പക...💔🥀: ഭാഗം 27 | അവസാനിച്ചു

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വിയെ ജീപ്പിലേക്ക് കയറ്റിക്കൊണ്ട് പോകുമ്പോൾ നിവേദിൻ്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു.... പരമാവധി ശിക്ഷ വാങ്ങി തരുമെന്ന അർത്ഥത്തിലവൻ പൃഥ്വിയെ നോക്കുമ്പോൾ ഒന്നലറിക്കരയാൻ പോലുമാകാതെ തകർന്നടിഞ്ഞ മനസ്സുമായി നിൽക്കുന്ന ശ്രീനന്ദയെ വേദനയോടെ നോക്കിയിരുന്നു പൃഥ്വി... ആ ജീപ്പ് കൺ മുൻപിൽ നിന്ന് മായുന്നത് വരെ നീർത്തുള്ളികൾ ഉരുണ്ടു കൂടിയ മിഴികളാൽ ശ്രീനന്ദ റോഡിലേക്ക് നോക്കി നിശ്ചലയായി നിന്നു... ആ ദിവസം മുഴുവൻ ലക്ഷ്മിയമ്മയുടെ മടിയിൽ തല ചായ്ച്ച് പൊട്ടിക്കരയുകയായിരുന്നു ശ്രീനന്ദ... പൃഥ്വിയുടെ കരങ്ങളിൽ വിലങ്ങ് വീഴുന്ന കാഴ്ച അവളുടെ ഉള്ളത്തെ തെല്ലൊന്നും ആയിരുന്നില്ല ഉലച്ചത്... അമ്മയെ ആശ്വസിപ്പിക്കണമെന്ന പൃഥ്വിയുടെ വാക്കുകൾ മനസ്സിലേക്ക് കടന്നു വന്നെങ്കിലും തൻ്റെ ഉള്ളിലെ വ്യഥയെ പോലും നിയന്ത്രിക്കാനാവാത്തതിനാൽ അവൾക്ക് ലക്ഷ്മിയമ്മയ്ക്ക് ആശ്വാസം പകരാനായില്ല... മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ തളർന്നു വീഴാതിരിക്കാൻ ശ്രീനന്ദ ചുമരിൽ ഇറുകെ പിടിച്ചു.... ഹൃദയതാളം തെറ്റുമ്പോൾ കാലടികൾ ഓരോ നിമിഷവും ഇടറുകയായിരുന്നു...

പൃഥ്വിയുമൊത്തുള്ള നിമിഷങ്ങളുടെ ഓർമ്മകൾ കണ്ണീരിൻ്റെ അകമ്പടിയോടെ മിഴികളിൽ നിന്നിറ്റു വീണപ്പോൾ തലയിണ നനവാൽ കുതിർന്നു... മുറിയിലാകെ പൃഥ്വിയുടെ ഗന്ധം മാത്രമാണെന്നവൾക്ക് തോന്നി... ഹൃദയം വല്ലാതെ വിങ്ങിയപ്പോൾ കൺപോളകൾ നിദ്രയെ തടഞ്ഞു വെയ്ക്കുകയായിരുന്നു... പൃഥ്വിയില്ലാതെ ഒരു ജീവിതം...!! അത് തനിക്ക് ചിന്തിക്കാൻ പോലുമാവില്ലെന്നവൾ നോവോടെ ഓർത്തു... തൻ്റെ സന്തോഷവും സമാധാനവുമെല്ലാം അവനെ ചുറ്റിപ്പറ്റിയാണെന്നവൾ തിരിച്ചറിഞ്ഞു... ഹൃദയം അതിൻ്റെ ഇണയുടെ അഭാവത്തിൽ വല്ലാതെ ശ്വാസം മുട്ടുകയായിരുന്നു... നേരം കടന്നു പോയതും എങ്ങനെ പൃഥ്വിയെ രക്ഷപെടുത്താമെന്നവൾ ചിന്തിച്ചു... ഒടുവിൽ ഉള്ളിൽ പ്രതീക്ഷയുടെ നേരിയ വെളിച്ചം വിതറിക്കൊണ്ട് നിവേദിൻ്റെ മുഖം കടന്നു വന്നു... പൃഥ്വിയോടുള്ള നിവേദേട്ടൻ്റെ പകയാണ് ആദ്യം മാറ്റേണ്ടത്... എങ്കിൽ മാത്രമേ നിവേദേട്ടൻ പൃഥ്വിയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ... പക്ഷേ എങ്ങനെ...?!! ആ ചിന്ത അവളെ വല്ലാതെ അലട്ടിയിരുന്നു... 🥀🥀🥀🥀🥀🥀🥀🥀 ഒരുപാട് നാളുകൾക്ക് ശേഷം നിവേദിൻ്റെ വീടിൻ്റെ പടി ചവിട്ടുമ്പോൾ ഉള്ളം വല്ലാത്ത അസ്വസ്ഥതയാൽ ഉഴലുകയായിരുന്നു... നിവേദേട്ടൻ ഇവിടെ ഉണ്ടാകുമോ എന്ന തൻ്റെ ആശങ്കയ്ക്ക് വിരാമമിട്ടവൻ തൻ്റെ അരികിലേക്ക് നടന്നു വരുന്നത് ശ്രീനന്ദ കണ്ടു...

കലങ്ങിയ മിഴികളോടെ തൻ്റെ മുൻപിൽ നില്ക്കുന്ന ശ്രീനന്ദയെ കാൺകെ നിവേദിൻ്റെ നെഞ്ചൊന്നു പിടഞ്ഞെങ്കിലും അവളുടെ ആവശ്യമെന്താവുമെന്ന തിരിച്ചറിവിനാലവൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞു... "നിവേദേട്ടാ..." അവൾ ഇടർച്ചയോടെ വിളിച്ചു കൊണ്ടവനെ ദയനീയമായി നോക്കി... "നന്ദാ നീ എന്താവശ്യത്തിനാണ് ഇവിടേക്ക് വന്നതെന്ന് എനിക്ക് മനസ്സിലായി.. പക്ഷേ ആ ആവശ്യം ഒരിക്കലും നടക്കില്ല... പൃഥ്വി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷയവന് തീർച്ചയായും ലഭിച്ചിരിക്കും..." ഗാംഭീര്യമുള്ള അവൻ്റെ സ്വരം ചുറ്റിനും മുഴങ്ങുമ്പോൾ കവിളിനെ തലോടിയ മിഴിനീരിനെ ഒന്നമർത്തി തുടച്ചവൾ... ''അതിന് തെറ്റ് ചെയ്താലല്ലേ നിവേദേട്ടാ... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന വിശ്വാസക്കാരിയാണ് ഞാനും... പക്ഷേ... പക്ഷേ എൻ്റെ പൃഥ്വി ഒരു തെറ്റും ചെയ്തിട്ടില്ല നിവേദേട്ടാ... നിവേദേട്ടൻ എന്നെ അല്പ നേരം കേൾക്കാൻ തയ്യാറാവണം.. പൃഥ്വി എന്തിനിത് ചെയ്തു എന്ന് നിവേദേട്ടൻ അറിയണം..." ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് ശ്രീനന്ദ നിവേദിനെ നോക്കുമ്പോൾ സംശയം നിറഞ്ഞിരുന്നവൻ്റെ മിഴികളിൽ.... നിഖിലിന് തന്നോടുള്ള സമീപനം മുതൽ പൃഥ്വിയവനെ തല്ലി ചതയ്ക്കുന്നത് വരെയുള്ള കാര്യങ്ങൾ ശ്രീനന്ദ പറയുമ്പോൾ തറഞ്ഞിരുന്നു പോയിരുന്നു നിവേദ്... "പറയ് നിവേദേട്ടാ എൻ്റെ പൃഥ്വിയുടെ സ്ഥാനത്ത് നിവേദേട്ടൻ ആയിരുന്നെങ്കിലും ഇതല്ലേ ചെയ്യുള്ളൂ..??

നിവേദേട്ടൻ താലി കെട്ടിയ പെണ്ണിനെ ഒരുത്തൻ ഉപദ്രവിക്കാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കുമോ നിങ്ങൾ...?? പറ...!! എൻ്റെ പൃഥ്വി എന്ത് തെറ്റാ ചെയ്തത്...?? എന്നെ രക്ഷിക്കാൻ വേണ്ടി മാത്രമാ പൃഥ്വി..." അതും പറഞ്ഞവൾ വിതുമ്പിക്കൊണ്ട് നിലത്തേക്കൂർന്നിരുന്നതും നിവേദിൻ്റെ മിഴികളിൽ നിന്നൊരു തുള്ളി മിഴിനീരടർന്ന് നിലത്തേക്ക് വീണു... നന്ദ തന്നോടൊരിക്കലും നുണ പറയില്ലെന്നവന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു... അപ്പോൾ തൻ്റെ സഹോദരൻ...??!! താൻ ജീവനു തുല്യം സ്നേഹിച്ച തൻ്റെ കൂടെപ്പിറപ്പ് ഇത്രയ്ക്ക് നീചനായിരുന്നോ...??? സ്വന്തം സഹോദരിയെ പോലെ കാണേണ്ടവളെ അവൻ...?? ഛെ!!! അസ്വസ്ഥതയോടെയും ആത്മസംഘർഷത്തോടെയും മുഖം വെട്ടിക്കുമ്പോൾ തൻ്റെ മുൻപിലിരുന്ന് വിതുമ്പുന്നവളെ കാൺകെയവൻ തകർന്നു പോയിരുന്നു... "നി... നിവേദേട്ടാ... എൻ്റെ... എൻ്റെ പൃഥ്വിയെ രക്ഷിക്കണേ നിവേദേട്ടാ... അദ്ദേഹമില്ലെങ്കിൽ ഈ നന്ദയുമില്ല.. ഞാൻ ജീവിക്കില്ല നിവേദേട്ടാ... പൃഥ്വിയില്ലാതെ ഞാൻ ജീവിക്കില്ല... ഇവിടെ ഈ നിമിഷം നിവേദേട്ടൻ്റെ മുൻപിൽ വെച്ച് എൻ്റെ ജീവിതമവസാനിപ്പിക്കും ഞാൻ...!! അതും കൂടി കണ്ട് നിവേദേട്ടൻ സന്തോഷിക്ക്..."

അലമുറയിട്ടു കൊണ്ടവൾ അവൻ്റെ കാൽക്കീഴിൽ കിടന്നു തേങ്ങി... "മോളെ നന്ദേ... എന്തൊക്കെയാടീ നീ ഈ പറയുന്നെ...?? നിൻ്റെ നിവേദേട്ടനെ പറ്റി നീ അങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്...?? ഏട്ടൻ.. ഏട്ടൻ ഒന്നുമറിഞ്ഞില്ലെടീ... എൻ്റെ അനുജൻ... അവൻ ഇത്ര ദുഷ്ടനാണെന്ന് ഞാൻ അറിഞ്ഞില്ലെടീ..." നിവേദ് നിലത്തു നിന്നുമവളെ പിടിച്ചെഴുന്നേല്പ്പിച്ചു... "ഞാൻ... ഞാൻ പ്രഗ്നൻ്റാ നിവേദേട്ടാ.. ഞങ്ങൾക്ക്... ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും എൻ്റെ പൃഥ്വിയെ രക്ഷിക്കണം... അല്ലെങ്കിൽ എൻ്റെ വയറ്റിൽ കുരുത്ത ഈ കുഞ്ഞു ജീവനൊപ്പം എൻ്റെ ജന്മവും അവസാനിപ്പിക്കും ഞാൻ..." അവൾ തേങ്ങലോടെ കൈ കൂപ്പിയതും നിവേദ് ഞെട്ടലോടെ അരുതെന്ന അർത്ഥത്തിലവളുടെ കരം കവർന്നു... "നീ വിഷമിക്കണ്ട നന്ദേ... പൃഥ്വിയ്ക്കെതിരെയുള്ള തെളിവുകളൊന്നും ഞാൻ മറ്റാർക്കും കൈമാറിയിട്ടില്ല... അവനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് എൻ്റെ ഒപ്പമുള്ള പോലീസുകാരോട് ഞാൻ പറഞ്ഞിട്ടുമില്ല... അവനെ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അറസ്റ്റ് ചെയ്തതാണെന്ന് വരുത്തി തീർക്കാൻ എനിക്ക് നിഷ്പ്രയാസം സാധിക്കും... ഇന്ന് നേരം വൈകുന്നതിന് മുൻപ് പൃഥ്വി വീട്ടിൽ എത്തിയിരിക്കും... നീ സങ്കടപ്പെടണ്ട..." നിവേദ് അവളുടെ ശിരസ്സിൽ തഴുകി ശാന്തമായി പറഞ്ഞു... "മോളൊന്നും ഓർത്ത് വിഷമിക്കണ്ട... നിൻ്റെ കുഞ്ഞിനെ പറ്റി മാത്രം ചിന്തിച്ചാൽ മതി...

നിൻ്റെ പൃഥ്വിയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല... ഒരു പോറൽ പോലും ഏൽക്കാതെയവൻ നിൻ്റെ അരികിൽ എത്തിയിരിക്കും.." നിവേദ് അവൾക്ക് വാക്കു കൊടുത്തതും മിഴിനീരിൻ്റെ ഉപ്പുരസമറിഞ്ഞ ചൊടികൾ മെല്ലെ ഒരു പുഞ്ചിരിക്ക് വഴിമാറി... ശ്രീനന്ദ പോയതും പൃഥ്വിയ്ക്കെതിരെയുള്ള തെളിവുകൾ കത്തിച്ചു ചാമ്പലാക്കുമ്പോൾ എന്തോ തീരുമാനിച്ചുറപ്പിച്ചവൻ... 🥀🥀🥀🥀🥀🥀🥀 "ചെല്ല് പൃഥ്വീ... എൻ്റെ പെങ്ങൾ നിന്നെയവിടെ കാത്തിരിക്കുവാ..." തന്നെ മോചിപ്പിച്ചു കൊണ്ട് നിവേദ് ഒരു ചിരിയോടെ പറഞ്ഞതും പൃഥ്വി ഒന്നും മനസ്സിലാവാതവനെ നോക്കി... "എല്ലാം.. എല്ലാം എൻ്റെ തെറ്റാ പൃഥ്വീ... ഞാൻ.. ഞാനറിഞ്ഞില്ല എൻ്റെ അനുജൻ്റെ യഥാർത്ഥ സ്വഭാവം... നീയെന്തിനാണത് ചെയ്തതെന്ന് പോലും അന്വേഷിക്കാനുള്ള സന്മനസ്സ് കാണിച്ചില്ല ഞാൻ... നന്ദ പറഞ്ഞപ്പോഴാണ് നിഖിൽ കാണിച്ച ചെറ്റത്തരം ഞാനറിഞ്ഞത്... അവൻ എൻ്റെ കൂടെപ്പിറപ്പാണെന്ന് പറയാൻ തന്നെയെനിക്ക് അറപ്പാകുന്നു... നിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നീയവന് കൊടുത്ത ആദ്യ അവസരം പോലും ഞാനവന് നൽകില്ലായിരുന്നു... തീർത്തേനേം ആ നിമിഷം തന്നെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആ നീചനെ...

നീ ചെയ്തത് തന്നെയാണ് ശരി... ക്ഷമിക്കണം എന്നോട്... മനസ്സിൽ ഒരു ദേഷ്യവും വെയ്ക്കരുത്... ഇനിയൊരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പ്രശ്നവുമായി കടന്നു വരില്ല ഞാൻ.. പക്ഷേ എന്നും നിൻ്റെ ഒരു വിളിപ്പാടകലെ നല്ലൊരു സുഹൃത്തായി, സഹോദരനായി എന്താവശ്യത്തിനും ഉണ്ടാകും ഞാൻ..." നിവേദ് ഒരു പുഞ്ചിരിയോടെ പൃഥ്വിയുടെ ചുമലിൽ തട്ടിയതു പറയുമ്പോൾ ഭാവഭേദമന്യേ നിൽക്കുകയായിരുന്നു പൃഥ്വി... താൻ രക്ഷപെട്ടു എന്ന ചിന്തയേക്കാളും അമ്മയും നന്ദയും വിഷമിക്കേണ്ടി വരില്ലല്ലോ എന്ന ചിന്തയായിരുന്നു അവനിൽ ആശ്വാസം വിതറിയത്... "പിന്നെ അഭിനന്ദനങ്ങൾ...!!" നിവേദ് പുറകിൽ നിന്നും വിളിച്ചു പറഞ്ഞതും പൃഥ്വി പിൻ തിരിഞ്ഞൊന്നു നോക്കി... "അല്ല... അച്ഛനാവാൻ പോവല്ലേ...?? അതിനാ.. നോക്കിക്കോണേ എൻ്റെ പെങ്ങളെ പൊന്ന് പോലെ... സമയം പോലെ അങ്ങോട്ടേക്കിറങ്ങാം ഞാൻ..." നിവേദ് ഒരു കള്ളച്ചിരിയോടെ പറഞ്ഞതും പൃഥ്വിയുടെ മുഖത്തെ ഞെട്ടൽ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരിക്ക് വഴി മാറി... 🥀🥀🥀🥀🥀🥀🥀 വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ ഉള്ളം തുടിച്ചത് ശ്രീനന്ദയെ ഒന്നു കാണുവാനായിരുന്നു... അധരങ്ങൾ വെമ്പിയത് തൻ്റെ ചോര പിറവി കൊണ്ട അവളുടെ ഉദരത്തിൽ മുത്തമിടാനായിരുന്നു... കരങ്ങൾ കൊതിച്ചത് അവളെ മാറോടണയ്ക്കാനായിരുന്നു...

വാതിൽപ്പടി കടന്നതും തൻ്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷ്മിയമ്മയെയും ശ്രീനന്ദയെയും കാൺകെ പൃഥ്വിയുടെ മിഴികൾ വിടർന്നു... "ദേവാ...മോനെ..." ലക്ഷ്മിയമ്മ വിതുമ്പിക്കൊണ്ടവനെ ചേർത്തു പിടിച്ചു.... അമ്മയുടെയും മകൻ്റെയും സ്നേഹ പ്രകടനം കാൺകെ ശ്രീനന്ദയുടെ മിഴികൾ ഈറനണിഞ്ഞു... തൻ്റെ ശ്വാസം നേരെ വീണതവനെ കണ്ടപ്പോഴാണെന്നവളോർത്തു... ലക്ഷ്മിയമ്മയെ ആശ്വസിപ്പിക്കുമ്പോഴും അവൻ്റെ മിഴികൾ കുറുമ്പോടെ ശ്രീനന്ദയ്ക്ക് നേരെ നീണ്ടിരുന്നു.. അവളുടെ ഉദരത്തിലേക്ക് നീണ്ട മിഴികളിൽ കൗതുകവും വാത്സല്യവും നിറഞ്ഞു... ലക്ഷ്മിയമ്മ അകന്നു മാറിയതും ശ്രീനന്ദ അവൻ്റെ നെഞ്ചിലേക്ക് വീണവനെ ഇറുകെ പുണർന്നു.. ഇതുവരെ അടക്കി നിർത്തിയ സങ്കടങ്ങൾ പെയ്തൊഴിയുമ്പോൾ ഹൃദയമിടിപ്പുകൾ ഒരേ താളത്തിലാണെന്നവൾ തിരിച്ചറിഞ്ഞു... മിഴികൾ വീണ്ടും പെയ്യാൻ വെമ്പിയതും പൃഥ്വിയവളെ ഇറുകെ പിടിച്ച് കരഞ്ഞ് ചുവന്ന മുഖമാകെ ചുംബനങ്ങളാൽ മൂടി... ഇരുവരുടെയും സ്നേഹം കണ്ടതും ചെറു ചിരിയോടെ ലക്ഷ്മിയമ്മ മെല്ലെ മിഴികൾ തുടച്ചു കൊണ്ട് മുറിയിലേക്ക് പിൻ വലിഞ്ഞു... ശ്രീനന്ദ എന്തെങ്കിലും ഉരിയാടും മുൻപ് തന്നെ പൃഥ്വിയവളെ കൈകളിൽ കോരിയെടുത്ത് മുറിയിലേക്ക് നടന്നു... ആ നെഞ്ചിലെ ചൂടേറ്റവൾ അവനോട് ചേർന്നു കൊണ്ട് ആ തോളിലൂടെ കൈയ്യിട്ടു... ആ ഹൃദയത്തിലേക്ക് മെല്ലെ ചുണ്ടമർത്തി...

തൻ്റെ മടിയിലേക്കവളെ ഇരുത്തിയവൻ കരങ്ങൾ കൊണ്ട് ചുറ്റിപ്പിടിച്ച് തന്നോടണച്ചു ചേർത്തു... മുഖം പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കിയവൻ ആ നെറ്റിമേൽ ചുണ്ടമർത്തുമ്പോൾ താളം തെറ്റി തുടങ്ങിയ തൻ്റെ ശ്വാസഗതിയെ അറിഞ്ഞിരുന്നവൾ... ആ മിഴികളിൽ നിറയുന്ന കുറുമ്പിലും കുസൃതിയിലും താൻ പിടഞ്ഞില്ലാതാവുന്നതവൾ അറിഞ്ഞു... എന്ത് മായാജാലമാണ് നിങ്ങളെന്നിൽ കാട്ടിയത് പൃഥ്വീ....??!! തൻ്റെ പ്രിയ്യപ്പെട്ടവൻ്റെ സാന്നിധ്യത്തിൽ അവളുടെ ഹൃദയം മൗനമായി മന്ത്രിക്കുകയായിരുന്നു... "നീയില്ലായ്മയിൽ ഞാനില്ല പെണ്ണേ...!!" കാതോരം പതിഞ്ഞ വാക്കുകളാൽ പൂത്തുലഞ്ഞ തൻ്റെ ഹൃദയം അവൻ്റെ ഹൃദയതാളത്തിനൊത്ത് വീണ്ടും സഞ്ചരിക്കാൻ വാശി പിടിയ്ക്കുന്നു... മതിവരാതെ ആ നെഞ്ചോട് മുഖമമർത്തുമ്പോൾ തൻ്റെ നാമത്തിൽ മിടിക്കുന്ന ഹൃദയത്തുടിപ്പുകളെ അറിയുകയായിരുന്നവൾ....!! പ്രണയത്തിനിതിലും മനോഹരമായൊരു നിർവ്വചനം അസംഭവ്യം...!! മെല്ലെ അവൻ്റെ കരങ്ങൾ തൻ്റെ ഇടുപ്പോട് ചേർന്ന് കിടക്കുന്ന സാരി വകഞ്ഞു മാറ്റുന്നതും അധരങ്ങൾ മൃദുവായി തൻ്റെ അണി വയറിനെ തഴുകുന്നതുമറിഞ്ഞവൾ പിടഞ്ഞു മാറി.. പൃഥ്വിയുടെ ആ നോട്ടത്തിൻ്റെ അർത്ഥവും ആ മിഴികളിലെ തിളക്കവും തിരിച്ചറിഞ്ഞതു പോലെ ശ്രീനന്ദയുടെ മിഴികൾ ഈറനണിഞ്ഞു.. ശിരസ്സ് താണു...

വീണ്ടുമവളെ ചേർത്തു പിടിച്ചാ ഉദരത്തോട് ചുണ്ട് ചേർക്കാനൊരുങ്ങിയതുമവൾ ഒഴിഞ്ഞു മാറി... "ഞാൻ... ഞാൻ പ്രഗ്നൻ്റല്ല പൃഥ്വീ....!!" നിറ മിഴികളോടെ താനത് പറയവേ അവൻ്റെ മിഴികൾ കുറുകുന്നതും സന്തോഷം നിറഞ്ഞ മിഴികളെ ഞൊടിയിടയിൽ നിരാശ മൂടുന്നതുമവൾ അറിഞ്ഞു.... "അത്... ഞാൻ നിവേദേട്ടൻ്റെ അടുത്ത് കുറച്ച് സെൻ്റിമെൻ്റ്സിനു വേണ്ടി വെറുതെ പറഞ്ഞതാ പൃഥ്വീ... നിവേദേട്ടൻ്റെ മനസ്സലിയാനും നിങ്ങളെ രക്ഷപെടുത്താനും വേണ്ടി ആ സമയം നാവിൻ തുമ്പിൽ വന്നതങ്ങ് പറഞ്ഞതാ ഞാൻ... അല്ലാതെ..." പറഞ്ഞു മുഴുവിപ്പിക്കാതവൾ അവനെ നോക്കിയതും നിരാശ പടർന്നിരുന്നു അവൻ്റെ മുഖമാകെ... "സോറി പൃഥ്വീ... നിങ്ങൾക്ക് വിഷമമായോ...??" "വിഷമമൊന്നുമില്ല... ഇതിപ്പോൾ നിൻ്റെ മുറച്ചെറുക്കൻ പത്തു മാസം കഴിഞ്ഞ് മിക്കവാറും കൊച്ചിനെ കാണാൻ ഇങ്ങോട്ട് കെട്ടിയെടുക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്... അപ്പോൾ അവനെ പറഞ്ഞ് പറ്റിച്ചതാണെന്ന് അവന് മനസ്സിലാവും... അന്നേരം എന്താവുമോ എന്തോ.. കാഞ്ഞ പോലീസ് ബുദ്ധിയല്ലേ അവന്... പറഞ്ഞ് പറ്റിച്ചെന്ന് പറഞ്ഞ് നിനക്കെതിരെ കേസെടുക്കാതെ നോക്കിക്കോ..." പൃഥ്വി പൊട്ടിച്ചിരിയോടെ പറഞ്ഞതും ശ്രീനന്ദ മിഴികൾ കൂർപ്പിച്ചവനെ നോക്കി.. "അതിന് പത്തു മാസം സമയമില്ലേ... അപ്പോഴേക്കും ആവാമല്ലോ..."

ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടവൾ പൃഥ്വി പിടിയ്ക്കും മുൻപേ മുറിയിൽ നിന്നും ഓടി.... "ഈ പെണ്ണിത്....!!" അവൻ തലയ്ക്ക് കൈ വെച്ചിരുന്ന് പോയി.... 🥀🥀🥀🥀🥀🥀🥀🥀 താരകക്കുഞ്ഞുങ്ങൾ മനോഹരമായി കൺ ചിമ്മുന്ന രാവ്...!! കാട്ടുമുല്ല വീണ്ടും സുഗന്ധപൂരിതമായി... അവയുടെ സുഗന്ധത്തെ കവർന്നെടുത്ത തെന്നൽ ജനൽ പാളികളെ മെല്ലെ തലോടിക്കൊണ്ടിരുന്നു... നഗ്നമായ പൃഥ്വിയുടെ നെഞ്ചിലേക്ക് മുഖം ചേർക്കുമ്പോൾ തന്നെ ചേർത്തു പിടിച്ചാ നെഞ്ചിലേക്ക് ഒന്നും കൂടി ചേർത്തു കിടത്തുന്നവനെ അറിഞ്ഞിരുന്നു ശ്രീനന്ദ... ഇടയ്ക്കെപ്പോഴോ മിഴികൾ നിറയുമ്പോൾ തൻ്റെ മിഴിനീരിനെ ചുണ്ടുകളാൽ ഒപ്പിയെടുത്തവനെ ഇമ ചിമ്മാതെ സാകൂതം നോക്കിയവൾ... അവൻ്റെ കരലാളനങ്ങളാൽ ചുവന്നു തുടുത്ത പനിനീർ പൂവിലും മനോഹരിയായവൾ.... ദുർബലമായ പ്രതിഷേധങ്ങളും പരിഭവങ്ങളും അവൻ്റെ വിരലുകളുടെയും അധരങ്ങളുടെയും മന്ത്രിക വിദ്യയിൽ അലിഞ്ഞില്ലാതാവുകയായിരുന്നു.. തന്നിലെ പെണ്മയെ തഴുകിയുണർത്തുന്ന സ്പർശനങ്ങൾ ഓരോ അണുവിലും ഏല്ക്കുമ്പോൾ നേത്ര ഗോളങ്ങൾ അനിയന്ത്രിതമായി പിടയുന്നുണ്ടായിരുന്നു... പൃഥ്വിയ്ക്ക് തന്നോട് പകയായിരുന്നില്ല..

മറിച്ച് അന്നുമിന്നും ആ കണ്ണുകളിൽ പ്രണയം മാത്രമായിരുന്നെന്ന് അവനെ അള്ളിപ്പിടിയ്ക്കുന്ന ഓരോ നിമിഷവും അവളുടെ ഹൃദയം അലമുറയിട്ടു കൊണ്ടിരുന്നു.... ഹൃദയത്തിൽ അറകളിൽ അവനായ് ഒഴിഞ്ഞു വെച്ചിടങ്ങളിലായിരുന്നു ജീവിതത്തിൻ്റെ മനോഹാരിതയെ താനറിഞ്ഞത്... തന്നിലെ പ്രണയം പൂർണ്ണമായത് അവനിലേക്കുള്ള വീഥികളിലായിരുന്നു... പക്ഷേ പ്രണയത്തിൻ്റെ ആദ്യ സ്പർശനം അവൻ്റെ ചൊടികളിൽ നിന്നും തൻ്റെ സിരകളിലായ് പടർന്ന ആ പുഞ്ചിരിയോ അതോ വിറയാർന്ന അധരങ്ങളിൽ അവൻ സമ്മാനിച്ച ചുംബനമോ....??? ശാസനയോടെ മിഴികളെ പിൻ വലിക്കാൻ ശ്രമിക്കുമ്പോഴും അവനിൽ തറഞ്ഞിരിക്കുന്ന നേത്ര ഗോളങ്ങളെ സാന്ത്വനിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ ദുർബലമായ തൻ്റെ ഹൃദയം ഓരോ നിമിഷത്തിലും ഉഴലുകയായിരുന്നു... ഹൃദയതാളങ്ങൾ ഒന്നായ നിമിഷത്തിൽ മൗനത്തിൻ്റെ അകമ്പടിയോടെ ഉളളം നല്ല പാതിയോട് സല്ലപിക്കുകയായിരുന്നു...

അത്രമേൽ കാഠിന്യത്തോടെ ഉടലിനെയും ഉയിരിനെയും കാർന്നു തിന്നുന്ന പ്രണയമെന്ന ലഹരിയെ അനുഭവിച്ചറിയുകയായിരുന്നു ഇരുവരും.... കൂടണഞ്ഞ പക്ഷിക്കൂട്ടങ്ങൾ പോലും ലജ്ജയാൽ മിഴികൾ താഴ്ത്തുകയായിരുന്നു... പ്രണയം...!! പ്രണയം...!! ഓരോ അണുവിലും പ്രണയം മാത്രം.... നാവുകൾ തമ്മിൽ ചുറ്റിപ്പിണഞ്ഞപ്പോൾ രസനയുടെ രസ വിദ്യയിലവൾ വിവശയായി... കാലം തെറ്റി പെയ്ത മഴയുടെ ആരവങ്ങളിൽ അലിഞ്ഞു ചേർന്ന നിശ്വാസങ്ങളും കിതപ്പുകളും.... പകയിൽ ആരംഭിച്ചത് പ്രണയത്തിലവസാനിച്ചതു പോലെ അവരുടെ നിസ്വാർത്ഥ പ്രണയം കാലങ്ങൾക്ക് അതീതമായി ഒരിക്കലും വറ്റി വരളാത്ത പുഴയായി ഒഴുകി നടക്കട്ടെ... ഇനിയും വസന്തങ്ങൾ തേടി പ്രണയത്തിൻ്റെ പുഷ്പങ്ങളാൽ ഇരു ഹൃദയങ്ങളിലും ഹാരം തീർക്കുവാൻ.... തങ്ങൾ ഇരുവരും മാത്രമുള്ള പ്രണയം തളിർക്കുന്ന പൂന്തോട്ടത്തിലേക്കവർ ഒരേ മെയ്യും മനവുമായി സഞ്ചരിച്ചു... ഞെട്ടറ്റ് വീണ കാട്ടുമുല്ല അപ്പോഴും അവർക്ക് കൂട്ടെന്ന പോലെ സുഗന്ധം പരത്തിക്കൊണ്ടിരുന്നു... (അവസാനിച്ചു...!!) 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story