പക...💔🥀: ഭാഗം 26

paka

രചന: ഭാഗ്യ ലക്ഷ്മി

"പൃഥ്വീ... എന്താ... എന്തോ പറ്റിയല്ലോ..?? പെട്ടെന്ന് മൂഡ് ഓഫ് ആയതു പോലെ... ആരാ വിളിച്ചത്...?? നിങ്ങളുടെ ഫ്രണ്ട് ആണോ...?? എന്താ പറഞ്ഞത്...??" പൃഥ്വിയുടെ മുഖം ഇരുളുന്നതും പൊടുന്നനെ അവന് വന്ന ഭാവ മാറ്റവും കണ്ടതോടെ ശ്രീനന്ദ തെല്ലൊരു പരിഭ്രമത്തിൽ ചോദിച്ചു... പക്ഷേ പൃഥ്വി മൗനം പാലിച്ചിരുന്നതും ശ്രീനന്ദ സങ്കോചത്തോടെ അവൻ്റെ കരങ്ങളിൽ ഇറുകെ പിടിച്ചു... "എന്തെങ്കിലും പ്രശ്നമുണ്ടോ പൃഥ്വീ..?? അതോ എന്നോട് പറയാൻ പറ്റുന്നതല്ലേ..??" അവളുടെ സ്വരം നേർത്തിരുന്നു... "എല്ലാം പറയാം നന്ദേ... ഇപ്പോൾ ഞാനൊന്ന് പുറത്ത് പോകട്ടെ... നീ വെറുതെ ടെൻഷനാവണ്ട..." അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു കൊണ്ട് പൃഥ്വി അലമാര തുറന്ന് വസ്ത്രങ്ങളുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.... പൃഥ്വി പുറത്തേക്ക് പോകുന്നതും നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു... അവൾ നേരെ നടന്നത് പൂജാ മുറിയിലേക്കായിരുന്നു.... വിളക്കിനു മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ ഉള്ളകെ നിറഞ്ഞത് പൃഥ്വിയ്ക്ക് സന്തോഷം നല്കണമേയെന്ന പ്രാർത്ഥന മാത്രമായിരുന്നു... എന്താണെന്ന് അറിയില്ല... പൃഥ്വിയൊട്ട് പറഞ്ഞതുമില്ല...

എന്തോ ഒന്ന് ആ മനസ്സിനെ അലട്ടുന്നെന്ന് മാത്രം മനസ്സിലായി... എന്തായാലും പൃഥ്വിയുടെ സങ്കടം മാറ്റി കൊടുക്കണേ ഭഗവാനേ... ശ്രീനന്ദ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടെഴുന്നേറ്റതും പൊടുന്നനെ ആരോ കാളിംഗ് ബെൽ അമർത്തിയതും ഒരുമിച്ചായിരുന്നു... ആരായിരിക്കും...?? ഒരുപക്ഷേ പൃഥ്വി പെട്ടെന്ന് തന്നെ തിരിച്ച് വന്നതായിരിക്കുമോ..? ആ ചിന്തയാൽ അവളുടെ കാലടികൾക്ക് വേഗതയേറി... എന്നാൽ വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന ആളെ കാൺകെ ആദ്യമൊന്ന് ഞെട്ടിയെങ്കിലും മെല്ലെ ആ ഞെട്ടൽ ഒരു പുഞ്ചിരിക്ക് വഴി മാറി.... "നിവേദേട്ടൻ...." അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... "എന്താ നന്ദേ...?? എന്താ ഇങ്ങനെ പകച്ച് നിൽക്കുന്നത്...?? ആദ്യമായി കാണുന്നത് പോലെ...??" ചിരിയോടെ അതും ചോദിച്ച് നിവേദ് അവളുടെ തോളിലൊന്ന് തട്ടി... "ഒ... ഒന്നുമില്ല നിവേദേട്ടാ... ഞാൻ.. ഞാൻ പെട്ടെന്ന് അപ്രതീക്ഷിതമായി കണ്ടപ്പോൾ..." "എന്താ ഷോക്കായി പോയോ..?" "ഏയ് ഇല്ല..." ചുമല് കുലുക്കി പറഞ്ഞതും ചുണ്ടിൽ വിരിഞ്ഞ ചിരിയാൽ അവളുടെ നുണക്കുഴി അവന് മുൻപിൽ ദൃശ്യമായി.... "നിൻ്റെ വിവാഹത്തിന് എത്താൻ പറ്റിയില്ല..

സാരമില്ല ഇനിയും കുറച്ച് നാൾ ഇവിടെ തന്നെയുണ്ടാവും... വിശദമായി ഒന്നു പരിചയപ്പെടണം.. നിൻ്റെ ഹസ്ബൻഡിനെ...!!" അത് പറയുമ്പോൾ തീഷ്ണമായ അവൻ്റെ കടും കാപ്പി മിഴികൾ നീണ്ടത് ശ്രീനന്ദയുടെ നെറുകയിലെ സിന്ദൂരത്തിലേക്കും അവളുടെ നെഞ്ചോട് ചേർന്ന് കിടന്ന താലി മാലയിലേക്കുമായിരുന്നു... "നിവേദേട്ടൻ വീട് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ...??" "ഏയ് ഞങ്ങള് പോലീസുകാർക്ക് ഒരു വീട് കണ്ടു പിടിക്കാനാണോ നന്ദേ ബുദ്ധിമുട്ട്...?? അതിസമർത്ഥരായ കുറ്റവാളികളെ പോലും പൂട്ടുന്ന കുറുക്കൻ്റെ ബുദ്ധിയാ എനിക്കെന്ന് നിനക്കറിയാമല്ലോ..." "ഓഹ് അത് പിന്നെ എനിക്ക് അറിയാം..." "ആഹ്.. അപ്പോൾ പിന്നെ തെമ്മാടിയായ പൃഥ്വി ദേവിൻ്റെ വീട് കണ്ടെത്താനാണോ എനിക്ക് ബുദ്ധിമുട്ട്..??" അവൻ പുരികം പൊക്കി ചോദിച്ചതും പൊടുന്നനെ ആ ചോദ്യമിഷ്ടപ്പെടാത്തതു പോലെ ശ്രീനന്ദയുടെ മുഖം മങ്ങി... അവളുടെ മുഖത്തുണ്ടായ ഭാവ മാറ്റം നിവേദ് നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു... "വന്ന കാലിൽ തന്നെ നിർത്താതെ നിനക്കെന്നെ ഒന്ന് അകത്തേക്ക് ക്ഷണിച്ചൂടെ...??" അവൻ ചിരിയോടെ ചോദിച്ചതും പ്രയാസപ്പെട്ടൊരു ചിരി വരുത്തി ശ്രീനന്ദ അവനെ അകത്തേക്ക് ക്ഷണിച്ചു...

"ങും... വലിയ വീടൊക്കെ ആണല്ലോ..." അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... "എല്ലാം കൂടി എത്ര ആസ്തി വരും..??" അവൻ സോഫയിലേക്കിരുന്നു കാലിൽ മേൽ കാൽ കയറ്റി വെച്ചു കൊണ്ട് ടേബിളിന് മേലിരുന്ന പത്രമെടുത്തു.... "എനിക്കറിയില്ല... ഞാൻ ചോദിച്ചിട്ടില്ല..." ശ്രീനന്ദ മറുപടി പറഞ്ഞു... "ങും... ഇത്രയും ഇല്ലെങ്കിലും എനിക്കും അത്യാവശ്യം നല്ലൊരു വീടൊക്കെ ഉണ്ട്... പിന്നെ എന്തു കൊണ്ടും ഒരു തെമ്മാടിയുടെ ഭാര്യയായി കഴിയുന്നതിലും അന്തസ്സ് ഒരു പോലീസുകാരൻ്റെ ഭാര്യയായി കഴിയുന്നതല്ലേ...??" അവൻ ചിരിയോടെ പത്ര താളുകൾ മറിച്ചതും ആ വാക്കുകൾ കേൾക്കെ ശ്രീനന്ദ ഒരു നിമിഷം പതറി.... "അതിന് നിവേദേട്ടൻ എപ്പോഴും പറയാറുള്ളത് ഞാൻ നിവേദേട്ടന് സ്വന്തം സഹോദരിയെ പോലെ ആണെന്നല്ലേ..?? പിന്നെങ്ങനെ ശരിയാവും..??" ശ്രീനന്ദ ഗൗരവത്തിൽ ചോദിച്ചതും നിവേദ് പൊട്ടിച്ചിരിച്ചു... "ഞാൻ തമാശ പറഞ്ഞതാടീ പെണ്ണേ... അമ്മാവൻ്റെ മകളാണെങ്കിലും നീയെനിക്കെൻ്റെ അനുജത്തി തന്നെയാ.." നിവേദ് അതും പറഞ്ഞ് എഴുന്നേറ്റ് അവളുടെ തോളിലൂടെ കൈയ്യിട്ടവളെ ചേർത്തു പിടിച്ചു... "ആഹ് പിന്നെ... എനിക്ക് നല്ല വിശപ്പുണ്ട്... എന്തെങ്കിലും ഒന്ന് കഴിക്കാനെടുക്ക്... നിൻ്റെ കൈ കൊണ്ട് ഉണ്ടാക്കിയ മസാല ദോശയാണെങ്കിൽ കൂടുതൽ സന്തോഷം..." "അയ്യോ നിവേദേട്ടാ ദോശയ്ക്കാണെങ്കിൽ നേരത്തെ മാവൊക്കെ തയ്യാറാക്കി വെയ്ക്കണ്ടേ..??

വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉണ്ടാക്കി വെച്ചേനേം..." ശ്രീനന്ദ നിരാശയോടെ പറഞ്ഞു കൊണ്ടവനെ നോക്കി... "അത് സാരമില്ലെടീ... നിൻ്റെ കൈ കൊണ്ട് എന്തു തന്നാലും എനിക്കിഷ്ടമാ.." "രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും കടലക്കറിയുമുണ്ട്... നിവേദേട്ടൻ അവിടേക്കിരിക്ക്... ഞാനിപ്പോൾ എടുത്തിട്ട് വരാം..." ചിരിയോടെ അതും പറഞ്ഞ് ധൃതിയിൽ അടുക്കളയിലേക്ക് നടക്കുന്ന ശ്രീനന്ദയെ കാൺകെ നിവേദിൻ്റെ മുഖം മങ്ങി... വൈകാതെ നിൻ്റെ ഈ സന്തോഷം തല്ലിക്കെടുത്തേണ്ടി വരുമല്ലോ എന്നോർക്കെ എനിക്ക് സങ്കടമുണ്ട് നന്ദേ... പക്ഷേ എനിക്കെൻ്റെ രക്തത്തോട് നീതി പുലർത്തിയേ പറ്റൂ.... അതു ചിന്തിക്കവേ റെയിൽവേ ട്രാക്കിൽ നിന്നു കിട്ടിയ ചതഞ്ഞരഞ്ഞ നിഖിലിൻ്റെ ശരീരം നിവേദിൻ്റെ ഓർമ്മയിലേക്ക് വന്നു... പകയാൽ മുഷ്ടി ചുരുട്ടുമ്പോൾ രക്തത്തിനു ചൂട് പിടിച്ചു കൊണ്ടിരുന്നു... ശൊ! അന്നാലും നിവേദേട്ടൻ വരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഉണ്ടാക്കാമായിരുന്നു.. ഇനിയുമിപ്പോൾ ഊണിന് എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കാം... നിവേദേട്ടന് ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും സേമിയാ പായസവും വെയ്ക്കാം... ശ്രീനന്ദ അതും ഓർത്ത് ബാക്കി വന്ന ചപ്പാത്തി ഒരു കാസ്റോളിലാക്കി ഒരു ബൗളിലേക്ക് കറിയും പകർന്നു കൊണ്ട് ഡൈനിംഗ് ടേബിളിനരികിലേക്ക് നടന്നു... "അല്ല മോളെ ആരാ ഇത്..??"

നിവേദിൻ്റെ പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പുന്ന ശ്രീനന്ദയെ കാൺകെ അവിടേക്ക് കടന്നു വന്ന ലക്ഷ്മിയമ്മ ചോദിച്ചു... "ഇതെൻ്റെ അപ്പച്ചിയുടെ മകനാ അമ്മേ... നിവേദേട്ടൻ...." ശ്രീനന്ദ ചിരിയോടെ പറഞ്ഞതും ലക്ഷ്മിയമ്മയും നിറചിരിയോടെ അവനെ നോക്കി... "മോനെ എങ്ങും കണ്ടിട്ടില്ല അമ്മ... അതാ ചോദിച്ചത്.. ഇവരുടെ കല്ല്യാണത്തിനും ഇല്ലായിരുന്നല്ലോ..." "ഓഹ്... അതിനെന്താ അമ്മേ...?! ഇപ്പോൾ വന്നില്ലേ.. ഇനിയും ധാരാളം സമയം കിടക്കുവല്ലേ... എല്ലാവരെയും വിശദമായി തന്നെ പരിചയപ്പെടാം... പ്രത്യേകിച്ച് അമ്മയുടെ മകനെ...!!" നിവേദ് അതും പറഞ്ഞ് ഒരു കഷ്ണം ചപ്പാത്തി വായയിലേക്ക് വെച്ച് മുഖമുയർത്തിയതും വാതിൽപ്പടി കടന്ന് പൃഥ്വി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു... പൃഥ്വിയെ കണ്ടതും ശ്രീനന്ദയുടെ മുഖം വിടർന്നു... "വാ പൃഥ്വീ... നിങ്ങളൊന്നും കഴിക്കാതെയാ പോയതെന്ന് ഞാനിപ്പോൾ ഓർത്തതേയുള്ളൂ... വാ വന്ന് നിവേദേട്ടൻ്റെ അടുത്തിരിക്ക്..." ശ്രീനന്ദയുടെ നാവിൽ നിന്നും ആ പേര് കേട്ടതും പൃഥ്വിയൊരു നിമിഷമൊന്നു പകച്ചു.. എങ്കിലും ഇങ്ങനെയൊരു വരവ് ഏത് നിമിഷവും പ്രതീക്ഷിച്ചതിനാൽ ഉള്ളിലെ പതർച്ച പുറത്ത് കാട്ടാതെയവൻ നിവേദിനരികിലേക്ക് നടന്നു... "പൃഥ്വീ ഇത് നിവേദേട്ടൻ... എൻ്റെ അപ്പച്ചിയുടെ മകനാ..." ശ്രീനന്ദ അതും പറഞ്ഞ് പൃഥ്വിയെ നോക്കി.... "ഹലോ പൃഥ്വീ... നിവേദ്... നിവേദ് പത്മനാഭൻ ഐ പി എസ്...!!"

പൃഥ്വിയ്ക്ക് ഷേക്ക് ഹാൻഡ് നൽകാനായി നീട്ടിയ കൈ പെട്ടെന്ന് നിവേദ് പിൻവലിച്ചു... "ഓഹ് സോറി കഴിച്ചു കൊണ്ടിരിക്കുവാ... സൊ കയ്യിൽ..." "ഓഹ് അത് കുഴപ്പമില്ല... ഷേക്ക് ഹാൻഡ് വേണമെന്നില്ല... എന്തായാലും കൊമ്പ് കോർക്കാൻ വന്നതല്ലേ... ഇനിയെന്തിനാ പ്രത്യേകിച്ചൊരു കൈ കോർക്കൽ..." പൃഥ്വി ഒരു ചിരി വരുത്തിക്കൊണ്ട് അർത്ഥം വെച്ച് അതും പറഞ്ഞ് ഒരു ചെയർ വലിച്ച് നിവേദിനരികിലേക്കിരുന്നു.. ശ്രീനന്ദ സന്തോഷത്തോടെ ഒരു പ്ലേറ്റ് പൃഥ്വിയ്ക്ക് നേരെ വെച്ച് അതിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി... "അപ്പോൾ നിങ്ങള് രണ്ടാളും ഒന്ന് സംസാരിച്ചിരിക്ക് കേട്ടോ... ഞാൻ ചായ എടുത്തിട്ട് വരാം..." ശ്രീനന്ദ ചിരിയോടെ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നതും പിന്നാലെയായി ലക്ഷ്മിയമ്മയും നടന്നു... "അല്ല പൃഥ്വിയെന്താ ഒന്നും സംസാരിക്കാത്തത്...? എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ...??" നിവേദ് അതും ചോദിച്ച് ഒരു ഗ്ലാസ്സ് വെള്ളം കൈയ്യിലെടുത്തു... "പ്രതീക്ഷിച്ചിരിക്കാൻ മുൻപേ അറിയിച്ചിട്ടല്ലല്ലോ വന്നത്... നേരത്തെ പറഞ്ഞിരുന്നെങ്കിൽ നന്നായി സത്കരിച്ച് വിടാമായിരുന്നു... എങ്കിലും നിരാശപ്പെടണ്ട... സത്കാരത്തിനിവിടെ ഒരു കുറവും ഉണ്ടാവില്ല..." പൃഥ്വി സ്വരം കനപ്പിച്ച് പറഞ്ഞതും നിവേദ് വീണ്ടും പുഞ്ചിരിച്ചു...

"പൃഥ്വിയ്ക്ക് എന്നെ അത്ര നന്നായി അറിയില്ലെന്ന് തോന്നുന്നു... പക്ഷേ എൻ്റെ അനുജൻ്റെ പേര് പറഞ്ഞാൽ നീയറിയും... നിഖിൽ...!!" അതു പറയവേ കണ്ണിൽ പകയെരിയുന്നതിനൊപ്പം നിവേദിൻ്റെ പല്ലുകൾ ഞെരിഞ്ഞു... "എനിക്കെതിരെ വന്നവരെയെല്ലാം ഞാൻ പൂട്ടിയിട്ടുണ്ട് പൃഥ്വീ...." "എനിക്കെതിരെ വന്നവരെയെല്ലാം ഞാൻ തട്ടിയിട്ടുമുണ്ട്..." പൃഥ്വി മുഖം ചെരിച്ച് നിവേദിനെ നോക്കിയതും അത് കേൾക്കെ അവൻ്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു... "ഇനിയും ഒരു വരവും കൂടി ഇവിടേക്ക് ഉണ്ടാവും പൃഥ്വീ... അത് പക്ഷേ ഇതു പോലെ ചിരിയോടെ ആവില്ല... നിനക്ക് രക്ഷപെടാനുള്ള പഴുതുകൾ പൂട്ടിക്കൊണ്ട് പോലീസ് യൂണിഫോമിൽ ആയിരിക്കും..." പുച്ഛ ചിരിയോടെ നിവേദ് പറഞ്ഞതു കേൾക്കെ അനിഷ്ടത്തോടെ മുഖം തിരിക്കുമ്പോൾ ശ്രീനന്ദയെ ഓർക്കെ പൃഥ്വിയുടെ ഉള്ളം നൊന്തിരുന്നു... 🥀🥀🥀🥀🥀🥀🥀🥀 "നിവേദേട്ടന് എന്നെ എന്തൊരു സ്നേഹമാണെന്നോ പൃഥ്വീ... എൻ്റെ സ്വന്തം ഏട്ടനെ പോലെയാ എനിക്ക്... എത്ര നാൾക്ക് ശേഷമാ ഇന്നൊന്ന് കാണുന്നതെന്ന് അറിയാമോ... നിങ്ങള് തമ്മിൽ നല്ലവണ്ണം പരിചയപ്പെട്ടോ..??"

അന്ന് രാത്രിയിൽ പൃഥ്വിയുടെ നെഞ്ചോട് ചേർന്നു കൊണ്ട് ശ്രീനന്ദ ഒരു ചിരിയോടെ ചോദിച്ചതും പൃഥ്വി അവളെ ഒന്നും കൂടെ തന്നിലേക്കടുപ്പിച്ച് ആ മിഴികളിലേക്ക് ഉറ്റു നോക്കി... "അവനെ നല്ലവണ്ണം വയറ് നിറച്ച് കഴിപ്പിച്ചിട്ടാ വിട്ടതല്ലേ..??" "ആഹ് അതെ... നിവേദേട്ടന് എൻ്റെ കൈ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ ഒരുപാടിഷ്ടമാണ്... എപ്പോഴും പറയും എൻ്റെ അത്രയും കൈപ്പുണ്യമുള്ള ഒരു പെണ്ണിനെ കെട്ടണമെന്ന്..." "നീയവനെ അത്രയ്ക്ക് കണ്ണുമടച്ച് വിശ്വസിക്കണ്ട... ഒന്നുമില്ലെങ്കിലും ആ ചെറ്റയുടെ സഹോദരനല്ലേ...??" "അനുജനങ്ങനെ ആയതിന് ചേട്ടനെന്ത് പിഴച്ചു പൃഥ്വീ...?? നിവേദേട്ടൻ നിഖിലിനെ പോലെയല്ല... സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം... നേരിനും നീതിയ്ക്കും വേണ്ടി ശബ്ദമുയർത്തുന്ന ആൾ...." "ആ സത്യസന്ധൻ കാരണമാണ് ഇനിയും നീയും ഞാനും വേദനിക്കാൻ പോകുന്നത്...." പൃഥ്വിയുടെ ഗൗരവത്താലുള്ള സ്വരം കേൾക്കെ ശ്രീനന്ദയുടെ ഉള്ളിൽ സംശയത്തിൻ്റെ കണികകൾ ഉടലെടുത്തു... "ഞാൻ നിന്നെ വിട്ടു പോയാൽ നീ വിഷമിക്കുമോ നന്ദേ...?? വിഷമിക്കരുത്.... നീ വേണം അമ്മയെ സമാധാനിപ്പിക്കാൻ..." പൃഥ്വി പറഞ്ഞതും ശ്രീനന്ദ പരിഭ്രമത്തോടെ അവനിൽ നിന്നും അടർന്നു മാറി... "എന്താ പൃഥ്വീ ഇങ്ങനെയൊക്കെ പറയുന്നത്...?? എന്താ പ്രശ്നം..??" അവളുടെ ഉള്ളിൽ വല്ലാത്ത വെപ്രാളം നിറഞ്ഞു...

"നിവേദ് വന്നത് ബന്ധം പുതുക്കാനാണെന്ന് കരുതിയോ നീ..?? ഒരിക്കലുമല്ല... അവൻ വന്നത് എന്നെ കുടുക്കാൻ മാത്രമാണ്... അവൻ്റെ അനുജനെ കൊന്നവനോടുള്ള പക തീർക്കാൻ..." പൃഥ്വി പറഞ്ഞതും ഞെട്ടലോടെ ശ്രീനന്ദ അവനെ നോക്കി... പൊടുന്നനെ മിഴികൾ ഈറനണിഞ്ഞു... അല്പ നേരമവൾ ഒന്നുമുരിയാടാനാവാതെ തറഞ്ഞിരുന്നു പോയി... ഒരിക്കലും താൻ നിവേദേട്ടൻ്റെ വരവിന് പിന്നിൽ ഇങ്ങനെയൊരു ദുരുദ്ദേശമുണ്ടാവുമെന്ന് ചിന്തിച്ചതേയില്ല... ശ്രീനന്ദ നോവോടെ ഓർത്തു കൊണ്ട് പൃഥ്വിയുടെ തോളോട് ശിരസ്സു ചേർത്താ കരങ്ങളെ ഇറുകെ പിടിച്ചു... "എനിക്ക് മിക്കവാറും ജയിലിൽ കിടക്കേണ്ടി വരും നന്ദേ..." "ജയിലിലോ..??" ശ്രീനന്ദ ഞെട്ടലോടെ അവനെ നോക്കി... തൻ്റെ ഹൃദയം പിടയുന്നതവൾ അറിഞ്ഞു... അവൻ്റെ നെഞ്ചിൽ മിഴിനീരിൻ്റെ നനവ് പടർന്നു.. "പിന്നെ രണ്ട് പേരെ തല്ലി ചതച്ച് റെയിൽവേ ട്രാക്കിലിട്ടാൽ വേറെ എവിടേക്ക് പോകാനാണ് പെണ്ണേ..??" പൃഥ്വി പുരികമുയർത്തി ചോദിച്ചു കൊണ്ട് അവളുടെ കവിളിനെ തലോടിയ മിഴിനീരിനെ അമർത്തി തുടച്ചു... ശ്രീനന്ദ വിങ്ങിപ്പൊട്ടി കൊണ്ട് അവനെ ഇറുകെ പുണർന്നു.. "ഞാൻ സമ്മതിക്കില്ല പൃഥ്വീ... നിങ്ങള് ജയിലിൽ പോകാൻ ഞാൻ സമ്മതിക്കില്ല..."

അവൾ ചുറ്റുപാട് മറന്ന് അലമുറയിട്ടു കൊണ്ടിരുന്നു... "സത്യം ഉൾക്കൊള്ള് നന്ദേ... നീ വേണം അമ്മയെ ആശ്വസിപ്പിക്കാൻ... അവൻ ഏത് നിമിഷവും എന്നെ അറസ്റ്റ് ചെയ്യാൻ ഇവിടേക്ക് വരാം... രക്ഷപെടാൻ ഒരു മാർഗ്ഗവും ഞാൻ കാണുന്നില്ല...." അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിമേൽ ചുണ്ടമർത്തുമ്പോൾ വേദനയാൽ അവൻ്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു... എന്ത് പറയണമെന്നറിയാതവൾ പകച്ചിരുന്നു... മിഴികളിൽ നിസ്സഹായത നിറച്ച് വേദനയോടെ പൃഥ്വിയെ നോക്കി.... കരിമഷി കണ്ണുകൾ കലങ്ങി... ചുണ്ടുകൾ വിതുമ്പി.. ഹൃദയം എന്തിനാണ് ഇത്രമേൽ വേദനിക്കുന്നത്...?!! വിധി വീണ്ടും തങ്ങളെ വേർപ്പെടുത്തുകയാണോ..? അവൾ മുഖം പൊത്തി കരഞ്ഞു... "നന്ദേ..." പൃഥ്വി അവളുടെ ദയനീയാവസ്ഥ കണ്ടതും ആ തോളോട് കരം ചേർത്തു.... ''പൃഥ്വീ...." അവൾ തേങ്ങലോടെ വിളിച്ചു കൊണ്ട് അവൻ്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.... "ഞാൻ... ഞാൻ കാരണമല്ലേ പൃഥ്വീ എല്ലാം... എന്നെ... എന്നെ രക്ഷിക്കാൻ വേണ്ടിയല്ലേ..." കരച്ചിലിനിടയിൽ അവളുടെ സ്വരം മുറിഞ്ഞു... "ഇല്ല നന്ദേ... നീയെങ്ങനെ കാരണമാവാനാണ്...? അവന് അർഹിക്കുന്ന ശിക്ഷ ആരേലും കൊടുക്കണ്ടേ...??" അവളുടെ മുടിയിഴകളിലൂടെ വിരലുകൾ പായിക്കുമ്പോൾ ഹൃദയം വിങ്ങി... ദിനങ്ങൾക്ക് ശേഷം പൃഥ്വിയുടെ കരങ്ങളിൽ നിവേദ് വിലങ്ങണിയിച്ചു കൊണ്ടു പോകുന്ന കാഴ്ച കാൺകെ ശ്രീനന്ദ തളർച്ചയോടെ ലക്ഷ്മിയമ്മയുടെ മാറിലേക്ക് വീണു... ഓടിച്ചെന്നവനെ സർവ്വരിൽ നിന്നും അടർത്തി മാറ്റി ആ നെഞ്ചോട് ചേരാൻ മനം വെമ്പിയെങ്കിലും കാലുകൾക്ക് ബലം നഷ്ടപ്പെടുന്ന പോലെ തോന്നിയവൾക്ക്...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story