ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 5

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

മാഗസിന്റെ പേജുകൾ ഓരോന്ന് മറിച്ചു നോക്കുമ്പോൾ അതിൽ കാണുന്നത് തന്റെ പഴയ വിച്ചു തന്നെയാണോ എന്നവൾക്ക് സംശയം തോന്നി... രൂപത്തിൽ ഒരുപാട് മാറ്റം വന്നിരിയ്ക്കുന്ന പോലെ... മുഖത്ത് പണ്ടത്തെയാ കുസൃതി ചിരി കാണാനില്ല... എപ്പോഴും കുറുമ്പോളിപ്പിച്ചിരുന്ന ആ കാപ്പികണ്ണുകൾ ഇന്ന് ഗൗരവത്തിലാണ്... അവൾ ഒരു ദീർഘനിശ്വാസത്തോടെ മാഗസിനെ അടച്ചു വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു... തൊട്ടപ്പുറത്തു അന്നുവിനെ ചേർത്തു പിടിച്ച വിച്ചുവിന്റെ ഓർമ്മകളിൽ മുഴുവൻ അവൾ ആയിരുന്നു.... തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ആലപ്പാട്ടെ അപ്പുപ്പൻ തിരുമേനിയും അമ്മുമ്മയും അവിടെ നിന്നു പാലക്കട്ടേക്ക് പോയത്.... സ്ഥിരം കൃഷ്ണൻറെ അമ്പലത്തിലെ പാൽപ്പായസം അപ്പുപ്പൻ തനിക്കുവേണ്ടി കൊണ്ട് വരുമായിരുന്നു... അന്നവർ പോയപ്പോൾ വല്ലാത്ത വിഷമം തോന്നി.... അപ്പൂപ്പന്റെ മോനാണ് കൃഷ്ണന്റെ അമ്പലത്തിലെ പുതിയ തിരുമേനി.... അദ്ദേഹവും കുടുംബവും അവിടെ താമസത്തിനു വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു...

ഇനീപ്പോ അങ്ങോട്ട് പോകണ്ട കാര്യമില്ലാത്തത്കൊണ്ട് അവിടേക്ക് പോയില്ല.... അമ്മ അപ്പുവിനെ ഗർഭം ധരിച്ചിരിക്കുന്ന സമയം ആയിരുന്നു... അത്കൊണ്ട് കളി കഴിഞ്ഞു വേഗം വീട്ടിലേക്ക് വരുമായിരുന്നു.... അങ്ങനെ ഒരു ദിവസം വന്നപ്പോഴാണ് ആലപ്പാട്ടെ പുതിയ തമാസക്കാരായ അജയൻ തിരുമേനിയും ഭാര്യയും വീട്ടിൽ നിൽക്കുന്നത് കണ്ടത്... ദാദിയും അച്ഛനും അവരോട് സംസാരിക്കുവാണ്.... രണ്ട് പേരും എന്നോടും സംസാരിച്ചു വീട്ടിലേക്ക് വരണമെന്നും പായസം തരാമെന്നും പറഞ്ഞപ്പോൾ സന്തോഷം തോന്നി....നേരെ അമ്മയുടെ റൂമിലേക്ക് ചെന്നപ്പോഴാണ് അവിടെ പുതിയ ഒരാൾ അമ്മേടെ ഉന്തിയ വയറിൽ കുഞ്ഞി കൈ കൊണ്ട് പതിയെ തൊട്ട് നോക്കുന്നുണ്ട്.... മുടിയൊക്കെ മൊത്തത്തിൽ മുകളിലേക്ക് വട്ടക്കെട്ട് കെട്ടിവെച്ച ഒരു കുഞ്ഞ് പാവടയും ഉടുപ്പുമിട്ട പെണ്ണ്.... അച്ഛൻ ഗുജറാത്തിൽ നിന്നും കഴിഞ്ഞ തവണ കൊണ്ട് വന്ന കരടിപ്പാവയുടെ അത്രയെ ഉള്ളവൾ.... എന്നേ കണ്ട് തിരിഞ്ഞു നോക്കി ഉണ്ടക്കണ്ണും വിടർത്തി ചിരിച്ചപ്പോൾ അറിയാതെ താനും ചിരിച്ചു പോയി..... അമ്മയാണ് അവളെ പരിചയപ്പെടുത്തി തന്നത്...

ആലപ്പാട്ടെ കുട്ടിയാണ്.... ദ്രുവിക... എല്ലാവരുടെയും ദച്ചു...... ഇവിടെ നഴ്സറിയിൽ പഠിക്കുവാണ്..... അന്നാണ് അവളെ ആദ്യമായി കണ്ടത്... പിന്നെ എപ്പോഴും വീട്ടിൽ തന്നെ ഉണ്ടായിരുന്നു അവൾ .... വീട്ടിൽ എല്ലാവർക്കും അവരുടെ സ്വന്തമായിരുന്നു അവൾ... അവളിലൂടെയാണ് ആലപ്പട്ടുകാരോടുള്ള ഞങ്ങളുടെ ബന്ധവും വളർന്നത്..... അമ്മയ്ക്ക് ആയിരുന്നു അവൾ ഏറെ പ്രിയങ്കരി... അവളെ കണ്ണെഴുതിക്കാനും പൊട്ട് തൊടുവിക്കാനും അമ്മയ്ക്ക് വലിയ ഉത്സാഹം ആയിരുന്നു... സരസ്വതിയമ്മ... അവളുടെ അമ്മ ഞങ്ങളുടെയൊക്കെ ടീച്ചറമ്മ ആയിരുന്നു... ഇവിടെ അടുത്തുള്ള പ്രൈമറി സ്കൂളിലെ ടീച്ചർ ആയത്കൊണ്ട് ടീച്ചറമ്മ രാവിലെ പോകും... അപ്പോൾ ഒരുങ്ങാനായി ഇവിടെ വരും.... ആദ്യമൊക്കെ അവളോട് ഒരു ചെറിയ കുശുമ്പ് തോന്നിയിരുന്നെങ്കിലും അവളുടെ വിച്ചേട്ടാ എന്നുള്ള വിളി കേൾക്കാൻ തുടങ്ങിയപ്പോൾ അതൊക്കെയങ് ഇല്ലാതെയായി.... പിന്നീട് അപ്പു വന്നപ്പോൾ പിന്നെ അവന്റെ കാര്യങ്ങൾ നോക്കുന്നതും അവളായിരുന്നു.... അപ്പു അവളെയും എന്നെയും കാണുമ്പോഴാണ് ചിരിയും കളിയും തുടങ്ങുന്നത്....

അന്ന് മുതലേ ഞങ്ങൾ മൂന്നും ഒന്നിച്ചായിരുന്നു.... അപ്പുന്റെ ദചേച്ചിയായി എന്റെ ദ്രുവി ആയും അവൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.... ദിവസങ്ങൾ കഴിഞ്ഞു പോകും തോറും അവൾ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി കൊണ്ടിരുന്നു.... അവളുടെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ അവളെ ചേർക്കാനായിരുന്നു എല്ലാവരുടെയും തീരുമാനം.... പക്ഷെ ഞാനൊരാളുടെ നിർബന്ധത്തിലാണ് അവളെ എന്റെ സ്കൂളിൽ ചേർത്തത്.... അവളെ എപ്പോഴും കൂടെ കൂട്ടുവാൻ.... ഇന്റർവെൽ സമയങ്ങളിൽ അവൾക്ക് ചോറ് വാരി കൊടുക്കാൻ.... കാലം കടന്നു പോയി.... സ്കൂളിൽ ഞങ്ങൾക്കൊപ്പം അപ്പുവും വന്നു....അവളുടെ കൂടെ ഒരു സംരക്ഷണം പോലെ ഞാനുണ്ടായിരുന്നു.... എല്ലാത്തിനും അവൾക്ക് വിച്ചേട്ടൻ മതിയായിരുന്നു.... പതിയെ അവളുടെ വിച്ചേട്ടൻ എന്ന വിളി വിച്ചു ആയി മാറി.... ഒരുപാട് സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും ആയിരുന്നു അവൾ വിച്ചേട്ടൻ എന്ന് വിളിച്ചിരുന്നത്....അടുത്ത സുഹൃത്തുക്കളായി ഞങ്ങൾ മാറിക്കൊണ്ടിരുന്നു... എന്തും പരസ്പരം പങ്ക് വെയ്ക്കാവുന്ന അത്ര അടുത്ത സുഹൃത്തുക്കൾ ....

വർഷങ്ങൾ കടന്നു പോകും തോറും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു വിള്ളലും വന്നില്ല..... അവളെന്റെ ദ്രുവിയും ഞാൻ അവളുടെ വിച്ചൂവും ആയി സന്തോഷമായി കഴിഞ്ഞിരുന്നു.... പക്ഷെ........💔' തൊട്ടപ്പുറത്തു ദച്ചുവും അവളുടെ വിച്ചൂനെക്കുറിച്ചാണ് ചിന്തിച്ചത്... ആ കാലത്തിന്റെ ഓർമയാണ് ഇന്നും ഉള്ളിൽ ഏറെ മധുരത്തോടെ നിൽക്കുന്നത്.... അത് പോലെ ഏറെ കയ്പ്പ് നിറഞ്ഞ ഓർമ്മകളും അത് തന്നെയാണ്... വിച്ചു തന്റെ എല്ലാമായിരുന്ന ആ സമയം.... താൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു.... വിച്ചു ഡിഗ്രിക്ക് പോകാൻ തയ്യാറാകുന്ന സമയം.... അപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് കീർത്തി വരുന്നത്.... അമരാവതിയിലെ പുതിയ ലീഗൽ അഡ്വൈസർ പ്രഭാകർ മേനോന്റെയും വിമലയുടെയും മകൾ... ഞങ്ങൾക്കിടയിലേക്ക് അവൾ വന്നപ്പോൾ ഏറെ സന്തോഷിച്ചത് താനാണ്.... ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷം... അവളെ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു... ഒരു ദിവസം അടുത്തുള്ള അപ്പുപ്പൻ കാവിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു... ഞാനും കീർത്തിയും വിച്ചൂവും അപ്പുവും...

കാർത്തിക ഞങ്ങളുടെ കൂടെ അങ്ങനെ വരില്ല... എപ്പോഴും അമ്മയുടെ കൂടെയാണ്.... പോകാനായി ഒരുങ്ങി അമരാവാതിയിലേക്ക് ചെന്നു... വിച്ചൂനുള്ള പായസവും കയ്യിലുണ്ടായിരുന്നു... അപ്പോഴാണ് വീടിന്റെ മുറ്റത്തു വിമലാന്റിയെ കണ്ടത്... അവർ എന്നോട് അങ്ങനെ മിണ്ടാറില്ല...അവരെ കടന്നു പോകുമ്പോഴാണ് പിറകിൽ നിന്നും വിളി വന്നത് "ഡീ പെണ്ണെ ഒന്ന് നിന്നെ നീയ്..." അവരുടെ വിളി കേട്ട് വല്ലാതെ പേടി തോന്നി "ദേ ഇന്നത്തോടെ നിർത്തിക്കൊള്ളണം ഇവിടെയുള്ള നിന്റെ ചുറ്റിത്തിരിയൽ... നിന്നെ പോലെ അഷ്ടിക്ക് വകയില്ലാത്തവർക്ക് കയറി വരാനും സൗഹൃദം സ്ഥാപിക്കാനും പറ്റിയ സ്ഥലമാണോ അമരാവതി.... എന്റെ മോളെ പോലെ വിച്ചൂനോടും അപ്പുനോടും കൂട്ടുകൂടാനുള്ള എന്ത് യോഗ്യതയാ നിനക്കുള്ളത്... ഇന്നത്തോടെ നിർത്തിക്കൊള്ളണം.... കേട്ടോടി...." അവർ ഒരലർച്ചയോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും താൻ വീട്ടിലേക്ക് തിരികെ നടന്നിരുന്നു.... തന്റെ യോഗ്യത... അമരാവാതിയിലേക്ക് ചെല്ലാൻ തനിക്ക് യോഗ്യതയില്ലത്രേ... വിച്ചൂന്റെയും അപ്പൂന്റെയും സൗഹൃദത്തിന് യോഗ്യത ഇല്ലത്രെ....

വിച്ചേട്ടനില്ലാതെ തനിക്ക് പറ്റില്ല.... അവൾക്ക് വല്ലാത്ത വേദന തോന്നി.... എന്നാൽ വീട്ടിലേക്ക് എത്തും മുന്നേ കയ്യിലൊരു പിടി വീണു....ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ വിച്ചു ആയിരുന്നു അത്.... ഒന്നും മിണ്ടാതെ കണ്ണ് നിറഞ്ഞത് തുടച്ചു തന്നു ....എന്റെ കയ്യും പിടിച്ചു നേരെ അമരാവാതിയിലേക്ക് തന്നെ നടന്നു.... അവിടെ നിന്ന വിമല ആന്റിയെ ഒന്ന് നോക്കി ദഹിപ്പിച്ചു വിച്ചു താനുമായി വീട്ടിലേക്ക് കയറി.... ഓരോ ദിവസങ്ങൾ കടന്ന് പോകും തോറും വിച്ചുനോടുള്ള സ്നേഹം ഇരട്ടിക്കുന്നത് പോലെ.... എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന പോലെ..... അവന്റെ കൂടെയിരിക്കാൻ എപ്പോഴും തോന്നുന്ന പോലെ.... ഋതുമതി ആയതിനു ശേഷമാണ് തനിക്കീ മാറ്റങ്ങൾ.... വിച്ചു അടുത്ത് വരുമ്പോൾ അത് വരെയില്ലാത്ത ഒരു അനുഭൂതി..... ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ദിവസങ്ങൾ പോകും തോറും ആ മാറ്റങ്ങൾ വളർന്നു വരാൻ തുടങ്ങി......പതിയെ പതിയെ താൻ അത് മനസിലാക്കി.... അവനോട് പ്രണയമാണ്..... ജീവനെക്കാളെറേ താൻ ഇന്ന് സ്നേഹിക്കുന്നത് വിച്ചൂനെയാണ്....പ്രായത്തിന്റെ കുസൃതിയോ ചപല മോഹമോ അല്ല..... നിസ്വർത്ഥമായ പ്രണയം.....അർഹതയും മാനദണ്ഡങ്ങളും ഒന്നും ആ സ്നേഹത്തിൽ നിന്നും തന്നെ പിന്തിരിപ്പിച്ചില്ല.....

.ആ സ്നേഹത്തിലാണ് ആ പ്രണയത്തിലാണ് തന്റെ സന്തോഷം മുഴുവനും എന്ന് തോന്നി പോയി...... ആദ്യമായി തന്റെ ഇഷ്ടം തുറന്നു പറഞ്ഞത് കീർത്തിയോടാണ്... അവൾക്ക് ഒരുപാട് സന്തോഷം ആയെന്നും എന്തിനും കൂടെ ഉണ്ടാകുമെന്നും പറഞ്ഞു തനിക് ധൈര്യം പകർന്നു.... വിച്ചേട്ടനോട് ഇഷ്ടം പറയാൻ തന്നെ നിർബന്ധിച്ചതും അവളാണ്...... അങ്ങനെ ഒരു ദിവസം വിച്ചേട്ടനോട് ഇഷ്ടം പറയാൻ തീരുമാനിച്ചു.... ഇത് തെറ്റാണെങ്കിൽ അത് തിരുത്താനുള്ള അവകാശം വിച്ചേട്ടനുണ്ട്.... ഒരിക്കലും തന്റെ ഇഷ്ടം വിച്ചേട്ടൻ അറിയാതെ പോകരുത്..... മറ്റെല്ലാം പിന്നീട്..... ഉറച്ച തീരുമാനത്തോടെയാണ് അന്ന് പോയത്............. പക്ഷെ.................💔' പെട്ടെന്ന് ലാന്റിങ്ങിനുള്ള അന്നൗൺസ്മെന്റ് വന്നതോടെ ദച്ചു ചിന്തയിൽ നിന്നും ഉണർന്നു..... മോൾ ഉറക്കമായി..... ചെന്നിറങ്ങിയപ്പോൾ തന്നെ ഇനിയുള്ള യാത്രയ്ക്കുള്ള കാറുകൾ അവിടെ വന്നു കഴിഞ്ഞിരുന്നു.... ഉച്ച സമയം ആണ്... എങ്കിലും അത്യാവശ്യം തണുപ്പ് ഉണ്ട്..... കാർ ഹൈ വേ കഴിഞ്ഞുള്ള റോഡിലേക്ക് കയറി..... അന്നുക്കുട്ടി ഇപ്പോഴും ഉറക്കമാണ്.... ഒരു പിങ്ക് സ്വേറ്ററും പിങ്ക് ക്യാപ്പും വെച്ച് പാവക്കുട്ടിയെ പോലെ കിടക്കുന്ന അന്നുമോളെ കണ്ട് ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി....

മോളെ ഒന്നുകൂടെ നെഞ്ചിലേക്ക് ചേർത്തു കിടത്തി അജ്മീർ എന്ന സ്ഥലത്താണിപ്പോൾ... ചെറിയൊരു ഗ്രാമത്തിലൂടെയാണ് യാത്ര.... വീടുകൾ അവിടെയും ഇവിടെയുമുണ്ട്.... ചെറിയ ചതുര പെട്ടികൾ പോലെയുള്ള വീടുകൾ.... എല്ലാ വീടുകളിലും പുറമെ ചുവർ ചിത്രങ്ങൾ ഉണ്ട്.... മനോഹരമായ കാഴ്ചകൾ....ഇടക്ക് അന്നു മോൾ ഉണർന്നു..... അവളിപ്പോൾ കാഴ്ച കാണുന്ന തിരക്കിലാണ്.... വിച്ചു ഏതോ ബിസിനസ് കോളിലും..... ഇടക്ക് ഇടക്ക് കാണുന്ന കടുക് പാഠങ്ങളിലേക്ക് അന്നു മോളുടെ കണ്ണുകൾ അത്ഭുതത്തോടെ പാറി വീഴുന്നതും നോക്കി ദച്ചു ഇരുന്നു ...... ഒരു രണ്ട് നില വീടിന്റെ മുന്നിലാണ് കാറ് നിർത്തിയത് ... ഒരാൾ ഞങ്ങളെ സ്വീകരിക്കാൻ മുന്നിൽ തന്നെയുണ്ട്... "ഇത് മഹേഷ്‌.... മലയാളിയാ.....നമ്മുടെ ഇവിടെയുള്ള മാർബിൾ കമ്പനിടെ ചുമതല ഇയാൾക്കാ.... രണ്ട് ദിവസം നമ്മൾ ഇവിടെ ആയിരിക്കും...." വിച്ചു അത്രയും പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി....പിറകെ അന്നുമോളുമായി ദച്ചുവും....വീടിന്റെ അകത്തു കയറിയപ്പോൾ മഹേഷിന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്.... അവരെല്ലാം വർഷങ്ങളായി ഇവിടെ തന്നെയാണ്... ഞങ്ങളെ ഒരുപാട് ബഹുമാനത്തോടെയാണ് അവർ കാണുന്നത്.....പ്രത്യേകിച്ച് വിച്ചൂനെ.... അന്നു മോൾ പുതിയ ആൾക്കാരെ കണ്ട് എന്റെ തോളിൽ തന്നെ കിടക്കുവാണ്.....

മുകളിലാണ് ഞങ്ങൾക്കുള്ള മുറി.... അവിടേക്ക് മഹേഷിന്റെ ഭാര്യ ശ്രീദേവിയാണ് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് ..... വിച്ചു താഴെ തന്നെ ആയിരുന്നു മഹേഷിന്റെ ഒപ്പം .... ഫ്രഷ് ആകാൻ പറഞ്ഞിട്ട് ശ്രീ ദേവി പോയി.... അന്നു മോള് തണുപ്പ് കൊണ്ട് ആണെന്ന് തോന്നുന്നു ദേഹത്തേക്ക് ചുരുണ്ട് കൂടി.... പയ്യെ അവളെയുമായി റൂമിനു പുറത്തേയ്ക്ക് വന്നപ്പോഴാണ് തൊട്ടടുത്ത റൂമിൽ ശ്രീ ദേവി കുഞ്ഞിനെയുമായി ഇരിക്കുന്നത് കണ്ടത് "വരു മേടം.... ഇത് ഞങ്ങളുടെ മോനാ...ബദ്രി.... ഇപ്പോ നാല് മാസമായി..." "താൻ എന്നേ മേടം എന്നൊന്നും വിളിക്കണ്ട ദച്ചു....അങ്ങനെ വിളിച്ചാ മതി..." ദച്ചു പറയുന്ന കേട്ട അവൾ അത്ഭുതത്തോടെ നോക്കി..... പിന്നെ തലയാട്ടി.... ദച്ചു അന്നു മോളെയുമായി പയ്യെ കട്ടിലെലേക്ക് ഇരുന്നു.... അത്ര നേരവും ഉഷാറില്ലാതെ ഇരുന്ന അന്നുക്കുട്ടി വാവയെ കണ്ടപ്പോൾ ഒരു ചിരിയോടെ ദച്ചുന്റെ കയ്യിൽ നിന്നും വാവയുടെ അടുത്തേക്കിരുന്നു അവളുടെ കണ്ണിലെ ആകാംഷ കണ്ട് ശ്രീ ദേവിയും ദച്ചുവും പരസ്പരം നോക്കി ചിരിച്ചു.... അന്നു മോള് ആദ്യമായിട്ടണ് ഇത്ര ചെറിയ വാവയെ കാണുന്നത് .... അവൾ കുഞ്ഞിന്റെ കൈയിലും കാലിലും കവിളിലും എല്ലാം അത്ഭുതത്തോടെ തൊട്ട് നോക്കുന്നുണ്ട്..... അവൾ തൊടുമ്പോൾ കുറുമ്പൻ ചെക്കൻ അവളെ നോക്കി മോണ കാട്ടി ചിരിക്കാൻ തുടങ്ങി....

അവന്റെ ചിരി കണ്ട് അന്നുമോൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... രണ്ട് പേരുടേയും ചിരിയും കളിയുമായി കുറച്ചു സമയം കടന്ന് പോയി അന്നുനെ മേല് കുളിപ്പിക്കാൻ റൂമിലേക്ക് കൊണ്ട് വന്നതാണ് ദച്ചു... ഒരു തരത്തിലും അവിടെ നിന്നും കുറുമ്പി വരില്ല ഒരു വിധത്തില്ലാണ് കൊണ്ട് വന്നത്... "അമ്മേ വാവച് പല്ലില്ല...." ഒരു ചിരിയോടെ അന്നു മോളുടെ പറച്ചില് കേട്ട് അവളാ കുഞ്ഞിചുണ്ടിൽ ഉമ്മ കൊടുത്തു... "ആണോടാ വാവേ..... വാവ കുഞ്ഞല്ലേ... എന്റെ അന്നുക്കുട്ടീടെ അത്രയും വലുത് ആകുമ്പോൾ വാവക്ക് പല്ലൊക്കെ വരും..." അവളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോഴാണ് പെട്ടെന്ന് റൂമിലേക്ക് വിച്ചു വന്നത് "പപ്പേ....." അന്നുമോൾ ദച്ചുന്റെ കയ്യിലിരുന്നു വിച്ചൂനെ വിളിച്ചു... അവൻ അവർക്കരിലേക്ക് വന്നു മോളെ എടുക്കാൻ നോക്കിയപ്പോൾ അന്നുക്കുട്ടി ഒരു ചിരിയോടെ ദച്ചുന്റെ കയ്യിലിരുന്ന് വിച്ചൂനെ ഒരു കൈകൊണ്ട് ചേർത്തു പിടിച്ചു അവർക്കരിലേക്ക് നിർത്തിച്ചു..... വിച്ചന്റെ സാമിപ്യം തൊട്ടടുത്തു അറിഞ്ഞപ്പോൾ തന്നെ ദച്ചു വിറക്കാൻ തുടങ്ങി.... ഉള്ളിൽ വല്ലാത്തൊരു വികാരം അവന്റെ സാമിപ്യത്തിൽ അവൾക്ക് തോന്നി എന്നാൽ വിച്ചു അവളെ ഒന്ന് ശ്രദ്ദിക്കുക പോലും ചെയ്യാതെ മോളുമായി കാര്യം പറച്ചിലാണ്....

അന്നു വിച്ചന്റെ മുഖത്ത് തലോടി എന്തൊക്കെയോ പറയുന്നുണ്ട്....തന്നെയൊന്നു ശ്രദ്ദിക്കുക പോലും ചെയ്യാതെ നിൽക്കുന്ന വിച്ചൂനെ കണ്ട് ഹൃദയത്തിൽ വല്ലാത്ത ഭാരം പോലെ തോന്നി ദച്ചൂന്..... അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി... അവന്റെ അവഗണ അവളെ തളർത്തി.. പെട്ടെന്ന് കുനിച്ചു പിടിച്ചിരുന്ന അവളുടെ thala വിച്ചു അവൻറെ നേരെ ഉയർത്തി പിടിച്ചു.... പെരുവിരൽ കൊണ്ട് അവളുടെ രണ്ട് കണ്ണും തുടച്ചു കൊടുത്തു "ഞാൻ അത്യാവശ്യമായി ഒരിടം വരെ പോകുവാണ് .... അത്കൊണ്ടാണ് നിങ്ങളെ ഇവിടെ നിർത്തിയത്.... ഇവിടെയാകുമ്പോ എല്ലാവരും ഉണ്ടല്ലോ.... അമീറും വരുണും ഇവിടെ കാണും.... പേടിക്കണ്ട....തിരിച്ചു വന്നിട്ട് ഒരു യാത്ര പോകാനുണ്ട്..... ഞാൻ തിരികെ വരുന്നത് വരെ നിനക്ക് കരയാം ദ്രുവി.... പക്ഷെ തിരികെ വന്നിട്ട് നിന്റെ ഈ കണ്ണ് നിറഞ്ഞു ഞാൻ കാണാൻ പാടില്ല.... ഒരിക്കലും...." അത്രയും പറഞ്ഞു അവളുടെ തലയിൽ ഒന്ന് തലോടി മോൾക്കൊരു മുത്തം കൊടുത്തു അവൻ മുറിക്ക് പുറത്തേക്ക് പോയി.... ദച്ചു അത്ഭുതത്തോടെ അവനെ നോക്കി നിന്നു... അവന്റെ വാക്കുകൾ ഹൃദയത്തിൽ നിറഞ്ഞു നിന്നു................ 🌸 ....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story