പക...💔🥀: ഭാഗം 1

paka

രചന: ഭാഗ്യ ലക്ഷ്മി

"ചെറുക്കനെ പറ്റി നല്ലവണ്ണം അന്വേഷിച്ചിട്ട് തന്നെയാണോ കേശവാ നിങ്ങളാ പെൺ കൊച്ചിൻ്റെ കല്ല്യാണം ഉറപ്പിച്ചത്...?? തെമ്മാടിയായ ആ പൃഥ്വി ദേവിനെ മാത്രേ കിട്ടിയുള്ളോ നന്ദ മോൾക്ക് വരനായിട്ട്...??" ഉത്കണ്ഠയോടെയുള്ള ദാമോദരൻ്റെ ചോദ്യം കേട്ടതും കേശവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു... "ആഹ്... ചെറുക്കനെ പറ്റി അറിഞ്ഞിടത്തോളം ഒക്കെ മതി..." കേശവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു... "അരുത് കേശവാ...!! ക്രൂരതയാ ആ കുട്ടിയോട് കാട്ടുന്നത്... പാവമല്ലേ നന്ദ മോള്...?? എന്തിനാ അതിനോട് ഇങ്ങനെ...??" "അന്നാൽ താൻ കൊണ്ട് വാടോ അഞ്ച് രൂപ സ്ത്രീധനം ചോദിക്കാത്ത ഒരുത്തനെ... എങ്ങനെയേലും അവളെ ഒന്ന് തലയിൽ നിന്ന് ഒഴിവാക്കാമെന്ന് വെയ്ക്കുമ്പോൾ..."

പല്ലിറുമിക്കൊണ്ട് പറയുമ്പോൾ പൃഥ്വി ദേവ് രാവിലെ തൻ്റെ കൈയ്യിൽ വെച്ച് തന്ന നോട്ട് കെട്ടുകളുടെ ഓർമ്മയിൽ കേശവൻ്റെ മിഴികൾ വന്യമായി തിളങ്ങി... "വേണ്ട കേശവാ ഇത്.. ആ പൃഥ്വി ആളത്ര ശരിയല്ല... അവൻ തല്ലുണ്ടാക്കുന്നത് കണ്ടിട്ടില്ലാത്തവർ ഈ നാട്ടിൽ ചുരുക്കമായിരിക്കും... പോരാത്തതിന് ഇപ്പോൾ ജയിലിൽ നിന്നും ഇറങ്ങിയതേയുള്ളൂ... അതിൻ്റെ പക അവന് നന്ദ മോളോട് കാണുകയും ചെയ്യും... എങ്ങനെയും ഒഴിവാക്കണമെന്ന് കരുതി ആ പാവം കുഞ്ഞിനെ ബലി കൊടുക്കല്ലേ..." "തനിക്കെന്താടോ ഇത്ര ദണ്ണം..?? തൻ്റെ മോളൊന്നുമല്ലല്ലോ അവൾ...!! ഇതു പോരെങ്കിൽ ഇനീം അവളെ കെട്ടിക്കാൻ ഞാൻ രാജകുമാരനെ തപ്പി പിടിച്ചോണ്ട് വരാം.. അല്ല പിന്നെ..." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കേശവൻ നടന്നകലുന്നത് ദാമോദരൻ നോക്കി നിന്നു.. 🥀🥀🥀🥀🥀🥀

പൊരിവെയിലാണ് പിന്നാമ്പുറത്ത്.. ചുട്ടു പൊള്ളുന്നു...!! വാടിക്കരിഞ്ഞു നിൽക്കുന്ന പനിനീർ പുഷ്പങ്ങളെ അവൾ സങ്കടത്തോടെ നോക്കി... ഇപ്പോൾ പൂവിൻ്റെ മനോഹാരിതയേക്കാളും ഏതൊരാളുടെയും ശ്രദ്ധയാകർഷിക്കുന്നത് രക്തം ചീന്തിക്കുന്ന മുള്ളിൻ്റെ ക്രൂരതയിലേക്കാണെന്നവൾക്ക് തോന്നി... ചിന്തിച്ചു നിൽക്കാൻ നേരമില്ല... സ്വയം ശാസിച്ചു കൊണ്ടവൾ ചിരിയോടെ തലയിലൊന്നു കൊട്ടി.. മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ചവൾ പിറു പിറുത്തു കൊണ്ട് നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളികൾ തുടച്ചു മാറ്റി.. "നന്ദേച്ചി... നന്ദേച്ചി വല്ലോം അറിഞ്ഞോ...??" കരിപിടിച്ച പാത്രങ്ങൾ ഉരച്ചു കഴുകുന്നതിനിടയിൽ നിമ വന്ന് വിളിച്ചതും ശ്രീനന്ദ മുഖമുയർത്തി...

അവശത നിറഞ്ഞ ശ്രീനന്ദയുടെ മുഖം കണ്ടതും നിമയുടെ ഉള്ളിൽ വേദന നിറഞ്ഞു.. കരിവാളിപ്പു നിറഞ്ഞ അവളുടെ വദനത്തിലും ചെളി പുരണ്ട പാദങ്ങളിലും മുഷിഞ്ഞ വസ്ത്രങ്ങളിലും നിമയുടെ മിഴികൾ ഓടി നടന്നു... "എന്താ നിമ മോളെ..??" ശ്രീനന്ദ വാത്സല്യത്തോടെ ചോദിച്ചു... "ന.. നന്ദേച്ചി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ..??" നിമ നിറകണ്ണുകളോടെ ചോദിച്ചതും ശ്രീനന്ദയുടെ ചുണ്ടിലൊരു വരണ്ട ചിരി വിരിഞ്ഞു... "അച്ഛനും അമ്മയും പോയപ്പോൾ തൊട്ട് തുടങ്ങിയതാ എൻ്റെ കഷ്ടപ്പാട്... അന്ന് ചെറിയച്ഛൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നപ്പോൾ നഷ്ടമായതൊക്കെ തിരികെ കിട്ടാൻ പോകുന്നു എന്നൊരു പ്രതീതി ആയിരുന്നു... എന്നാൽ എല്ലാവർക്കും വേണ്ടത് ഒരു വേലക്കാരിയെ ആണെന്ന് മനസ്സിലാക്കാൻ ഈ നന്ദ വൈകി പോയി..." പറഞ്ഞവസാനിപ്പിച്ചതും സാരിത്തലപ്പ് കൊണ്ട് മിഴിയൊന്ന് അമർത്തി തുടച്ചു അവൾ...

നിമ എന്ത് പറയണമെന്നറിയാതെ നിസ്സഹായതയോടെ അവളെ നോക്കി... "ചെറിയമ്മയുടെ കുറച്ച് സാരികൾ കൂടെ അലക്കാൻ ഉണ്ട്... മോള് ചെന്നോ..." നിമയോട് അതും പറഞ്ഞ് ശ്രീനന്ദ പണികളിൽ മുഴുകി... "നന്ദേച്ചി എനിക്കൊരു കാര്യം പറയാൻ ഉണ്ട്... അതിനാ ഞാൻ ഇങ്ങോട്ട് ഓടി വന്നത്..." നിമ വേവലാതിയോടെ പറഞ്ഞതും ശ്രീനന്ദയുടെ മുഖം ചുളിഞ്ഞു... "എന്താ മോളെ..??" അവൾ നിമയ്ക്ക് നേരെ സംശയഭാവത്തിൽ നോക്കി... "അത്.. നന്ദേച്ചി... പൃഥ്വി... പൃഥ്വി ദേവ്...." നിമ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു... പൃഥ്വി ദേവ്....!!! ആ പേര് കേട്ടതും ശ്രീനന്ദയുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി... ഈശ്വരാ... ആ തെമ്മാടി ചെറിയച്ഛൻ്റെ അടുത്ത് വന്ന് തൻ്റെ പേരും പറഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാക്കി കാണുമോ...?? ഉണ്ടെങ്കിൽ അത് മതി ചെറിയച്ഛനും ചെറിയമ്മയ്ക്കും ഇന്ന് തന്നോട് മുഖം കറുപ്പിയ്ക്കാൻ...

അവൾ ഭീതിയോടെ ഓർത്തു... "എന്താ മോളെ... അയാള്.. ആ പൃഥ്വി ദേവ് പുറത്തിറങ്ങിയോ..??" ഉത്കണ്ഠയോടെ ചോദിക്കുമ്പോൾ ശ്രീനന്ദയുടെ വിരലുകൾ സാരിത്തലപ്പിൽ മുറുകി... മൗനമായി തല കുനിച്ച് നിൽക്കുന്ന നിമയെ കണ്ടപ്പോൾ തന്നെ ശ്രീനന്ദയ്ക്ക് കാര്യം മനസ്സിലായിരുന്നു... അതെ... അയാൾ പുറത്തിറങ്ങിയിരിക്കുന്നു... കവലയിൽ ആരുമായോ തല്ലുണ്ടാക്കിയതിന് താൻ കൊടുത്ത മൊഴിയുടെ പേരിൽ അകത്തു പോയതാണയാൾ... ഇത്രയും ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അയാൾ തന്നോട് പക വീട്ടും തീർച്ച... ഇന്നേ വരെ ഒരാൾ പോലും അയാൾക്കെതിരെ ശബ്ദമുയർത്തിയിട്ടില്ല... ഒരു കേസും ഉണ്ടായിട്ടുമില്ല... എന്നാൽ ആദ്യമായി താൻ...!! പോലീസ് ജീപ്പിൻ്റെ പിന്നിലേക്ക് കയറുമ്പോഴും കണ്ടിരുന്നു തനിക്ക് നേരെ നീണ്ട പകയെരിയുന്ന മിഴികളെ.... "നന്ദേച്ചി... നന്ദേച്ചി..."

നിമ തട്ടി വിളിച്ചപ്പോഴാണ് ശ്രീനന്ദ ചിന്തയിൽ നിന്നുണർന്നത്... "അയാള് പുറത്തിറങ്ങിയതല്ല ചേച്ചീ പ്രശ്നം..." "പിന്നെ..???" "അത്... ചേച്ചിയെ അയാൾക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കാനാ അച്ഛൻ്റെ തീരുമാനം...'' ദയനീയമായ സ്വരത്തിൽ നിമ പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദയുടെ മിഴികൾ ഞെട്ടലോടെ അവളിൽ പതിഞ്ഞു.... ഹൃദയമിടിപ്പ് ഒരുവേള നിലച്ചതു പോലെ... "എന്താ മോളെ നീയിപ്പോൾ പറഞ്ഞത്...??" നിറമിഴികളോടെ ചോദ്യമുന്നയിച്ചപ്പോൾ ശ്രീനന്ദയുടെ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു... "സത്യമാ ചേച്ചീ... അച്ഛനും അമ്മയും മുറിയിലിരുന്ന് സംസാരിക്കുന്നത് കേട്ടതാ ഞാൻ.." നിമ പറഞ്ഞത് കേട്ടതും ഒന്നും ഉരിയാടാനാവാതെ ശ്രീനന്ദ തറഞ്ഞിരുന്നു പോയി.... "എന്താ ചെയ്യാ ചേച്ചീ നമ്മളിപ്പോൾ...???" "ഇല്ല.. ഇത് നടക്കില്ല... അങ്ങനെ വല്ലോം സംഭവിച്ചാൽ ഈ നന്ദയുടെ ശവത്തിലായിരിക്കും ആ തെമ്മാടി താലി കെട്ടുന്നത്.."

ഉറച്ച സ്വരത്തിൽ പറഞ്ഞവൾ കവിളിനെ തലോടിയ മിഴിനീർ ഒന്നമർത്തി തുടച്ചു കൊണ്ട് അകത്തേക്ക് ഓടുമ്പോൾ ഹൃദയമിടിപ്പുകൾ താളം തെറ്റി തുടങ്ങിയിരുന്നു... വരാന്തയിലെ ചാരു കസേരയിലിരിക്കുന്ന കേശവനെ കണ്ടതും ശ്രീനന്ദയുടെ പാദങ്ങൾ നിശ്ചലമായി... "ചെറിയച്ഛാ.." ശ്രീനന്ദ വിളിച്ചതും അയാൾ മുഖം ചുളിച്ച് നോക്കി... "എന്താ...??" കേശവൻ ഒന്ന് മൂളിക്കൊണ്ട് പരുക്കൻ സ്വരത്തിൽ ചോദിച്ചതും ശ്രീനന്ദ അയാളുടെ കാൽക്കൽ വീണു... "ചെറിയച്ഛാ... എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നെ...?? എനിക്ക്... എനിക്കിഷ്ടമല്ല ആ പൃഥ്വി ദേവിനെ... ഈ വിവാഹം വേണ്ട ചെറിയച്ഛാ..." ഒരേങ്ങലടിയോടെ അവൾ പറഞ്ഞതും കേശവൻ കാല് വലിച്ചു കൊണ്ട് എഴുന്നേറ്റു... "ഓഹ് നീയറിഞ്ഞോ അത്...?? അവന് നിന്നെയങ്ങ് കണ്ട് ഇഷ്ടപ്പെട്ടെന്ന്... എന്നോട് വന്ന് ചോദിച്ചപ്പോൾ ഞാനങ്ങ് സമ്മതിച്ചു... ഏട്ടൻ ജീവിച്ചിരിപ്പില്ലാത്ത സ്ഥിതിക്ക് ഞാൻ വേണ്ടേ സമയമാകുമ്പോൾ ഇതൊക്കെ നോക്കീം കണ്ടും നടത്താൻ... ഞാനിതങ്ങ് ഉറപ്പിച്ചു... തീയതിയും തീരുമാനിച്ചു...

രണ്ടാഴ്ച്ചയ്ക്കുള്ളിൽ വിവാഹം.." കേശവൻ കൂസലില്ലാതെ പറഞ്ഞതും ഹൃദയം പിളരുന്ന വേദനയിൽ ശ്രീനന്ദ തറഞ്ഞു നിന്നു... "എൻ്റെ.. എൻ്റെ വിവാഹത്തെ പറ്റി എന്നോടൊരു വാക്ക് ചെറിയച്ഛൻ ചോദിച്ചോ...??" അവൾ ഇടർച്ചയോടെ ചോദിച്ചു... "ഓഹ് ഇനീം നിന്നോട് ചോദിക്കാത്തതിൻ്റെ കുറവും കൂടിയേ ഉള്ളൂ... നിൻ്റെ അച്ഛനുമമ്മയും പൊന്നും പണവും വല്ലോം ഉണ്ടാക്കി വെച്ചിട്ടുണ്ടോടീ നിന്നെ കെട്ടിച്ചയയ്ക്കാൻ...??'' ഭാനുമതി അതും പറഞ്ഞ് വരാന്തയിലേക്ക് വന്നു... "അതിന് ഞാൻ പറഞ്ഞില്ലല്ലോ ചെറിയമ്മേ എനിക്കിപ്പോൾ വിവാഹം വേണമെന്ന്..??" ചോദിയ്ക്കുമ്പോൾ അവളുടെ മിഴികൾ കോപാഗ്നിയാൽ രക്തവർണ്ണമായിരുന്നു... "തർക്കുത്തരം പറയാതെ കേറിപ്പോടീ..." കേശവൻ ആക്രോശിച്ചതും തൻ്റെ എതിർപ്പുകൾ ആരും വക വെയ്ക്കില്ലെന്ന് മനസ്സിലാക്കിയ ശ്രീനന്ദ തളർന്ന ഹൃദയത്തോടെ അകത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀

അഞ്ചേക്കറിനു നടുവിൽ നിൽക്കുന്ന ആ വലിയ ബംഗ്ലാവിൻ്റെ ബാൽക്കണിയിൽ മദ്യത്തിൻ്റെ ലഹരി നിറഞ്ഞു നിന്നു... "നിനക്ക് ഭ്രാന്താണോ ദേവാ..?? അവളെ പോലെ അഷ്ടിക്കു വകയില്ലാത്തൊരു പെണ്ണിനെ വിവാഹം കഴിയ്ക്കാൻ..?? അതും അമ്പതു ലക്ഷം രൂപ അവളുടെ ചെറിയച്ഛന് വാഗ്ദാനം ചെയ്തു കൊണ്ട്...?? അതോ നിൻ്റെ ഉദ്ദേശ്യം ഇനീം വേറെ വല്ലതുമാണോ...??" മദ്യം നിറഞ്ഞ ഗ്ലാസ്സ് ചുണ്ടോട് ചേർത്തു കൊണ്ട് വിഹാൻ പറഞ്ഞു തുടങ്ങിയതും പൃഥ്വി മിഴികൾ കൂർപ്പിച്ചവനെ നോക്കി... ശേഷം കയ്യിലിരുന്ന ഗ്ലാസ്സിലെ അവസാന തുള്ളി മദ്യവും വായയിലേക്ക് കമിഴ്ത്തി... ഒരു വാക്ക് പോലും ഉച്ചരിക്കാതെ തന്നെ മറികടന്നു പോകുന്ന പൃഥ്വിയെ നോക്കി അമ്പരപ്പോടെ നിൽക്കുമ്പോൾ വിഹാന്റെയുളളിൽ ഒരുപാട് ചോദ്യങ്ങളുയർന്നു വന്നു.. 🥀🥀🥀🥀🥀🥀🥀🥀

ദിനങ്ങൾ കടന്നു പോയി... തൻ്റെ ദു:ഖം കണ്ടിട്ടാവാം മുറ്റത്തെ ചെമ്പകത്തിലെ പൂക്കളൊക്കെയും ഞെട്ടറ്റു വീണത്... തൻ്റെ വേദന താങ്ങാനാവാത്തതിനാലാവാം തന്നെ തഴുകിയിരുന്ന പിച്ചകത്താൽ സുഗന്ധപൂരിതമായ കാറ്റ് നിശ്ചലമായത്... തൻ്റെ വ്യഥയിൽ പങ്ക് ചേർന്നതിനാലാവാം ഇന്നത്തെ ഈ പ്രകൃതിയും മാരിയുടെ രൂപത്തിൽ ആർത്തുലച്ച് പെയ്തത്... നിറ കണ്ണുകളോടെ അമ്പലത്തിലെ ആൽത്തറയിലിരിക്കുമ്പോൾ ശ്രീനന്ദയുടെ ഹൃദയം അലറി വിളിക്കുന്നുണ്ടായിരുന്നു... ഓരോ നിമിഷവും താൻ തളർന്ന് പോകും പോലെ... അയാൾക്ക് തന്നെ കണ്ടിഷ്ടപ്പെടാൻ ഒരു വഴിയും ഇല്ല... തന്നോട് പക വീട്ടാൻ അയാൾ കണ്ട് പിടിച്ച മാർഗ്ഗമായിരിക്കും ഈ വിവാഹം.. നോവോടെ ഓർക്കുമ്പോൾ ഹൃദയം പൊട്ടി താനിപ്പോൾ മരിച്ചു വീഴുമെന്നവൾക്ക് തോന്നി...

ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും അവഗണന കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഇവിടം വിട്ട് തൻ്റെ അപ്പച്ചിയുടെ അടുക്കലേക്ക് പോകാൻ.. എന്നാൽ തന്നെ കാണുമ്പോൾ അപ്പച്ചിയുടെ മകനായ നിഖിലിൻ്റെ ചുണ്ടിൽ വിരിയുന്ന വഷളൻ ചിരി കാണുമ്പോൾ ആ തോന്നൽ പിൻ വാങ്ങും... അവിടുത്തേക്കാൾ ഭേദം ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും കുറ്റപ്പെടുത്തലുകൾ ആണെന്ന് തോന്നും... ഓരോന്നോർക്കെ സമയം പോയത് ശ്രീനന്ദയറിഞ്ഞില്ല... വീട്ടിലേക്ക് നടക്കുമ്പോൾ അറിയാതെ പോലും ഒരു പൃഥ്വി ദേവിൻ്റെയും നോട്ടം തന്നിൽ പതിയരുതേ എന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു അവളുടെ ഉള്ളിൽ...

എന്നാൽ കവലയിലെ ചായക്കടയ്ക്ക് മുൻപിലെ ബെഞ്ചിലിരുന്ന് പുകച്ചുരുൾ ഊതി വിടുന്നവനിലേക്ക് അറിയാതെ അവളുടെ മിഴികൾ പതിഞ്ഞു.. ഉള്ളം ഭീതിയാലും ദേഷ്യത്താലും നിറഞ്ഞു.... പതിവു പോലെ ഗൗരവം വിടാത്ത മുഖ ഭാവം... തൻ്റെ അടുത്തേക്കവൻ നടന്നു വരുന്നത് കണ്ടതും എന്ത് ചെയ്യണമെന്നറിയാതവൾ തറഞ്ഞു നിന്നു... മനസ്സപ്പോൾ അയാളുടെ കണ്ണുകളിൽ എരിഞ്ഞ പകയിൽ നീറിപ്പുകയുന്നുണ്ടായിരുന്നു... "നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട നീ... കണക്കു ചോദിച്ചിരിക്കും ഞാൻ...!! ഓർത്തു വെച്ചോ..." ദേഷ്യത്താൽ ചുവന്ന മുഖത്തോടെയവനത് പറയുമ്പോൾ ഉരിയാടാൻ വന്ന മാപ്പെന്ന വാക്ക് തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു... മുഴങ്ങുന്ന ഒച്ചയിൽ കണ്ണുകളടച്ച് പകപ്പോടെ നിൽക്കുമ്പോൾ എന്തിനെന്നറിയാതൊരാന്തൽ അവളെ പൊതിഞ്ഞിരുന്നു.... നിറഞ്ഞു വന്ന മിഴികളെ മറച്ചു കൊണ്ട് ധൃതിയിൽ പൃഥ്വിയെ മറി കടന്നു പോകുമ്പോൾ മൂർച്ചയേറിയ ആ നോട്ടം തന്നെ പിൻ തുടരുന്നത് അവൾ അറിഞ്ഞിരുന്നു...

ആ മീശയൊന്ന് പിരിച്ചു കൊണ്ട് തന്നെ നോക്കുമ്പോൾ എന്തായിരുന്നു അവനിലെ ഭാവം...?? അവൾ ഉമി നീരിറക്കിക്കൊണ്ട് തിരിഞ്ഞു നോക്കാതെ ചുവടുകൾക്ക് വേഗത കൂട്ടി... വീടിൻ്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയും ശ്വാസം നേരെ വീണതു പോലെ ശ്രീനന്ദയ്ക്ക് തോന്നി... പരിഭ്രമത്തോടെ സാരിത്തലപ്പിൽ ഇറുകെ പിടിച്ചവൾ ഒരു മാത്ര തിരിഞ്ഞു നോക്കി... ആരെയും കാണാഞ്ഞത് അവളിൽ ആശ്വാസം വിതറി... അന്ന് സന്ധ്യയ്ക്ക് വിളക്കു വെച്ചതിന് ശേഷം നാടാകെ ചെറിയച്ഛൻ വിവാഹം ക്ഷണിച്ച കാര്യം നിമയുടെ നാവിൽ നിന്നും ശ്രീനന്ദ വേദനയോടെ കേട്ടിരിന്നു... തൻ്റെ മുറിയിലെ ആ പഴകിയ കട്ടിലിനു മേൽ കിടക്കുന്ന വിവാഹപ്പുടവ തന്നെ നോക്കി പരിഹസിക്കുന്ന പോലെ ശ്രീനന്ദയ്ക്ക് തോന്നി... ചുറ്റിനും നിരന്നു കിടക്കുന്ന ആഭരങ്ങളിലേക്ക് ആർത്തിയോടെ നോക്കുന്ന ചെറിയമ്മയെ കാൺകെ അവൾ അവജ്ഞയോടെ മുഖം തിരിച്ചു...

എല്ലാം ആ തെമ്മാടിയുടെ ഉപഹാരങ്ങൾ....!! "വെളുപ്പിനെ എഴുന്നേറ്റ് സാരിയുമുടുത്ത് ആഭരണങ്ങളുമണിഞ്ഞ് തയ്യാറായി നിൽക്കണം..." ചെറിയമ്മയുടെ വാക്കുകൾ അറവു മാടിനോടുള്ള അവസാന വാചകങ്ങൾ പോലെയാണ് അവളുടെ ഹൃദയത്തിൽ പതിച്ചത്....!! അതിൽ പോലുമുണ്ടാകും അല്പം കരുണ... എന്നാൽ തന്നോടതു പോലുമില്ല... ഇല്ല...!! അയാളുടെ കാൽച്ചുവട്ടിൽ കിടക്കുന്നതിനേക്കാൾ ഭേദം ഈ നന്ദയ്ക്ക് മരണമാണ്... നാളെ നേരം പുലരുമ്പോൾ കല്ല്യാണപ്പെണ്ണിനെ കാണാനില്ലെന്ന വാർത്തയാവും എല്ലാവരെയും തേടിയെത്തുന്നത്...!! എവിടേക്ക് പോകണമെന്ന് ഊഹമില്ലെങ്കിലും ഉറച്ച മനസ്സോടെ തീരുമാനിച്ചു കൊണ്ടവൾ ഒരു ബാഗിനകത്ത് അത്യാവശ്യം വസ്ത്രങ്ങളും കുറച്ച് സ്വർണ്ണാഭരണങ്ങളും എടുത്തു വെച്ചു...

ഇരുൾ വീണ വഴികളിലൂടെ നടക്കുമ്പോൾ ഹൃദയം പതിവിലും ഇരട്ടിയായി മിടിക്കുന്നുണ്ടായിരുന്നു... എന്തെന്നില്ലാത്തൊരു വെപ്രാളം... ഉള്ളിൽ പടർന്ന നേരിയ ഭീതി മനസ്സിനെ പൂർണ്ണമായും കാർന്നു തിന്നു തുടങ്ങിയതു പോലെ.... ആരോ തന്നെ പിൻ തുടരുന്നതു പോലെ...!! ഇല്ല... തൻ്റെ തോന്നൽ മാത്രമാണ്.. ആരുമില്ല... അവളുടെ ചുവടുകൾക്ക് വേഗത കൂടി... എന്നാൽ അതേ സമയം പിന്നിലെ കാലടികൾക്കും വേഗതയേറിയതവളറിഞ്ഞില്ല... ഒരു കരസ്പർശം ചുമലിലേറ്റതും അവൾ പിൻ തിരിഞ്ഞു... വിരലുകൾ കൈയ്യിലുള്ള ബാഗിൽ മുറുകുമ്പോൾ വിയർപ്പു തുള്ളികൾ ചെന്നിയിലൂടെ ഒഴുകിയിരുന്നു.. അരണ്ട വെളിച്ചത്തിൽ കണ്ട ആ മുഖം അവളിലെ ഭയത്തെ ആയിരമിരട്ടിയായി വർദ്ധിപ്പിച്ചു.... (തുടരും)

Share this story