പക...💔🥀: ഭാഗം 15

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വിയുടെ അടുത്ത് ചെറുത്ത് നില്ക്കാനാവാത്ത വിധം തൻ്റെ ശരീരം തളർന്നു പോകുന്നതും നിമിഷങ്ങൾ കൊഴിയവേ സ്വയമറിയാതെ താനവന് വിധേയയായതുമവൾ ഓർത്തു... അനുവാദമില്ലാതെ തന്നെ ചുംബിക്കാൻ മുതിർന്നവനെ തടുക്കാനാവാതെ അവനോടുള്ള പ്രണയത്താൽ ദുർബലമായി തീർന്ന ഹൃദയത്തെ താനൊരു നിമിഷം വെറുത്തു... ആദ്യത്തെ എതിർപ്പുകൾ മെല്ലെ തനിക്ക് അന്യമാകുന്നതും ഹൃദയം ബലഹീനമാകുന്നതും ആ കരവലയങ്ങളിൽ ഒതുങ്ങവേ താൻ നോവോടെ തിരിച്ചറിഞ്ഞിരുന്നു... താനും ആഗ്രഹിച്ചിരുന്നോ ഈയൊരു നിമിഷം...?? തൻ്റെ വിരലുകൾ ഒരുവേള അവൻ്റെ മുടിയിഴകളെയും തലോടിയിരുന്നോ..?? ഹൃദയത്തെ വലയം തീർത്തൊരാ ചോദ്യങ്ങൾ തന്നെ ഓരോ നിമിഷവും തളർത്തി... ദീർഘ ചുംബനത്തിൻ്റെ ചൂടിൽ നിന്നും അവൻ തൻ്റെ അധരങ്ങളെ മുക്തമാക്കുമ്പോൾ താൻ തളർന്നു പോയിരുന്നു.... ആ മുഖത്തേക്ക് നോക്കാനാവാത്ത വിധം വിവശയായിരുന്നു... തൻ്റെ കൈവിരലുകൾ അവൻ്റെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തിയിരുന്നു.. ആദ്യ ചുംബനത്തിൻ്റെ അനുഭൂതിയോ അതോ അവനെ എതിർക്കാൻ കഴിയാഞ്ഞതിൻ്റെ നീരസമോ...?? തൻ്റെ അധരങ്ങളെ അവൻ മോചിപ്പിച്ചപ്പോൾ ഉള്ളിൽ ഉടലെടുത്ത ആ വികാരം എന്തെന്നറിയാതെ അവൻ്റെ മുഖത്തേക്കൊന്നു നോക്കാനാവാത്ത വിധം ചലനമറ്റു കിടന്നു പോയിരുന്നു താൻ...

എത്ര പ്രണയം തൻ്റെയുള്ളിൽ ഉണ്ടെങ്കിലും അനുവാദമില്ലാതെ പൃഥ്വി ചെയ്ത ആ പ്രവർത്തി തനിക്കൊട്ടും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.. അവനോടുള്ള പ്രണയത്താൽ ദുർബലമായി പോയ മനസ്സിനെ പഴിച്ചവൾ നിറമിഴികളോടെ എങ്ങോ നോക്കി കിടന്നു... ഏറെ നേരമായിട്ടും പൃഥ്വിയിൽ നിന്നും പ്രതികരണം ഒന്നുമില്ലാഞ്ഞതിനാലാവണം നീർത്തുള്ളികൾ വലയം തീർത്ത പീലികളോടെയവൾ മിഴികൾ അവന് നേരെ തിരിച്ചത്... ആ മുഖത്ത് അന്നാദ്യമായി തനിക്ക് വേണ്ടി വിരിഞ്ഞ ആ പുഞ്ചിരി കാൺകെയാവാം തൻ്റെ മനസ്സിലെ കനലുകൾക്ക് അല്പം ആശ്വാസം കൈവന്നത്.... പരിഹാസമോ പുച്ഛമോ ധ്വനിക്കാത്ത മനഹോരമായൊരു പുഞ്ചിരി... താൻ ഞെട്ടലോടെ അവനെ നോക്കുമ്പോൾ തൻ്റെ കവിളിലൊന്നു ചിരിയോടെ തട്ടിയവൻ.... "എനിക്കിങ്ങനെ മറ്റാരുടെയും അടുത്ത് തോന്നിയിട്ടില്ല ശ്രീനന്ദാ... നീയായതു കൊണ്ട് മാത്രമാണ് ഞാൻ ചുംബിച്ചത്..." നിറമിഴികളോടെ അവനെ നോക്കുന്ന തന്നോടതു പറഞ്ഞ് തൻ്റെ ശിരസ്സിൽ തഴുകി ആശ്വസിപ്പിച്ചപ്പോൾ പൃഥ്വി പറഞ്ഞത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ താൻ അങ്ങനെ തന്നെ ഇരുന്നു പോയിരുന്നു.... തന്നോട് പൃഥ്വിയ്ക്ക് സ്നേഹമുണ്ട്... അതല്ലേ പൃഥ്വി പറഞ്ഞതിൻ്റെ അർത്ഥം..??

ആണ്... അത് തന്നെയാണ്....??!!! താൻ മാത്രമാണ് ആ മനം നിറയെ.. അങ്ങനെ വിശ്വസിക്കാനാണ് താൻ ആഗ്രഹിച്ചത്... അവിശ്വസനീയതയോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ തീഷ്ണമായ ആ മിഴികൾക്ക് മുൻപിൽ തൻ്റെ മിഴികൾ വല്ലാതെ പിടഞ്ഞത് അവൻ്റെ നേത്രങ്ങളിൽ അലതല്ലിയത് തന്നോടുള്ള സ്നേഹമാണെന്ന തിരിച്ചറിവിലായിരുന്നു... "നീ മറ്റെന്തെങ്കിലും കൂടെ പ്രതീക്ഷിച്ചെങ്കിൽ എനിക്കതിന് തീരെ മൂഡില്ല ഇപ്പോൾ.. പിന്നെ നിൻ്റെ കരച്ചിലും പിഴിച്ചിലും ഒന്നും കാണാനും വയ്യ..." അതും പറഞ്ഞ് പൃഥ്വി ബെഡിൽ നിന്നും എഴുന്നേറ്റതും ഒരു നിമിഷത്തേക്കെങ്കിലും അവനോട് തോന്നിയ വെറുപ്പ് തൻ്റെയുള്ളിൽ മഞ്ഞ് മല പോലെ ഉരുകിയിരുന്നു... താൻ എതിർത്തതിനാലാവാം പൃഥ്വി മറ്റൊന്നിനും മുതിരാഞ്ഞതെന്നോർത്തപ്പോൾ അവനോടുള്ള തൻ്റെയുള്ളിലെ പ്രണയത്തിന് വീണ്ടും ശക്തി പ്രാപിച്ചത് താൻ അറിഞ്ഞു... ഹൃദയത്തിൽ വീണ്ടും തളിരിട്ടു പ്രണയത്തിൻ്റെ വസന്തം...!! ആ വസന്തത്തിൽ മൊട്ടിട്ട പുഷ്പങ്ങൾക്കത്രെയും അവൻ്റെ നാമം മാത്രം...!! "നീ ബെഡിൽ തന്നെ കിടന്നോ... ഞാൻ പുറത്തേക്ക് പോവാണ്..." അതും പറഞ്ഞ് മുറി വിട്ട് പൃഥ്വി പുറത്തേക്ക് പോയതും ആ മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർക്കെ തൻ്റെ മനസ്സ് ഒരിക്കൽക്കൂടി അസ്വസ്ഥമായി....

ഇന്നലെ രാത്രി അതും പറഞ്ഞ് പോയ ആളാണ്... ഇന്ന് നേരം പുലർന്ന് ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെടും വരെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല... ഓർക്കവേ ഉള്ളിലൊരു നോവ്...!! "മോളെ ശ്രീക്കുട്ടീ.... നീയെന്താ ചിന്തിക്കുന്നത്...??" ശ്രീനാഥ് അതും പറഞ്ഞ് ശ്രീനന്ദയുടെ ചുമലിൽ തട്ടിയപ്പോഴാണവൾ ചിന്ത വിട്ടുണർന്ന് സ്വബോധത്തിലേക്ക് വന്നത്.... "എൻ്റെ കുട്ടി ഒരുപാട് വേദനിച്ചെന്നെനിക്കറിയാം... അപ്പോഴൊന്നും നിനക്ക് താങ്ങാവാൻ ഏട്ടനായില്ല... പക്ഷേ ഇനിയും നീ വേദനിക്കുന്നത് കാണാൻ വയ്യ മോളെ.... ഒന്നുമറിയാത്ത നിന്നോട് പൃഥ്വി പക വീട്ടാൻ ഞാൻ അനുവദിക്കില്ല..." പൃഥ്വി പക വീട്ടാനാണ് തന്നെ വിവാഹം കഴിച്ചതെന്ന് ഏട്ടന് എങ്ങനെ അറിയാം..?? ഒരുപക്ഷേ പവിത്ര പോയത് തൻ്റെ ഏട്ടനൊപ്പമാണെന്ന് പൃഥ്വി അറിഞ്ഞാൽ തന്നോടിപ്പോഴുള്ള ഈ സ്നേഹം ഇല്ലാതാവില്ലേ..?? തന്നെ വീണ്ടും വെറുക്കില്ലേ...?? കരളിനെ വലയം ചെയ്ത ഒരായിരം ചോദ്യങ്ങൾക്ക് മുൻപിൽ ശ്രീനന്ദ തളർന്നിരുന്നു.... "എന്താ മോളെ നീയൊന്നും മിണ്ടാത്തെ..?? പൃഥ്വി നിന്നെ ഒരുപാട് ദ്രോഹിച്ചോ...??" "ഇല്ല ഏട്ടാ... ഏട്ടനോട് ആരാ പറഞ്ഞത് പൃഥ്വിയ്ക്ക് എന്നോട് പകയുണ്ടായിരുന്നെന്ന്...??" ശ്രീനന്ദ തൻ്റെ സംശയം പ്രകടിപ്പിച്ചു... "ഏട്ടനതറിയാം മോളെ...

അവൻ്റെ അച്ഛൻ്റെ മരണത്തോടെ പൃഥ്വിയ്ക്ക് എന്നോട് പകയായിരുന്നു... അതവൻ വീട്ടാൻ കണ്ട് പിടിച്ച മാർഗ്ഗമായിരുന്നു നീയുമായുള്ള വിവാഹം...!!" ശ്രീനാഥ് പറഞ്ഞത് ഒരുതരം ഞെട്ടലോടെയാണ് ശ്രീനന്ദ കേട്ടത്... ഹൃദയം ഒരുവേള നിശ്ചലമായതു പോലെ.. ഉള്ളിൽ തളിരിട്ട വസന്തങ്ങൾ വിടരും മുൻപേ കൊഴിയുകയാണോ...?!! പൃഥ്വിയുടെ നാമത്തിലുള്ള പ്രണയത്തിൻ്റെ പുഷ്പങ്ങൾ ഇതളടർന്നു വീഴുകയാണോ...?!! "നീയെൻ്റെ സഹോദരിയാണെന്ന് അറിഞ്ഞു കൊണ്ട് എന്നോടുള്ള പക വീട്ടാൻ അവൻ കണ്ട് പിടിച്ച ഒരു മാർഗ്ഗം മാത്രമായിരുന്നു നീയുമായുള്ള വിവാഹം.... നിന്നെ എന്നിൽ നിന്നും അകറ്റുകയും നിൻ്റെ ജീവിതം നശിപ്പിച്ച് അതിലൂടെ എന്നെ വേദനിപ്പിക്കുകയും ആണ് അവൻ്റെ ലക്ഷ്യം.... നീയവൻ്റെ ചതിയിൽ പെടരുത് മോളെ... അവനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യരുത്... ഒന്നുമറിയാത്ത നിന്നെ ഇതിലേക്ക് വലിച്ചിഴച്ച് നിൻ്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ച ദുഷ്ടനാണവൻ..." "ഇല്ല....!! എൻ്റെ പൃഥ്വി ദുഷ്ടനല്ല... എന്നെ സ്നേഹിക്കുന്നുണ്ട്... എനിക്കറിയാം അത്...." ഉറക്കെ അത് ശ്രീനന്ദ വിളിച്ചു പറയുമ്പോൾ എല്ലാം കേട്ട് തറഞ്ഞ് നില്ക്കുകയായിരുന്നു ലക്ഷ്മിയമ്മ... "എന്തൊക്കെയാ ഞാനീ കേൾക്കുന്നത് എൻ്റെ മക്കളെ...?? എൻ്റെ ദേവൻ..

. അവൻ.. അവനിത്ര ക്രൂരനാണോ..??" ലക്ഷ്മിയമ്മ ഒരു പൊട്ടിക്കരച്ചിലോടെയത് ചോദിക്കുമ്പോൾ ശ്രീനന്ദ ഓടിച്ചെന്നവരെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു... "ഞാൻ പറയുന്നത് വിശ്വസിക്ക് ശ്രീക്കുട്ടീ...!! അവൻ നിന്നെ വേദനിപ്പിക്കും.. അവനെ സ്നേഹിക്കല്ലേ മോളെ.... എനിക്ക് വയ്യ എൻ്റെ കുട്ടി നരകിക്കുന്നത് കാണാൻ...." ശ്രീനാഥിൻ്റെ സ്വരം കാതിൽ മുഴങ്ങവേ ശരീരം തളരുന്നതു പോലെയാണ് ശ്രീനന്ദയ്ക്ക് തോന്നിയത്... "നിനക്കവനെ വിവാഹം കഴിയ്ക്കാൻ ഒട്ടും ഇഷ്ടമല്ലായിരുന്നെന്ന് ഏട്ടനറിയാം.. നീ കരഞ്ഞോണ്ടല്ലേ വിവാഹ ദിവസം അവന് മുൻപിൽ ശിരസ്സ് കുനിച്ചത്... അവൻ നിന്നെ ഭീഷണിപ്പെടുത്തിയാണോ വിവാഹം കഴിച്ചത്...?? നീയവനെ പേടിച്ചിട്ടാണോ അവനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്...?? എന്തിനാ അങ്ങനെ ഇഷ്ടമില്ലാത്ത ഒരാളുടെ ഒപ്പം ജീവിച്ച് നീ നിൻ്റെ ജീവിതം ബലികഴിപ്പിയ്ക്കുന്നത് മോളെ..?? നിനക്കാരുമില്ലെന്ന ചിന്ത വേണ്ട ശ്രീക്കുട്ടി... എന്തിനുമേതിനും നിൻ്റെ കൂടെ ഞാനുണ്ട് മോളെ... അവനേക്കാൾ നല്ലൊരാളെ നിനക്ക് കണ്ടെത്തിത്തരാം ഞാൻ... നിന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെ... ഇത്രയും ദിവസത്തെ അവനുമൊത്തുള്ള ജീവിതം നീ മറന്നേക്ക് മോളെ...." "നിർത്ത്....!!"

ശ്രീനാഥ് പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദയുടെ സ്വരം ഉയർന്നു... "ഏട്ടനാണോ തീരുമാനിക്കുന്നത് പൃഥ്വിയ്ക്ക് എന്നോട് സ്നേഹമില്ലെന്ന്...?? ശരിയാ എൻ്റെ ഇഷ്ടമില്ലാതെയാ പൃഥ്വിയുമായുള്ള വിവാഹം നടന്നത്... പക്ഷേ ഞാനിപ്പോൾ മറ്റെന്തിനേക്കാളുമേറെ പൃഥ്വിയെ സ്നേഹിക്കുന്നു... അദ്ദേഹത്തെ ആഗ്രഹിക്കുന്നു..." പറഞ്ഞവസാനിപ്പിച്ചതും ലക്ഷ്മിയമ്മയുടെ മാറിലേക്ക് വീണ് വിങ്ങിപ്പൊട്ടിയവൾ....!! "മോളെ നിൻ്റെ മാനസികാവസ്ഥ ഏട്ടന് മനസ്സിലാകും... നീ കൂടുതൽ വേദനിക്കാതിരിക്കാനാണ് ഏട്ടനിത് പറയുന്നത്... അഥവാ നിന്നോടവൻ സ്നേഹത്തോടെയാണ് പെരുമാറുന്നതെങ്കിൽ അതവൻ്റെ പ്രകടനം മാത്രമാകാനാണ് സാധ്യത... നിൻ്റെ വിശ്വാസം നേടാനുള്ള വെറും പ്രകടനം മാത്രം..." ശ്രീനാഥ് ശ്രീനന്ദയുടെ അടുക്കലേക്ക് നടന്നു നീങ്ങിക്കൊണ്ട് അതു പറഞ്ഞതും അവൻ പറയുന്നതൊന്നും കേൾക്കാൻ ആഗ്രഹിക്കാതെ കാതുകൾ കൊട്ടിയടച്ചവൾ.... "ഇല്ല..!! ഈ ലോകത്ത് ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും പൃഥ്വിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ല ഞാൻ... പൃഥ്വി എന്നെ ചതിയ്ക്കില്ല... എന്നെ സ്നേഹിക്കുന്നുണ്ട് പൃഥ്വി..." തേങ്ങലോടെ പറയുമ്പോൾ ശ്രീനന്ദയുടെ വാക്കുകൾ പാതിയും മുറിഞ്ഞു പോയി.... അവളുടെ ഉള്ളിൽ തലേന്ന് താൻ പൃഥ്വിയുടെ മിഴികളിൽ കണ്ട സ്നേഹം അലയടിച്ചു..... "സ്നേഹമല്ല മോളെ അതൊന്നും... നീ നിഷ്കളങ്കയായതു കൊണ്ടാണ് അവനെ ഇങ്ങനെ വിശ്വസിക്കുന്നത്... അവൻ്റെ ഉദ്ദേശ്യം നിൻ്റെ ദുഃഖം മാത്രമാണ്...

അല്ലെങ്കിൽ നിനക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും എന്തിനാണവൻ നിന്നെ വിവാഹം ചെയ്തത്....?? ഏട്ടൻ നിൻ്റെ നല്ലതിനു വേണ്ടിയാണ് പറയുന്നത്... എൻ്റെ കുട്ടി നാളെയൊരിക്കൽ വേദനിക്കുന്നത് കാണാതിരിക്കാൻ വേണ്ടി.." ശ്രീനാഥ് വീണ്ടും പറഞ്ഞതു തന്നെ ആവർത്തിച്ചതും ആരെ വിശ്വസിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി ശ്രീനന്ദ... ഇതുവരെ താൻ വിശ്വസിച്ചിരുന്നത് തന്നോടുള്ള പക കാരണമാണ് പൃഥ്വി ഈ വിവാഹത്തിന് മുൻകൈ എടുത്തതെന്നാണ്.. പ.. പക്ഷേ ഇപ്പോൾ തൻ്റെ ഏട്ടൻ പറഞ്ഞതു പോലെ ഏട്ടനോടുള്ള പക വീട്ടാനാകുമോ...?? വേദനയോടെ ചിന്തിയ്ക്കുമ്പോൾ നിസ്സഹായയായി നിന്നു പോയവൾ.... അപ്പോഴും പൃഥ്വിയെ അവിശ്വസിക്കാനാവാത്തൊരു ഹൃദയം അവളെ വല്ലാതെ തളർത്തിയിരുന്നു.... "ഏ.. ഏട്ടാ ഏട്ടനു കഴിയുമോ പവിത്രയെ ഉപേക്ഷിക്കാൻ...?? പവിത്രാ... നിനക്ക്... നിനക്ക് കഴിയുമോ എൻ്റെ ഏട്ടനെ ഉപേക്ഷിക്കാൻ..?? മറ്റെന്തിനേക്കാളും നിനക്ക് വലുത് എൻ്റെ ഏട്ടനല്ലേ..?? എൻ്റെ ഏട്ടനെ പറ്റി ആരെങ്കിലും മോശമായി പറഞ്ഞാൽ സഹിക്കാൻ കഴിയുമോ നിനക്കത്...?? അതു പോലെ.. അതു പോലെ തന്നെയാണ് എനിക്ക് പൃഥ്വിയും... ഞാനത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് പൃഥ്വിയെ...."

ശ്രീനാഥിൻ്റെയും പവിത്രയുടെയും മുഖത്തേക്ക് മാറി മാറി നോക്കിയതു പറയുമ്പോൾ ശ്രീനന്ദയുടെ സ്വരം ഇടറിയിരുന്നു... അവളുടെ ഉള്ളിൽ പൃഥ്വി എത്രമാത്രം സ്ഥാനം പിടിച്ചെന്ന് ഇരുവർക്കും ശ്രീനന്ദയുടെ വാക്കുകളിൽ നിന്നും മനസ്സിലായിരുന്നു... "ഞാനിത്രയൊക്കെ പറഞ്ഞിട്ടും പൃഥ്വിയെ അവിശ്വസിക്കാൻ നീ തയ്യാറാവുന്നില്ലെങ്കിൽ സത്യം എന്താണെന്ന് അവൻ്റെ നാവിൽ നിന്നും തന്നെ കേട്ടറിയണം നീ... നിൻ്റെ വിശ്വാസമാണോ എൻ്റെ വിശ്വാസമാണോ ശരിയെന്ന് അറിയണ്ടേ.. ചോദിച്ച് നോക്ക് നീ പൃഥ്വിയോട് എന്നോടുള്ള പക വീട്ടാനല്ലേ അവൻ നിന്നെ വിവാഹം കഴിച്ചതെന്ന്..." ശ്രീനാഥ് പറഞ്ഞതും ശ്രീനന്ദ ഞെട്ടലോടെ മുഖമുയർത്തി.... "അവൻ്റെ നാവിൽ നിന്നും തന്നെ കേട്ടാൽ എൻ്റെ മോൾക്ക് വിശ്വാസമാകില്ലേ...???" ശ്രീനാഥ് ചോദിച്ചതും മറുപടിയില്ലാതെ ശ്രീനന്ദ തളർന്നു നിന്നു... "മോളെ... എൻ്റെ കുട്ടിയെ അവൻ്റെ അരികിൽ ആക്കി പോയാൽ സമാധാനമുണ്ടാവില്ല ഈ ജന്മം ഏട്ടന്... അഥവാ എനിക്ക് സ്വസ്ഥത ഉണ്ടാവണമെങ്കിൽ പൃഥ്വി നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യമാവണമെനിക്ക്.... അങ്ങനെയെങ്കിൽ ഞാൻ നിന്നെ എൻ്റെ ഒപ്പം വരാൻ ഒരിക്കലും നിർബന്ധിക്കില്ല..." "ശരി ഏട്ടാ... പൃഥ്വി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഏട്ടന് ബോധ്യമാവണം അല്ലേ..?? അത്രയല്ലേ ഉള്ളൂ...??!!

ഞാൻ ബോധ്യപ്പെടുത്തി തരാം ഏട്ടനോടുള്ള പക കാരണമല്ല പൃഥ്വി എന്നെ വിവാഹം കഴിച്ചതെന്ന്...!! ഏട്ടൻ്റെ മുൻപിൽ വെച്ച് ചോദിക്കാം ഞാൻ പൃഥ്വിയോട് ഏട്ടനോടുള്ള പക വീട്ടാനാണോ എന്നെ വിവാഹം ചെയ്തതെന്ന്... അഥവാ ഏട്ടൻ വിശ്വസിക്കുന്നതു പോലെ ആണ് എന്നാണ് പൃഥ്വിയുടെ ഉത്തരമെങ്കിൽ എല്ലാം ഉപേക്ഷിച്ച് ഏട്ടനൊപ്പം വരാം ഞാൻ...." മിഴിനീർ തുടച്ച് ഉറച്ച സ്വരത്തിൽ ശ്രീനന്ദയതു പറയുമ്പോൾ ശ്രീനാഥിൻ്റെ ഉള്ളിലും ദൃഢനിശ്ചയം നിറഞ്ഞ അവളുടെ വാക്കുകൾ ആശ്വാസം പടർത്തിയിരുന്നു.... "ശരി... എനിക്കുറപ്പാണ് അവൻ്റെ ഉത്തരം ആണെന്ന് തന്നെയാവും..." "ഒരിക്കലും അല്ല ഏട്ടാ...!! മറ്റാരേക്കാളും എനിക്ക് വിശ്വാസമാണ് എൻ്റെ പൃഥ്വിയെ... ഞാനിത് പൃഥ്വിയോട് ചോദിക്കാമെന്ന് പറഞ്ഞത് എനിക്ക് പൃഥ്വിയെ വിശ്വാസമില്ലാഞ്ഞിട്ടല്ല മറിച്ച് സത്യമെന്തെന്ന് ഏട്ടനെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്..." ശ്രീനന്ദയുടെ വാക്കുകളിൽ പ്രകടമായ പൃഥ്വിയോടുള്ള വിശ്വാസം ശ്രീനാഥിനെ അത്ഭുതപ്പെടുത്തി... "നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ മോളെ..." ശ്രീനാഥ് അതും പറഞ്ഞ് ശ്രീനന്ദയെ ചേർത്തു പിടിച്ചു... പവിത്രയെ കാണാൻ വന്ന വിവരം പൃഥ്വി അറിയരുതെന്നാണ് താൻ കരുതിയത്.. പക്ഷേ ഇനിയും അതിന് കഴിയില്ല...

ശ്രീനന്ദ എന്തോ തീരുമാനിച്ചുറപ്പിച്ചു... "ഇപ്പോൾ ഈ നിമിഷം ഏട്ടനും പവിത്രയും എന്നോടൊപ്പം വീട്ടിലേക്ക് വരണം..." ശ്രീനന്ദ പറഞ്ഞതും ശ്രീനാഥും പവിത്രയും ഒരു നിമിഷം തറഞ്ഞു നിന്നു... "എന്താ നീയീ പറയുന്നത് ശ്രീനന്ദാ ഏട്ടൻ ഞങ്ങളെ ആ പടി കയറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...??" വന്ദന മോളെ നെഞ്ചോടടക്കുമ്പോൾ ഉള്ളം വിങ്ങുന്ന നോവോടെ പവിത്ര ചോദിച്ചു.. "വരാതിരുന്നാൽ എങ്ങനെ ശരിയാവും...?? ഏട്ടന് ബോധ്യപ്പെടണ്ടേ ഏട്ടൻ വിശ്വസിക്കുന്നതു പോലെ പൃഥ്വി ഒരു നീചനോ ദുഷ്ടനോ ഒന്നുമല്ലെന്ന്... ഇനിയും അത് നിങ്ങളെ ഇരുവരെയും ബോധിപ്പിക്കേണ്ടത് എൻ്റെ ആവശ്യമാണ്.. പിന്നെ പൃഥ്വി എങ്ങനെ പെരുമാറുമെന്നോർത്ത് പേടിക്കണ്ട... ഞാൻ നോക്കിക്കൊള്ളാം അത്... രണ്ടു പേരും ഇപ്പോൾ തന്നെ എൻ്റെ കൂടെ വരണം..." ശ്രീനന്ദ അതും പറഞ്ഞ് പവിത്രയെയും ശ്രീനാഥിനെയും നോക്കുമ്പോൾ വരാമെന്ന അർത്ഥത്തിൽ ശ്രീനാഥ് ശിരസ്സനക്കിയിരുന്നു... "ശ്രീയേട്ടാ..." ശ്രീനാഥ് പവിത്രയുടെ കൈയ്യും പിടിച്ച് കാറിനരികിലേക്ക് നടന്നതും അവനെ തടയാനെന്നോണം പവിത്ര നേർത്ത സ്വരത്തിൽ വിളിച്ചു... "പോകണം പവീ... എൻ്റെ ശ്രീക്കുട്ടി അന്ധമായി വിശ്വസിച്ചിരിക്കുകയാണവനെ... അവൾക്ക് സത്യം ബോധ്യമാകണം..."

ശ്രീനാഥ് അതും പറഞ്ഞ് കാറിലേക്ക് കയറിയതും പിന്നിലായി തകർന്ന മനസ്സോടെ ലക്ഷ്മിയമ്മയും പൃഥ്വിയെ അവിശ്വസിക്കാനാവാതെ ഉറച്ച മനസ്സോടെ ശ്രീനന്ദയും ഇരുന്നു.... പാലയ്ക്കൽ തറവാടിനു മുൻപിൽ ആ കാർ വന്നു നിൽക്കുമ്പോൾ എല്ലാവരുടെയും ഉള്ളം അസ്വസ്ഥമായിരുന്നു... "മോളെ ദേവൻ... അവൻ വന്നിട്ടുണ്ട്.." ലക്ഷ്മിയമ്മ ഭീതിയോടെ ശ്രീനന്ദയെ നോക്കി പറയുമ്പോൾ അവരെ ഒന്നു നോക്കി കൺചിമ്മിയവൾ... "അമ്മ വിഷമിക്കാതെ... ഞാനല്ലേ കൂട്ടിക്കൊണ്ട് വന്നത്... ദേഷ്യപ്പെടുന്നെങ്കിൽ എന്നോട് ദേഷ്യപ്പെട്ടോട്ടെ അമ്മയുടെ മോൻ.." ലക്ഷ്മിയമ്മയുടെ കരങ്ങളിൽ അമർത്തിപ്പിടിച്ച് അവരെ ആശ്വസിപ്പിക്കുമ്പോഴും ഇരുവരെയും കാൺകെ പൃഥ്വി എങ്ങനെ പെരുമാറുമെന്നോർത്ത് ശ്രീനന്ദയ്ക്കും ഉള്ളിൽ നേരിയ ഭയം തോന്നിയിരുന്നു... "വാ ഏട്ടാ അകത്തേക്ക് കയറാം..." ശ്രീനന്ദ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു... "നിൽക്ക്....!!" ശ്രീനാഥ് വാതിൽപ്പടിയിലേക്ക് കാലെടുത്ത് വെച്ചതും ഗാംഭീര്യമുള്ളൊരു സ്വരം ചുറ്റിനും മുഴങ്ങിയിരുന്നു.... പൃഥ്വിയുടെ സ്വരം കേട്ടതും തൻ്റെ ഉള്ളിലെ ധൈര്യമെല്ലാം ചോർന്നു പോകുന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്...!! ആ കണ്ണുകളിൽ എരിയുന്ന പക കാൺകെ അവളുടെ ശരീരം ഒരുവേള വിറകൊണ്ടു പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story