നു സാറിന്റെ അടുത്തെത്തി.

''സാർ ഐസ് ക്രീം ആരോഗ്യത്തിന് നല്ലതാ... മൂട് ശരിയാക്കാൻ അത് കഴിഞ്ഞേ വേറെന്തും ഉള്ളൂ.'' ''ചോക്ലേറ്റ്...'' പിന്നേം ഞാനെന്തൊക്കെയോ പറഞ്ഞപ്പോ സാർ കൈകൂപ്പി എന്നോട് പറഞ്ഞു. ''ഞാൻ ചിരിച്ചോണ്ട് അയാളോട് രണ്ടു ചോക്ലേറ്റ് എന്ന് പറഞ്ഞു.'' അപ്പോളേക്കും സാർ പൈസ കൊടുക്കാൻ പോയി. ''സാർ കൊടുക്കല്ലേ, ഞാൻ കൊടുത്തോളാം. അങ്ങനെ എങ്കിലും അന്നത്തെ മുപ്പതു രൂപേടെ കടം ഞാൻ തീർത്തോട്ടെ...'' എന്നും പറഞ്ഞു ഞാൻ വേഗം പൈസ കൊടുക്കാൻ നോക്കി... ''ഞാൻ പല വട്ടം തന്നിട്ടും സാർ എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയില്ലല്ലോ... അതെന്താ???'' ഞാൻ ചോദിച്ചു. ''അന്ന് കണ്ടപ്പോ ഞാൻ തന്റെ അദ്ധ്യാപകൻ അല്ലാരുന്നല്ലോ. അത് പോലെ ആവുമ്പോൾ ഞാൻ വാങ്ങിക്കോളാം...'' എന്നും പറഞ്ഞു സാർ തന്നെ പൈസ കൊടുത്തു. ''താൻ അവിടെ ഇരിക്ക്. ഞാൻ ഇപ്പൊ വരാം'' എന്നും പറഞ്ഞു സാർ അവിടെ നിന്ന ഒരാളോട് സംസാരിക്കാൻ പോയി. ഞാൻ വേഗം പോയി ഐസ് ക്രീം വാങ്ങി തിരിഞ്ഞതും അതാരുടെയോ മേൽ ആയി. ''ഓ ഐ ആം വെരി സോറി. ഞാൻ പെട്ടെന്ന് കണ്ടില്ല.'' എന്നും പറഞ്ഞു ആളുടെ മുഖത്തേക്ക് നോക്കിയതും എന്റെ കിളി പോയി. പടച്ചോനെ ഇത് അവനല്ലേ... ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി. അതെ ദിത് ലവൻ തന്നെ...

മോളെ ഫാദീ നീ ഇന്ന് ആരെയാടീ കണി കണ്ടത്. പട പേടിച്ചു പന്തളത്തു പോയപ്പോ അവിടെ ദേ നിക്കുന്നു പന്തോം കൊളുത്തി കൊണ്ടൊരു ചെകുത്താൻ... ''ആഹ് ഇതാര് ഫാദി മോളോ?? സുഖല്ലേ ചക്കരേ.. നിന്നെ കണ്ടിട്ട് എത്ര ആയി...'' എന്നും പറഞ്ഞു അവൻ എന്റെ നേരെ വന്നു. ''സോറി ഞാൻ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ...'' ഞാൻ പിന്നോട്ട് നടന്നോണ്ടു പറഞ്ഞു. ''അന്ന് എനിക്കും അബദ്ധം പറ്റിയതാണെന്ന് ഞാനും പറഞ്ഞതല്ലേ... എന്നിട്ടും നീ എന്റെ മുഖത്തടിച്ചില്ലേ... അപ്പൊ അതിനൊരു പകരം വീട്ടൽ വേണ്ടേ... ഇത്ര സുന്ദരമായ മുഖത്തൊരു അടി കൊടുത്താൽ എങ്ങനെ...???'' അവൻ അവന്റെ ഫ്രണ്ട്സിനോട് ചോദിച്ചു. ''ഏയ് അത് വേണ്ടെടാ... ഒരുമ്മ കൊടുത്തേക്കു, അതാവുമ്പോ കിട്ടുമ്പോ അവൾക്കും കൊടുക്കുന്ന നിനക്കും ഒരു സന്തോഷം ഉണ്ടാവും.'' അവന്റെ കൂടെ ഉണ്ടായിരുന്ന ഏതോ ഒരു തെണ്ടി പറഞ്ഞു. ഞാൻ ചുറ്റുപാടും നോക്കി ആഷി സാറിനെ എവിടേം കാണുന്നില്ല. ഇനി ഫ്രണ്ടിന്റെ കൂടെ പോയോ ആവോ... പടച്ചോനെ നീ തന്നെ തുണ...

''ആഹാ എന്നാ നിന്റെ ആഗ്രഹം പോലെ തന്നെ ആയിക്കോട്ടെ.'' എന്നും പറഞ്ഞവൻ എന്റെ അടുത്തേക്ക് നടന്നു വന്നു. ''നീ പോടാ, എന്റടുത്തു വന്നാൽ നീ രണ്ടു കാലിൽ തിരിച്ചു പോവില്ല.'' ഞാൻ ആഷി സാർ വന്നെന്നെ രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ പറഞ്ഞു... അപ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത്.. ആഷി സാർ ഫ്രണ്ടിനെ യാത്രയാക്കാൻ അയാളുടെ കാറിനടുത്തു നിക്കുന്നു. സാർ ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ല. എന്റെ കണ്ണ് പുറത്തേക്കു ചാടി.. എന്റെ ധൈര്യമൊക്കെ ചോർന്നു പോവാൻ തുടങ്ങി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story