ഒരു ചില്ലറ പ്രേമം: ഭാഗം 9

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

പടച്ചോനെ വല്ലാത്ത കഷ്ട്ടം ആയല്ലോ... ആദ്യമായി ആഷി സാറിന്റെ കൂടെ ഐസ് ക്രീമും നുണഞ്ഞു നടക്കാമെന്നു വിചാരിച്ചതാ, ഈ അലവലാതികൾ എവിടുന്നു വന്നു ആവോ... പടച്ചോനെ പ്ളീസ് രക്ഷിക്ക്.. അവൻ, നിഷാദ് എന്റെ നേരെ വരുന്നുണ്ടായിരുന്നു. തീർന്നു എല്ലാം തീർന്നു... ഞാൻ രണ്ടു കണ്ണും അടച്ചു നിന്നു. ''എവിടെപ്പോയി മോളെ നിന്റെ ധൈര്യമൊക്കെ???'' പെട്ടെന്ന് നിഷാദിന്റെ ശബ്ദം എന്റെ കാതിൽ വീണപ്പോ ഞാൻ കണ്ണ് തുറന്നു. ''അന്നെന്നെ എല്ലാരുടേം മുന്നിൽ വച്ച് ആർക്കോ വേണ്ടി തല്ലിയപ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ...'' എല്ലാരും എന്നെ കളിയാക്കി ചിരിച്ചു. അതെ അന്നൊക്കെ എന്നെ രക്ഷിക്കാൻ ഞാനേ ഉള്ളു എന്ന ചിന്ത ഉണ്ടായൊണ്ട് എന്തും നേരിടാനുള്ള ധൈര്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ എനിക്കെന്തു പറ്റി. ആ ധൈര്യമൊക്കെ എവിടെ പോയി. ഇല്ല എവിടെയും പോയിട്ടില്ല. ഉപ്പ എപ്പോഴും പറയാറുണ്ട്, നീ എന്റെ മോളല്ല മോനാണെന്നു. ഏതു സാഹചര്യത്തെയും ധൈര്യം വിടാതെ നേരിടുന്ന ചുണക്കുട്ടീ.

അതെ എനിക്കിവനെ പേടി ഇല്ല. അപ്പോഴേക്കും അവനെന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു. ഞാൻ കൈ വീശി നിഷാദിന്റെ കവിളിൽ ഒന്ന് പൊട്ടിക്കാൻ നോക്കി. പക്ഷെ അത് ആദ്യമേ ഊഹിച്ച പോലെ അവനെന്റെ കൈയിൽ കേറി പിടിച്ചു. ''ആഹാ അപ്പൊ അഹങ്കാരത്തിനു കുറവൊന്നും വന്നിട്ടില്ല, അല്ലെ...'' എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ചു ഞെരിക്കാൻ തുടങ്ങി. ഞാൻ വേഗം മറ്റേ കൈ കൊണ്ട് അവനെ അടിക്കാൻ നോക്കി. ഇല്ല അതും അവൻ തടഞ്ഞു കളഞ്ഞു. എന്റെ രണ്ടു കയ്യും നിഷാദ് പിടിച്ചു തിരിക്കാൻ തുടങ്ങി. ഞാൻ വേദന കൊണ്ട് പുളഞ്ഞു. വേദന കൊണ്ട് സ്വർഗം കണ്ടൂന്നു ഏതു തെണ്ടിയാ പറഞ്ഞെ... സ്വർഗം അല്ല അവന്റെ............ പിന്നൊന്നും നോക്കീല മുട്ടുമടക്കി ഒന്ന് കൊടുത്തു അവന്റെ മർമ്മം നോക്കി തന്നെ. അവന്റെ കണ്ണ് ബുൾസായി പോലെ പുറത്തേക്കു വന്നു. അവനെന്റെ കൈ വിട്ടു താഴോട്ടിരുന്നു പോയി. അവന്റെ ഫ്രണ്ട്സ് അത് കണ്ടതും അവന്റടുത്തേക്കു വന്നു. ആ ഗ്യാപ്പിൽ ഞാൻ ഓടാൻ തുടങ്ങിയതും അവന്റെ കൂടെ ഉണ്ടായതിൽ ഒരുത്തൻ

''പിടിയെടാ അവളെ'' എന്ന് ആക്രോശിച്ചു. ഞാൻ ഓടി അവർ പിന്നാലെയും. അവരെ ഞാൻ കിട്ടിയതൊക്കെ എറിഞ്ഞു. ഒരുത്തന്റെ നേരെ കസേര എടുത്തു എറിഞ്ഞു. ഒരു രണ്ടു മിനിട്ടു ഞാനവരെ വട്ടം കറക്കി. പിന്നെ ഞാൻ ഓടി പുറത്തിറങ്ങിയതും നേരെ മുന്നിൽ ആഷി സാർ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി നിക്കുന്നു. സാറെല്ലാം കണ്ടൂന്നു മനസ്സിലായി. കിലുക്കത്തിൽ രേവതി ഞാൻ ഇത്രേ ചെയ്തുള്ളൂ, വേറൊന്നും ചെയ്തില്ലാ എന്നും പറഞ്ഞു ഇളിച്ച അതെ ഇളി ഞാനിവിടെ ആവർത്തിച്ചു. എന്റെ പിന്നാലെ ആൾക്കാർ വരുന്നത് കണ്ടതും ആഷി സർ എന്റെ കൈ പിടിച്ചു വലിച്ചു സാറിന്റെ പിന്നിലേക്ക് നിർത്തി. അത് കണ്ടതും എല്ലാരും നിന്നു. അപ്പോളേക്കും നിഷാദും അവിടെ എത്തി. സാറിന്റെ പിന്നിൽ നിന്നപ്പോൾ എനിക്ക് സൂര്യയുടെ പിന്നിൽ നിന്ന അനുഷ്‌ക്കയാണെന്നു തോന്നിപ്പോയി.. എന്റെ ഫാദി നിന്റൊടുക്കത്തെ സ്വപ്നം. ഇവിടെ തല്ല് ഏതു ഭാഗത്തു നിന്നും വരുമെന്ന് ആലോചിച്ചു നിക്കുമ്പോളാ അവളുടെ ഒരു സ്വപ്നം. ''എന്താ, എന്താ പ്രശ്നം???''

ആഷി സർ അവരോടു ചോദിച്ചു. ''അത് ചോദിക്കാൻ താനാരാ???'' നിഷാദ് തിരിച്ചു ചോദിച്ചു. ''ഞാൻ അഷ്‌ഫാക്, ഈ കുട്ടിയെ പഠിപ്പിക്കുന്ന സാർ ആണ്. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം???'' ആഷി സാർ അങ്ങനെ പറഞ്ഞപ്പോ എന്തോ എന്റെ നെഞ്ചിൽ ഒരു വേദന തോന്നി. ആഹ് പോട്ടെ സാറിനുള്ളത് പിന്നെ കൊടുക്കാം. ''ഓ, ഇതൊന്നും പഠിച്ചിട്ടു ഒരു കാര്യവുമില്ല. കണ്ടില്ലേ ഇവിടെ ചെയ്തത്. മുമ്പും ഇത് പോലെ തന്നെ ഒരു അബദ്ധത്തിന്റെ പേരിൽ എന്റെ മുഖത്തടിച്ചതാ...'' നിഷാദ് പറഞ്ഞു. ''അത് താൻ പറയണ്ട, ഒരു പെൺകുട്ടിയുടെ കയ്യിൽ അവളുടെ സമ്മതമില്ലാതെ പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും ചെയ്യാം.'' ആഷി സാർ അങ്ങനെ പറഞ്ഞപ്പോ ഞാനൊന്നു കോളർ പൊക്കി... സോറി കോളർ ഇല്ലാത്തോണ്ട് സ്കാർഫിന്റെ അറ്റം പൊക്കി. ''അത് ഇവള് എന്നെ മുന്നേ അടിച്ചതിനു പകരം ചെയ്തതാ.. ഒരു കാര്യവുമില്ലാതെയാ അന്ന് എന്നെ നാണം കെടുത്തിയെ.'' നിഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''അയ്യടാ ഒരു കാര്യവുമില്ലാതെ പോലും.. ഒരു പെണ്ണിനെ കേറി പിടിക്കാൻ നോക്കുന്നത് എങ്ങനെയാടോ സഹിക്കേണ്ടത്???''

ഞാൻ ദേഷ്യത്തോടെ മുന്നോട്ടു കേറി വന്നു പറഞ്ഞു. ''നിന്നെ ഒന്നും അല്ലല്ലോ, അവൾക്കില്ലാത്ത പ്രശ്നം നിനക്കെന്തിനാ.'' അവൻ ദേഷ്യത്തോടെ എന്റെ നേരെ വന്നു. ''അവൾ ഒരു പാവം ആയോണ്ട് നീ രക്ഷപ്പെട്ടു ഇല്ലെങ്കി കാണിച്ചു തരുമായിരുന്നു നിനക്ക്.. പോലീസുകാരുടെ ഇടി കൊണ്ട് നീ ചത്തേനെ..'' ഞാൻ പറഞ്ഞു. ''പിന്നെ... പോലീസ്, ആരും എന്നെ ഒരു ചുക്കും ചെയ്യില്ലെടീ.. നിനക്കറിയില്ല എന്നെ. ഇപ്പൊ നിന്നെ ഇവിടുന്നു പൊക്കി എടുത്തോണ്ട് പോയാലും ആരും ഒന്നും ചെയ്യില്ല.. മനസ്സിലായോടീ...'' എന്നും പറഞ്ഞവൻ എന്റെ കയ്യിൽ കേറി പിടിച്ചു. ''ട്ടേ...'' ശബ്ദം കേട്ട് നോക്കിയപ്പോൾ നിഷാദ് ഒരു കവിളിൽ കൈ പൊത്തി നിലത്തു കിടക്കുന്നു.. എന്റെ മുന്നിൽ ആഷി സാർ നിന്നു കൈ കുടയുന്നു. ദേഷ്യം കൊണ്ട് മുഖമൊക്കെ ആകെ ചുവന്നിരിക്കുന്നു. ''നിന്നോട് പറഞ്ഞതല്ലേ ഒരു പെൺകുട്ടിയുടെയും ശരീരത്തിൽ അവളുടെ സമ്മതമില്ലാതെ തൊടരുതെന്നു. പിന്നെ നിന്നെ തല്ലിയ കാര്യം, അതെന്തിനാണെന്നു ഏകദേശം മനസ്സിലായെങ്കിലും മുഴുവനും മനസ്സിലായില്ല. പറ ഫദീഹ എന്തിനാ നീ ഇവനെ തല്ലിയത്???''

ആഷി സാർ എന്റെ നേരെ നോക്കി പറഞ്ഞു. ആ മുഖം കാണുമ്പോ തന്നെ പേടി തോന്നി. ''അത് രണ്ടു വര്ഷം മുന്നേ ഡിഗ്രിക്ക് പഠിക്കുമ്പോ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടി ഒരിക്കെ ഐ മാളിൽ പോയി. ഞങ്ങടെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് ഡ്രെസ്സും അവൾക്കു ഗിഫ്റ്റും വാങ്ങാൻ പോയതാ. അവിടെ ഇവനും ഫ്രണ്ട്സും ഉണ്ടായിരുന്നു. ഇവൻ ദിയയുടെ കസിൻ ആണ്. അങ്ങനെയാണ് ഞങ്ങൾ പരസ്പരം പരിജയപ്പട്ടത്. വളരെ ഡീസന്റ് പെരുമാറ്റം ആയിരുന്നു എങ്കിലും എനിക്കിവനെ കണ്ടപ്പോളേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അതോണ്ട് ഓരോന്ന് പറഞ്ഞു ഇവരെ ഒഴിവാക്കി ഞങ്ങൾ നടന്നു. കുറച്ചു കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു നടക്കുന്നതിനിടയിൽ ആണ് ഞാൻ ഈ ചെറ്റ, സോറി സർ സാറിന്റെ മുന്നിൽ ഇങ്ങനൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാ.'' ഞാൻ സാറിനോട് പറഞ്ഞു. ''അത് സാരമില്ല, ചില സമയങ്ങളിൽ ചിലർക്ക് ഇങ്ങനുള്ള വാക്കുകളെ ചേരൂ.. താൻ ബാക്കി പറ.'' ആഷി സാർ പറഞ്ഞു. ''ഞങ്ങൾ ഫുഡ് കഴിച്ചു ഡ്രസ്സ് നോക്കാൻ വേണ്ടി പോവുമ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത്. അവിടെ ഒരു ഫുഡ് കൗണ്ടറിന്റെ മുന്നിൽ ഒരു ക്യൂവിൽ ഒരു കുട്ടി നിക്കുന്നു.

അവളുടെ പിറകിൽ ഇവൻ നിപ്പുണ്ട്. പിന്നിൽ നിന്നു കൊണ്ട് ഇവൻ ആ കുട്ടീടെ ശരീരത്തിൽ അറിയാത്ത രീതിയിൽ മുട്ടി. ആ കുട്ടി ഒന്നും പ്രതികരിച്ചില്ല. അത് കണ്ടത് കൊണ്ടാവണം ഇവൻ വീണ്ടും അവളോട്‌ മോശമായി പെരുമാറി. അതൊരു പാവം ആയിരുന്നു, അത് പിന്നെ അവളോട് സംസാരിച്ചപ്പോ മനസ്സിലായ കാര്യമാണ് കേട്ടോ സാർ.. അവൾ ഒന്നും പ്രതികരിക്കാൻ പറ്റാതെ അവിടെ നിക്കുന്നുണ്ടായിരുന്നു. അവിടുന്ന് മാറാൻ നോക്കിയപ്പോ ഇവന്റെ ഫ്രണ്ട്സ് അവളുടെ സൈഡിൽ പോയി നിന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു. പാവം പേടിച്ചു കരഞ്ഞു നിക്കായിരുന്നു. അടുത്ത് നിന്നിരുന്ന ഒരു അലവലാതികളും അവളെ സഹായിച്ചില്ല. പിന്നൊന്നും നോക്കിയില്ല ഞാൻ അവന്റെ അടുത്തേക്ക് പോയി മുഖത്തെന്നെ ഒന്ന് പൊട്ടിച്ചു. പാവം ആ കുട്ടി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോളേക്കും സെക്യൂരിറ്റി ഒക്കെ വന്നു. അടുത്ത് നിന്നവരെ ഒക്കെ ഞാൻ വായിൽ വന്ന ചീത്ത പറഞ്ഞു. ഒരു പെൺകുട്ടിയോട് ഒരുത്തൻ മോശമായി പെരുമാറുന്ന കണ്ടിട്ട് പ്രതികരിക്കാത്തതിന്. അവരെല്ലാം തല താഴ്ത്തി അവിടുന്ന് പോയി.

അല്ലെങ്കിലും ഇപ്പോളത്തെ ആളുകൾക്ക് ഫേസ്ബുക്കിൽ ഇരുന്നു പ്രതികരിക്കാൻ മാത്രമല്ലേ അറിയൂ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''എന്നിട്ടു പോലീസിൽ പരാതി കൊടുത്തില്ലേ??'' ആഷി സാർ ചോദിച്ചു. ''ഇല്ല, അപ്പോളേക്കും അവളുടെ ഉമ്മയും അനിയത്തിയും വന്നു. അവർ ബാത്‌റൂമിൽ പോയതായിരുന്നു. ഞങ്ങൾ അവരോടു കാര്യം പറഞ്ഞു. പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കാൻ അവർ സമ്മതിച്ചില്ല. അവരുടെ വീട്ടിലറിഞ്ഞാൽ ഇവനെ കൊന്നു കളയുമെന്ന് അവർ പറഞ്ഞു. സെക്യൂരിറ്റിയോട് പറഞ്ഞു ഇവനെയും ഫ്രണ്ട്സിനെയും മാളിൽ നിന്നും പുറത്താക്കിച്ചു. ആ കുട്ടിയും ഫാമിലിയും അവിടുന്ന് പോയി. ദിയ ഇവന്റെ വീട്ടിൽ പോയി കാര്യം പറഞ്ഞു. അറിഞ്ഞപ്പോ ഇവന്റെ വീട്ടുക്കാർ നന്നായി പെരുമാറി ദുബായിലേക്ക് കെട്ടുകെട്ടിച്ചു. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം കണ്ടപ്പോൾ ഞാൻ വീട്ടുകാരുടെ കൂടെ ആയിരുന്നു. ഒറ്റയ്ക്ക് ദാ ഇപ്പോളാ കാണുന്നെ. സാർ പറ ഞാൻ അന്ന് ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ??? ഒരാളെ സഹായിക്കാൻ അവരുമായി എന്തെങ്കിലും ബന്ധം വേണമെന്നുണ്ടോ???''

ഞാൻ ആഷി സാറിനോട് ചോദിച്ചു. മറുപടി അവന്റെ കവിളിൽ ആണ് വീണത്. എന്നിട്ടവന്റെ ഷർട്ടിൽ പിടിച്ചു തള്ളി താഴെ ഇട്ടു. വീണ്ടും അടിക്കാൻ പോയപ്പോ അവന്റെ ഫ്രണ്ട്സ് മുന്നോട്ടു വന്നു. ''അവനെ തൊട്ടാൽ തന്റെ കൈ ഞങ്ങള് വെട്ടും.'' അതിലൊരുത്തൻ പറഞ്ഞു. അവർ ഒരു അഞ്ചാറു ആൾക്കാർ ഉണ്ട്, അതും നല്ല തടിമാടന്മാർ. എനിക്കാകെ ടെൻഷൻ ആയി. അടി നടന്നാൽ ആഷി സാറിനെ ഞാൻ നിലത്തൂന്നു പെറുക്കികൊണ്ടു പോവേണ്ടി വരും.. പടച്ചോനെ എന്താ ചെയ്യാ എന്ന് വിചാരിക്കുമ്പോളാണ് സാർ അവനോടു ഇങ്ങോട്ടു വാ എന്ന് കയ്യോടു ആംഗ്യം കാണിച്ചത്. ''അവൻ അടുത്ത് വന്നപ്പോ അവന്റെ തോളിൽ കയ്യിട്ടു. നീ ഷാജി അല്ലെ ഷാനുവിന്റെ അനിയൻ???'' ആ ചോദ്യം കേട്ടതും അവനൊന്നു ഞെട്ടി. ''അ.. അതെ.. ഇക്കാനെ എങ്ങനെ അറിയാം..'' അവൻ വിറച്ചോണ്ടു ചോദിച്ചു. ''ആ അതൊക്കെ അറിയാം, ഞങ്ങളൊരുമിച്ചു പഠിച്ചതാ...'' സാർ പറഞ്ഞു. ''അതിനു ഇക്കാക്ക് അഷ്‌ഫാഖ്‌ എന്നൊരു ഫ്രണ്ട് ഇല്ലല്ലോ.. എനിക്കിക്കാന്റെ എല്ലാ ഫ്രണ്ട്സിനെയും അറിയാം.''

അവൻ അഹങ്കാരത്തോടെ പറഞ്ഞു. ''ആഹ് ശരിയാ.. അവൻ്റെ അഷ്‌ഫാഖ്‌ എന്ന ഫ്രണ്ടിനെ അറിയില്ലായിരിക്കും പക്ഷെ ആഷി എന്ന ഫ്രണ്ടിനെ നിനക്കറിയോ??'' സാറത് ചോദിച്ചതും അവൻ ആകെ വിയർക്കുന്നത് ഞാൻ കണ്ടു. അതെന്താപ്പാ അങ്ങനെ... ''ആഷിക്കാ ആണോ... എനിക്ക് താടി ഇല്ലാതെ പെട്ടെന്ന് മനസ്സിലായില്ല. ഫോട്ടോ മാത്രല്ലേ കണ്ടിട്ടുള്ളു.'' അവൻ പറയുമ്പോ കുറച്ചു വിറക്കുന്നുണ്ടായിരുന്നോന്നു ഒരു സംശയം. ''ഇനി ഞാൻ എന്തെങ്കിലും പറയണോ??'' ആഷി സാർ അവനോടു ചോദിച്ചതും അവൻ തല കൊണ്ട് വേണ്ടാന്നു കാണിച്ചു ഓടി നിഷാദിന്റടുത്തേക്കു പോയി. ''വാടാ പോവാം, ഇനി ഇവിടെ നിന്നാ ശരി ആവില്ല.'' ഷാജി നിഷാദിനോട് പറഞ്ഞു. ''പോടാ.. ഇക്കാന്റെ ഫ്രണ്ട് ആണെന്ന് കേട്ടപ്പോ നീ അങ്ങ് പേടിച്ചു പോയോ???'' നിഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''ടാ ഒന്ന് മിണ്ടാതിരിയെടാ.. അത് ആഷിക്കയാ.. വെറുതെ തല്ലു കൊണ്ട് ചാവാൻ നിക്കണ്ട.'' ഷാജി പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് ചിരി വന്നു, ''ഈ ഓണക്കു പോലെ ഇരിക്കുന്ന സാർ ആ തടിമാടന്മാരെ അടിക്കാനോ.. നടന്നത് തന്നെ...''

എന്നും പറഞ്ഞു ചിരിച്ചത് കുറച്ചു ഉച്ചത്തിലായിപ്പോയി. സാറെന്നെ നോക്കിയതും,ഞാൻ വേഗം വാ പൊത്തി താഴേക്ക് നോക്കി. ''നിനക്ക് പേടി ആണെങ്കി നീ പൊക്കോ... എനിക്ക് തന്ന അടിയുടെ ഇരട്ടി തിരിച്ചു കൊടുത്തിട്ടേ ഞാൻ വരുള്ളൂ...'' നിഷാദ് അവന്റെ ചുണ്ടിൽ വന്ന ചോര തുടച്ചോണ്ടു പറഞ്ഞു. ''ആ എന്ന നീ പോയി അടി വാങ്ങിക്കോ... എടാ അത് എസ് എൻ കോളേജിലെ ബുള്ളറ്റ് റാസ്‌ക്കൽസിന്റെ ഗ്യാങ് ലീഡർ ആയിരുന്ന ബുള്ളറ്റ് ആഷിയാടാ...'' അത് കേട്ടതും നിഷാദ് അടക്കം എല്ലാത്തിന്റേം മുഖം കാറ്റ് പോയ ബലൂൺ പോലെ ആയിട്ടുണ്ടായിരുന്നു. എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല. അപ്പോളേക്കും ആഷി സാർ ഷർട്ടിന്റെ കൈ ഒക്കെ മടക്കി, വാച്ച് ഊരി പോക്കറ്റിൽ ഇട്ട് ഒരു അടിക്കു വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇതെന്താ ജാക്കി ചാന്റെ സിനിമയോ... ''സോറി ഞങ്ങൾ ആളറിയാതെ... ക്ഷമിക്കണം...'' എന്നും പറഞ്ഞു നിഷാദും ഫ്രണ്ട്സും പുറത്തേക്കു നടന്നു, അല്ല ഓടി. ''നിക്ക്...'' ആഷി സാർ പറഞ്ഞതും അവർ സഡ്ഡൻ ബ്രേക്ക് ഇട്ട് നിന്നു.

''ഒരു മാപ്പു കൂടി പറയാൻ ബാക്കി ഇല്ലേ...'' സാർ ചോദിച്ചു. ''സോറി പെങ്ങളെ, അറിയാതെ പറ്റിപ്പോയതാ ഇനി ആവർത്തിക്കില്ല...'' നിഷാദ് ഓടി വന്നു എന്റെ മുന്നിൽ നിന്നു പറഞ്ഞു. ''പെങ്ങളോ...'' ഞാൻ അറിയാതെ ചോദിച്ചു പോയി. ഇത്രേം നേരം ഉമ്മ വെക്കണമെന്നും പറഞ്ഞു എന്റെ പിന്നാലെ നടന്നവനാ... ഇപ്പൊ പെങ്ങള് പോലും.. ഞാൻ ആഷി സാറിനെ അത്ഭുതത്തോടെ നോക്കി. ''ഇനി ഇവളുടെ പിന്നാലെ നീ വരരുത്, ഒരിക്കലും. നീ കാരണം അവൾക്കോ ഫ്രണ്ട്സിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് കേട്ടോ...'' ആഷി സാറിന്റെ സംസാരം കേട്ടപ്പോ എനിക്കെന്നെ പേടി തോന്നി. ആള് നല്ല കലിപ്പിൽ ആണ്. ''ഇല്ല...'' എന്നും പറഞ്ഞു അവർ ഓടിയ കണ്ടത്തിൽ പിന്നെ പുല്ലു പോലും മുളക്കില്ലാന്നു തോന്നി. ഞാൻ തിരിഞ്ഞു സാറിനെ നോക്കിയപ്പോ മുഖത്തൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു നിക്കുന്നു. ''ഐസ് ക്രീം വേണ്ടേ???'' സാറിന്റെ ചോദ്യം കേട്ടപ്പോ എന്റെ തല ലക്ഷ്യമില്ലാതെ ആടിക്കൊണ്ടിരുന്നു. ''ബുള്ളെറ്റ് ആഷി'' നല്ല പേര്.. ഞാൻ സാറിനോട് കളിയാക്കി പറഞ്ഞു. അത് കേട്ടപ്പോ സാറെന്നെ തിരിഞ്ഞു നോക്കി..

''അപ്പൊ സാർ പഠിക്കുമ്പോ നല്ല അലമ്പായിരുന്നല്ലേ...'' ഞാൻ ചോദിച്ച കേട്ടതും സാർ ചിരിച്ചു. ''സാർ എസ് എൻ കോളേജിൽ ആണോ പഠിച്ചേ??? എന്താ ഈ ബുള്ളറ്റ് റാസ്‌ക്കൽസ്???'' സാറെന്നെ ഒന്നൂടി നോക്കി. പക്ഷെ മറുപടി ഒന്നും വന്നില്ല. ''സാർ ചോദിച്ചപ്പോ ഞാൻ എല്ലാം പറഞ്ഞില്ലേ..'' എന്നും പറഞ്ഞു ഞാൻ മുഖത്ത് ഇച്ചിരി വിഷമവും സങ്കടവും ദേഷ്യവും ഒക്കെ വാരി വിതറി. ഏറ്റാൽ മതി ആരുന്നു. ''ഇന്നാ ഐസ് ക്രീം'' എന്നും പറഞ്ഞു എന്റെ നേരെ ഐസ് ക്രീം നീട്ടി. ഞാൻ വേണ്ടാന്നുള്ള രീതിയിൽ തലയാട്ടി. ''ആ അഭിനയിക്കേണ്ട വാ പറയാം...'' എന്നും പറഞ്ഞു സാർ ഒരു കസേരയിൽ ഇരുന്നു. അപ്പൊ എന്റെ അഭിനയമാണെന്നു സാറിനു മനസ്സിലായോ... ആ എന്തേലും ആവട്ടെ..കാര്യം അറിഞ്ഞാ മതി ആരുന്നു. ഞാൻ വേഗം പിന്നാലെ പോയി അടുത്തുള്ള കസേരയിൽ ഇരുന്നിട്ട് ഐസ് ക്രീം വാങ്ങി. ''വേഗം പറ സർ.. സമയം താമസിക്കുന്നു. എല്ലാരും നോക്കി ഇരിക്കുന്നുണ്ടാവും.'' ഞാൻ പറഞ്ഞു. ''എന്നാൽ വാ നമുക്ക് പോവാം ഞാൻ സമയം ശ്രദ്ധിച്ചില്ല.''സാർ വാച്ചിൽ നോക്കികൊണ്ടു പറഞ്ഞു. ''അതൊന്നും സാരമില്ല, ഞാൻ പറഞ്ഞോള്ളാം.. സാർ വേഗം പറ'' ഞാൻ പറഞ്ഞു. ''അങ്ങനെ പറയാനും മാത്രം ഒന്നും ഇല്ലെടോ..'' ആഷി സാർ പറഞ്ഞു. ''ഓ പിന്നെ എന്നിട്ടാണ് ആ പേര് കേട്ടപ്പോ തന്നെ അവരോടിയതു.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ബുള്ളെറ്റ് റാസ്‌ക്കൽസ്'' ആഷി സാർ എന്തോ ആലോചിച്ച പോലെ പറഞ്ഞു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story