ഒരു പ്രണയ കഥ...💖: ഭാഗം 6

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

വാർഡിലെ കതക് തുറന്ന് അകത്തേക്ക് കയറി... കട്ടിലിൽ തളർച്ചയോടെ കിടക്കുന്ന തുളസിയുടെ തലയിൽ പതിയെ തലോടി...നെറ്റിയിൽ അമർത്തി ചുംബിച്ചു... കണ്ണുകൾ ഒഴിഞ്ഞ് കിടക്കുന്ന വയറിൽ ഉടക്കി നിന്നു... അലിവോടെ അവന്റെ കണ്ണുകൾ താന്ന് പോയി... "സർ പേഷ്യന്റിന് നല്ല ക്ഷീണം ഉണ്ട്... അത് കൊണ്ട് ഡ്രിപ് ഇട്ടിരിക്കുകയാണ് എണീക്കാൻ ഇനിയും എട്ട് മണിക്കൂറാവും..." അവിടേക്ക് വന്ന നഴ്സ് പറഞ്ഞതും ജീവ് അവർക്ക് നേരെ വരണ്ട ഒരു ചിരി നൽകി... "ഞാനും കൊതിച്ചിരുന്നു പെണ്ണേ ഒരു അച്ഛൻ ആവാൻ... ആരുടെ കുഞ്ഞാണെന്ന് അറിയില്ലെങ്കിലും നിന്നോടുള്ള അളക്കാൻ കഴിയാത്ത പ്രണയം കൊണ്ട് ഈ ഉദരത്തിലെ കുഞ്ഞും എന്റേതാണെന്ന് തന്നെയാ ഞാൻ വിശ്വസിച്ചിരുന്നത്... ഇപ്പോൾ എന്റെ ജീവൻ പോലും രക്ഷിച്ച ജിഷ്ണൂന്റെ കുഞ്ഞാണെന്ന് അരിഞ്ഞതും തൊണ്ടയിൽ എന്തോ തറച്ചത് പോലെയാ...കുത്തി കുത്തി വേനിക്കുന്നു...!!"

അവളുടെ വയറിൽ മുഖം ചേർത്ത് കൊണ്ട് അവൻ ശബ്ദം ഇല്ലാതെ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു... ________♥ ഉദയപുരം തറവാട്ടിൽ നിന്നും പത്മനാഭനെ വിലങ്ങണിയിച്ച് പോലീസുകാർ കൊണ്ടുപോവുമ്പോൾ അയാളുടെ തല ചെയ്ത തെറ്റിന്റെ കാടിന്യത്തെ ഓർത്ത് ഒരല്പം പോലും താണ് പോയിരുന്നില്ല... ഉമ്മറപ്പടിയിൽ തുളസിയുടെ അമ്മ കൂടെ ഉള്ള തന്റെ ഇളയ മകളെ തന്നിലേക്ക് അണച്ച് പിടിച്ചു... ______♥ ഭിത്തിയിലെ ഒരു കോണിലേക്ക് മാത്രം നോക്കി ഇരിക്കുന്ന തുളസിയെ അവൻ ദയനീയമായി നോക്കി... ബോധം വന്നപ്പോൾ ആദ്യം തന്നെ അവളുടെ കൈകൾ പരതിയത് വയറിൽ ആയിരുന്നു... അപ്പോൾ മാത്രം ഒരു തുള്ളി മിഴിനീർ നാസികത്തുമ്പിലൂടെ ചാലിട്ടൊഴുകി... പിന്നെ തൊട്ട് ഒന്നും മിണ്ടാതെ ഇങ്ങനെ കിടക്കുകയാണ്... ജീവിന് അവളെ കാണും തോറും നെഞ്ച് പൊടിയും പോലെ തോന്നി... വിവരം അറിഞ്ഞ് വീട്ടിൽ നിന്നും അവന്റെ അമ്മ വന്നപ്പോൾ സ്റ്റെയറിൽ നിന്നും വീണതാണെന്ന് പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചു... അവളെ തന്നെ നോക്കി ഇരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്...

തുളസിയുടെ അമ്മയുടെ നമ്പർ കണ്ടതും വേഗം തന്നെ ഫോൺ എടുത്തു... മറുപുറത്ത് നിന്നും അവർ പറയുന്ന കാര്യങ്ങൾ കേട്ടതും അക്ഷരർദ്ധത്തിൽ ഞെട്ടി പോയിരുന്നു... പിന്നീട് ഒട്ടും വൈകിക്കാതെ സ്റ്റേഷനിൽ വിളിച്ച് പറഞ്ഞ് അയാളെ അറസ്റ്റ് ചെയ്യാൻ പറഞ്ഞു... വേണം വെച്ച് തന്നെയാണ് ഞാൻ പോവാതിരുന്നത്... അയാളെ കണ്ടാൽ ചിലപ്പോൾ എന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊന്ന് പോവും ഞാൻ... ആലോചിക്കും തോറും ജീവിന്റെ മുഖം വലിഞ്ഞ് മുറുകി... "ജീവ് തുളസിക്ക് ഇപ്പോൾ വല്യ പ്രോബ്ലം ഒന്നും ഇല്ല.. വേണമെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോവാം... പ്രെസ്ക്രൈബ് ചെയ്ത മെഡിസിൻ ഒക്കെ കൃത്യമായി കൊടുക്കണം... പിന്നെ ആള് ഇപ്പോൾ വളരെ വീക്ക് ആണ്... റസ്റ്റ്‌ അത്യാവശ്യം ആണ്..." മുറിയിലേക്ക് വന്ന ഡോക്ടറുടെ ശബ്ദം കേട്ടപ്പോൾ ആണ് ചിന്തയിൽ നിന്നും ജീവ് ഉണർന്നത്... ഇവിടെ ഇങ്ങനെ കിടക്കുന്നതിലും നല്ലത് വീട്ടിലെ അന്തരീക്ഷം തന്നെയാണ് ബെറ്റർ എന്ന് തോന്നിയത് കൊണ്ട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് തിരിച്ചു..

കാറിൽ ഇരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുന്ന തുളസിയുടെ കയ്യിൽ അവൻ തൊട്ടതും അവൾ അവനെ ഒന്ന് നോക്കി... ക്ഷണനേരം കൊണ്ട് കണ്ണുകൾ നിറഞ്ഞു... ചുണ്ടുകൾ വിതുമ്പി പോയി... കണ്ണീരോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ജീവ് അവളെ പൊതിഞ്ഞ് പിടിച്ചു... വിരിനെറ്റിയിൽ കണ്ണീരും ചുംബനങ്ങളും മത്സരിച്ച് വീണുടഞ്ഞു... നിശ്ശബ്ദം തേങ്ങുമ്പോൾ തുളസിയുടെ ചിന്തകൾ പിറകിലേക്ക് പാഞ്ഞു... തന്റെ സന്തോഷം പാടെ നീങ്ങിയ നാളുകൾ...!!! _________♥ ബീച്ചിൽ വെറുതെ ചെന്നിരിക്കുന്നത് എന്റെ മനസ്സിന് വല്ലാത്ത ഒരു ആവേശം ആയിരുന്നു... കരയെ ചുംബിച്ച് കൊതി തീരാതെ കടലിലേക്ക് മടങ്ങുന്ന ഓരോ തിരമാല കുഞ്ഞുങ്ങളെയും കണ്ണുകൾ ചിമ്മാതെ നോക്കി ഇരിക്കും... ബി എഡ് കഴിഞ്ഞ് ടീച്ചർ ട്രെയിനിങ് ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്നതിന് മുന്നേ കടലിനെ ഒന്ന് കണ്ടില്ലെങ്കിൽ അന്ന് ഒരു സമാധാനവും ഉണ്ടാവില്ല... അങ്ങനെ ഒരിക്കെ ബീച്ചിലെ തണലിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ആണ് മണലിൽ ഒരു കുട്ടിയോടൊപ്പം കളിക്കുന്ന ഒരു ചേട്ടനെ കണ്ടത്... ഇളം നീല കണ്ണുകൾ...താടി തുമ്പിൽ ഒരു ഗർത്തം...

പിരിച്ച് വെച്ച മീശ... കണ്ണുകൾ എത്ര വിലക്കിയിട്ടും അയാളിൽ തന്നെ തറഞ്ഞ് നിന്നു.. താൻ അയാളെ നോക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നിയത് കൊണ്ടാവാം എണീറ്റ് തന്റെ അടുത്തേക്ക് വന്നു... ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞ് മറ്റെങ്ങോ നോട്ടം പായിച്ചു.. "ഡോ താനെന്താ എന്നെ വായിനോക്കി ഇരിക്കാണോ...??" കളിയോടെ ആയിരുന്നു ചോദിച്ചത്... തുളസി ഒന്ന് ചമ്മി പോയി... അതോട്ടും പുറത്തേക്ക് കാണിക്കാതെ ഗൗരവത്തോടെ അവൾ അവന് നേരെ തിരിഞ്ഞു.. "ഓഹ് നോക്കാൻ പറ്റിയൊരു ആള്..."പുച്ഛത്തോടെ ചുണ്ട് കോട്ടി അവൾ പറഞ്ഞതും അവൻ ഭംഗിയോടെ ഒന്ന് ചിരിച്ചു... "ആട്ടെ ന്താ കുട്ടിയുടെ പേര്...??" "തുളസി.. തുളസി പത്മനാഭൻ..." "ഓഹ് പത്മനാഭൻ സാറിന്റെ മോളാണോ... വല്യ വീട്ടിലെ ആളാണല്ലേ... എന്റെ പേര് ജിഷ്ണു പ്രസാദ്.." അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ട് പിരിയുമ്പോൾ ഉള്ളിൽ എന്തോ വല്ലാത്തൊരു സന്തോഷം ആയിരുന്നു... പിന്നെ ദിവസവും കാണും സംസാരിക്കും... ശാന്തമായ സ്വഭാവം... എല്ലാവർക്കും ഒരു ചിരി ഉണ്ടാവും ആ ചുണ്ടിൽ...

കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും കടം വാങ്ങി എങ്കിലും സഹായിക്കും... ഇത് കൊണ്ട് ഒക്കെ ആവാം കോടീശ്വര പുത്രി ആയ എന്റെ മനസ്സിൽ വൈകാതെ തന്നെ ജിഷ്ണു എന്ന ചെറുപ്പക്കാരൻ സ്ഥാനം പിടിച്ചത്... ഊണിലും ഉറക്കിലും ജിഷ്ണുവും ഞാനും ഒത്തുള്ള ജീവിതം മാത്രമായി... പറയാതെ വയ്യാ എന്നായപ്പോൾ ഒരിക്കൽ കണ്ടുമുട്ടിയ സ്ഥലത്ത് വെച്ച് തന്നെ ഇഷ്ട്ടം തുറന്ന് പറഞ്ഞു... അതൊന്നും ശരിയാവില്ല ഞാനും നീയും തമ്മിൽ ഒരുപാട് അന്തരം ഉണ്ടെന്ന് പറഞ്ഞ ആളെ പിന്നീട് രണ്ട് ദിവസം കണ്ടതേ ഇല്ല... പിറ്റേന്ന് ട്രെയിനിങ് സെന്ററിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ജിഷ്ണുവിനെ കണ്ടതും വേഗം തന്നെ അങ്ങോട്ട് ചെന്നു... തന്നെ കണ്ടതും പൂണ്ടടക്കം കെട്ടിപിടിച്ചു... തോളിൽ ഒരു നനവ് പോലെ തോന്നിയതും ആളിൽ നിന്നും വിട്ട് മാറി ആ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് കരയുകയാണെന്ന് മനസ്സിലായത്... "എനിക്കും നീയില്ലാതെ പറ്റില്ലെടാ... വലിയ വീട്ടിലെ കുട്ടിയായ നീ ഒരുപാട് സൗകര്യങ്ങളിൽ ആണ് വളർന്നത്.. എനിക്ക് അതൊന്നും നിനക്ക് തരാൻ പറ്റില്ല...

ഇതിനൊക്കെ സമ്മതം ആണെങ്കിൽ ജീവൻ ഉള്ള വരെ ഒരിറ്റ് കണ്ണീർ വീഴ്ത്താതെ ഞാൻ നോക്കാം..."സമ്മതമായ്‌ ആ നെഞ്ചിലേക്ക് മുഖം അമർത്തുമ്പോൾ പാതയോരത്തെ കണിക്കൊന്ന ഇളം കാറ്റിൽ പൂക്കൾ പൊഴിച്ചു... പിന്നീട് അങ്ങോട്ട് പ്രണയദിനങ്ങൾ ആയിരുന്നു... വീട്ടിൽ പുറത്തേക്ക് പോവാൻ ഒക്കെ അത്യാവശ്യം ഫ്രീഡം ഉള്ളത് കൊണ്ട് തന്നെ അത് മുതലെടുത്തു എന്ന് വേണം പറയാൻ... ഒഴിവുള്ള സമയങ്ങളിൽ എല്ലാം തന്റെ ഉണ്ണിയേട്ടന്റെ കൂടെ ആയിരുന്നു... ആളുടെ കൂടെ നടക്കുമ്പോൾ മുഖം മറച്ചായിരുന്നു നടക്കാറ്.. വീട്ടിൽ അറിഞ്ഞാൽ വല്യ പ്രശ്നം ആവും എന്നുള്ളത് കൊണ്ട് തന്നെ... അങ്ങനെ വില കുറഞ്ഞ കുപ്പിവള ചുവപ്പിൽ ഞങ്ങളുടെ പ്രണയം ചുവന്ന് തുടുത്തു...കഴുത്തിൽ താലി ചരദിന്റെ ബലമില്ലാതെ എന്നിലെ പെണ്ണിനെ ഉണ്ണിയേട്ടന് സമ്മാനിക്കുമ്പോൾ ഒട്ടും ആലോചിക്കാൻ ഉണ്ടായിരുന്നില്ല... താൻ കണ്ടെത്തിയത് വ്യക്തമായ പാതിയെ തന്നെയാണെന്ന് മനസ്സ് ഉറപ്പിച്ച് പറഞ്ഞ് കൊണ്ടിരുന്നു... ആയിടെ ആണ് വീട്ടിൽ ഒരു കല്യാണലോചന വന്നത്............... (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story